This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉത്‌പാദനക്ഷമത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഉത്‌പാദനക്ഷമത == == Productivity == ഒരു നിശ്ചിത കാലയളവിൽ ഉണ്ടാകുന്ന ചര...)
അടുത്ത വ്യത്യാസം →

Current revision as of 12:00, 8 ഏപ്രില്‍ 2014

ഉത്‌പാദനക്ഷമത

Productivity

ഒരു നിശ്ചിത കാലയളവിൽ ഉണ്ടാകുന്ന ചരക്കുത്‌പാദനത്തിന്റെ അളവ്‌. പ്രവൃത്തിമണിക്കൂർ, എട്ടുമണിക്കൂറുള്ള പ്രവൃത്തിദിവസം, പ്രവൃത്തിവർഷം എന്നിവയാണ്‌ നിശ്ചിത കാലയളവായി എടുക്കുക. നിശ്ചിത കാലയളവിൽ ഭൂമി, തൊഴിൽ, മൂലധനം, സംഘടന, സാങ്കേതികവിജ്ഞാനം എന്നീ വിഭവങ്ങളുടെ സംയോജനത്തിന്റെയും കൂട്ടായ പ്രവർത്തനത്തിന്റെയും ഫലമായി ഉണ്ടാകുന്ന ഉത്‌പാദനത്തെ ആകെ ഉത്‌പാദനം എന്നു വിളിക്കാം. ഉത്‌പാദനത്തിൽ പങ്കുചേരുന്ന ഓരോ വിഭവവും അതിന്റേതായ പ്രത്യേക സംഭാവനകള്‍ നല്‌കുന്നുണ്ട്‌. ഇവ പ്രത്യേകം പ്രത്യേകം കണക്കാക്കുമ്പോള്‍ ഭൂമി, തൊഴിൽ, മൂലധനം എന്നിവയുടെ ഉത്‌പാദനക്ഷമത കിട്ടുന്നു. മറ്റുവിഭവങ്ങള്‍ സ്ഥിരമാണെന്ന്‌ സങ്കല്‌പിച്ച്‌, ഉത്‌പാദനക്ഷമത അളക്കേണ്ട വിഭവത്തിന്റെ ഉപയോഗം മാത്രം വ്യത്യാസപ്പെടുത്തിയാൽ ആകെ ഉത്‌പാദനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കൃത്യമായി കണക്കാക്കാം. ഓരോ വിഭവത്തിന്റെയും ഉത്‌പാദനക്ഷമത കൃത്യമായി അളക്കാന്‍ സാംഖ്യികസങ്കേതങ്ങളുണ്ട്‌.

എന്നാൽ പ്രായോഗികതലത്തിൽ ഉത്‌പാദനക്ഷമത സൂചിപ്പിക്കാന്‍ ആളോഹരി ഉത്‌പാദനത്തിന്റെ (output per person or per man-hour) കണക്കാണുപയോഗിക്കുന്നത്‌. ആളോഹരി ഭൗതിക ഉത്‌പാദനക്ഷമതയെ ചരക്കിന്റെ കമ്പോളവിലകൊണ്ട്‌ ഗുണിച്ചുകിട്ടുന്ന മൂല്യത്തെ മൂല്യ ഉത്‌പാദനക്ഷമത (value productivity) എന്നുവിളിക്കാം.

ഉത്‌പാദനത്തിൽ പങ്കുചേരുന്ന വിഭവങ്ങള്‍ക്കു നല്‌കേണ്ട പ്രതിഫലം കണക്കാക്കുന്നതിന്‌ ഉത്‌പാദനക്ഷമത മാർഗനിർദേശം നല്‌കുന്നു. തൊഴിലാളികള്‍ തങ്ങളുടെ ഉത്‌പാദനക്ഷമത വർധിക്കുമ്പോള്‍ അതിനനുസരിച്ച്‌ വേതനവർധനവ്‌ ആവശ്യപ്പെടുന്നു. എന്നാൽ ആകെ ഉത്‌പാദനത്തിലും, ഉത്‌പാദനക്ഷമതയിലും ഉണ്ടാകുന്ന വർധനവ്‌ പൂർണമായും തൊഴിൽ വിഭവത്തിന്റേതാണെന്നു പറയുക വയ്യ. പ്രവൃത്തി ചെയ്യാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളും ഉപകരണങ്ങളും സാങ്കേതികവിദ്യയും തീർച്ചയായും തൊഴിലാളിയുടെ ഉത്‌പാദനക്ഷമതയെ സ്വാധീനിക്കുന്നു.

