This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉദയശങ്കർ (1900 - 77)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഉദയശങ്കർ (1900 - 77) == ഭാരതീയ നർത്തകന്‍. 1900 ഡി. 8-ന്‌ ഉദയ്‌പൂരിൽ ജനിച്...)
അടുത്ത വ്യത്യാസം →

06:00, 9 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉദയശങ്കർ (1900 - 77)

ഭാരതീയ നർത്തകന്‍. 1900 ഡി. 8-ന്‌ ഉദയ്‌പൂരിൽ ജനിച്ചു. മാതാപിതാക്കളുടെ സ്വദേശം ബംഗാളാണെങ്കിലും ജനിച്ച സ്ഥലത്തെ ആസ്‌പദമാക്കിയാണ്‌ ഇദ്ദേഹത്തിന്‌ ഉദയശങ്കർ എന്നു നാമകരണം ചെയ്‌തത്‌. രാജസ്ഥാനിലെ മുന്‍നാട്ടുരാജ്യമായിരുന്ന ഝലീവറിൽ മന്ത്രിയായിരുന്ന ഇദ്ദേഹത്തിന്റെ പിതാവ്‌ ചിത്രരചന അഭ്യസിക്കുന്നതിന്‌ ഉദയശങ്കറിനെ ഇംഗ്ലണ്ടിലേക്ക്‌ അയച്ചു. റോയൽ കോളജ്‌ ഒഫ്‌ ആർട്‌സിൽ വില്യം റോതന്‍സ്‌റ്റീനിന്റെ ശിക്ഷണത്തിലായിരുന്നു ഇദ്ദേഹം ചിത്രമെഴുത്തു പഠിച്ചത്‌. നൃത്തകലയിൽ വൈദഗ്‌ധ്യം നേടിയിരുന്ന ഉദയശങ്കർ 1922-ൽ ലണ്ടനിൽവച്ച്‌ അന്നാ പാവ്‌ലോവയുടെ സംഘത്തിൽ ചേർന്ന്‌ യു.എസ്‌., കാനഡ, മെക്‌സിക്കോ തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളിൽ സഞ്ചരിച്ച്‌ നൃത്തപരിപാടികള്‍ നടത്തി. ചിത്രരചനയിലും പ്രാവീണ്യം നേടിയിരുന്ന ഉദയശങ്കറിന്‌ ലണ്ടനിൽ വച്ച്‌ റോയൽ കോളജ്‌ ഒഫ്‌ ആർട്‌സിൽ നിന്നു സ്‌പെന്‍സർ പ്രസും ജോർജ്‌ ക്ലാസന്‍ പ്രസും ലഭിച്ചു. സ്‌പെന്‍സർ പ്രസ്‌ നേടുന്ന ആദ്യത്തെ ഇന്ത്യാക്കാരന്‍ ഉദയശങ്കറാണ്‌. പ്രസിദ്ധ കഥകളിനടനായിരുന്ന തോട്ടം ശങ്കരന്‍ നമ്പൂതിരിയെയാണ്‌ ഇദ്ദേഹം തന്റെ നാട്യഗുരുവായി സ്വീകരിച്ചത്‌. നൃത്തം, സംഗീതം, നാടകം എന്നിവ അഭ്യസിപ്പിക്കുന്നതിനുവേണ്ടി "ഉദയശങ്കർ ഇന്ത്യാ കള്‍ച്ചർ സെന്റർ' എന്ന സാംസ്‌കാരികകേന്ദ്രം ഇദ്ദേഹം അൽമോറയിൽ സ്ഥാപിക്കുകയുണ്ടായി. രണ്ടാം ലോകയുദ്ധത്തെ തുടർന്ന്‌ ഈ സ്ഥാപനത്തിന്റെ പ്രവർത്തനം നിലച്ചുവെങ്കിലും കൽക്കത്തയിൽ 1965-ൽ ഉദയശങ്കർ ഈ സ്ഥാപനം പുനരാരംഭിച്ചു. ധാരാളം ബാലേകളും നൃത്തനാടകങ്ങളും ഉദയശങ്കർ സംവിധാനം ചെയ്‌തിട്ടുണ്ട്‌. രാമലീല, ലോർഡ്‌ ബുദ്ധ എന്നിങ്ങനെ രണ്ടു നിഴൽനാടകങ്ങളും ഉദയശങ്കർ ആവിഷ്‌കരിക്കുകയുണ്ടായി. കൂടാതെ നൃത്തപ്രധാനമായ "കല്‌പന'എന്നൊരു ചലച്ചിത്രവും ഇദ്ദേഹം നിർമിച്ചിട്ടുണ്ട്‌. ഈ ചലച്ചിത്രം കോമണ്‍വെൽത്ത്‌ ഫിലിം ഫെസ്റ്റിവലിലും ബ്രസൽസ്‌ ഫിലിം ഫെസ്റ്റിവലിലും അവാർഡിന്‌ അർഹമായി.

