This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഋണത്രയം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഋണത്രയം == ഋഷികള്‍ക്കും സുരന്മാർക്കും പിതൃക്കള്‍ക്കും ഉള്ള...)
അടുത്ത വ്യത്യാസം →
06:04, 9 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഋണത്രയം
ഋഷികള്‍ക്കും സുരന്മാർക്കും പിതൃക്കള്‍ക്കും ഉള്ള കടം; ആദ്യത്തേത് ബ്രഹ്മചര്യംകൊണ്ടും രണ്ടാമത്തേത് യാഗംകൊണ്ടും മൂന്നാമത്തേത് പുത്രാത്‌പാദനംകൊണ്ടും തീർക്കണമെന്നാണു വിധി. തിരിച്ചു നല്‌കാനുള്ള ബാധ്യതയോടെ സ്വീകരിക്കപ്പെടുന്ന ധനമാണ് ഋണം. അങ്ങനെ ധനം സ്വീകരിക്കുന്നവന്‍ അധമർണനും നല്‌കുന്നവന്‍ ഉത്തമർണനുമാകുന്നു. കടം കൊടുക്കുന്നവന്‍ ധനസ്വാമിയാകയാൽ അവന്റെ ഋണത്തിന് ഉത്തമത്വവും കടംവാങ്ങുന്നവന്‍ കടക്കാരനാകയാൽ അവന്റെ ഋണത്തിന് അധമത്വവും സിദ്ധമാകുന്നു.
""ദേവാനാഞ്ച പിതൃണാഞ്ച ഋഷീണാഞ്ച തഥാ നരഃ ഋണവാന്‍ ജായതേ യസ്‌മാ- ത്തന്‍മോക്ഷേ പ്രയതേത് സദാ.'' <nowiki> എന്ന വചനമനുസരിച്ച് ഋണമോചനമാകുന്ന മോക്ഷത്തിനുദ്യമിക്കാന്‍ മനുഷ്യന്‍ എപ്പോഴും ബാധ്യസ്ഥനാണ്. ഋണത്രയത്തിൽനിന്നും മുക്തനാകാന്‍ മനുഷ്യന്‍ എന്തുചെയ്യണമെന്നുള്ളതിനെപ്പറ്റി വിഷ്‌ണുധർമോത്തര പുരാണത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. ദേവതകളോടുള്ള കടപ്പാട് തീരുന്നത് ഈശ്വരപ്രീതികരങ്ങളായ യാഗാദികർമങ്ങള്‍ അനുഷ്‌ഠിക്കുന്നതുകൊണ്ടാണെന്ന് അതിൽ പറയുന്നു. യാഗാദ്യനുഷ്‌ഠാനങ്ങളാൽ സംപ്രീതരായ ദേവന്മാർ യഥാസമയം മഴപെയ്യുവാനിടയാക്കുകയും ഭൂമിയിൽ സസ്യസമൃദ്ധിയുണ്ടാക്കുകയും ചെയ്യുന്നു. ഈതിബാധകള്‍ ഉണ്ടാകാതിരിക്കാനും അവരുടെ അനുഗ്രഹം ആവശ്യമാണെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ യജ്ഞാദികള്‍ അനുഷ്‌ഠിക്കുന്നതിന് എല്ലാവർക്കും സാധിച്ചെന്നുവരികയില്ല. ദരിദ്രനായവനു ഋണമോചനത്തിനുള്ള മാർഗങ്ങളാണ് പൂജാദികള്‍ ചെയ്യുക, ഉപവാസങ്ങളും മറ്റും അനുഷ്‌ഠിക്കുക തുടങ്ങിയവ; അങ്ങനെ ധനികനും ദരിദ്രനും ഋണമോചനത്തിനുതകുന്ന മാർഗങ്ങള്‍ അതിൽ നിർദേശിക്കപ്പെട്ടിരിക്കുന്നു. പിതൃക്കളോടുള്ള കടപ്പാട് മറ്റൊരു വിഭാഗത്തിൽപ്പെടുന്നു. മരണാനന്തരം പരേതാത്മാവിന് ശ്രാദ്ധം ഊട്ടുന്നത് അതിനു ശാന്തിലഭിക്കും എന്ന വിശ്വാസത്തിലാണ്. വാവ് മുതലായ സന്ദർഭങ്ങളിലും പ്രത്യേക തിഥികളിലും നാളുകളിലും ശ്രാദ്ധം ഊട്ടുന്നതുവഴിയാണ് പിതൃക്കളോടുള്ള കടപ്പാടിൽനിന്ന് മനുഷ്യന്‍ മുക്തനാവുന്നത്. പുത്രന് മാത്രമേ ശ്രാദ്ധം ഊട്ടാനുള്ള അവകാശമുള്ളൂ. പുത്രനുണ്ടാകുന്ന നിമിഷത്തിൽത്തന്നെ പിതൃക്കളോടുള്ള കടപ്പാടിൽനിന്ന് മനുഷ്യന്‍ വിമോചിതനാകുന്നു. ഋഷികളോടുള്ള കടംവീട്ടുന്നത് മറ്റൊരുതരത്തിലാണ്. ബ്രഹ്മചര്യപാലനം, വേദാധ്യയം, തപസ്സ് എന്നിവ അനുഷ്‌ഠിക്കുന്നതുമൂലം അവരോടുള്ള ബാധ്യത തീർക്കാന്‍ സാധിക്കും. വേദവേദാംഗാദികള്‍ അഭ്യസിക്കുന്നതു ഗുരുമുഖത്തിൽനിന്നും വേണം. മഹാന്മാരായ ഋഷിമാരാണ് ഇവ അഭ്യസിപ്പിക്കുന്ന കുലപതികള്‍. അവരുടെ അന്തേവാസികളായിത്തീർന്ന് വിദ്യാഭ്യാസകാലത്ത് ബ്രഹ്മചര്യമനുഷ്‌ഠിക്കുകയും അവരിൽനിന്ന് ക്രമേണ നാലുവേദങ്ങളും ആറുവേദാംഗങ്ങളും മറ്റ് ഉപാംഗങ്ങളും ശാസ്‌ത്രങ്ങളുമെല്ലാം പഠിക്കുകയുംവേണം. ശ്രദ്ധാപൂർവമുള്ള പഠനംതന്നെയാണ് അവർക്കു നല്‌കുന്ന ഗുരുദക്ഷിണ. ജീവിതസായാഹ്നത്തിൽ തപസ്സനുഷ്‌ഠിക്കുകയെന്നത് ഒരു പൂർണജീവിതത്തിന് ആവശ്യമാണെന്നാണ് ഭാരതീയ സങ്കല്‌പം. അതിനാൽ ഋണത്രയമോചനത്തിനുള്ള യത്‌നംചെയ്യാന്‍ മനുഷ്യന്‍ ബാധ്യസ്ഥനാണെന്ന് പറയപ്പെട്ടിരിക്കുന്നു. യാഗം, പുത്രാത്‌പാദനം, വേദാധ്യയനം, ദയാവൃത്തി എന്നിവകൊണ്ട് യഥാക്രമം, ദേവന്മാർക്കും പിതൃക്കള്‍ക്കും ഋഷികള്‍ക്കും മനുഷ്യർക്കും തീർക്കേണ്ട നാലു കടങ്ങള്‍ ഋണചതുഷ്‌ടയമെന്ന് അറിയപ്പെടുന്നു. (ഡോ. എന്‍.പി. ഉണ്ണി)