This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉണ്ണുനീലി സന്ദേശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഉണ്ണുനീലി സന്ദേശം == പ്രാചീന മലയാള സന്ദേശകാവ്യം. മണിപ്രവാളക...)
അടുത്ത വ്യത്യാസം →

13:46, 8 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉണ്ണുനീലി സന്ദേശം

പ്രാചീന മലയാള സന്ദേശകാവ്യം. മണിപ്രവാളകൃതികളിൽ പ്രാചീനതകൊണ്ടും കാവ്യസൗന്ദര്യംകൊണ്ടും പ്രഥമസ്ഥാനം വഹിക്കുന്ന ഈ കൃതിയുടെ രചനാകാലത്തെയും കർത്താവിനെയും പറ്റി വിഭിന്നാഭിപ്രായങ്ങളാണു നിലവിലുള്ളത്‌. കൃതിയിലെ ചരിത്രപരാമർശങ്ങളെയും ഇതരകൃതികളിലെ സൂചനകളെയും ആസ്‌പദമാക്കി 14-ാം ശതകത്തിന്റെ ഉത്തരാർധത്തിലാണ്‌ ഇതു വിരചിതമായിട്ടുള്ളതെന്ന്‌ അനുമാനിക്കുന്നു. ഇതിലെ കഥാനായകനും കവിയും ഒരാള്‍തന്നെയാണോ എന്നതും വിവാദവിഷയമാണ്‌. 1906-ൽ രസികരഞ്‌ജിനി മാസികയിലാണ്‌ അജ്ഞാതകർത്തൃകമായ ഈ കൃതി ആദ്യമായി പ്രകാശിതമായത്‌.

വടക്കുംകൂർ രാജ്യത്തിന്റെ രാജധാനിയായ വടമതിര(കടുത്തുരുത്തി)യിൽ മുണ്ടയ്‌ക്കൽ ഉച്ചുനീലി എന്ന വാരനാരിയോടൊപ്പം സല്ലാപകേളികളിൽ മുഴുകി ഉറങ്ങിയ നായകനെ കാമാതുരയായ ഒരു യക്ഷി എടുത്തുകൊണ്ടുപോകുന്നു. സ്യാനന്ദൂരപുര(തിരുവനന്തപുരം)ത്ത്‌ എത്തിയപ്പോള്‍ നായകന്‍ ഉണരുകയും നരസിംഹമന്ത്രം ജപിച്ച്‌ യക്ഷിയിൽനിന്നു മോചിതനായി ഭൂമിയിൽ പതിക്കുകയും ചെയ്‌തു. പദ്‌മനാഭസ്വാമിക്ഷേത്രപരിസരത്തു ചെന്നെത്തിയ നായകന്‍ ഭാഗ്യവശാൽ തന്റെ വയസ്യനായ കൊല്ലം ഇളമുറത്തമ്പുരാനെ (ആദിത്യവർമയെ) കണ്ടുമുട്ടി. കുശലപ്രശ്‌നങ്ങള്‍ക്കുശേഷം വിരഹിയായ നായകന്‍ തന്റെ പ്രിയതമയ്‌ക്കുള്ള സന്ദേശവുമായി ആദിത്യവർമയെ കടുത്തുരുത്തിയിലേക്കു പറഞ്ഞയയ്‌ക്കുന്നു. കടുത്തുരുത്തിവരെയുള്ള മാർഗവർണനയും നായികാസംഗമവും സന്ദേശവാക്യവുമാണ്‌ ഇതിലെ മുഖ്യപ്രതിപാദ്യം.

