This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എരുമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എരുമ == അയവെട്ടുന്ന സസ്‌തനി വിഭാഗമായ റൂമിനെന്‍ഷ്യായിൽ ഉള്‍...)
അടുത്ത വ്യത്യാസം →

10:52, 18 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എരുമ

അയവെട്ടുന്ന സസ്‌തനി വിഭാഗമായ റൂമിനെന്‍ഷ്യായിൽ ഉള്‍പ്പെട്ട ഒരു ഗവ്യമൃഗം. ബോവിനേ (Bovinae) എന്ന ജന്തു ഗോത്രത്തിൽപ്പെട്ട ബോസ്‌ (Bos) ജീനസ്സിന്റെ ഉപജീനസായ ബുബാലസിൽ (Bubalas)ആണ്‌ ഇവയെ ജന്തു ശാസ്‌ത്രജ്ഞന്മാർ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. എരുമകളെയും പോത്തുകളെയും മഹിഷങ്ങള്‍ എന്ന വാക്കുകൊണ്ട്‌ വ്യവഹരിക്കുന്നുണ്ട്‌. രണ്ട്‌ വ്യത്യസ്‌ത തരം മഹിഷങ്ങള്‍ ഉണ്ട്‌; ചതുപ്പുമഹിഷങ്ങളും (swamp buffaloes) നദീമഹിഷങ്ങളും. ഇന്ത്യയിലും പാകിസ്‌താനിലും നദീമഹിഷങ്ങളാണ്‌ കണ്ടുവരുന്നത്‌. ഇന്ത്യയിൽ ഗവ്യ വർഗങ്ങളായി വളർത്തപ്പെടുന്ന മഹിഷ ജീനസ്സുകള്‍ മുറ, നീലി, സൂർതി, ജാഫാറബാദി, നാഗ്‌പൂരി, മെഹ്‌സാനാ എന്നിവയാണ്‌.

ഏഷ്യയിലും ആഫ്രിക്കയിലും മഹിഷങ്ങള്‍ ധാരാളമായി വളർത്തപ്പെടുന്നുണ്ട്‌. അഞ്ചാം ശതാബ്‌ദം മുതൽ തന്നെ ഏഷ്യയിൽ മഹിഷങ്ങളെ വളർത്തുമൃഗങ്ങളായി മെരുക്കിയെടുത്തിരുന്നതായി രേഖകളുണ്ട്‌. ആഫ്രിക്കന്‍ മഹിഷങ്ങളും ഏഷ്യന്‍ മഹിഷങ്ങളും തമ്മിൽ ശരീരഘടനയിലും ആകാരത്തിലും ചില വ്യത്യാസങ്ങള്‍ കണ്ടുവരുന്നു. ആഫ്രിക്കന്‍ മഹിഷങ്ങള്‍ മനുഷ്യരോട്‌ ഇണങ്ങാത്ത വന്യമൃഗങ്ങളാണ്‌. ഇവ കേപ്പ്‌ മഹിഷങ്ങള്‍ (Cape buffaloes) അഥവാ കാഫർ (Kafer) എന്ന പേരിലാണറിയപ്പെടുന്നത്‌. കറുപ്പുനിറവും തടിച്ചുകൊഴുത്ത ശരീരഘടനയുള്ള ഇവയ്‌ക്ക്‌ 2 മീറ്റർ വരെ പൊക്കം വയ്‌ക്കാറുണ്ട്‌. നാസികയ്‌ക്കുള്ളിൽ ഒരറയേ ഉള്ളൂ എന്നത്‌ ഇവയുടെ ഒരു പ്രത്യേകതയാണ്‌. ഇവയുടെ കൊമ്പുകളുടെ ചുവടറ്റം വിസ്‌താരമുള്ളതും നെറ്റിയെ ഭാഗികമായി മറയ്‌ക്കുന്നതുമാണ്‌. ഏഷ്യന്‍ മഹിഷങ്ങളുടെ കൊമ്പുകളുടെ ചുവടറ്റത്തിന്‌ വിസ്‌താരക്കുറവുണ്ട്‌; ഇത്‌ നെറ്റിത്തടത്തെ മറയ്‌ക്കുന്നു. അറ്റം കൂർത്തനിലയിലാണ്‌ കൊമ്പുകള്‍ വളരുന്നത്‌. ഏഷ്യന്‍ മഹിഷങ്ങളുടെ നാസികയുടെ ഉള്‍ഭാഗത്തുള്ള നടുഭിത്തി അതിനെ രണ്ടായി വേർതിരിക്കുന്നു.

