This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആസൂത്രണം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആസൂത്രണം== രാഷ്‌ട്രത്തിലെ മൊത്തം വിഭവങ്ങള്‍ പരമാവധി സമാഹരിച...)
അടുത്ത വ്യത്യാസം →
08:43, 7 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഉള്ളടക്കം |
ആസൂത്രണം
രാഷ്‌ട്രത്തിലെ മൊത്തം വിഭവങ്ങള്‍ പരമാവധി സമാഹരിച്ച്, അവ വിനിയോഗിക്കേണ്ട രീതിയും മാർഗവും മുന്‍കൂട്ടി തീരുമാനിച്ച്, അതു കാര്യക്ഷമമായി നടപ്പാക്കി നിശ്ചിതലക്ഷ്യങ്ങള്‍ നേടാന്‍ ഉപയോഗിക്കുന്ന ക്രമബദ്ധമായ പ്രക്രിയയാണ് സാമ്പത്തികാസൂത്രണം. രാഷ്‌ട്രീയ-സാമൂഹികഘടനയുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക കണക്കുകൂട്ടലായും അതിനെ പരിഗണിക്കാം.
ആസൂത്രണം എന്തിന് ?
സാമ്പത്തികാസൂത്രണം, സാമ്പത്തിക മാനേജ്‌മെന്റ് എന്നീ ആശയങ്ങള്‍ ഇന്ന് എല്ലാ വികസിത-വികസ്വര-മുതലാളിത്ത-സോഷ്യലിസ്റ്റ്-മിശ്രവ്യവസ്ഥിതി രാഷ്‌ട്രങ്ങളിലും അംഗീകരിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. യഥേച്ഛാകാരിതാ (Laissez-Faire)സിദ്ധാന്തത്തിലധിഷ്‌ഠിതമായ സ്വതന്ത്ര കമ്പോളവ്യവസ്ഥിതിയിൽ വ്യക്തികളുടെ ആവശ്യങ്ങള്‍ പരമാവധി നിറവേറ്റാന്‍ ദുർലഭമായ വിഭവസമ്പത്ത് കമ്പോളത്തിന്റെ അദൃശ്യഹസ്‌തം (Invisible Hand) കാര്യക്ഷമമായി വിതരണം ചെയ്യുമെന്ന് ഒരു കാലത്ത് പലരും വിശ്വസിച്ചിരുന്നു. എന്നാൽ അദൃശ്യഹസ്‌തത്തിന്റെ പ്രവർത്തനം തടസ്സപ്പെടുകയോ തകരാറിലാകുകയോ ചെയ്‌താൽ പൊരുത്തക്കേടുകള്‍ ഉണ്ടാകുന്നു എന്നു മാത്രമല്ല, അതിന്റെ ഫലമായി വ്യാപകമായ തൊഴിലില്ലായ്‌മ; സ്വത്ത്, സമ്പത്ത്, വരുമാനം, സാമ്പത്തികശക്തി എന്നിവയിലുള്ള കുത്തകകേന്ദ്രീകരണം; നീതിപൂർവകമല്ലാത്ത വരുമാനവിതരണം; സാമ്പത്തികസ്‌തംഭനം; വ്യാപാരചക്രങ്ങള്‍; ദുർലഭമായ വിഭവങ്ങളുടെ പാഴാക്കൽ എന്നീ ദോഷഫലങ്ങളുണ്ടാകുന്നു. ഇതിനു പരിഹാരമായി, ഒന്നുകിൽ അദൃശ്യഹസ്‌തത്തിന്റെ സ്വതന്ത്രവും കാര്യക്ഷമവുമായ പ്രവർത്തനത്തിനുവേണ്ട അന്തരീക്ഷം ഒരുക്കണം; അല്ലെങ്കിൽ സർക്കാർ നിയന്ത്രണത്തിനു വിധേയമായി കമ്പോളവ്യവസ്ഥിതി പ്രവർത്തിപ്പിക്കണം; അതുമല്ലെങ്കിൽ പൂർണമായും കമ്പോളവ്യവസ്ഥിതിയെ മാറ്റി നിർത്തി പൂർണസാമ്പത്തികാസൂത്രണം സ്വീകരിക്കണം. പാശ്ചാത്യരാഷ്‌ട്രങ്ങളിൽ മിക്കതും രണ്ടാമത്തെ നടപടി സ്വീകരിച്ചപ്പോള്‍, സോഷ്യലിസ്റ്റു രാഷ്‌ട്രങ്ങള്‍ മൂന്നാമത്തെ നടപടിയാണ് സ്വീകരിക്കാന്‍ തയ്യാറായത്. പഴക്കം ചെന്നതും അശാസ്‌ത്രീയവുമായ കൃഷിസമ്പ്രദായം, പരമ്പരാഗതവും ക്ഷയോന്മുഖവുമായ വ്യവസായങ്ങള്‍, അപര്യാപ്‌തമായ മിച്ച സമ്പാദ്യവും മൂലധന നിക്ഷേപവും, ജനപ്പെരുപ്പവും ജനസംഖ്യാവിസ്‌ഫോടനവും, സാമ്പത്തിക-സാമൂഹ്യ-രാഷ്‌ട്രീയപരാധീനത, കോളനിവീഴ്‌ചയുടെയും സാമ്രാജ്യത്വത്തിന്റെയും തിക്താനുഭവങ്ങള്‍, തൊഴിലില്ലായ്‌മ, പട്ടിണി, ദാരിദ്യ്രം, വികസനത്തിന് അനുയോജ്യമല്ലാത്ത സാമൂഹ്യ അന്തരീക്ഷം, ഫ്യൂഡൽ ബന്ധങ്ങള്‍ എന്നീ മൗലികപ്രശ്‌നങ്ങളുമായി മല്ലിടുന്ന വികസ്വരരാഷ്‌ട്രങ്ങള്‍ക്ക് പ്രത്യേകിച്ചും സാമ്പത്തികാസൂത്രണത്തോടു കൂടുതൽ മമതയുണ്ടായി. സമ്പദ്‌ഘടനയെയും പ്രവർത്തനത്തെയും വിശകലനം ചെയ്യുന്ന നിരവധി സൈദ്ധാന്തിക-അപഗ്രഥന മാതൃകകളും വസ്‌തു നിഷ്‌ഠമായ പഠനങ്ങളും വികസനതന്ത്രം രൂപീകരിക്കാനും സാമ്പത്തികാസൂത്രണം പ്രചരിപ്പിക്കാനും സഹായിക്കുന്ന ഒരു അന്തരീക്ഷം സൃഷ്‌ടിച്ചു. അതോടെ സാമ്പത്തികാസൂത്രണം സർവവ്യാപകമായി.
ലക്ഷ്യങ്ങള്‍
രാഷ്‌ട്രീയ-സാമൂഹിക ചട്ടക്കൂട്ടിനകത്ത് നിർണയിക്കപ്പെടുന്ന, ജനതയുടെ ഭാവിയെക്കുറിച്ചുള്ള അഭിലാഷങ്ങളാണ് ആസൂത്രണലക്ഷ്യങ്ങള്‍. അവയ്‌ക്ക് പരിണതരൂപം നല്‌കുകയാണ് പരമമായ ലക്ഷ്യം (target). ആേസൂത്രണലക്ഷ്യങ്ങളെ സാമ്പത്തികം, സാമൂഹികം, പ്രാപഞ്ചികം എന്നിങ്ങനെ മൂന്നായി തരംതിരിക്കാം. നിശ്ചിത നിരക്കിലുള്ള സാമ്പത്തികവൃദ്ധി, പ്രതിശീർഷവരുമാനം, കാർഷികനവീകരണം, വ്യവസായവത്‌കരണം, സാങ്കേതികവികസനം, ജനസംഖ്യാനിയന്ത്രണം എന്നിവയാണ് പ്രധാനപ്പെട്ട സാമ്പത്തികലക്ഷ്യങ്ങള്‍. ഇവയിൽമാത്രം ശ്രദ്ധകേന്ദ്രീകരിച്ചാൽ സമ്പദ്‌വ്യവസ്ഥയുടെ ഘടന, സ്വഭാവം, ഉത്‌പാദനബന്ധങ്ങള്‍, സമ്പത്ത്, വരുമാനം എന്നിവയുടെ വിതരണം മുതലായവ ഉദ്ദേശിക്കുന്ന തരത്തിലാവില്ല. സാമ്പത്തികവൃദ്ധിയും സാമൂഹ്യനീതിയും പൊരുത്തപ്പെട്ടു എന്നും വരില്ല. സാമ്പത്തികവൃദ്ധിയുടെ ഫലം എങ്ങനെ ജനങ്ങള്‍ക്കിടയിൽ വിതരണം ചെയ്യണമെന്ന് നിർദേശിക്കുന്നവയാണ് സാമൂഹിക ലക്ഷ്യങ്ങള്‍. ഭക്ഷണം, വസ്‌ത്രം, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണപ്രവർത്തനങ്ങള്‍ എന്നിവ ആവശ്യത്തിനുവേണ്ട അളവിൽ ജനങ്ങള്‍ക്ക് ഉറപ്പു വരുത്തണമെന്നുള്ളതാണ് സാമൂഹ്യലക്ഷ്യങ്ങള്‍. സാമ്പത്തിക-സാമൂഹികലക്ഷ്യങ്ങള്‍ എത്രകണ്ട്, എത്ര വേഗത്തിൽ, എത്ര ഘട്ടങ്ങളിലായി, ഏതു കാലയളവിനുള്ളിൽ നേടണമെന്ന് നിർദേശിക്കുന്നവയാണ് പ്രാപഞ്ചിക ലക്ഷ്യങ്ങള്‍.
വകഭേദങ്ങള്‍
സാമ്പത്തികാസൂത്രണത്തിന് പല വകഭേദങ്ങളുണ്ട്:
സോഷ്യലിസ്റ്റ് ആസൂത്രണവും മുതലാളിത്ത-ആസൂത്രണവും. മുതലാളിത്ത-ആസൂത്രണമെന്ന പ്രയോഗത്തിൽ വൈരുധ്യമുണ്ടെങ്കിലും മുതലാളിത്തസ്വഭാവമുള്ള ഉത്‌പാദനബന്ധങ്ങള്‍, സ്വകാര്യമേഖല, കമ്പോളപ്രവർത്തനം എന്നിവ ആസൂത്രിതമായ സർക്കാർ നിയന്ത്രണത്തിനു വിധേയമാകുമ്പോള്‍ ഒരു മിശ്ര-ആസൂത്രിതവ്യവസ്ഥിതിയുണ്ടാകുന്നു എന്നു പറയാം. സോഷ്യലിസ്റ്റാസൂത്രണത്തിൽ ക്രമബദ്ധമായ സമ്പൂർണ-ആസൂത്രിത-സർക്കാർ നിയന്ത്രണത്തിന് അവ വിധേയമാകുന്നു. ഒരു വിമാനം പറക്കേണ്ട ലക്ഷ്യവും അതിന്റെ വേഗതയും കാറ്റല്ല, മറിച്ച് വൈമാനികനാണ് നിശ്ചയിക്കേണ്ടതെന്ന് എടുത്തുപറയേണ്ട കാര്യമില്ല. ഈ തത്ത്വം സോഷ്യലിസ്റ്റാസൂത്രണത്തിനു ബാധകമാണ്.
നിർദേശകാസൂത്രണവും (Planning by direction) പ്രരകാസൂത്രണവും (Planning by inducement)പൊരുത്തക്കേടുകള്‍വഴി തകർച്ചയുടെ വക്കത്ത് എത്തുന്ന ഘട്ടത്തിൽ മുതലാളിത്തവ്യവസ്ഥിതിയിൽ അതിന്റെ ചട്ടക്കൂട്, സ്വകാര്യസ്വത്തുടമാവകാശം, സ്വകാര്യസാമ്പത്തിക പ്രവർത്തന സ്വാതന്ത്യ്രം എന്നിവ ബലികഴിക്കാതെ ഭരണപരമായ കല്‌പനകള്‍വഴി നടത്തുന്ന ആസൂത്രണമാണ് നിർദേശകാസൂത്രണം. നിർദേശകാസൂത്രണം അയവുള്ള ഒന്നല്ല. കട്ടിലിന്റെ നീളത്തിനൊപ്പിച്ച് കിടക്കുന്നആളിന്റെ നീളം മുറിച്ച് ശരിയാക്കുന്നപോലെയാണ് ചിലപ്പോള്‍ നിർദേശകാസൂത്രണം പ്രവർത്തിക്കുന്നത്. ജനങ്ങളുടെ പരീക്ഷണകൗതുകം, സംരംഭതൃഷ്‌ണ എന്നിവ മുരടിപ്പിക്കുന്ന നിർദേശകാസൂത്രണം ഭരണസംവിധാനത്തിൽ അഴിമതിക്ക് അവസരം സൃഷ്‌ടിക്കുന്നു. കോട്ടംതട്ടാത്ത പദ്ധതിയും പുറപ്പെടുവിക്കുന്ന കല്‌പനകള്‍ നടപ്പാക്കാന്‍ കഴിവുള്ള ബദ്ധശ്രദ്ധമായ ഭരണസംവിധാനവും നിർദേശകാസൂത്രണത്തിന്റെ വിജയത്തിനാവശ്യമാണ്. കല്‌പനകള്‍ പുറപ്പെടുവിക്കുന്നതിനുപകരം, സാമ്പത്തിക വികസനത്തെ ത്വരിതപ്പെടുത്താന്‍ നാണ്യനയം, ധനകാര്യനയം, വില്‌പനനയം, മൂലധന നിക്ഷേപനയം, വിദേശ വ്യാപാരനയം, വേതന നയം, വരുമാന നയം, ലാഭവീതനയം എന്നിവ ഔചിത്യപൂർവം ഉപയോഗിച്ച് സാമ്പത്തിക പ്രവർത്തനങ്ങള്‍ക്കുവേണ്ട ഉത്തേജനം നല്‌കുന്നതിനെ പ്രരകാസൂത്രണം എന്നു വിളിക്കാം. മുതലാളിത്ത ചട്ടക്കൂട്ടിൽ നടക്കുന്ന ആസൂത്രണം ഇത്തരത്തിലുള്ളതാണ്.
ഘടനാപരമായ ആസൂത്രണവും(Structural Planning) പ്രവൃത്തിപരമായ ആസൂത്രണവും(Functional Planning). മിക്ക വികസ്വരരാഷ്‌ട്രങ്ങളിലും ഘടനാപരമായ മൗലികപ്രവർത്തനങ്ങള്‍ കൂടാതെ ആസൂത്രിതവികസനം സാധ്യമല്ല. ഘടനാപരമായ പരിവർത്തനങ്ങള്‍ സ്വീകാര്യമല്ലെങ്കിൽ, നിലവിലുള്ള ഘടനയിലെ വൈകല്യങ്ങള്‍ കഴിവതും നീക്കംചെയ്‌ത് അതിന്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്ന പ്രവൃത്തിപരമായ ആസൂത്രണം സ്വീകരിക്കണം.
വസ്‌തുപരമായ ആസൂത്രണവും (Physical Planning) ധനപരമായ ആസൂത്രണവും (Financial Planning). ഭൂമി, മനുഷ്യാധ്വാനം, മൂലധനസാമഗ്രികള്‍, അസംസ്‌കൃതസാധനങ്ങള്‍, വിദ്യുച്ഛക്തി, കൽക്കരി മുതലായ വസ്‌തുപരമായ വിഭവങ്ങളുടെ അടിസ്ഥാനത്തിൽ സാമ്പത്തിക കണക്കുകൂട്ടലുകള്‍ നടത്തിയാൽ അത് വസ്‌തുപരമായ ആസൂത്രണമായി. നിവേശ-നിർഗമപട്ടികയുടെ ഉപയോഗം അതിന് അത്യന്താപേക്ഷിതമാണ്. ധനപരമായ വിഭവങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന ആസൂത്രണത്തിൽ, ഉത്‌പാദനലക്ഷ്യങ്ങളും അവ നേടാനാവശ്യമായ വിഭവങ്ങളും നാണ്യമൂല്യത്തിൽ കണക്കാക്കുന്നു. മിക്ക ആസൂത്രിത രാജ്യങ്ങളിലും വസ്‌തുപരമായ ആസൂത്രണവും ധനപരമായ ആസൂത്രണവും ഒരേ സമയത്ത് പ്രവർത്തിക്കുന്നു. വസ്‌തുപരമായ ആസൂത്രണം ബിംബവും ധനപരമായ ആസൂത്രണം പ്രതിബിംബവുമാണെന്ന് വിശേഷിപ്പിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല.
ചിരസ്ഥായിയായ ആസൂത്രണവും(Permanent Planning) അടിയന്തിരാവശ്യത്തിനുള്ള ആസൂത്രണവും (Emergency Planning). നിരവധി ഹ്രസ്വകാലപദ്ധതികള്‍ കൂട്ടിച്ചേർത്ത് ദീർഘകാലപദ്ധതിയും ആയുഷ്‌കാല സ്വഭാവമുള്ള വിഹഗവീക്ഷണപദ്ധതിയും രൂപപ്പെടുത്തുന്നു. ചിരസ്ഥായിയായ ആസൂത്രണം സോഷ്യലിസ്റ്റ് രാഷ്‌ട്രങ്ങളിലാണ് കൂടുതൽ കണ്ടുവരുന്നത്. ദുർഘടമായ പ്രതിസന്ധിയിൽമാത്രം ആസൂത്രണത്തെ ആശ്രയിക്കുമ്പോള്‍ അടിയന്തിരാവശ്യത്തിനുള്ള ആസൂത്രണമായി. യുദ്ധകാല-ആസൂത്രണം, ക്ഷാമകാല-ആസൂത്രണം എന്നിവ അത്തരത്തിൽപ്പെടുന്നു. അവയെ ബോട്ടിൽ നെക്ക് പ്ലാനിംഗ് (Bottle neck Planning) എന്നും വിളിക്കാം.
