This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ദിര ഹിന്ദുജ, ഡോ. (1947 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇന്ദിര ഹിന്ദുജ, ഡോ. (1947 - ) == ഇന്ത്യയിൽ വന്ധ്യതാ ചികിത്സയിൽ നാഴി...)
അടുത്ത വ്യത്യാസം →

06:45, 23 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ദിര ഹിന്ദുജ, ഡോ. (1947 - )

ഇന്ത്യയിൽ വന്ധ്യതാ ചികിത്സയിൽ നാഴികക്കല്ലുകളായ നിരവധി നേട്ടങ്ങള്‍ക്കു പിന്നിൽ പ്രവർത്തിച്ച വൈദ്യശാസ്‌ത്ര പ്രതിഭ.

1947-ൽ ഇന്ദിര ഹിന്ദുജ ഷിഖർപൂറിൽ (ഇന്നത്തെ പാകിസ്‌താന്‍) ജനിച്ചു. വിഭജനാനന്തരം ഇന്ത്യയിലേക്ക്‌ കുടിയേറിയ ഇവർ മുംബൈ, ബെൽഗാം എന്നിവിടങ്ങളിലാണ്‌ വിദ്യാഭ്യാസം നടത്തിയത്‌. സ്‌ത്രീരോഗവിജ്ഞാനീയ(Gynaecology)ത്തിലും സൂതികർമവിദ്യ(Obstetrics)യിലും ഡോ. ഇന്ദിര എം.ഡി. ബിരുദം കരസ്ഥമാക്കി. ഇതിനുശേഷം മുംബൈയിലെ സേത്ത്‌ ജി.എസ്‌. മെഡിക്കൽ കോളജിലും കിങ്‌ എഡ്വേർഡ്‌ മെമ്മോറിയൽ (കെ.ഇ.എം.) ആശുപത്രിയിലും സേവനമനുഷ്‌ഠിച്ചുകൊണ്ടിരുന്ന സമയം ഗവേഷണത്തിലും വ്യാപൃതയായിരുന്ന ഇവർ "ഹ്യൂമന്‍ ഇന്‍വിട്രാ ഫെർട്ടിലൈസേഷന്‍ ആന്‍ഡ്‌ എംബ്രിയോ ട്രാന്‍സ്‌ഫർ' എന്ന ഗവേഷണപ്രബന്ധത്തിന്റെ അടിസ്ഥാനത്തിൽ മുംബൈ സർവകലാശാലയിൽ നിന്ന്‌ ഡോക്‌ടറേറ്റ്‌ ബിരുദവും നേടുകയുണ്ടായി. ശസ്‌ത്രക്രിയയിലും പരീക്ഷണാത്മക ഭ്രൂണശാസ്‌ത്രം (Experimental embryology), അന്തഃസ്രാവ ഗ്രന്ഥീവിജ്ഞാനം (Endocrinology), കോശ ജീവശാസ്‌ത്രം(Cell Biology) എന്നിവയിലുമുള്ള ഇവരുടെ അവഗാഹം ഒരു ടെസ്റ്റ്യൂബ്‌ ശിശുവിന്റെ സൃഷ്‌ടിക്ക്‌ ചുക്കാന്‍ പിടിക്കാന്‍ ഇവരെ പ്രാപ്‌തയാക്കി.

