This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
എപ്പിക്യൂറസ് (ബി.സി. 341 - 270)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എപ്പിക്യൂറസ് (ബി.സി. 341 - 270) == == Epicurus == ഗ്രീക്ക് ദാർശനികന്‍. ബി.സി...)
അടുത്ത വ്യത്യാസം →
14:21, 16 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
എപ്പിക്യൂറസ് (ബി.സി. 341 - 270)
Epicurus
ഗ്രീക്ക് ദാർശനികന്‍. ബി.സി. 341-ൽ സാമോസിൽ ജനിച്ചു. ഒരു അഥീനിയന്‍ അധ്യാപകനായിരുന്ന നിയോക്ലിസിന്റെ പുത്രനായിരുന്നു എപ്പിക്യൂറസ്.
ബി.സി. 306-നു ശേഷമാണ് ഇദ്ദേഹത്തിന്റെ നാമം ഒരു പ്രത്യേക ദർശനപദ്ധതിയുടെ വിശേഷണമായി പരിണമിക്കുന്നത്. സീനോ സ്റ്റോയിക് പ്രസ്ഥാനം ആരംഭിച്ച് ഒന്നുരണ്ട് വർഷങ്ങള്‍ കഴിഞ്ഞശേഷമാണ് എപ്പിക്യൂറസ് തന്റെ ചിന്താപദ്ധതി അവതരിപ്പിക്കാന്‍ ആരംഭിച്ചത്. ഈ ദർശനപദ്ധതി യൂറോപ്പിൽ ആറിൽപ്പരം നൂറ്റാണ്ടുകള്‍ നിലനിന്നു. ഇദ്ദേഹത്തിന്റെ പിന്‍ഗാമികളാരും ഈ സിദ്ധാന്തത്തിനു കാര്യമായ സംഭാവനകള്‍ നല്‌കുകയോ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്‌തിട്ടില്ല. കൃതികള്‍. ഡയോജനിസ് ലയാർട്ടിസ് തന്റെ പ്രസിദ്ധ ദാർശനികരുടെ ജീവിതവും അഭിപ്രായങ്ങളും(Lives and Opinions of the Famous Philosophers)എന്ന കൃതിയിൽ എപ്പിക്യൂറസ്സിന്റെ തത്ത്വചിന്തയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഹിറോഡോട്ടസ്സിന് (To Herodotus) എന്നത് ഊർജതന്ത്രത്തെക്കുറിച്ചും പൈഥോക്ലിസ്സിന് (To Pythoclis)എന്നത് ജ്യോതിശ്ശാസ്‌ത്രം, അന്തരീക്ഷവിജ്ഞാനം എന്നിവയെക്കുറിച്ചും മെനോസിയൂസിന് (To Menoeceus)എന്നത് നീതിശാസ്‌ത്രത്തെക്കുറിച്ചും എഴുതിയ മൂന്ന് എഴുത്തുകളാണ്. ഈ മൂന്ന് എഴുത്തുകളും ചില പ്രധാന തത്ത്വങ്ങളും(Kuriai Doxai) തന്റെ കൃതിയിൽ ഡയോജനിസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. എപ്പിക്യൂറസ്സിന്റേത് എന്ന് കരുതപ്പെടുന്ന 40 സൂക്തങ്ങള്‍ ഈ പ്രധാന തത്ത്വങ്ങളിൽ അടങ്ങിയിരിക്കുന്നു. ഇതിനു പുറമേ പ്രകൃതിയെക്കുറിച്ച് (On Nature) എന്ന പേരിൽ 37 ഭാഗങ്ങളുള്ള ഒരു കൃതിയും എപ്പിക്യൂറസ് രചിച്ചിട്ടുണ്ട്.