പ്രാദേശികാസൂത്രണവും അന്തർദേശീയാസൂത്രണവും. പ്രാദേശികപ്രശ്‌നങ്ങളുടെ പരിഹാരത്തിനും ലഭ്യമാകുന്ന വിഭവങ്ങളുടെ പരമാവധി ഉപയോഗം സാധ്യമാക്കുന്നതിനും അതുവഴി വികസനം ത്വരിതപ്പെടുത്താനും സന്തുലിതാവസ്ഥ സ്ഥാപിക്കുവാനും പ്രാദേശികാസൂത്രണം ഉപകരിക്കും. പ്രാദേശിക വരുമാനക്കണക്കുകള്‍ ശേഖരിച്ച് അനുയോജ്യമായ വൃദ്ധി മോഡലും സമീപനവും സ്വീകരിച്ചാണ് പ്രാദേശികാസൂത്രണം നടപ്പാക്കുക. ഈ ചട്ടക്കൂട്ടിനകത്ത് തദ്ദേശവികസനപദ്ധതികളും ഗ്രാമ-നഗരവികസനപദ്ധതികളും മാസ്റ്റർ പദ്ധതികളും ഉള്‍പ്പെടും. ഒന്നിലധികം രാഷ്‌ട്രങ്ങള്‍ സഹകരിച്ച് ഒരു പൊതു ആസൂത്രണ ചട്ടക്കൂട്ടിൽ ആകെയുള്ള വിഭവ സമ്പത്തിനെ പരമാവധി സമാഹരിച്ച് ഉപയോഗപ്പെടുത്തി പൊതുലക്ഷ്യങ്ങള്‍ നേടുന്ന പ്രക്രിയയെ അന്തർദേശീയാസൂത്രണം എന്നു വിളിക്കാം. രാഷ്‌ട്രീയപരമാധികാരശക്തിക്ക് ഉലച്ചിൽ വരുത്തുന്ന ഒന്നാണത്. ചെറിയ തോതിലുള്ള അന്തർദേശീയ സഹകരണവും ആസൂത്രണവും പൊതുവേ സ്വീകാര്യമാണ്. അന്താരാഷ്‌ട്രനാണയനിധി, ലോകബാങ്ക് മുതലായ ഐക്യരാഷ്‌ട്രസഭയുടെ ഏജന്‍സികള്‍, യൂറോപ്യന്‍ പൊതുവിപണി, കമ്യൂണിസ്റ്റ് ചേരി രാഷ്‌ട്രങ്ങള്‍ക്കുള്ള പരസ്‌പരസാമ്പത്തികസഹായകൗണ്‍സിൽ, കൊളംബോ പദ്ധതി, ഏഷ്യയ്‌ക്കും വിദൂര പൗരസ്‌ത്യരാഷ്‌ട്രങ്ങള്‍ക്കുമുള്ള സാമ്പത്തിക-സാമൂഹ്യ കൗണ്‍സിൽ എന്നിവ അന്തർദേശീയസാമ്പത്തികാസൂത്രണത്തെ പ്രാത്സാഹിപ്പിക്കുന്നു. കാർഷികവികസനത്തെ സംബന്ധിച്ച ഒരു ആഗോളനിർദേശകപദ്ധതി ഐക്യരാഷ്‌ട്രസഭയുടെ ഭക്ഷ്യ-കാർഷികസംഘടന രൂപീകരിക്കുകയുണ്ടായി. കാർഷികവിഭവങ്ങളുടെ ഉത്‌പാദനം, ഉപഭോഗം, വില, വാണിജ്യം എന്നിവയ്‌ക്കു പരമമായ ലക്ഷ്യങ്ങള്‍ നിർദേശിച്ച്, പ്രദാന-ചോദന വ്യതിയാനങ്ങള്‍ മുന്‍കൂട്ടിക്കണ്ട്, ആഗോളകാർഷികപ്രവർത്തനങ്ങള്‍ ആസൂത്രണം ചെയ്യാനാണ് ഈ പദ്ധതി. സമ്പൂർണമായ അന്തർദേശീയാസൂത്രണം ഇനിയും ഗൗരവമായി വീക്ഷിക്കാന്‍ മിക്ക രാഷ്‌ട്രങ്ങളും തയ്യാറായിട്ടില്ല.
ആസൂത്രണ-ഉപാധികളും സങ്കേതങ്ങളും
വിഭവസമ്പത്ത്, ജനസംഖ്യ, മനുഷ്യാധ്വാനം, കൃഷി, വ്യവസായം, വാണിജ്യം, ധനകാര്യം, സ്വത്ത്, വരുമാനം, അവയുടെ വിതരണഘടന; ഉത്‌പാദനം, ഉപഭോഗം, മിച്ചസമ്പാദ്യം എന്നിവയെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകള്‍ ശേഖരിക്കുകയാണ് ആസൂത്രണത്തിന്റെ പ്രാരംഭനടപടി. കൂടാതെ, ഉത്‌പാദനബന്ധങ്ങള്‍, അഭിലാഷമാപകം, വിഭവങ്ങളുടെ അളവും ഗുണവും, സാമൂഹ്യബന്ധങ്ങളും സ്വഭാവങ്ങളും, രാഷ്‌ട്രീയസ്വഭാവം, മതം, ആചാരം എന്നിവയുടെ പ്രകൃതവും പ്രത്യാഘാതങ്ങളും തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിക്കണം. ചിരസ്ഥായിയായി പ്രവർത്തിക്കുന്ന ഏജന്‍സികള്‍ക്കുപുറമേ, താത്‌കാലിക സർവേകള്‍, അന്വേഷണക്കമ്മീഷനുകള്‍, വിഭവപര്യവേക്ഷണ പ്രവർത്തനങ്ങള്‍ എന്നിവയിൽക്കൂടി ആസൂത്രണത്തിനുവേണ്ട വിവരങ്ങള്‍ ശേഖരിക്കാം. ഭൂസ്വത്ത്, ജനസംഖ്യ, കാലിസമ്പത്ത് എന്നിവയെ സംബന്ധിച്ച് നടത്തുന്ന കാനേഷുമാരിക്കണക്കുകള്‍ പ്രസിദ്ധമാണ്. സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഗണാങ്ങകങ്ങളായ കുറെ ആർഥികചരങ്ങള്‍ ഉപയോഗിച്ച് സമ്പദ്‌ഘടനയുടെ ഒരു മോഡൽതന്നെ നിർമിക്കാം. ആ മോഡലിന് അനുയോജ്യമായ തരത്തിൽ ആസൂത്രണ സങ്കേതങ്ങള്‍ സ്വികരിക്കാവുന്നതാണ്. അനുകൂലതമീകരണത്തെ ലാക്കാക്കിയുള്ള ഒരു ഗണാങ്ങകമായ അഭ്യാസമാണ് ആ പ്രക്രിയ. അതിൽകൂടിയാണ് ഒരു ആസൂത്രണപദ്ധതിയുടെ യാഥാർഥ്യവും ആന്തരികപ്പൊരുത്തവും നിർണയിക്കുന്നത്. പ്രാഫ. യാന്‍ ടിന്‍ബർഗന്റെ ഭാഷയിൽ സാമ്പത്തികാസൂത്രണം ചില പ്രധാനപ്പെട്ട സാമ്പത്തിക ബന്ധങ്ങളുടെയും ധർമങ്ങളുടെയും സമാഹാരമാണ്. മൂലധന-ഉത്‌പാദന അനുപാതം; ഭൂമി-തൊഴിൽ അനുപാതം, മിച്ച-സമ്പാദ്യ അനുപാതം, നിക്ഷേപ-അനുപാതം എന്നിവ അതിൽ ഉള്‍പ്പെടുന്നു.
ബാലന്‍സ് രീതി
സമഗ്രമായ ആസൂത്രണത്തിന് ബാലന്‍സ് അഥവാ സന്തുലനരീതി, നിവേശ-നിർഗമ അപഗ്രഥനരീതി, രേഖീയ പ്രാഗ്രാമിംഗ്, ധനമിതിക മോഡൽ എന്നീ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നു. പരസ്‌പര ബന്ധമുള്ള ആശ്രിതമേഖലകള്‍ ഒന്നുചേർന്നാണ് സമ്പദ്‌ഘടന രൂപംകൊള്ളുന്നത്. എല്ലാമേഖലകളിലും സന്തുലനം ഉണ്ടായാലേ പൊതുസന്തുലനം ഉണ്ടാകൂ. ഭൗതിക വിഭവങ്ങളുടെസന്തുലനം, മനുഷ്യശക്തിയുടെ സന്തുലനം, സ്ഥൂലസാമ്പത്തികസന്തുലനം (Macro-economic Balance), ക്ഷൈതിജസന്തുലനം (Horizontal Balance), ഊർധ്വാധരസന്തുലനം അഥവാ അന്തർമേഖലാസന്തുലനം (Vertical or Inter-sectoral Balance), അന്തഃകാലിക സന്തുലനം (Intertemporal Balance) എന്നിവ ബാലന്‍സ് രീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. കമ്പനികളുടെ ബാലന്‍സ് ഷീറ്റ് തയ്യാറാക്കുന്നതുപോലെ വിഭവങ്ങള്‍, മനുഷ്യാധ്വാനം, ഉത്‌പാദനം, ഉപഭോഗം എന്നിവയെക്കുറിച്ചുള്ള നിരവധി ബാലന്‍സ്‌ഷീറ്റുകള്‍ തയ്യാറാക്കി അതിന്റെ വെളിച്ചത്തിൽ പൊരുത്തങ്ങളും ബാലന്‍സും നിർണയിക്കാം. ഭൗതിക വിഭവങ്ങളുടെ ആകെ അളവും മേഖലാടിസ്ഥാനത്തിലുള്ള വിതരണവും സന്തുലിതമാകണം. ഉപഭോഗ വസ്‌തുക്കളുടെ അന്തിമചോദനവും അന്തിമപ്രദാനവും പൊരുത്തപ്പെടുന്നുണ്ടോ എന്നു കാണാനാണ് ക്ഷൈതിജ സന്തുലനരീതി ഉപയോഗിക്കുന്നത്. സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ഉത്‌പാദനഘടനയിൽ, വിവിധ മേഖലകളിലുള്ള ഉത്‌പാദനം പരസ്‌പരം പൊരുത്തപ്പെടുന്നത് പരിശോധിക്കുകയാണ് ഊർധ്വാധരസന്തുലനം അഥവാ അന്തർമേഖലാസന്തുലനരീതിയുടെ ലക്ഷ്യം. ഒരു നിശ്ചിതകാലത്തിനുപകരം, കാലാന്തരമായി സന്തുലനസ്ഥിതി പരിശോധിക്കുന്ന രീതിയെ അന്തഃകാലികസന്തുലനം എന്നു വിളിക്കുന്നു.
നിവേശ-നിർഗമരീതി
ആസൂത്രണത്തിൽ ഒരു പ്രധാനപങ്ക് വഹിക്കുന്ന സങ്കേതമാണ് നിവേശ-നിർഗമപട്ടികയും അപഗ്രഥനരീതിയും. പ്രസിദ്ധ ധനശാസ്‌ത്രജ്ഞയായ വാസ്‌ലി ലിയോണ്‍ ടീഫ് രൂപംകൊടുത്ത നിവേശ-നിർഗമപ്പട്ടികയാണ് അതിന്റെ അടിസ്ഥാനം. അന്തർമേഖലാ ഉത്‌പന്നപ്രവാഹത്തിന്റെ ഒരു ഏകദേശരൂപം നിവേശ-നിർഗമപ്പട്ടിക നല്‌കുന്നു. ഒരു നിശ്ചിതമേഖലയിലെ ഉത്‌പന്നം അതേ മേഖലയിൽതന്നെ നിവേശവിഭവമായും മറ്റു മേഖലകളിലെ നിവേശവിഭവമായും സ്വീകരിക്കപ്പെടുന്നു. ബാക്കിയുള്ള ഉത്‌പന്നം അന്തിമചോദനത്തിനുവേണ്ടി ലഭ്യമാകുന്നു. ഉദാഹരണത്തിന് കാർഷികമേഖലയും വ്യവസായ മേഖലയും ചേർന്ന ഒരു ദ്വിമേഖല സങ്കല്‌പിക്കുക. ആകെയുള്ള കാർഷികോത്‌പാദനം കാർഷികമേഖലയും വ്യവസായമേഖലയും അന്തിമചോദനവും കൂടി പങ്കിട്ടെടുക്കുന്നു. വിളവിന്റെ ഒരു ഭാഗം വിത്തായും മറ്റൊരു ഭാഗം വ്യവസായമേഖലയിൽ അസംസ്‌കൃതപദാർഥമായും ബാക്കിയുള്ള പങ്ക് അന്തിമചോദനമായും തീരുന്നു. അതുപോലെ, ആകെയുള്ള വ്യവസായോത്‌പാദനം, വ്യവസായ മേഖലയും കാർഷികമേഖലയും അന്തിമചോദനവും കൂടി പങ്കിട്ടെടുക്കുന്നു. വ്യവസായത്തിൽനിന്നും പണിയായുധങ്ങള്‍, രാസവളം എന്നിവ കാർഷികമേഖലയിലേക്കുതന്നെയും ബാക്കി ഉത്‌പാദനം അന്തിമചോദനത്തിലേക്കും പ്രവഹിക്കുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ കാർഷികമേഖലയും വ്യവസായമേഖലയും ഒരേസമയം ഉത്‌പാദന മേഖലയായും നിവേശസ്വീകരണമേഖലയായും പ്രവർത്തിക്കുന്നു. വളരെ ശ്രദ്ധയോടെ തയ്യാറാക്കിയ നിവേശ-നിർഗമപ്പട്ടിക സസൂക്ഷ്‌മം പരിശോധിച്ചാൽ ഓരോ മേഖലയും സ്വീകരിക്കുന്ന നിവേശവിഭവത്തിന്റെ അളവിൽ കുറവുവന്നാൽ ആ മേഖലയിലെ ഉത്‌പാദനത്തിലും കുറവുവരും. ഓരോ മേഖലയിലും ഒരു യൂണിറ്റ് ഉത്‌പാദനത്തിനുവേണ്ടിവരുന്ന നിവേശവിഭവങ്ങളുടെ അനുപാതം കൃത്യമായി കണക്കാക്കാം. അതിനെ നിവേശ-നിർഗമത്തോത് അഥവാ ഉത്‌പാദന ഗുണാങ്കങ്ങള്‍ (production coefficients)എന്നു വിളിക്കാം. ഉത്‌പാദനഗുണാങ്കങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞാൽ ഓരോ മേഖലയിലും നിശ്ചിത അളവിലുള്ള ഉത്‌പാദനത്തിന് എത്ര അളവിൽ നിവേശവിഭവങ്ങള്‍ വേണമെന്നും അവ ഏതേതു മേഖലകളിൽനിന്നും ലഭ്യമാകണമെന്നും ആസൂത്രകന് തീരുമാനിക്കാന്‍ കഴിയും. ഉത്‌പാദനഗുണാങ്കങ്ങള്‍ ഉത്‌പാദനസങ്കേതത്തെ ആശ്രയിച്ചിരിക്കുന്നു. സങ്കേതം മാറുന്നതനുസരിച്ച് ഗുണാങ്കത്തിന്റെ മൂല്യവും മാറും. നിവേശ-നിർഗമപ്പട്ടികയിൽ എല്ലാ-ഉത്‌പാദന-സ്വീകരണമേഖലകളെയും ഒന്നിനുതാഴെ ഒന്നായി ശ്രണിയിലും ഒന്നിനു വലത്ത് ഒന്നായി നിരയിലും ചേർക്കുന്നു. അടച്ച നിവേശ-നിർഗമപ്പട്ടിക (closed input-output table), മൂല്യാധിഷ്‌ഠിത നിവേശ-നിർഗമപ്പട്ടിക എന്നീ തരം പട്ടികകളും ആസൂത്രണത്തിന് ഉപകരിക്കും. പദാർഥനിവേശത്തിന് പുറമേ മനുഷ്യാധ്വാനവും അതു പ്രദാനം ചെയ്യുന്ന ഗാർഹികമേഖലയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് അടച്ച നിവേശ-നിർഗമപ്പട്ടിക. അത് ഒരു സമ്പൂർണപട്ടികയാണ്. അന്തർമേഖലാപ്രവാഹത്തിൽ ഉള്‍പ്പെടുന്ന ഉത്‌പന്നവിഭവങ്ങളെ അവയുടെ ഭൗതിക അളവിന്റെ അടിസ്ഥാനത്തിൽ വിവരിക്കുന്നതിനുപകരം അവയുടെ മൂല്യാധിഷ്‌ഠിത അക്കങ്ങള്‍കൊണ്ട് പ്രതിനിധാനം ചെയ്‌താൽ മൂല്യാധിഷ്‌ഠിത നിവേശ-നിർഗമപ്പട്ടികയായി. ഓരോ മേഖലയിലെയും ഉത്‌പാദനച്ചെലവ് കണക്കാക്കാന്‍ ഈ പട്ടിക സഹായിക്കുന്നു. അന്തിമചോദനം നിർണയിച്ചുകഴിഞ്ഞാൽ അതു തൃപ്‌തികരമായി നിറവേറ്റാന്‍ ഓരോ മേഖലയിലും ഏത് അളവിൽ ഉത്‌പാദനം നടക്കണമെന്ന് മുന്‍കൂട്ടി കണക്കാക്കാന്‍ നിവേശ-നിർഗമപ്പട്ടിക തയ്യാറാക്കിയാൽ അത്രയും സമഗ്രമായിരിക്കും ആസൂത്രണം. എന്നാൽ പല രാഷ്‌ട്രങ്ങളിലും സ്ഥിതിവിവരക്കണക്കുകളുടെ അഭാവം മൂലം സമഗ്രമായ നിവേശ-നിർഗമപ്പട്ടികയോ ആസൂത്രണമോ സ്വീകരിക്കാന്‍ തടസ്സമുണ്ടാകുന്നു. സാമ്പത്തികവികസനത്തിന്റെ ഫലമായി ഉത്‌പാദനഗുണാങ്കങ്ങളിലും അന്തർമേഖലാ പ്രവാഹത്തിലും മാറ്റമുണ്ടാകുന്നതുകൊണ്ട് നിവേശ-നിർഗമപ്പട്ടികയുടെ ഉള്ളടക്കത്തിലും അനുയോജ്യമായ മാറ്റങ്ങള്‍ അപ്പോഴപ്പോള്‍ ആസൂത്രകന്‍ ചെയ്‌തുകൊണ്ടിരിക്കും.
