This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആഭിചാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: ==ആഭിചാരം== ശത്രുസംഹാരത്തിനും സ്‌ത്രീ വശീകരണത്തിനുംവേണ്ടി ചെ...)
അടുത്ത വ്യത്യാസം →

11:30, 23 ഫെബ്രുവരി 2014-നു നിലവിലുണ്ടായിരുന്ന രൂപം

ആഭിചാരം

ശത്രുസംഹാരത്തിനും സ്‌ത്രീ വശീകരണത്തിനുംവേണ്ടി ചെയ്യുന്ന ഹോമം, ജപം, ദുർമന്ത്രവാദം തുടങ്ങിയ ക്ഷുദ്രപ്രയോഗങ്ങള്‍ക്ക്‌ പറഞ്ഞുവരുന്ന പേര്‌. ആഭിചാരം ഹിംസാകർമമെന്നാണ്‌ അമരകോശനിർവചനം : "ഹിംസാകർമാഭിചാരഃസ്യാദ്‌'. ചരിത്രം. വളരെ പുരാതനകാലം മുതൽ മിക്കവാറും എല്ലാ രാജ്യങ്ങളിലും മരുന്നുകൊണ്ടും മന്ത്രംകൊണ്ടും ശത്രുക്കളെ നശിപ്പിക്കുക, രോഗം ശമിപ്പിക്കുക, സ്‌ത്രീകളെ വശീകരിക്കുക തുടങ്ങിയ ക്രിയകളടങ്ങുന്ന ആഭിചാരപ്രയോഗങ്ങള്‍ നിലവിലുണ്ടായിരുന്നു. പലയിടങ്ങളിലും ഇപ്പോഴും ഇങ്ങനെയുള്ള കർമങ്ങള്‍ നിലനില്‌ക്കുന്നുണ്ട്‌.

ആഭിചാരം ഒരുകാലത്തും അന്ധമായി വിശ്വസിക്കപ്പെടേണ്ട ഒരു തത്ത്വസംഹിതയായിരുന്നില്ല എന്ന്‌ ജയിംസ്‌ ഫ്രസർ മാന്ത്രികകല (ങമഴശര അൃ) േഎന്ന ഗ്രന്ഥത്തിൽ പ്രസ്‌താവിക്കുന്നു. പ്രായോഗികതയിൽ രൂപംകൊള്ളുകയും പ്രയോഗത്തിൽകൂടി നൂറ്റാണ്ടുകളോളം നിലനില്‌ക്കുകയും ചെയ്‌ത വിദ്യയാണിത്‌. ഇതിനു മതങ്ങള്‍ക്കുള്ളതിലേറെ പ്രായോഗികമായ അടിസ്ഥാനം ഉണ്ടായിരുന്നു. ആഭിചാരം മതത്തിന്റെ ചട്ടക്കൂട്ടിൽ വളർന്നതാണെന്നും അതല്ല മതങ്ങളെല്ലാം ആഭിചാരങ്ങളുടെ പശ്ചാത്തലത്തിലാണ്‌ രൂപംപ്രാപിച്ചതെന്നും അഭിപ്രായങ്ങളുണ്ട്‌. ഏതായാലും മതങ്ങളിൽ അനുഷ്‌ഠാനങ്ങളേക്കാള്‍ വിശ്വാസത്തിനാണ്‌ കൂടുതൽ പ്രാധാന്യമെങ്കിൽ ആഭിചാരങ്ങളിൽ മറിച്ചാണ്‌ സ്ഥിതി. ഇപ്പോഴും പല സ്ഥലത്തും കാണുന്ന മന്ത്രവാദങ്ങളിൽ നൂറ്റാണ്ടുകളോളം പഴക്കമുള്ള അനുഷ്‌ഠാനങ്ങള്‍ കാണാം. പലപ്പോഴും ആഭിചാരകർമങ്ങള്‍ ചില കുടുംബങ്ങളുടെയോ വർഗങ്ങളുടെയോ കുലത്തൊഴിലായിരുന്നു. ഇത്തരം കർമങ്ങള്‍ കുലവൃത്തിയായി സൂക്ഷിച്ചിരുന്നവർക്കു പ്രാചീനഭാരതത്തിലെന്നപോലെ മറ്റെല്ലായിടത്തും സവിശേഷമായ അംഗീകാരം ലഭിച്ചിരുന്നു. മഴപെയ്യിക്കുന്നതിനും യുദ്ധത്തിൽ ജയിക്കുന്നതിനും പ്രകൃതി ക്ഷോഭങ്ങളെ നേരിടുന്നതിനും കാമപൂർത്തിക്കും എല്ലാം പുരാതന മനുഷ്യന്‍ മന്ത്രവാദിയെ ആശ്രയിച്ചിരുന്നു. തന്മൂലം അന്നത്തെ സാമൂഹികവ്യവസ്ഥിതിയിൽ മന്ത്രവാദിക്ക്‌ വലിയ സ്ഥാനവും ശ്രഷ്‌ഠതയുമുണ്ടായിരുന്നു.

