This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്ത്യന്‍ ശിക്ഷാസംഹിത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == ഇന്ത്യന്‍ ശിക്ഷാസംഹിത == ഇന്ത്യയിൽ ക്രിമിനൽക്കുറ്റങ്ങള്‍ ച...)
അടുത്ത വ്യത്യാസം →

15:29, 22 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യന്‍ ശിക്ഷാസംഹിത

ഇന്ത്യയിൽ ക്രിമിനൽക്കുറ്റങ്ങള്‍ ചെയ്യുന്നവർക്കു നല്‌കപ്പെടുന്ന ശിക്ഷകളെപ്പറ്റി പ്രതിപാദിക്കുന്ന നിയമസംഹിത. ഇന്ത്യന്‍ ശിക്ഷാനിയമസംഹിത (Indian Penal Code) 511 വകുപ്പുകളുള്ള അടിസ്ഥാന നിയമസംഹിതയാണ്‌. ക്രിമിനൽക്കുറ്റങ്ങളെ യുക്തിപൂർവം തരംതിരിച്ച്‌ ഓരോന്നിനും നല്‌കപ്പെടേണ്ട ശിക്ഷകള്‍ ഓരോ വകുപ്പിലുമായി ക്രമപ്പെടുത്തിയിരിക്കുന്നു. ഇന്ത്യന്‍ പീനൽ കോഡ്‌ 1860-ൽ നടപ്പിൽവന്നു. 1836-ൽ രൂപംകൊണ്ട "ഇന്ത്യന്‍ ലാ കമ്മിഷനാ'ണ്‌ പീനൽകോഡിന്റെ ഉപജ്‌ഞാതാക്കള്‍. കമ്മിഷനിലെ അംഗങ്ങള്‍ മെക്കാളെ, മക്‌ളിയോഡ്‌, ആന്‍ഡേഴ്‌സണ്‍, മില്ലെ എന്നീ നാലുപേരായിരുന്നു; എങ്കിലും മെക്കാളെപ്രഭു തന്നെയായിരുന്നു ഇതിന്റെ പ്രധാന ശില്‌പി. മെക്കാളെയും കൂട്ടരും ഇതിൽ കുറ്റകൃത്യങ്ങള്‍ സസൂക്ഷ്‌മം നിർവചിക്കുകയും തുല്യസ്വഭാവമുള്ള കുറ്റങ്ങള്‍ പരസ്‌പരം വേർതിരിച്ചു കാണിക്കുകയും ചെയ്‌തു.

പുരാതന ഭാരതത്തിൽ. പീനൽ കോഡിന്റെ ആവിർഭാവത്തിനുമുമ്പ്‌ ഭാരതത്തിൽ ന്യായവും നീതിയും നടത്തുന്നതിനും ക്രമസമാധാനസ്ഥാപനത്തിനും ആലംബമായിരുന്നത്‌ മനു, യാജ്ഞവല്‌ക്യന്‍, ബൃഹസ്‌പതി, സുമതി ഭാർഗവന്‍ തുടങ്ങിയ സ്‌മൃതികാരന്മാരുടെ "ദണ്ഡവിധി'കളായിരുന്നു. സ്‌മൃതികാരന്മാരുടെ വിവക്ഷയിൽ, നിയമങ്ങളുടെയെല്ലാം ഉറവിടം ഭരണാധിപനായ രാജാവാണ്‌. നീതിനിർവഹണം "രാജധർമ'ത്തിന്റെ സുപ്രധാന ഘടകമായി കണക്കാക്കിയിരുന്നു. നീതിയുടെ മുമ്പിൽ എല്ലാ ജനങ്ങളും സമന്മാരാണെന്ന സർവാദരണീയമായ തത്ത്വം അതിപ്രാചീനകാലം മുതല്‌ക്കേ ഭാരതം അംഗീകരിച്ചിരുന്നു. "മയൂരധർമം' എന്നാണ്‌ ഈ സമഭാവനയെ ചിത്രീകരിച്ചുപോന്നിരുന്നത്‌. മയൂരം അതിന്റെ ശബളാഭമായ പീലിവലയം അന്തരീക്ഷത്തിൽ വിടർത്തി നൃത്തം ചെയ്യുന്നതുപോലെ, നീതി അതിന്റെ സംരക്ഷണച്ഛത്രം എല്ലാ ജനങ്ങളെയും ഉള്‍ക്കൊള്ളത്തക്കവച്ചം വിടർത്തി വിസ്‌തൃതമായി നിലകൊള്ളുന്നുവെന്നാണ്‌ ഈ സങ്കല്‌പത്തിന്റെ സാരം. പക്ഷേ, പ്രയോഗത്തിൽ ഈ സങ്കല്‌പം അവഗണിക്കപ്പെടുകയോ അവമതിക്കപ്പെടുകയോ ചെയ്‌തതായിട്ടാണ്‌ കാണുന്നത്‌. കാരണം, കുറ്റവാളിയുടെ ശിക്ഷ നിർണയിച്ചിരുന്നത്‌ അയാളുടെ ജാതിയെ അടിസ്ഥാനമാക്കിയായിരുന്നു. കീഴ്‌ജാതിക്കാരനായ കുറ്റവാളിക്കു കഠിനശിക്ഷയും അതേ കുറ്റത്തിന്‌ മേൽജാതിക്കാരനു ലഘുവായ ശിക്ഷയുമാണ്‌ നല്‌കിവന്നത്‌. കുറ്റവാളി ബ്രാഹ്മണനാണെങ്കിൽ ശിക്ഷ തന്നെയില്ല. ആദ്യത്തെ രണ്ടു കൊലപാതകങ്ങള്‍ക്കു പോലും ശിക്ഷയില്ലായിരുന്നു. മൂന്നാമതും കൊലചെയ്‌താൽ ബ്രാഹ്മണനായ കുറ്റവാളിയുടെ തല മുണ്ഡനം ചെയ്‌ത്‌ കഴുതപ്പുറത്തു കയറ്റി തന്റെ മുഖം കഴുതയുടെ വാലിനുനേരെയാക്കിയിരുത്തി ഒരു പട്ടണപ്രദക്ഷിണം നടത്തും അത്രമാത്രം. ഈ വിവേചനം കാലാന്തരത്തിൽ ദോഷഫലങ്ങള്‍ക്കു വഴിതെളിച്ചതായും നീതിന്യായപാലനം തന്നെ അത്തരം കുത്സിതവൃത്തികള്‍മൂലം അപഹാസ്യഭാവം കൈക്കൊണ്ടതായും രേഖകളുണ്ട്‌.

