This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എപ്പിലെപ്‌സി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എപ്പിലെപ്‌സി == == Epilepsy == എപ്പിലെപ്‌സി അഥവാ അപസ്‌മാരം ഒരു നാഡീസ...)
അടുത്ത വ്യത്യാസം →

16:48, 16 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എപ്പിലെപ്‌സി

Epilepsy

എപ്പിലെപ്‌സി അഥവാ അപസ്‌മാരം ഒരു നാഡീസംബന്ധമായ രോഗമാണ്‌. സന്നി എന്നും ഇതറിയപ്പെടുന്നു. ലോകത്ത്‌ 5 കോടിയിൽപ്പരം അപസ്‌മാരരോഗികള്‍ ഉണ്ടെന്നാണ്‌ കണക്ക്‌. മൂന്ന്‌ അപസ്‌മാരരോഗികളിൽ രണ്ടുപേർ വികസ്വരരാജ്യക്കാരായിരിക്കും. പ്രായമേറുന്നതിനനുസരിച്ച്‌ അപസ്‌മാരസാധ്യതയും കൂടും. സാധാരണഗതിയിൽ പിഞ്ചുകുട്ടികളിലും പ്രായാധിക്യമുള്ളവരിലുമാണ്‌ ഈ രോഗം കാണപ്പെടുന്നത്‌. മസ്‌തിഷ്‌കശസ്‌ത്രക്രിയയുടെ പാർശ്വഫലമായും ചിലപ്പോള്‍ എപ്പിലപ്‌സിയുണ്ടാകും.

പൂർണമായും ഭേദമാക്കാന്‍ ആവില്ലെങ്കിലും ഔഷധചികിത്സകൊണ്ട്‌ ഈ രോഗത്തെ നിയന്ത്രണവിധേയമാക്കാന്‍ കഴിയും. സങ്കീർണമായ രോഗാവസ്ഥയിൽ ചിലപ്പോള്‍ ശസ്‌ത്രക്രിയയും ഫലപ്രദമാവാറുണ്ട്‌. അപസ്‌മാരം ജീവിതകാലം മുഴുവന്‍ ഉണ്ടാകണമെന്നില്ല. ചിലർക്ക്‌ ഒരു പ്രത്യേക കാലഘട്ടത്തിൽ പ്രത്യക്ഷപ്പെടുകയും കുറേകാലത്തിനുശേഷം സ്വയം ശമിക്കുകയും ചെയ്യും.

എപ്പിലെപ്‌സിയെന്നത്‌ ഒരു പ്രത്യേകരോഗമായി കാണുന്നതിനുപകരം വിവിധ രോഗലക്ഷണങ്ങളുടെ ഒരേകോപിതരൂപമായി കാണുന്നതാണ്‌ നല്ലത്‌. മസ്‌തിഷ്‌കത്തിനുള്ളിലെ വൈദ്യുതപ്രക്രിയയുടെ അപാകതയാണ്‌ ഇതിനുള്ള അടിസ്ഥാനകാരണം. മൂലകാരണം, ലക്ഷണങ്ങള്‍, മസ്‌തിഷ്‌കത്തിൽ അപസ്‌മാരം പ്രത്യക്ഷപ്പെടുന്ന സ്ഥാനം, അപസ്‌മാരം പ്രത്യക്ഷമാകാനുള്ള സംഭവം എന്നിവയെ അടിസ്ഥാനമാക്കി അപസ്‌മാരത്തെ വിവിധങ്ങളായി തരംതിരിച്ചിട്ടുണ്ട്‌. എന്നാൽ 1981-ൽ ഇന്റർനാഷണൽ ലീഗ്‌ എഗന്‍സ്റ്റ്‌ എപ്പിലെപ്‌സി (ILAE) എന്ന ഏജന്‍സി ക്ലിനിക്കൽ നിരീക്ഷണങ്ങളുടെയും ഇ.ഇ.ജി. റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ അപസ്‌മാരത്തെ വർഗീകരിച്ചിട്ടുണ്ട്‌. 1989-ലും 97-ലും കഘഅഋ ഈ വർഗീകരണം നവീകരിച്ചു.