ഗണിതാങ്ങക പ്രോഗ്രാമിങ്
നിരവധി പക്ഷാന്തരങ്ങളിൽനിന്നും അനുകൂലതമമായത് തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന സങ്കേതമാണ് ഗണിതാങ്ങക പ്രാഗ്രാമിങ് അഥവാ രേഖീയ പ്രാഗ്രാമിങ് (Linear Programming). പരിമിതികള്‍ക്കനുസൃതമായി അനുകൂല തമീകരണം നടത്തുന്ന സാമ്പത്തികാസൂത്രണത്തിന് അനുയോജ്യമായ സങ്കേതമാണത്. ആസൂത്രകന്‍ ആദ്യമായി ഒരു വസ്‌തുനിഷ്‌ഠ ധർമം (objective function) നിർണയിക്കണം. ആ ധർമം അധികതമമാക്കുകയോ അല്‌പതമമാക്കുകയോ ആണ് ആസൂത്രകന്റെ ലക്ഷ്യം. ഉദാ. പരിമിതമായ മനുഷ്യാധ്വാനവും വിഭവങ്ങളും നിലവിലുള്ള ഉത്‌പാദനസങ്കേതത്തിന്റെ അടിസ്ഥാനത്തിൽ മേഖലകള്‍ക്കിടയിൽ ഒരു നിശ്ചിത അനുപാതത്തിൽ വിതരണംചെയ്‌ത് ഓരോ മേഖലയിലെയും ഉത്‌പാദനം അധികതമമാക്കുകയും ഉത്‌പാദനച്ചെലവ് അല്‌പതമമാക്കുകയും ചെയ്യുന്നതിന് രേഖീയപ്രാഗ്രാമിങ് സങ്കേതം സഹായിക്കുന്നു. കൂടാതെ മൊത്ത ഉപഭോഗം അധികതമമാക്കുന്നതിനും മൊത്ത മൂലധന നിക്ഷേപം അല്‌പതമമാക്കുന്നതിനും ഈ സങ്കേതം ഉപയോഗിക്കാം. പല പക്ഷാന്തര പ്രാജക്‌റ്റുകളിൽ അനുകൂലതമമായ പ്രാജക്‌റ്റ് തിരഞ്ഞെടുക്കുന്നതിനും ഈ സങ്കേതം സഹായിക്കുന്നു. ഗണിതശാസ്‌ത്രത്തിലെ സദിശസങ്കേതം (vector method) ഉപയോഗിച്ച് നിരവധി സമീകരണങ്ങളും ക്രിയകളും ചെയ്‌താണ് പ്രാഗ്രാമിങ് ഉത്തരം കണ്ടുപിടിക്കുക.
സിമുലേഷന്‍ മോഡൽ
പരിമിതമായ ഗണിത ക്രിയകള്‍കൊണ്ടും ആകലനംകൊണ്ടും ഉത്തരം കാണാന്‍ വിഷമമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ളതാണ് സിമുലേഷന്‍ മോഡൽ. സിമുലേഷന്‍ മോഡലും അതിനെ സംബന്ധിച്ച ലക്ഷക്കണക്കിനുള്ള ഗണിതക്രിയകളും സാധാരണയായി കംപ്യൂട്ടർ ഉപയോഗിച്ചാണ് കൈകാര്യം ചെയ്യുന്നത്. സാമ്പത്തികാസൂത്രണത്തിന് സിമുലേഷന്‍രീതി ആദ്യം ഉപയോഗിച്ചത് ഇ.പി. ഹോളണ്ടാണ്. വെനിസൂലയിലും തായ്‌ലണ്ടിലും സിമുലേഷന്‍ മോഡലുകള്‍ ആസൂത്രണത്തിനുവേണ്ടി തയ്യാറാക്കപ്പെട്ടിട്ടുണ്ട്. അളവറ്റതും സങ്കീർണവുമായ ഘടനാങ്ങകബന്ധങ്ങള്‍, ആർഥികചരങ്ങള്‍ എന്നിവ ചേർത്തുണ്ടാക്കുന്ന ആസൂത്രണമോഡലും സങ്കീർണമായിരിക്കും. സങ്കീർണത എന്ന ഒറ്റ കാരണംകൊണ്ട് അത്തരം മോഡലിനെ ആധാരമാക്കിയുള്ള പ്രവചനങ്ങള്‍ പലപ്പോഴും തെറ്റിപ്പോകാനിടയുണ്ടെന്നുള്ളതാണ് ഇതിന്റെ ന്യൂനത. മേൽവിവരിച്ച ആസൂത്രണസങ്കേതങ്ങള്‍ സാമ്പത്തികവൃദ്ധിയുടെ കാലപരിധി (time path) മുന്‍കൂട്ടി നിർണയിക്കാന്‍ സഹായിക്കുന്നു എന്നതിൽ രണ്ടഭിപ്രായമില്ല.
ആസൂത്രണമോഡലിന്റെ രൂപം. രൂക്ഷമായ തൊഴിലില്ലായ്‌മയ്‌ക്കു പരിഹാരം കാണാനും സാമ്പത്തികവൃദ്ധി പരമാവധിയാക്കാനും ഉദ്ദേശിച്ച് പ്രാഫ. പി.സി. മഹലനോബിസ് തയ്യാറാക്കിയ മോഡലിന്റെ രൂപം ഇവിടെ നല്‌കുന്നു. ഒരു ദ്വിമേഖലാമോഡലും ഒരു ചതുർമേഖലാമോഡലും അദ്ദേഹം നിർമിച്ചു. ദ്വിമേഖലാമോഡലിൽ സമ്പദ്‌ഘടനയെ യന്ത്രാത്‌പാദനമേഖല (ഗ-മേഖല) എന്നും ഉപഭോഗചരക്കുത്‌പാദനമേഖല (ഇ-മേഖല) എന്നും രണ്ടായി വിഭജിച്ചു. ഈ രണ്ടു മേഖലകള്‍ക്കിടയിൽ ആകെയുള്ള മൂലധനനിക്ഷേപം എങ്ങനെ വിതരണം ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സാമ്പത്തികവൃദ്ധിയുടെ നിരക്ക്. ആർഥികചരങ്ങളുടെയും നിവേശ-നിർഗമപട്ടികയുടെയും സഹായത്തോടെ ഗണിതക്രിയകള്‍വഴി ഗ-മേഖലയിൽ നടത്തുന്ന മൂലധനനിക്ഷേപം ഉത്‌പാദനത്തെയും വരുമാനത്തെയും എങ്ങനെ ബാധിക്കുമെന്ന് മുന്‍കൂട്ടി കണക്കാക്കാന്‍ സാധിക്കും. ഇ-മേഖലയെ വീണ്ടും ഉപഭോഗസാധനങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന വന്‍കിട മേഖല (ഇ1-മേഖല), ഉപഭോഗസാധനങ്ങള്‍ ഉത്‌പാദിപ്പിക്കുന്ന ചെറുകിട ഗാർഹികമേഖല (ഇ2-മേഖല), സേവനമേഖല (ഇ3-മേഖല) എന്നിങ്ങനെ മൂന്നായി തരംതിരിച്ചാൽ കിട്ടുന്നതാണ് ചതുർമേഖലാമോഡൽ. ഈ മോഡലിൽ ഉത്‌പാദനഗുണാങ്കങ്ങള്‍, മൂലധന-അധ്വാന അനുപാതം, മൂലധന-നിക്ഷേപ അനുപാതം എന്നിവയുടെ സഹായത്തോടെ നിശ്ചിതകാലയളവിൽ ദേശീയ വരുമാനം, തൊഴിൽസാധ്യത, ഉത്‌പാദനം, ഉപഭോഗം എന്നിവ നിശ്ചിതനിരക്കിൽ വർധിപ്പിക്കാന്‍ ഓരോ മേഖലയിലും എത്ര അളവിൽ മൂലധനനിക്ഷേപം നടത്തണമെന്ന് കണക്കാക്കാന്‍ ആസൂത്രകന് കഴിയും.
ധനമിതികമാർഗം (Econometrics)
ആസൂത്രണത്തിനുവേണ്ടി സമ്പദ്‌വ്യവസ്ഥയുടെ ഘടനാങ്ങകബന്ധങ്ങള്‍ വ്യക്തമാക്കുന്ന ഒരു മോഡൽ നിർമിക്കാന്‍ ധനമിതികമാർഗത്തിനു കഴിയും. ധനമിതികമാർഗത്തിൽ ലക്ഷ്യചരങ്ങള്‍ (target variables), ഉപകരണചരങ്ങള്‍ (instrument variables)എന്നീ രണ്ടുതരത്തിലുള്ള ആർഥികചരങ്ങളും അവ തമ്മിലുള്ള ബന്ധങ്ങളും സംക്ഷിപ്‌തമായി പ്രതിഫലിപ്പിക്കുന്നതിനെ ഗണിതസമവാക്യങ്ങള്‍ എന്നു വിളിക്കാം. അനുയോജ്യമായ സ്ഥിതിവിവരക്കണക്കുകളും സാംഖ്യികരീതികളും സമീകരണങ്ങളെ കൂടുതൽ യാഥാർഥ്യമുള്ളതാക്കുന്നു. സമവാക്യങ്ങളെ ഗണിതസിദ്ധാന്തം അനുസരിച്ച് ആകലനം ചെയ്യാവുന്നതാണ്. മൂലധനനിക്ഷേപത്തോത്, നികുതിനിരക്ക് എന്നീ ഉപകരണചരങ്ങള്‍, ദേശീയവരുമാനം, അതിന്റെ സന്തുലിതവിതരണം എന്നീ ലക്ഷ്യചരങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് ധനമിതികമോഡലിന്റെ സഹായത്തോടെ ആസൂത്രകന് മനസ്സിലാക്കാന്‍ കഴിയും. കാലാകാലങ്ങളിൽ സമ്പദ്‌ഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ആർഥികചരങ്ങളുടെ സ്വഭാവത്തിലും മൂല്യത്തിലും അനുയോജ്യമായ മാറ്റങ്ങള്‍ വരുത്തി ധനമിതികമോഡലിന്റെ ആന്തരികപ്പൊരുത്തം നിലനിർത്തുവാന്‍ ആസൂത്രകന്‍ എല്ലായ്‌പ്പോഴും ശ്രദ്ധിക്കണം. സമ്പദ്‌ഘടനയുടെ യഥാർഥസ്വഭാവം പ്രതിഫലിപ്പിക്കാത്ത ആസൂത്രണ ധനമിതികമോഡൽ ഗുണത്തെക്കാളേറെ ദോഷം ചെയ്യും. സാമ്പത്തികവൃദ്ധി ലക്ഷ്യമാക്കിക്കൊണ്ട് തയ്യാറാക്കുന്ന ആസൂത്രണ ധനമിതികമോഡൽ സ്ഥൂലമായ ഒരു മോഡലാണ്. സ്ഥൂലമായ അനവധി ധനമിതിക വൃദ്ധിമോഡലുകള്‍ (macro-economic growth models) ആസൂത്രകന്റെ മുമ്പിൽ അണിനിരത്തപ്പെടുന്നു. നിരവധി ലക്ഷ്യങ്ങളിൽ ഒരു നിശ്ചിതലക്ഷ്യം നേടാന്‍ താരതമ്യേന എന്തു ത്യാഗം സഹിക്കണമെന്നു മനസ്സിലാക്കാന്‍ അത്തരത്തിലുള്ള മോഡലുകള്‍ സഹായിക്കുന്നു. ധനമിതികമോഡലുകളെ ശുദ്ധ അപഗ്രഥന മോഡലുകളെന്നും സിമുലേഷന്‍ മോഡലുകളെന്നും രണ്ടായി തരംതിരിക്കാം. ടിന്‍ബർഗന്‍ നിർമിച്ച പ്രസിദ്ധ ഡച്ച് മോഡലുകളും ഭാരതം, പാകിസ്‌താന്‍, തുർക്കി എന്നീ രാഷ്‌ട്രങ്ങളിൽ ഉപയോഗിക്കപ്പെട്ട ധനമിതികമോഡലുകളും ശുദ്ധ അപഗ്രഥനമോഡലുകളാണ്. ഗണിതക്രിയകളുപയോഗിച്ച് ആകലനം ചെയ്‌ത് ഉത്തരം കാണാന്‍ സഹായിക്കുന്നവയാണവ. ചുരുക്കം ചില സമീകരണങ്ങള്‍വഴി സമ്പദ്‌ഘടനയുടെ യഥാർഥസ്വഭാവം ഉള്‍ക്കൊള്ളാന്‍ അത്തരം മോഡലുകള്‍ക്ക് സാധ്യമല്ല എന്നുള്ളതാണ് അവയുടെ പ്രധാന ദോഷം. ആസൂത്രണത്തിലുപയോഗിക്കുന്ന ധനമിതിക മാർഗത്തെ "പ്ലാനോമെട്രിക്‌സ്' (Planometrics)എന്നും വിളിക്കുന്നു.
ഗുണ-ചെലവ് അനുപാതം
പരമമായ ലക്ഷ്യങ്ങള്‍ നേടാന്‍ ആകെ എത്ര മൂലധനം നിക്ഷേപിക്കണം, ഏതനുപാതത്തിൽ ഏതേതു മേഖലകളിൽ നിക്ഷേപിക്കണം എന്നൊക്കെ തീരുമാനിച്ചുകഴിഞ്ഞാൽ സാമ്പത്തികാസൂത്രകന്റെ മുമ്പിൽ ഏതേതു പ്രാജക്‌റ്റുകള്‍ ഏറ്റെടുക്കണം, ഏത് ഉത്‌പാദനസങ്കേതം സ്വീകരിക്കണം എന്നീ രണ്ടു പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നു. ഈ പ്രശ്‌നങ്ങളാണ് യഥാർഥത്തിൽ നിക്ഷേപാസൂത്രണം (investment planning) കൈകാര്യം ചെയ്യുന്നത്. നിക്ഷേപത്തിന്റെ ധനപരമായ വശത്തിനുപുറമേ, അതിന്റെ സങ്കേതം, ഉത്‌പാദനക്ഷമത, ഭരണക്രമം എന്നിവകൂടി നിക്ഷേപാസൂത്രണത്തിൽ ശ്രദ്ധിക്കപ്പെടണം. ഉത്‌പാദനസങ്കേതത്തിന്റെ തിരഞ്ഞെടുപ്പ് (choice of techniques), പ്രോജക്‌റ്റ് വിലയിരുത്തൽ (Project evaluation) എന്നിവ പ്രധാനപ്പെട്ട നടപടികളാണ്. ഗുണ-ചെലവ് അനുപാതം (Benefit cost ratio) അനുസരിച്ച് പ്രോജക്‌റ്റുകളെ റാങ്കു ചെയ്‌ത് മൂലധനനിക്ഷേപത്തുക മുഴുവനായി ഉപയോഗിക്കത്തക്കവച്ചം പ്രോജക്‌റ്റുകളെ തിരഞ്ഞെടുക്കാം. അപ്പോള്‍ സാമ്പത്തികാസൂത്രണം പ്രോജക്‌റ്റുകളുടെ തിരഞ്ഞെടുപ്പായി കലാശിക്കുന്നു. സ്ഥൂലസാമ്പത്തികകണക്കുകൂട്ടലുകള്‍ക്ക് ഇവിടെ സ്ഥാനമില്ല. ഗുണ-ചെലവ് അനുപാതമെന്ന സങ്കേതം കാര്യക്ഷമമായ വിഭവവിനിയോഗത്തിന് ശരിയായ മാർഗനിർദേശം നല്‌കുന്നു. വെള്ളപ്പൊക്കനിയന്ത്രണം, ജലസേചനം, വിദ്യുച്ഛക്തി ഉത്‌പാദനം, ഗതാഗതം, ആരോഗ്യപ്രവർത്തനങ്ങള്‍, രാജ്യരക്ഷ, ബഹിരാകാശഗവേഷണം എന്നീ മേഖലകളിൽ ഉള്ള പ്രോജക്‌റ്റുകള്‍ ചെലവിനെക്കാള്‍ ഗുണമുണ്ടാക്കുന്നുണ്ടോ എന്നറിയാനാണ് യു.എസ്സിൽ ആദ്യമായി ഈ സങ്കേതം ഉപയോഗിച്ചത്. പിന്നീടത് പൊതുവായ പ്രോജക്‌റ്റ് വിലയിരുത്തലിന് ഉപയോഗിച്ചുതുടങ്ങി. കമ്പോളവിലകള്‍ ദീർഘകാലസാമൂഹിക ഏകാന്തരച്ചെലവിനെ (long-run social opportunity cost) പ്രതിഫലിപ്പിക്കുന്നു; പ്രോജക്‌റ്റുകള്‍ തമ്മിൽ പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു; സാമ്പത്തികവൃദ്ധിനിരക്കിനെക്കാള്‍ വർത്തമാനകാല ഉത്‌പാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം എന്നീ മൂന്നു സങ്കല്‌പങ്ങളാണ് ഗുണ-ചെലവ് അനുപാതരീതിയുടെ അടിസ്ഥാനം. യുക്തമായ നിക്ഷേപ തീരുമാനങ്ങളെടുക്കാന്‍ ഈ രീതി സഹായിക്കുന്നു. ഉത്‌പാദന പ്രവാഹത്തിലുള്ള വർധനവിനെ "ഗുണം' എന്നും ആ വർധനവിനുവേണ്ടി ഉപയോഗിക്കുന്ന വിഭവങ്ങളുടെ മൂല്യത്തെ "ചെലവ്' എന്നും വിളിക്കാം. ചെലവിനെ മൂലധനച്ചെലവ്, വിദേശവിനിമയച്ചെലവ്, മനുഷ്യാധ്വാനച്ചെലവ്, പ്രകൃതിവിഭവച്ചെലവ്, മധ്യതമവിഭവങ്ങളുടെ ചെലവ് എന്നിങ്ങനെ ആസൂത്രകന്‍ തരംതിരിക്കുന്നു. ഗുണവും ചെലവുകളും കൃത്യമായി നിർണയിക്കാന്‍ ചില തടസ്സങ്ങളുണ്ട്. കമ്പോളത്തിൽ വില്‌പനയ്‌ക്കുവരാത്ത ഉത്‌പന്നങ്ങള്‍, പ്രോജക്‌റ്റ് പൂർത്തിയാക്കുന്നതിനിടയ്‌ക്കു താരതമ്യവിലഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍, പ്രോജക്‌റ്റിൽ ഉദ്ദേശിക്കാത്ത വ്യക്തികള്‍ക്കു കിട്ടുന്ന ഗുണം, ഏകരൂപമല്ലാത്ത ഉത്‌പന്നം, ഏകരൂപമല്ലാത്ത മനുഷ്യാധ്വാനം, പണക്കൂലിയും യഥാർഥകൂലിയും തമ്മിലുള്ള അന്തരം, വിദേശവിനിമയസഹായത്തോടു ബന്ധപ്പെട്ട പ്രത്യേക നിബന്ധനകള്‍ എന്നിവയാണ് അവയിൽ പ്രധാനം. പ്രോജക്‌റ്റിന്റെ പ്രവർത്തനകാലത്ത് ഓരോ വർഷവും ഉണ്ടാകുന്ന മൊത്തഗുണം, വർത്തമാനച്ചെലവ് സമൂലധനച്ചെലവ് എന്നിവയും ഒരു നിശ്ചിത ഡിസ്‌കൗണ്ട് നിരക്കും കൂടി ഗണിതക്രിയകള്‍ ചെയ്‌താണ് ആ/ഇ എന്ന ഗുണ-ചെലവ് അനുപാതം കണക്കാക്കുന്നത്. ആ/ഇ > 1 എന്ന നിബന്ധന സാക്ഷാത്‌കരിക്കുന്ന എല്ലാ പ്രോജക്‌റ്റുകളും തിരഞ്ഞെടുത്ത് നടപ്പാക്കാവുന്നതാണ്. എന്നാൽ ഗുണ-ചെലവ് അനുപാതമായിരിക്കണം സാമ്പത്തികാസൂത്രണ തീരുമാനങ്ങള്‍ക്കുള്ള ഏക അടിസ്ഥാനം എന്ന് പറയുവാന്‍ കഴിയുകയില്ല.
