This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപപുരാണങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഉപപുരാണങ്ങള്‍ == വ്യാസകൃതങ്ങളായ പതിനെട്ടു പുരാണങ്ങളോടു സാമ...)
അടുത്ത വ്യത്യാസം →

11:06, 8 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉപപുരാണങ്ങള്‍

വ്യാസകൃതങ്ങളായ പതിനെട്ടു പുരാണങ്ങളോടു സാമ്യമുള്ളതും സനത്‌കുമാരാദികളാൽ രചിക്കപ്പെട്ടതുമായ പുരാണങ്ങള്‍. കൂർമപുരാണത്തിൽ ഉപപുരാണങ്ങളുടെ പട്ടിക ഇങ്ങനെ പറഞ്ഞിരിക്കുന്നു:

""ആദ്യം സനത്‌കുമാരോക്തം നാരസിംഹമതഃ പരം
തൃതീയം സ്‌കാന്ദമുദ്ദിഷ്‌ടം കുമാരേണതു ഭാഷിതം
ചതുർഥം ശിവധർമാഖ്യം സാക്ഷാന്നന്ദീശഭാഷിതം
ദുർവാസസോക്തമാശ്ചര്യം നാരദീയമതഃ പരം
കാപിലം വാമനഞ്ചൈവ തഥൈവോശനസേരിതം
ബ്രഹ്മാണ്ഡം വാരുണഞ്ചൈവ കാളികാഹ്വയമേവ ച,
മാേഹശ്വരം തഥാസാംബം സൗരം സർവത്ര സഞ്ചയം
പരാശരോക്ത മാരീചം തഥൈവ ഭാർഗവാഹ്വയം.''
 

സനത്‌കുമാരം, നാരസിംഹം, സ്‌കാന്ദം, ശിവധർമം, ആശ്ചര്യം, നാരദീയം, കാപിലം, വാമനം, ഔശനസം, ബ്രഹ്മാണ്ഡം, വാരുണം, കാളികാ, മാഹേശ്വരം, സാംബം, സൗരം, പാരാശര്യം, മാരീചം, ഭാർഗവം എന്നിവയാണ്‌ ഉപപുരാണങ്ങള്‍. കൂർമപുരാണത്തിൽ പറയപ്പെട്ടിരിക്കുന്നതു കൂടാതെ ഗരുഡം, പദ്‌മം, ദേവീഭാഗവതം, ബൃഹദ്‌ധർമം, പാരാശര്യം, ബൃഹദൗശനസം, വാരുണം എന്നീ പുരാണങ്ങളിലും മധുസൂദനസരസ്വതിയുടെ പ്രസ്ഥാനഭേദത്തിലും മറ്റും പതിനെട്ട്‌ ഉപപുരാണങ്ങളുടെ വ്യത്യസ്‌തങ്ങളായ പട്ടികകള്‍ കൊടുത്തിരിക്കുന്നു. ആവർത്തനം ഒഴിവാക്കി ആ പട്ടികകള്‍ നിരത്തിനോക്കിയാൽ മേല്‌പറഞ്ഞ പതിനെട്ടച്ചം കൂടാതെ നാല്‌പതിൽപ്പരം ഉപപുരാണങ്ങളുടെ പേരുകള്‍ കണ്ടെത്താന്‍ കഴിയും. മാനവം, സൗകേയം, ബാർഹസ്‌പത്യം, കൗർമം, നന്ദം, കാളികാ, ആണ്‌ഡം, വാസിഷ്‌ഠം, ബൃഹന്നാരദീയം, ബൃഹന്നന്ദീശം, ക്രിയായോഗേശ്വരം, വാമനം, വിഷ്‌ണുധർമോത്തരം, ശിവധർമം, വിഷ്‌ണുധർമം, ബൃഹദ്‌ധർമം, വാസിഷ്‌ഠലിംഗം, ഗാരുഡം, പ്രഭാസകം, ലീലാവതി, ദേവീആക്ഷേതകം, ലഘുഭാഗവതം, മൃത്യുഞ്‌ജയം, അംഗീരസം, ഗണേശം, കൽക്കി, പുരുഷോത്തമം, സൗരധർമം, സൗരധർമോത്തരം, സൗര്യം, ബൃഹദ്വാമനം, ബൃഹദ്വിഷ്‌ണുധർമം, ബൃഹന്നാരസിംഹം, കൗശികം, മാഘം, വിഷ്‌ണുധർമോത്തരാമൃതം, വൃദ്ധപദ്‌മം, നീലമതം എന്നീ അനേകം ഉപപുരാണങ്ങളുള്ളതിൽ ചിലതുമാത്രമേ അച്ചടിക്കപ്പെട്ടിട്ടുള്ളൂ. മിക്ക ഉപപുരാണങ്ങളുടെയും കർത്താക്കന്മാർ ആരാണെന്ന്‌ വ്യക്തമായി നിർണയിക്കപ്പെട്ടിട്ടില്ല. പ്രസിദ്ധങ്ങളായ പതിനെട്ടു പുരാണങ്ങള്‍ പോലും എല്ലാം അച്ചടിക്കപ്പെട്ടിട്ടില്ല. ചിലത്‌ ഹസ്‌തലിഖിതഗ്രന്ഥശേഖരങ്ങളിൽ ഉള്‍പ്പെടുന്നു. ചിലതിനെക്കുറിച്ചുള്ള ഉദ്ധരണികളും സൂചനകളും മാത്രമേ ലബ്‌ധമായിട്ടുള്ളൂ. മറ്റു ചിലത്‌ അവയുടെ അസ്‌തിത്വത്തെ സൂചിപ്പിക്കുന്ന ഒന്നുംതന്നെ അവശേഷിപ്പിക്കാതെ നശിച്ചുപോയിരിക്കുന്നു. സൗരപുരാണത്തിൽ ഉപപുരാണങ്ങളുടെ ലക്ഷണം ഇപ്രകാരം കൊടുത്തിരിക്കുന്നു.