ഏഷ്യയിലെ മഹിഷങ്ങളെ രണ്ട്‌ പ്രധാന ഇനങ്ങളായി തിരിക്കാം; വന്യമഹിഷങ്ങളും വളർത്തുമഹിഷങ്ങളും. വന്യമഹിഷങ്ങള്‍ പ്രധാനമായും ബുബാലസ്‌ ഏഷ്യാറ്റിക്കസ്‌ എന്ന ഇനത്തിന്റെ വിവിധ വർഗങ്ങളായ ആർണി (Arni), കാരാബാവോ, ജലമഹിഷങ്ങള്‍ എന്നിവയാണ്‌. ഇവ 120 മുതൽ 150 വരെ സെ.മീ. പൊക്കം വയ്‌ക്കുന്നു. ശരീരത്തിൽ രോമം കുറവാണ്‌; ഉള്ളവ പരുക്കന്‍ രോമങ്ങളുമായിരിക്കും. എന്നാൽ കഴുത്തിന്റെ മധ്യഭാഗത്തും തോള്‍ഭാഗത്തും വളരുന്ന രോമങ്ങള്‍ മുന്നോട്ടു വ്യാപിച്ച്‌ കുഞ്ചിരോമം പോലെ കിടക്കുന്നു. അസം വനങ്ങളിൽ വന്യമഹിഷങ്ങള്‍ ധാരാളമായുണ്ട്‌.

വന്യ ഇനമായ ആർണി മഹിഷങ്ങളുടെ രൂപാന്തരീഭവിച്ച ഒരു പ്രതിരൂപമാണ്‌ ഏഷ്യയിലെ വളർത്തു മഹിഷങ്ങളെന്നു കരുതപ്പെടുന്നു. വളർത്തു മഹിഷങ്ങളെ ചതുപ്പുമഹിഷങ്ങളെന്നും നദീമഹിഷങ്ങളെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു.

ബഫലസ്‌ ഏഷ്യാറ്റിക്കസ്‌ (പാലുഡെസ്‌ട്രിസ്‌) [Buffelus asiaticus (Paludestris)] എന്ന ശാസ്‌ത്രനാമമുള്ള ചതുപ്പുമഹിഷങ്ങള്‍ക്ക്‌ കുറിയ ശരീരവും വിസ്‌താരമുള്ള നെഞ്ചും കനം കുറഞ്ഞ്‌ കുറുകിയ കാലുകളും ചെറിയ മുഖവുമാണുള്ളത്‌. വക്ഷസ്ഥലത്തെ കശേരുകവരെ എത്തുന്ന പൂഞ്ഞ്‌ (hump) ഇവയുടെ സവിശേഷതയാണ്‌. കൊമ്പുകള്‍ ആദ്യം തിരശ്ചീനമായി(horizontal)ട്ടാണ്‌ വളരുന്നതെങ്കിലും ക്രമേണ അത്‌ അർധവൃത്താകൃതിയിലായിത്തീരുന്നു. ബഫലസ്‌ ഏഷ്യാറ്റിക്കസ്‌ എന്ന ചതുപ്പു മഹിഷങ്ങള്‍ ആർണി ഇനത്തിൽപ്പെട്ട വന്യമഹിഷങ്ങളുമായി ഇണചേരാറുണ്ട്‌. ബഫലസ്‌ ഏഷ്യാറ്റിക്കസ്‌ (റൈപ്പേറിയസ്‌) (Riparius)എന്ന ശാസ്‌ത്രനാമത്തിലാണ്‌ നദീ മഹിഷങ്ങള്‍ അറിയപ്പെടുന്നത്‌. നീളമുള്ള ശരീരം, ചെറിയ നെഞ്ച്‌, കനമുള്ള നീണ്ട കാലുകള്‍, നീണ്ട മോന്ത, വക്ഷസ്ഥലത്ത്‌ മുഴുവന്‍ വ്യാപിച്ചിരിക്കുന്ന പൂഞ്ഞ്‌ എന്നിവയാണ്‌ ഇവയുടെ പ്രത്യേകതകള്‍. കൊമ്പുകള്‍ ആദ്യം താഴോട്ടും പുറകോട്ടും പിന്നീട്‌ മുകളിലോട്ടും വളർന്ന്‌ സർപ്പിലമായിത്തീരുന്നു. നദീമഹിഷങ്ങളും ചതുപ്പു മഹിഷങ്ങളും തമ്മിൽ പ്രജനനം നടക്കാറില്ല.

