This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഭൗതികഭൂമിശാസ്‌ത്രം.
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ഭൗതികഭൂമിശാസ്‌ത്രം.== ഭൂവിജ്ഞാനം. അതിപുരാതനങ്ങളായ നാല് ഉറച...)
അടുത്ത വ്യത്യാസം →
00:43, 1 മാര്‍ച്ച് 2014-നു നിലവിലുണ്ടായിരുന്ന രൂപം
ഭൗതികഭൂമിശാസ്‌ത്രം.
ഭൂവിജ്ഞാനം. അതിപുരാതനങ്ങളായ നാല് ഉറച്ച ഭൂവിഭാഗങ്ങള്‍ ആർട്ടിക് മേഖലയിൽ കാണാം; കനേഡിയന്‍ ഷീൽഡ്, ബാള്‍ട്ടിക്ക് ഷീൽഡ്, അന്‍ഗാരാ ഷീൽഡ്, കോളിമാബ്ലോക്ക്. ഇവയും ഇവയെ കേന്ദ്രീകരിച്ച് അപരദനനിക്ഷേപങ്ങളിലൂടെ ഉദ്‌ഭൂതമായിട്ടുള്ള അവസാദശിലാശേഖരങ്ങളുമാണ് ആർട്ടിക് മേഖലയുടെ അടിത്തറ. ഇതിൽ ഏറിയ ഭാഗവും ഹിമാവൃതമാണ്. പാലിയോസോയിക് കല്‌പത്തിലും മീസോസോയിക്ക് കല്‌പത്തിലും ഉണ്ടായ ആഗോളവ്യാപകമായ പർവതനപ്രക്രിയയുടെ പ്രഭാവം ആർട്ടിക് മേഖലയിലും അനുഭവപ്പെട്ടിരുന്നു. ഇങ്ങനെയുണ്ടായ മടക്കുപർവതങ്ങള്‍ ഏറിയ കൂറും ദീർഘകാലത്തെ അപരദനത്തിലൂടെ തകർന്നടിഞ്ഞ നിലയിലായിട്ടുണ്ട്. ചുരുക്കം ചിലവ ഇപ്പോഴും പൂർവസ്ഥിതയിൽ തന്നെ ശേഷിക്കുന്നു. ടെർഷ്യറി കാലഘട്ടത്തിൽ ആർട്ടിക്കിലെ രണ്ടു മേഖലകള്‍ ആഗ്നേയപ്രക്രിയയ്‌ക്കു വിധേയമായി: കംചാത്‌ക, അലൂഷ്യന്‍ ദ്വീപുകള്‍, അലാസ്‌ക എന്നിവിടങ്ങള്‍ ഉള്‍പ്പെട്ട പസഫിക് മേഖലയും ഐസ്‌ലന്‍ഡ്, ജാന്‍മായന്‍, ഗ്രീന്‍ലന്‍ഡിന്റെ കിഴക്കന്‍തീരം എന്നിവിടങ്ങള്‍ ഉള്‍പ്പെട്ട അത്‌ലാന്തിക് മേഖലയും. ഈ കാലഘട്ടത്തെ അപേക്ഷിച്ച് തെക്കോട്ട്, കുറഞ്ഞത് 1,600 കി.മീ. ദൂരമെങ്കിലും ആർട്ടിക മേഖല വ്യാപിച്ചിട്ടുള്ളതിന് ജൈവാംശപരമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. പ്ലീസ്റ്റോസീന്‍ കാലഘട്ടത്തിലെ ഹിമനദീയനം ഇതിനു സഹായകമായിട്ടുണ്ടാകണം.
ആർട്ടിക് മേഖലയിലെ ഇന്നത്തെ ഭൂപ്രകൃതി രൂപപ്പെടുത്തുന്നതിൽ പ്ലീസ്റ്റോസീന്‍ ഹിമാനികള്‍ ഗണ്യമായ പങ്കുവഹിച്ചിട്ടുണ്ട്. എന്നാൽ ഭൂവിജ്ഞാനപരമായ സംരചനയ്‌ക്ക് അനുഗുണമായ മാറ്റങ്ങള്‍ വരുത്തുവാന്‍ മാത്രമേ അവയ്‌ക്കു കഴിഞ്ഞിട്ടുള്ളു. കുന്നുകളും പീഠപ്രദേശങ്ങളും താഴ്‌വരകളും തടാകങ്ങളുമൊക്കെയായി സങ്കീർണവും നിമ്‌നോന്നതവുമായ ഭൂപ്രകൃതിയാണ് ആർട്ടിക് മേഖലയിൽ ഇപ്പോഴുള്ളത്.
