This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എട്രൂസ്‌കന്‍ ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എട്രൂസ്‌കന്‍ ഭാഷയും സാഹിത്യവും == == Etruscan Language and Literature == പ്രാചീന ഇറ...)
അടുത്ത വ്യത്യാസം →

11:41, 11 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എട്രൂസ്‌കന്‍ ഭാഷയും സാഹിത്യവും

Etruscan Language and Literature

പ്രാചീന ഇറ്റലിയിലെ ഭൂവിഭാഗമായ എട്രൂറിയയിലെ ജനങ്ങളുടെ ഭാഷ. എട്രൂസ്‌കർ എന്നറിയപ്പെടുന്ന ഈ ജനവിഭാഗത്തിന്റെ ഭാഷയായ എ്രടൂസിന്‌ ഉത്തര-മധ്യ ഇറ്റലിയിൽ ക്രി.മു. എട്ടാം ശ. മുതൽ ക്രി.പി. നാലാം ശ. വരെയാണ്‌ പ്രചാരമുണ്ടായിരുന്നത്‌. ഈജിപ്‌ത്‌, ഇറ്റലി എന്നീ പ്രദേശങ്ങള്‍ കൂടാതെ മറ്റു പല സ്ഥലങ്ങളിലും പ്രചരിച്ചിരുന്നെങ്കിലും ഇന്ന്‌ ഈ ഭാഷ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. എട്രൂറിയയിൽ റോമന്‍ ഭരണകാലത്തിനുമുമ്പ്‌ നിവസിച്ചിരുന്ന ജനങ്ങളുടെ ഈ സംസാരഭാഷയിൽ പതിനായിരത്തോളം ശിലാശാസനങ്ങള്‍ ലഭ്യമാണ്‌. ഭരണാധിപന്മാരും ജനങ്ങളും ഈ ഭാഷ ധാരാളം ഉപയോഗിച്ചിരുന്നു എന്നതിന്‌ തെളിവാണിത്‌. ഇതിന്റെ സാമാന്യരൂപം മനസ്സിലാക്കാന്‍ വേണ്ടിയുളള പണ്ഡിതന്മാരുടെ പരിശ്രമം പൂർണമായി വിജയിച്ചിട്ടില്ല. ഇതിലേക്കായി ചില പുരാതന ലിഖിതാവശിഷ്‌ടങ്ങളിൽനിന്നു ലഭ്യമായ പദങ്ങളും വാക്യങ്ങളും അപഗ്രഥനം ചെയ്‌തു. അക്കാലത്തെ ചില ലത്തീന്‍-ഗ്രീക്ക്‌ എഴുത്തുകാർ എട്രൂസ്‌കന്‍ ഭാഷയിലെ പല പദങ്ങളും ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്‌. ഈജിപ്‌തിൽ നിന്നും കാർത്തേജിലെ സ്റ്റിറിയയിൽനിന്നും ആണ്‌ ഈ ഭാഷയെപ്പറ്റിയുള്ള പ്രധാനപ്പെട്ട തെളിവുകള്‍ ലഭ്യമായത്‌. ക്രി.മു. രണ്ടാം ശതകത്തിലേതെന്നു കരുതപ്പെടുന്ന 1500-ഓളം വാക്കുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു സങ്കീർത്തനഭാഗം ഈജിപ്‌തിലെ (സാഗ്രബിലെ) മമ്മികളുടെ പുറംകവറിൽ നിന്നാണ്‌ കണ്ടുകിട്ടിയത്‌. ഗ്രയ്‌ക്കോ-റോമന്‍ കാലഘട്ടത്തെ അനുസ്‌മരിപ്പിക്കുന്ന ഈ മമ്മികള്‍ യുഗോസ്ലോവ്യയിലെ അഗ്രാം മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു. ഇതിലെ ലിപികള്‍ ഗ്രീക്കുഭാഷയുടെ ഒരു വകഭേദത്തിൽ നിന്നു കടമെടുത്തതാണ്‌. മെനിലോസിനെ മെന്‍ലി എന്നും ഐറാക്കിള്‍സിനെ എർക്ലി എന്നും മറ്റും ഗ്രീക്കു പദങ്ങളെ ഹാസ്യരൂപത്തിൽ രൂപപ്പെടുത്തിയാണ്‌ എട്രൂസ്‌കനിൽ ഉപയോഗിച്ചിരുന്നത്‌. ചില എട്രൂസ്‌കന്‍-ലത്തീന്‍ ഉഭയഭാഷാ ലിഖിതങ്ങളും കിട്ടിയിട്ടുണ്ട്‌.