ഏഷ്യന്‍ മഹിഷങ്ങള്‍ തൂക്കം കൂടിയവയും ദൃഢപേശിയുള്ളവയുമാണ്‌. ഒരു ചതുപ്പു മഹിഷത്തിന്‌ ഒരു ടണ്ണോളം ഭാരം വലിച്ചുകൊണ്ടു പോകുവാനാകും. ചതുപ്പുമഹിഷങ്ങളുടെ തൊലിക്ക്‌ ആദ്യം ചാരനിറമാണെങ്കിലും വളർച്ചയെത്തുമ്പോഴേക്ക്‌ സ്ലേറ്റിന്റെ നിറമുള്ള ഏതാണ്ടൊരു ഇരുണ്ട നീലയായിത്തീരുന്നു. എന്നാൽ നദീമഹിഷങ്ങള്‍ക്ക്‌ വളർച്ചയുടെ എല്ലാ ഘട്ടത്തിലും കറുപ്പുനിറമാണുള്ളത്‌. ഏകദേശം അഞ്ച്‌ ശതമാനം ചതുപ്പു മഹിഷങ്ങള്‍ ആൽബിനോകളാണ്‌. കറുപ്പും വെളുപ്പവും ഇടകലർന്ന്‌ നിറവും അപൂർവമല്ല. നദീമഹിഷങ്ങളിൽ ഇമ്മാതിരിയുള്ള വർണവൈവിദ്ധ്യം കാണാറില്ല.

ഏഷ്യന്‍ എരുമക്കിടാങ്ങളുടെ ശരീരത്താകമാനം നീണ്ട രോമങ്ങള്‍ കാണപ്പെടുന്നു. വളർച്ചയേറുന്നതോടെ ഈ രോമങ്ങള്‍ അപ്രത്യക്ഷമാവുകയും 2-5 സെ.മീ. മാത്രം നീളമുള്ള രോമങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. എങ്കിലും കീഴിത്താടി, കഴുത്ത്‌, ഉദരം എന്നീ ഭാഗങ്ങളിൽ നീളമുള്ള രോമങ്ങള്‍ നിലനില്‌ക്കാറുണ്ട്‌. പ്രായം ഏറുന്നതോടെ മഹിഷങ്ങളിൽ രോമം കുറയുകയും ചർമം പുറത്തു കാണപ്പെടുകയും ചെയ്യും. രോമച്ചുരുളുകളുടെ ആകൃതി, വലുപ്പം, സ്ഥാനം എന്നിവ ഓരോ മൃഗത്തിലും വ്യത്യസ്‌തമായിരിക്കും; ഈ സ്ഥിതി ജീവികളുടെ ആയുഷ്‌കാലം മുഴുവന്‍ നിലനില്‌ക്കാറുണ്ട്‌. ചതുപ്പു മഹിഷങ്ങളിൽ രോമച്ചുഴികള്‍ മുന്‍പോട്ടും നദീമഹിഷങ്ങളിൽ പുറകോട്ടുമാണ്‌. രോമച്ചുഴികള്‍ മൃഗങ്ങളെ വേർതിരിച്ചറിയാനുള്ള ഒരു മാർഗമായി കണക്കാക്കാറുണ്ട്‌. മഹിഷങ്ങള്‍ക്ക്‌ ഇന്ദ്രിയശക്തി തുലോം കുറവാണ്‌. സ്‌പർശനവും വേദനയും മറ്റുജീവികളെപ്പോലെ പെട്ടെന്നിവയ്‌ക്കറിയാന്‍ കഴിയില്ല. പ്രാണിശല്യവും കാര്യമായി കരുതാറില്ല. അതിനാൽ പ്രാണിജന്യമായ മുറിവുകള്‍ മഹിഷങ്ങളിൽ സാധാരണമാണ്‌.

