This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എറിക്‌സണ്‍, എറിക്‌ (1902 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എറിക്‌സണ്‍, എറിക്‌ (1902 - 94) == == Ericson, Eric == ഡാനിഷ്‌-ജർമന്‍-അമേരിക്കന്...)
അടുത്ത വ്യത്യാസം →

11:33, 18 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എറിക്‌സണ്‍, എറിക്‌ (1902 - 94)

Ericson, Eric

ഡാനിഷ്‌-ജർമന്‍-അമേരിക്കന്‍ മനഃശാസ്‌ത്രചിന്തകനും മനഃശാസ്‌ത്രവിദഗ്‌ധനും. 1902 ജൂണ്‍ 15-ന്‌ ജർമനിയിലെ ഫ്രാങ്ക്‌ഫുർട്ടിലാണ്‌ ജനനം. അമേരിക്കന്‍-ജർമന്‍ പൗരത്വമാണ്‌ ഇദ്ദേഹത്തിനുണ്ടായിരുന്നത്‌.

1933-ൽ വിയന്ന സൈക്കോ അനലിറ്റിക്‌ ഇന്‍സ്റ്റിറ്റ്യൂട്ടിൽനിന്നും ബിരുദം നേടിയ ഇദ്ദേഹം ജർമനിയിലെ നാസി അധിനിവേശത്തോടെ ഭാര്യയോടൊപ്പം ഡെന്മാർക്കിലേക്കും തുടർന്ന്‌ അമേരിക്കന്‍ ഐക്യനാടുകളിലേക്കും കുടിയേറി. ശിശുമനഃശാസ്‌ത്ര വിദഗ്‌ധനായി ബോസ്റ്റണിലായിരുന്നു ഔദ്യോഗിക ജീവിതത്തിനു തുടക്കം കുറിച്ചത്‌. താമസിയാതെ തന്നെ മാസച്യുസെറ്റ്‌സിലും ഹാർവാഡിലും ഇദ്ദേഹം അറിയപ്പെടുന്ന മനഃശാസ്‌ത്ര ചികിത്സകനായി ശ്രദ്ധ പിടിച്ചുപറ്റി. മനുഷ്യരുടെ സാമൂഹിക വികസന പ്രക്രിയ ഒരു തത്ത്വമെന്ന തരത്തിൽ വികസിപ്പിച്ചെടുക്കുന്നതിൽ ഇദ്ദേഹം മികവുറ്റ വിജയം നേടുകയുണ്ടായി. കേവലം ഒരു ബാച്ചിലർ ബിരുദം പോലും കരസ്ഥമാക്കാതിരുന്ന എറിക്‌സണ്‍ പ്രശസ്‌ത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഹാർവാഡ്‌, യേൽ എന്നിവിടങ്ങളിലൊക്കെ പ്രാഫസർ പദവി അലങ്കരിച്ചിരുന്നു. ആശയങ്ങളുടെ വിപുലീകരണത്തിനും വിശകലന സാധ്യത വിലയിരുത്തുന്നതിനുമായി സിഗ്മണ്ട്‌ ഫ്രായിഡിന്റെ അഞ്ചിന "മനഃശാസ്‌ത്ര ലൈംഗിക വികസന' സംഹിത ഉള്‍ക്കൊണ്ടുകൊണ്ടു തന്നെ ഇദ്ദേഹം സ്വന്തമായ എട്ടിന വികസനതത്ത്വം അവതരിപ്പിക്കുകയുണ്ടായി. ഇതിനോടൊപ്പം പില്‌ക്കാലത്ത്‌ ഒന്‍പതാമൊരിനം കൂടി കൂട്ടിച്ചേർക്കുകയും ചെയ്‌തിട്ടുണ്ട്‌. ഓരോ മനുഷ്യജീവിക്കും പൂർണ വികസനം പ്രാപിക്കുന്നതിനു മുമ്പായി ക്ലിപ്‌തമായ ദശകളിൽകൂടി കടന്നു പോകേണ്ടി വരുന്നുണ്ടെന്ന്‌ ഇദ്ദേഹം കണ്ടെത്തി. ജീവിത ചക്രം പൂർണമാക്കി (Lifecycle Completed) എന്ന കൃതിയിൽ ഈ തത്ത്വം ഇദ്ദേഹം വിവരിക്കുന്നുണ്ട്‌. ജനനം മുതൽ മരണം വരെ ഈ വികസന പ്രക്രിയ തുടരുന്നുവെന്ന്‌ എറിക്‌സണ്‍ സമർഥിച്ചു. ഒരു ശിശുവിന്‌ ജനനം മുതൽക്കുതന്നെ അതിന്റെ വളർച്ചയ്‌ക്കും സ്വയാവബോധത്തിനും വികസന സാഹചര്യവുമായി അഭേദ്യമായ ബന്ധമാണുള്ളതെന്ന്‌ ഇദ്ദേഹം കണ്ടെത്തുകയുണ്ടായി.

അടിസ്ഥാനപരമായി, എറിക്‌സണ്‍ ഒരു നവ ഫ്രായിഡിയിന്‍ ചിന്തകനായി വിലയിരുത്തപ്പെടുന്നുണ്ട്‌. "അഹംബോധമേറിയ മനഃശാസ്‌ത്രകാരന്‍' എന്ന വിശേഷണത്തിന്‌ എറിക്‌സണ്‍ പാത്രമായിട്ടുണ്ട്‌. ജീവിതദശ മുഴുവന്‍ തുടരുന്ന വികസന പ്രക്രിയ വിശകലനത്തിനു വിധേയമാക്കുന്നതാണ്‌ ഇദ്ദേഹത്തിന്റെ രീതി.

1950-ൽ പ്രസിദ്ധീകൃതമായ ബാല്യദശയും സമൂഹവും (Childhoold and Society) ഇദ്ദേഹത്തിന്റെ പ്രകൃഷ്‌ട രചനയായി കണക്കാക്കപ്പെടുന്നു. യങ്‌ മാന്‍ലൂതർ-എ സ്റ്റഡി ഇന്‍ സൈക്കോ അനാലിസിസ്‌ ആന്‍ഡ്‌ ഹിസ്റ്ററി (1958), ഗാന്ധീസ്‌ ട്രൂത്ത്‌: ഓണ്‍ ദി ഒറിജിന്‍ ഒഫ്‌ മിലിറ്റന്റ്‌ നോണ്‍-വയലന്‍സ്‌ (1965), അഡള്‍ട്ട്‌ഹുഡ്‌ (1978), വൈറ്റൽ ഇന്‍വോള്‍വ്‌മെന്റ്‌ ഇന്‍ ഓള്‍ഡ്‌ ഏജ്‌ (1986), ദി ലൈഫ്‌ സൈക്കിള്‍ കംപ്ലീറ്റഡ്‌ (1987) എന്നിവയാണ്‌ മറ്റു രചനകള്‍. പുലിറ്റ്‌സർ സമ്മാനം, യു.എസ്സ്‌. നാഷണൽ ബുക്ക്‌ അവാർഡ്‌ എന്നിവ എറിക്‌സണു സമ്മാനിക്കപ്പെട്ടിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ പുത്രനായ കെ.റ്റി. എറിക്‌സണ്‍ ഒട്ടേറെ പ്രശസ്‌തി കൈവരിച്ച അമേരിക്കന്‍ സാമൂഹികശാസ്‌ത്രജ്ഞനാണ്‌.

1994 മേയ്‌ 12-ന്‌ 91-ാം വയസ്സിൽ മാസച്യുെസറ്റ്‌സിലെ ഹാർവിച്ചിൽ എറിക്‌സണ്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