സി.ഡബ്ല്യു. കോബ്‌, പി.എച്ച്‌. ഡഗ്ലസ്‌, ആർ. സോളോ എന്നീ ധനശാസ്‌ത്രജ്ഞരും യു.എസ്സിലെ നാഷണൽ ബ്യൂറോ ഓഫ്‌ ഇക്കണോമിക്‌ റിസർച്ച്‌ എന്ന ഗവേഷണസ്ഥാപനവും സമ്പദ്‌വ്യവസ്ഥയിലെ ഉത്‌പാദനഘടനയെക്കുറിച്ച്‌ സൈദ്ധാന്തികമായും സാംഖ്യികമായും നിരവധി പഠനങ്ങള്‍ നടത്തി. അവ കോബ്‌-ഡഗ്ലസ്‌ ഉത്‌പാദനധർമം (Cobb-Douglas production function) എന്ന സിദ്ധാന്തത്തിനു രൂപംകൊടുത്തു. യു.എസ്‌. സമ്പദ്‌വ്യവസ്ഥയിലെ വ്യവസായ ഉത്‌പാദനം അപഗ്രഥിച്ചപ്പോള്‍ പല ദശകങ്ങളായി ആകെ ഉത്‌പാദനത്തിൽ തൊഴിലിന്റെയും മൂലധനത്തിന്റെയും പങ്ക്‌ യഥാക്രമം , എന്നീ ക്രമത്തിൽ സ്ഥിരമായി നിൽക്കുന്നുവെന്നു ഗവേഷകർ കണ്ടു. ഈ കാലഘട്ടത്തിൽ യു.എസ്സിൽ മൂലധനത്തിന്റെ സ്റ്റോക്ക്‌ അഭൂതപൂർവം വർധിച്ചുവെങ്കിലും ക്ലാസ്സിക്കൽ ധനശാസ്‌ത്രത്തിലെ സിദ്ധാന്തമായ ലാഭപ്രതിലോമസിദ്ധാന്തം (Law of diminishing returns) പറയുന്നതിനു വിരുദ്ധമായി ആകെ ഉത്‌പാദനത്തിൽ മൂലധനത്തിന്റെ പങ്ക്‌ ക്ഷയിക്കാതെ ആയിത്തന്നെ നിലനിന്നു. മൂലധനസ്റ്റോക്ക്‌ വർധിച്ചപ്പോള്‍ അതിന്റെ ഉത്‌പാദനക്ഷമത ക്ഷയിക്കാതെ സംരക്ഷിച്ചത്‌ അനുഗുണമായി മെച്ചപ്പെട്ടുകൊണ്ടിരുന്ന സാങ്കേതികവിദ്യയാണ്‌. എന്നാൽ തൊഴിലിന്റെ പങ്കും ആയിത്തന്നെ നിലനില്‌ക്കാന്‍ കാരണമെന്തെന്ന്‌ അന്വേഷിച്ചു. മനുഷ്യശക്തിയുടെ സ്റ്റോക്കും വർധിച്ചിരുന്നു. എന്നാൽ ലാഭപ്രതിലോമ നിയമത്തിന്‌ വിരുദ്ധമായി അതിന്റെ ഉത്‌പാദനക്ഷമത ക്ഷയിച്ചില്ല. മൂലധനസ്റ്റോക്ക്‌ അഭൂതപൂർവമായി വർധിച്ചതുകൊണ്ട്‌ ഓരോ തൊഴിലാളിക്കും തൊഴിലാളികളുടെ ആകെ എച്ചം വർധിച്ചുവെങ്കിൽത്തന്നെയും ആളോഹരി മൂലധനയന്ത്രസാമഗ്രികളും ഉപകരണങ്ങളും കൂടുതലായി കിട്ടി. ഇത്‌ തൊഴിലിന്റെ ഉത്‌പാദനക്ഷമത ക്ഷയിക്കാതെ സംരക്ഷിച്ചു. ഉത്‌പാദനക്ഷമതയെ സംബന്ധിച്ച പഠനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ്‌ മുകളിൽ സൂചിപ്പിച്ചത്‌. ഇതിനെത്തുടർന്ന്‌ പില്‌ക്കാലങ്ങളിൽ വിവിധരാഷ്‌ട്രങ്ങളിൽ ഉത്‌പാദനത്തെ സംബന്ധിച്ച്‌ സ്ഥൂലവും സൂക്ഷ്‌മവുമായ നിരവധി ഗവേഷണപഠനങ്ങള്‍ നടത്തുകയുണ്ടായി.