കൊലപാതകി ക്ഷത്രിയനാണെങ്കിൽ പിഴശിക്ഷയും വൈശ്യനാണെങ്കിൽ തടവുശിക്ഷയും ശൂദ്രനാണെങ്കിൽ വധശിക്ഷയും എന്നായിരുന്നു ക്രമം. ദണ്ഡവിവേക, ദണ്ഡതത്ത്വപ്രകാശിക, ദണ്ഡഭേദവ്യവസ്ഥ തുടങ്ങിയ ചില പ്രാചീനനിയമഗ്രന്ഥങ്ങളിൽ ഈ ദണ്ഡവിവേചനപ്രക്രിയയെപ്പറ്റി സവിസ്‌തരം പ്രതിപാദിച്ചിട്ടുണ്ട്‌. കൗടല്യന്റെ കാലമായപ്പോഴേക്കും ഈ സ്ഥിതിക്ക്‌ അല്‌പമൊരു മാറ്റം വന്നു. നിയമത്തിന്‌ ഭാരതത്തിൽ ആദ്യമായി ഒരു അടുക്കും ചിട്ടയും വരുത്തിയത്‌ കൗടല്യനായിരുന്നു. നിയമങ്ങളെ ക്രാഡീകരിക്കുകയാണ്‌ അർഥശാസ്‌ത്രത്തിൽ അദ്ദേഹം ചെയ്‌തത്‌. ബ്രാഹ്മണന്‍ അനുഭവിച്ചുവന്ന ശിക്ഷയിളവുകളും സൗജന്യങ്ങളും രാജദ്രാഹം തുടങ്ങിയ ചില പ്രത്യേക കുറ്റങ്ങള്‍ക്കു ബാധകമാകുകയില്ല എന്ന ഭേദഗതി കൗടല്യന്‍ നടപ്പിൽവരുത്തി. രാജസ്ഥാനത്തെ അപഹസിക്കുകയോ അവഹേളിക്കുകയോ ചെയ്യുന്ന ബ്രാഹ്മണനെ ജലാശയത്തിൽ മുക്കി ശ്വാസം മുട്ടിച്ചുകൊല്ലണമെന്നായിരുന്നു അർഥശാസ്‌ത്ര വ്യവസ്ഥ.

ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാക്കമ്പനി ഇന്ത്യയിൽ ഭരണം തുടങ്ങിയ ഘട്ടത്തിൽ, സ്‌മൃതികാരന്മാരുടെയും കൗടല്യന്റെയും നിയമശാസനങ്ങളായിരുന്നു നീതിന്യായഭരണത്തിനു സഹായകമായി സ്വീകരിക്കപ്പെട്ടിരുന്നത്‌. ഭരണീയരുടെ മതവിശ്വാസങ്ങളെയും ജാതീയമായ ഉച്ചനീചത്വങ്ങളെയും ആദരിച്ചും പരിഗണിച്ചുമാണ്‌ കമ്പനിക്കാർ ക്രിമിനൽക്കുറ്റങ്ങള്‍ കൈകാര്യം ചെയ്‌തിരുന്നത്‌. ഹിന്ദുമതതത്ത്വങ്ങള്‍ കോടതിക്കു വിശദീകരിച്ചുകൊടുക്കാന്‍ ഹിന്ദുപണ്ഡിറ്റുകളും, ഇസ്‌ലാമിക തത്ത്വങ്ങള്‍ വിശദീകരിച്ചുകൊടുക്കാന്‍ ഇസ്‌ലാമിക പണ്ഡിതന്മാരും ഓരോ ക്രിമിനൽക്കേസു വിസ്‌തരിക്കുമ്പോഴും കോടതിയിൽ ഹാജരുണ്ടായിരിക്കും. അവർക്കു പ്രത്യേകം ഇരിപ്പിടങ്ങള്‍ കോടതിയിൽ സജ്ജമാക്കിയിരുന്നു. കേസിന്റെ വിസ്‌താരം കഴിഞ്ഞാൽ, ജഡ്‌ജി അവരുടെ അഭിപ്രായം ആരായുകയും അതിനനുസരിച്ച്‌ ശിക്ഷ ക്രമപ്പെടുത്തി വിധി പ്രസ്‌താവിക്കുകയും ചെയ്‌തിരുന്നു.

എന്നാൽ ഇന്ത്യന്‍ പീനൽ കോഡ്‌ നടപ്പിൽ വന്നതോടെ സ്ഥിതി ആകെ മാറി. കുറ്റവാളിയുടെ ജാതിയോ മതമോ ന്യായം നടത്തലിന്‌ ഇന്ന്‌ പ്രതിബന്ധമായി നില്‌ക്കുന്നില്ല. എങ്കിലും അബലാത്വം വധശിക്ഷയിൽനിന്നും വഴുതി പ്രാകാരാന്തര ശിക്ഷയായ ജീവപര്യന്തം തടവിൽ ഒതുങ്ങിനില്‌ക്കാന്‍ കൊലപാതകിയായ സ്‌ത്രീയെ ചിലപ്പോള്‍ സഹായിച്ചെന്നുവരാം. വധശിക്ഷയും ജീവപര്യന്തം തടവും നിയമദൃഷ്‌ട്യാ സമാന്തര ശിക്ഷകളാണ്‌. കൊലപാതകം തെളിയിക്കപ്പെട്ടുകഴിഞ്ഞാൽ കോടതിയുടെ യുക്തംപോലെ വധശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ നല്‌കാം. അബലാത്വം, അപരാധഭാരം ലഘൂകരിക്കുന്ന ഒരു ഉപാധിയായി കോടതിക്കു തോന്നിയാൽ വധശിക്ഷയ്‌ക്കുപകരം ജീവപര്യന്തം തടവുശിക്ഷ നല്‌കാവുന്നതാണ്‌.

ഇന്ത്യന്‍ ശിക്ഷാനിയമസംഹിത കുറ്റങ്ങളെയും ശിക്ഷകളെയും ക്രമീകരിച്ച്‌ പ്രതിപാദിക്കുന്നതിനൊപ്പം ശിക്ഷാവിധികള്‍ക്കെതിരെ സാധ്യമാകാവുന്ന പ്രതിരോധഘടകങ്ങള്‍ (ഉദാ. കൈപ്പിഴവ്‌, നിയമബാധ്യത, ന്യായാധികാരം, അപകടം, കുറ്റകരമായ താത്‌പര്യമില്ലാതെ സംഭവിച്ച കൃത്യം, നിഷ്‌കളങ്കബാല്യത്തിന്റെ കൃത്യം, ഉന്മാദാവസ്ഥയിൽ സംഭവിക്കുന്ന കൃത്യം, സദുദ്ദേശ്യപരമായ കൃത്യം, അബോധാവസ്ഥയിൽ ചെയ്യുന്ന കൃത്യം, നിർബന്ധത്തിനുവഴങ്ങി ചെയ്യുന്ന കൃത്യം മുതലായവ), സ്വപ്രതിരോധത്തിനായിട്ടോ ശരീരത്തിന്റെയോ ജീവന്റെയോ രക്ഷയെ കരുതിയോ ചെയ്യുന്ന കൃത്യം എന്നിവ വിശദീകരിക്കുന്നു. കുറ്റകരമായ ഗൂഢാലോചന, രാജ്യദ്രാഹം, സൈന്യത്തിനെതിരായ കുറ്റകൃത്യങ്ങള്‍, പൊതു ക്രമസമാധാനലംഘനങ്ങള്‍, തിരഞ്ഞെടുപ്പ്‌ കുറ്റകൃത്യങ്ങള്‍, പൊതു അധികാരസ്ഥരുടെ കൃത്യനിർവഹണത്തിനെതിരായ പ്രവൃത്തികള്‍, കള്ളമൊഴിയും കളവായതെളിവും ഉള്‍പ്പെടെ പൊതുനീതിക്കെതിരായ കൃത്യങ്ങള്‍, നാണ്യം-സ്റ്റാമ്പ്‌ എന്നിവ സംബന്ധിച്ച കൃത്യങ്ങള്‍, അളവുതൂക്ക സംബന്ധമായ കുറ്റകൃത്യങ്ങള്‍, 

