This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇന്‍ഷ്വറന്‍സ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇന്‍ഷ്വറന്‍സ് == == Insurance == സാമ്പത്തികനഷ്‌ടം ലഘൂകരിക്കുന്നതി...)
അടുത്ത വ്യത്യാസം →
01:58, 30 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഇന്‍ഷ്വറന്‍സ്
Insurance
സാമ്പത്തികനഷ്‌ടം ലഘൂകരിക്കുന്നതിനുള്ള ഒരു പദ്ധതി. അവിചാരിതമായ ആപത്തിൽനിന്നുളവാകുന്ന സാമ്പത്തികനഷ്‌ടത്തെ സംബന്ധിച്ചിടത്തോളം അനിശ്ചിതത്വത്തിനുപകരം സുനിശ്ചിതത്വം പ്രദാനം ചെയ്യുകയാണ് ഇന്‍ഷ്വറന്‍സ് കൊണ്ടുദ്ദേശിക്കുന്നത്. ഇന്‍ഷ്വർ ചെയ്യുന്നവരിൽനിന്നും ഒരു നിശ്ചിത വിഹിതം പിരിച്ചെടുത്ത് അവരെ പൊതുവേ ബാധിക്കുന്ന സാമ്പത്തിക നഷ്‌ടസാധ്യതയെ ഇല്ലാതാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
മരണം, അപകടം എന്നീ യാദൃച്ഛികസംഭവങ്ങള്‍മൂലം ഉണ്ടാകാവുന്ന നഷ്‌ടങ്ങള്‍ക്ക് പരിഹാരം കൊടുത്തുകൊള്ളാമെന്ന കരാറാണ് ഇന്‍ഷ്വറന്‍സിന്റെ അടിസ്ഥാനതത്ത്വം. ഇങ്ങനെ നഷ്‌ടം കൊടുത്തുകൊള്ളാമെന്നു വാഗ്‌ദാനം ചെയ്യുന്ന വ്യക്തിയെയോ സ്ഥാപനത്തെയോ ഇന്‍ഷ്വറർ (insurer) എന്നും വാഗ്‌ദാനം സ്വീകരിക്കുന്ന വ്യക്തിയെ ഇന്‍ഷ്വേഡ് (insured) എന്നും പറയുന്നു. ഇംഗ്ലണ്ടിൽ ഇന്‍ഷ്വർ ചെയ്‌തിട്ടുള്ളവരെ അഷ്വേർഡ് (assured) എന്നും പറയാറുണ്ട്. ഇതു രണ്ടും ഏകദേശം പര്യായങ്ങളായി ഇന്ന് ഉപയോഗിച്ചുവരുന്നു. ഇംഗ്ലണ്ടിൽ ലൈഫ് ഇന്‍ഷ്വറന്‍സിന് "അഷ്വറന്‍സ്' എന്നും മറ്റു വിഭാഗത്തിലുള്ളവയ്‌ക്ക് ഇന്‍ഷ്വറന്‍സ് എന്നും പറഞ്ഞുവരുന്നു. യു.എസ്സിൽ "ഇന്‍ഷ്വറന്‍സ്' എന്ന സംജ്ഞയ്‌ക്കാണ് കൂടുതൽ പ്രചാരവും അംഗീകാരവുമുള്ളത്. ഇന്ത്യയിലും ഇന്‍ഷ്വറന്‍സ് എന്ന പദമാണ് ഉപയോഗിച്ചുവരുന്നത്. ഇന്‍ഷ്വററും ഇന്‍ഷ്വേഡും തമ്മിലുള്ള കരാറിന്റെ രേഖയാണ് "പോളിസി'. തവണകള്‍ക്ക് "പ്രീമിയം' (premium) എന്നു പേർ പറയുന്നു. ഇന്‍ഷ്വറന്‍സ് കരാറിന്റെ പ്രത്യേകത പരമമായ ഉത്തമവിശ്വാസമാണ്. ഇത് ഇന്‍ഷ്വറന്‍സിനെ മറ്റു കരാറുകളിൽനിന്നും വേർതിരിക്കുന്നു. ഇന്‍ഷ്വറന്‍സ് കരാറിൽ ഏർപ്പെടുന്ന കക്ഷികള്‍, കരാറിനോടു ബന്ധപ്പെട്ട വസ്‌തുതകള്‍ എല്ലാംതന്നെ വെളിപ്പെടുത്തണമെന്നുണ്ട്. ഇന്‍ഷ്വറന്‍സിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഇതു ബാധകമാണുതാനും. ഇന്‍ഷ്വറന്‍സ് കരാറിന് സാധുത്വം ലഭിക്കണമെങ്കിൽ ഇന്‍ഷ്വർ ചെയ്യുന്ന ആളിന് ഇന്‍ഷ്വർ ചെയ്യുന്ന വസ്‌തുവിന്മേൽ ഇന്‍ഷ്വറന്‍സ് താത്‌പര്യം(insurable interest) ഉണ്ടായിരിക്കേണ്ടതുണ്ട്.