 
""സർഗശ്ച പ്രതിസർഗശ്ച
വംശോ മന്വന്തരാണി ച
വംശാനുചരിതം സാക്ഷാത്‌
പുരാണം പഞ്ചലക്ഷണം.
ബ്രാഹ്മാദീനാം പുരാണാനാം
ഉക്തം ചൈതത്തു ലക്ഷണം
ഏതാന്യുപപുരാണാനാം
ഖിലത്വാത്‌ ലക്ഷണം സ്‌മൃതം''
  

പുരാണങ്ങളുടെ ലക്ഷണമായ സർഗം, പ്രതിസർഗം, വംശം, മന്വന്തരം, വംശാനുചരിതം എന്നീ അഞ്ചെച്ചം തന്നെയാണ്‌ ഉപപുരാണങ്ങളുടെയും ലക്ഷണമായി പറയുന്നത്‌. എന്നാൽ,

""സർഗശ്ചാഥ വിസർഗശ്ച
വൃത്തീരക്ഷാന്തരാണി ച
വംശോ വംശാനുചരിതം
സംസ്ഥാഹേതുരപാശ്രയഃ
ദശഭിർലക്ഷണൈർയുക്തം
പുരാണം തദ്വിദോ വിദുഃ
കേചിത്‌ പഞ്ചവിധം ബ്രഹ്മന്‍
മഹദല്‌പവിവക്ഷയാ''
  

എന്ന ഭാർഗവപുരാണമനുസരിച്ച്‌ സർഗം, വിസർഗം, വൃത്തി, രക്ഷാന്തരങ്ങള്‍, വംശം, വംശാനുചരിതം, സംസ്ഥാഹേതു, അപാശ്രയം തുടങ്ങി പത്തെച്ചം പുരാണങ്ങള്‍ക്കു വേണമെന്നിരിക്കുമ്പോള്‍ ഉപപുരാണങ്ങള്‍ക്കു മുമ്പു പറഞ്ഞ അഞ്ചെച്ചം മതിയെന്നു പറയുന്നു. "പുരാണം പഞ്ചലക്ഷണ'മെന്നു വ്യാഖ്യാനിക്കുന്ന അമരകോശത്തിലും, പതിനെട്ടു മഹാപുരാണങ്ങളെ പേരെടുത്തു പറയുന്ന വിഷ്‌ണു, മാർക്കണ്ഡേയം തുടങ്ങിയ പുരാണങ്ങളിലും പരോക്ഷമായിപ്പോലും ഉപപുരാണങ്ങളെക്കുറിച്ചു യാതൊന്നും പരാമർശിക്കുന്നില്ല. അതുകൊണ്ട്‌ മഹാപുരാണങ്ങളുണ്ടായി, അവ പതിനെട്ട്‌ എന്ന്‌ ക്ലിപ്‌തപ്പെടുത്തിയശേഷമാണ്‌, ഉപപുരാണങ്ങളുണ്ടായതെന്ന്‌ നിസ്സംശയം പറയാം.

