This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എക്യുമെനിസം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == എക്യുമെനിസം == == Eccumenism == ക്രിസ്‌തു ദൈവവും രക്ഷകനുമാണെന്ന്‌ വി...)
അടുത്ത വ്യത്യാസം →

06:02, 11 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എക്യുമെനിസം

Eccumenism

ക്രിസ്‌തു ദൈവവും രക്ഷകനുമാണെന്ന്‌ വിശ്വസിക്കുന്ന എല്ലാ ജനസമൂഹങ്ങളുടെയും ഐക്യം ലക്ഷ്യമാക്കിക്കൊണ്ട്‌ ആരംഭിച്ചിട്ടുള്ള ഒരു പ്രസ്ഥാനം. "ഒയിക്കുമേനേ' എന്ന ഗ്രീക്കു ശബ്‌ദത്തിൽനിന്നു നിഷ്‌പന്നമായ പ്രസ്‌തുത പദത്തിന്‌ സാർവത്രികം എന്നാണ്‌ അർഥം.

ചരിത്രം. ക്രിസ്‌തു ഒരു സഭ മാത്രമെ സ്ഥാപിച്ചിട്ടുള്ളൂ. ഏകദൈവം, ഏകവിശ്വാസം, ഏകസഭ ഇതാണ്‌ അതിന്റെ അടിസ്ഥാനം. ചരിത്രപരമായ പല കാരണങ്ങള്‍കൊണ്ടും പ്രസ്‌തുത സഭയിൽനിന്നും കാലാകാലങ്ങളിൽ ഓരോ വിഭാഗങ്ങള്‍ പിരിഞ്ഞു പോയിട്ടുണ്ട്‌. പിരിഞ്ഞു പോയിട്ടുള്ള സമൂഹങ്ങള്‍ ഓരോ കാരണത്താൽ അവരവരുടെ നിലയെ സാധൂകരിച്ചുകൊണ്ട്‌ വേർപെട്ടുനിലകൊള്ളുന്നു.

ക്രസ്‌തവ സമൂഹത്തിൽ ഉണ്ടായിട്ടുള്ള ഈ ഭിന്നതകള്‍ ദൂരീകരിക്കേണ്ടത്‌ ഒരടിയന്തരാവശ്യമായി എല്ലാ വിഭാഗങ്ങളും പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്‌. ഐക്യത്തിനായുള്ള പരിശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. 1962-65 കാലയളവിൽ നടന്ന രണ്ടാം വത്തിക്കാന്‍ സുന്നഹദോസിന്റെ പ്രധാനലക്ഷ്യവും ഇതു തന്നെയായിരുന്നു. എക്യുമെനിസത്തെ സംബന്ധിച്ച്‌ ഒരു പ്രമാണരേഖ ഈ സുന്നഹദോസ്സിൽ രൂപം കൊള്ളുകയുണ്ടായി.

പുനൈരക്യം. പ്രാട്ടസ്റ്റന്റ്‌ സഭാ വിഭാഗത്തിൽ നാള്‍ക്കുനാള്‍ ഭിന്നിപ്പുകള്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഇപ്രകാരമുള്ള ശിഥിലീകരണത്തിന്റെ തിക്തഫലം അനുഭവിച്ചറിഞ്ഞതുനിമിത്തം ഐക്യത്തിനുവേണ്ടിയുള്ള അഭിനിവേശം അവരിൽ ശക്തിപ്പെട്ടു. സാങ്കേതികമായ അർഥത്തിൽ എക്യുമെനിക്കൽ പ്രസ്ഥാനം ആരംഭിക്കുന്നത്‌ 1910-ലാണെന്നു പറയാം. നവീകരണ സിദ്ധാന്തത്തിന്റെ സ്വാധീനതയിലുള്ള വിവിധ ക്രസ്‌തവസമൂഹങ്ങളിലെ മിഷനറിമാരുടെ ഒരു പ്രതിനിധിസമ്മേളനം 1910-ൽ എഡിന്‍ബറോയിൽ കൂടുകയുണ്ടായി. പ്രസ്‌തുത സമൂഹങ്ങള്‍ തമ്മിലുള്ള ഐക്യവും സഹകരണവും ആയിരുന്നു സമ്മേളനലക്ഷ്യം. ഈ സമ്മേളനത്തിൽ പങ്കെടുത്തിരുന്ന ചാള്‍സ്‌ ബ്രന്റ്‌ എന്ന എപ്പിസ്‌കോപ്പലിയന്‍ മെത്രാനാണ്‌ എല്ലാ ക്രിസ്‌ത്യാനികളും തമ്മിലുള്ള ഐക്യം ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്ന ആശയം ഉന്നയിച്ചത്‌.