ഇന്‍ഷ്വറന്‍സിന്റെ മറ്റൊരു തത്ത്വമാണ് നഷ്‌ടോത്തരവാദം (indemnity). വ്യക്തികളെ സംബന്ധിക്കുന്ന ഇന്‍ഷ്വറന്‍സ് ഒഴികെ മറ്റെല്ലാ വിഭാഗത്തിലും യഥാർഥ നഷ്‌ടത്തിനു മാത്രമേ നഷ്‌ടോത്തരവാദമുള്ളൂ. ഇന്‍ഷ്വർ ചെയ്യപ്പെട്ട സംഭവത്തിനു മുമ്പുള്ള നില പുനഃസ്ഥാപിക്കുകയാണ് ഇന്‍ഷ്വറർ ചെയ്യുന്നത്. എന്നാൽ എല്ലാ നഷ്‌ടസാധ്യതകളും ഇന്‍ഷ്വർ ചെയ്യാവുന്നവയല്ല. ഉദാ. വ്യാപാരമാന്ദ്യം, യുദ്ധം മുതലായവ കൊണ്ടുണ്ടാകുന്ന നഷ്‌ടം ഇന്‍ഷ്വറന്‍സ് പദ്ധതിയിൽക്കൂടി നികത്താവുന്നതല്ല. അവ നേരിടുന്നതിന് സാമൂഹികസംരക്ഷണനടപടികള്‍കൊണ്ടു മാത്രമേ കഴിയൂ.
ഇന്‍ഷ്വറന്‍സിനെ പൊതുവേ രണ്ടായി തരംതിരിക്കാം:
(1) വ്യക്തികളെ സംബന്ധിക്കുന്ന ഇന്‍ഷ്വറന്‍സ് (personal insurance) മരണം, രോഗം, അംഗവൈകല്യം എന്നിവകൊണ്ട് വ്യക്തികള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്‌ടത്തെ പരിഹരിക്കുന്നതാണിത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ലൈഫ് ഇന്‍ഷ്വറന്‍സ് ആണ്. ശാരീരിക അവശതകള്‍ക്കുള്ള ഇന്‍ഷ്വറന്‍സ്, തൊഴിലില്ലായ്‌മ ഇന്‍ഷ്വറന്‍സ് എന്നിവയും ഇക്കൂട്ടത്തിൽ പ്പെടുന്നു; (2) വസ്‌തുവകകളെ സംബന്ധിച്ച ഇന്‍ഷ്വറന്‍സ് (property insura-nce)-തീപിടുത്തം, കടൽക്ഷോഭം, മോഷണം, വിശ്വാസവഞ്ചന എന്നീ അവിചാരിതസംഭവങ്ങള്‍ മൂലം വസ്‌തുവകകള്‍ക്കു നേരിടുന്ന നഷ്‌ടത്തിനു പരിഹാരം നല്‌കപ്പെടുന്നു. വസ്‌തുവകകളെ സംബന്ധിച്ച ഇന്‍ഷ്വറന്‍സിൽപ്പെട്ടതാണ് അഗ്നി ഇന്‍ഷ്വറന്‍സ് (fire insurance), മറൈന്‍ ഇന്‍ഷ്വറന്‍സ്, കടബാധ്യതയ്‌ക്കെതിരായ ഇന്‍ഷ്വറന്‍സ് (liability insurance) അവിചാരിത സംഭവങ്ങള്‍മൂലം സ്വത്തുക്കള്‍ക്കു നഷ്‌ടം ഭവിക്കുന്നതിനു പരിഹാരമായുള്ള ഇന്‍ഷ്വറന്‍സ് (casualty insurance), വിശ്വാസവഞ്ചനമൂലം ഉണ്ടാകുന്ന നഷ്‌ടത്തിനു പരിഹാരമായുള്ള ഇന്‍ഷ്വറന്‍സ് എന്നിവ. ഇന്‍ഷ്വറന്‍സിന്റെ വിജയകരമായ പ്രവർത്തനത്തിന് ചില ഉപാധികള്‍ ഉണ്ട്. ഇന്‍ഷ്വറന്‍സിന്റെ നഷ്‌ടബാധ്യത വളരെപ്പേരെ ബാധിക്കുന്നതായിരിക്കണം; അവ മാപനത്തിനു വിധേയമായിരിക്കണം; യഥാർഥവുമായിരിക്കണം. നഷ്‌ടസാധ്യതയ്‌ക്കു വിധേയരാകുന്നവർ നഷ്‌ടത്തെക്കുറിച്ചും അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ചും ബോധവാന്മാരായിരിക്കണം; ഇന്‍ഷ്വർ ചെയ്യുന്നവർക്ക് തവണ (premium) അടയ്‌ക്കുവാനുള്ള സാമ്പത്തികശേഷി ഉണ്ടായിരിക്കണം. ഉണ്ടാകാവുന്ന നഷ്‌ടത്തിന്റെ വ്യാപ്‌തി ഇന്‍ഷ്വർചെയ്യുന്നയാളിന് കഷ്‌ടനഷ്‌ടങ്ങളുണ്ടാക്കാന്‍ പര്യാപ്‌തമായിരിക്കണം. നഷ്‌ടഹേതു ആകസ്‌മികവും അപ്രതീക്ഷിതവുമായിരിക്കണം. അതായത്, അവ ഇന്‍ഷ്വർ ചെയ്യുന്നവരുടെ ആഗ്രഹത്തിനനുസരിച്ചായിരിക്കരുത്. ഇന്‍ഷ്വറന്‍സ് സംരക്ഷണം നല്‌കുന്നതിനതീതമായ കൊടുംവിപത്തുകള്‍മൂലമുള്ള നഷ്‌ടസാധ്യതയും ഉണ്ടായിരിക്കരുത്.
ചരിത്രം. ആസൂത്രിതസമൂഹത്തിന്റെ തുടക്കം മുതല്‌ക്കേ ഇന്‍ഷ്വറന്‍സ് എന്ന ആശയം നിലവിലിരുന്നുവെന്നതിന് തെളിവുകളുണ്ട്. ഇന്ത്യയിൽ ഏതാണ്ട് 3000 കൊല്ലം മുമ്പേതന്നെ ഇന്‍ഷ്വറന്‍സിന്റെ ഒരു രൂപം നിലവിലിരുന്നുവെന്ന് ഋഗ്വേദത്തിൽ സൂചനകളുണ്ട്. മനുസ്‌മൃതിയിലും ഹമ്മുറാബിയുടെ നിയമത്തിലും ഇതിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. ബി.സി. നാലാം ശതകം മുതൽ ഗ്രീസിലും ബോട്ടംറി കരാറുകള്‍ നിലവിലിരുന്നു. കപ്പൽ പണയംവച്ചു പണം വാങ്ങുന്ന രീതിയാണ് ബോട്ടംറി. യാത്രയ്‌ക്കിടയിൽ കപ്പൽ നശിച്ചുപോകുകയാണെങ്കിൽ വായ്‌പ മടക്കി അടയ്‌ക്കേണ്ടതില്ല എന്നാണ് ഇതിന്റെ വ്യവസ്ഥ. വായ്‌പയുടെ പലിശയിൽ ഇന്‍ഷ്വറന്‍സിന്റെ "റിസ്‌കും' അടങ്ങിയിരുന്നു. പ്രാചീന റോമന്‍ നിയമത്തിൽ ബോട്ടംറി കരാറിനെ സംബന്ധിച്ച വകുപ്പുകള്‍ ഉണ്ടായിരുന്നു. ഇതിന്റെ ആധുനിക രൂപമാണ് 15-ാം ശതകത്തിൽ വികാസം പ്രാപിച്ച മറൈന്‍ ഇന്‍ഷ്വറന്‍സ്.