ഐതിഹ്യങ്ങള്‍. ആഭിചാരങ്ങള്‍ക്കെല്ലാം അവയോടു ബന്ധപ്പെട്ട പുരാണകഥകളോ വീരചരിതങ്ങളോ ഉണ്ട്‌; മന്ത്രവാദങ്ങളിലുള്ള വിശ്വാസം നശിക്കാതിരിക്കാന്‍ ഇമ്മാതിരി കഥകള്‍ വളരെ സഹായിച്ചിട്ടുമുണ്ട്‌. വേദത്തിലെ ഇന്ദ്രന്‍ മായാവിയും ഐന്ദ്രജാലികനുമാണ്‌; പുരാണങ്ങളിലെ ശംബരനും നമുചിയും മായകൊണ്ട്‌ അദ്‌ഭുതങ്ങള്‍ സൃഷ്‌ടിച്ചവരാണ്‌. മഹാഭാരതത്തിൽ മന്ത്രശക്തികൊണ്ട്‌ അടരാടുന്ന ധാരാളം സേനാനികളെ കാണാം. മനുഷ്യശക്തിക്കതീതമായ പ്രകൃതിയെ മന്ത്രങ്ങള്‍കൊണ്ട്‌ സ്വാധീനിക്കാമെന്ന വിശ്വാസം പുരാണേതിഹാസങ്ങളിൽ മാത്രമല്ല, പിന്നീടുണ്ടായ സാഹിത്യസൃഷ്‌ടികളിൽപോലും ഉടനീളം പ്രകടമാണ്‌. ഈജിപ്‌തിലും ചൈനയിലും. പുരാതന ഈജിപ്‌തിലും ബാബിലോണിയയിലും ചൈനയിലുമെല്ലാം ആഭിചാരക്രിയ പ്രയോഗത്തിലുണ്ടായിരുന്നു; അവയിൽ ചിലതെല്ലാം വളരെ പ്രാകൃതവുമായിരുന്നു. മാജിക്‌ (Magic) എന്ന വാക്കിന്റെ ഉത്‌പത്തിതന്നെ ബാബിലോണിയയിൽനിന്നുമാണ്‌. ബുദ്ധിമാന്‍മാർ എന്നർഥം വരുന്ന "മാജി' എന്ന പേർഷ്യന്‍വാക്കിൽനിന്നുമാണ്‌ "മാജിക്‌' ഉണ്ടായത്‌. മാജികള്‍ ബാബിലോണിയയിലെ പുരോഹിതന്മാരായിരുന്നു; എന്നാൽ പേർഷ്യന്‍ രാജാക്കന്മാരുടെ കീഴിൽ മാജികള്‍ പുരോഹിതന്മാർ മാത്രമായിരുന്നില്ല; പക്ഷിശാസ്‌ത്രവും ജ്യോതിഷവും അവർ അഭ്യസിച്ചിരുന്നു. ചൈനയിലായിരിക്കണം ഒരു പക്ഷേ ഏറ്റവും ആദ്യം ആഭിചാരവിദ്യ നിലവിൽവന്നത്‌. ബി.സി. 3000-ത്തോടടുപ്പിച്ചുള്ള കാലഘട്ടത്തിൽപ്പോലും ഈ വിദ്യ അവിടെ പ്രചരിച്ചിരുന്നെന്ന്‌ ഗവേഷകന്മാർ അഭിപ്രായപ്പെടുന്നു. കണ്‍ഫ്യൂഷ്യന്‍മതത്തിന്റെ പ്രമാണഗ്രന്ഥങ്ങളിലൊന്നായ ദി ബുക്ക്‌ ഒഫ്‌ ചെയിഞ്ചിൽ (ഠവല ആീീസ ീള ഇവമിഴല) ഭാവികാര്യങ്ങള്‍ ഗണിക്കാനുള്ള നിരവധി ഉപായങ്ങളെപ്പറ്റിയും ചില മന്ത്രവാദികളെപ്പറ്റിയും സൂചനകളുണ്ട്‌. വളരെ നിഗൂഢമായ പല ആഭിചാരങ്ങളും പുരാതന ഈജിപ്‌തുകാർക്ക്‌ അറിയാമായിരുന്നെന്ന്‌ വാലിസ്‌ ബഡ്‌ജ്‌ തന്റെ ഈജിപ്‌ഷ്യന്‍ മാജിക്‌ (ഋഴ്യുശേമി ങമഴശര) എന്ന ഗ്രന്ഥത്തിൽ പറയുന്നു. അവ കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകള്‍ക്കു മുമ്പുവരെയും അവിടെ പ്രചാരത്തിലിരുന്നതായും രേഖകളുണ്ട്‌. ശവസംസ്‌കാര കർമങ്ങളുമായാണ്‌ ഇവയ്‌ക്കു കൂടുതൽ ബന്ധം. മൃതശരീരം കേടുകൂടാതെ സൂക്ഷിക്കുന്നതിൽ ഈജിപ്‌തുകാർക്കുള്ള സാമർഥ്യം ഒന്നു പ്രത്യേകം തന്നെയായിരുന്നു. ഇതിലേക്ക്‌ മരുന്നുകള്‍ മാത്രമല്ല ചില മന്ത്രങ്ങളുമുണ്ടായിരുന്നു എന്നാണു വിശ്വാസം. മുറിവുകള്‍ കെട്ടുമ്പോള്‍ ചില മന്ത്രങ്ങള്‍ ഉച്ചരിക്കുന്നതും, മൃതദേഹം സംസ്‌കരിക്കുന്നതിനുമുമ്പ്‌ കുടലുകള്‍ നീക്കം ചെയ്യുമ്പോള്‍ "മാന്ത്രികക്കച്ചുകള്‍' നിക്ഷേപിക്കുന്നതും എല്ലാം ഇതിനുദാഹരണങ്ങളാണ്‌. ഇപ്രകാരമുള്ള മന്ത്രവാദങ്ങളെ ഈജിപ്‌തുകാർ "ഹൈക്‌സ്‌' (ഒശസല) െഎന്നാണ്‌ പറഞ്ഞിരുന്നത്‌. ഈജിപ്‌തിലെ പിരമിഡുകളിൽ കാണുന്ന ലിഖിതങ്ങള്‍ അപൂർവമായ ഔഷധസംജ്ഞകളുടെയും ദിവ്യമായ മന്ത്രങ്ങളുടെയും ഒരു സമാഹാരമാണെന്ന്‌ വിശേഷജ്ഞാനം നേടിയവർ അഭിപ്രായപ്പെടുന്നു. പുരാതനസംസ്‌കാരത്തിന്റെ വിളനിലമായ ഗ്രീസും ആഭിചാരപ്രയോഗത്തിലുള്ള വിശ്വാസത്തിൽനിന്നും വിമുക്തമല്ലായിരുന്നു. ഗ്രീക്കുചിന്തകന്മാരുടെ ഗ്രന്ഥങ്ങളിൽ ഇതിനെപ്പറ്റി വ്യക്തമായ സൂചനകളുണ്ട്‌. വൈദ്യന്മാർക്കും പ്രവാചകന്മാർക്കും മാത്രമേ ഔഷധങ്ങളുടെയും ആഭിചാരങ്ങളുടെയും സ്വരൂപം മനസ്സിലാക്കാന്‍ സാധിക്കൂ എന്നാണ്‌ പ്ലശ്ശേറ്റോ തിമായൂസിൽ (ഠശാമലൗ) പെറയുന്നത്‌. അദ്ദേഹം ഇമ്മാതിരിയുള്ള പ്രയോഗങ്ങളെ അപലപിക്കുകയും അവ നിരോധിക്കണമെന്ന്‌ ശക്തിയായി വാദിക്കുകയും ചെയ്‌തിട്ടുണ്ട്‌.

ഭാരതത്തിൽ. ഭാരതത്തിലെ ആഭിചാരങ്ങളെപ്പറ്റിയുള്ള അറിവ്‌ ലഭിക്കുന്നത്‌ അഥർവവേദത്തിൽ നിന്നുമാണ്‌. ഈ വേദത്തിലെ മന്ത്രങ്ങളിലധികവും ആഭിചാരങ്ങളെപ്പറ്റിയും വശ്യങ്ങളേപ്പറ്റിയും പ്രതിപാദിക്കുന്നവയാണ്‌. മറ്റു രാജ്യങ്ങളിലൊന്നും ഇതിനുതുല്യമായ ഒരു ഗ്രന്ഥം നിലവിലില്ല. അഥർവവേദത്തിലെ ആഭിചാര പ്രയോഗങ്ങളെ പൊതുവേ മൂന്നായി തിരിക്കാം. ഒന്നാമത്തേത്‌ രോഗങ്ങളേയും രോഗഹേതുക്കളെന്നു വിശ്വസിക്കപ്പെടുന്ന ചില പിശാചുക്കളേയും നശിപ്പിക്കുവാനുള്ളതാണ്‌; രണ്ടാമത്തേത്‌ സ്‌ത്രീപുരുഷന്മാർക്ക്‌ അന്യോന്യം വശീകരിക്കുന്നതിനും അന്യകാമുകരെ നശിപ്പിക്കുന്നതിനും മറ്റുമുള്ള മന്ത്രങ്ങളാണ്‌; ശുദ്ധമായ ആഭിചാരങ്ങളാണ്‌ മൂന്നാമത്തേത്‌. ഇതിൽ പീഡനം, മാരണം, മോഹനം, സ്‌തംഭനം മുതലായ പ്രയോഗങ്ങളടങ്ങിയിരിക്കുന്നു.