പൊതുജനാരോഗ്യലംഘനത്തിനിടയാകുന്ന കൃത്യങ്ങള്‍, മതസമുദായ സംബന്ധിയായ കൃത്യങ്ങള്‍ മുതലായവ സവിശേഷമായി പ്രതിപാദിക്കുന്നു. വ്യക്തിയുടെ ജീവനും സ്വത്തിനും എതിരായ കുറ്റകൃത്യങ്ങള്‍, കാരണങ്ങള്‍, വസ്‌തുവകകള്‍, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട കൃത്യങ്ങള്‍ തുടങ്ങിയവയും വിവിധ വകുപ്പുകളിലായി വ്യവസ്ഥപ്പെടുത്തുന്നുണ്ട്‌. ശിക്ഷാവിധികള്‍. പീനൽക്കോഡ്‌ ഇന്ന്‌ അംഗീകരിച്ചിട്ടുള്ള ശിക്ഷകളെ പ്രധാനമായി അഞ്ചായി തരംതിരിക്കാം: (i) വധശിക്ഷ (ii) ജീവപര്യന്തം തടവ്‌ ശിക്ഷ (iii) കഠിനതടവും വെറുംതടവും ഏകാന്തതടവും ഉള്‍പ്പെടുന്ന തടവുശിക്ഷ (iv) വസ്‌തുവകകള്‍ കണ്ടുകെട്ടൽ (v) പിഴശിക്ഷ.

ഇന്ത്യയിൽ അപൂർവങ്ങളിൽ അപൂർവങ്ങളായ കുറ്റകൃത്യങ്ങള്‍ക്കു മാത്രമേ വധശിക്ഷ വിധിക്കാവൂ എന്ന സുപ്രീം കോടതിയുടെ മാർഗനിർദേശം നല്‌കുന്ന വിധി പ്രസ്‌താവമുണ്ട്‌. ഇന്ത്യയിൽ തൂക്കിലിട്ടാണ്‌ വധശിക്ഷ നടപ്പിൽ വരുത്തുന്നത്‌. 16 വയസ്സിനു താഴെയുള്ള കൊലപാതകിക്ക്‌ വധശിക്ഷ നല്‌കാതെ സ്‌പെഷ്യൽ ഹോമിലേക്കയയ്‌ക്കുകയാണ്‌ പതിവ്‌. കൊലപ്പുള്ളി ഗർഭിണിയാണെങ്കിൽ പ്രസവം കഴിഞ്ഞ്‌ 6 മാസക്കാലം കാത്തിരുന്നശേഷം ശിക്ഷ നടപ്പിൽവരുത്തും.

സുപ്രീംകോടതി വധശിക്ഷ ശരിവച്ചശേഷം പ്രസിഡന്റിന്റെ മുമ്പിൽ ദയാഹർജി സമർപ്പിക്കാന്‍ പ്രതിക്കവകാശമുണ്ട്‌. ദയാഹർജി തള്ളിയതായി വിവരം കിട്ടിയാൽ പ്രതിയെ തൂക്കിക്കൊല്ലാനുള്ള തീയതിയും സമയവും നിശ്ചയിച്ച്‌ സെഷന്‍സ്‌ ജഡ്‌ജി ജയിൽ സൂപ്രണ്ടിന്റെ പേർക്ക്‌ മരണവാറണ്ട്‌ (Death warrant)അയയ്‌ക്കും. മൂന്നാഴ്‌ചയിൽ കുറയാത്ത കാലയളവ്‌ വച്ചുള്ള ഒരു തീയതി ആയിരിക്കും നിശ്ചയിക്കുന്നത്‌. പ്രതിയുടെ മതാനുഷ്‌ഠാനങ്ങള്‍ക്കനുസരിച്ചുള്ള വിശേഷദിവസങ്ങള്‍ ഇക്കാര്യത്തിൽ വർജിക്കേണ്ടതാണെന്നു വ്യവസ്ഥയുണ്ട്‌. രാവിലെ അഞ്ചുമണിക്കാണ്‌ സാധാരണ തൂക്കിക്കൊല നിർവഹിക്കുന്നത്‌. സ്ഥലത്തെ ഒന്നാംക്ലാസ്‌ മജിസ്‌ട്രറ്റും ജില്ലാ മെഡിക്കൽ ഓഫീസറും ഈ ക്രിയയ്‌ക്കു സാക്ഷ്യം വഹിക്കുന്നു. ഒരു "പ്രയോഗം' കൊണ്ട്‌ പുള്ളി മരിച്ചിെല്ലങ്കിൽ പിന്നെയും തൂക്കിലിടണം. മരിക്കുംവരെ തൂക്കിലിടണം. മരിച്ചു എന്ന്‌ മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ വാറണ്ട്‌ മടങ്ങി സെഷന്‍സ്‌ ജഡ്‌ജിക്കു കിട്ടണമെന്നാണ്‌ വ്യവസ്ഥ.

ക്രൂരസ്വഭാവികളായ കുറ്റവാളികള്‍ക്ക്‌ ചിലപ്പോള്‍ ഏകാന്തത്തടവും നല്‌കാറുണ്ട്‌ (പീനൽ കോഡ്‌ 73-74 വകുപ്പുകള്‍). കഠിനതടവിനു വിധിക്കപ്പെട്ട കുറ്റവാളിയുടെ ശിക്ഷയിൽ മൊത്തം 3 മാസത്തിൽ കവിയാത്ത ഒരു കാലയളവ്‌ ഏകാന്തത്തടവായി അനുഭവിക്കണം എന്ന്‌ നിർദേശിക്കാന്‍ കോടതിക്കവകാശമുണ്ട്‌. ഓരോ പ്രാവശ്യവും നല്‌കപ്പെടുന്ന ഏകാന്തത്തടവ്‌ 14 ദിവസത്തിൽ കൂടാന്‍ പാടില്ല. ഇന്ത്യയിലെ ഇന്നത്തെ നിയമമനുസരിച്ച്‌, നമ്മുടെ രാജ്യവുമായി രമ്യതയിലിരിക്കുന്ന ഒരു രാജ്യത്ത്‌ കടന്നുചെന്ന്‌ കൊള്ളയടിക്കുക (പീനൽ കോഡ്‌ 126-ാം വകുപ്പ്‌), അങ്ങനെ ലഭ്യമാകുന്ന സാധനങ്ങള്‍ വാങ്ങുക (127), ഗവണ്‍മെന്റ്‌ ഉദ്യോഗത്തിലിരിക്കവേ ക്രമരഹിതമായി സ്വത്തുകള്‍ വിലയ്‌ക്കുവാങ്ങുകയോ ലേലത്തിൽ പിടിക്കുകയോ ചെയ്യുക (169) മുതലായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ മേൽവിവരിച്ചവിധം സമ്പാദിക്കുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടാം. ക്രിമിനൽ നടപടിനിയമം 517-ാം വകുപ്പനുസരിച്ച്‌ കോടതിയുടെ കൈവശം വന്നുചേരുന്ന സാധനങ്ങള്‍ കേസിന്റെ അവസാനം കണ്ടുകെട്ടാം. കൂടാതെ അഴിമതി നിരോധനനിയമം തുടങ്ങിയ പ്രത്യേക സ്റ്റാറ്റ്യൂട്ടുകള്‍ അനുസരിച്ച്‌ ചില പ്രത്യേക പരിതഃസ്ഥിതികളിലും കണ്ടുകെട്ടൽ ആകാമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്‌.