1666-ൽ ലണ്ടനിൽ ഉണ്ടായ വമ്പിച്ച അഗ്നിബാധയെത്തുടർന്നാണ് ഇംഗ്ലണ്ടിൽ അഗ്നിഇന്‍ഷ്വറന്‍സ് രൂപംകൊണ്ടത്. ഇന്‍ഷ്വറന്‍സിന്റെ വികസനത്തിൽ സുപ്രധാനമായ പങ്കുവഹിച്ച സ്ഥാപനമാണ് ഇംഗ്ലണ്ടിലെ ലോയിഡ്‌സ്. വ്യാപാരികളും ബാങ്കുകാരും ഇന്‍ഷ്വറന്‍സ് അണ്ടർറൈറ്റേഴ്‌സും ബിസിനസ്സുകള്‍ നടത്തിയിരുന്നത് കോഫിഹൗസുകളിൽ വച്ചായിരുന്നു. എഡ്വേർഡ് ലോയിഡ് സ്ഥാപിച്ച കോഫിഹൗസ് പിന്നീട് 'ലോയിഡ്‌സ്' എന്ന പേരിൽ ഇന്‍ഷ്വറന്‍സ് ബിസിനസ് നടത്തുന്നവരുടെ സ്ഥാപനമായി വളർന്നു. ലോയിഡ് തന്റെ വരിക്കാർക്ക് ഷിപ്പിങ്ങിനെസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചു നല്‌കുമായിരുന്നു. കപ്പൽ ഡോക്കുകളിൽനിന്നും മറ്റു സ്ഥലങ്ങളിൽനിന്നും ശേഖരിച്ചുവന്ന ഈ വിവരങ്ങളാണ് പിന്നീട് പ്രശസ്‌തിയാർജിച്ച ലോയിഡ്‌സ് ലിസ്റ്റ് ആയി വളർന്നത്. ഇംഗ്ലണ്ടിലെ ആദ്യത്തെ ഇന്‍ഷ്വറന്‍സ് കരാർ 1583-ൽ നടന്നുവെന്ന് കരുതപ്പെടുന്നു. യു.എസ്സിൽ ആദ്യത്തെ ഇന്‍ഷ്വറന്‍സ് കമ്പനി സ്ഥാപിച്ചത് ബഞ്ചമിന്‍ ഫ്രാങ്ക്‌ളിന്‍ ആണ്.
ഇന്ത്യ. ഇന്ത്യയിൽ ഇന്‍ഷ്വറന്‍സ് ആരംഭിച്ചത് 18-ാം ശതകത്തിലാണ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാക്കമ്പനിയുടെ ഭരണകാലത്ത് പല മറൈന്‍ ഇന്‍ഷ്വറന്‍സ് കമ്പനികളും പ്രവർത്തനം നടത്തിയിരുന്നു. 1818-ൽ കൽക്കത്തയിൽ ആരംഭിച്ച ഓറിയന്റൽ ഇന്‍ഷ്വറന്‍സ് കമ്പനിയാണ് ഇന്ത്യയിലെ ആദ്യത്തെ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനി. ബ്രിട്ടീഷുകാരുടെ മേൽനോട്ടത്തിലായിരുന്നു പ്രസ്‌തുത കമ്പനിയുടെ പ്രവർത്തനം. 1905-ൽ ഇന്ത്യയിൽ സ്വദേശ ഇന്‍ഷ്വറന്‍സ് കമ്പനികള്‍ നിലവിൽവന്നു. ഹിന്ദുസ്ഥാന്‍ കോപ്പറേറ്റ്‌സ്, യുണൈറ്റഡ് ഇന്ത്യാ, നാഷണൽ ജനറൽ, ഇന്ത്യന്‍ മർക്കന്റയിൽ എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു. പിന്നീട് ന്യൂ ഇന്ത്യ, ജൂപ്പിറ്റർ, ലക്ഷ്‌മി എന്നീ ലൈഫ് ഇന്‍ഷ്വറന്‍സ് കമ്പനികളും പ്രവർത്തനമാരംഭിച്ചു. 1912-ലാണ് ഇന്ത്യന്‍ ലൈഫ് അഷ്വറന്‍സ് കമ്പനീസ് ആക്‌റ്റ് നിലവിൽ വന്നത്.