ലോകസഭാകൗണ്‍സിൽ. സഭകളുടെ ഐക്യം സ്ഥാപിക്കാനുള്ള രണ്ടു പ്രധാന മാർഗങ്ങളായിട്ടാണ്‌ വിശ്വാസവും ക്രമവും (Faith and Order), ജീവിതവും യത്‌നവും (Life and Work) എന്ന രണ്ടു സംഘടനകള്‍ സംവിധാനം ചെയ്യപ്പെട്ടത്‌. ആദ്യത്തെ സംഘടന 1927-ൽ ലുസേണിൽ സമ്മേളിച്ചപ്പോള്‍ രണ്ടാമത്തേത്‌ സ്റ്റോക്ക്‌ഹോമിൽ കൂടി. ഒന്നാമത്തെ സംഘടന പ്രധാനമായും വിശ്വാസകാര്യങ്ങളിലുള്ള ഐക്യം ലക്ഷ്യമാക്കിയപ്പോള്‍ രണ്ടാമത്തെ സംഘടന പ്രായോഗികവും ബാഹ്യവുമായ കാര്യങ്ങളിലുള്ള ഐക്യത്തെയാണ്‌ മുമ്പിൽ കണ്ടത്‌. 1939-ൽ ഉട്രക്‌റ്റിൽ സമ്മേളിച്ച ഇരുസംഘടനകളുടെയും പ്രതിനിധികള്‍ സഭകളുടെ ലോകകൗണ്‍സിൽ എന്നൊരു സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചു. 1948-ൽ ഇതിന്റെ ആദ്യത്തെ സമ്മേളനം ആംസ്റ്റർഡാമിൽ നടന്നു. ഇന്ന്‌ ഏറ്റവും പ്രചാരം സിദ്ധിച്ചിരിക്കുന്ന ഒരു സംഘടനയാണിത്‌.

അംഗത്വം. കത്തോലിക്കാസഭ ഒഴികെ മിക്കവാറും എല്ലാ ക്രസ്‌തവസമൂഹങ്ങളും ഇതിന്റെ അംഗത്വം സ്വീകരിച്ചിട്ടുണ്ട്‌. 1961-ൽ ഡൽഹിയിൽ നടന്ന ലോക്‌സഭാകൗണ്‍സിൽ സമ്മേളനത്തിൽ കത്തോലിക്കാസഭ ആദ്യമായി നിരീക്ഷകരെ അയയ്‌ക്കുകയുണ്ടായി. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം എക്യുമെനിക്കൽ പ്രസ്ഥാനം കത്തോലിക്കരുടെയിടയിലും പ്രാട്ടസ്റ്റന്റു സഭാസമൂഹങ്ങളുടെയിടയിലും വ്യക്തമായ സ്വാധീനത ചെലുത്തിയിട്ടുണ്ട്‌.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിൽ. എക്യുമെനിസത്തെക്കുറിച്ചുള്ള രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ഡിക്രി ഇതു സംബന്ധിച്ച കത്തോലിക്കാസഭയുടെ ഔദ്യോഗിക നിലപാട്‌ വ്യക്തമാക്കുന്നു. കൗണ്‍സിൽഡിക്രി പ്രസ്‌തുത പ്രസ്ഥാനത്തെ ഇപ്രകാരം നിർവചിക്കുന്നു; സഭയുടെ വിവിധ ആവശ്യങ്ങളും കാലാനുസൃതമായ സാഹചര്യങ്ങളും മുന്‍നിർത്തി ക്രസ്‌തവൈക്യം വളർത്താനും ക്രമീകരിക്കാനും അവലംബിക്കുന്ന എല്ലാ പ്രവർത്തനങ്ങളും പരിശ്രമങ്ങളുമാണ്‌ എക്യുമെനിക്കൽ പ്രസ്ഥാനം. ഇതിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ ഇപ്രകാരം സമാഹരിക്കാം; (1) വേർപെട്ട സഹോദരങ്ങളുമായുള്ള ബന്ധം ദുഷ്‌കരമാക്കുന്ന അഭിപ്രായങ്ങളും പ്രവർത്തനങ്ങളും പരിവർജിക്കുക; (2) വിവിധ സഭാവിഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികള്‍ തമ്മിൽ ആധ്യാത്മിക ചൈതന്യത്തോടു കൂടിയ സംഭാഷണം നടത്തുക; (3) കത്തോലിക്കർ തങ്ങളുടെ മെത്രാന്മരുടെ മേൽനോട്ടത്തിൽ നടത്തുന്ന ഐക്യപ്രവർത്തനങ്ങളും ചർച്ചകളും വഴി സഹോദരസ്‌നേഹത്തിന്റെയും യോജിപ്പിന്റെയും ചൈതന്യം പരിപോഷിപ്പിക്കുക, ഈ ലക്ഷ്യങ്ങളുടെ സഫലീകരണത്തിനുവേണ്ടിയാണ്‌ ഈ പ്രസ്ഥാനം പ്രവർത്തിക്കുന്നത്‌.