 
""അന്യാനുപപുരാണാനി
മുനിഭിഃ കഥിതാനി തു
അഷ്‌ടാദശപുരാണാനി
ശ്രുത്വാ സംക്ഷേപതോ ദ്വിജഃ''
  

അഷ്‌ടാദശപുരാണങ്ങള്‍ക്കുശേഷം മറ്റ്‌ ഉപപുരാണങ്ങള്‍ മുനികള്‍ രചിച്ചതാണെന്ന കൂർമപുരാണവചനം ഇതിനു തെളിവാണ്‌. ഹിന്ദുധർമത്തിലെ പ്രധാന പ്രസ്ഥാനങ്ങളെ ആധാരമാക്കി കുറേ പുരാണങ്ങള്‍ ആദ്യമുണ്ടായി. പതിനെട്ട്‌ എന്നു നിശ്ചയിച്ച്‌ അവയെ മഹാപുരാണങ്ങളായി കരുതുകയും പ്രാമാണ്യതേ്വന വാഴ്‌ത്തുകയും ചെയ്‌തശേഷം, അധികം പ്രാധാന്യമില്ലാത്ത പ്രസ്ഥാനങ്ങളെയും പുതിയതായി ആവിർഭവിച്ച സൗരപ്രസ്ഥാനത്തെയും ശാക്തപ്രസ്ഥാനത്തെയും പ്രാദേശികദേവീദേവന്മാരെയും ആധാരമാക്കി ധാരാളം പുരാണങ്ങള്‍ പില്‌ക്കാലത്തുണ്ടായി എന്നു കരുതാം. യാഥാസ്ഥിതികന്മാരായ പണ്ഡിതന്മാർ ഇവയ്‌ക്ക്‌ മുമ്പുണ്ടായ പുരാണങ്ങളോളം പ്രാധാന്യം കല്‌പിച്ചില്ല. പുരാണങ്ങള്‍ പതിനെട്ട്‌ എന്നതിന്‌ മാറ്റംവരുത്താന്‍ അവർ തയ്യാറായില്ല. എന്നാൽ നൂതനങ്ങളും അവഗണിക്കപ്പെട്ടവയുമായ പ്രസ്ഥാനങ്ങളെ ആധാരമാക്കി രചിക്കപ്പെട്ട ഇവ അവഗണിക്കപ്പെടാന്‍ പറ്റാത്തവിധം ജനസാമാന്യത്തിൽ സ്വാധീനത ചെലുത്തിത്തുടങ്ങിയപ്പോള്‍ അവയെ ഉപപുരാണങ്ങള്‍ എന്ന നിലയിൽ അവർക്ക്‌ അംഗീകരിക്കേണ്ടിവന്നു. പുരാണങ്ങളെപ്പോലെതന്നെ ഇവയുടെയും സംഖ്യ പതിനെട്ടായി സ്ഥിരപ്പെടുത്തി; എന്നാൽ ഈ പതിനെട്ട്‌ എന്ന സംഖ്യ പുരാണങ്ങളെയും ഉപപുരാണങ്ങളെയും സംബന്ധിച്ചിടത്തോളം ഒരുപോലെ ശരിയല്ല. പുരാണങ്ങളായി പറഞ്ഞിരിക്കുന്ന പലതിനെയും ഉപപുരാണങ്ങളുടെ പട്ടികയിലും ഉപപുരാണങ്ങളായി പറഞ്ഞിരിക്കുന്ന പലതിനെയും പുരാണങ്ങളുടെ പട്ടികയിലും ഉള്‍പ്പെടുത്തി കാണുന്നുണ്ട്‌.