മേഖലാസൂത്രണം-കൃഷിയിൽ
സാമ്പത്തികാസൂത്രണത്തിന്റെ ഒരു പ്രധാന പടിയാണ് മേഖലാസൂത്രണം, കൃഷി, വ്യവസായം, ജനസംഖ്യ, മനുഷ്യാധ്വാനം, വിദ്യാഭ്യാസം എന്നീ മേഖലകള്‍ ശ്രദ്ധയോടെ ആസൂത്രണം ചെയ്യേണ്ടതാണ്. പരമ്പരാഗതവും അശാസ്‌ത്രീയവുമായ കൃഷിസമ്പ്രദായം, കൃഷിഭൂമിയുടെ നീതിപൂർവകമല്ലാത്ത വിതരണം, സങ്കീർണമായ കുടിയായ്‌മ ബന്ധങ്ങള്‍, ലാഭകരമല്ലാത്ത വിലപ്രസ്ഥാനം എന്നിവ കൃഷിയുടെ ഉത്‌പാദനക്ഷമത കുറച്ച് സാമ്പത്തികവികസനത്തെ സാവധാനത്തിലാക്കുന്നു. കാർഷികാസൂത്രണത്തിന്റെ പിറകിലുള്ള ധാരണകള്‍ പലതാണ്: (1) കൃഷിക്കാർ അധികതരമാകുന്ന വ്യക്തികളാണ്; (2) കാർഷിക പ്രധാനധർമത്തിന്റെ ഇലാസ്‌തികത (elasticity) ഉയർന്നതാണ്. അതുകൊണ്ട് കൃഷിക്കാർക്ക് ലാഭകരമായ വില നല്‌കിയാൽ വിളവുത്‌പാദനം വർധിക്കും; കൃഷി നവീകരിക്കപ്പെടും; (3) കാർഷികവിലകളും വ്യവസായവിലകളും തമ്മിലുള്ള അനുപാതം അഥവാ ടേംസ് ഓഫ് ട്രയ്‌ഡ്, കാർഷികമേഖലയ്‌ക്കനുകൂലമാക്കിയാൽ വിളവുത്‌പാദനവർധനവിന് ഉത്തേജനം കിട്ടും; (4) കാർഷികമേഖലയിൽത്തന്നെ വിളവുകളുടെ താരതമ്യവില ഉചിതമായി മാറ്റിയാൽ നിശ്ചിത വിളവുകളുടെ ഉത്‌പാദനം വർധിപ്പിക്കുവാനും മറ്റു വിളവുകളുടെ ഉത്‌പാദനം കുറയ്‌ക്കുവാനും കഴിയും; (5) ഭൂപരിഷ്‌കാരങ്ങള്‍, ദീർഘകാല ഉത്‌പാദനവർധനവിനുതകുന്ന പ്രതിസ്‌പന്ദം കൃഷിക്കാരിൽ ജനിപ്പിക്കുന്നു. അതോടൊപ്പം വരുമാന പുനർവിതരണവും നടത്താന്‍ കഴിയുന്നു; (6) വികസ്വര രാഷ്‌ട്രത്തിലെ കാർഷികമേഖലയിൽ അത്യധികമായ മനുഷ്യാധ്വാനശക്തിയുള്ളതുകൊണ്ട് കുറെപേരുടെയെങ്കിലും സീമാന്ത ഉത്‌പാദനം (marginal production) പൂജ്യമാണ്. അതിന്റെ ഫലമായി തൊഴിലില്ലായ്‌മയ്‌ക്കുപുറമേ പ്രച്ഛന്നമായ തൊഴിലില്ലായ്‌മയും നടമാടുന്നു. അധികമുള്ള മനുഷ്യാധ്വാനശക്തിയെ കാർഷികോത്‌പാദനത്തിന് ഒട്ടും ഉടവുതട്ടാതെ കാർഷികമേഖലയിൽനിന്നും വ്യവസായമേഖലയിലേക്ക് സമൂലം മാറ്റി സാമ്പത്തിക വികസനം നടത്താമെന്ന് വാദിക്കപ്പെട്ടു; (7) ചെറുകിട ജലസേചനപദ്ധതികള്‍, ഡ്രയിനേജ്‌പദ്ധതികള്‍, മച്ചുസംരക്ഷണം, ഗ്രാമനിരത്തുകളുടെ നിർമാണം, പാർപ്പിടനിർമാണം, ഗ്രാമവിദ്യാലയങ്ങള്‍, സാമൂഹ്യക്ഷേമകേന്ദ്രങ്ങള്‍ എന്നിവയുടെ പണികളും വനസംരക്ഷണം, വെള്ളപ്പൊക്കനിയന്ത്രണം എന്നീ പരിപാടികളും മനുഷ്യാധ്വാനത്തെ പരമാവധി ഉപയോഗപ്പെടുത്തുന്നു; (8) മച്ചിനും കാലാവസ്ഥയ്‌ക്കും അനുയോജ്യമായ വിളവ് വ്യാപകമായി ഉപയോഗിക്കുന്നതിന് കൃഷിക്കാരെ ഭൂവിനിയോഗാസൂത്രണം(Land Use Planning) സഹായിക്കുന്നു; (9) ജൈവവളങ്ങള്‍, അജൈവവളങ്ങള്‍, അത്യുത്‌പാദനശേഷിയുള്ള വിത്തുകള്‍, കീടനാശിനികള്‍, യന്ത്രവത്‌കരണം, ജലസമ്പത്ത്, മാനേജ്‌മെന്റ് എന്നിവ ചേർന്ന കാർഷികസങ്കേതം വികസനത്തെ ത്വരിതപ്പെടുത്തുന്നു; (10) കൃഷിക്കാർക്ക് ഋണഭാരത്തിൽനിന്ന് ആശ്വാസം നല്‌കുക, കുറഞ്ഞ പലിശയ്‌ക്ക് ഹ്രസ്വ-മധ്യ-ദീർഘകാലവായ്‌പകള്‍ നല്‌കുക. കാർഷികസഹകരണ പ്രസ്ഥാനം വളർത്തുക, കാര്യക്ഷമമായ മാർക്കറ്റിംഗ്-സ്റ്റോേറജ് സൗകര്യങ്ങള്‍ നല്‌കുക എന്നീ നടപടികളും കാർഷികവികസനത്തെ ത്വരിതപ്പെടുത്തും; (11) കാർഷിക വിളവുകള്‍ സംസ്‌കരിക്കാന്‍ രൂപാന്തരീകവ്യവസായങ്ങള്‍ വലിയ മൂലധനച്ചെലവുകൂടാതെ തുടങ്ങിയാൽ അതിനെ കൃഷിയുടെ വ്യവസായവത്‌കരണം എന്നു വിളിക്കാം. കാനിംഗ്, ക്ഷീരസംസ്‌കരണവ്യവസായം, കരിമ്പുകൃഷിയെ ആധാരമാക്കിയുള്ള പഞ്ചസാരമില്ലുകള്‍, കാർഷിക യന്ത്രങ്ങള്‍, ജലസേചനപമ്പുകള്‍ എന്നിവ നിർമിക്കാനും റിപ്പയർ ചെയ്യാനും സഹായിക്കുന്ന ഫാക്‌ടറികള്‍ എന്നിവ അതിനുദാഹരണങ്ങളാണ്. ചുരുക്കത്തിൽ, ആസൂത്രിത കാർഷികവികസനം, വ്യവസായവികസനത്തെ സഹായിക്കുകയല്ലാതെ നിരുത്സാഹപ്പെടുത്തുകയില്ലെന്നു വ്യക്തമാണ്.
വ്യവസായാസൂത്രണം
പ്രോഫ. ഹിർഷ്‌മാന്റെ അഭിപ്രായത്തിൽ ദുർലഭമായ വിദേശവിനിമയവിഭവങ്ങള്‍ ലാഭിക്കാനും ഇറക്കുമതി കുറച്ച് അടച്ചുബാക്കി കമ്മി നികത്താനും സഹായിക്കുന്ന ആഭ്യന്തരവ്യവസായവത്‌കരണം സാമ്പത്തികാസൂത്രണത്തിന്റെ ഒരു പ്രധാനപടിയാണ്. താരിപ്പുകള്‍, ലൈസന്‍സ്, ക്വോട്ടാ, ഇറക്കുമതി ഡെപ്പോസിറ്റ്, മറ്റു വാണിജ്യനിയന്ത്രണങ്ങള്‍ എന്നിവ ആസൂത്രകന് തിരഞ്ഞെടുക്കാം. സ്വകാര്യമേഖലയെ നിയന്ത്രിക്കുകയോ, സ്വകാര്യമേഖലയോടൊപ്പം പൊതുമേഖല സ്ഥാപിക്കുകയോ ചെയ്‌ത് വ്യവസായ വികസനം ആസൂത്രിതമായി ത്വരിതപ്പെടുത്താം. സമ്പൂർണ-ആസൂത്രണത്തിൽ സ്വകാര്യമേഖല നിർത്തൽചെയ്‌ത് എല്ലാ വ്യവസായപ്രവർത്തനങ്ങളും പൊതുമേഖലയിൽ കൊണ്ടുവരാം. പൊതുവായ്‌പാഏജന്‍സികള്‍ സ്ഥാപിച്ച് മൂലധനസ്വരൂപണം ത്വരിതപ്പെടുത്തുക, നികുതി-സബ്‌സിഡി നയങ്ങള്‍വഴി വ്യവസായവത്‌കരണത്തിനാവശ്യമായ ഗതാഗതസൗകര്യങ്ങള്‍, വിദ്യുച്ഛക്തി, വെള്ളം എന്നിവ നല്‌കുക മുതലായ കാര്യങ്ങള്‍ വ്യവസായാസൂത്രണത്തിന്റെ പരിധിയിൽ വരുന്നു. ഏതു വ്യവസായ പ്രവർത്തനത്തിലും മൂല്യവർധനവ് ഒരു അധിസംഖ്യയായിരിക്കണമെന്ന് വ്യവസായാസൂത്രണം നിർബന്ധിക്കുന്നു. വ്യവസായഘടനയിലെ സംപൂരകങ്ങള്‍ (complementarities) പിന്‍-കച്ചികള്‍ (backward linkages), മുന്‍കച്ചികള്‍ (forward linkages),എന്നിവ ശ്രദ്ധയോടെ പഠിച്ചാൽ ആസൂത്രിത-വ്യവസായവികസനം വിജയിക്കും. വ്യവസായമേഖലയിലെ വളരുന്ന സ്ഥാനങ്ങള്‍ (growing points) തിരഞ്ഞെടുത്ത് അതിൽ മൂലധനനിക്ഷേപം മുഴുവന്‍ കേന്ദ്രീകരിച്ച് വലിയ തള്ള് (Big push) എന്ന വികസനതന്ത്രം ആസൂത്രകന് സ്വീകരിക്കാവുന്നതാണ്. വ്യവസായാസൂത്രണത്തിന്റെ മറ്റൊരു പ്രധാനവശമാണ് ശാസ്‌ത്രീയമായ സ്ഥലനിർണയാസൂത്രണം, ആൽഫ്രഡ് വേബർ നിർമിച്ച "പദാർഥസൂചിക' (Material Index), സാർജന്റ് ഫ്‌ളോറന്‍സ് നിർമിച്ച ലൊക്കേഷന്‍ സൂചിക (Location Index) ലോക്കലൈസേഷന്‍ ഗുണാങ്കം (Coefficient of Localisation), ഇ.എം. ഹൂവർ രൂപംകൊടുത്ത ഗതാഗതബന്ധങ്ങള്‍ (Transport Relations), കോളിന്‍ക്ലാർക്ക് രൂപപ്പെടുത്തിയ "പ്രദേശത്തിന്റെ സ്ഥാനികശക്തി', ക്രിസ്റ്റാലരും ലോഷും അവതരിപ്പിച്ച "സാമ്പത്തിക പ്രവർത്തനത്തിന്റെ പ്രാദേശികപ്രചാരണം', ഫ്രാന്‍സ്വായ് പൊറോയുടെ "വളർച്ചയുടെ ധ്രുവസിദ്ധാന്തം' (Theory of Poles of Growth), വാള്‍ട്ടർ ഇസാർഡിന്റെ "വ്യവസായശൃംഖലാ സിദ്ധാന്തം' (Industrial Complex Principle) എന്നീ ആശയങ്ങള്‍ വ്യവസായാസൂത്രണത്തിനും പ്രാദേശികാസൂത്രണത്തിനും മാർഗനിർദേശം നല്‌കുന്നു.
മനുഷ്യാധ്വാനാസൂത്രണം
ഭൗതിക മൂലധനശേഖരത്തോളം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് മാനവിക മൂലധനശേഖരം. പ്രോഫ. സോളോവിന്റെ ഒരു പഠനത്തിൽ യു.എസ്സിൽ വാർഷിക ഉത്‌പാദനക്ഷമതയുടെ വർധനയിൽ 87.5% സാങ്കേതികവിദ്യയിലുള്ള മാറ്റം മൂലമുള്ളതാണെന്നു കണ്ടു. ആഗോള വികസനതന്ത്രത്തിന്റെ കാതലായ ഒരംശമായിത്തീർന്നിരിക്കുന്നു വിദ്യാഭ്യാസത്തിന്റെ, പ്രത്യേകിച്ചും, ശാസ്‌ത്ര-സാങ്കേതിക വിദ്യാഭ്യാസത്തിന്റെ ആസൂത്രണം. ഷിക്കാഗോ സർവകലാശാലയിലെ ധനശാസ്‌ത്രജ്ഞന്മാർ വിദ്യാഭ്യാസച്ചെലവുകളെ മൂലധനച്ചെലവുകളായി പരിഗണിക്കുന്നതിനു പുറമേ മറ്റു ഭൗതിക നിക്ഷേപച്ചെലവുകളുടെ ലാഭവീത നിരക്കുമായി അതിന്റെ ലാഭവീതനിരക്കിനെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നു. വരുമാനവിതരണ ഘടനപോലും നിർണയിക്കുന്നത് വ്യക്തികളുടെ വിദ്യാഭ്യാസ നിലവാരമാണെന്ന് വിശ്വസിക്കപ്പെട്ടതോടെ വിദ്യാഭ്യാസാസൂത്രണം വികസനാസൂത്രണത്തിൽ പ്രസിദ്ധമായി. ടിന്‍ബർഗന്റെ നേതൃത്വത്തിൽ നെതർലന്‍ഡിലെ ധനശാസ്‌ത്രജ്ഞർ ദീർഘകാലവിദ്യാഭ്യാസാസൂത്രണത്തിന് വിദ്യാഭ്യാസത്തിനുള്ള ചോദനം, മനുഷ്യാധ്വാനപ്രവാഹം എന്നിവയെക്കുറിച്ചുള്ള സമീകരണങ്ങള്‍ ഉള്‍പ്പെടുത്തി ഒരു ധനമിതിക മോഡൽതന്നെ നിർമിച്ച് സാമ്പത്തികവൃദ്ധിയെ ത്വരിതപ്പെടുത്തുന്നതും അതുമായി ഇണങ്ങിച്ചേരുന്നതുമായ ഒരു വികസനതന്ത്രം നിർദേശിക്കുകയുണ്ടായി. ആസൂത്രിത വിദ്യാഭ്യാസത്തിൽക്കൂടി ത്വരിതമായ സാമ്പത്തിക വികസനത്തിനുതകുന്ന രീതിയിൽ ജനങ്ങളുടെ ജീവിതമൂല്യങ്ങളിലും മനോഭാവത്തിലും മാറ്റംവരുത്തുവാനും മനുഷ്യാധ്വാനത്തിന്റെ പ്രദാനം, ചോദനം എന്നിവ എല്ലാപ്രവർത്തനത്തിലും സന്തുലിതമാക്കാനും ആവശ്യമായ വൈദഗ്‌ധ്യശേഷി സമാഹരിക്കാനും സാധിക്കുന്നു. വിദ്യാഭ്യാസാസൂത്രണവും ജനസംഖ്യാസൂത്രണവും മനുഷ്യാധ്വാനാസൂത്രണത്തിന്റെ (Man power planning) അവിഭാജ്യഘടകങ്ങളായി കണക്കാക്കുന്നതിൽ തെറ്റില്ല. വലുപ്പത്തിന്റെ സാമ്പത്തികമാപകങ്ങള്‍ (Economies of Scale) ജനിപ്പിക്കുകയും ഉയർന്നനിരക്കിലുള്ള മൂലധനശേഖരണവും സാങ്കേതികപുരോഗതിയും കൂടെ ഉണ്ടാകുകയും ചെയ്‌താൽ ജനസംഖ്യാവിസ്‌ഫടോനം സാമ്പത്തിക വികസനത്തിനു തടസ്സമുണ്ടാക്കുകയില്ല. വികസ്വരരാഷ്‌ട്രങ്ങളിൽനിന്നുള്ള "ബ്രയിന്‍ ഡ്രയിന്‍' (brain drain) പ്രശ്‌നം ആസൂത്രകന്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.