പിഴശിക്ഷയും ഒരു തരം കണ്ടുകെട്ടൽ തന്നെയാണ്‌. കുറ്റവാളിയുടെ സാമ്പത്തികശേഷി അനുസരിച്ചുവേണം പിഴശിക്ഷ ചുമത്തേണ്ടത്‌. തടവുശിക്ഷയോടൊപ്പം പിഴശിക്ഷയും കൂടി വിധിക്കാനും ഈ നിയമസംഹിതയിൽ വ്യവസ്ഥയുണ്ട്‌. തടവുശിക്ഷയോടൊപ്പം പിഴയും വിധിക്കാവുന്ന സന്ദർഭങ്ങള്‍ പ്രധാനമായും മൂന്നാണ്‌: (i) പ്രായാധിക്യം കൊണ്ടോ അനാരോഗ്യം ഹേതുവായോ നീണ്ട ജയിൽശിക്ഷയ്‌ക്കു വിധേയനാകാന്‍ പ്രതി അപ്രാപ്‌തനാണെന്നു കാണുക; (ii) ആവലാതിക്കാരനു നഷ്‌ടപരിഹാരം നല്‌കേണ്ടതായ അവസരം വരുക; (iii) ആരോപിതമായ കുറ്റം തന്നെ പണാപഹരണമായിത്തീരുക. മറ്റു ശിക്ഷകള്‍. മേൽ സൂചിപ്പിച്ചതു കൂടാതെ മറ്റു ചില ശിക്ഷകളും പീനൽകോഡിലുണ്ട്‌. ഷെൽറ്റർഹോമിലും സ്‌പെഷ്യൽ ഹോമിലും മറ്റും അയയ്‌ക്കുന്നതും താക്കീത്‌ കൊടുത്തുവിട്ടയയ്‌ക്കുന്നതും മറ്റും ഇക്കൂട്ടത്തിൽപ്പെടുന്നു. നിയമത്തോട്‌ പൊരുത്തപ്പെടാത്ത കുട്ടികളെയും സദാചാരവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു നടക്കുന്ന സ്‌ത്രീകളെയും മറ്റുമാണ്‌ ഷെൽറ്റർ ഹോമിലേക്ക്‌ അയയ്‌ക്കുന്നത്‌. കോടതി പിരിയുന്നതുവരെ തടവുശിക്ഷയും വിധിക്കാറുമുണ്ട്‌. ഒരു ദിവസത്തെ തടവുശിക്ഷയായി ഇതിനെ കണക്കാക്കുന്നു. കോടതിയെ അവഹേളിക്കുക; കോടതിയലക്ഷ്യപരമായി പ്രവർത്തിക്കുക തുടങ്ങിയ പ്രത്യേകതരം കുറ്റങ്ങള്‍ക്ക്‌ ഈ ശിക്ഷ നല്‌കാറുണ്ട്‌. പ്രതി ഒരു രോഗിയോ വൃദ്ധനോ ആണെങ്കിലും കുറ്റം വളരെ ലഘുവായതാണെങ്കിലും ഈ ശിക്ഷ നല്‌കാറുണ്ട്‌.

പീനൽകോഡിന്റെ വ്യവസ്ഥകളാൽ മാത്രം രാജ്യത്ത്‌ എല്ലാത്തരം കുറ്റങ്ങള്‍ക്കും പരിഹാരം കണ്ടെത്താനാകില്ല. സമൂഹത്തിന്റെ നിലനില്‌പിന്‌ അനിവാര്യമെന്നു തോന്നുന്ന ചുറ്റുപാടുകളിൽ പുതിയ ശിക്ഷാനിയമങ്ങള്‍തന്നെ വേണ്ടിവരും. മായംചേർക്കൽ തടയൽ നിയമം (Prevention of Food Adulteration Act), സിറ്റി പൊലീസ്‌ നിയമം (City Police Act), മുനിസിപ്പാലിറ്റീസ്‌ നിയമം (Municipalities Act), ഉപഭോക്തൃ സംരക്ഷണ ആക്‌റ്റ്‌, ഇന്‍ഫർമേഷന്‍ ടെക്‌നോളജി ആക്‌റ്റ്‌, അറിയാനുള്ള അവകാശനിയമം തുടങ്ങിയ ആക്‌റ്റുകള്‍ ഇന്ത്യന്‍ പീനൽ കോഡിനുശേഷം നിയമനിർമാണസഭകള്‍ പാസ്സാക്കിയിരിക്കുന്നു. ഇവയിലെ പീനൽ വകുപ്പുകള്‍ ലംഘിക്കുന്നവരുടെ മേൽ പ്രാസിക്യൂഷന്‍ നടപടി എടുത്ത്‌ ക്രിമിനൽക്കോടതികള്‍ക്ക്‌ യുക്തമെന്നു തോന്നുന്ന ശിക്ഷകള്‍ നല്‌കാം. ക്രിമിനൽ നടപടി നിയമത്തിലും ഇത്തരം പീനൽ വകുപ്പുകളുണ്ട്‌.

ശിശുക്കളും കുറ്റങ്ങളും. ഏഴുവയസ്സിനു താഴെപ്രായമുള്ള ഒരു ശിശു ചെയ്യുന്ന യാതൊരു പ്രവൃത്തിയും ക്രിമിനൽ കുറ്റത്തിൽപ്പെടുകയില്ല. പീനൽക്കോഡു മാത്രമല്ല, എല്ലാ ലിഖിത നിയമങ്ങളും ഈ നിഷ്‌കളങ്ക ബാല്യതത്ത്വത്തിനു വിധേയമാണ്‌; ഏഴിനും പന്ത്രണ്ടിനും ഇടയ്‌ക്കാണെങ്കിൽ ചാർജ്‌ ചെയ്യപ്പെട്ട കൃത്യം കുറ്റമാണെന്നുള്ള അറിവോടുകൂടി ചെയ്യുന്നതിനുള്ള ബുദ്ധിവികാസവും ഉത്തരവാദിത്തബോധവും കൈവന്നിട്ടില്ല എന്ന കാരണത്താൽ അവരെ വിട്ടയയ്‌ക്കും. ആ ഭാഗം തെളിയിക്കേണ്ടത്‌ ആരോപണവിധേയർ തന്നെയാണ്‌. മാത്രമല്ല 12 വയസ്സായെങ്കിലും തന്റെ പ്രവൃത്തി കുറ്റകരമാണെന്നു തിരിച്ചറിയത്തക്ക ബുദ്ധിവികാസമോ വിവേകമോ ഇല്ലാത്ത ആളാണെന്ന്‌ കോടതിക്ക്‌ ബോധ്യപ്പെടണം. ചെയ്യുന്ന പ്രവൃത്തിയുടെ സ്വഭാവം ആശ്രയിച്ചാണ്‌ പ്രതി വെറും ശിശുവാണോ അതോ പക്വത വന്ന ആളാണോ എന്നു തീരുമാനിക്കുന്നത്‌. ഉദാ. മോഷണം, ഭവനഭേദനം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ശിക്ഷാർഹമാണെന്ന്‌ മനസ്സിലാക്കാനുള്ള കഴിവ്‌ 12 വയസ്സുള്ള കുട്ടിക്കില്ലായിരുന്നു എന്നു പറയാന്‍ പറ്റുകയില്ല. നേരേമറിച്ച്‌, പുനർവിവാഹം തുടങ്ങിയ പ്രത്യേകതരം കുറ്റങ്ങള്‍ ശിക്ഷാർഹമാണെന്ന്‌ മനസ്സിലാക്കത്തക്ക ധിഷണാശക്തി 12 വയസ്സുകാരനിൽ വളർന്നിട്ടില്ല എന്നു പറഞ്ഞാൽ മനസ്സിലാക്കാന്‍ കഴിയും; കോടതി അതിനെ കണക്കിലെടുക്കുകയും ചെയ്യും. 18 വയസ്‌ പൂർത്തിയാക്കപ്പെടാത്തതും നിലവിലുള്ള നിയമത്തോട്‌ പൊരുത്തപ്പെടാത്തതുമായ കുട്ടികളെ വിസ്‌തരിക്കാന്‍ പ്രത്യേക ബാലനീതിബോർഡുകളുണ്ട്‌. നിയുക്തരായ ന്യായാധികാരിയുടെ അധ്യക്ഷതയിൽ ഒരു വനിതയടക്കം രണ്ട്‌ സാമൂഹ്യസേവകർ അംഗങ്ങളായി രൂപീകരിക്കപ്പെടുന്ന ജില്ലാതല നിയാമകസമിതിയാണ്‌ ബാലനീതി ബോർഡുകള്‍. കുട്ടികളെ ജീവകാരുണ്യപരമായ രീതിയിൽ വേണം നേരിടേണ്ടത്‌ എന്നുള്ള തത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഇങ്ങനെയുള്ള പ്രത്യേക ബാലനീതിബോർഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്‌.