ഭാഗവതപുരാണം തന്നെ രണ്ടുണ്ട്‌ : ദേവീഭാഗവതം, വിഷ്‌ണുഭാഗവതം. ഇതിൽ മഹാപുരാണമേത്‌, ഉപപുരാണമേത്‌ എന്ന വിഷയത്തിൽ ഭിന്നാഭിപ്രായമാണുള്ളത്‌. കാളികാപുരാണത്തെ ദേവീഭാഗവതത്തിന്റെ ഉപപുരാണമായി കരുതുന്നു. ചിലർ ദേവീഭാഗവതത്തെ മഹാപുരാണമായി കണക്കാക്കുന്നു. എന്നാൽ നാരദീയമഹാപുരാണമനുസരിച്ച്‌ വിഷ്‌ണുഭാഗവതമാണ്‌ മഹാപുരാണം. ശൈവ, മാത്സ്യാദിപുരാണങ്ങള്‍ ദേവീഭാഗവതത്തെ മഹാപുരാണമായി കണക്കാക്കുന്നു. അങ്ങനെ ഒരിക്കലും ഉപപുരാണങ്ങളുടെയും മഹാപുരാണങ്ങളുടെയും സംഖ്യ പതിനെട്ട്‌ എന്നത്‌ ശരിയല്ലെന്നു സിദ്ധിക്കുന്നു. ഉദ്ധരിക്കപ്പെട്ടിരിക്കുന്ന ഗ്രന്ഥങ്ങളുടെ കാലവും മറ്റും പരിഗണിച്ചുനോക്കുമ്പോള്‍ ഉപപുരാണങ്ങള്‍ എന്ന നിലയിൽ കൂട്ടായി ഇവയെ അംഗീകരിച്ചത്‌ എ.ഡി. 650-നും 850-നും ഇടയ്‌ക്കാണെന്ന്‌ തീർച്ചെപ്പടുത്താം. എന്നാൽ എല്ലാ ഉപപുരാണങ്ങളും ഇക്കാലത്തുതന്നെ ഉണ്ടായതല്ല. മാത്സ്യപുരാണങ്ങളിൽ നാരസിംഹം, നന്ദി, സാംബം, ആദിത്യം തുടങ്ങിയവയുടെ പരാമർശം ഉള്ളതുകൊണ്ട്‌ ഉപപുരാണങ്ങളിൽ ചിലതെങ്കിലും എ.ഡി. 650-നു വളരെ മുമ്പുതന്നെ ഉണ്ടായവയാണെന്നു കരുതണം. ചുരുക്കത്തിൽ ഗുപ്‌തകാലഘട്ടത്തോടുകൂടിത്തന്നെ അവയുടെ ഉത്‌പത്തി അംഗീകരിക്കണം. എന്നാൽ യാഥാസ്ഥിതികരായ ചില ഭാരതീയാചാര്യന്മാർ ഉപപുരാണങ്ങളുടെ കാലം യാജ്ഞവല്‌ക്യന്റെ കാലത്തോളം പഴക്കമുള്ളതാണെന്നു വാദിക്കുന്നു. മിത്രമിശ്രന്റെ വീരമിത്രാദയ പരിഭാഷപ്രകാശത്തിൽ "ഏതാന്യുപപുരാണാനി പുരാണേഭ്യ ഏവ നിർഗതാനി യാജ്ഞവല്‌കേ്യന പുരാണതേ്വന സംഗൃഹീതാനി' (ഈ ഉപപുരാണങ്ങള്‍ പുരാണങ്ങളിൽനിന്നു തന്നെ ഉണ്ടായവയും യാജ്ഞവല്‌ക്യനാൽ പുരാണമെന്നനിലയിൽ സംഗ്രഹിക്കപ്പെട്ടവയുമാണ്‌) എന്നു പറഞ്ഞിരിക്കുന്നു.