വിലയാസൂത്രണം
പൂർണ-ആസൂത്രിത-സോഷ്യലിസ്റ്റ്-സമ്പദ്‌ഘടനയിൽ സ്വതന്ത്രകമ്പോളവിലകള്‍ക്കുപകരം ആസൂത്രിത നിഴൽവിലകളും (Shadow Prices) കെണക്കുവിലകളും (Accounting Prices) ഭെരിതവിലകളും (Administered Prices) ഉപയോഗിക്കുന്നു. മൂല്യത്തിന്റെ അടിസ്ഥാനം അധ്വാനമാണെന്നും മൂല്യത്തിന്റെ നാണ്യപ്രകാശനമാണ് വിലകളെന്നും സോഷ്യലിസ്റ്റ് ആസൂത്രകർ വിശ്വസിക്കുന്നു. അധ്വാനച്ചെലവിന്റെ ഗുണാങ്കം (coefficient of labour) തിട്ടപ്പെടുത്തി സാമൂഹ്യാധ്വാനനിവേശം കണക്കാക്കുന്നു. ചരക്കുകളെയും വിഭവങ്ങളെയും സംബന്ധിച്ച ലക്ഷക്കണക്കിനുള്ള മൂല്യ-വില കണക്കുകൂട്ടലുകള്‍ ആസൂത്രകന്‍ നടത്തുന്നു. വിലയും മൂല്യവും തമ്മിൽ പൊരുത്തക്കേടുകള്‍ ഉണ്ടാക്കി സാമ്പത്തികപ്രവർത്തനത്തിന്റെ ലാഭവീതനിരക്ക് യുക്തംപോലെ നിർണയിച്ച്, നിശ്ചിതചരക്കുകളുടെ ഉത്‌പാദനം വർധിപ്പിക്കുക, നിരുത്സാഹപ്പെടുത്തുക, തൊഴിലാളികള്‍ക്ക് പ്രോത്സാഹനം നല്‌കുക, സാങ്കേതികപുരോഗതി ത്വരിതപ്പെടുത്തുക, മൂലധനനിക്ഷേപത്തോത്, വരുമാനവിതരണഘടന എന്നിവ നിർണയിക്കുക മുതലായ ആസൂത്രണലക്ഷ്യങ്ങള്‍ നേടാന്‍ വിലയാസൂത്രണത്തിനു കഴിയും.
പ്രാദേശികാസൂത്രണം
പ്രാദേശികപ്രശ്‌നങ്ങളുടെ പരിഹാരത്തിനും പ്രാദേശികമായി ലഭ്യമാകുന്ന വിഭവങ്ങളുടെ പരമാവധി ഉപയോഗം സാധ്യമാകുന്നതിനും അതുവഴി പ്രാദേശികവികസനം ത്വരിതപ്പെടുത്തുന്നതിനും പ്രാദേശികാസൂത്രണം ഉപകരിക്കുന്നു. പ്രാദേശികാസൂത്രണത്തിന്റെ വസ്‌തുനിഷ്‌ഠമായ പഠനത്തിൽ ഭരണപ്രദേശം, സാമ്പത്തികപ്രദേശം, ഏകജാതീയ പ്രദേശം, പരസ്‌പരാശ്രയതത്ത്വത്തിൽ അധിഷ്‌ഠിതമായ ധ്രുവീകൃതപ്രദേശം, ആസൂത്രണപ്രദേശം എന്നീ അഞ്ച് സംജ്ഞകള്‍ ഉപയോഗിക്കപ്പെടുന്നു. പ്രാദേശികാസൂത്രണമോഡൽ നിർമിക്കുന്നതിന് വരുമാനകണക്ക് (Regional Accounts), വ്യൊപാരമിച്ചം, ഉപഭോഗതൃഷ്‌ണ, നിക്ഷേപതൃഷ്‌ണ, സമ്പാദ്യതൃഷ്‌ണ എന്നിവയെക്കുറിച്ചുള്ള പൂർണവിവരങ്ങള്‍ ആസൂത്രകന്‍ സമ്പാദിക്കണം. സാമ്പത്തികവൃദ്ധി മോഡലുകളുടെ അതേ രൂപത്തിലാണ് പ്രാദേശികാസൂത്രണമോഡലുകളും നിർമിക്കുന്നത്. പെർലോഫ്, ഡണ്‍, ലംപാർഡ്, മ്യൂത്ത് എന്നീ ധനശാസ്‌ത്രജ്ഞന്മാർ രൂപംകൊടുത്ത പി-ഡി-എൽ-എം. സമീപനം വ്യവസായഘടനയുടെ ചലനാങ്ങകമായ വ്യതിയാനങ്ങളിൽക്കൂടി വേണം പ്രാദേശികവികസനം പഠിക്കേണ്ടത് എന്ന് വാദിച്ചു. ഈ സമീപനം അനുസരിച്ച് ഏതെങ്കിലും ഒരു പ്രദേശം വികസിക്കണമെങ്കിൽ അവിടെ ത്വരിതപുരോഗമനസ്വഭാവമുള്ളതും ത്വരിതപുരോഗതിയാർജിച്ചതുമായ വ്യവസായങ്ങള്‍ ഉണ്ടാകണം. അവികസിത പ്രദേശങ്ങളിൽ വികസിതപ്രദേശങ്ങളിലേതിനെക്കാള്‍ വർധിച്ചതോതിൽ ആധുനിക വ്യവസായങ്ങള്‍ സ്ഥാപിക്കാന്‍ പ്രാദേശികാസൂത്രണം ശ്രദ്ധിക്കണം. മറ്റു പ്രദേശങ്ങളിൽ നടക്കുന്ന വികസനത്തിന്റെ വീചികള്‍ അവികസിത പ്രദേശത്ത് എത്തുന്നതിനെ പ്രസാരഫലം (Spread Effect)എന്നു വിളിക്കാം. ഇത് പ്രാദേശികവികസനത്തിന് സഹായകമാണെങ്കിലും വികസനത്തിന്റെ പിന്നൊഴുക്കുഫലങ്ങള്‍ (Backwash Efffects) അതിനു വിഘാതമുണ്ടാക്കുന്നു. പ്രദേശത്തിന്റെ അവികസിതസ്വഭാവം, ഔന്നത്യതൃഷ്‌ണയില്ലായ്‌മ, മോശപ്പെട്ട വിദ്യാഭ്യാസസാങ്കേതിക നിലവാരവും മാനുഷികമൂലധനവും, വികസനത്തിനു സഹായകമല്ലാത്ത സാമൂഹ്യമനസ്ഥിതി എന്നിവ ഒന്നുചേർന്നാൽ പ്രാദേശികവികസനം കൂടുതൽ വിഷമകരമാകും. പ്രാദേശികാസൂത്രണത്തിന് ഭൂസ്വഭാവങ്ങള്‍, കാലാവസ്ഥ, മച്ച്, പ്രകൃതിവിഭവങ്ങള്‍, ജലവിഭവങ്ങള്‍, കൃഷി, കന്നുകാലി വളർത്തൽ, ഭുവുടമസ്ഥത, വരുമാനം, വ്യവസായം, തൊഴിലുകള്‍, ജനസംഖ്യ, ഗതാഗതം, വികസനസാധ്യതയുള്ള പ്രദേശങ്ങള്‍, ആസൂത്രണലക്ഷ്യങ്ങള്‍ എന്നിവ വിശദമായി കാണിക്കുന്ന വിഭവഭൂപടങ്ങള്‍ ആവശ്യമാണ്. പ്രാദേശികസമ്പദ്‌ഘടനയുടെ ഒരു വിശദമായ ചിത്രമാണ് അതു നല്‌കുന്നത്. ക്ഷീണിച്ച പ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കുക, പിന്നാക്കപ്രദേശങ്ങളെ സംരക്ഷിക്കുക, "തൊഴിൽശക്തി പുറത്തോട്ട്, മൂലധനം അകത്തോട്ട്' എന്ന നയം സ്വീകരിക്കുക മുതലായവയാണ് പ്രാദേശിക സ്ഥിരീകരണനയങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത്. വിഭവചലന ഉത്തേജനനയങ്ങള്‍, വ്യവസായസ്ഥലനിയന്ത്രണനയങ്ങള്‍, റെയിൽവേ നിരക്കുനയങ്ങള്‍ മുതലായവയാണ് പ്രാദേശികാസൂത്രണത്തിൽ ഉള്‍പ്പെടുന്ന മറ്റുനയങ്ങള്‍. പ്രാദേശികവരുമാനത്തിലും ജീവിതനിലവാരത്തിലുമുള്ള അന്തരവും അസമത്വവും കുറയ്‌ക്കാനും പ്രാദേശികസന്തുലനം സ്ഥാപിക്കുവാനും ബന്ധപ്പെട്ട പ്രദേശത്തുണ്ടായേക്കാവുന്ന സാമൂഹിക സാമ്പത്തിക സമ്മർദങ്ങളും സംഘട്ടനങ്ങളും കുറയ്‌ക്കുവാനും അവ സഹായിക്കുന്നു.
ആസൂത്രണത്തിന്റെ നിർവഹണത്തിൽ പ്രധാനമായും മൂന്നുതരം സമീപനം കണ്ടുവരുന്നു: (1) മാമൂൽ-ആസൂത്രണം; (2) അനുകൂലതമീകരണംവഴിയുള്ള ആസൂത്രണം; (3) പ്രശ്‌നത്തെ ആസ്‌പദമാക്കിയുള്ള ആസൂത്രണം. മാമൂൽ-ആസൂത്രണം സാമ്പത്തികാഭിവൃദ്ധി ലക്ഷ്യം വയ്‌ക്കുമ്പോള്‍ അനുകൂലതമീകരണാസൂത്രണം മനുഷ്യാവശ്യങ്ങളുടെ ഒരു നിശ്ചിതകൂട്ടം തൃപ്‌തിപ്പെടുത്താന്‍ സഹായിക്കുന്നു. പ്രശ്‌നത്തെ ആസ്‌പദമാക്കിയുള്ള ആസൂത്രണം മാമൂൽ-ആസൂത്രണത്തെക്കാള്‍ ബഹുവിജ്ഞാനശാഖാബന്ധിതമായതുകൊണ്ട് സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവും വ്യവസ്ഥാപിതവും ഭൗതികവും പരിസ്ഥിതിപരവും ആയ പ്രശ്‌നങ്ങള്‍ ഒരേ സമയത്ത് കൈകാര്യംചെയ്യാന്‍ ഉപയുക്തമാണ്. ദേശീയ, പ്രാദേശിക, നഗര, ഗ്രാമതലങ്ങളിലും സമ്പദ്‌മേഖലാതലങ്ങളിലും നടത്തുന്ന വാർഷിക, ബഹുവാർഷികാസൂത്രണവും പ്രോഗ്രാമിങ്ങും ശ്രദ്ധയോടെ ഏകീകരിക്കണം. ആസൂത്രണപദ്ധതികളുടെ യഥാർഥനടത്തിപ്പിന്റെ ചുമതല സർക്കാരിന്റെ ഭരണവിഭാഗങ്ങള്‍ക്കാണെങ്കിലും അവയുടെ പ്രവർത്തനവിജയം ജനങ്ങളുടെ സഹകരണത്തെയും കൂട്ടായ പ്രവർത്തനത്തെയും ആശ്രിയിച്ചിരിക്കുന്നു. ദത്ത-വിടവ് (data-gap) കാരണം ആസുത്രണകണക്കുകൂട്ടലുകള്‍ പലപ്പോഴും തെറ്റുന്നു. എങ്കിലും അത് ആസൂത്രണപ്രക്രിയയുടെ പ്രാധാന്യം ഒട്ടും കുറയ്‌ക്കുന്നില്ല.
ആസൂത്രണം-ഇന്ത്യയിൽ
ഇന്ത്യയിലെ ദാരിദ്യ്രം നിർമാർജനം ചെയ്യുന്നതിന് സാമ്പത്തിക-സാമൂഹ്യഘടനയിലും ബന്ധങ്ങളിലും സമൂലപരിവർത്തനം നിർദേശിക്കുന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് സമിതിയുടെ 1929 മേയ് മാസത്തെ പ്രമേയം; ആസൂത്രണത്തിന്റെ കാതൽ വ്യവസായവത്‌കരണമാണെന്നു സ്ഥാപിക്കുന്ന എം. വിശ്വേശ്വരയ്യയുടെ 1934-ലെ "ആസൂത്രിത സമ്പദ്‌വ്യവസ്ഥ' എന്ന പ്രബന്ധം, ജവാഹർലാൽ നെഹ്രു അധ്യക്ഷനായി, പ്രോഫ. കെ.ടി. ഷായുടെ മേൽനോട്ടത്തിൽ ദേശീയ ആസൂത്രണസമിതി 1938-ൽ തയ്യാറാക്കിയ ആസൂത്രണറിപ്പോർട്ടുകള്‍; ജി.ഡി. ബിർളായുള്‍പ്പെടെ എട്ടു വ്യവസായപ്രമുഖർചേർന്ന് 1944-ൽ തയ്യാറാക്കിയ "ബോംബെ പ്ലാന്‍', ഗ്രാമസ്വരാജ് ലക്ഷ്യംവച്ചുകൊണ്ട് എന്‍. അഗർവാള്‍ തയ്യാറാക്കിയ "ഗാന്ധിയന്‍ പ്ലാന്‍' എന്നിവ ഇന്ത്യയിലെ സാമ്പത്തികാസൂത്രണചരിത്രത്തിലെ നാഴികക്കല്ലുകളാണ്. രണ്ടാം ലോകയുദ്ധത്തിനുശേഷം അർദേശീർ ദലാലിന്റെ ചുമതലയിൽ ഒരു ആസൂത്രണ വികസനഡിപ്പാർട്ടുമെന്റും 29 ഉപസമിതികളും നിയോഗിക്കപ്പെട്ടു. താത്‌കാലിക ഗവണ്‍മെന്റിന്റെ കാലത്ത് കെ.സി. നിയോഗിയുടെ അധ്യക്ഷതയിൽ ഒരു ആസൂത്രണ ഉപദേശകസമിതി രൂപവത്‌കരിച്ചു. സ്ഥിരമായി ഒരു ആസൂത്രണക്കമ്മിഷന്‍ സ്ഥാപിക്കണമെന്ന് അത് നിർദേശിച്ചു. 1948-ലെ വ്യവസായ നയപ്രഖ്യാപനത്തിലും അതേ നിർദേശം ഉണ്ടായിരുന്നു.
ഇന്ത്യയുടെ ഭരണഘടന 1950, ജനുവരിയിൽ പ്രാബല്യത്തിൽവന്നു. തൊട്ടടുത്ത മാസം ഇന്ത്യാഗവണ്‍മെന്റ് ആസൂത്രണ കമ്മിഷന്‍ രൂപീകരിക്കുകയും ചെയ്‌തു. ഭരണഘടനയിൽ ഉള്‍പ്പെടുത്തിയിട്ടുള്ള "ഡയറക്‌ടീവ് പ്രന്‍സിപ്പിള്‍സ് ഓഫ് സ്റ്റേറ്റ് പോളിസി'യിൽ നിന്നാണ് ഇന്ത്യയുടെ ആസൂത്രണത്തിന്റെ ലക്ഷ്യങ്ങളും സാമൂഹിക പരിമിതികളും എടുത്തിട്ടുള്ളത്. ആസൂത്രണ കമ്മീഷന്റെ അധ്യക്ഷന്‍ എല്ലായ്‌പ്പോഴും പ്രധാനമന്ത്രി ആയിരിക്കും. പ്രധാനമന്ത്രിക്കു പുറമേ ഒരു ഉപാധ്യക്ഷനും വിവിധമേഖലകളെ പ്രതിനിധീകരിച്ചു വിഷയ വിദഗ്‌ധ അംഗങ്ങളും ഉണ്ടായിരിക്കും. കേന്ദ്രഗവണ്‍മെന്റിൽ മാറ്റം വരുന്ന പ്രകാരം പ്രധാനമന്ത്രി അധ്യക്ഷനായിക്കൊണ്ടു കേന്ദ്ര ആസൂത്രണ കമ്മീഷന്‍ പുനഃസംഘടിപ്പിക്കുകയും ചെയ്യും. അംഗങ്ങളുടെ എച്ചത്തിലും മാറ്റം വരും. ഇന്ത്യ ഇതുവരെ 60 വർഷത്തെ ആസൂത്രണ വികസനം നടപ്പിലാക്കിക്കഴിഞ്ഞു. പത്തു പഞ്ചവത്സരപദ്ധതികള്‍ പൂർത്തിയാക്കുകയും 11-ാം പഞ്ചവത്സരപദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഇടയ്‌ക്ക് അഞ്ചു വാർഷിക പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്. താഴെ കാണിച്ചിട്ടുള്ള പട്ടികയിൽ നിന്നും ഓരോ പഞ്ചവത്സരപദ്ധതിയുടെയും വാർഷിക പദ്ധതിയുടെയും കാലഘട്ടം മനസ്സിലാക്കാം.
ഡയറക്‌ടിവ് പ്രിന്‍സിപ്പിള്‍സിൽനിന്നും രൂപം പ്രാപിച്ചിട്ടുള്ള ആസൂത്രണ കമ്മിഷന്റെ നിക്ഷിപ്‌ത പ്രവർത്തനങ്ങള്‍ മുഖ്യമായും താഴെപ്പറയുന്നവയാണ്. (1) രാജ്യത്തെ ഭൗതിക, മൂലധന, മനുഷ്യ വിഭവങ്ങള്‍ വിലയിരുത്തി രാജ്യത്തിനാവശ്യമുള്ളതിലും ദുർലഭമായിട്ടുള്ള വിഭവങ്ങളുടെ ലഭ്യത വർധിപ്പിക്കുവാന്‍ സഹായകരമായ അന്വേഷണം നടത്തുക (2) രാജ്യത്തെ വിഭവങ്ങളുടെ സന്തുലിതവും, കാര്യക്ഷമവുമായ വിനിയോഗത്തിനുള്ള പദ്ധതി തയ്യാറാക്കുക (3) സാമ്പത്തിക വികസനത്തെ തടസ്സപ്പെടുത്തുന്ന ഘടകങ്ങള്‍ ചൂണ്ടിക്കാട്ടി, വർത്തമാനകാല സാമൂഹിക രാഷ്‌ട്രീയ സാഹചര്യം ഉള്‍ക്കൊണ്ട് വിജയകരമായ പദ്ധതി നിർണ്ണഹണത്തിനുവേണ്ട സംവിധാനം നിർണയിക്കുക (4) എല്ലാ അർഥത്തിലും പദ്ധതിയുടെ ഓരോ ഘട്ടത്തിലുമുള്ള വിജയകരമായ നിർവഹണം കൈവരിക്കുവാനാവശ്യമായ സംവിധാനത്തിന്റെ സ്വഭാവം നിർണയിക്കുക (5) പദ്ധതിയുടെ ഓരോ ഘട്ടത്തിലെയും നിർവഹണത്തിൽ കൈവരിച്ച നേട്ടം വിലയിരുത്തുകയും ഇങ്ങനെ വിലയിരുത്തുമ്പോള്‍ നയത്തിലും, മാർഗത്തിലും വരുത്തേണ്ട വ്യതിയാനം നിർദേശിക്കുകയും ചെയ്യാം.
