This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഉപനയനം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഉപനയനം== വേദാധ്യയനത്തിന്‌ അർഹനാക്കത്തക്കവച്ചം ബ്രാഹ്മണബാല...)
അടുത്ത വ്യത്യാസം →

10:38, 8 ഏപ്രില്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഉപനയനം

വേദാധ്യയനത്തിന്‌ അർഹനാക്കത്തക്കവച്ചം ബ്രാഹ്മണബാലനെ ആചാര്യസന്നിധിയിലെത്തിക്കുന്ന ഷോഡശസംസ്‌കാരങ്ങളിൽ ഒന്ന്‌. അടുക്കലേക്ക്‌ (ഉപ)കൊണ്ടുവരുന്ന (നയിക്കുന്ന) സമ്പ്രദായം എന്നാണ്‌ ഈ പദത്തിനർഥം. ഈ കർമത്തിനുശേഷം ബാലന്‌ ഒരു പുതിയ ജന്മം ലഭിക്കുന്നു എന്ന വിവക്ഷയിലാണ്‌ ബ്രാഹ്മണന്‌ "ദ്വിജന്‍' എന്ന ശബ്‌ദം പര്യായമായി വന്നത്‌. ഈ ചടങ്ങിൽവച്ച്‌ ബാലന്‍ യജ്ഞോപവീതം (പൂണുനൂൽ), കൃഷ്‌ണാജിനം (മാന്‍തോൽ), മേഖല (ദർഭ, കുശ എന്നിവയിലേതെങ്കിലുംകൊണ്ടുള്ള അരഞ്ഞാണം), സവിധ (ചമത) എന്നിവ ധരിക്കുന്നു. ഇതിനുശേഷം സമാവർത്തനം കഴിയുന്നതുവരെയുള്ള മൂന്നോ നാലോ വർഷങ്ങള്‍ നീണ്ടുനിൽക്കുന്ന ബ്രഹ്മചര്യാവ്രതകാലത്ത്‌ ബാലന്‍ (ബ്രഹ്മചാരി) ഏകവസ്‌ത്രധാരിയായിരിക്കണമെന്ന്‌ നിഷ്‌ഠ ഉള്ളതിനാൽ കൗപീനമല്ലാതെ മറ്റു വസ്‌ത്രങ്ങള്‍ ഒന്നും ധരിക്കാന്‍ പാടുള്ളതല്ല. കർമാനുഷ്‌ഠാനങ്ങള്‍ക്കിടയ്‌ക്കും ആഹാരത്തിനിടയ്‌ക്കും സംസ്‌കൃതഭാഷയിലേ ആശയവിനിമയം നടത്താവൂ എന്നും വ്യവസ്ഥയുണ്ട്‌. തോലകവിയെക്കുറിച്ച്‌ അദ്ദേഹം "പനസി ദശായാം പാശി' (ചക്കി പത്തായത്തിൽ കയറി) എന്നു പറഞ്ഞുവെന്ന ഐതിഹ്യം ഈ ആചാരത്തിൽ നിന്ന്‌ ഉദ്‌ഭവിച്ചതാണ്‌.

ഗർഭത്തിൽ കിടക്കുന്ന പത്തുമാസവുംകൂടി കൂട്ടി ബാലന്‌ എട്ടുവയസ്സാകുമ്പോള്‍ ഉപനയനം നടന്നിരിക്കണമെന്നാണ്‌ കേരളീയമായ ആചാരവിധി. കാലേക്കൂട്ടി ഓത്ത്‌ (വേദം) ചൊല്ലിക്കണമെന്നുണ്ടെങ്കിൽ അഞ്ചിലോ ഏഴിലോ ആകാമെന്നും ആറിൽ അരുതെന്നും ശാങ്കരസ്‌മൃതി അനുശാസിക്കുന്നു. കുമാരന്‌ എട്ടുവയസ്സിൽ ഉപനയനം വിധിച്ച്‌ "അഷ്‌ടവർഷം ബ്രാഹ്മണം ഉപനിയത എന്നുണ്ടല്ലോ; ഉപനിയാതെ പതിനാറു വയസ്സു കഴിഞ്ഞുപോകിൽ കുമാരന്‍ പതിതനായിപ്പോം' എന്ന്‌ പുതുമനച്ചോമാതിരി എഴുതിയ ആചാരസംഗ്രഹം എന്ന ഒരു പ്രാചീനകൃതിയിൽ കാണുന്നുണ്ട്‌.

