This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്‍ മെമ്മോറിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇന്‍ മെമ്മോറിയം == == In Memoriam == വിക്‌ടോറിയന്‍ കാലഘട്ടത്തിൽ ഇംഗ്ല...)
അടുത്ത വ്യത്യാസം →

00:20, 29 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്‍ മെമ്മോറിയം

In Memoriam

വിക്‌ടോറിയന്‍ കാലഘട്ടത്തിൽ ഇംഗ്ലണ്ടിന്റെ ആസ്ഥാന മഹാകവിപദം വഹിച്ച ആൽഫ്രഡ്‌ ടെനിസണ്‍ രചിച്ച വിലാപകാവ്യം. പ്രസ്‌തുത കാലഘട്ടത്തിലെ കവിതാരംഗത്തെയും ചിന്താലോകത്തെയും ആകെ സ്വാധീനിച്ച ഈ കൃതി കവിതന്നെ വിക്‌ടോറിയ റാണിയെ വായിച്ചുകേള്‍പ്പിച്ചു എന്നും റാണി അത്യധികം അഭിനന്ദിച്ചു എന്നുമുള്ള കഥ പ്രസിദ്ധമാണ്‌. തന്റെ ഉറ്റതോഴനും പ്രതിഭാശാലിയുമായിരുന്ന എ.എച്ച്‌. ഹല്ലാമിന്റെ ചരമത്തിൽ മനംനൊന്ത കവിയുടെ വിലാപമാണ്‌ ഇതിലെ പ്രതിപാദ്യം. ഏതാണ്ട്‌ ഒന്നര വ്യാഴവട്ടക്കാലത്തെ നിരന്തരമായ മനനത്തിനും രചനാതപസ്യയ്‌ക്കുംശേഷം 1850-ലാണ്‌ ഈ കൃതി പ്രകാശനം ചെയ്‌തത്‌. വ്യക്തിഗതമായ ശോകം കാവ്യരചന പുരോഗമിച്ച മുറയ്‌ക്ക്‌ ആറിത്തണുക്കുകയും, പിന്നീടങ്ങോട്ട്‌ മനുഷ്യന്റെ ജനിമൃതികളെയും സുഖദുഃഖാദികളെയും നിത്യജീവിതസത്യങ്ങളെയും പ്രപഞ്ചാരംഭംതൊട്ടുള്ള സനാതന പ്രശ്‌നങ്ങളെയും ചുറ്റിപ്പറ്റി കവിതയിലെ പ്രമേയം വളർന്നുപന്തലിക്കുകയും ചെയ്യുന്ന കാഴ്‌ചയാണ്‌ ഇതിൽ കാണുന്നത്‌. വിക്‌ടോറിയന്‍ യുഗത്തിന്റെ സവിശേഷ മുദ്രയായ മതവിശ്വാസവും ശാസ്‌ത്രീയവീക്ഷണവും തമ്മിലുള്ള സംഘട്ടനത്തിന്റെ അലയൊലികള്‍ ഈ ദാർശനിക കവിതയിലെ പല ഖണ്ഡങ്ങളിലും മുഴങ്ങുന്നു. ആകെ 132 ഖണ്ഡങ്ങളും ഉപക്രമവും അടങ്ങുന്ന ഈ ദീർഘകാവ്യത്തിൽനിന്ന്‌ കവിയുടെ താത്ത്വികമായ നിലപാട്‌ ശരിക്കും വ്യക്തമാകുന്നില്ല. അദ്ദേഹം ശാസ്‌ത്രചിന്തയെ നിഷേധിക്കുന്നില്ലെങ്കിലും, അതിനെ നിരുപാധികം സ്വീകരിക്കാന്‍ ഒരുക്കമില്ല; അതേസമയം മതപക്ഷത്തോട്‌ ചാഞ്ഞുനില്‌ക്കാനുള്ള വിശ്വാസദാർഢ്യം പ്രകടമാക്കുന്നുമില്ല. സംശയത്തിന്റെ ധൂമപടലത്തിൽപ്പെട്ട്‌ "ബിഹൈന്‍ഡ്‌ ദ്‌ വെയ്‌ൽ, ബിഹൈന്‍ഡ്‌ ദ്‌ വെയ്‌ൽ!' (Behind the veil, Behind the veil!) എന്നു വിലപിക്കുന്ന ഇതിലെ മനുഷ്യാത്മാവിന്റെ ചിത്രം ഹൃദയസ്‌പർശകമാണ്‌. ടി.എസ്‌. എലിയട്ട്‌ ചൂണ്ടിക്കാട്ടുന്നതുപോലെ, ഈ കൃതിയിലെ ആധ്യാത്മികത അതിന്റെ വിശ്വാസത്തിന്റെ ശക്തികൊണ്ടാണ്‌ ഗുണപൂർണമായിരിക്കുന്നത്‌. ടെനിസന്റെ സംഗീതാത്മകമായ ലളിതകാവ്യശൈലിക്ക്‌ ഈ കൃതി നല്ലൊരു നിദർശനമാണ്‌.

(വിഷ്‌ണുനാരായണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