ക്രി.മു. അഞ്ചാം ശതകത്തിലേതെന്നു കരുതപ്പെടുന്നതും ഇപ്പോള്‍ ബെർലിന്‍ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നതുമായ "എസ്‌. മറിയ ദി കപുഅ' ശാസനവും "പെറുഗിയ സിപ്പൂസ്‌' എന്ന ശാസനവും പ്രധാനപ്പെട്ടവയാണ്‌. ക്രിസ്‌ത്വബ്‌ദാരംഭകാലത്താണ്‌ എട്രൂസ്‌കന്‍ ശിലാശാസനങ്ങളിൽ അവസാനത്തേത്‌ എഴുതപ്പെട്ടത്‌. എണ്ണത്തിൽ കൂടുതലാണെങ്കിലും എട്രൂസ്‌കന്‍ ശിലാശാസനങ്ങളിലെ വാക്കുകളുടെ പരിമിതി കാരണം ഈ ഭാഷയുടെ വ്യാഖ്യാനം പൂർണമായി വിജയിച്ചില്ല. ഇന്തോ-യൂറോപ്യനോടോ ഇതുവരെ അറിയപ്പെട്ടിട്ടുള്ള ഒരു ഭാഷയോടോ പദസഞ്ചയം, ഘടന എന്നിവയിൽ ഇതിനു സാമ്യം കാണുന്നില്ല. എന്നാൽ കൊക്കേഷ്യന്‍ ഭാഷയുമായി ബന്ധം ഇല്ലാതില്ല. എട്രൂസ്‌കന്‍ എഴുത്ത്‌ സെമിറ്റിക്‌, ഗ്രീക്ക്‌, ലത്തീന്‍ എന്നീ അക്ഷരമാല പോലെയും വലത്തുനിന്ന്‌ ഇടത്തോട്ട്‌ എന്ന രീതിയിലുമാണ്‌. ബൂസ്‌ട്രാ ഫീഡന്‍ സ്റ്റൈലിൽ എഴുതപ്പെട്ടിട്ടുള്ള ശിലാശാസനങ്ങളും ലഭ്യമാണ്‌.

എട്രൂസ്‌കന്‍ ഭാഷയ്‌ക്ക്‌ ആരംഭത്തിൽ തനതായി 21 വ്യഞ്‌ജനങ്ങളും അഞ്ച്‌ സ്വരങ്ങളും ഉള്‍പ്പെടെ 26 വർണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കാലക്രമേണ പല മാറ്റങ്ങളും സംഭവിക്കുകയും വർണങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാവുകയും ചെയ്‌തു. അതായത്‌ A, F, C, D (a, e, i, u) എന്നിങ്ങനെ നാല്‌ സ്വരങ്ങളും 20 വ്യഞ്‌ജനങ്ങളുമായി വർണങ്ങള്‍ കുറഞ്ഞു. ഘോഷി-അഘോഷി (voiced-voiceless) ശബ്‌ദവ്യത്യാസങ്ങള്‍ എട്രൂസ്‌കന്‍ഭാഷയിൽ കാണുന്നില്ല. ഭാഷാപരമായ സവിശേഷതകള്‍ കണക്കിലെടുത്താൽ എട്രൂസ്‌കന്‍ഭാഷ ഇറ്റലിയുടെ തനതായ ഭാഷകളിൽ ഒന്നാണെന്നുതോന്നുമെന്ന അഭിപ്രായവും ഉണ്ട്‌. പുല്ലിംഗ പദങ്ങള്‍ക്ക്‌ "എ' പ്രത്യയവും സ്‌ത്രീലിംഗങ്ങള്‍ക്ക്‌ "എയ്‌' എന്നോ "ഇ' എന്നോ ഉള്ള പ്രത്യയവും ചേർത്തിരുന്നതായി മനസ്സിലാക്കുന്നു. ഒന്നു മുതൽ പത്തു വരെയുള്ള സംഖ്യകള്‍ ആലേഖനം ചെയ്‌ത ചില ചൂതുകരുക്കളും ലഭിച്ചിട്ടുണ്ട്‌.