മഹാപുരാണങ്ങള്‍ വളരെ മുമ്പുതന്നെ പ്രസിദ്ധങ്ങളായിരുന്നതിനാൽ അവ കാലാനുഗതങ്ങളായ മാറ്റങ്ങള്‍ക്കു വിഷയമായിട്ടുണ്ട്‌. പില്‌ക്കാലത്തുണ്ടായ ചിന്താപദ്ധതികള്‍ക്കനുസരണമായി പുരാണങ്ങളിൽ കുറേ ഭാഗങ്ങള്‍ എടുത്തുകളയുകയും കുറേ ഭാഗങ്ങള്‍ കൂട്ടിച്ചേർക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇപ്രകാരം അധികമായി എഴുതിച്ചേർക്കപ്പെട്ട ഗ്രന്ഥങ്ങള്‍ പഴയ പുരാണത്തെ പാടെ മാറ്റിയിട്ട്‌ ആ നാമങ്ങളിൽത്തന്നെ പില്‌ക്കാലത്തു പ്രസിദ്ധങ്ങളായിത്തീർന്നു. എന്നാൽ ഉപപുരാണങ്ങള്‍ പുരാണങ്ങളോളം ശ്രദ്ധേയങ്ങളല്ലാത്തതിനാൽ മാറ്റങ്ങള്‍ക്കു വിധേയമായിട്ടില്ല. അതിനാൽ അവയുടെ പ്രാചീനത അഭംഗുരം പുലർത്തുന്നതിന്‌ അവയ്‌ക്ക്‌ സാധിച്ചിട്ടുണ്ട്‌. ഈ ഒരൊറ്റക്കാരണംകൊണ്ടുതന്നെ ചില ഉപപുരാണങ്ങള്‍ മഹാപുരാണങ്ങളെക്കാള്‍ പ്രാചീനങ്ങളാണെന്നു വന്നുകൂടുന്നു. ഉപപുരാണങ്ങളിൽ മൊത്തത്തിൽ സൂര്യവംശത്തെയും ചന്ദ്രവംശത്തെയും കുറിച്ചേ പരാമർശമുള്ളൂ. കലിവംശരാജാക്കാന്മാരെക്കുറിച്ച്‌ പരാമർശിക്കുന്നില്ല. എന്നാൽ മതത്തിനും സംസ്‌കാരത്തിനും അവ കൊണ്ടുണ്ടായിട്ടുള്ള നേട്ടം അഭിമാനകരമാണ്‌. പുരാതന ഭാരതീയസംസ്‌കാരത്തിൽ ഉള്‍ക്കൊള്ളുന്ന നീതികഥകള്‍, തത്ത്വചിന്ത, ഏകദൈവാരാധന, ഈശ്വരഭക്തി, അന്ധവിശ്വാസങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയെ സമഗ്രമായി പ്രതിപാദിക്കാന്‍ ഇവയ്‌ക്കു കഴിഞ്ഞിട്ടുണ്ട്‌. കൂടാതെ വിഭിന്ന സാഹിത്യശാസ്‌ത്രവിഷയങ്ങളെക്കുറിച്ചുള്ള സമഗ്രമായ അറിവും ഉപപുരാണങ്ങളിൽ കാണാം. നഷ്‌ടപ്പെട്ടുപോയ പല അമൂല്യ സാഹിത്യസൃഷ്‌ടികളെ കോർത്തിണക്കുന്നതിനും ഇവ സഹായിച്ചിട്ടുണ്ട്‌. ചില ഉപപുരാണങ്ങള്‍ ഇതിനെല്ലാം പുറമേ നൂതനങ്ങളായ പല വിഷയങ്ങളിലേക്കും വെളിച്ചംവീശുന്നു. ഉദാ. വിഷ്‌ണുധർമോത്തരത്തിൽ ഉപപുരാണങ്ങളുടെ സാമാന്യവിഷയപ്രതിപാദനത്തിനുപുറമേ നൃത്തം, സംഗീതം, സ്ഥാപത്യം, ചിത്രകല, മൂർത്തികല തുടങ്ങിയവയും പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌.

ഉപപുരാണങ്ങളെ അവയുടെ പ്രതിപാദ്യവിഷയമനുസരിച്ച്‌ സൗരോപപുരാണങ്ങള്‍, വൈഷ്‌ണവോപപുരാണങ്ങള്‍, ശൈവോപപുരാണങ്ങള്‍, ശാക്തോപപുരാണങ്ങള്‍ എന്നിങ്ങനെ നാലായി തിരിക്കാം.സൗരോപപുരാണങ്ങള്‍. സൂര്യനെ പല പേരുകളിൽ ഒരു ആരാധനാമൂർത്തിയായി വൈദികകാലം മുതൽതന്നെ കരുതി വന്നിരുന്നു. അപ്രകാരം വേദത്തിൽ പ്രതിപാദിച്ചിട്ടുള്ള ഈ ദേവനെ വളരെ മുമ്പുതന്നെ സ്‌തുതിച്ചുകൊണ്ടുള്ള പുരാണങ്ങളും ഉണ്ടായി. സൂര്യദേവനെ പ്രതിപാദിക്കുന്ന അനേകം പൗരാണികഗ്രന്ഥങ്ങളുണ്ടെങ്കിലും സാംബപുരാണം മാത്രമേ സമഗ്രമായി ആ വിഷയം പ്രതിപാദിക്കുന്നുള്ളൂ. എന്നാൽ ഭവിഷ്യപുരാണം, ബ്രഹ്മപുരാണം, സ്‌കാന്ദപുരാണം, വരാഹപുരാണം, മത്സ്യപുരാണം, അഗ്നിപുരാണം, ഗരുഡപുരാണം, വിഷ്‌ണുധർമോത്തരപുരാണം തുടങ്ങിയവയിൽ സൂര്യസ്‌തുതികളുണ്ട്‌. സാംബപുരാണത്തെ 84 അധ്യായങ്ങളായി തിരിച്ചിരിക്കുന്നു. സൂര്യനെ ഈ പ്രപഞ്ചത്തിന്റെ സൃഷ്‌ടിസ്ഥിതിസംഹാരമൂർത്തിയായിട്ടാണ്‌ അതിൽ അവതരിപ്പിച്ചിരിക്കുന്നത്‌.