കലാകാരന്മാർക്കുള്ള ദേശീയബഹുമതിയും രവീന്ദ്രഭാരതി സർവകലാശാലയുടെ ഡി.ലിറ്റ്‌ ബഹുമതി ബിരുദവും ഉദയശങ്കറിന്‌ ലഭിച്ചിട്ടുണ്ട്‌. 1971-ൽ പദ്‌മവിഭൂഷന്‍ ബഹുമതിയും 1975-ൽ രബീന്ദ്രനാഥടാഗൂർ ജന്മശതാബ്‌ദി ഫലകവും 1976-ൽ എഫ്‌.ഐ.ഇ. ഫൗണ്ടേഷന്റെ ആള്‍ ഇന്ത്യാ അവാർഡും ഉദയശങ്കറിന്‌ നല്‌കപ്പെട്ടിട്ടുണ്ട്‌.

ഭാരതീയ നൃത്തസമ്പ്രദായത്തെ രൂപത്തിലും ഭാവത്തിലും നവീകരിക്കാനുള്ള ഉദയശങ്കറിന്റെ ശ്രമങ്ങളെ യാഥാസ്ഥിതികന്മാർ നഖശിഖാന്തം വിമർശിച്ചിരുന്നുവെങ്കിലും ഇദ്ദേഹം ഭഗ്‌നാശനാകാതെ തന്റെ മാർഗത്തിലൂടെ തന്നെ മുമ്പോട്ടുപോയി. നൃത്തരൂപങ്ങളിൽ ലാളിത്യവും ശക്തിയും സൗന്ദര്യവും നിലനിർത്താനാണ്‌ ഇദ്ദേഹം എക്കാലവും ശ്രമിച്ചിട്ടുള്ളത്‌. നൃത്തം സുന്ദരമെങ്കിലും ക്ഷണികവുമാണെന്നും നർത്തകന്‍ രംഗത്തുനിന്നു നിഷ്‌ക്രമിക്കുന്നതോടുകൂടി നൃത്തവും ഇല്ലാതാകുന്നുവെന്നുമുള്ള പരമാർഥം മനസ്സിലാക്കിക്കൊണ്ട്‌ "സൗന്ദര്യത്തെ പുല്‌കുന്ന ക്ഷണികയ്‌ക്കുപരി ജീവിതം മറ്റെന്തോ ചിലതു കൂടിയാണ്‌' എന്ന്‌ അനുഭവവേദ്യമാക്കുന്നതിനുള്ള ഒരു നവീനനൃത്തശൈലി ഇദ്ദേഹം ആവിഷ്‌കരിച്ചു.

ലോകപ്രസിദ്ധ സിത്താർവാദകനായ രവിശങ്കർ ഇദ്ദേഹത്തിന്റെ കനിഷ്‌ഠ സഹോദരനാണ്‌. ഇദ്ദേഹത്തിന്റെ പത്‌നി അമലാശങ്കറും പേരെടുത്ത ഒരു നർത്തകിയാണ്‌. സുപ്രസിദ്ധ ചലച്ചിത്രതാരവും നർത്തകിയുമായ മമതാശങ്കർ ഈ ദമ്പതികളുടെ പുത്രിയാണ്‌. ആധുനിക ഇന്ത്യന്‍ ബാലെയുടെ ഉപജ്ഞാതാവായ ഉദയശങ്കർ 1977 സെപ്‌.26-ന്‌ കൽക്കത്തയിൽവച്ച്‌ ദിവംഗതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