This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എറിക്കേസീ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എറിക്കേസീ == == Ericaceae == നിരവധി അലങ്കാരച്ചെടികള്‍ ഉള്‍ക്കൊള്ളുന...)
അടുത്ത വ്യത്യാസം →
11:31, 18 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എറിക്കേസീ
Ericaceae
നിരവധി അലങ്കാരച്ചെടികള്‍ ഉള്‍ക്കൊള്ളുന്ന ദ്വിബീജപത്രക വിഭാഗത്തിലെ ഒരു സസ്യകുടുംബം. ഈ കുടുംബത്തിലെ ചെടികള്‍ മുഖ്യമായും മിതോഷ്‌ണമേഖലയിലും തണുപ്പുള്ള മറ്റു പ്രദേശങ്ങളിലുമാണ് കണ്ടുവരുന്നത്; ഉഷ്‌ണമേഖലയിലെ ഉയർന്ന പർവതപ്രദേശങ്ങളിലും ഇവ വളരുന്നുണ്ട്. ഏകദേശം 80 ജീനസ്സുകളും 1,500 സ്‌പീഷീസുകളും ഉള്‍ക്കൊള്ളുന്ന ഈ കുടുംബത്തിലെ പ്രധാന ജീനസ്സുകള്‍ റോഡോഡെന്‍ഡ്രാണ്‍, എറിക്കാ, വാക്‌സീനിയം എന്നിവയാണ്.
എറിക്കേസീ കുടുംബത്തിലെ ചെടികള്‍ സാധാരണയായി കട്ടിയുള്ള കാണ്ഡത്തോടുകൂടിയ കുറ്റിച്ചെടികളാണെങ്കിലും വള്ളിച്ചെടികളും 30 മീറ്ററിലേറെ ഉയരത്തിൽ വളരുന്ന വൃക്ഷങ്ങളുമുണ്ട്. യു.എസ്സിന്റെ പസിഫിക് തീരങ്ങളിൽ കണ്ടുവരുന്ന ആർബ്യൂട്ടസ് വൃക്ഷം ഇതിനുദാഹരണമാണ്. വാക്‌സീനിയം പടർന്നുവളരുന്ന വള്ളിച്ചെടിയാണ്. സസ്യങ്ങളുടെ വേരിൽ ഒരുതരം ഫംഗസ് അധിവസിക്കുന്നുണ്ട് (മൈക്കോറൈസ). സസ്യവും ഫംഗസ്സും പരസ്‌പരം ആശ്രയിക്കുന്നു. ഫംഗസ്സിന്റെ വളർച്ചയ്‌ക്കാവശ്യമായ ഹോർമോണുകളും കാർബോഹൈഡ്രറ്റുകളും ചെടിയിൽനിന്ന് സ്വീകരിക്കുന്നു; ഫംഗസ് ജലവും ധാതുലവണങ്ങളും ജൈവപദാർഥങ്ങളും സസ്യത്തിനു നല്‌കുന്നു. ചെടികള്‍ നട്ടുവളർത്തുമ്പോള്‍ ഫംഗസ്സിന്റെ വളർച്ചയ്‌ക്ക് അനുകൂലമായ സാഹചര്യങ്ങള്‍കൂടി നല്‌കേണ്ടതുണ്ട്. കലൂനാ വള്‍ഗാരിസ് (Calluna vulgaris)എന്ന സസ്യത്തിന്റെ വേരിലും അണ്ഡാശയത്തിലും വസിക്കുന്ന ഫംഗസ് വിത്തുകള്‍ വഴി അടുത്ത തലമുറയിലേക്ക് വ്യാപിക്കുന്നു.
ദീർഘവൃത്താകൃതിയിലുള്ള ഇലകള്‍ക്ക് നല്ല കട്ടിയുണ്ടായിരിക്കും. ചില സസ്യങ്ങളിലെ ഇലകള്‍ വീതികുറഞ്ഞ് സൂചിപോലെ നേർത്തവയാണ്. ജലസംഭരണശേഷിയുള്ള കലകളും അധിചർമത്തിൽ ക്യൂട്ടിക്കിള്‍കൊണ്ടുള്ള ആവരണവും ഉണ്ടായിരിക്കും. ഇലയിലെ ക്ലോറോഫിൽ, പാരന്‍ കൈമയുടെ ക്രമീകരണം, ജലസംഭരണകലകളുടെ സാന്നിധ്യം, അടിഭാഗത്ത് ആസ്യരന്ധ്രങ്ങളുടെ ക്രമീകരണം, രോമങ്ങളുടെ ഘടന എന്നിവ ജീനസ്സുകളെ വേർതിരിച്ചറിയാന്‍ സഹായിക്കുന്നു.