ഭവിഷേ്യാത്തരം, കാളികാ തുടങ്ങിയ പുരാണങ്ങളിൽ സൂര്യാരാധനയെക്കുറിക്കുന്ന അധ്യായങ്ങളുണ്ട്‌.വൈഷ്‌ണവോപപുരാണങ്ങള്‍. ഇക്കൂട്ടത്തിൽ വളരെയുണ്ടെങ്കിലും വിഷ്‌ണുധർമം, വിഷ്‌ണുധർമോത്തരം, നാരസിംഹം തുടങ്ങിയവയ്‌ക്കാണ്‌ പ്രസിദ്ധി. വളരെ പ്രാചീനത്വം കല്‌പിക്കുന്ന ഇവ ധർമശാസ്‌ത്രങ്ങളായും കണക്കാക്കപ്പെടുന്നു. വിഷ്‌ണുധർമത്തെ ഒരു ശാസ്‌ത്രമായിത്തന്നെ ഭവിഷ്യപുരാണം വിവരിക്കുന്നു; വിഷ്‌ണുധർമപുരാണം തന്നെ സ്വയം ശാസ്‌ത്രമാണെന്നു വിവക്ഷിക്കുകയും ചെയ്യുന്നു. "നാസ്‌ത്യന്യത്‌ വിഷ്‌ണുധർമാണാം, സദൃശം ശാസ്‌ത്രമുത്തമം' (വിഷ്‌ണുധർമത്തിനു തുല്യമായ മറ്റൊരു ഉത്തമശാസ്‌ത്രമില്ല). എന്നാൽ ബൃഹദ്‌ധർമപുരാണവും എല്ലാ ഹസ്‌തലിഖിത ഗ്രന്ഥങ്ങളും വിഷ്‌ണുധർമത്തെ പുരാണമായി കണക്കാക്കുന്നതുകൊണ്ട്‌ അതൊരു ശാസ്‌ത്രമാണെന്നു പറയുന്നതു ശരിയല്ല.