വത്തിക്കാന്‍ കൗണ്‍സിലിനുശേഷം. രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്റെ മാർഗനിർദേശങ്ങള്‍ യഥാവിധി സ്വീകരിച്ചുകൊണ്ട്‌ കത്തോലിക്കാസഭയുടെ പ്രാദേശിക ഘടകങ്ങള്‍ തങ്ങളുടെ എക്യുമെനിക്കൽ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നു. ഏക തൊഴുത്തും ഏക ഇടയനും എന്ന ക്രിസ്‌തുവിന്റെ താത്‌പര്യമാണ്‌ എല്ലാ പ്രവർത്തനങ്ങളുടെയും ആത്യന്തികലക്ഷ്യം. കൗണ്‍സിൽ നിർദേശം അനുസരിച്ച്‌ പൂർണമായ യോജിപ്പിനുവേണ്ട മാർഗങ്ങള്‍ സ്വീകരിക്കുന്നതിൽ എല്ലാ സഭാസമൂഹങ്ങളും വ്യഗ്രത കാട്ടുന്നുണ്ട്‌. പ്രാദേശികസഭകളുടെ ആഭിമുഖ്യത്തിൽ ഔദ്യോഗികമായും അനൗദ്യോഗികമായും നടത്തപ്പെടുന്ന ചർച്ചാസമ്മേളനങ്ങളും പ്രാർഥനായജ്ഞങ്ങളും എക്യുമെനിക്കൽ പ്രസ്ഥാനത്തെ ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

ആധുനിക എക്യുമെനിക്കൽ പ്രസ്ഥാനത്തെ മുഖ്യമായും എതിർക്കുന്നത്‌ പരമ്പരാഗത ഓർത്തഡോക്‌സ്‌ വിഭാഗമാണ്‌. 1980-കളിൽ ഫാദർ ജോണ്‍ബോയ്‌ലന്റെ നേതൃത്വത്തിൽ എക്യുമെനിക്കൽ പ്രസ്ഥാനത്തിനെതിരെ നീക്കമുണ്ടായി. 1993-ൽ ലബണോനിൽ റോമന്‍ എക്യുമെനിക്കൽ പ്രവർത്തനവുമായി ബന്ധപ്പെട്ട കത്തോലിക്കാസഭയുടെയും ഓർത്തഡോക്‌സ്‌ സഭയുടെയും ഒരു "ഇന്റർനാഷണൽ കമ്മിഷന്‍ ഫോർ ദ തിയോളജിക്കൽ ഡയലോഗ്‌' നടക്കുകയുണ്ടായി. ബനഡിക്‌റ്റ്‌ പതിനാറാമന്‍ ഉള്‍പ്പെടെയുള്ള സമീപകാല പോപ്പുമാർ എക്യുമെനിക്കൽ പ്രസ്ഥാനത്തെ അനുകൂലിക്കുന്നുണ്ട്‌.

ക്രസ്‌തവർ മറ്റു മതവിഭാഗങ്ങളുമായി അടുത്തകാലത്ത്‌ ആരംഭിച്ചിട്ടുള്ള മതപരമായ സംഭാഷണങ്ങളും എക്യുമെനിസത്തിന്റെ അർഥവലയത്തിൽ ഉള്‍പ്പെടുത്തുന്നവരുണ്ട്‌. ക്രസ്‌തവ ഹൈന്ദവ-ബൗദ്ധ-ഇസ്‌ലാമിക മതങ്ങളിൽ പൊതുവായി കാണുന്ന മൂല്യങ്ങളും സാധർമ്യങ്ങളും മാനവ പുരോഗതിക്കു കൂടുതൽ സഹായകമാകുമെന്ന വസ്‌തുതകള്‍ക്ക്‌ പൊതുവേ അംഗീകാരം ലഭിച്ചുകൊണ്ടിരുക്കുകയാണിപ്പോള്‍. മതവിശ്വാസികളുടെ മാത്രമല്ല നാസ്‌തികരുടെയും ആശയങ്ങള്‍ കൂടി ഇപ്പോള്‍ എക്യുമെനിസത്തിൽ ഉള്‍ക്കൊള്ളിച്ചുകാണുന്നുണ്ട്‌.

(മോസ്റ്റ്‌ റവ. മാർ ഗ്രിഗോറിയോസ്‌; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