പ്രാബേഷന്‍. കുറ്റവാളിയോടും കുറ്റകൃത്യത്തോടുമുള്ള സമൂഹത്തിന്റെ സമീപനം ദയയും അനുകമ്പയും സമസൃഷ്‌ടിസ്‌നേഹവും നിറഞ്ഞതായിരിക്കണം എന്ന ചിന്താഗതിയിൽനിന്നാണ്‌ പ്രാബേഷന്‍ ഉടലെടുത്തിട്ടുള്ളത്‌. പ്രാചീനകാലത്ത്‌ കുറ്റവാളിയുടെ വ്യക്തിത്വമോ കുറ്റകൃത്യം ചെയ്യാന്‍ പ്രരിപ്പിച്ച ചുറ്റുപാടുകളോ അയാളുടെ മാനസിക പശ്ചാത്തലമോ നോക്കാതെ യാന്ത്രികമായി ശിക്ഷ നല്‌കിപ്പോന്നു. ഈ "നീതിനടത്തൽ' അധികകാലം നിലനിന്നില്ല.  മനുഷ്യനിൽ വിവേകവും വിവേചനവും ഉദിച്ചതോടുകൂടി ഈ സമ്പ്രദായത്തിനു മാറ്റം വന്നുതുടങ്ങി. ശിക്ഷ നിശ്ചയിക്കുന്നതിനു മുമ്പായി കുറ്റവാളി ഏതു തരക്കാരനാണെന്നും (ഉദാ. വിഡ്‌ഢിയോ, പ്രജ്ഞയറ്റവനോ, ചിത്തഭ്രമം ഭവിച്ചവനോ) ആക്രമണത്തിനു വിധേയനായ ആളിൽനിന്നും പ്രകോപനപരമായ എന്തെങ്കിലും പ്രവർത്തനം ഉണ്ടായിരുന്നോ എന്നും മറ്റും ചിന്തിക്കേണ്ടതാണെന്നും അതിന്റെ അടിസ്ഥാനത്തിൽ വേണം ശിക്ഷ നിശ്ചയിക്കേണ്ടതെന്നുമുള്ള അഭിപ്രായം പ്രബലപ്പെടാന്‍ തുടങ്ങി. ഇതിൽനിന്നാണ്‌ "പ്രാബേഷന്‍' എന്ന ആശയം ഉടലെടുത്തത്‌. ഈ സമ്പ്രദായമനുസരിച്ച്‌ വിധിക്കപ്പെട്ട ശിക്ഷ പ്രയോഗത്തിൽ വരുത്താതെ പ്രതിയെ ഉടന്‍തന്നെ സ്വന്തം ജാമ്യത്തിലോ ആള്‍ജാമ്യത്തിലോ കുറഞ്ഞത്‌ രണ്ടു വർഷക്കാലത്തേക്ക്‌ സ്വതന്ത്രനാക്കിവിടുന്നു. ഈ കാലത്ത്‌ അയാളുടെ നടപടികള്‍ പ്രാബേഷന്‍ ഉദ്യോഗസ്ഥന്മാർ സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ടിരിക്കും. മര്യാദക്കാരനായി, നിയമവിധേയനായി, കുറ്റകൃത്യങ്ങളിൽ വ്യാപൃതനാകാതെയും ദുർമാർഗങ്ങളിലേക്ക്‌ വഴുതിപ്പോകാതെയും ഉത്തമപൗരനായി ആ കാലയളവു മുഴുവന്‍ ജീവിച്ചു എന്നു കണ്ടുകഴിഞ്ഞാൽ ശിക്ഷയിൽനിന്നു വിമുക്തനായതായി കോടതി പ്രഖ്യാപിക്കും. നേരേമറിച്ച്‌, ജാമ്യവ്യവസ്ഥയിൽനിന്നും വഴുതി അയാള്‍ ചെയ്യരുതാത്ത ഏതെങ്കിലും പ്രവൃത്തി ചെയ്‌തു എന്ന്‌ പ്രാബേഷന്‍ ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിൽനിന്നോ മറ്റുപ്രകാരത്തിലോ കോടതിക്കു ബോധ്യം വന്നാൽ അയാളെ തിരികെ കോടതിയിൽ കൊണ്ടുവരികയും നേരത്തെ സസ്‌പെന്‍ഷനിൽ വച്ചിരുന്ന ശിക്ഷയ്‌ക്ക്‌ അയാളെ വിധേയനാക്കുകയും ചെയ്യും. വ്യതിചലനം നിസ്സാരമാണെങ്കിൽ തത്‌ക്കാലം ഒരു പിഴ നല്‌കിയിട്ട്‌ വീണ്ടും പഴയപടി ജാമ്യത്തിൽ വിട്ടയയ്‌ക്കുകയും കാലാവധി കഴിഞ്ഞ്‌ വിമുക്തനാക്കുകയും ചെയ്യും. 
ഇന്ത്യന്‍ ജയിൽ കമ്മിറ്റിയുടെ റിപ്പോർട്ടിൽ പ്രാബേഷന്റെ ആശാസ്യതയെയും സ്വീകാര്യതയെയും പറ്റി പ്രത്യേകം സൂചിപ്പിച്ചിട്ടുണ്ട്‌. ക്രിമിനൽ നടപടി നിയമത്തിലെ 562-ാം വകുപ്പിലും പ്രാബേഷന്റെ പരാമർശം നാം കാണുന്നുണ്ട്‌. ചില പ്രഥമ കുറ്റവാളികള്‍ക്കും 21 വയസ്സിനു താഴെ പ്രായമുള്ള കുറ്റവാളികള്‍ക്കും മാത്രമേ ഈ വകുപ്പുകള്‍ ബാധകമാക്കിയിരുന്നുള്ളൂ. പ്രഥമ കുറ്റവാളികള്‍ ഏതു പ്രായക്കാരുമാകാം. പക്ഷേ, അവരുടെമേൽ തെളിയിക്കപ്പെട്ടിട്ടുള്ള കുറ്റം ഏഴു കൊല്ലത്തിനുമേൽ തടവുശിക്ഷ വിധിക്കപ്പെടാവുന്ന തരത്തിലുള്ളവയാകാന്‍ പാടില്ല. ഈ വ്യവസ്ഥകള്‍ക്കുള്ളിൽ വരുന്നവരെ ശിക്ഷയ്‌ക്കു വിധേയരാക്കാതെ രണ്ടോ മൂന്നോ കൊല്ലത്തേക്ക്‌ ജാമ്യത്തിൽ വിടും. ആ കാലമത്രയും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതെ ജീവിച്ചാൽ അവരുടെ ശിക്ഷ കോടതി ഇളവുചെയ്‌തുകൊടുക്കും. ചില പ്രത്യേകതരം കുറ്റങ്ങള്‍ക്ക്‌ വെറും താക്കീത്‌ മാത്രം കൊടുത്തുവിടുവാനും കോടതിക്കധികാരമുണ്ട്‌. കുറ്റവാളിയുടെ സ്വഭാവവും കുറ്റത്തിന്റെ കാഠിന്യവും മറ്റും പരിഗണിച്ചിട്ടേ 562-ാം വകുപ്പ്‌ കോടതി പ്രയോഗിക്കുകയുള്ളൂ.