കാലാവസ്ഥ. ശീതകാലത്തെ ശരാശരി താപനില 0മ്പഇ ആയിരിക്കും. സൈബീരിയയുടെ വടക്കുകിഴക്ക് അരികിലാണ് കൂടുതൽ ശൈത്യം അനുഭവപ്പെടുന്നത്. ലോകത്തിൽ ഏറ്റവും താഴ്‌ന്ന താപനില (-69ºC) രേഖപ്പെടുത്തപ്പെട്ടിട്ടുള്ള വെർഖൊയാന്‍സ്‌ക് ഈ ഭാഗത്താണ്. അത്‌ലാന്തിക്-പസഫിക് തീരങ്ങളിലുള്ള പ്രദേശങ്ങളിൽ ശൈത്യകാലം ശക്തികുറഞ്ഞതാണ്. ശീതകാലത്തെ മധ്യതാപനില സൈബീരിയന്‍ പ്രദേശത്ത് -40മ്പഇ ആയിരിക്കുമ്പോള്‍ ഈ ഭാഗങ്ങളിലേത് 30മ്പഇ ആണ്. എന്നാൽ ഈ സമുദ്രതീരഭാഗങ്ങളിൽ ഗ്രീഷ്‌മകാല (Summer) താപനില താരതമ്യേന കുറഞ്ഞു കാണുന്നു. ജൂലായിലെ മാധ്യതാപനില സമുദ്രതീരപ്രദേശങ്ങളിൽ 7മ്പഇ-ഉം സൈബീരിയയിൽ 15മ്പഇ-ഉം ആണ്. സൈബീരിയ, അലാസ്‌ക, കാനഡ എന്നിവിടങ്ങളിലെ ഉള്‍പ്രദേശങ്ങളിലാണ് ഗ്രീഷ്‌മകാലത്ത് ഏറ്റവും കൂടുതൽ ചൂടുള്ളത്. ജൂലായിൽ ഇത് 15മ്പഇ ആയിരിക്കും. ചില സമയങ്ങളിൽ 32മ്പഇ-ഉം അതിലധികവും താപനില രേഖപ്പെടുത്തിയിട്ടുണ്ട്. ആർട്ടിക്കിലെ ശീതക്കാറ്റുകളെ പ്രഭവമനുസരിച്ചു രണ്ടായി തരംതിരിക്കാം. കിഴക്കെ സൈബീരിയ മുതൽ അലാസ്‌കാ ഉള്‍ക്കടൽ വരെയുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന "അലൂഷ്യന്‍ നിമ്‌ന'വും മധ്യകാനഡയും ആർട്ടിക് സമുദ്രത്തിന്റെ പകുതിയും ഉത്തര അത്‌ലാന്തിക്ക് സമുദ്രത്തിന്റെയും ഉത്തര യൂറോപ്പിന്റെയും ഭാഗവും ഉള്‍ക്കൊള്ളുന്ന "ഐസ്‌ലന്‍ഡ് നിമ്‌ന'വും ആണ് പ്രഭവമേഖലകള്‍. ഈ പ്രദേശത്തു തുടങ്ങുന്ന ശീതക്കാറ്റുകള്‍ വടക്കുപടിഞ്ഞാറ്-തെക്കുകിഴക്കു ദിശയിൽ സഞ്ചരിക്കുന്നു. കാനഡ, യു.എസ്. പ്രദേശങ്ങളിലെത്തുന്ന ശീതക്കാറ്റുകളെക്കുറിച്ച് അലാസ്‌കയിലെ വാനനിരീക്ഷണകേന്ദ്രങ്ങള്‍ മുന്നറിയിപ്പു നല്‌കാറുണ്ട്. മിക്ക ആർട്ടിക് പ്രദേശങ്ങളിലും ശരാശരി വർഷപാതം 15 മുതൽ 25 വരെ സെ.