This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഏഞ്‌ജൽ മത്സ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഏഞ്‌ജൽ മത്സ്യം == == Angel Fish == ഭംഗിയേറിയ ഒരിനം വളർത്തുമത്സ്യം. സിക...)
അടുത്ത വ്യത്യാസം →

09:51, 19 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഏഞ്‌ജൽ മത്സ്യം

Angel Fish

ഭംഗിയേറിയ ഒരിനം വളർത്തുമത്സ്യം. സിക്ലിഡേ (Cichlidae) മത്സ്യ ഗോത്രത്തിലാണിവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ശുദ്ധജലജീവിയായ ഏഞ്‌ജൽ മത്സ്യത്തിന്റെ ശാ. നാ. റ്റീറോഫില്ലം സ്‌കാലറെ (Pterophyllum scalare) എന്നാണ്‌. റ്റീറോഫില്ലം ഐമെക്കിയൈ (P. eimekei) എന്നൊരു സ്‌പീഷീസുകൂടി അറിയപ്പെടുന്നതായുണ്ട്‌. ഇവയുടെ വളർന്നുനീണ്ട പൃഷ്‌ഠ-ഗുദപത്രങ്ങള്‍ (Dorsal and anal fins)ക്ക് ക്മാലാഖയുടെ ചിറകിനോട്‌ സാദൃശ്യമുള്ളതിനാലാണ്‌ ഇവയ്‌ക്ക്‌ ഏഞ്‌ജൽ മത്സ്യം എന്ന പേരു ലഭിച്ചത്‌.

പരന്ന ശരീരമുള്ള ഈ മത്സ്യങ്ങള്‍ക്ക്‌ നീളത്തേക്കാള്‍ കൂടുതൽ പൊക്കമാണുള്ളത്‌. പൂർണവളർച്ചയെത്തിയ ഒരു മത്സ്യത്തിന്‌ തല മുതൽ വാലറ്റംവരെ 15 സെ.മീ. നീളമുള്ളപ്പോള്‍ പൊക്കം 25 സെ.മീ. വരും. പൃഷ്‌ഠ-ഗുദപത്രങ്ങള്‍ക്കു സംഭവിച്ചിട്ടുള്ള അധികവളർച്ചയാണ്‌ ഈ അസാമാന്യപൊക്കത്തിനു കാരണം. ജലസസ്യങ്ങള്‍ ഇടതൂർന്നു വളർന്നു നില്‌ക്കുന്നതും ഒഴുക്കു കുറഞ്ഞതുമായ ജലത്തിലാണ്‌ ഇവ സാധാരണയായി കാണപ്പെടുന്നത്‌.

തിളങ്ങുന്ന വെള്ളിയുടെ നിറമുള്ള ഈ മത്സ്യങ്ങളുടെ ശരീരത്തിൽ കുറുകേ കറുത്ത പട്ടകള്‍ (bands) കാണാറുണ്ട്‌. പത്രങ്ങളുടെ അഗ്രഭാഗങ്ങള്‍ വരെ ഈ പട്ടകള്‍ എത്തിച്ചേരുന്നു. മിക്ക ഏഞ്‌ജൽ മത്സ്യങ്ങള്‍ക്കും വെള്ളിയുടെ നിറമാണെങ്കിലും ഇളംകറുപ്പുനിറമുള്ള ഇനങ്ങളുമുണ്ട്‌. അപൂർവമായി വിളറിയ നീലനിറമുള്ളവയെയും ഇളം മഞ്ഞനിറമുള്ളവയെയും കണ്ടെത്തിയിട്ടുണ്ട്‌. തെക്കേ അമേരിക്കയിലെ ആമസോണ്‍ നദീതടങ്ങളാണ്‌ എഞ്‌ജൽമത്സ്യങ്ങളുടെ നൈസർഗിക ആവാസകേന്ദ്രങ്ങള്‍. 10 മുതൽ 15 വരെയുള്ള കൂട്ടങ്ങളായാണ്‌ ഇവ സഞ്ചരിക്കുന്നത്‌.