1950 മുതൽ ഓരോ പഞ്ചവത്സര പദ്ധതിയും ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ പ്രധാനപ്പെട്ട ഘട്ടമായി കണക്കാക്കപ്പെടുന്നു. ഓരോ പഞ്ചവത്സരപദ്ധതിയുടെയും തുടക്കവും ഒടുക്കവും ദേശീയ ജീവിതത്തിൽ പ്രധാനപ്പെട്ട തീയതികളും ഭൂതകാലത്തെപ്പറ്റിയുള്ള വിലയിരുത്തലും, ഭാവിയിലേക്കുള്ള കർമ പരിപാടിയുടെ മാർഗദർശനവും, രാജ്യം അഭിമുഖീകരിക്കുന്ന പുതിയ പ്രശ്‌നങ്ങളുടെയും പ്രായോഗികാനുഭവങ്ങളുടെയും അടിസ്ഥാനത്തിലുള്ള ദേശീയ നയങ്ങളുടെ പുനർരൂപീകരണ സന്ദർഭവുമാണ്. ഇന്ത്യ രൂപപ്പെടുത്തിയിട്ടുള്ള വിവിധ ആസൂത്രണ നടപടികളിലും ടെക്‌നിക്കുകളിലും മുഖ്യമായും നാലു സവിശേഷതകള്‍ വീക്ഷിക്കാം. (1) ഇന്ത്യയുടെ ഫെഡറൽ ഘടനയിൽ പദ്ധതി രൂപീകരണത്തിലും നിർവഹണത്തിലും സംസ്ഥാനങ്ങളുടെ പങ്ക് അതിപ്രധാനമാണ്. കാരണം, കൃഷി, ജലസേചനം, വൈദ്യുതി, വിദ്യാഭ്യാസം, ആരോഗ്യം, ചെറുകിട വ്യവസായം, ചെറുകിട തുറമുഖം, റോഡ്, റോഡ് ഗതാഗതം എന്നീ മേഖലകളുടെ വികസനം സംസ്ഥാന പദ്ധതിയുടെ പരിധിയിൽ വരുന്നവയാണ് (2) നമ്മുടെ ജനാധിപത്യ ഘടന എല്ലാ വിഭാഗം ജനങ്ങള്‍ക്കും രാഷ്‌ട്രീയ പാർട്ടികളായും, സന്നദ്ധ സംഘടനകളായും പ്രവർത്തിക്കുവാന്‍ സ്വാതന്ത്യ്രം നല്‌കുന്നുണ്ട്. അതുകൊണ്ട് ആസൂത്രണം 20% വും പരുത്തി ഉത്‌പാദനം 45 ശ.മാ.വും എച്ചക്കുരു ഉത്‌പാദനം രൂപീകരണത്തിൽ ഇവരിലൂടെയുള്ള പൊതുജനാഭിപ്രായം അനിവാര്യമാവുന്നു. (3) പൊതുമേഖലയുടെ പരിധി വിപുലമാണെങ്കിലും കൃഷി, വാണിജ്യം, നിർമാണം, വ്യവസായം മുതലായ സാമ്പത്തിക ഇടപാടുകളുടെ സിംഹഭാഗവും സ്വകാര്യ മേഖലയിലാണ്. സമ്മിശ്ര സമ്പദ്‌ഘടനയായ ഇന്ത്യയിൽ ആസൂത്രണ പ്രവർത്തനങ്ങളിൽ സിംഹഭാഗവും ഉള്‍ക്കൊള്ളുന്നതു അനിവാര്യമായ സാമ്പത്തിക-സാമൂഹിക ഓവർഹെഡ്‌സ് ലഭ്യമാക്കുന്നതിലാണ്. ഇതു സാമ്പത്തിക വളർച്ചക്കനിവാര്യവുമാണ്. (4) സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനുള്ള അർപ്പണവും ഗുണപരമായ യഥാർഥ അവസ്ഥ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യബോധവുമാണ് ആസൂത്രണം. ഇന്ത്യയിൽ ആസൂത്രണത്തിനു ശക്തമായ സാമൂഹിക ചായ്‌വുണ്ട്. സോഷ്യലിസ്റ്റ് പാറ്റേണ്‍ ഓഫ് സൊസൈറ്റി കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ 1954-ൽ ലോക്‌സഭ ഇതു പ്രകടിപ്പിക്കുകയും ചെയ്‌തു. സോഷ്യലിസത്തിന്റെയും ജനാധിപത്യത്തിന്റെയും മൂല്യങ്ങളിലും ആസൂത്രണ വികസന സമീപനത്തിലും ഇത് ഉള്‍ക്കൊള്ളുന്നുമുണ്ട്.
ഒന്നാം പഞ്ചവത്സര പദ്ധതി 1951-56. യുദ്ധവും വിഭജനവും മൂലമുണ്ടായ അടിയന്തിരപ്രശ്‌നങ്ങള്‍ നേരിടുന്നതിനും സമ്പദ്‌വ്യവസ്ഥയുടെ അടിത്തറ ശക്തിപ്പെടുത്തി ഭാവിയിൽ ദ്രുതതരമായ വികസനത്തിനവസരം നല്‌കാന്‍ വ്യവസ്ഥിതിഘടനയിൽ തന്നെ മാറ്റം വരുത്തുവാനും ഉദ്ദേശിച്ചാണ് ഒന്നാം പഞ്ചവത്സരപദ്ധതി തയ്യാറാക്കിയത്. കൃഷിക്കും ജലസേചനത്തിനും മുന്‍ഗണന നല്‌കിയതുകൊണ്ട്, വ്യവസായ-ഖനനമേഖലയുടെ വികസനത്തിന് സ്വകാര്യമേഖലയെ ആശ്രയിക്കേണ്ടിവന്നു. ഒന്നാം പദ്ധതിക്കാലത്ത് ദേശീയവരുമാനം 3.6 ശ.മാ. വാർഷിക വളർച്ച കൈവരിച്ചു. പ്രതിശീർഷവരുമാനം 11 ശ.മാ. വും പ്രതിശീർഷ ഉപഭോഗച്ചെലവ് 9 ശ.മാ. വും ഭക്ഷ്യോത്‌പാദനം 8 ശ.മാ. വും വർധിച്ചു. 16 ദശലക്ഷം ഏക്കർ ഭൂമിയിൽ ജലസേചനം പ്രാവർത്തികമാക്കി. പൊതുവേ സാധനവിലകള്‍ കുറഞ്ഞുനിന്നു. പല വികസനപദ്ധതികളുടെയും പരിപാടികളുടെയും ഒരു സമാഹാരം മാത്രമായിരുന്ന ഒന്നാം പദ്ധതിയെ വിഭവാടിസ്ഥാനത്തിലുള്ള ആസൂത്രണത്തിന്റെ അഭാവം സാരമായി ദുർബലപ്പെടുത്തി.
രണ്ടാം പഞ്ചവത്സരപദ്ധതി 1956-61. ഒന്നാം പദ്ധതിയുടെ ഇരട്ടിവലുപ്പമുള്ള രണ്ടാംപദ്ധതിയുടെ അടിസ്ഥാനം പ്രോഫ. മഹലനോബിസ് തയ്യാറാക്കിയ ആസൂത്രണമോഡലായിരുന്നു. ദേശീയവരുമാനത്തിൽ ഗണ്യമായ വർധനവ്, മൗലികവ്യവസായങ്ങളുടെ വികസനത്തിൽ ഊന്നിക്കൊണ്ടുള്ള വ്യവസായവത്‌കരണം, പരമാവധി തൊഴിൽ അവസരങ്ങളുടെ സൃഷ്‌ടി, വരുമാനത്തിലും സ്വത്തിലുമുള്ള അസമത്വംനീക്കി സാമ്പത്തിക ശക്തിയുടെ സമമായ വിതരണം എന്നിവയായിരുന്നു രണ്ടാം പദ്ധതിയുടെ ലക്ഷ്യങ്ങള്‍. സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥിതി സ്ഥാപിക്കാന്‍ പൊതുമേഖല വികസിക്കണം. 1956-ലെ പുതിയ വ്യവസായനയ പ്രഖ്യാപനത്തിൽ ആയുധപ്രതിരോധസാമഗ്രികള്‍, അണുശക്തി, ഇരുമ്പ്-ഉരുക്ക്, ഖനനം, യന്ത്രനിർമാണം, കൽക്കരി, വിദ്യുച്ഛക്തി, പെട്രാളിയം, വിമാനം, വ്യോമ-റയിൽവേ ഗതാഗതം, കപ്പൽനിർമാണം, ടെലിഫോണ്‍, ടെലിഗ്രാഫ് തുടങ്ങി മൗലികവും തന്ത്രപ്രധാനവുമായ എല്ലാ വ്യവസായങ്ങളും പൊതുമേഖലയിലാക്കി. മൂലധനപ്രയോഗത്തെ സംബന്ധിച്ച അനുമതി നിയമങ്ങള്‍, വിദേശനാണ്യവിനിമയസാധ്യതകളുടെ ക്രമീകൃതമായ വിഭജനം, വിവേചനപരമായ നികുതികളും സാമ്പത്തികപ്രരകങ്ങളും, ധനസഹായം, വാണിജ്യ-ധനകാര്യ-വ്യാവസായികസ്ഥാപനങ്ങളുടെ നിയന്ത്രണം എന്നിവയെ ആസൂത്രണതന്ത്രത്തിന്റെ ഭാഗമാക്കി. ധനവിഭവങ്ങള്‍ തികയാതെവന്നപ്പോള്‍ കമ്മിപ്പണവും വിദേശ സഹായവും വന്‍തോതിൽ വേണ്ടിവന്നു. ദേശീയവരുമാനം 20 ശ.മാ. വും പ്രതിശീർഷവരുമാനം 8 ശ.മാ. വും വർധിച്ചുവെങ്കിലും കാലവർഷക്കെടുതിയും വിളവുനാശവും കാരണം ഭക്ഷ്യോത്‌പാദനം ഗണ്യമായി കുറഞ്ഞു. ഭക്ഷ്യക്കമ്മി നികത്താന്‍ യു.എസ്സിൽനിന്ന് "പൊതുനിയമം 480'-ന്റെ കീഴിൽ ഭക്ഷ്യ ഇറക്കുമതി വേണ്ടിവന്നു. വാണിജ്യവിളകള്‍, ഇരുമ്പയിരുഖനനം, പഞ്ചസാര, കടലാസ്, വസ്‌ത്രം, കപ്പൽ, രാസപദാർഥങ്ങള്‍, റയിൽവേഗതാഗതം, വാർത്താവിനിമയം എന്നിവയിൽ പദ്ധതി ലക്ഷ്യം പൂർത്തീകരിച്ചുവെങ്കിലും ഉരുക്ക്, കല്‌ക്കരി, രാസവളങ്ങള്‍, യന്ത്രങ്ങള്‍, സിമെന്റ് എന്നിവയുടെ ഉത്‌പാദനം ലക്ഷ്യത്തിലും കുറവായിരുന്നു. 8 ദശലക്ഷംപേർക്ക് തൊഴിൽ നല്‌കി. വിലസൂചികയുടെ കുതിച്ചുകയറ്റം സാധാരണക്കാരന്റെ ജീവിതഭാരം വർധിപ്പിച്ചു.
മൂന്നാം പഞ്ചവത്സരപദ്ധതി 1961-66. ജനങ്ങള്‍ക്ക് ഒരു നല്ലജീവിതം പ്രദാനംചെയ്യുക, ദേശീയവരുമാനത്തിൽ പ്രതിവർഷം 5 ശ.മാ. വർധനവുണ്ടാക്കുക, ഭക്ഷ്യകാര്യത്തിൽ സ്വയംപര്യാപ്‌തത നേടുക, അടിസ്ഥാന വ്യവസയാങ്ങള്‍ വികസിപ്പിക്കുക, മാനുഷികവിഭവങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുക, സാമ്പത്തിക അസമത്വം ലഘൂകരിച്ച് അവസരസമത്വം സ്ഥാപിക്കുക എന്നിവയായിരുന്നു മൂന്നാം പദ്ധതിയുടെ ലക്ഷ്യങ്ങള്‍. 1962-ലും 1964-ലും യഥാക്രമം ചൈനയും പാകിസ്‌താനുമായുണ്ടായ യുദ്ധവും വ്യാപകമായ വരള്‍ച്ചയും പദ്ധതിപ്രവർത്തനത്തെ തകരാറിലാക്കി. സമാഹരിക്കപ്പെട്ട വിഭവങ്ങളിൽ ഒരു നല്ല പങ്ക് വികസനോന്മുഖമായ പ്രവർത്തനങ്ങള്‍ക്ക് മാറ്റിവയ്‌ക്കേണ്ടിവന്നു. വിലവർധനവും കൂലിവർധനവും കാരണം നിക്ഷേപമതിപ്പുകള്‍ പുതുക്കേണ്ടിവന്നു. കൃഷിയുടെ പുരോഗതി തൃപ്‌തികരമായിരുന്നില്ല. 25 ദശലക്ഷം ടണ്‍ ഭക്ഷ്യസാധനങ്ങള്‍ക്കുപുറമേ 30 ലക്ഷം കെട്ട് പരുത്തി, 15 ലക്ഷം കെട്ട് ചണം, മറ്റു അസംസ്‌കൃതപദാർഥങ്ങള്‍, യന്ത്രങ്ങള്‍, ചരക്കുകള്‍ എന്നിവ ഇറക്കുമതി ചെയ്യേണ്ടിവന്നതുകൊണ്ടും ഉത്‌പാദനമാന്ദ്യംമൂലം കയറ്റുമതി ഉദ്ദേശിച്ച രീതിയിൽ വർധിക്കാഞ്ഞതുകൊണ്ടും വിദേശനാണ്യക്കമ്മി വളരെ വലുതായി. ഉറുപ്പികയുടെ വിദേശമൂല്യം ഇടിഞ്ഞു. യു.എസ്. വിദേശസഹായം നല്‌കുന്നതിൽ അയവില്ലാത്തചില നിർബന്ധനിബന്ധനകള്‍ വയ്‌ക്കുകയും വിദേശസഹായത്തിന്റെ പ്രവാഹത്തിൽ കുറവുവരുത്തുകയും ചെയ്‌തപ്പോള്‍ മൂന്നാം പദ്ധതിയുടെ വിഭവച്ചട്ടക്കൂട് തകരാറിലായി. അത് 1966 ജൂണ്‍ 6-ന് ഉറുപ്പികയുടെ അവമൂല്യനത്തിൽ (devaluation) കലാശിച്ചു. 32 ശ.മാ.-ത്തോളം വർധിച്ച മൊത്തവില സൂചിക അസ്വാസ്ഥ്യജനകമായ ഒരു സ്ഥിതിവിശേഷമുണ്ടാക്കി. തൊഴിലില്ലായ്‌മ ഗുരുതരമായി. വ്യവസായരംഗത്ത് പൊതുവായി മാന്ദ്യം സംഭവിച്ചെങ്കിലും യന്ത്രങ്ങള്‍, സിമെന്റ്, പഞ്ചസാര, കടലാസ്, പരുത്തി വസ്‌ത്രം, റയോണ്‍പള്‍പ്പ്, രാസപദാർഥങ്ങള്‍, ഔഷധങ്ങള്‍, മോട്ടോർവാഹനങ്ങള്‍ എന്നിവയുടെ ഉത്‌പാദനത്തിൽ വർധനവുണ്ടായി. ഉപഭോക്തൃസാധനങ്ങളുടെ ദൗർലഭ്യം നിമിത്തം വ്യാപകമായ പൂഴ്‌ത്തിവയ്‌പും കരിഞ്ചന്തയും നിലവിൽവന്നു. തൊഴിലില്ലാത്തവരുടെ സംഖ്യ 9.5 ദശലക്ഷമായി. സാമ്പത്തികാസമത്വം വർധിച്ചുവരുന്നതിന്റെ ലക്ഷണങ്ങള്‍ വ്യക്തമായിക്കണ്ടു. സംസ്ഥാനങ്ങള്‍ക്കിടയിൽതന്നെ വികസനത്തോതിൽ അന്തരം ഉണ്ടായി. പൊതുവേ പറഞ്ഞാൽ അഭിലഷണീയമായ അഭിവൃദ്ധിയുടെ ഒരു ചിത്രമല്ല പദ്ധതിയുടെ അവസാമുണ്ടായിരുന്നത്.
