This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉറിയടി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഉറിയടി == ശ്രീകൃഷ്‌ണകഥയുമായി ബന്ധപ്പെട്ട ഒരു ഉത്സവച്ചടങ്ങ്...)
അടുത്ത വ്യത്യാസം →
13:16, 9 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉറിയടി
ശ്രീകൃഷ്‌ണകഥയുമായി ബന്ധപ്പെട്ട ഒരു ഉത്സവച്ചടങ്ങ്. ബാല്യദശയിൽ ശ്രീകൃഷ്‌ണന്‍ ഗോപഗൃഹങ്ങളിൽനിന്നു വെച്ചയും പാലും മോഷ്‌ടിച്ചു കഴിച്ചിരുന്നു എന്ന് കാല്‌പനികസുന്ദരമായ ഒരു കഥ പുരാണപ്രസിദ്ധമായുണ്ട്. ശ്രീകൃഷ്‌ണ ജയന്തിയോട് അനുബന്ധിച്ച് നടത്തുന്ന ഉറിയടി ആഘോഷം കൃഷ്‌ണലീലയുടെ പുനരാവിഷ്‌കാരമാണ്. ജന്മാഷ്‌ടമി ആഘോഷിക്കുന്ന ചിങ്ങ(ഭാദ്ര-സെപ്.) മാസത്തിലാണ് ശ്രീകൃഷ്‌ണപരങ്ങളായ ഈ ചടങ്ങുകള്‍ നടത്തുന്നത്. ഇന്ത്യയിൽ വിഷ്‌ണുഭക്തിക്കു പ്രചാരമുള്ള പല സ്ഥലങ്ങളിലും ഇതു കൊണ്ടാടാറുണ്ട്. കേരളത്തിൽ പാലക്കാടുജില്ലയിൽ പലേടത്തും കൊല്ലം വടയാറ്റുകോട്ടയിലും ഉറിയടി ഉത്സവം ഗംഭീരമായി നടത്താറുണ്ട്. മൂന്നിഴകളിലായി മെടഞ്ഞു ബന്ധിപ്പിച്ചിട്ടുള്ളതും മൂന്നുനാലടി നീളമുള്ളതുമായ ഉറികളിൽ ചായം കലക്കിയ വെള്ളം (ചിലയിടങ്ങളിൽ തൈരോ പാലോ) നിറച്ച കലങ്ങള്‍ വയ്‌ക്കുന്നു. വലിയ കമ്പുകളിൽ ഇത്തരം ഉറികള്‍ തൂക്കിയിട്ടുകൊണ്ട് ഘോഷയാത്രയായി തെരുവുകളിലൂടെ പോകുമ്പോള്‍ ശ്രീകൃഷ്‌ണന്റെ വേഷംകെട്ടിയ ചെറുപ്പക്കാർ കലം കുത്തിച്ചോർത്തിയും നീളമുള്ള കഴകള്‍കൊണ്ട് അടിച്ചുതകർത്തും രസിക്കും. നിറം (ഉദാ. മഞ്ഞള്‍) കലർത്തിയ വെള്ളം പീച്ചാംകുഴൽകൊണ്ട് കൃഷ്‌ണവേഷധാരികളുടെ നേരെ പീച്ചിയും പാലക്കാട്-ചിറ്റൂർ പ്രദേശങ്ങളിൽ ഈ ആഘോഷം മോടിപിടിപ്പിക്കാറുണ്ട്. ധാരാളം ജനങ്ങള്‍ പ്രത്യേകിച്ചും കുട്ടികള്‍ സന്തോഷിക്കുന്ന ഒരു വിനോദംകൂടിയാണിത്. ഭാരതത്തിന്റെ കാർഷികജീവിതം, ഗോപാലകസമുദായത്തിന്റെ സംസ്‌കാരം, ശ്രീകൃഷ്‌ണഭക്തി തുടങ്ങിയ പല കാര്യങ്ങളും ഉറിയടിപോലുള്ള ഉത്സവങ്ങളിൽ പ്രതിഫലിച്ചുകാണാം. ഭാരതീയ ഗ്രാമജീവിതത്തിന്റെ ശാലീനമായ ഒരംശം ഈ കളിയിലൂടെ വെളിപ്പെടുത്തുന്നുണ്ട്.