ആണ്‍-പെണ്‍മത്സ്യങ്ങളെ അത്രവേഗം തിരിച്ചറിയാനാവില്ല. ജനനാംഗ പാപ്പില(genital papilla)കളുടെ ആകാരവ്യത്യാസമാണ്‌ ലിംഗഭേദം മനസ്സിലാക്കാനുള്ള പ്രധാനമാർഗം. ആണ്‍മത്സ്യങ്ങളുടെ ജനനാംഗ പാപ്പില കൂർത്തതും പെണ്‍മത്സ്യങ്ങളുടേത്‌ അല്‌പം തടിച്ചുരുണ്ടതുമായിരിക്കും. ജലസസ്യങ്ങളുടെ ഇലകളിലും തണ്ടുകളിലും അപൂർവമായി പാറകളിലും ഇവ മുട്ട നിക്ഷേപിക്കുന്നു. ചരടിൽ കോർത്ത മുത്തുകളുടെ ആകൃതിയിലുള്ള മുട്ടകള്‍ 48-60 മണിക്കൂറുകള്‍ക്കകം വിരിഞ്ഞിറങ്ങും. നാലു ദിവസത്തോളം താളംതെറ്റിയ രീതിയിൽ നീന്തി നടക്കുന്ന കുഞ്ഞുങ്ങള്‍ ആറുദിവസം പ്രായമാകുന്നതോടെ ശരിയായ രീതിയിൽ നീന്തിനടക്കാന്‍ പഠിക്കുന്നു. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളുടെ പ്രധാന ആഹാരം സൂക്ഷ്‌മജീവികളും ചെമ്മീന്‍ കുഞ്ഞുങ്ങളുമാണ്‌.

യഥാർഥ ഏഞ്‌ജൽ മത്സ്യങ്ങളുടെ വർഗോത്‌പാദനത്തിന്‌ ചില പ്രത്യേക ജലസംവിധാനങ്ങള്‍ ആവശ്യമാണ്‌. പക്ഷേ കാലക്രമത്തിൽ റ്റീറോഫില്ലം സ്‌കാലറെ, റ്റീ. ഐമെക്കിയൈ എന്നീ സ്‌പീഷീസുകളുടെ സങ്കരയിനങ്ങള്‍ ഉടലെടുത്തു. ഇന്ന്‌ അക്വേറിയങ്ങളിൽ കാണപ്പെടുന്ന ഏഞ്‌ജൽ മത്സ്യങ്ങള്‍ ഈ രണ്ടു സ്‌പീഷീസിന്റെയും സങ്കരയിനമാണെന്നു കരുതപ്പെടുന്നു. മറ്റു വളർത്തു മത്സ്യങ്ങള്‍ക്കു വേണ്ടതിനെക്കാള്‍ വലിയ അക്വേറിയങ്ങളും 75-80ബ്ബഎ താപനിലയിലുള്ള ജലവും ഇവയുടെ വളർച്ചയ്‌ക്കാവശ്യമാണ്‌. മിക്കവാറും എല്ലായിനം ചെറുജലജീവികളെയും ഇവ ഭക്ഷിക്കുമെങ്കിലും കൃത്രിമാഹാരങ്ങളും ഇവയ്‌ക്കു നല്‌കാവുന്നതാണ്‌. ഭംഗിയേറിയ വളർത്തുമത്സ്യമായ ഇവയെ ഭക്ഷ്യമത്സ്യമായി ഉപയോഗിക്കാറില്ല. കീറ്റഡോണ്ടിഡേ മത്സ്യകുടുംബത്തിൽപ്പെട്ട നിരവധി ജീനസുകളും എഞ്‌ജൽ മത്സ്യങ്ങള്‍ എന്ന പേരിലറിയപ്പെടുന്നുണ്ട്‌. കടലിലെ ശലഭമത്സ്യങ്ങള്‍ (Butterfly fishes)ക്ക് ഏഞ്‌ജൽ മത്സ്യത്തോട്‌ വിദൂരബന്ധം മാത്രമേയുള്ളൂ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