നാലുദിവസം നീണ്ടുനിൽക്കുന്ന സങ്കീർണമായ പല ചടങ്ങുകളോടെയാണ്‌ ഉപനയനകർമം നിർവഹിക്കപ്പെടുന്നത്‌. കുട്ടിയുടെ അച്ഛനോ അച്ഛനില്ലെങ്കിൽ തത്‌സ്ഥാനത്തിനർഹനായ പിതൃവ്യന്‍, മാതുലന്‍ തുടങ്ങി ആരെങ്കിലുമോ ആയിരിക്കും ഈ കർമങ്ങളുടെ അധികാരി. ഉപനയനത്തിനുശേഷം സമാവർത്തനം കഴിയുന്നതുവരെ കുട്ടി രാവിലെയും വൈകുന്നേരവും സന്ധ്യാവന്ദനത്തിനുശേഷം സവിധാഹോമം (ചമതഹോമം) കഴിക്കണമെന്നത്‌ നിർബന്ധമാണ്‌. അതുപോലെ രാവിലത്തെ ചടങ്ങുകളെല്ലാം കഴിഞ്ഞാൽ ഉപസ്ഥാനം എന്ന മാധ്യന്ദിനകർമം കഴിക്കാതെ യാതൊന്നും ഭക്ഷിക്കുവാനും പാടില്ല.

ഉപനയനത്തിനും സമാവർത്തനത്തിനും ഇടയ്‌ക്കുള്ള ബ്രഹ്മചര്യാവ്രതക്കാലത്ത്‌ അനവധി ചടങ്ങുകള്‍ക്കു "ബ്രഹ്മചാരി' വിധേയനാകുന്നു. സ്വന്തം ഗ്രാമത്തിൽ നിന്നു പുറത്തുപോകാന്‍ പാടില്ലാത്ത ഒരുതരം ബന്ധനമാണ്‌ ഈ കാലമത്രയും. ഉപാകർമം, വേദാരംഭം, അന്വാരംഭം, മഹാനാമ്‌ന്യുവ്രതം, ഉപനിഷദംവ്രതം, ഗോദാനം തുടങ്ങിയ ക്രിയകള്‍ ഈ കാലത്ത്‌ അനുഷ്‌ഠിച്ചിരിക്കണമെന്ന്‌ നിർബന്ധമുണ്ട്‌. ഉപനയനവും അതിനോടനുബന്ധിച്ചുള്ള ക്രിയകളും കഴിയാതെ വേദാഭ്യാസം ഒരിക്കലും പാടുള്ളതല്ല. ഈ നിയമം ദേവന്മാർക്കുപോലും ബാധകമാണത്ര. ദേവേന്ദ്രന്‍ നൂറ്റിയൊന്നു സംവത്സരക്കാലം ബ്രഹ്മചര്യാവ്രതം അനുഷ്‌ഠിച്ച്‌ പ്രജാപതിയിൽനിന്ന്‌ ആത്മവിദ്യ ഗ്രഹിച്ചതായി ഛാന്ദോഗ്യോപനിഷത്ത്‌ പറയുന്നു.

ബ്രാഹ്മണർക്കു പുറമേയുള്ള രണ്ടു ത്രവർണികരുടെ (ക്ഷത്രിയന്‍, വൈശ്യന്‍) ഇടയിലും ഉപനയനം നടപ്പുണ്ട്‌. ക്ഷത്രിയർക്ക്‌ 11-ാം വയസ്സിലും വൈശ്യർക്ക്‌ 12-ാം വയസ്സിലും വേണമെന്നാണ്‌ വിധിച്ചിരിക്കുന്നത്‌. ഈ വിശാലമായ വിഭാഗത്തിൽപ്പെടുത്താമോ എന്ന്‌ നിശ്ചയമില്ലെങ്കിലും കേരളത്തിൽ ചില അമ്പലവാസി വർഗങ്ങളുടെ ഇടയിലും ഉപനയനം ഉള്‍പ്പെടെയുള്ള മിക്ക ഷോഡശസംസ്‌കാര ക്രിയകളും നടന്നുവരുന്ന പതിവുണ്ട്‌. തിരുവിതാംകൂറിലെ വാരിയർ സമുദായാംഗങ്ങള്‍ അനുഷ്‌ഠിച്ചുവരുന്ന "ശിവദീക്ഷ' എന്ന ചടങ്ങ്‌ ഉപനയനകർമത്തോടു ചില സാധർമ്യങ്ങള്‍ വഹിക്കുന്നു.