എപ്പിക്യൂറിയന്‍ സിദ്ധാന്തത്തിന്റെ സ്വാധീനത എ.ഡി. 4-ാം ശതകം വരെ നിലവിലുണ്ടായിരുന്നു. മെട്രാഡോട്ടസ്, ഹെർമാർക്കസ്, കൊളോട്‌സ് തുടങ്ങിയവർ ഇദ്ദേഹത്തിന്റെ ശിഷ്യരിൽ പ്രധാനികളാണ്; അപ്പോളോഡോറസ്, സെമെട്രിയസ്ലാക്കോണ്‍, സീനോ, ഫിലോഡെമസ് തുടങ്ങിയവരും ഇദ്ദേഹത്തെ ആചാര്യനായി കരുതിയിരുന്നു. ലൂക്രഷ്യസ് ആണ് ഇദ്ദേഹത്തിന്റെ റോമന്‍ ശിഷ്യരിൽ പ്രധാനി. എപ്പിക്യൂറസ്സിന്റെ ഒസ്യത്തും ചില രചനാഖണ്ഡങ്ങളും മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇദ്ദേഹത്തിന്റെ ദർശനം മനസ്സിലാക്കാനുള്ള മുഖ്യാടിസ്ഥാനം റോമന്‍ കവിയായ ടൈറസ് ലൂക്രഷിയസ്സിന്റെ (ബി.സി. 99-55) ദെ റേറം നാച്യുറ (De Rerum Natura) എന്ന കാവ്യമാണ്. ബി.സി. 270-ൽ എപ്പിക്യൂറസ് നിര്യാതനായതായി കരുതപ്പെടുന്നു.
ദർശനം. എപ്പിക്യൂറസ്സിന്റെ ദർശനം മുഖ്യമായും ധാർമികവും പ്രായോഗികവുമാണ്. ജീവിതവുമായി പ്രത്യക്ഷ ബന്ധമില്ലാത്തതെല്ലാം ഉപയോഗമില്ലാത്തതായി ഇദ്ദേഹം കണക്കാക്കി. ഭൗതികലോകത്തെക്കുറിച്ചുള്ള ജ്ഞാനം അമാനുഷ ശക്തികളെക്കുറിച്ച് മനുഷ്യനുള്ള ഭയം ഒഴിവാക്കാന്‍ സഹായിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. എല്ലാ മതങ്ങളും മനുഷ്യന്റെ ഈ ഭയത്തെ ചൂഷണം ചെയ്യുന്നുണ്ട്. ഈ ഭയമാണ് മനുഷ്യന്റെ ദുഃഖഹേതു. ഈ ഭയം ഇല്ലാതാക്കിയാൽ മനുഷ്യന്‍ സന്തുഷ്‌ടനാകും. അമാനുഷശക്തികളുടെ ഇടപെടൽ ഇല്ലാതെ കാര്യകാരണങ്ങളാൽ വ്യവസ്ഥാപിതമാണ് ഈ പ്രപഞ്ചം എന്നു മനസ്സിലാക്കിയാൽ ഈ ഭയം അകറ്റാന്‍ കഴിയുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം.
ഡമോക്രിറ്റസ്സിന്റെ അണുസിദ്ധാന്തത്തിലും എപ്പിക്യൂറസ് ഈ ആശയം കണ്ടെത്തി. ഡമോക്രിറ്റസ്സിന്റെ ആശയങ്ങള്‍ അതേപടി എപ്പിക്യൂറസ് സ്വീകരിച്ചില്ല. എല്ലാ പ്രതിഭാസങ്ങളും യാന്ത്രികമായി വിശദീകരിക്കാവുന്നവയാണെന്നും മരണാനന്തരജീവിതമില്ലെന്നും അമാനുഷശക്തികള്‍ ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഭാരതീയ ദർശനത്തിലെ ചാർവാകസിദ്ധാന്തവുമായി ഇതിനു സാദൃശ്യമുണ്ട്.