എട്രൂസ്‌കന്‍ ജനതയുടെ ഉദ്‌ഭവത്തെപ്പറ്റി മൂന്ന്‌ അഭിപ്രായങ്ങളുണ്ട്‌. എ്രടൂസ്‌കന്‍ ലിഡിയയിൽനിന്നോ ഏഷ്യാമൈനറിലെ ഗ്രീക്കു പ്രദേശങ്ങളിൽനിന്നോ വന്നവരാണെന്നും അതിനാൽ ഈ ഭാഷയുടെ ഉദ്‌ഭവം ലിഡിയന്‍ തന്നെയാണെന്നുമാണ്‌ ചരിത്രകാരനായ ഹെറഡോട്ടസിന്റെ അഭിപ്രായം. എട്രൂസ്‌കർ കൈവശപ്പെടുത്തിയ പ്രദേശത്തെ ഒരു ഇറ്റാലിക്‌ ജനതയെന്നാണ്‌ ഹെലികാർണസ്സിലെ ദിയോനൈസിയുസ്‌ കരുതുന്നത്‌. എട്രൂസ്‌കർ ആൽപ്‌സിന്റെ ഉത്തരഭാഗത്തുനിന്നു വന്നവരാണെന്ന മൂന്നാമത്തെ വാദഗതിക്കു പ്രചാരം ലഭിച്ചില്ല. എട്രൂസ്‌കന്‍ സംസ്‌കാരത്തിന്റെ വളർച്ചയ്‌ക്കിടയാക്കിയ സാഹചര്യങ്ങളുടെ പഠനങ്ങള്‍ പ്രാധാന്യമർഹിക്കുന്നു. ഇന്തോ-യൂറോപ്യനല്ലാത്ത ഒരു ഭാഷയാണ്‌ എട്രൂസ്‌കർ സംസാരിച്ചിരുന്നത്‌. ഈ ഭാഷയുടെ ഉദ്‌ഭവത്തെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ക്രി.മു. 1200-നോടടുത്ത്‌ ഏഷ്യാമൈനറിലും കിഴക്കന്‍ മെഡിറ്ററേനിയന്‍ തടത്തിലും താമസം ഉറപ്പിച്ചുവന്ന "കടൽ' ജനതയിലെ ചില വർഗങ്ങളുടെ ഭാഷയ്‌ക്ക്‌ പശ്ചിമ മെഡിറ്ററേനിയന്‍ കടൽത്തീരങ്ങളിൽ അധിവസിക്കുന്ന ജനതയുടെ ഭാഷയുമായി ബന്ധമുള്ളതായി മനസ്സിലാക്കാന്‍ കഴിഞ്ഞു. എട്രൂസ്‌കരുടെ മുന്‍ഗാമികള്‍ ക്രി.മു. എട്ടാം ശതകത്തിൽ ഏഷ്യാമൈനറിൽ നിന്നു വന്നവരാണെന്നതിനു പുരാവസ്‌തുപരമായ രേഖകളില്ല. ഇറ്റലിക്കു പുറത്ത്‌ എട്രൂസ്‌കർ ഉണ്ടായിരുന്നു എന്നതിനു തെളിവ്‌ ലെംനോസ്‌ ദ്വീപിലെ കമിനിയയിലെ ഒരു ശവകുടീരത്തിനുചുറ്റും ഏഴാം ശതകത്തിൽ നിലവിലിരുന്ന ഗ്രീക്ക്‌ ലിപിയോടു സമാനമായുള്ള ചില ലിഖിതങ്ങളാണ്‌ ഇതു ഗ്രീക്ക്‌ അല്ല. ഈ ലിഖിതങ്ങള്‍ എട്രൂസ്‌കരുടെ അയോണിയന്‍ ഉദ്‌ഭവത്തിലേക്കു വെളിച്ചം വീശുന്നു. എട്രൂസ്‌കന്‍ ഭാഷയും ഏഷ്യാമൈനറിലെ ലിഡിയന്‍ ഭാഷയും ഏതാണ്ട്‌ സദൃശമാണ്‌ അയോണിയ, ഗ്രീസ്‌ എന്നിവിടങ്ങളിലെ സമ്പർക്കം എട്രൂസ്‌കന്‍ സംസ്‌കാരവികാസത്തിനു സഹായകമായി.