പൂക്കള്‍ ഒറ്റയ്‌ക്കോ നിരവധി എണ്ണം ചേർന്ന് അസീമാക്ഷപുഷ്‌പമഞ്‌ജരി(racemose inflorescence)കളായോ കാണപ്പെടുന്നു. ഒരു ജോടി സഹപത്രങ്ങളും സഹപത്രകങ്ങളും ഉണ്ടായിരിക്കും. പൂക്കള്‍ സാധാരണയായി സമമിതങ്ങളാണ്. എന്നാൽ റോഡോഡെന്‍ഡ്രാണിൽ നേരിയ തോതിലുള്ള അസമമിതി ദൃശ്യമാണ്. ദ്വിലിംഗപുഷ്‌പങ്ങളുടെ 4-7 ഇതളുകള്‍ ചേർന്ന ബാഹ്യദളപുടം സംയുക്താവസ്ഥയിലാണ്. 4-7 ഇതളുകള്‍ ചേർന്നതാണ് ദളപുടം. കേസരങ്ങളുടെ എണ്ണം ദളങ്ങളുടേതിന്റെ ഇരട്ടിയായിരിക്കും. റോഡോഡെന്‍ഡ്രാണിൽ കേസരങ്ങള്‍ പല വലുപ്പത്തിൽ കാണപ്പെടുന്നു. അവ പുഷ്‌പത്തിന്റെ ഉള്ളിലേക്ക് വളഞ്ഞിരിക്കും. ഉള്ളിൽ തേന്‍ സ്രവിപ്പിക്കുന്ന ഡിസ്‌ക് ഉണ്ട്. ദളങ്ങള്‍ക്കഭിമുഖമായി ജനിപത്രങ്ങള്‍ (carpels) സ്ഥിതി ചെയ്യുന്നു. അണ്ഡാശയത്തിനു നാലോ അഞ്ചോ അറകളുണ്ടായിരിക്കും. ഫലം സമ്പുടമാണ്. ഉള്ളിൽ ധാരാളം വിത്തുകള്‍ ഉണ്ടായിരിക്കും. നിറവും മണവും മധുവുമുള്ള പൂക്കള്‍ പ്രാണികളെ ആകർഷിക്കുന്നു.
പുഷ്‌പത്തിലെ അണ്ഡാശയത്തിന്റെ സ്ഥാനം, ഫലങ്ങളുടെയും വിത്തുകളുടെയും പ്രത്യേകതകള്‍ എന്നിവ അടിസ്ഥാനമാക്കി എറിക്കേസീ കുടുംബത്തെ നാല് ഉപകുടുംബങ്ങളായി തിരിച്ചിരിക്കുന്നു:
(1) റോഡോഡെന്‍ഡ്രായിഡീ. സെപ്‌റ്റവിദാരക സമ്പുടഫല(septicidal capsule)മാണ് ഈ ഉപകുടുംബത്തിലേത്. വിത്തുകളുടെ ഉപരിഭാഗത്ത് ചാലുകളും ചിറകുകളും ഉണ്ട്. പെട്ടെന്ന് കൊഴിഞ്ഞുപോകുന്ന ഇവയുടെ ദളങ്ങള്‍ ചിലപ്പോള്‍ സ്വതന്ത്രങ്ങളായിരിക്കും. പരാഗകോശങ്ങള്‍(anthers)ക്ക് ഉപാംഗങ്ങള്‍ (appendages) ഇല്ല. 17 ജീനസ്സുകളും 850-ലേറെ സ്‌പീഷീസുകളും ഉള്‍പ്പെടുന്ന ഏറ്റവും വലിയ ജീനസ്സായ റോഡോഡെന്‍ഡ്രാണ്‍ പ്രമുഖമായും പൂർവേഷ്യന്‍ പർവത പ്രദേശങ്ങളിൽ കണ്ടുവരുന്നു. ഹിമാലയത്തിലും തെക്കുകിഴക്കന്‍ ചൈനയിലെ പർവതപ്രദേശങ്ങളിലും പല സ്‌പീഷീസുകളും വളരുന്നുണ്ട്. പൂക്കള്‍ മിക്കവയും വലുപ്പമേറിയവയും മനോഹരങ്ങളുമാണ്.