പരോള്‍. പ്രാബേഷനോട്‌ ബന്ധപ്പെട്ട മറ്റൊരു പരിഷ്‌കരണ സമ്പ്രദായമാണ്‌ "പരോള്‍'. നല്‌കപ്പെട്ട ശിക്ഷയുടെ ഒരു ചെറിയ ഭാഗം അനുഭവിച്ചശേഷം കുറ്റവാളിയെ നല്ലനടപ്പു ജാമ്യത്തിൽ വിട്ടയയ്‌ക്കുകയാണ്‌ പതിവ്‌. നല്ലവനായി ജീവിക്കുന്നു എന്നു കണ്ടാൽ ബാക്കി ശിക്ഷ ഇളവുചെയ്യും.

വധശിക്ഷനൽകാവുന്ന കുറ്റങ്ങള്‍ (1) രാജ്യദ്രാഹ കുറ്റമുള്‍പ്പെടുന്ന ലഹളയ്‌ക്കുള്ള ആഹ്വാനം (2) നിരപരാധിയായ ഒരാളെ കുറ്റവാളിയാക്കി ശിക്ഷിപ്പിക്കുന്നതിനുള്ള കൃത്രിമത്തെളിവ്‌ ചമയ്‌ക്കുകയും അതിന്റെ ഫലമായി അയാള്‍ക്ക്‌ ജീവപര്യന്തമോ, അല്ലെങ്കിൽ ഏഴുകൊല്ലത്തിൽ അധികം തടവുശിക്ഷ വിധിക്കപ്പെടുകയും ശിക്ഷ നടപ്പാക്കുകയും ചെയ്യുക (3) കൊലക്കുറ്റം (4) 18 വയസ്സിൽ താഴെയുള്ള കുട്ടിയെയോ/ബുദ്ധിമാന്ദ്യമുള്ളതോ/മതിഭ്രമമുള്ളതോ ആയ ഒരാളെയോ ആത്മഹത്യയ്‌ക്കു പ്രരിപ്പിക്കുക (5) കൊലക്കേസ്സിൽ ജീവപര്യന്തം ശിക്ഷയ്‌ക്കു വിധിക്കപ്പെട്ട ഒരാള്‍ വീണ്ടും നടത്തുന്ന കൊലപാതകം. സ്വത്ത്‌ സംബന്ധമായ കുറ്റകൃത്യങ്ങള്‍. മോഷണം, കവർച്ച, ഭവനഭേദനം, സ്വത്ത്‌ ദുരുപയോഗം ചെയ്യൽ (IPC വകുപ്പ്‌ 403), വിശ്വാസവഞ്ചന (വകുപ്പ്‌ 405), സർക്കാർ ഉദ്യോഗസ്ഥന്‍ വഞ്ചനക്കുറ്റം ചെയ്യൽ (വകുപ്പ്‌ 409) ചതിക്കുറ്റം, ആള്‍മാറാട്ടത്തോടുകൂടിയുള്ള ചതിക്കുറ്റം (വകുപ്പ്‌ 419, 420).

ഗാർഹികപീഡനം, സ്‌ത്രീപീഡനം. ഇന്ത്യന്‍ ശിക്ഷാനിയമസംഹിതയിൽ ഉള്‍പ്പെട്ടിട്ടില്ലാത്ത കുറ്റകൃത്യമാണ്‌ സ്‌ത്രീപീഡനം. 1983-ൽ ഭേദഗതി ചെയ്‌ത്‌ കൂട്ടിച്ചേർത്ത 498 അ എന്ന പുതിയ വകുപ്പിൽ സ്‌ത്രീപീഡനം നിർവചിച്ച്‌ ശിക്ഷ വ്യവസ്ഥ ചെയ്യുന്നു. ഇത്‌ ഗൗരവതരമായ കുറ്റമാണിന്ന്‌. ഈ വകുപ്പ്‌ തത അ ഭാഗത്താണ്‌ ചേർക്കപ്പെട്ടത്‌.