രണ്ട്‌ വർഗത്തിലുമുള്ള എരുമകളുടെ ജനനേന്ദ്രിയങ്ങള്‍ ഒരു പോലെയാണ്‌. നദീമഹിഷങ്ങളുടെ അകിട്‌ പശുക്കളുടേതിനോട്‌ സാദൃശ്യം പുലർത്തുന്നു; ചതുപ്പ്‌ മഹിഷങ്ങളുടെ അകിട്‌ പിന്നിലേക്ക്‌ നീങ്ങിയാണ്‌ കാണപ്പെടുന്നത്‌.

എരുമകളുടെ മദചക്രം 28 ദിവസമാണ്‌. പുളപ്പ്‌ (heat)മൂന്ന്‌ മുതൽ അഞ്ച്‌ വരെ ദിവസം നീണ്ടു നില്‌ക്കുന്നു. ചതുപ്പ്‌ മഹിഷങ്ങളുടെ ഗർഭകാലം 332 ദിവസവും നദീമഹിഷങ്ങളുടേത്‌ 310-317 ദിവസവുമാണ്‌. ക്ഷീരോത്‌പാദനം പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. ഗർഭകാലത്തിന്റെ ആരംഭം, ആഹാരരീതി, പരിപാലനരീതികള്‍ എന്നിവ പ്രധാന ഘടകങ്ങളാണ്‌. സാധാരണയായി ആറ്‌ മാസം ഗർഭമാകുമ്പോള്‍ കറവ വറ്റും. അടുത്ത ഗർഭോത്‌പാദനം വൈകിയാണെങ്കിൽ ഒരു വർഷം വരെ കറവ എടുക്കാം. നല്ല നിലയിൽ തിറ്റകൊടുത്തു വളർത്തിയാൽ 15 മാസം വരെ കറക്കാന്‍ സാധിക്കും. ഏതാണ്ട്‌ അഞ്ചുമാസം പ്രായമാകുമ്പോള്‍ എരുമക്കിടാങ്ങളുടെ പാലുകുടിമാറ്റാം. കിടാങ്ങള്‍ ഏകദ്ദേശം 10 വയസ്സാകുന്നതുവരെ വളർച്ച തുടരുമെങ്കിലും അഞ്ച്‌ വയസ്സിനുശേഷം മന്ദഗതിയിലുള്ള വളർച്ചയേ കാണാറുള്ളൂ.