പ്രസ്‌താവനയിലെ അഞ്ചും പൂർവഭാഗത്തിലെ നൂറ്റിമുപ്പത്തിയാറും ഉത്തരഭാഗത്തിലെ നൂറ്റൊന്നും ചേർത്താൽ ആകെ 242 ശ്ലോകങ്ങളാണ്‌ ഉച്ചുനീലിസന്ദേശത്തിലുള്ളത്‌. പ്രസ്‌താവനയിലുള്ള ശ്ലോകങ്ങളൊഴിച്ചുള്ളതെല്ലാം മന്ദാക്രാന്താ വൃത്തത്തിലാണ്‌. ദേവതാസ്‌തുതിക്കുശേഷം, നായികയെ വാഴ്‌ത്തിക്കൊണ്ട്‌ ആരംഭിക്കുന്ന കൃതിയുടെ കാവ്യോദ്ദേശ്യം അവള്‍ക്കും കുടുംബത്തിനും കീർത്തിയും ഐശ്വര്യവും കൈവരുത്തുകയാണ്‌ എന്ന്‌ കവി പ്രസ്‌താവനയിൽ രേഖപ്പെടുത്തുന്നു. തിരുവനന്തപുരം മുതൽ കടുത്തുരുത്തിവരെയുള്ള മാർഗം വിവരിക്കുകയാണ്‌ പൂർവഭാഗത്തിൽ. മൂന്നു ദിവസത്തെ യാത്രയുണ്ട്‌. ഒന്നാം ദിവസം രാവിലെ പദ്‌മനാഭസ്വാമിക്ഷേത്രത്തിലെ എല്ലാ ദേവീദേവന്മാരെയും വണങ്ങിയിട്ട്‌, പടിഞ്ഞാറേക്കോട്ടവാതിൽ കടന്ന്‌ സമുദ്രതീരംവഴി കൊല്ലത്തേക്കുള്ള യാത്രയാണ്‌. തൃപ്പാപ്പൂർ (ആറ്റിങ്ങൽ) ചെന്ന്‌ ഉച്ചയ്‌ക്കുള്ള അമൃതേത്തും കഴിച്ച്‌ മുതലപ്പൊഴി, പുത്തിടം, വർക്കല എന്നീ സ്ഥലങ്ങള്‍ കടന്ന്‌ കൊല്ലത്തെ രാജാവായ രവിവർമയെ കണ്ട്‌ സന്ദേശവൃത്താന്തം അറിയിച്ച്‌ പനങ്ങാവുവഴി കരിപ്പക്കുളത്ത്‌ എത്തി വിശ്രമിക്കണം. രണ്ടാം ദിവസം "പുതിയപൊഴി' തരണം ചെയ്‌ത്‌ പന്മന വഴി കന്നേറ്റി കടന്ന്‌ ഓടനാടിന്റെ തലസ്ഥാനമായ കായംകുളത്ത്‌ എത്തി. രാജാവിന്റെ അതിഥിയായി കണ്ടിയൂരിൽ അന്നു കഴിച്ചുകൂട്ടാം. ആ നാട്ടിലെ സൗന്ദര്യധാമങ്ങളായ ചെറുകര കുട്ടത്തി, ഉണ്ണിയാടി, മുത്തൂറ്റ്‌ ഇളയച്ചി, കുറുങ്ങോട്ട്‌ ഉണ്ണുനീലി, ഉണ്ണിച്ചക്കി, ചിരുതേവി എന്നിവരെ കണ്ട്‌ പൂർവകാല സൗഹൃദം പുതുക്കാനും നായകന്‍ സന്ദേശഹരനോട്‌ അഭ്യർഥിക്കുന്നുണ്ട്‌. മൂന്നാംദിവസം അവിടെ നിന്നും ചെന്നിത്തല, എരമത്തൂർ, കുരട്ടി, പനയന്നാർകാവ്‌, കൈതക്കാട്‌, തിരുവല്ല, മുത്തൂർ, തിരുവഞ്ചൂർ, ഏറ്റുമാനൂർ, കോതനല്ലൂർ എന്നീ സ്ഥലങ്ങള്‍ കടന്ന്‌ കടുത്തുരുത്തിയിൽ എത്തിച്ചേരുന്നതുവരെയുള്ള മാർഗനിർദേശത്തോടെ പൂർവഭാഗം സമാപിക്കുന്നു. പ്രാചീന ഭൂമിശാസ്‌ത്രത്തിന്റെയും രാഷ്‌ട്രീയ സാമൂഹിക സ്ഥിതിഗതികളുടെയും പ്രതിഫലനംകൊണ്ട്‌ മാർഗവർണനത്തിനു ചരിത്രപരമായ പ്രാധാന്യവും കൈവന്നിരിക്കുന്നു.

ഉത്തരസന്ദേശത്തിൽ വടമതിര നഗരത്തിന്റെ വർണനയും നായികാഗൃഹവിവരണവും നായികയുടെ വിപ്രലംഭവും സന്ദേശവാക്യവുമാണ്‌ പ്രതിപാദിക്കുന്നത്‌; "പുനർദർശനാനന്ദലബ്‌ധി' ഉണ്ടാക്കട്ടെ എന്ന ആശംസയോടുകൂടിയാണ്‌ കാവ്യം അവസാനിക്കുന്നത്‌. ആശയപൗഷ്‌കല്യംകൊണ്ടും ഭാവനാവിലാസംകൊണ്ടും ശബ്‌ദസൗകുമാര്യംകൊണ്ടും അലങ്കാരസമൃദ്ധികൊണ്ടും ഉണ്ണുനീലി സന്ദേശത്തിലെ കവിത സഹൃദയ ഹൃദയാവർജകമായിരിക്കുന്നു. "ശബ്‌ദാർഥഭാവങ്ങള്‍കൊണ്ട്‌ അദ്‌ഭുതം സൃഷ്‌ടിക്കുന്ന കല്‌പനാഭാസുരങ്ങളായ വർണനകള്‍' ഈ കാവ്യത്തിൽ വേണ്ടുവോളമുണ്ട്‌. ഒരു ആകാശവർണന നോക്കുക:

""കച്ചയ്‌ക്കൊക്കക്കതിനന മുറിച്ചുച്ചകൈർ ദിഗ്ഗജേന്ദ്രാ-
	നച്ചച്ചച്ചോ! ശിവ ശിവ! മഹാഘോരമോരാ യുഗന്തേ 
	പച്ചച്ചോരിക്കളി വെതുവെതക്കോരിയാരക്കുടിച്ചോ-
	രെച്ചിൽക്കിച്ചം തവ വിയദിദം ദേവി, തുഭ്യം നമോസ്‌തു.''
 

രൗദ്രബീഭത്സാദ്‌ഭുതങ്ങളെ രാസവിദ്യകൊണ്ടെന്നപോലെ ഇവിടെ സമന്വയിപ്പിച്ചിരിക്കുന്നു. ഒരു പ്രഭാത ദൃശ്യത്തെ കവി വർണിക്കുന്നു:

""കാളംപോലേ കുസുമ ധനുഷോ ഹന്ത! പൂങ്കോഴി കൂകീ;
	ചോളംപോലേ ചിതറി വിളറീ താരകാണാം നികായം;
	താളംപോലേ പുലരി വനിതയ്‌ക്കാഗതൗ ചന്ദ്രസൂര്യൗ;
	നാളംപോലേ നളിനകുഹരാദുദ്‌ഗതാഭൃംഗരാജി:''
 

സന്ദേശകാവ്യങ്ങള്‍ക്കെല്ലാം മാർഗദീപമായിട്ടുള്ള കാളിദാസകവീന്ദ്രന്റെ മേഘസന്ദേശത്തിന്റെയും ലക്ഷ്‌മീദാസകവിയുടെ ശുകസന്ദേശത്തിന്റെയും സ്വാധീനത ഉച്ചുനീലിസന്ദേശത്തിൽ പ്രകടമാണ്‌. അന്നത്തെ സമുദായത്തിന്റെയും ദേവദാസീസമ്പ്രദായത്തിന്റെയും മറ്റും വർണനകള്‍ കവിയുടെ പരിഹാസചതുരതയ്‌ക്കും ബാലഗോപാലന്റെ ചിത്രണം ഭക്തി പ്രകർഷത്തിനും നിദർശനങ്ങളാണ്‌.

ആറ്റൂർ കൃഷ്‌ണപ്പിഷാരടി (1920), തേമ്പാട്ട്‌ ശങ്കുച്ചിനായർ (1948), എം.ആർ. വേലുപ്പിള്ള ശാസ്‌ത്രി (1949), ശൂരനാട്ടു കുഞ്ഞന്‍പിള്ള (1955), ഇളംകുളം കുഞ്ഞന്‍പിള്ള (1957), ടി.എസ്‌. ഭട്ടതിരിപ്പാട്‌ (1967), പി. ദാമോദരന്‍പിള്ള (1967) തുടങ്ങിയവർ അവതാരികയോടും വ്യാഖ്യാനത്തോടും കൂടി ഉണ്ണുനീലിസന്ദേശം പ്രകാശിപ്പിച്ചിട്ടുണ്ട്‌. ഇളംകുളം കുഞ്ഞന്‍പിള്ളയുടെ ഉണ്ണുനീലി സന്ദേശം ചരിത്രദൃഷ്‌ടിയിൽക്കൂടി (1953), പേരിനാട്‌ കെ. രാഘവന്‍പിള്ളയുടെ ഉണ്ണുനീലി പ്രശ്‌നങ്ങള്‍ (1961), ടി.ടി.കെ. നമ്പ്യാരുടെ ഉണ്ണുനീലിയും മറ്റും (1961) എന്നിവ ഈ കൃതിയെപ്പറ്റിയുണ്ടായിട്ടുള്ള പഠനങ്ങളാണ്‌. നോ. സന്ദേശകാവ്യങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