നവക്ലാസ്സിക്കൽ ധനശാസ്‌ത്രത്തിലെ സീമാന്ത ഉത്‌പാദനക്ഷമതാസിദ്ധാന്തം (Marginal Productivity Theory) കുറേയേറെ ആശയസംഘട്ടനങ്ങള്‍ സൃഷ്‌ടിച്ചു. സീമാന്ത ഉത്‌പാദനക്ഷമതാസിദ്ധാന്തമനുസരിച്ച്‌ ഉത്‌പാദനത്തിൽ പങ്കുചേരുന്ന ഓരോ വിഭവത്തിന്റെയും പ്രതിഫലം (വരുമാനം അഥവാ കൂലി = ഉത്‌പാദനക്ഷമത x ചരക്കുവില) ആ വിഭവത്തിന്റെ ഉത്‌പാദനക്ഷമതയാണ്‌ നിർണയിക്കുന്നത്‌. സീമാന്ത ഉത്‌പാദനക്ഷമതയനുസരിച്ച്‌ വിഭവപ്രതിഫലം നല്‌കിയാൽ എല്ലാ വിഭവങ്ങള്‍ക്കും കൂടി നൽകുന്ന ആകെ പ്രതിഫലം ആകെ ഉത്‌പാദനത്തിനു തുല്യമായിരിക്കും എന്നു കാണാം. ഇതാണ്‌ ഓയ്‌ലെർ സിദ്ധാന്ത(Euler's theorem)ത്തിന്റെ സാരം. ആകെ ഉത്‌പാദനം, സീമാന്ത ഉത്‌പാദനത്തിന്റെ തോതനുസരിച്ച്‌ വിഭവങ്ങള്‍ക്കു വിതരണം ചെയ്‌താൽ ആകെ ഉത്‌പാദനം പൂർണമായി തീർന്നുപോകുമെന്നു വിവക്ഷയുണ്ട്‌. ഇതിനെ ആകെ ഉത്‌പാദനശോഷണം (total product exhaustion) എന്നു പറയുന്നു.

വിഭവത്തിന്റെ ചോദനം നിർണയിക്കുന്നത്‌ ഉത്‌പാദനക്ഷമതയാണ്‌. ഒരു വിഭവത്തിന്റെ ഉത്‌പാദനക്ഷമത വർധിച്ചാൽ ആ വിഭവം ഉത്‌പാദകർ കൂടുതൽ ചോദനം ചെയ്യും. വിഭവത്തിന്റെ ചോദനവും പ്രദാനവും കൂടിയാണ്‌ വിഭവവില നിർണയിക്കുന്നത്‌. വിഭവവില ഉത്‌പാദനക്ഷമതയെക്കാള്‍ കൂടിയിരുന്നാൽ വിഭവചോദനം വർധിക്കും; കുറഞ്ഞിരുന്നാൽ വിഭവചോദനം കുറയും. വിഭവത്തിന്റെ ഉപയോഗത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഉത്‌പാദനക്ഷമത, വിഭവപ്രദാനം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇങ്ങനെയുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഉത്‌പാദനക്ഷമതയിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കും. ഇത്തരം ഏറ്റക്കുറച്ചിലുകളാണ്‌ വിഭവചോദനത്തെയും വിഭവപ്രദാനത്തെയും സന്തുലിതാവസ്ഥയിലെത്തിക്കുന്നത്‌. വിഭവങ്ങള്‍ നിർണയിക്കുന്നതിനോടൊപ്പം വിഭവങ്ങളുടെ വേതനം നിർണയിക്കാനും ഉത്‌പാദനക്ഷമതയെത്തന്നെ ആശ്രയിക്കണമെന്നുള്ള സൂചനയാണ്‌ വിതരണസിദ്ധാന്തം (Theory of distribution) ഉള്‍ക്കൊള്ളുന്നത്‌.