എപ്പിലെപ്‌സി ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഇതിനെ തരംതിരിച്ചിരിക്കുന്നത്‌. റൊളാന്റിക്‌ എപ്പിലെപ്‌സി, ഫ്രാണ്ടൽ ലോബ്‌ എപ്പിലെപ്‌സി, ജുവനൈൽ മയോക്ലോണിക്‌ എപ്പിലെപ്‌സി, പ്രാഗ്രസ്സീവ്‌ മയോക്ലോണിക്‌ എപ്പിലെപ്‌സി, റിഫ്‌ളെക്‌സ്‌ എപ്പിലെപ്‌സി, ലിംബിക്‌ എപ്പിലെപ്‌സി, അബ്‌ഡോമിനൽ എപ്പിലപ്‌സി തുടങ്ങി വിവിധതരം എപ്പിലപ്‌സികളുണ്ട്‌.

കാരണങ്ങള്‍ പലതുപറയുന്നുണ്ടെങ്കിലും ജനിതകവ്യതിയാനത്തിലേക്കാണ്‌ ആധുനിക ഗവേഷകർ വിരൽചൂണ്ടുന്നത്‌. റിങ്‌ ക്രാമസോം 20 സിന്‍ഡ്രാം (20) എന്ന ജനിതകകാരണമാണ്‌ എപ്പിലപ്‌സിയുടെ മൂലകാരണമായി ശാസ്‌ത്രജ്ഞർ കരുതുന്നത്‌. ചില പ്രത്യേക പേരുകളിൽ അറിയപ്പെടുന്ന എപ്പിലെപ്‌സിയും അതിന്റെ പ്രത്യേകതയും താഴെച്ചേർക്കുന്നു.

ആട്ടോസോമൽ ഡൊയിനന്റ്‌ നൊക്‌റ്റൂണൽ ഫ്രാണ്ടൽലോബ്‌ എപ്പിലെപ്‌സി (ADNFLE). ഉറക്കത്തിലുണ്ടാകുന്ന ഈ അപസ്‌മാരം പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്നുവെന്നു കരുതുന്നു. കുട്ടികളിലാണ്‌ സാധാരണ കാണപ്പെടുന്നത്‌. മുട്ടുവളഞ്ഞ്‌ വീഴുകയും പല്ലുകള്‍ പൂട്ടി വായതുറക്കാതെ വിറയ്‌ക്കുകയും ചെയ്യുന്നതാണ്‌ പ്രധാനലക്ഷണം. നിലവിളിക്കുക, അലറുക എന്നിവയും ഉണ്ടാകും.

ബിനൈന്‍ സെന്‍ട്രാടെമ്പറൽ ലോബ്‌ എപ്പിലെപ്‌സി. റൊളാന്‍ഡിക്‌ എപ്പിലെപ്‌സി എന്നുകൂടി അറിയപ്പെടുന്ന ഈ അപസ്‌മാരം 3 വയസ്സിനും 13 വയസ്സിനുമിടയിൽ പ്രായമുള്ള കുട്ടികളിലാണ്‌ കാണുന്നത്‌. കൗമാരത്തിലാണ്‌ ഇത്‌ പാരമ്യത്തിലെത്തുന്നത്‌. സാധാരണഗതിയിൽ രാത്രിയിലാണ്‌ ഇതു പ്രത്യക്ഷപ്പെടുക. ബിനൈന്‍ ഒക്കിപ്പിറ്റൽ എപ്പിലെപ്‌സി. ഇതും കുട്ടികളിൽക്കാണുന്ന അപസ്‌മാരമാണ്‌. 3-5 വയസ്സിൽക്കാണുന്ന ഒരിനവും 7-10 വയസ്സിനുള്ളിൽക്കാണുന്ന മറ്റൊരിനവുമുണ്ട്‌. കാഴ്‌ചയിലുണ്ടാകുന്ന വ്യതിയാനങ്ങളാണ്‌ ഇതിന്റെ പ്രധാനലക്ഷണം. ചില വർണബിന്ദുക്കളും വർണരേഖകളും കാണുന്നതായി റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്‌.