ഉപനയനവുമായി ബന്ധപ്പെട്ട ചടങ്ങുകളിലും ചിട്ടകളിലും അനുഷ്‌ഠാനങ്ങളിലും കാലാനുസൃതമായ ചില മാറ്റങ്ങള്‍ പുതിയ കാലത്ത്‌ ഉണ്ടായിട്ടുണ്ട്‌. മറ്റു വിശ്വാസങ്ങളിൽ. ഉപനയനത്തിനു തുല്യമായ അനുഷ്‌ഠാനങ്ങള്‍ മറ്റു പല മതവിഭാഗങ്ങളുടെയും വിധികളിൽ കാണാന്‍ കഴിയും. "ആരംഭിക്കുക', "പരിശീലിപ്പിക്കുക', "പഠിപ്പിക്കുക' തുടങ്ങിയ അർഥങ്ങളുള്ള ഇനിത്തിയം (initium) എന്ന പദത്തിൽനിന്ന്‌ നിഷ്‌പന്നമായ ഇനിഷ്യേഷന്‍ (initiation)എന്ന ഇംഗ്ലീഷ്‌ ശബ്‌ദത്തെ ഉപനയനത്തിന്റെ ഭാഷാന്തരമായി സ്വീകരിക്കുന്നതിൽ തെറ്റില്ല. ഏതെങ്കിലും ഐഹികേതരശിക്ഷണക്രമത്തിന്റെ പ്രക്രിയകളിലേക്കോ പാരമ്പര്യങ്ങളിലേക്കോ ആനയിക്കുക എന്ന വിവക്ഷയിലാണ്‌ ഇനിഷ്യേഷന്‍ എന്ന പദം സാർവത്രികമായി ഉപയോഗിക്കപ്പെട്ടുവരുന്നത്‌. സാധാരണ അവിശ്വാസികള്‍ എന്നു വ്യവഹരിക്കപ്പെടുന്നവർക്ക്‌ പിടികൊടുക്കാത്ത ചില നിഗൂഢപ്രക്രിയകള്‍ ഇതോടൊന്നിച്ച്‌ പല പ്രാകൃത ജനസമൂഹങ്ങളിലും പ്രചരിച്ചിരുന്നു. ഈ പദത്തിന്റെ ധാതുവായ ഇനിത്തിയ (initia) എന്ന ലത്തീന്‍ ശബ്‌ദത്തിന്റെ അർഥം "രഹസ്യം' എന്നാണ്‌. ചിലപ്പോള്‍ അനുഗ്രഹാത്മകവും ചിലപ്പോള്‍ ഉപദ്രവകാരിയും എന്നാൽ എപ്പോഴും ഭയപ്പെടേണ്ടതും അപഗ്രഥനക്ഷമമല്ലാത്തതും അജ്ഞേയവുമായ ഒരു അഭൗമലോകത്തിന്റെ രഹസ്യങ്ങള്‍ തങ്ങള്‍ സ്വാധീനമാക്കിവച്ചിട്ടുണ്ടെന്ന്‌ അവകാശപ്പെടുന്നവരാണ്‌ അന്യർക്ക്‌ അവിടേക്കുള്ള പ്രവേശനം സുഗമമാക്കിക്കൊടുക്കാമെന്നു പറയുന്നത്‌. ആദിമജനവർഗങ്ങളെ സംബന്ധിച്ചിടത്തോളം ആ "ഉപനയന' പ്രക്രിയ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു രീതിയിൽ എവിടെയും പ്രചരിച്ചിരുന്നു. ശൈശവബാല്യങ്ങള്‍ കഴിഞ്ഞ്‌ ബാലികാബാലന്മാർ കൗമാരദിശയിലേക്കു കടക്കുമ്പോഴാണ്‌ ഈ ചടങ്ങുകള്‍ നടത്തിവന്നത്‌. ലോകത്തിന്റെ ഏറ്റവും അകന്ന മൂലകളിൽ വസിച്ചുകൊണ്ടിരുന്ന ജനവിഭാഗങ്ങള്‍ നടത്തുന്ന ഈ ചടങ്ങുകളുടെ വിശദാംശങ്ങളിൽ ചില വൈജാത്യങ്ങള്‍ കാണാനുണ്ടാകുമെന്നിരുന്നാലും സമാനതകളുള്ള ചില പ്രാകൃത നൃത്തപരിപാടികള്‍ ഇവയ്‌ക്കെല്ലാം ഉണ്ടായിരുന്നു.