ഇന്ദിര ഹിന്ദുജ സേവനമനുഷ്‌ഠിക്കുന്ന കെ.ഇ.എം. ആശുപത്രിയും ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഫോർ റിസർച്ച്‌ ഇന്‍ റീപ്രാഡക്ഷ(ഡോ. ആനന്ദകുമാർ)നും സംയുക്തമായി നടത്തിയ ഗവേഷണ പ്രവർത്തനങ്ങളുടെ ഫലമാണ്‌ "ഹർഷ' എന്ന ടെസ്റ്റ്യൂബ്‌ ശിശു (1986 ആഗ. 6). ഗർഭാശയത്തിനു പുറത്ത്‌ ഒരു ടെസ്റ്റ്യൂബിനുള്ളിൽവച്ച്‌ ബീജസങ്കലനം നടത്തി (ഇന്‍വിട്രാ ഫെർട്ടിലൈസേഷന്‍, കഢഎ) ഭ്രൂണത്തെ തിരികെ മാതാവിന്റെ (മണി ചാവ്‌ഡ) ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണ്‌ ഇവർ ചെയ്‌തത്‌. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ്യൂബ്‌ ശിശുവായി ഈ നേട്ടം അംഗീകരിക്കപ്പെട്ടുവെങ്കിലും 1978 ഒ. 3-ന്‌ പശ്ചിമബംഗാളിലെ ഡോ. സുഭാസ്‌ മുഖർജി വികസിപ്പിച്ച ഇന്‍വിട്രാ ഫെർട്ടിലൈസേഷന്‍ സങ്കേതത്തിലൂടെ പിറന്ന ദുർഗയാണ്‌ യഥാർഥത്തിൽ ഇന്ത്യയുടെ ആദ്യ ടെസ്റ്റ്യൂബ്‌ ശിശു. (2002-ൽ ഐ.സി.എം.ആർ. മുഖർജിയുടെ നേട്ടത്തിന്‌ അംഗീകാരം നല്‌കി). തുടർന്ന്‌ 1988 ജനു. 4-ന്‌ ഇന്ത്യയിലാദ്യമായി ഗാമേറ്റ്‌ ഇന്‍ട്രാ ഫലോപ്പിയന്‍ ട്രാന്‍സ്‌ഫർ (ഫലോപ്പിയന്‍ നാളിയിലേക്ക്‌ പും-സ്‌ത്രീ ബീജാണുക്കളെ നിക്ഷേപിക്കൽ, GIFT) വഴി ഒരു ശിശുവിന്റെ ജനനം സാധ്യമാക്കാനും ഇന്ദിര ഹിന്ദുജയ്‌ക്ക്‌ കഴിഞ്ഞു. ഇന്ന്‌ ഈ ശാസ്‌ത്രശാഖയിൽ ഇന്ത്യയിലെ മുന്‍നിരവിദഗ്‌ധയുമാണ്‌ ഇവർ. പ്രത്യുത്‌പാദന പ്രക്രിയകളിൽ വൈകല്യമുള്ള സ്‌ത്രീകളിൽ വളർച്ചമുറ്റാത്ത അണ്ഡാണു(Oocyte)വിനെ സന്നിവേശിപ്പിച്ച്‌ ഗർഭോത്‌പാദനം സാധ്യമാക്കുന്ന ക്രിയാവിധിയിലും ഡോ. ഇന്ദിര വിദഗ്‌ധയാണ്‌. വന്ധ്യയായി കണക്കാക്കപ്പെട്ടിരുന്ന ഒരു സ്‌ത്രീക്ക്‌ ഈ പ്രക്രിയവഴി 1991 ജനു. 24-ന്‌ ഒരു കുഞ്ഞിന്‌ ജന്മം നൽകാനും ഡോ. ഇന്ദിര നേതൃത്വം നല്‌കുകയുണ്ടായി.

നിരവധി ബഹുമതികള്‍ക്കും പുരസ്‌കാരങ്ങള്‍ക്കും ഡോ. ഇന്ദിര അർഹയായിട്ടുണ്ട്‌. യങ്‌ ഇന്ത്യന്‍ അവാർഡ്‌ (1987), ഔട്ട്‌ സ്റ്റാന്‍ഡിങ്‌ ലേഡി സിറ്റിസണ്‍ ഒഫ്‌ മഹാരാഷ്‌ട്ര സ്റ്റേറ്റ്‌ ജേസീസ്‌ അവാർഡ്‌ (1987), ഭാരത്‌ നിർമാണ്‍ അവാർഡ്‌ ഫോർ ടാലന്റഡ്‌ ലേഡീസ്‌ (1994), മുംബൈ മേയറുടെ ഇന്റർനാഷണൽ വുമന്‍സ്‌ ഡേ അവാർഡ്‌ (1995, 2000), ഫെഡറേഷന്‍ ഒഫ്‌ ഒബ്‌സ്റ്റെട്രിക്‌സ്‌ ആന്‍ഡ്‌ ഗൈനക്കോളജിക്കൽ സൊസൈറ്റി ഒഫ്‌ ഇന്ത്യയുടെ ലൈഫ്‌ ടൈം അച്ചീവ്‌മെന്റ്‌ അവാർഡ്‌ (1999), മഹാരാഷ്‌ട്ര ഗവർണറുടെ ധന്വന്തരി അവാർഡ്‌ (2000) എന്നിവ ഇവയിൽ ചിലതുമാത്രമാണ്‌. 2011-ൽ പദ്‌മശ്രീ നല്‌കി രാജ്യം ഇവരെ ആദരിച്ചിട്ടുണ്ട്‌.

(ഡോ. ആറന്മുള ഹരിഹരപുത്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