ഇന്‍ഷ്വറന്‍സിന്റെ സന്ദേശം ജനങ്ങളിൽ എത്തിക്കണമെന്ന ഉദ്ദേശ്യത്തോടെ 1956 സെപ്‌റ്റംബർ 19-ന് ലൈഫ് ഇന്‍ഷ്വറന്‍സ് ബിസിനസ് ദേശസാത്‌കരിക്കപ്പെട്ടു. ഒപ്പം ഇന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് ശൃംഖലയായ ലൈഫ് ഇന്‍ഷ്വറന്‍സ് കോർപ്പറേഷനും രൂപവൽക്കരിച്ചു. 1938-ലെ ഇന്‍ഷ്വറന്‍സ് നിയമമാണ് ഇന്ത്യയിലെ ഇന്‍ഷ്വറന്‍സ് ബിസിനസ്സിന്റെ നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനം. ലൈഫ് ഇന്‍ഷ്വറന്‍സിനു പുറമേ 1973-ൽ ജനറൽ ഇന്‍ഷ്വറന്‍സ് ബിസിനസ്സും ദേശസാത്‌കരിക്കപ്പെട്ടു. 1956-57 കാലയളവിലെ 5.6 മില്യണ്‍ പോളിസി ഉടമകളിൽ നിന്നും 2010-2012 എത്തുമ്പോള്‍ 350 മില്യണ്‍ പോളിസികളായി എൽ.ഐ.സി വളർന്നു. ഏതാണ്ട് 2000-ത്തിലധികം ശാഖകള്‍ ഇന്ന് എൽ.ഐ.സി.ക്കുണ്ട്. വ്യക്തിഗത ഇന്‍ഷ്വറന്‍സിൽ നിന്നും 70-കളോടെ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സിലേക്ക് വികസിക്കുകയും 80-കളോടെ പെന്‍ഷന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്‌തു. 1973-ൽ 220 കോടി രൂപയായിരുന്ന ജനറൽ ഇന്‍ഷ്വറന്‍സിന്റെ അറ്റാദായം 2010-2012-ൽ 2234 കോടി രൂപയായി വർധിച്ചു. 1993-ൽ മൽഹോത്ര കമ്മിറ്റി ഇന്ത്യന്‍ ഇന്‍ഷ്വറന്‍സ് വ്യവസായത്തിന് ഒരു പുതിയ പ്രവർത്തനരേഖ തയ്യാറാക്കി സമർപ്പിക്കുകയുണ്ടായി. സ്വകാര്യ മേഖലയോടും മാറുന്ന കാലഘട്ടത്തോടും മത്സരിക്കത്തക്കവിധം ഘടനാപരമായ മാറ്റങ്ങള്‍ നിർദേശിക്കുന്നതായിരുന്നു മൽഹോത്ര കമ്മിറ്റി ശിപാർശകള്‍.
1999-ലെ ഇന്‍ഷ്വറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് ആക്‌റ്റ് (IRDA) ഇന്ത്യയിലെ ഇന്‍ഷ്വറന്‍സ് വരിക്കാരുടെ താത്‌പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും കമ്പനികളുടെ പ്രവർത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനും ആവശ്യമായ നിയമങ്ങള്‍ കൊണ്ടുവന്നു. ഐ.ആർ.ഡി.എ. ചട്ടം നിലവിൽ വന്നതോടെ 2000-ത്തിൽ ഇന്‍ഷ്വറന്‍സ് മേഖലയിൽ സ്വകാര്യ കമ്പനികള്‍ക്ക് പങ്കാളിത്തം ലഭിച്ചു. 49 ശതമാനം വരെ വിദേശനിക്ഷേപം ഇന്ത്യയിലെ ഇന്‍ഷ്വറന്‍സ് മേഖലയിൽ അനുവദനീയമാണ്.