മീ. ആണ്. ഇതിനെ വർഷപാതം എന്നു പറയുന്നതിനേക്കാള്‍ ഹിമപാതം എന്നു പറയുന്നതായിരിക്കും കൂടുതൽ ശരി. കാര്യമായി മഴയില്ലെങ്കിലും ആർട്ടിക് മേഖലകള്‍ പൊതുവേ ചതുപ്പുപ്രദേശങ്ങളായിട്ടാണ് കാണുന്നത്. പ്രകൃതിവിഭവങ്ങള്‍. ഗുഹാമനുഷ്യരുടെ കാലം മുതൽക്കേ ഭക്ഷ്യവിഭവങ്ങളുടെ ഉറവിടമായിരുന്നു ആർട്ടിക് മേഖല. ആർട്ടിക് മേഖലയുടെ തീരപ്രദേശങ്ങള്‍ പൊതുവെയും ഗ്രീന്‍ലന്‍ഡ്, ഐസ്‌ലന്‍ഡ് പ്രദേശങ്ങള്‍ വിശേഷിച്ചും മത്സ്യബന്ധനത്തിനു പ്രശസ്‌തിയാർജിച്ചിട്ടുണ്ട്. പരിഷ്‌കൃതജനതയെ കൂടുതലും ഈ മേഖലയിലേക്കാകർഷിച്ചത് ഇവിടത്തെ സമൃദ്ധമായ ധാതുനിക്ഷേപങ്ങളാണ്. അലാസ്‌ക, കാനഡ, ഗ്രീന്‍ലന്‍ഡ്, സൈബീരിയ എന്നിവിടങ്ങളിൽ കല്‌ക്കരിനിക്ഷേപങ്ങളുണ്ട്. സ്വാന്‍ബാർഡ് പ്രദേശത്ത് റഷ്യയും നോർവേയും കല്‌ക്കരിഖനനം നടത്തിവരുന്നു.
ധാതുക്കള്‍. ഉത്തരകാനഡയും റഷ്യയുമുള്‍പ്പെട്ട ആർട്ടിക് മേഖല ഇരുമ്പ്, കാരീയം, നിക്കൽ, പെട്രാളിയം എന്നിവകൊണ്ടു സമ്പന്നമാണ്. അലാസ്‌കയിൽനിന്നു പെട്രാളിയം ലഭിക്കുന്നുണ്ട്. അലാസ്‌ക, കാനഡ, റഷ്യ എന്നീ രാഷ്‌ട്രങ്ങളുടെ ആർട്ടിക് പ്രദേശഖനികളിൽ നിന്ന് ധാരാളം സ്വർണവും ചെമ്പും ലഭിക്കുന്നു. ആർട്ടിക് റഷ്യയിൽ ടിന്‍ഖനികളുമുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ ക്രയോലൈറ്റ് ഗ്രീന്‍ലന്‍ഡിലെ ഖനികളിൽനിന്നു ലഭിക്കുന്നു.
സസ്യജാലം. വൈവിധ്യമേറിയ സസ്യശേഖരം ആർട്ടിക് മേഖലയുടെ ഒരു പ്രത്യേകതയാണ്. പായൽവർഗങ്ങള്‍, പന്നച്ചെടികള്‍, പുഷ്‌പസമൃദ്ധമായ ചെറുചെടികള്‍ എന്നിവ ഇവിടെ സമൃദ്ധമായി വളരുന്നു. ആർട്ടിക് മേഖലയ്‌ക്കു തെക്കുള്ള തൈഗാവനങ്ങളിൽ സ്‌പ്രൂസ്, ലർച്, ഫിർ, പൈന്‍ എന്നീ സൂചികാഗ്രവൃക്ഷങ്ങള്‍ ഇടതിങ്ങി വളരുന്നു. പക്ഷേ, തുന്ദ്രാ അതിർത്തിയാകുമ്പോഴേക്ക് ക്രമേണ വൃക്ഷങ്ങള്‍ കുറഞ്ഞു കുറഞ്ഞ് കുറ്റിച്ചെടികള്‍ മാത്രമായിത്തീരുന്നു. നോ: ആർട്ടിക് സസ്യങ്ങള്‍ ജന്തുജാലം. റെയ്‌ന്‍ഡിയർ, മൂസ്, എൽക് എന്നിവയാണ് ആർട്ടിക്കിലെ പ്രധാന വളർത്തുമൃഗങ്ങള്‍. രോമം ഉത്‌പാദിപ്പിക്കുന്ന ബീവർ, ഫിഷർ, മാർട്ടിന്‍മിൽക്, മസ്‌ക്‌റാറ്റ്, ഓട്ടർ, വീസൽ, വൂള്‍വറിന്‍ എന്നീ മൃഗങ്ങളും ധാരാളമുണ്ട്. കരടി, ചെന്നായ്, ലിന്‍ക്‌സ്, മുയൽ വർഗങ്ങള്‍ തുടങ്ങിയ വന്യമൃഗങ്ങളും ഗ്രൗസ്, മരംകൊത്തി, ഗ്രാസ്‌ബീക് തുടങ്ങിയ പക്ഷികളും