എപ്പിക്യൂറസ് തന്റെ അണുസിദ്ധാന്തത്തെ നിരീശ്വരവാദത്തിലേക്കെത്തിക്കുന്നില്ല. ചാർവാകന്മാരുടേതുപോലെ ഇദ്ദേഹം ഈശ്വരാസ്‌തിത്വത്തെ നിഷേധിക്കുകയും ചെയ്യുന്നില്ല. നിരവധി ഈശ്വരന്മാരുണ്ടെന്ന് എപ്പിക്യൂറസ് വിശ്വസിക്കുന്നു. എപ്പിക്യൂറസ്സിന്റെ ഈശ്വരസങ്കല്‌പത്തെ ഇങ്ങനെ സംഗ്രഹിക്കാം: ഈശ്വരന്മാർക്ക് മനുഷ്യരൂപം ഉള്ളത് മനുഷ്യരൂപം സുന്ദരമായതുകൊണ്ടാണ്. ഇവർ മനുഷ്യരെപ്പോലെ തിന്നുകയും കുടിക്കുകയും സംസാരിക്കുകയും ചെയ്യുന്നു. ഇവരിലും പുരുഷനും സ്‌ത്രീയുമുണ്ട്. പ്രപഞ്ചവ്യവഹാരത്തിൽ ഇവർ ഇടപെടുന്നില്ല. നക്ഷത്രലോകത്താണ് ഇവരുടെ താമസം. മനുഷ്യന്‍ ലോകത്തിൽ ജീവിക്കുന്നിടത്തോളം സന്തോഷത്തോടുകൂടി ജീവിക്കണം. ദൈവത്തെക്കുറിച്ചുള്ള അന്ധമായ ഭയത്തെ ഇദ്ദേഹം എതിർക്കുന്നു. വസ്‌തുക്കളുടെ അസ്‌തിത്വം ഇന്ദ്രിയങ്ങള്‍വഴി മനസ്സിലാക്കാം. ശൂന്യതയെക്കുറിച്ചുള്ള നിഗമനം യുക്തിയിൽ നിന്ന് ഉണ്ടാകുന്നു. ശൂന്യത ഇല്ലെങ്കിൽ വസ്‌തുക്കളുടെ ചലനം അസാധ്യമാകും.
നീതിശാസ്‌ത്രം. അരിസ്റ്റിപ്പസിനെപ്പോലെ എപ്പിക്യൂറസിനും നന്മയുടെയും തിന്മയുടെയും അടിസ്ഥാനം ആനന്ദമായിരുന്നു. ആനന്ദം ആണ് നന്മ; എന്നാൽ ശാരീരികമായാലും മാനസികമായാലും ആനന്ദം ഒരു നിമിഷത്തേതല്ല; ജീവിതം മുഴുവന്‍ നിറഞ്ഞു നിൽക്കുന്നതാണത്. അവസാനം ദുഃഖത്തിലെത്തിക്കുന്ന ആനന്ദത്തെ നാം ഉപേക്ഷിക്കണം; അതുപോലെ തന്നെ കൂടുതൽ ആനന്ദത്തിനുവേണ്ടി നാം ദുഃഖമനുഭവിക്കാനും തയ്യാറാകണം.
ഗുണപരമായി വ്യത്യസ്‌തമായ ആനന്ദം ഉണ്ട്. ശാരീരികാനന്ദത്തെക്കാള്‍ അഭികാമ്യം മാനസികാനന്ദമാണ്. ആത്മാവിന്റെ ആനന്ദമായിരിക്കണം മനുഷ്യന്റെ ലക്ഷ്യം. മാനസികാനന്ദത്തിൽ സൗഹൃദത്തിനാണ് എപ്പിക്യൂറിയന്മാർ കൂടുതൽ പ്രാധാന്യം നല്‌കുന്നത്. ആഗ്രഹങ്ങള്‍ വർധിപ്പിച്ച് അവ സാക്ഷാത്‌കരിക്കുന്നതിലല്ല ആനന്ദം. ആഗ്രഹങ്ങള്‍ വർധിക്കുന്തോറും അവയുടെ സാക്ഷാത്‌കാരം പ്രയാസമുള്ളതായിത്തീരുന്നു. ദുഃഖത്തിന്റെ നിഷേധമാണ് ആനന്ദം എന്നായിരുന്നു എപ്പിക്യൂറസിന്റെ സിദ്ധാന്തം.
എപ്പിക്യൂറസ്സിന്റെ ജീവിതം വളരെ ലളിതമായിരുന്നു. തന്റെ അനുയായികളെയും ഇദ്ദേഹം ഇത്തരത്തിലുള്ള ജീവിതം നയിക്കുന്നതിന് ഉപദേശിച്ചു.
(ഡോ. എ.എസ്. നാരായണപിള്ള; സ.പ.)