ക്ഷീരോത്‌പാദനം. ഇന്ത്യയിൽ ഒരു ഗവ്യമൃഗം എന്ന നിലയിൽ എരുമയ്‌ക്കുള്ള സ്ഥാനം പ്രാധാന്യമർഹിക്കുന്നു. ഇന്ത്യയിൽ ആകെയുത്‌പാദിപ്പിക്കുന്ന പാലിന്റെ 55 ശതമാനവും എരുമപ്പാലാണെന്നു കണക്കാക്കിയിരിക്കുന്നു. ഇന്ത്യയിൽ ഏകദേശം 105.3 ദശലക്ഷം കറവ എരുമകളുണ്ട്‌. ഒരു പശുവിൽനിന്ന്‌ ഒരു വർഷം ശരാശരി 173 കി. ഗ്രാം പാൽ ലഭിക്കുമ്പോള്‍ എരുമയിൽനിന്ന്‌ ശരാശരി 491 കി.ഗ്രാം പാൽ ലഭിക്കുന്നു. എരുമകളുടെ ക്ഷീരോത്‌പാദനശേഷി പശുക്കളെക്കാള്‍ വളരെ കൂടുതലാണ്‌. എരുമപ്പാലിലെ കൊഴുപ്പിന്റെ ശതമാനവും വർധിച്ചതാണ്‌. എരുമപ്പാലിൽ 83.59 ശ.മാ. ജലാംശം, 7.16 ശതമാനം കൊഴുപ്പ്‌, 4.81 ശതമാനം ലാക്‌റ്റോസ്‌, 4.5 ശതമാനം പ്രാട്ടീന്‍, 3.01 ശതമാനം കേസിന്‍, 0.76 ശതമാനം ധാതുലവണങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്‌. പാലിന്റെ വില അതിലടങ്ങിയിരിക്കുന്ന ഖരപദാർഥങ്ങളുടെ വിലയാണ്‌. എരുമപ്പാലിൽ ഖരപദാർഥങ്ങളുടെ അളവ്‌ കൂടുതലാണ്‌. ഇതുമൂലം മാനകീകരിച്ച പാലിന്റെ ഉത്‌പാദനത്തിന്‌ എരുമപ്പാൽ ആദായകരമായി ഉപയോഗിച്ചുവരുന്നു. എരുമപ്പാൽ ഗവ്യോത്‌പന്ന നിർമിതിക്ക്‌ ഉപയോഗിച്ചുകൊണ്ടുള്ള പരിശ്രമങ്ങള്‍ ഇന്ത്യയിലാരംഭിച്ചത്‌ അടുത്തകാലത്താണ്‌. ദൃഢചീസുകള്‍ നിർമിക്കുന്നതിന്‌ എരുമപ്പാൽ പശുവിന്‍ പാലിനോളം പറ്റിയതല്ലെന്നു കാണുന്നു.

എരുമപ്പാലുപയോഗിച്ചുകൊണ്ടുള്ള ശിശുആഹാരങ്ങളും മറ്റും വ്യാവസായികാടിസ്ഥാനത്തിൽ നിർമിച്ചു തുടങ്ങിയത്‌ ഇന്ത്യയിലാണ്‌. സംസ്‌കരണരീതികളിൽ അല്‌പം വ്യതിയാനങ്ങള്‍ വരുത്തി മിക്കവാറും എല്ലാ പാലുത്‌പന്നങ്ങളുടെ നിർമിതിക്കും എരുമപ്പാൽ ഉപയോഗിക്കുന്നുണ്ട്‌.

രോഗങ്ങള്‍. കന്നുകാലികളെ പൊതുവേ ബാധിക്കുന്ന രോഗങ്ങള്‍ മഹിഷങ്ങളിലും കാണപ്പെടുന്നുണ്ട്‌. കാലിപ്ലേഗ്‌, അടപ്പന്‍, കുളമ്പുദീനം, കുരലടപ്പന്‍, കരിങ്കൊറു, ബ്രൂസില്ലാരോഗം, ക്ഷയം, ജോണ്‍സ്‌രോഗം എന്നിവ മഹിഷങ്ങളെ ബാധിക്കുന്ന സാംക്രമികരോഗങ്ങളാണ്‌. വക്ത്രവേധം (വായ്‌പുണ്ണ്‌), ചെവിപഴുപ്പ്‌, സൈനസൈറ്റിസ്‌, ട്രാമാറ്റിക്‌ റെട്ടിക്കുലൈറ്റിസ്‌, കമ്പനം, വിരബാധ, അകിടുവീക്കം, വാലുചീയൽ, ക്ഷീരസന്നി എന്നിവയും മഹിഷങ്ങളെ ബാധിക്കാറുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%B0%E0%B5%81%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