ഇന്ത്യന്‍ ശിക്ഷാസംഹിതയിലെ ഉള്ളടക്കം. ശിക്ഷാസംഹിതയിലെ മൊത്തം വകുപ്പുകള്‍ 23 ഭാഗങ്ങളിലായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ആദ്യഭാഗത്തിൽ (1 മുതൽ 5 വരെ വകുപ്പുകള്‍) നിയമസംഹിതയുടെ വ്യാപ്‌തിയും (Jurisdiction) പ്രയോഗക്ഷമത(Applicability)യുമാണ്‌ പ്രതിപാദിച്ചിരിക്കുന്നത്‌. രണ്ടാംഭാഗത്തിൽ (6 മുതൽ 52 എ വരെ വകുപ്പുകള്‍) പദങ്ങളുടെയും പ്രയോഗങ്ങളുടെയും വിശദീകരണവും മൂന്നാം ഭാഗത്തിൽ (53 മുതൽ 75 വരെ വകുപ്പുകള്‍) ശിക്ഷാക്രമങ്ങളും നാലാംഭാഗത്ത്‌ (76 മുതൽ 106 വരെ വകുപ്പുകള്‍) ശിക്ഷിക്കപ്പെടാത്ത കുറ്റങ്ങളും (ഒഴിവുകള്‍-General Exceptions) കൊടുത്തിരിക്കുന്നു. അഞ്ചാംഭാഗത്ത്‌ (107 മുതൽ 120 വരെ വകുപ്പുകള്‍) കുറ്റം ചെയ്യുന്നതിനുള്ള പ്രരണ നല്‌കലിനെക്കുറിച്ചും ആറാംഭാഗത്ത്‌ (121 മുതൽ 130 വരെ വകുപ്പുകള്‍) സ്റ്റേറ്റിനെതിരായുള്ള കുറ്റങ്ങളെപ്പറ്റിയും ഏഴാം ഭാഗത്ത്‌ (131 മുതൽ 140 വരെയുള്ള വകുപ്പുകള്‍) കരസേന, നാവികസേന, വ്യോമസേന എന്നിവയെ സംബന്ധിച്ച കുറ്റങ്ങളെപ്പറ്റിയും എട്ടാംഭാഗത്ത്‌ (141 മുതൽ 160 വരെയുള്ള വകുപ്പുകള്‍) പൊതു പ്രശാന്തിക്കെതിരായ കുറ്റങ്ങളെക്കുറിച്ചും ഒന്‍പതാം ഭാഗത്ത്‌ (161 മുതൽ 171 വരെയുള്ള വകുപ്പുകള്‍) പബ്ലിക്‌ സർവന്റുകള്‍ ചെയ്യുന്നതോ അവരെ സംബന്ധിക്കുന്നതോ ആയ കുറ്റങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു. പത്താംഭാഗത്ത്‌ (172 മുതൽ 190 വരെയുള്ള വകുപ്പുകള്‍) പബ്ലിക്‌ സർവന്റുമാരുടെ നിയമാനുസൃതമായ അധികാരത്തിന്റെ അലക്ഷ്യത്തെക്കുറിച്ചും 11-ാം ഭാഗത്ത്‌ (191 മുതൽ 229 എ വരെയുള്ള വകുപ്പുകള്‍) വ്യാജമായ തെളിവിനെയും പൊതുനീതിക്കു വിരുദ്ധമായ കുറ്റങ്ങളെയും കുറിച്ചും 12-ാം ഭാഗത്ത്‌ (230 മുതൽ 263 എ വരെയുള്ള വകുപ്പുകള്‍) നാണയവും ഗവണ്‍മെന്റു സ്റ്റാമ്പുകളും സംബന്ധിച്ച കുറ്റങ്ങളെക്കുറിച്ചും വിവരിച്ചിട്ടുണ്ട്‌. തൂക്കക്കട്ടികളെയും അളവുകളെയും സംബന്ധിച്ച കുറ്റങ്ങളെക്കുറിച്ച്‌ 13-ാം ഭാഗത്തും (264 മുതൽ 267 വരെയുള്ള വകുപ്പുകള്‍) പൊതുജനങ്ങളുടെ ആരോഗ്യം, ഭദ്രത, സൗകര്യം, സഭ്യത, സാന്മാർഗികത എന്നിവയെ ബാധിക്കുന്ന കുറ്റുകൃത്യങ്ങളെക്കുറിച്ച്‌ 14-ാം ഭാഗത്തും (268 മുതൽ 294 വരെയുള്ള വകുപ്പുകള്‍) മതവുമായി ബന്ധപ്പെട്ടകുറ്റങ്ങളെക്കുറിച്ച്‌ 15-ാംഭാഗത്തും (295 മുതൽ 298 വരെയുള്ള വകുപ്പുകള്‍) മനുഷ്യശരീരത്തെ ബാധിക്കുന്ന കുറ്റങ്ങളെക്കുറിച്ചും ജീവനെ ബാധിക്കുന്ന കുറ്റങ്ങളെക്കുറിച്ചും 16-ാം ഭാഗത്തും (299 മുതൽ 377 വരെയുള്ള വകുപ്പുകള്‍) വിവരിച്ചിരിക്കുന്നു. 17-ാം ഭാഗത്ത്‌ (378 മുതൽ 462 വരെയുള്ള വകുപ്പുകള്‍) വസ്‌തുവിനെതിരായ കുറ്റങ്ങളെക്കുറിച്ചും വിവിധ മോഷണക്കുറ്റങ്ങളെക്കുറിച്ചും പ്രതിപാദിച്ചിരിക്കുന്നു. രേഖകളും വസ്‌തുചിഹ്നങ്ങളും സംബന്ധിച്ച കുറ്റങ്ങളെക്കുറിച്ച്‌ 18-ാം ഭാഗത്തും (463 മുതൽ 489 ഇ. വരെയുള്ള വകുപ്പുകള്‍), സർവീസ്‌ കോണ്‍ട്രാക്‌റ്റുകളുടെ കുറ്റകരമായ ലംഘനത്തെക്കുറിച്ച്‌ 19-ാം ഭാഗത്തിലും (490 മുതൽ 492 വരെയുള്ള വകുപ്പുകള്‍) വിവാഹസംബന്ധമായ കുറ്റങ്ങളെക്കുറിച്ച്‌ 20-ാം ഭാഗത്തും (493 മുതൽ 498 വരെയുള്ള വകുപ്പുകള്‍) അപകീർത്തിപ്പെടുത്തലിനെക്കുറിച്ച്‌ 21-ാം ഭാഗത്തും (499 മുതൽ 502 വരെയുള്ള വകുപ്പുകള്‍) കുറ്റകരമായ ഭയപ്പെടുത്തലിനെയും അപമാനിക്കലിനെയും അലട്ടലിനെയും കുറിച്ച്‌ 22-ാംഭാഗത്തും (503 മുതൽ 510 വരെയുള്ള വകുപ്പുകള്‍) കുറ്റങ്ങള്‍ ചെയ്യാനുള്ള ശ്രമത്തെക്കുറിച്ച്‌ 23-ാം അധ്യായത്തിലും (വകുപ്പ്‌ 511) പ്രതിപാദിച്ചിരിക്കുന്നു.

ഇതോടൊപ്പം ഇന്ത്യന്‍ ശിക്ഷാനിയമത്തിൽ പിന്നീടുകൂട്ടിച്ചേർത്ത മൂന്ന്‌ ഉപവിഭാഗങ്ങള്‍ കൂടിയുണ്ട്‌-V-A, IX A, XX A.. ഇതിൽ V Aഎന്നഭാഗത്ത്‌ 120 A വകുപ്പിൽ കുറ്റകരമായ ഗൂഢാലോചനയുടെ നിർവചനം ഉള്‍പ്പെടെ നല്‌കിയിട്ടുണ്ട്‌. വകുപ്പു 120 B-യിൽ കുറ്റകരമായ ഗൂഢാലോചനയ്‌ക്കുള്ള ശിക്ഷ നിർദേശിച്ചിട്ടുണ്ട്‌. V A എന്ന ഭാഗത്തിൽ ഈ രണ്ടു വകുപ്പുകള്‍ മാത്രമേയുള്ളൂ.