ബുദ്ധമതത്തിൽ ഒരു "സംഘ'ത്തിലെ അംഗമായി നിത്യബ്രഹ്മചര്യത്തിലേക്കു പ്രവേശിക്കുന്നതിനുമുമ്പ്‌ ഒരാള്‍ "പ്രവ്രജ്യ' (ചുറ്റിത്തിരിഞ്ഞുകൊണ്ടുള്ള വാനപ്രസ്ഥം), "ഉപസംപദം' (ഭിക്ഷുമാർഗത്തിലേക്കുള്ള പ്രവേശനം) എന്നീ രണ്ടു പടികള്‍ തരണം ചെയ്യേണ്ടിയിരിക്കുന്നു. ക്രിസ്‌ത്യാനികളുടെയും ജൂതന്മാരുടെയും കാര്യത്തിൽ ജ്ഞാനസ്‌നാനമാണ്‌ ഉപനയനത്തിന്റെ സ്ഥാനം വഹിക്കുന്നത്‌; അതിനുശേഷം മാത്രമേ ഒരാള്‍ യഥാർഥത്തിൽ ആ മതസ്ഥനായിത്തീരുകയുള്ളൂ. പാഴ്‌സികളുടെയിടയിൽ ശിശുവിനെ ആദ്യം "നവ്‌ജ്യോത്‌' എന്നും പിന്നീട്‌ "നാവർ' എന്നുമുള്ള രണ്ടു കർമങ്ങള്‍ക്കു വിധേയനാക്കിവന്നു; ആദ്യത്തേത്‌ സരതുഷ്‌ട്രമതത്തിലേക്കും രണ്ടാമത്തേത്‌ വൈദികപദവിയിലേക്കുമുള്ള പ്രവേശനത്തെയാണു കുറിക്കുന്നത്‌.

പ്രാചീന റോമന്‍സംസ്‌കാരത്തിൽ, ജീവിതരഹസ്യങ്ങളിലേക്കും ധർമബോധനങ്ങളിലേക്കും ആനയിക്കപ്പെടുന്നതിനുമുമ്പ്‌ ഒരു ബാലന്‍ ചില പരീക്ഷകള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയനാകേണ്ടതുണ്ടായിരുന്നു. തിബത്തിൽ ഒരാള്‍ക്കു ഒരു മതവിശ്വാസത്തിൽ-ഇവിടെ ബുദ്ധമതം-അംഗത്വം നല്‌കപ്പെടുന്നതിന്റെ ചില തെളിവുകള്‍ ശേഖരിക്കുന്ന പതിവുണ്ട്‌. എട്ടും പന്ത്രണ്ടും വയസ്സിനു മധ്യത്തിലുള്ള ഒരു മകനെയുംകൊണ്ട്‌ ഒരാള്‍ നേരിട്ട്‌ വിഹാരത്തിൽച്ചെന്ന്‌ അവിടത്തെ ഭിക്ഷു ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക്‌ തൃപ്‌തികരമായി ഉത്തരം നൽകിക്കഴിഞ്ഞതിനുശേഷം മാത്രമേ, ആ ബാലന്‍ സ്വീകരിക്കപ്പെടുമായിരുന്നുള്ളൂ. കുട്ടി ഒരു കശാപ്പുകാരന്റെയോ ലോഹപ്പണിക്കാരന്റെയോ പുത്രനല്ലെന്നും മാനസികമായും ശാരീരികമായും അവന്‌ വികല്‌പമൊന്നുമില്ലെന്നും അധികാരിയായ ഭിക്ഷുവിനെ ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടത്‌ അച്ഛന്റെ (രക്ഷാകർത്താവിന്റെ) കടമയാണ്‌. പിന്നീട്‌ ഇതുപോലെ പ്രവേശനം നല്‌കപ്പെട്ട മറ്റ്‌ അധ്യേതാക്കളുമൊത്ത്‌ മുണ്ഡിതശിരസ്‌കനും പീതവസ്‌ത്രധാരിയുമായ ഈ കുട്ടിയും അനവധി വർഷത്തെ പഠനപരിശീലനങ്ങള്‍ കഴിഞ്ഞിട്ട്‌ ഒരു യഥാർഥ ഭിക്ഷുവായിത്തീരുന്നു. ഒരു കാരണവശാലും 16 വയസ്‌ തികയുംമുമ്പ്‌ ആരും ഭിക്ഷുവായിത്തീരുന്നില്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%89%E0%B4%AA%E0%B4%A8%E0%B4%AF%E0%B4%A8%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