വർധിച്ചുവരുന്ന തൊഴിൽശക്തിയോടൊപ്പം മൂലധനസ്റ്റോക്ക്‌ വർധിക്കാതിരിക്കുകയും, സാങ്കേതികവിദ്യ മെച്ചപ്പെടാതിരിക്കുകയും ചെയ്‌താൽ തൊഴിലിന്റെ ഉത്‌പാദനക്ഷമത ക്ഷയിക്കും. മൂലധനസ്റ്റോക്കുതന്നെ കാലക്രമേണ പഴയതും ഉപയോഗക്ഷമമല്ലാത്തതും ആകും. അപ്പോള്‍ പഴയതിനുപകരം പുതുതായി മൂലധനമിറക്കുകയും യന്ത്രസാമഗ്രികള്‍ പുതുക്കുകയും പുതിയവ സ്ഥാപിക്കുകയും വേണം. ഇത്തരത്തിലുള്ള പ്രവർത്തനം നടത്താതിരിക്കുകയോ അതിനു കാലതാമസം വരികയോ ചെയ്‌താൽ ഉത്‌പാദനക്ഷമത ക്ഷയിക്കും. മാനേജ്‌മെന്റിന്റെ കഴിവില്ലായ്‌മ, പോരായ്‌മ, നോട്ടക്കുറവ്‌, ദീർഘവീക്ഷണമില്ലായ്‌മ, രാഷ്‌ട്രത്തിലെ വിദ്യാഭ്യാസസമ്പ്രദായത്തിൽ ശാസ്‌ത്രവിഷയങ്ങളെ അപേക്ഷിച്ച്‌ മാനവിക വിഷയങ്ങളിലുള്ള ഊന്നൽ, ലാഭേച്ഛയെ ഇടിച്ചു കാണിക്കുന്ന സാമൂഹികവീക്ഷണം, ജോലിക്ക്‌ ആവശ്യമുള്ളതിനെക്കാള്‍ കൂടുതൽ തൊഴിൽശക്തി ബോധപൂർവം നിലനിർത്തുന്ന സമ്പ്രദായം, ഉത്‌പാദനക്ഷമതയ്‌ക്കനുസൃതമല്ലാത്ത കൂലിയും വേതനവും പിടിച്ചുവാങ്ങാനുള്ള ട്രഡ്‌ യൂണിയനുകളുടെ സമീപനം എന്നിവയും ഉത്‌പാദനക്ഷമത ക്ഷയിക്കാന്‍ മതിയായ കാരണങ്ങളാണ്‌. മറ്റൊരുവിധത്തിൽ പറഞ്ഞാൽ സാങ്കേതികവിദ്യ, പ്ലാന്റിന്റെ ഉപയോഗരീതി, വലുപ്പം, പ്ലാന്റിന്റെ പഴക്കം, സംഘടനയുടെയും നടത്തിപ്പിന്റെയും സ്വഭാവം, ധനപരമായ കാര്യങ്ങള്‍, ആസ്‌തിബാധ്യതാനുപാതം, കമ്പോളസ്ഥിതി, തൊഴിൽനില, പ്രകൃതിവിഭവങ്ങള്‍, സർക്കാരിന്റെ സ്വഭാവം, സാമ്പത്തിക-സാമൂഹിക-മനഃശാസ്‌ത്രഘടകങ്ങള്‍ എന്നിവയും ഉത്‌പാദനക്ഷമതയെ സ്വാധീനിക്കുന്നു.