കാറ്റമീനിയൽ എപ്പിലെപ്‌സി. സ്‌ത്രീകളുടെ ആർത്തവചക്രവുമായി ബന്ധപ്പെട്ടുകാണുന്ന ഒരുതരം അപസ്‌മാരമാണിത്‌.

കേന്ദ്രനാഡീവ്യൂഹത്തിനുണ്ടാകുന്ന അണുബാധ, ജന്മനായുള്ള നാഡീവൈകല്യങ്ങള്‍, ഉപാപചയപ്രവർത്തനത്തിലെ അപാകതകള്‍, മസ്‌തിഷ്‌കക്ഷതം, മസ്‌തിഷ്‌കട്യൂമർ, മയക്കുമരുന്നുപയോഗം തുടങ്ങി വിവിധ കാരണങ്ങളാൽ അപസ്‌മാരം ഉണ്ടാകാം. ഔഷധങ്ങള്‍, ശസ്‌ത്രക്രിയ എന്നിവ അപസ്‌മാരചികിത്സയിൽ ഉപയോഗപ്പെടുത്തുന്നു. ഇതുകൂടാതെ ഇലക്‌ട്രിക്കൽ സ്റ്റിമുലേഷനും ഉപയോഗിക്കാറുണ്ട്‌. വാഗസ്‌ നേർവ്‌ സ്റ്റിമുലേഷന്‍ ഡീപ്‌ബ്രയിന്‍ സ്റ്റിമുലേഷന്‍ എന്നീ സങ്കേതങ്ങളാണ്‌ ഇതിനുപയോഗിക്കുന്നത്‌.

കൈകാലുകള്‍, മുഖം എന്നിവ കോച്ചിവലിക്കുന്ന സമയത്ത്‌ അപകടസാധ്യതയുണ്ട്‌. ചിലപ്പോള്‍ നാക്ക്‌ ഉള്ളിലേക്കിറങ്ങി ശ്വാസനാളം അടഞ്ഞുപോയി മരണം സംഭവിച്ചതായി റിപ്പോർട്ടുകള്‍ ഉണ്ട്‌. വായിൽ നിന്നു നുരയും പതയും വന്നതിനുശേഷം കുറേ നേരത്തേക്ക്‌ ബോധരഹിതനായിരിക്കും. ഈ സമയത്ത്‌ രോഗിയെ ഉണർത്താന്‍ കഴിഞ്ഞില്ലെങ്കിൽ ദീർഘനേരം ഉറങ്ങാന്‍ സാധ്യതയുണ്ട്‌. ഉണർന്നെഴുന്നേല്‌ക്കുമ്പോള്‍ കഴിഞ്ഞതൊന്നും ഓർമയുണ്ടാവില്ല.

രോഗം വരുന്ന സമയത്ത്‌ ഇലക്‌ട്രാ എന്‍സഫലോഗ്രാഫ്‌ ഉപയോഗിച്ച്‌ (EEG) മസ്‌തിഷ്‌കത്തിൽ നിന്നുള്ള വൈദ്യുതതരംഗങ്ങള്‍ രേഖപ്പെടുത്തിയാൽ രോഗനിർണയം എളുപ്പമാകും. വൈദ്യുതതരംഗങ്ങളുടെ വ്യതിയാനത്തിൽ നിന്നും ഏതിനത്തിൽപ്പെട്ട അപസ്‌മാരമാണെന്നു മനസ്സിലാക്കാം.

(സുരേന്ദ്രന്‍ ചുനക്കര)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