(2) ആർബ്യൂട്ടോയിഡീ. ഫലം ബെറിയോ കോഷ്‌ഠ വിദാരക സമ്പുടമോ (loculicidal capsule)ആയിരിക്കും. വിത്തുകള്‍ക്ക് ചിറകുകള്‍ ഇല്ല. ദളങ്ങള്‍ സംയുക്താവസ്ഥയിലായിരിക്കും. പരാഗകോശങ്ങളിൽ മുള്ളുപോലുള്ള ഉപാംഗങ്ങള്‍ ഉണ്ടായിരിക്കും. അണ്ഡാശയം ഊർധ്വമാണ്. ഏകദേശം 250 സ്‌പീഷീസുകളുള്‍ക്കൊള്ളുന്ന 20 ജീനസ്സുകളുണ്ട്. മുഖ്യമായും വടക്കെ മിതോഷ്‌ണ മേഖലയിലും ആർട്ടിക് പ്രദേശങ്ങളിലും കാണപ്പെടുന്നു. ഏറ്റവും വലിയ ജീനസ്സായ ഗോള്‍ത്തീരിയ (100 സ്‌പീ.) യു.എസ്സിലാണ് കൂടുതലായി കണ്ടുവരുന്നത്. ഹിമാലയത്തിലും കിഴക്കെ ഏഷ്യയിലും ചില സ്‌പീഷീസുകള്‍ വളരുന്നുണ്ട്. ആർബ്യൂട്ടസ് യുനീഡോ (സ്‌ട്രാബെറി വൃക്ഷം) ആർക്‌ടോസ്റ്റഫൈലോസ് ആൽപിന, ആന്‍ഡ്രാമീഡാ പോളിഫോളിയ, എപ്പിജിയ റിപ്പെന്‍സ് (മേഫ്‌ളവർ) എന്നിവ ഈ വിഭാഗത്തിലെ ചെടികളാണ്.
(3) വാക്‌സീനിയോയിഡീ. അണ്ഡാശയം അധഃസ്ഥിതവും ഫലം ബെറിയുമാണ്. സംയുക്താവസ്ഥയിലുള്ള ദളപുടത്തിന് കുഴലിന്റെയോ ബെല്ലിന്റെയോ ആകൃതിയാണ്. 23 ജീനസ്സുകളും 330 സ്‌പീഷീസുകളും ഉള്‍ക്കൊള്ളുന്ന ഈ ഉപവിഭാഗത്തിലെ ചെടികള്‍ വടക്കേ മിതോഷ്‌ണമേഖല മുതൽ ഉഷ്‌ണമേഖലയിലെ ഉയർന്ന പർവത പ്രദേശങ്ങള്‍ വരെ വ്യാപിച്ചുകിടക്കുന്നു. ധ്രുവത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിലും പല സ്‌പീഷീസുകളും വളരുന്നുണ്ട്. വാക്‌സീനിയം ആണ് ഏറ്റവും വലിയ ജീനസ്സ്. വാക്‌സീനിയം ഹർട്ടിലസ് (ബിൽബെറി), വാ. ഓക്‌സികോക്കസ് (ക്രാന്‍ബെറി) എന്നിവ സാമ്പത്തിക പ്രാധാന്യമുള്ള വൃക്ഷങ്ങളാണ്. ഉഷ്‌ണമേഖലയിലെ പർവതപ്രദേശങ്ങളിൽ പല അധിപാദപങ്ങളും(epiphytes) കെണ്ടുവരുന്നു.
(4) എറിക്കോയിഡീ. ഫലം സാധാരണമായ കോഷ്‌ഠവിദാരക സമ്പുടവും (loculicidal capsule)വിത്തുകള്‍ ഉരുണ്ട് ചിറകില്ലാത്തവയുമാണ്. പരാഗകോശങ്ങള്‍ക്ക് ഉപാംഗങ്ങള്‍ ഉണ്ട്. 600 സ്‌പീഷീസുകള്‍ ഉള്‍ക്കൊള്ളുന്ന 17 ജീനസ്സുകളിൽ 500 എണ്ണവും എറിക്ക സ്‌പീഷീസുകളാണ്. ഭൂരിഭാഗവും സമുദ്രത്തോടടുത്ത പ്രദേശങ്ങളിലും മറ്റുള്ളവ ആഫ്രിക്കന്‍ കാടുകള്‍, മലഗാസിദ്വീപുകള്‍, മെഡിറ്ററേനിയന്‍ പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും വളരുന്നു. യൂറോപ്പിൽ സർവവ്യാപകമായി വളരുന്ന കലൂനാ വള്‍ഗാരിസ് എന്ന ചെടി വടക്കേ ഏഷ്യ, ഗ്രീന്‍ലന്‍ഡ്, യു.എസ്സിന്റെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളിലും കാണുന്നു. എറിക്കാ ടെട്രാലിക്‌സ്, എസിനേറിയ എന്നിവ സർവസാധാരണമായ ബ്രിട്ടീഷ് ഹത്തുകളാണ്.