സാഹിത്യം. മതപരമായും കലാപരമായും ശ്രദ്ധേയമായ ചില വസ്‌തുതകള്‍ എട്രൂസ്‌കന്‍ സാഹിത്യത്തിലേക്കു വെളിച്ചം വീശുന്നു. ഗ്രീക്കുലിപിയെ അനുകരിച്ചുള്ള റോമന്‍ എഴുത്തുരീതി ഈ ഭാഷയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്നതാണ്‌. മറ്റു പല സമകാലീന സാഹിത്യത്തെക്കാള്‍ ഏറെ സംഭാവനകള്‍ എട്രൂസ്‌കന്‍ ജനത പുരാതന യൂറോപ്യന്‍ സാഹിത്യത്തിനു കാഴ്‌ചവച്ചിട്ടുണ്ട്‌. ഈ സംഭാവനകളെല്ലാംതന്നെ പുരാരേഖകളിൽ ആലേഖനം ചെയ്യപ്പെട്ടവയാണ്‌. ദക്ഷിണ എട്രൂറിയയിലെ കല്ലറകള്‍, വിഗ്രഹങ്ങള്‍, പാത്രങ്ങള്‍ എന്നിവ ഇതിനുദാഹരണങ്ങളാണ്‌. ഒരു ഈജിപ്‌ഷ്യന്‍ ശവശരീരം ആവരണം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന വസ്‌ത്രത്തിൽ എഴുതപ്പെട്ട സ്‌മാരകം ശ്രദ്ധേയമാണ്‌. ഇതു വളരെ ദീർഘമായ പ്രസ്‌താവമാണ്‌. എട്രൂസ്‌കന്‍ ആദ്യകാല ചരിത്രം, ലത്തീന്‍ഭാഷയുടെ പ്രചാരത്തോടുകൂടി എട്രൂസ്‌കന്‍ ഭാഷയ്‌ക്കുണ്ടായ അവഗണന മുതലായ വസ്‌തുതകളിലേക്കു വെളിച്ചം വീശുന്ന ഗ്രന്ഥങ്ങള്‍ എട്രൂസ്‌കന്‍ ഭാഷയിലുണ്ടായിട്ടുണ്ട്‌.

എട്രൂസ്‌കന്‍ ഭാഷയ്‌ക്കു തനതായ സാഹിത്യം ഉണ്ടായിരുന്നതായി റോമന്‍ ചരിത്രത്തിൽനിന്നു മനസ്സിലാക്കാന്‍ കഴിയുന്നു. പ്രകൃതിയിൽ ദേവന്മാരുടെ വിവിധരൂപങ്ങള്‍ പ്രതിപാദിച്ചിരുന്ന സാഹിത്യസൃഷ്‌ടികള്‍ എട്രൂസ്‌കനിൽ ഉണ്ടായിട്ടുണ്ട്‌. ഇതിന്‌ എട്രൂസ്‌കന്‍ ലോർ അഥവാ എട്രൂസ്‌ക എന്നും ഇതിന്റെ പ്രചാരകന്മാർ ഹാരെ സ്‌പൈസെസ്‌ എന്നും അറിയപ്പെട്ടിരുന്നു. രാജ്യതാത്‌പര്യത്തെ മുന്‍നിർത്തി പൊതുവിലും വ്യക്തിപരമായ വിശ്വാസങ്ങള്‍ പ്രതേ്യകിച്ചും എട്രൂസ്‌കന്‍ ഗ്രന്ഥങ്ങളിൽ കാണാം. ഈ സൃഷ്‌ടികളെല്ലാം തന്നെ പ്രതേ്യകിച്ച്‌ ഒരു വ്യക്തിയുടേതെന്ന്‌ അവകാശപ്പെടാവുന്നതല്ല. നൂറ്റാണ്ടുകളായി അനുഷ്‌ഠിച്ചുവന്ന ആചാരങ്ങളുടെ ആകെത്തുകയാണ്‌ ഈ സാഹിത്യസൃഷ്‌ടികള്‍. എട്രൂസ്‌കന്‍ ഭാഷ ക്ഷയിച്ചുതുടങ്ങിയതോടുകൂടി മതപ്രാധാന്യമുള്ള പുസ്‌തകങ്ങള്‍ നിലനിർത്താന്‍വേണ്ടി എട്രൂസ്‌കന്‍ ജനതയുടെ സഹായം റോമാക്കാർ പ്രയോജനപ്പെടുത്തി, ഔലസ്‌ സീസിനയും ടാർക്വഷ്യസും ഈ സാഹിത്യത്തിൽ പ്രതേ്യകിച്ച്‌ സ്‌മരണീയരാണ്‌. പിയാസെന്‍സായിൽ കാണപ്പെടുന്ന പിച്ചളത്തകിടിൽ നിർമിതമായ ശാസനങ്ങള്‍ വളരെ പ്രധാനമാണ്‌.

(ആർ.എസ്‌.എ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