അധ്യായം IX- A തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച കുറ്റങ്ങളെക്കുറിച്ചാണു പ്രതിപാദിക്കുന്നത്‌. ഈ ഭാഗത്ത്‌ 171 എ മുതൽ 171 ഐ വരെയുള്ള വകുപ്പുകള്‍ ആണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. സ്വതന്ത്ര ഇന്ത്യയിൽ നടത്തിയ തിരഞ്ഞെടുപ്പുകളുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ രൂപപ്പെട്ടതാണ്‌ ഈ ഭാഗം. ആരാണ്‌ സ്ഥാനാർഥി, എന്താണ്‌ തിരഞ്ഞെടുപ്പവകാശം, കൈക്കൂലിക്കുറ്റത്തിന്റെ വ്യാപ്‌തി, തിരഞ്ഞെടുപ്പുകളിൽ ചെലുത്തുന്നു അനുചിതമായ സ്വാധീനം, തിരഞ്ഞെടുപ്പുകളിൽ നടക്കുന്ന ആള്‍മാറാട്ടം, അത്തരം കുറ്റങ്ങള്‍ക്കുള്ള ശിക്ഷകള്‍, തിരഞ്ഞെടുപ്പു സംബന്ധിച്ച വ്യാജപ്രസ്‌താവനകള്‍, തിരഞ്ഞെടുപ്പു സംബന്ധമായി നിയമവിരുദ്ധമായി പണം കൊടുക്കൽ, തിരഞ്ഞെടുപ്പു കണക്കു സൂക്ഷിക്കാതിരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ്‌ ഈ ഭാഗത്തിൽ സവിസ്‌തരം പ്രതിപാദിച്ചിരിക്കുന്നത്‌. തിരഞ്ഞെടുപ്പു നടക്കുന്ന കാലയളവിൽ ഈ ഭാഗത്തിലെ വകുപ്പുകള്‍ കൂടുതലായി പ്രയോഗിക്കപ്പെടുന്നുണ്ട്‌. നാം സ്വീകരിച്ചിരിക്കുന്ന ജനാധിപത്യഭരണക്രമത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനമാണ്‌ തിരഞ്ഞെടുപ്പ്‌. അതിനാൽ പ്രാതിനിധ്യ ജനാധിപത്യക്രമത്തിന്റെ ആരോഗ്യകരമായ നിലനില്‌പിന്‌ വളരെയധികം സഹായം നല്‌കുന്ന വകുപ്പുകളാണ്‌ ഈ ഭാഗത്തിലുള്ളത്‌.

XXA എന്ന ഭാഗം സ്‌ത്രീകള്‍ക്കെതിരെ വ്യാപകമായി നടക്കുന്ന ഗാർഹിക പീഡനത്തിന്റെ പശ്ചാത്തലത്തിൽ രൂപം കൊണ്ടതാണ്‌. ലോകത്തെല്ലായിടത്തുംതന്നെ ഗാർഹിക പീഡനത്തിനെതിരെ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ ഉയർന്നു വരാന്‍ ആരംഭിച്ചതോടെ സ്‌ത്രീകള്‍ക്കു സംരക്ഷണം നല്‌കാന്‍ വേണ്ടി പലരാജ്യങ്ങളിലും ഇത്തരം നിയമങ്ങള്‍ക്കു രൂപംനല്‌കുകയുണ്ടായി. ഇന്ത്യയിൽ പലപ്പോഴും ഗാർഹിക പീഡനത്തിന്‌ അടിസ്ഥാന കാരണമായി കാണപ്പെടുന്നത്‌ സ്‌ത്രീധനമാണ്‌. സ്‌ത്രീധനത്തിന്റെ പേരിൽ സ്‌ത്രീകള്‍ക്കെതിരെ നടത്തുന്ന ആക്രമണങ്ങളിൽ ഭർത്താവുമാത്രമല്ല ഭർത്താവിന്റെ ബന്ധുക്കളും പലപ്പോഴും പങ്കാളികളാകാറുണ്ട്‌. തതഅ ഭാഗത്തിൽ 498 എ വകുപ്പിൽ മുഖ്യമായും പ്രതിപാദിച്ചിരിക്കുന്നത്‌ ഭർത്താവിന്റെയോ അല്ലെങ്കിൽ ഭർത്താവിന്റെ ബന്ധുക്കളുടെയോ ക്രൂരതയെ സംബന്ധിച്ചും അതിനുള്ള ശിക്ഷയെ സംബന്ധിച്ചും ആണ്‌.

സ്‌ത്രീധനവുമായി ബന്ധപ്പെട്ടുതന്നെ 1986-ൽ ഇന്ത്യന്‍ ശിക്ഷാനിയമത്തിൽ ഒരു പുതിയ വകുപ്പ്‌ (304 ബി) കൂടി എഴുതിച്ചേർത്തു. ഒരു സ്‌ത്രീ അവളുടെ വിവാഹശേഷം ഏഴുകൊല്ലത്തിനകം സാധാരണ രീതിയിലല്ലാതെ അഗ്നിക്കിരയായോ മറ്റു ദേഹോപദ്രവം മൂലമോ മരിക്കുകയും അതിനുമുമ്പ്‌ ഭർത്താവോ അയാളുടെ ബന്ധുക്കളോ സ്‌ത്രീധനത്തിനുവേണ്ടി അവളിൽ സമ്മർദം ചെലുത്തുകയും ചെയ്‌തിട്ടുണ്ടെങ്കിൽ അതിനുശേഷമുണ്ടായ മരണം സ്‌ത്രീധന മരണമായി കണക്കാക്കുമെന്ന്‌ പ്രസ്‌താവിച്ചിട്ടുണ്ട്‌. അപ്രകാരമൊന്നുമുണ്ടായിട്ടില്ലെന്നു തെളിയിക്കുവാനുള്ള ബാധ്യത ഭർത്താവിനും ഭർത്തൃബന്ധുക്കള്‍ക്കുമാണ്‌. ഇതിൽ കുറ്റവാളിയാകുന്ന ഭർത്താവിനും ബന്ധുക്കള്‍ക്കും ഏഴുവർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ നല്‌കാനും ഈ വകുപ്പിൽ വ്യവസ്ഥയുണ്ട്‌.

പൊതുവിൽ ഇന്ത്യന്‍ ജനതയ്‌ക്കുബാധകമായ മുഴുവന്‍ ക്രിമിനൽ നിയമങ്ങളെയും ക്രാഡീകരിച്ചുകൊണ്ട്‌ 1860-ൽ നടപ്പിൽ വരുത്തിയ ഇന്ത്യന്‍ശിക്ഷാനിയമസംഹിത (Indian Penal Code) മറ്റു പല രാജ്യങ്ങള്‍ക്കും നിയമനിർമാണത്തിനു മാതൃകയായിട്ടുണ്ട്‌. ക്രിമിനൽ കുറ്റങ്ങളുടെ മിക്കവാറും എല്ലാ മേഖലകളെയും വേണ്ട തരത്തിൽ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഈ നിയമസംഹിതയിൽ ഒട്ടാകെ 395 കുറ്റങ്ങളും അവയ്‌ക്കുള്ള ശിക്ഷകളും ആണ്‌ നല്‌കിയിട്ടുള്ളത്‌. കഴിഞ്ഞ ഏതാണ്ട്‌ ഒന്നര നൂറ്റാണ്ടായി നിലവിലുള്ള ഈ നിയമസംഹിതയിൽ, പിന്നീടു പലപ്പോഴായി വെറും അന്‍പതിൽ താഴെ ഉപവകുപ്പുകള്‍ മാത്രമേ കൂട്ടിച്ചേർക്കേണ്ടിവന്നിട്ടുള്ളൂ. അതായത്‌ സംഭവിക്കാന്‍ സാധ്യതയുള്ള എല്ലാ കുറ്റങ്ങളെയും ശരിയാംവച്ചം വിഭാവന ചെയ്‌ത്‌ ഈ നിയമസംഹിതയിൽ ഉള്‍പ്പെടുത്തിയിരുന്നു എന്നു സാരം.

(ജസ്റ്റിസ്‌ കെ. സദാശിവന്‍; ആർ. രാധാകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