വിഷ്‌ണുധർമോത്തരപുരാണം അതിന്റെ പേരുകൊണ്ടുതന്നെ വിഷ്‌ണുധർമത്തിന്റെ ഒരു ഭാഗമാണെന്ന്‌ വന്നുചേരുന്നുവെന്ന്‌ ചിലർക്ക്‌ അഭിപ്രായമുണ്ട്‌. വിഷ്‌ണുധർമം എന്ന പൊതുവായ പേരിൽ ഇവ അറിയപ്പെടുന്നുവെന്നാണ്‌ അവരുടെ മതം. ഇവ രണ്ടും ഒന്നാണെന്ന്‌ അൽബിറുനി കണക്കാക്കുകയും വിഷ്‌ണുധർമോത്തരപുരാണത്തിൽ നിന്നുമുള്ള ഭാഗങ്ങള്‍ വിഷ്‌ണുധർമമെന്ന നിലയിൽ ഉദ്ധരിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാൽ ബൃഹദ്‌ധർമപുരാണം, വിഷ്‌ണുധർമോത്തരത്തെയും വിഷ്‌ണുധർമത്തെയും പ്രതേ്യകമായി കണക്കാക്കുകയും രണ്ടിനെയും ഉപപുരാണങ്ങളുടെ കൂട്ടത്തിൽ ഉള്‍ക്കൊള്ളിക്കുകയും ചെയ്‌തിട്ടുണ്ട്‌. ക്രിയായോഗസാരം, സനത്‌കുമാരപുരാണം, കൽക്കിപുരാണം, പുരുഷോത്തമപുരാണം, ബൃഹന്നാരദീയപുരാണം തുടങ്ങിയവ അപ്രധാനങ്ങളായ വൈഷ്‌ണവോപപുരാണങ്ങളുടെ കൂട്ടത്തിൽ ഉള്‍പ്പെടുന്നു. വിഷ്‌ണുധർമത്തിൽ 105 അധ്യായങ്ങളിലായി 4,000 ശ്ലോകങ്ങളുണ്ട്‌. സർവവിജ്ഞാനകോശമായ വിഷ്‌ണുധർമോത്തരപുരാണത്തിൽ മൂന്നു കാണ്ഡങ്ങളാണുള്ളത്‌. നാരസിംഹപുരാണം വൈഷ്‌ണവോപപുരാണങ്ങളിൽ അതിപ്രധാനമാണ്‌. നൃസിംഹപുരാണമെന്നും നാരസിംഹപുരാണമെന്നും ഇത്‌ അറിയപ്പെടുന്നു. ഇതിൽ 68 അധ്യായങ്ങളുണ്ട്‌. സാംഖ്യമതമനുസരിച്ചുള്ള പ്രപഞ്ചത്തിന്റെ ഉത്‌പത്തി, കാഷ്‌ഠം, കല, മുഹൂർത്തം, അഹോരാത്രം തുടങ്ങിയുള്ള സമയവിഭാഗങ്ങള്‍, ബ്രഹ്മാവിന്റെ ഉത്‌പത്തി, രുദ്രന്റെ ഉത്‌പത്തി തുടങ്ങിയവയാണ്‌ ഇതിലെ പ്രതിപാദ്യവിഷയം.

ശൈവോപപുരാണങ്ങള്‍. ലിംഗപുരാണം, വായുപുരാണം, സത്യപുരാണം തുടങ്ങിയവയാണ്‌ പ്രധാനപ്പെട്ട ശൈവോപപുരാണങ്ങള്‍. ശിവനെയാണ്‌ മുഖ്യമായി പ്രതിപാദിക്കുന്നതെങ്കിലും ആനുഷംഗികമായ മറ്റു പ്രസ്‌താവനകളും വിരളമല്ല. ലിംഗപുരാണത്തിലാണ്‌ ശൈവസിദ്ധാന്തങ്ങളുടെ സ്‌പഷ്‌ടമായിട്ടുള്ള പ്രതിപാദനം. അന്യപുരാണങ്ങളിലും ഈ വിഷയം ഏറെക്കുറെ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌. പ്രഥമാധ്യായത്തിലെ പ്രസ്‌താവനയിൽത്തന്നെ ശിവനെ ശബ്‌ദബ്രഹ്മരൂപമായി ചിത്രീകരിച്ചിരിക്കുന്നു. വേദങ്ങളിലും ദർശനങ്ങളിലും ഉപനിഷത്തുകളിലുമെല്ലാം സൃഷ്‌ടിയുടെ ആരംഭം ശബ്‌ദത്തിൽ നിന്നാണെന്ന്‌ പ്രസ്‌താവിക്കുന്നു. വ്യക്തം, അവ്യക്തം, വ്യക്താവ്യക്തമെന്ന്‌ ഭാരതീയാചാര്യന്മാർ ഈശ്വരനെക്കുറിച്ചു പറഞ്ഞിട്ടുള്ള മൂന്നു രൂപങ്ങളെ ലിംഗപുരാണത്തിൽ ശിവന്റെ മൂന്നു ഭാഗങ്ങളായി വർണിച്ചിട്ടുണ്ട്‌.

