This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഉദയഭാനു, എ.പി. (1915 - 99)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഉദയഭാനു, എ.പി. (1915 - 99) == മലയാള സാഹിത്യകാരന്‍. സ്വാതന്ത്യ്രസമരം, പ...)
അടുത്ത വ്യത്യാസം →
05:32, 9 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉദയഭാനു, എ.പി. (1915 - 99)
മലയാള സാഹിത്യകാരന്‍. സ്വാതന്ത്യ്രസമരം, പത്രപ്രവർത്തനം തുടങ്ങിയ ജനസേവനമേഖലകളിലും വ്യക്തിത്വം സ്ഥാപിച്ചിട്ടുള്ള ഉദയഭാനു മധ്യതിരുവിതാംകൂറിലെ ഈഴവ കുടുംബമായ ആലുംമൂട്ടിൽ 1915 ഒ. 1-ന് ജനിച്ചു. കോമത്ത് കുഞ്ഞുരാമന്‍ ചാന്നാരും ആലുംമൂട്ടിൽ നാരായണിച്ചാന്നാട്ടിയുമായിരുന്നു മാതാപിതാക്കള്‍.
സ്വദേശത്തും സമീപപ്രദേശങ്ങളിലുമായി ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയ ഉദയഭാനു (1932) തിരുവനന്തപുരത്ത് മഹാരാജാസ് കോളജിൽ (ഇപ്പോഴത്തെ യൂണിവേഴ്‌സിറ്റി കോളജ്) നിന്ന് ബി.എ. (1936), ലാ കോളജിൽ നിന്ന് ബി.എൽ. (1938) എന്നീ ബിരുദങ്ങള്‍ നേടി. മാവേലിക്കര, ആലപ്പുഴ, തിരുവനന്തപുരം എന്നീ സ്ഥലങ്ങളിലെ കോടതികളിൽ അഭിഭാഷകവൃത്തിയിൽ ഏർപ്പെട്ടു. അതിനിടയ്‌ക്കു തന്നെ ഇദ്ദേഹം ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സിൽ അംഗമായിക്കഴിഞ്ഞിരുന്നു.
തിരുവിതാംകൂറിൽ സ്റ്റേറ്റ്‌കോണ്‍ഗ്രസ്സിന്റെ ആവിർഭാവത്തിനുശേഷം അതിന്റെ അഖിലതിരുവിതാംകൂർ സമിതി (1941), പ്രവർത്തകസമിതി (1946) എന്നിവയിൽ അംഗമായിരുന്നു ഇദ്ദേഹം. 1944-ലും 48-ലും കോണ്‍ഗ്രസ് ടിക്കറ്റിൽ തിരുവിതാംകൂർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 1948-ൽ സ്റ്റേറ്റ് കോണ്‍ഗ്രസ്സിന്റെയും കോണ്‍ഗ്രസ് നിയമസഭാകക്ഷിയുടെയും സെക്രട്ടറിയായി സേവനമനുഷ്‌ഠിക്കുകയും ചെയ്‌തു. 1956-57 കാലത്ത് തിരു-കൊച്ചി പി.സി.സി.യുടെ അധ്യക്ഷനായി. ആലപ്പുഴനിന്ന് ഉദയഭാനുവും മറ്റു ചിലരും കൂടി ആരംഭിച്ച പ്രബോധം എന്ന ദിനപത്രം (1947-48) അധികകാലം നടന്നില്ല. 1958-62 കാലത്ത് ദീനബന്ധുവിന്റെയും 1963-ൽ മാതൃഭൂമിയുടെയും പത്രാധിപരായി സേവനമനുഷ്‌ഠിച്ച ഉദയഭാനു 1963 മുതൽ 69 വരെ കേരള പബ്ലിക് സർവീസ് കമ്മിഷന്‍ അംഗമായിരുന്നു. മാതൃഭൂമിയുടെ കോഴിക്കോടു പതിപ്പിന്റെ റസിഡന്റ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.
കോളജ് വിദ്യാഭ്യാസകാലത്ത് സതീർഥ്യയായിരുന്ന ഭാരതിയാണ് ഇദ്ദേഹത്തിന്റെ പത്‌നി. പത്തു വർഷക്കാലം രാജ്യസഭാംഗമായിരുന്ന ഭാരതി ഉദയഭാനു ഒരെഴുത്തുകാരിയും അടുക്കളയിൽനിന്ന് പാർലമെന്റിലേക്ക് തുടങ്ങിയ ചില ലേഖനസമാഹാരങ്ങളുടെ കർത്രിയുമാണ്.
നർമോപന്യാസരചനയിൽ ഉദയഭാനുവിന് മലയാള സാഹിത്യത്തിൽ ഒരു പ്രമുഖ പദവിയുണ്ട്. അർഥവും അനർഥവും, സംസാരിക്കുന്ന ദൈവം, ഒന്നാകും കൊച്ചുതുമ്പി, കൊച്ചുചക്കരച്ചി, പ്രമക്കിളി, അനാഥർ, ആനയും അല്‌പം തെലുങ്കും, ഓരോ തളിരിലും, കളിയും കാര്യവും, കാൽപ്പണം ചുണ്ടയ്‌ക്ക എന്നിങ്ങനെ ഇദ്ദേഹത്തിന്റെ വകയായി പല ലേഖനസമാഹാരങ്ങളുമുണ്ട്. ലാളിത്യവും ആർജവവും തികഞ്ഞ മധുരമായ ഒരു മലയാള ഗദ്യശൈലിക്കുടമയാണ് ഉദയഭാനു. 1999-ൽ നിര്യാതനായി.