ഉത്‌പാദനക്ഷമത കൃത്യമായി അളക്കാന്‍ ബുദ്ധിമുട്ടാണ്‌. തുണി, കൽക്കരി, പഞ്ചസാര എന്നീ വ്യവസായങ്ങളിലെ ഉത്‌പാദനക്ഷമത എളുപ്പത്തിൽ അളക്കാം. എന്നാൽ ബാങ്കിങ്‌, ഇന്‍ഷ്വറന്‍സ്‌, വാണിജ്യം എന്നീ മേഖലകളിലെ ഉത്‌പാദനക്ഷമത അളക്കാന്‍ വിഷമമുണ്ട്‌. രാസപദാർഥങ്ങള്‍, എന്‍ജിനീയറിങ്‌, ഗ്ലാസ്‌, സെറാമിക്‌സ്‌ എന്നീ വ്യവസായങ്ങളിലെ ഉത്‌പാദനത്തിൽ വൈവിധ്യമേറിയ ഒന്നിലധികം ചരക്കുകള്‍ ഉള്ളതുകൊണ്ട്‌ ഉത്‌പാദനക്ഷമത അളക്കുക എളുപ്പമല്ല. ഇലക്‌ട്രിക്കൽ ചോക്കുകള്‍ (chokes) ഉണ്ടാക്കുന്ന കമ്പനി ചിലപ്പോള്‍ ബൃഹത്തായ ജനറേറ്ററുകള്‍ മുതൽ അതിസൂക്ഷ്‌മമായ ട്രാന്‍സിസ്റ്ററുകളും കപ്പാസിറ്ററുകളും വരെ നിർമിച്ചേക്കും. അവ ഓരോന്നും വലുപ്പം, സ്വഭാവം, ഗുണം, മാതൃക എന്നിവയിലൊക്കെ വ്യത്യസ്‌തമായിരിക്കും. ബഹുവിധ ചരക്കുകള്‍ ഉത്‌പാദിപ്പിക്കുന്ന മേഖലകളിൽ ഉത്‌പാദനക്ഷമത കണക്കാക്കാന്‍ നന്നേ വിഷമമുണ്ട്‌. കമ്പോളത്തിലേക്ക്‌ വില്‌പനയ്‌ക്കു വിടാന്‍ തയ്യാറാക്കിയ ചരക്കുകളുടെ അളവിനെ മാത്രം കണക്കിലെടുത്ത്‌ ഉത്‌പാദനക്ഷമത നിർണയിക്കുന്നത്‌ ശരിയായ രീതിയല്ല. പലപ്പോഴും ഉത്‌പാദനപ്രക്രിയയുടെ മധ്യേ പൂർണോത്‌പാദിതമല്ലാത്ത ചരക്കുകള്‍ ഉണ്ടെങ്കിൽ അവകൂടി ഉത്‌പാദനക്ഷമത നിർണയിക്കുമ്പോള്‍ പരിഗണിക്കേണ്ടതാണ്‌. നിവേശ-നിർഗമ പട്ടിക തയ്യാറാക്കുമ്പോള്‍ ഉണ്ടാകുന്ന അതേ ബുദ്ധിമുട്ടുകള്‍ ഉത്‌പാദനക്ഷമത നിർണയിക്കുന്നതിലും ഉണ്ടാകുന്നു. പ്രാഫ. ഡേവിസ്‌ ഉത്‌പാദനക്ഷമത അളക്കാന്‍ ഒരു അക്കൗണ്ടിങ്‌ രീതി നിർദേശിച്ചു. അതനുസരിച്ച്‌ ഉത്‌പാദനവും ആകെ വ്യയവും തമ്മിലുള്ള അനുപാതമാണ്‌ ഉത്‌പാദനക്ഷമത. പല സാങ്കേതികവിഷമങ്ങള്‍ ഉണ്ടെങ്കിൽത്തന്നെയും ഡേവിസ്‌ തയ്യാറാക്കിയ അക്കൗണ്ടിങ്‌ രീതിക്ക്‌ ഇന്ന്‌ പ്രചാരം ലഭിച്ചിട്ടുണ്ട്‌.