സൂര്യപുരാണത്തിൽ ശിവനെ പരബ്രഹ്മമായും പാർവതിയെ ശിവന്റെ ശക്തിയായും പ്രതിപാദിച്ചിരിക്കുന്നു. ശിവശക്തികള്‍ ചേർന്നാണ്‌ ഈ പ്രപഞ്ചത്തിന്റെ സൃഷ്‌ടിസ്ഥിതിസംഹാരങ്ങള്‍ നിർവഹിക്കുന്നത്‌. ബ്രഹ്മാവും വിഷ്‌ണുവും ഇന്ദ്രനുമെല്ലാം ശിവശക്തികളാൽ നിർമിക്കപ്പെട്ടതും ശിവന്റെ ഇച്ഛാനുസാരികളുമാണ്‌. വിഷ്‌ണു ശിവനെ സഹസ്രനാമം ചൊല്ലി സ്‌തുതിച്ചുവെന്നും അതിൽ സന്തുഷ്‌ടനായി സുദർശനചക്രം കൊടുത്തുവെന്നുമുള്ള കഥ ഇതിൽ പ്രസ്‌താവിച്ചു കാണുന്നു. ശൈവസമ്പ്രദായവിരോധിയും വൈഷ്‌ണവാചാര്യനുമായ മധ്വാചാര്യനെ ഇതിൽ ആക്ഷേപിച്ചിട്ടുണ്ട്‌. നൈമിശാരണ്യ പ്രശംസാദികഥനം, ശാപമഹിമാവർണനം തുടങ്ങി ശിവതീർഥകഥനത്തിലവസാനിക്കുന്ന നാല്‌പത്തൊന്‍പതു വിഷയങ്ങള്‍ ഇതിൽ വർണിക്കപ്പെട്ടിരിക്കുന്നു.

ശിവമഹാപുരാണത്തിലെ വായവീയസംഹിതയിൽ ഇതിനെ ചിലർ ഉള്‍പ്പെടുത്തുന്നു. അതനുസരിച്ച്‌ ഇത്‌ ഒരു ഉപപുരാണമാണ്‌; എന്നാൽ ഉള്ളടക്കത്തിലെ ചില ഭേദങ്ങളെ ആധാരമാക്കി ഇത്‌ പ്രതേ്യകം ഒരു മഹാപുരാണമാണെന്ന്‌ അവകാശപ്പെടുന്നവരുമുണ്ട്‌. മഹേശ്വരപുരാണം, നീലകണ്‌ഠസ്‌തുതി, ലിംഗോദ്‌ഭവസ്‌തുതി തുടങ്ങിയവയെയും മറ്റനേകം വിഷയങ്ങളെയും ഇതിൽ പ്രതിപാദിക്കുന്നുണ്ട്‌.ശാക്തോപപുരാണം. ശാക്തോപപുരാണങ്ങളിൽ കാളികാപുരാണം അദ്വിതീയമാണ്‌. ശക്തിപൂജയെ ആശ്രയിച്ച്‌ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥമാണിത്‌. ധർമശാസ്‌ത്രകാരന്മാരും നിബന്ധകാരന്മാരും അതാതവസരങ്ങളിൽ ഈ പുരാണത്തെ സാദരം ഉദ്ധരിക്കുന്നു. ഇപ്പോള്‍ ലബ്‌ധമായിട്ടുള്ള കാളികാപുരാണത്തിൽ 90 അധ്യായങ്ങളും 8,394 ശ്ലോകങ്ങളും ഉണ്ട്‌. ഇതിൽ ആദ്യത്തെ 45 അധ്യായങ്ങളെ പൂർവാർധമായും ബാക്കി 45 അധ്യായങ്ങളെ ഉത്തരാർധമായും കണക്കാക്കിവരുന്നു. പൂർവാർധം മിക്കവാറും ആഖ്യാനരൂപത്തിലാണ്‌. വിഷ്‌ണു, ശിവന്‍, മഹാമായ തുടങ്ങിയവരുടെ സ്‌തുതികളും ഇതിൽ ഉള്‍പ്പെടുന്നു. ഉത്തരാർധത്തിൽ കാമരൂപിണിയായ ദേവിയുടെ അനുഷ്‌ഠാനങ്ങളെയും വിവിധ പൂജാവിധികളെയും കുറിച്ചുള്ള വിശദമായ വിവരണങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ പ്രകരണത്തിൽ ശക്തിയുടെ അന്യരൂപങ്ങളായ "ത്രിപുര'യുടെ ഉപാസനയെക്കുറിച്ചും വിവരിച്ചിട്ടുണ്ട്‌. അതുകൊണ്ട്‌ പൂർവാർധത്തെക്കാള്‍ ഉത്തരാർധത്തെയാണ്‌ വളരെ ശ്രഷ്‌ഠമായി കണക്കാക്കി വരുന്നത്‌.

(കെ. ചന്ദ്രശേഖരന്‍ നായർ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