വാർഷിക പദ്ധതികള്‍ 1966-69. 1966 ആഗസ്റ്റിൽ നാലാം പദ്ധതിയുടെ കരടുരേഖ പ്രസിദ്ധീകരിച്ചെങ്കിലും മൂന്നാം പദ്ധതിയുടെ പാളിച്ചകളും വിഭവകാര്യത്തിലുണ്ടായ അസന്ദിഗ്‌ധാവസ്ഥയും കാരണം നാലാം പദ്ധതിക്ക് അവസാനരൂപം നല്‌കാന്‍ കഴിഞ്ഞില്ല. തുടർന്ന്, ആസൂത്രണത്തിന് കുറച്ചുകാലം അവധി നല്‌കണമെന്ന അഭിപ്രായവും പൊന്തിവന്നു. 1967-ൽ പുനഃസംഘടിപ്പിച്ച ആസൂത്രണക്കമ്മിഷന്‍ പഞ്ചവത്സരപദ്ധതിക്കുപകരം 1966-69 കാലത്തേക്ക് തുടർച്ചയായി സമ്പദ്‌വ്യവസ്ഥയുടെ യഥാർഥ സ്ഥിതി പരിഗണിച്ച് മൂന്ന് വാർഷികപദ്ധതികള്‍ സ്വീകരിച്ചു. ദീർഘകാലവീക്ഷണത്തോടുകൂടിയ സാമ്പത്തികാസൂത്രണം വീണ്ടും നടത്താനുള്ള സാഹചര്യം അവ സൃഷ്‌ടിച്ചു. കൃഷിക്കും ചെറുകിട ജലസേചനത്തിനും മുന്‍പദ്ധതിക്കാലത്ത് പൂർത്തിയാകാതെ കിടന്നിരുന്ന വികസനപദ്ധതികള്‍ക്കും മുന്തിയ മുന്‍ഗണന നല്‌കി. ഇക്കാലത്താണ് കാർഷികരംഗത്ത് "ഹരിത വിപ്ലവ'മുണ്ടായത്. ഭക്ഷ്യനില മെച്ചപ്പെട്ടതോടെ ഭക്ഷ്യധാന്യസംഭരണവും വർധിച്ചു. വിലവർധനവ് സാവധാനത്തിലായി. സമ്പദ്‌വ്യവസ്ഥയിൽ സാധാരണനില കൈവന്നതോടുകൂടി നാലാം പദ്ധതിക്ക് അവസാന രൂപംനല്‌കി.
നാലാം പഞ്ചവത്സരപദ്ധതി 1969-74. ദേശീയവരുമാനത്തിൽ 5.5 ശ.മാ. വാർഷികവർധനവുണ്ടാക്കുക, ഉത്‌പാദനവർധനവിന്റെ ഗതിവേഗംകൂട്ടുക, സ്വയംപര്യാപ്‌തത നേടുക. വിലസ്ഥിരതയുണ്ടാക്കുക, ഉപഭോക്തൃസാധനങ്ങളുടെ ഉത്‌പാദനം പരമാവധിയാക്കുക, ലോഹം, യന്ത്രം, രാസപദാർഥങ്ങള്‍ എന്നീ മേഖലകളിലെ ഉത്‌പാദനം ത്വരിതപ്പെടുത്തുക, ജനപ്പെരുപ്പം തടയുക, ഗ്രാമീണജനതയുടെ വരുമാനം വർധിപ്പിക്കുക, മാനുഷികവിഭവങ്ങള്‍ വികസിപ്പിക്കുക എന്നിവയായിരുന്നു നാലാംപദ്ധതിയുടെ ലക്ഷ്യങ്ങള്‍. സംസ്ഥാനപദ്ധതികള്‍ രൂപീകരിക്കുന്നതിന് സംസ്ഥാനതലത്തിൽ ആസൂത്രണബോർഡുകള്‍ നിലവിൽവന്നു. ബാംഗ്ലദേശ് യുദ്ധം, യുദ്ധാനന്തര പുനരുദ്ധാരണം, അഭയാർഥി-പുനരധിവാസം, പ്രകൃതിക്ഷോഭം, വരള്‍ച്ച എന്നിവ നാലാം പദ്ധതിയുടെ സുഗമമായ പ്രവർത്തനത്തിന് തടസ്സമുണ്ടാക്കി. ഒന്നുരണ്ടുവർഷം വർധനവിനുപകരം ദേശീയവരുമാനം ക്ഷയിച്ചു. അതിന്റെ ഫലമായി യഥാർഥപ്രതിശീർഷവരുമാനം കുറഞ്ഞു. ഹരിതവിപ്ലവത്തിന്റെ ഫലമായി കാർഷികമേഖലയിൽ പലനിലവാരത്തിലും അന്തരമുണ്ടായി. വന്‍കിടകൃഷിക്കാർ അവരുടെ നില മെച്ചപ്പെടുത്തി. പയറുവർഗങ്ങള്‍, എച്ചക്കുരുക്കള്‍, കരിമ്പ് എന്നിവയുടെ ഉത്‌പാദനത്തിൽ സാരമായ കുറവുണ്ടായി. വ്യവസായമാന്ദ്യം വർധിച്ചു. ഭക്ഷ്യക്കമ്മി, സംഭരണത്തിലുള്ള അപാകത, പണത്തിന്റെ വർധിച്ച പ്രദാനം എന്നിവ ഒത്തുചേർന്നപ്പോള്‍ സാധനവില കുതിച്ചുകയറി. ദേശീയ സമ്പാദ്യനിരക്ക് 10 ശ.മാ. -ത്തിൽനിന്നും 8 ശ.മാ. ആയി കുറഞ്ഞു. ദാരിദ്യരേഖയ്‌ക്കു കീഴിലുള്ള ജനങ്ങളുടെ എച്ചം 220 ദശലക്ഷമായി വർധിച്ചു.
അഞ്ചാം പഞ്ചവത്സരപദ്ധതി 1974-79. മുന്‍പദ്ധതികളിൽ സ്വീകരിച്ചുവന്ന വികസനതന്ത്രം തുടർന്നാൽ ഇന്ത്യയിൽ ദാരിദ്യ്രനിർമാർജനത്തിന് 30-50 വർഷം വേണ്ടിവരുമെന്നും അത്രയുംകാലം കാത്തിരിക്കാന്‍ ദാരിദ്യരേഖയുടെ കീഴിലുള്ള ജനവിഭാഗങ്ങള്‍ക്കു ക്ഷമയുണ്ടാവില്ലെന്നും, തൊഴിലില്ലായ്‌മയാണ് ദാരിദ്യ്രത്തിന്റെ മൗലികകാരണമെന്നും ഉള്ള ധാരണയാണ് അഞ്ചാംപദ്ധതിയുടെ അടിസ്ഥാനം. 1960-61-ലെ വിലനിലവാരത്തിൽ പ്രതിമാസ ഉപഭോഗച്ചെലവ് 20 ഉറുപ്പികയിൽ കുറവുള്ള എല്ലാവരും ദാരിദ്യ്രരേഖയ്‌ക്കു കീഴിൽവരുന്നു. ദാരിദ്യ്രനിർമാർജനത്തിനും അസമത്വങ്ങള്‍ അവസാനിപ്പിക്കാനും സാമ്പത്തികവൃദ്ധി ബലികഴിക്കാതെ സാമൂഹ്യനീതി പ്രദാനം ചെയ്യാനും, മേലേക്കിടയിലുള്ള 30 ശ.മാ.-ൽനിന്നും താഴേക്കിടയിലുള്ള 30 ശ.മാ. ജനങ്ങളിലേക്ക് ഉപഭോഗം പുനർവിതരണം ചെയ്യാനും അവസാനവർഷത്തോടുകൂടി വിദേശസഹായ പ്രവാഹം പൂർണമായി നിർത്താനും ദേശീയവരുമാനത്തിൽ 5.5 ശ.മാ. വർധനവുണ്ടാക്കാനും ഉദ്ദേശിച്ചുകൊണ്ടാണ് അഞ്ചാംപദ്ധതി തയ്യാറാക്കിയത്. സമീപനരേഖ, സാങ്കേതികക്കുറിപ്പ്, കരടുരൂപരേഖ എന്നിവയിൽക്കൂടി അവസാനരൂപം നല്‌കിയ അഞ്ചാംപദ്ധതിയിൽ പൊതുമേഖലയിൽ 37,250 കോടി ഉറുപ്പികയും സ്വകാര്യമേഖലയിൽ 16,161 കോടി ഉറുപ്പികയും ചേർത്ത് ആകെ 53,411 കോടി ഉറുപ്പികയുടെ മുതൽമുടക്ക് പ്രതീക്ഷിച്ചു. നിക്ഷേപനിർണയനത്തിനുള്ള സ്ഥൂലസാമ്പത്തികമോഡൽ, മേഖലാഉത്‌പാദനം, ഇറക്കുമതി എന്നിവ നിർണയിക്കാനുള്ള നിവേശ-നിർഗമമോഡൽ, വിവിധ ധാരണകള്‍ക്കനുസൃതമായി ഉപഭോഗലക്ഷ്യങ്ങള്‍ നിർണയിക്കുന്ന ഉപഭോഗമോഡൽ എന്നിവ ഉള്‍പ്പെട്ടതാണ് "സാങ്കേതിക്കുറിപ്പ്'. മറ്റു പദ്ധതികളെ അപേക്ഷിച്ച് വളരെയേറെ സങ്കീർണമായ ആസൂത്രണമോഡലും സാമ്പത്തികകണക്കുകൂട്ടലുകളും മറ്റും അഞ്ചാം പദ്ധതിയുടെ രേഖയുടെ പിറകിലുണ്ട്.
ആറാം പഞ്ചവത്സരപദ്ധതി 1980-85. പ്രതികൂലമായ നിരവധി ഘടകങ്ങള്‍ നിലനില്‌ക്കുമ്പോഴാണ് ആറാം പദ്ധതിക്കു രൂപം നല്‌കിയത്: വില വർധന, മുഖ്യമേഖലകളായ വൈദ്യുതി, ഖനി, റെയിൽവേ, ഇരുമ്പുരുക്ക് എന്നിവയിലുണ്ടായ തകർച്ച, പെട്രാളിയം ഉത്‌പന്നങ്ങളുടെ വില വർധനവും തുടർന്നുണ്ടായ വിദേശവാണിജ്യ കമ്മിയും എന്നിവ സമ്പദ്‌ഘടനയിൽ പ്രതിസന്ധികള്‍ സൃഷ്‌ടിക്കുമ്പോഴാണ് ആറാം പദ്ധതി തയ്യാറാക്കിയത്. ആറാംപദ്ധതിയുടെ മുഖ്യമായ ലക്ഷ്യങ്ങള്‍ താഴെപ്പറയും പ്രകാരമാണ്. (1) സമ്പദ്‌ഘടനയുടെ വളർച്ച ഗണ്യമായി ഉയർത്തുക (2) സാമ്പത്തിക സാങ്കേതി സ്വാശ്രയത്വത്തിനു ആധുനികവത്‌കരണം ശക്തിപ്പെടുത്തുക (3) ദാരിദ്യ്രവും, തൊഴിലില്ലായ്‌മയും ഗണ്യമായി താഴ്‌ത്തുക (4) തദ്ദേശ ഊർജ സ്രാതസ്സുകളുടെ വേഗതയാർന്ന വികസനവും, ഊർജ വിനിയോഗത്തിലും സംരക്ഷണത്തിലും കാര്യക്ഷമതയും നേടുക (5) ദുർബലവിഭാഗങ്ങള്‍ക്കും വികലാംഗർക്കും പ്രത്യേകം പരിഗണന നല്‌കി ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, (6) പൊതുനയങ്ങളും സേവനങ്ങളും പാവപ്പെട്ടവർക്കു സഹായകരമായ രീതിയിൽ പുനർവിതരണം ചെയ്‌ത് സ്വത്തിലും, വരുമാനത്തിലും അസമത്വം ലഘൂകരിക്കുക (7) വികസന കാര്യങ്ങളിൽ പ്രാദേശിക അസമത്വം കുറയ്‌ക്കുക (8) ജനന നിയന്ത്രണം പ്രോത്സാഹിപ്പിക്കുക (9) അനുയോജ്യമായ വിദ്യാഭ്യാസത്തിലൂടെയും , വാർത്താവിനിമയത്തിലൂടെയും എല്ലാവിഭാഗം ജനങ്ങളെയും വികസന കാര്യങ്ങളിൽ ഉള്‍പ്പെടുത്തുക.
ആറാം പദ്ധതിയുടെ അടങ്കൽത്തുക 97,500 കോടി രൂപ ആയിരുന്നു. ഇതിൽ 48,600 കോടി രൂപ സംസ്ഥാനങ്ങളുടെ വിഹിതവും, ബാക്കി 48,900 കോടി രൂപ കേന്ദ്ര വിഹിതവുമായിരുന്നു. ഇതിൽ കൃഷിക്ക് 4058 കോടി രൂപയും, ഗ്രാമവികസനത്തിനും, ഊർജത്തിനും 26,535 കോടിരൂപയും, സാമൂഹിക മേഖലക്കു 14035 കോടിരൂപയും ആയിരുന്നു. ഏഴാം പഞ്ചവത്സരപദ്ധതി 1985-90. ദാരിദ്യ്രം, തൊഴിലില്ലായ്‌മ, പ്രാദേശിക അസമത്വം എന്നിവ പ്രത്യക്ഷമായി പരിഹരിക്കുവാന്‍ ലക്ഷ്യമിടുന്ന വികസന തന്ത്രമാണ് ഏഴാം പദ്ധതി വിഭാവന ചെയ്‌തത്. വിഭവവിനിയോഗം കാര്യക്ഷമമായി മെച്ചപ്പെടുത്തിക്കൊണ്ട് ലക്ഷ്യം കൈവരിക്കുകയായിരുന്നു ഉദ്ദേശ്യം. മനുഷ്യവിഭവശേഷി വികസിപ്പിച്ചും തദ്ദേശ ടെക്‌നോളജി വിനിയോഗിച്ചും, കൃഷി മേഖലയിലും ഫാക്‌ടറികളിലും പുതിയ ടെക്‌നോളജി വ്യാപകമായി ഉപയോഗിച്ചും, കപ്പാസിറ്റി വിനിയോഗം ശക്തിപ്പെടുത്തിയും പ്രോജക്‌ട് നിർവഹണം കാര്യക്ഷമമാക്കിയും, ഉത്‌പാദനച്ചെലവ് കുറയ്‌ക്കുവാനാവശ്യമായ നയങ്ങള്‍ രൂപീകരിച്ചും ഏഴാം പദ്ധതിയിൽ സാമ്പത്തിക വളർച്ച മെച്ചപ്പെടുത്തുകയായിരുന്നു ലക്ഷ്യം. മൊത്തം ആഭ്യന്തര ഉത്‌പാദനത്തിൽ 5 ശ.മാ. വാർഷിക വളർച്ചയാണ് പ്രതീക്ഷിച്ചത്. കാർഷിക ഉത്‌പാദനം 4 ശ.മാ.-ഉം, വ്യവസായ വളർച്ച 8.3 ശ.മാ.-ഉം, സർവീസ് മേഖല 6.6 ശ.മാ.-ഉം വളർച്ച ലക്ഷ്യമിട്ടു. ലക്ഷ്യമിട്ട വളർച്ച കൈവരിക്കുന്നതിനു കണക്കാക്കിയ മൊത്ത നിക്ഷേപം 322366 കോടിരൂപ ആയിരുന്നു. ഇതിൽ പൊതുമേഖല നിക്ഷേപം 180000 കോടിരൂപയായി കണക്കാക്കുകയും ചെയ്‌തു. പൊതു മേഖലയിലെ മൊത്തം നിക്ഷേപത്തിൽ 80698 കോടി രൂപ സംസ്ഥാന വിഹിതവും 99302 കോടി കേന്ദ്ര വിഹിതവുമായി കണക്കാക്കപ്പെട്ടു. മൊത്തം പൊതുമേഖലാ നിക്ഷേപത്തിൽ 13 ശ.മാ. കൃഷിക്കും ഗ്രാമവികസനത്തിനും നീക്കിവച്ചപ്പോള്‍ 30 ശ.മാ. ഊർജമേഖലയ്‌ക്കും 16 ശ.മാ. സാമൂഹിക മേഖലയ്‌ക്കും 12 ശ.മാ. വ്യവസായ മേഖലയ്‌ക്കും നീക്കിവച്ചു.