മൂന്നു തരത്തിലുള്ള ഉത്‌പാദനക്ഷമതാസൂചികകള്‍ നിർദേശിക്കാം: (i) കാലിക ഉത്‌പാദനക്ഷമതാസൂചിക (temporal productivity index)- ഒരു നിശ്ചിത ഫാക്‌ടറിയുടെയോ പ്ലാന്റിന്റെയോ ഉത്‌പാദനപ്രക്രിയയുടെയോ വ്യവസായത്തിന്റെയോ ഉത്‌പാദനക്ഷമതയിൽ കാലികമായി എന്തു മാറ്റമുണ്ടാകുന്നുവെന്ന്‌ പഠിക്കാനാണ്‌ ഇതുപയോഗിക്കുന്നത്‌. പുതിയ സാങ്കേതികരീതികള്‍, തൊഴിൽ ലാഭിക്കുന്ന നവീന ഉത്‌പാദനപ്രക്രിയകള്‍, പ്രാത്സാഹന വേതനസമ്പ്രദായം എന്നിവ നടപ്പിലാകുമ്പോള്‍ ഉത്‌പാദനക്ഷമതയിലുണ്ടാകുന്ന മാറ്റങ്ങള്‍ പരിഗണിച്ചാണ്‌ അത്തരം നടപടികള്‍ സ്ഥിരമായി സ്വീകരിക്കണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടത്‌; (ii) സ്ഥാനനിർണയന ഉത്‌പാദനക്ഷമതാസൂചിക (spatial productivity Index)- പ്രാദേശിക ആസൂത്രണത്തിനും വ്യവസായങ്ങളുടെ സ്ഥാനനിർണയത്തിനും അന്താരാഷ്‌ട്രതൊഴിൽ വിഭജനത്തിനും മാർഗനിർദേശം നല്‌കാനുതകുന്ന ഒന്നാണ്‌ ഈ സൂചിക. പ്രാഫ. റോസ്‌റ്റാസിന്റെ പഠനത്തിൽ അന്താരാഷ്‌ട്ര ഉത്‌പാദനക്ഷമതാകണക്കുകള്‍ ധാരാളമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌ (iii) പരിച്ഛേദ (cross section)- ഉത്‌പാദനക്ഷമത-സമ്പദ്‌വ്യവസ്ഥയുടെ ഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍ വിശദീകരിക്കാനാണ്‌ പ്രധാനമായും ഇതുപയോഗിക്കുന്നത്‌. മൂലധനം, സംഘടനാവൈഭവം, തൊഴിൽ എന്നിവയുടെ ഒഴുക്കുകള്‍ ഉത്‌പാദനക്ഷമത കുറഞ്ഞ മേഖലകളിൽ നിന്ന്‌ ഉത്‌പാദനക്ഷമത കൂടിയ മേഖലകളിലേക്കാണോ നീങ്ങുന്നത്‌ എന്നു മനസ്സിലാക്കാന്‍ ഇത്‌ ഉപയോഗിക്കുന്നു.

ഉത്‌പാദനക്ഷമതാപഠനങ്ങളിൽ നിരവധി വ്യക്തികളും ഏജന്‍സികളും പങ്കുകൊണ്ടിട്ടുണ്ട്‌. ഡി. വിന്‍ട്രാബ്‌, എസ്‌. ഫാബ്രിക്കാന്റ്‌, സൈമണ്‍ കുസ്‌നെറ്റ്‌സ്‌, ജി.ജെ. സ്റ്റിഗ്ലർ, എച്ച്‌.എസ്‌. ഡേവിസ്‌, ഇ. ക്ലാഗെ, എ.ഡി. സീർള്‍, ഐ.എച്ച്‌, സീഗെൽ, എച്ച്‌. മെഗ്‌ഡോഫ്‌, എൽ. ടെപെർ, സി.എം. ജെയിംസ്‌, കോളിന്‍ ക്ലാർക്ക്‌, ആർ. സ്റ്റോണ്‍, ജെ. ജൂക്‌സ്‌, എച്ച്‌.സി. റ്റിപ്പെറ്റ്‌, ടി. ബാർനാ, സി.ആർ. കാർട്ടർ, ഇ. റോത്‌ബാർത്‌, എൽ. റോസ്റ്റാസ്‌ എന്നീ വ്യക്തികളും നാഷണൽ ബ്യൂറോ ഒഫ്‌ ഇക്കണോമിക്‌ റിസർച്ച്‌, യു.എസ്‌. ബ്യൂറോ ഒഫ്‌ ലേബർ സ്റ്റാറ്റിസ്റ്റിക്‌സ്‌, യു.എസ്‌. ഇന്‍ഡസ്‌ട്രിയൽ ലേബർ റിലേഷന്‍സ്‌ റിസർച്ച്‌ അസോസിയേഷന്‍, ബ്രിട്ടീഷ്‌ കമ്മിറ്റി ഓണ്‍ ഇന്‍ഡസ്‌ട്രിയൽ പ്രാഡക്‌റ്റിവിറ്റി എന്നീ ഏജന്‍സികളുമാണ്‌ അവയിൽ മുഖ്യം.