ഇവിടെ സാധാരണമാണ്. വസന്താരംഭത്തോടെ തെക്കുനിന്ന് ആർട്ടിക്കിലേക്കു വന്നെത്തുന്ന പക്ഷികള്‍ ശൈത്യകാലമാകുമ്പോള്‍ മടങ്ങിപ്പോകുന്നു. അതുപോലെ ആർട്ടിക് പ്രദേശത്തുള്ള പക്ഷികള്‍ ശൈത്യകാലത്ത് തൈഗാവനങ്ങളിൽ ചേക്കേറുകയും വസന്തകാലത്ത് തിരിച്ചു പോരുകയും ചെയ്യുന്നു. ആർട്ടിക് ജലാശയങ്ങളിൽ വിപുലമായ മത്സ്യശേഖരമുണ്ട്. നോ: ആർട്ടിക് ജന്തുക്കള്‍
ജനവിതരണം. ആർട്ടിക് മേഖലയിൽ ജനസാന്ദ്രത നന്നേ കുറവാണ്. അപൂർവമായി, അനുകൂലസാഹചര്യങ്ങളുള്ള പ്രദേശങ്ങളിൽ കാണപ്പെടുന്ന ജനങ്ങള്‍ പരിതസ്ഥിതികളുമായി പൊരുത്തപ്പെട്ട ഉപജീവനമാർഗങ്ങള്‍ സ്വീകരിച്ചു കാണുന്നു. ഇക്കൂട്ടരുടെ പ്രധാന ഭക്ഷ്യപദാർഥങ്ങള്‍ മത്സ്യവും മാംസവുമാണ്. രോമനിബിഡമായ മൃഗചർമങ്ങള്‍ വസ്‌ത്രങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നു. സമുദ്രതീരങ്ങളിൽ വസിക്കുന്നവർ മത്സ്യബന്ധനം നടത്തിയും നീർനായ്, തിമിംഗലം എന്നിവയെ വേട്ടയാടിയും ഉപജീവനം നടത്തുന്നു. ഉള്‍പ്രദേശങ്ങളിൽ വസിക്കുന്നവർ റെയ്‌ന്‍ഡിയർ മൃഗങ്ങളെ വളർത്തിയും കരിബുവർഗത്തെ വേട്ടയാടിയും ജീവിക്കുന്നു.
വടക്കേ അമേരിക്കയിലെ ആർട്ടിക് നിവാസികള്‍ എസ്‌കിമോകള്‍ എന്നപേരിൽ അറിയപ്പെടുന്നു. ഇവർ ഇഗ്ലൂ എന്നു വിളിക്കുന്ന ഹിമനിർമിത ഭവനങ്ങളിലാണു പാർക്കുന്നത്. ജലസഞ്ചാരത്തിന് "കയാത്ത്' എന്നറിയപ്പെടുന്ന പ്രത്യേകയിനം വഞ്ചി ഉപയോഗിച്ചുവരുന്നു. പരിഷ്‌കൃത ജനതയുമായുള്ള സമ്പർക്കത്തിലൂടെ മക്കന്‍സി തടത്തിലും അലാസ്‌കയിലുമുള്ള എസ്‌കിമോകളുടെ ജീവിതരീതിയിൽ വ്യത്യാസമുണ്ടായിട്ടുണ്ട് (നോ: എസ്‌കിമോ). യൂറേഷ്യയിലെ ആർട്ടിക് നിവാസികള്‍ "ലാപ്' വർഗക്കാരാണ്. സോവിയറ്റ് യൂണിയന്‍ ആർട്ടിക് തീരത്ത് തുറമുഖങ്ങളും ഗതാഗതസൗകര്യങ്ങളും വികസിപ്പിച്ചിരിക്കുന്നു. റെയ്‌ന്‍ഡിയർ വളർത്തൽ ഇവിടത്തെ ഒരു മുഖ്യ തൊഴിലാണ്. ധാതുക്കള്‍, രോമം എന്നിവയുടെ വിപണനം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. നോ: ആർട്ടിക് ജന്തുക്കള്‍; ആർട്ടിക് സസ്യങ്ങള്‍; ഉത്തരധ്രുവം; എസ്‌കിമോ