എട്ടാം പഞ്ചവത്സരപദ്ധതി 1992-97. അന്തർദേശീയ-ദേശീയ സാമ്പത്തിക രംഗത്ത് പ്രകടമായ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്ന ചുറ്റുപാടിലാണ് ഇന്ത്യ എട്ടാം പഞ്ചവത്സര പദ്ധതിക്കു രൂപം നല്‌കിയത്. ആഗോളവത്‌കരണം, ഉദാരവത്‌കരണം, സ്വകാര്യവത്‌കരണം മുതലായ സാമ്പത്തിക പരിഷ്‌കരണങ്ങള്‍ ഉള്‍ക്കൊള്ളുവാന്‍ ഇന്ത്യയുടെ സമ്പദ്‌ഘടനയും തയ്യാറെടുത്തുകഴിഞ്ഞു. വാണിജ്യ-വ്യവസായ രംഗങ്ങളിൽ ഇത്തരം വ്യതിയാനം അനിവാര്യമായി വരുകയും ചെയ്‌തു. എങ്കിലും ദുർബല വിഭാഗങ്ങളുടെ സാമ്പത്തിക-സാമൂഹിക സുരക്ഷയ്‌ക്കു സാമൂഹിക സാമ്പത്തിക മേഖലകളിൽ ഗവണ്‍മെന്റ് ഇടപെടൽ അത്യാവശ്യവുമാണ്. ഈ വസ്‌തുതകളെല്ലാം വിശകലനം ചെയ്‌തിട്ടാണ് എട്ടാം പദ്ധതിക്കു രൂപം നല്‌കിയതും ലക്ഷ്യങ്ങള്‍ നിർണയിച്ചതും. നൂറ്റാണ്ടിന്റെ അവസാനത്തോടെ എല്ലാവർക്കും തൊഴിൽ നല്‌കുവാനാവശ്യമായ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുക, ജനപങ്കാളിത്തത്തോടെ ജനസംഖ്യ നിയന്ത്രിക്കുക, സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം, 15-നും 35-നും ഇടയ്‌ക്കു പ്രായമുള്ളവർക്കു പൂർണ സാക്ഷരത, എല്ലാവർക്കും കുടിവെള്ളവും, പ്രാഥമിക ആരോഗ്യ സൗകര്യങ്ങളും, കൃഷി വൈവിധ്യവത്‌കരിച്ചു വളർച്ചാ നിരക്ക്‌ഉയർത്തി ഭക്ഷ്യസ്വയം പര്യാപ്‌തത കൈവരിക്കുകയും കയറ്റുമതിക്കു മിച്ചം ഉണ്ടാക്കുകയും ചെയ്യുക, സുസ്ഥിര വളർച്ചക്കാവശ്യമായ വൈദ്യുതി, ഗതാഗതം, കമ്യൂണിക്കേഷന്‍, ജലസേചനം എന്നീ പശ്ചാത്തല ഘടകങ്ങള്‍ ശക്തിപ്പെടുത്തുക മുതലായവയായിരുന്നു എട്ടാം പദ്ധതിയിലെ പ്രധാനപ്പെട്ട വികസന ലക്ഷ്യങ്ങള്‍. മൊത്തം 434100 കോടിരൂപയുടെ അടങ്കൽ പദ്ധതി തയ്യാറക്കിയതിൽ 179985 കോടിരൂപ സംസ്ഥാനങ്ങളുടെ പദ്ധതിയും ബാക്കി കേന്ദ്ര ഗവണ്‍മെന്റ്‌പദ്ധതിയുമായിരുന്നു. അടങ്കൽ തുകയിൽ 27 ശ.മാ. വൈദ്യതിക്കും, 18 ശ.മാ. സാമൂഹിക മേഖലയ്‌ക്കും 20 ശ.മാ. കൃഷിക്കും ഗ്രാമവികസനത്തിനും നീക്കിവച്ചു. ഒന്‍പതാം പഞ്ചവത്സരപദ്ധതി 1997-2002. തൊഴിലവസരങ്ങള്‍ സൃഷ്‌ടിച്ചു ദാരിദ്യ്രം നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ കൃഷിക്കും ഗ്രാമവികസനത്തിനും ഒന്‍പതാംപദ്ധതി മുന്‍ഗണന നല്‌കി. ഈ ലക്ഷ്യം കൈവരിക്കുവാന്‍ പദ്ധതി അടങ്കലിന്റെ 29 ശ.മാ. ഈ മേഖലകള്‍ക്കു നീക്കിവയ്‌ക്കുകയും ചെയ്‌തു. വളർച്ചയുടെ ഗതിവേഗം വർധിപ്പിക്കുവാന്‍ 6.5 ശ.മാ. വാർഷിക വളർച്ചയും ലക്ഷ്യമിട്ടു. എല്ലാവർക്കും ഭക്ഷ്യ-പോഷകാഹാര സുരക്ഷിതത്വം ഉറപ്പുവരുത്തുവാനും ലക്ഷ്യമിട്ടു. കുടിവെള്ളം, പ്രാഥമിക ആരോഗ്യം, സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം, ഭവനം, റോഡ് കണക്‌ടിവിറ്റി എന്നിവ ലഭ്യമാക്കുക, ജനസംഖ്യാവർധനവ് നിയന്ത്രിക്കുക, സ്‌ത്രികളുടെയും ദുർബലവിഭാഗങ്ങളുടെയും ശാക്തീകരണം സാധ്യമാക്കുക എന്നിവ മറ്റു ലക്ഷ്യങ്ങളായിരുന്നു. അടങ്കൽ തുകയുടെ ഏകദേശം 28 ശ.മാ. സാമൂഹിക മേഖലയ്‌ക്കും 16 ശ.മാ. ഗതാഗതത്തിനും നീക്കി വച്ചു. ഒന്‍പതാം പദ്ധതിക്കാലത്തു ലക്ഷ്യമിട്ട വളർച്ച കൈവരിക്കുവാന്‍ കഴിഞ്ഞില്ല. അതായത് വാർഷിക വളർച്ച 6.5 ശ.മാ.-മായി ലക്ഷ്യമിട്ടെങ്കിലും കൈവരിക്കുവാന്‍ കഴിഞ്ഞതു 5.35 ശ.മാ. ആണ്. ആഭ്യന്തര മിച്ചം 23.1 ശ.മാ. ആയും ആഭ്യന്തര നിക്ഷേപം 23.8 ശ.മാ. ആയും ഉയർത്തുവാനും മൊത്തവില സൂചിക അനുസരിച്ച് വിലവർധന 4.9 ശ.മാ.-ത്തിൽ നിയന്ത്രിച്ചു നിറുത്തുവാനും കഴിഞ്ഞു. വിദേശ നാണയ കരുതൽ ശേഖരം 54.2 ബില്യണ്‍ ഡോളർ ആയി ഉയരുകയും ചെയ്‌തു.
പത്താം പഞ്ചവത്സര പദ്ധതി. പത്താം പഞ്ചവത്സര പദ്ധതി 2002-07-ലേക്കാണ് തയ്യാറാക്കിയത്. കേന്ദ്രവും, സംസ്ഥാനങ്ങളുംകൂടി ആകെ 996683 കോടിരൂപയുടെ പൊതുമേഖലാ നിക്ഷേപമാണ് പത്താം പദ്ധതിയിൽ ലക്ഷ്യമിട്ടത്. ഇതിൽ കേന്ദ്രഗവണ്‍മെന്റ് നിക്ഷേപം 405735 കോടി രൂപയാണ്. പത്താം പദ്ധതി ലക്ഷ്യമിട്ടിട്ടുള്ള ശരാശരി വാർഷിക വളർച്ച എട്ടുശതമാനമാണ്. ദരിദ്രരുടെ അനുപാതം 2007-ൽ 20 ശതമാനമായും, 2012-ൽ 10 ശതമാനമായി കുറയ്‌ക്കുവാന്‍ ലക്ഷ്യമിട്ടിരുന്നു. സാക്ഷരത നിരക്ക് 2007-ൽ 72 ശതമാനവും, 2010-ൽ 80 ശതമാനവുമാണ് ലക്ഷ്യമിട്ടത്. 2007-ൽ രാജ്യത്തെ എല്ലാ കുട്ടികളെയും സ്‌കൂളിൽ പ്രവേശിപ്പിക്കുകയെന്ന ലക്ഷ്യം ഫലവത്താക്കി. 2001-2010-ൽ ജനസംഖ്യവളർച്ച 16.2 ശതമാനമായി താഴ്‌ത്തുവാനും, ശിശുമരണ നിരക്ക് 1000-നു 45 ആയും, മാതൃമരണനിരക്ക് 1000-ന് 2 ആയും താഴ്‌ത്തുവാനും ലക്ഷ്യമിടുന്നു. എല്ലാ ഗ്രാമങ്ങളിലും കുടിവെള്ളം എത്തിക്കുവാനും സാധിച്ചു. തൊഴിൽ മേഖലയിൽ പത്താം പദ്ധതിയിൽ 50 ദശലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുവാനും ലക്ഷ്യമിട്ടിരുന്നു. പത്താം പദ്ധതി നാലു വർഷം പൂർത്തിയായപ്പോള്‍ ശരാശരി ഏഴ് ശതമാനം വാർഷിക വളർച്ചയുണ്ടായി. ആഭ്യന്തരമിച്ചം വയ്‌പ് 28.2 ശ.മാ. ആയും ആഭ്യന്തര നിക്ഷേപനിരക്ക് 23.8 ശ.മാ. ആയും, വിലവർധനവ് 4.8 ശ.മാ. ആയും വർധിച്ചു. വിദേശ നാണയശേഖരം ഉയർന്നു 152 ബില്യണ്‍ ഡോളർ എന്ന ശക്തമായ നിലയിലെത്തുകയും ചെയ്‌തു. സേവനമേഖല 8.9ശ.മാ.-വും, വ്യവസായമേഖല 8 ശ.മാ.-വും വാർഷിക വളർച്ച കണക്കാക്കുമ്പോള്‍ കാർഷികമേഖല ലക്ഷ്യമിട്ട 4 ശ.മാ. വളർച്ചയ്‌ക്കുപകരം 2 ശ.മാ.-ത്തിനു താഴെ നിൽക്കുന്നു എന്ന വസ്‌തുത പൊതുവിൽ നിരാശയുണ്ടാക്കിയെങ്കിലും അടുത്ത വർഷം കൂടി പൂർത്തിയാക്കിയപ്പോള്‍ മെച്ചപ്പെട്ട നിലയിൽ വികസന പ്രവർത്തനങ്ങള്‍ നടപ്പിലാക്കാനായി. പതിനൊന്നാം പഞ്ചവത്സര പദ്ധതി 2007-2012. കൂടുതുൽ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനും ദേശീയ തൊഴിലുറപ്പു പദ്ധതിയിലൂടെ ഓരോ കുടുംബത്തിലെയും ഒരംഗത്തിനും തൊഴിൽ എന്ന ലക്ഷ്യം കൈവരിക്കാനും 11-ാം പദ്ധതി മുന്‍ഗണന നൽകി. കാർഷിക വരുമാനനിരക്ക് 4% വർഷം തോറും വർധിപ്പിക്കാനും എഴുപതു മില്യണ്‍ തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്‌ടിക്കാനും ലക്ഷ്യമിടുന്നു. 5%-ൽ താഴെ മാത്രമേ വിദ്യാഭ്യാസം സിദ്ധിച്ചവരുടെ തൊഴിലില്ലായ്‌മ പാടുള്ളൂ എന്ന ലക്ഷ്യമാണ് ഈ പദ്ധതിയ്‌ക്കുള്ളത്. അവിദഗ്‌ധതൊഴിൽ മേഖലയിൽ 20% കണ്ട് കൂലിവർധന ശുപാർശ ചെയ്യുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കൊഴിഞ്ഞുപോക്ക് 2003-2004-ൽ 52.2% ആയിരുന്നത് 2011-2012-ൽ 20% ആയി കുറയ്‌ക്കാന്‍ ലക്ഷ്യമിടുന്നു. ഏഴുവയസ്സുമുതൽ 85 വയസ്സുവരെയുള്ള ജനങ്ങളുടെ സാക്ഷരതാനിലവാരം 85% വരെ ഉയർത്താനും ലക്ഷ്യമിട്ടിട്ടുണ്ട്. ആരോഗ്യമേഖല, സ്‌ത്രീകളുടേയും കുട്ടികളുടേയും ക്ഷേമ, ഇന്‍ഫ്രാസ്‌ട്രക്‌ച്ചർ തുടങ്ങിയവയിലും അഭൂതപൂർവമായ നേട്ടമാണ് 11-ാം പദ്ധതി വിഭാവന ചെയ്യുന്നത്. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വൃക്ഷം വെച്ചുപിടിപ്പിച്ച് വനവിസ്‌തൃതി 5% വർധിപ്പിക്കാനും വായുശുദ്ധീകരണം, ഊർജസംരക്ഷണം, നദീസംരക്ഷണം എന്നിവ നേടിയെടുക്കാനും ലക്ഷ്യമിടുന്നു.
പഞ്ചവത്സര പദ്ധതിയും വളർച്ചയും. സാമ്പത്തിക വളർച്ചയുടെ ഗതിവേഗം വർധിപ്പിക്കുകയാണ് ഓരോ പഞ്ചവത്സരപദ്ധതിയുടെയും അടിസ്ഥാന ലക്ഷ്യം. ഒപ്പം വിതരണ നീതിയും ലക്ഷ്യമിടുന്നു. അതായത് വളർച്ചയുടെ പ്രയോജനം എല്ലാ വിഭാഗം ജനങ്ങളിലും, എല്ലാ പ്രദേശങ്ങളിലും എത്തിക്കുകയെന്ന സാമൂഹിക നീതി കൂടി പഞ്ചവത്സരപദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യ ഇതുവരെ പൂർത്തിയാക്കിയ പത്തുപഞ്ചവത്സരപദ്ധതികളിൽ രണ്ടും, മൂന്നും, നാലും ഒന്‍പതും പഞ്ചവത്സര പദ്ധതികളിൽ മാത്രമേ ലക്ഷ്യമിട്ട വളർച്ചാ നിരക്ക് കൈവരിക്കുവാന്‍ കഴിയാതെ വന്നിട്ടുള്ളൂ. പട്ടിക 1-ൽ നിന്നും കഴിഞ്ഞ ഒന്‍പതു പഞ്ചവത്സര പദ്ധതികളിലെയും ലക്ഷ്യമിട്ട വളർച്ചാ നിരക്കും, കൈവരിച്ച വളർച്ചാ നിരക്കും പതിനൊന്നാം പഞ്ചവത്സര പദ്ധതിയിൽ ലക്ഷ്യമിട്ടിട്ടുള്ള വളർച്ചാ നിരക്കും മനസ്സിലാക്കാം.
പട്ടിക- 1 ലക്ഷ്യമിട്ട കൈവരിച്ച പഞ്ചവത്സര വാർഷിക പദ്ധതി വാർഷിക വാർഷിക വളർച്ച വളർച്ച 1-ാം പഞ്ചവത്സര വാർഷിക പദ്ധതി (1951-56) 2.1 3.6 2-ാം പഞ്ചവത്സര വാർഷിക പദ്ധതി (1956-61) 4.5 4.2 3-ാം പഞ്ചവത്സര വാർഷിക പദ്ധതി (1961-66) 5.6 2.7 4-ാം പഞ്ചവത്സര വാർഷിക പദ്ധതി (1969-74) 5.7 2.05 5-ാം പഞ്ചവത്സര വാർഷിക പദ്ധതി (1974-79) 4.4 4.83 6-ാം പഞ്ചവത്സര വാർഷിക പദ്ധതി (1980-85) 5.2 5.54 7-ാം പഞ്ചവത്സര വാർഷിക പദ്ധതി (1985-90) 5.0 6.02 8-ാം പഞ്ചവത്സര വാർഷിക പദ്ധതി (1992-97) 5.6 6.68 9-ാം പഞ്ചവത്സര വാർഷിക പദ്ധതി 6.5 5.35 10-ാം പഞ്ചവത്സര വാർഷിക പദ്ധതി 8.0 7.8 11-ാം പഞ്ചവത്സര വാർഷിക പദ്ധതി 9.0 8.0
പഞ്ചവത്സര പദ്ധതികളും ഭക്ഷ്യോത്‌പാദനവും. ഭക്ഷ്യോത്‌പാദനത്തിൽ സ്വയം പര്യാപ്‌തത കൈവരിക്കുകയെന്നത് ഇന്ത്യയിലെ പഞ്ചവത്സര പദ്ധതികളുടെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നായിരുന്നു; അതു കൈവരിക്കുകയും ചെയ്‌തു. ഒന്നാം പഞ്ചവത്സരപദ്ധതി ആരംഭിച്ച 1950-51-ൽ ഇന്ത്യയിലെ ഭക്ഷ്യോത്‌പാദനം 50.82 ദശലക്ഷം ടച്ചായിരുന്നതു 1960-61-ൽ 82.02 ദശലക്ഷം ടച്ചായും 1980-81-ൽ 129.59 ദശലക്ഷം ടച്ചായും വർധിച്ചു. 2000-01-ൽ ഉത്‌പാദനം 196.81 ദശലക്ഷം ടച്ചായും, 2004-05-ൽ 204.61 ദശലക്ഷം ടച്ചായും വർധിച്ചു. താഴെ കാണിച്ചിട്ടുള്ള പട്ടിക 2-ൽ നിന്നും 1950-51 മുതലുള്ള ഇന്ത്യയുടെ ഭക്ഷ്യോത്‌പാദന വളർച്ച മനസ്സിലാക്കാം.
പട്ടിക-2 ഇന്ത്യയിലെ ഭക്ഷ്യോത്‌പാദനം വർഷം ഭക്ഷ്യോത്‌പാദനം (ദശലക്ഷം ടണ്‍) 1950 - 51 50.82 1960 - 61 82.02 1970 - 71 108.43 1980 - 81 129.59 1990 - 91 176.39 2000 - 01 196.81 2004 - 05 204.61
55 വർഷത്തെ ആസൂത്രണ വികസനം കൊണ്ട് എല്ലാമേഖലകളിലും പുരോഗതി കൈവരിച്ചു. ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുവാന്‍ കഴിഞ്ഞു. ഭക്ഷ്യ ഉത്‌പാദനത്തിൽ ഏറെക്കുറെ സ്വയം പര്യാപ്‌തത കൈവരിക്കുവാനും വ്യവസായ മേഖലയിൽ മികച്ച നേട്ടം കൈവരിച്ചു ലോകത്തെ പത്തു വ്യവസായ വികസിത രാഷ്‌ട്രങ്ങളിൽ ഒന്നാകുവാനം കഴിഞ്ഞു. സ്വാതന്ത്യ്രം ലഭിക്കുമ്പോള്‍ മുഖ്യമായും നിലനിന്നിരുന്ന ഫ്യൂഡൽ കാർഷിക സമ്പദ്‌വ്യവസ്ഥയെ ബൃഹത്തായ വ്യവസായ വികസന സാധ്യതക്കനുയോജ്യമായ മെച്ചപ്പെട്ടതും വൈവിധ്യമാർന്നതുമായ പശ്ചാത്തല സൗകര്യമുള്ള ഒരു രാഷ്‌ട്രമാക്കി മാറ്റിയെടുക്കുവാന്‍ ആസൂത്രണ വികസനം കൊണ്ടുകഴിഞ്ഞു. വരുമാനവും, ഉപഭോഗ നിലവാരവും ഗണ്യമായി വർധിച്ചു. ദാരിദ്യ്രരേഖയ്‌ക്കു താഴെ ജീവിക്കുന്നവരുടെ അനുപാതം കുറഞ്ഞു. 1973-74-ൽ 54.9 ശ.മാ. ജനങ്ങള്‍ ദാരിദ്യ്രരേഖയ്‌ക്കു താഴെ ജീവിച്ചിരുന്നതു 2000-ൽ 26 ശ.മാ. ആയി താഴ്‌ത്തികൊണ്ടുവന്നു. 2004-05-ൽ 22 ശ.മാ. ആയി താഴ്‌ന്നു എന്നു കണക്കാക്കപ്പെടുന്നു. ജനന നിരക്കും, മരണ നിരക്കും ഗണ്യമായി താഴുകയും ശരാശരി ആയുസ്സ് 68 ആയി ഉയരുകയും ചെയ്‌തു. ഭക്ഷ്യ ഉത്‌പാദനത്തിൽ സ്വയം പര്യാപ്‌തതയിലെത്തിയ ശക്തമായ കാർഷിക സമ്പദ്‌ഘടനയുണ്ട്; വൈവിധ്യമാർന്ന വ്യവസായ-സേവന ഘടനയുണ്ട്; ഇത് സമ്പദ്‌ഘടനയുടെ ശക്തിയും സാങ്കേതിക വികസന സാധ്യതകളുടെ ലഭ്യതയും പ്രകടമാക്കുന്നു. ജനസംഖ്യ 1951-ലെ 359 ദശലക്ഷത്തിൽ നിന്നും 2004-05-ൽ 1091 ദശലക്ഷം ആയി വർധിച്ചെങ്കിലും പ്രതിശീർഷവരുമാനം 265 രൂപയിൽ നിന്നും 21022 രൂപ ആയി വർധിപ്പിക്കുവാന്‍ കഴിഞ്ഞു. ഇതേ കാലയളവിൽ ദേശീയ മൊത്തവരുമാനം 9934 കോടി രൂപയിൽ നിന്നും 310552 കേടി രൂപ ആയും വർധിച്ചു.