വ്യവസായങ്ങളുടെ നടത്തിപ്പിലും ഘടനയിലും സ്വഭാവത്തിലും കാലികമായി ഉണ്ടാകുന്ന മാറ്റങ്ങളുടെ വിലയിരുത്തൽ, സൈദ്ധാന്തികാനുമാനങ്ങള്‍, മറ്റു സാമ്പത്തിക പ്രസ്‌താവനകള്‍ എന്നിവയുടെ സത്യാവസ്ഥ പരിശോധിക്കുന്ന പഠനങ്ങള്‍ എന്നിവയെ ഉത്‌പാദനക്ഷമതാകണക്കുകള്‍ സഹായിക്കുന്നു. ദേശീയതലത്തിൽ ഉത്‌പാദനക്ഷമതാസൂചികകള്‍ നിർമിച്ചാൽ സമ്പദ്‌വ്യവസ്ഥയുടെ വിവിധമേഖലകളിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന മാറ്റങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയും. സാമ്പത്തിക ചരിത്രകാരന്മാരും അപഗ്രഥനപടുക്കളായ സാംഖ്യികശാസ്‌ത്രജ്ഞന്മാരും ഉത്‌പാദനക്ഷമതാസൂചികകളെ വികസനത്തിന്റെയും പുരോഗതിയുടെയും ഏറ്റക്കുറച്ചിലുകള്‍ അളക്കുന്നതിന്‌ ഉപയോഗിക്കുന്നു. തൊഴിൽനില, ഉത്‌പാദനം, ജീവിതനിലവാരം എന്നിവയിലുണ്ടാകുന്ന പുരോഗതി മുന്‍കൂട്ടി പ്രവചിക്കാന്‍ ഉത്‌പാദനക്ഷമതാക്കണക്കുകള്‍ സഹായിക്കും. സർക്കാർ, ബിസിനസ്‌, തൊഴിലാളിയൂണിയന്‍ എന്നിവയുടെ നയങ്ങള്‍ യാഥാർഥ്യബോധത്തോടെ രൂപീകരിക്കാനും കടുത്ത കിടമത്സരത്തിനെതിരെ വ്യവസായങ്ങള്‍ക്ക്‌ സംരക്ഷണം നല്‌കുന്ന നയങ്ങള്‍, നികുതി നയങ്ങള്‍, സാമൂഹികക്ഷേമനയങ്ങള്‍ എന്നിവയുടെ രൂപീകരണത്തിനും ഉത്‌പാദനക്ഷമതാകണക്കുകള്‍ മാർഗനിർദേശം ചെയ്യുന്നു. വലുപ്പം, സാങ്കേതികനിലവാരം, വിലകള്‍ എന്നിവയും ഉത്‌പാദനക്ഷമതയും തമ്മിലുള്ള സാംഖ്യികബന്ധം പഠനവിഷയമായിട്ടുണ്ട്‌. വേതനനിലവാരം, പ്രാത്സാഹനവേതനഘടന, ശാസ്‌ത്രീയമാനേജ്‌മെന്റ്‌, വർക്ക്‌സ്റ്റഡി, ടൈം ആന്‍ഡ്‌ മോഷന്‍ സ്റ്റഡി, ഗുണനിയന്ത്രണം, ഓപ്പറേഷന്‍സ്‌ അപഗ്രഥനം, ഉത്‌പാദന ആസൂത്രണം, ഇന്‍വെന്ററി നിയന്ത്രണം എന്നീ മേഖലകളിലൊക്കെ ഉത്‌പാദനക്ഷമതാ പഠനം ധാരാളമായി ഉപയോഗിക്കപ്പെട്ടുവരുന്നു. ചുരുക്കത്തിൽ വ്യവസായ-എന്‍ജിനീയർമാരും ധനശാസ്‌ത്ര വിദഗ്‌ധരും സാംഖ്യികവിദഗ്‌ധരും ബിസിനസ്സുകാരും കമ്പനി മാനേജർമാരും ട്രഡ്‌ യൂണിയന്‍ നേതാക്കളും ഭരണാധികാരികളും എല്ലാം തന്നെ ഒരുപോലെ ഉത്‌പാദനക്ഷമതാകണക്കുകളെയും പഠനങ്ങളെയും ആശ്രയിക്കുന്നു. ക്ഷേമൈശ്വര്യത്തിനും ഉയർന്ന ജീവിതനിലവാരത്തിനും കാരണം വർധിച്ച ഉത്‌പാദനക്ഷമതയാണെന്ന്‌ ഇന്ന്‌ പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്‌.

(ഡോ. കെ. രാമചന്ദ്രന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