മൂന്നു ഘടകങ്ങള്‍. ലോകത്തിൽ ഇന്ന്‌ നിലവിലുള്ള എല്ലാ ആഭിചാരങ്ങള്‍ക്കും ഉച്ചരിക്കപ്പെടുന്ന മന്ത്രങ്ങള്‍, ബാഹ്യമായ കർമങ്ങള്‍, കർമിയുടെ ശക്തി എന്നിങ്ങനെ മൂന്നു ഘടകങ്ങളുള്ളതായി ഈ വിഷയത്തിൽ ഗവേഷണം നടത്തിയിട്ടുള്ള മലിനോവ്‌സ്‌കി പറയുന്നു. ഒരു കർമം ഫലിക്കാന്‍ ഈ മൂന്നു ഘടകങ്ങളും പൂർണമായിരിക്കണം. മന്ത്രങ്ങള്‍ ശ്ലോകരൂപത്തിലുള്ളവയാണ്‌, ചിലപ്പോള്‍ ഒറ്റവാക്കിലൊതുങ്ങി നില്‌ക്കുന്നവയുമുണ്ട്‌; ചില പദങ്ങള്‍ പല പ്രാവശ്യം ആവർത്തിച്ചു പറയുന്ന രീതിയും; കർമത്തിന്റെ ഫലം പലവുരു എടുത്തുപറയുന്ന സ്വഭാവവും മിക്ക മന്ത്രങ്ങള്‍ക്കുമുണ്ട്‌. മന്ത്രങ്ങളെല്ലാം ദിവ്യമാണെന്നാണ്‌ സങ്കല്‌പം. കർമത്തിൽ മന്ത്രത്തിന്‌ വളരെ പ്രാധാന്യമുള്ളതിനാൽ അതിന്റെ ഉച്ചാരണശുദ്ധിയെപ്പറ്റി പ്രത്യേകം നിഷ്‌കർഷവേണം. പോളിനേഷ്യക്കാർ മന്ത്രത്തിന്റെ തെറ്റായ ഉച്ചാരണം മരണഹേതുകമാണെന്നു വിശ്വസിച്ചിരുന്നു.

മന്ത്രങ്ങളിൽ പറഞ്ഞിട്ടുള്ള ഉദ്ദേശ്യം ഫലത്തിൽ വരുത്തുന്ന ബാഹ്യമായ ചില ക്രിയകളാണ്‌ ആഭിചാരത്തിന്റെ മറ്റൊരു ഭാഗം. ഹസ്‌തമുദ്രകള്‍, ജലപ്രക്ഷാളനം മുതലായവയെല്ലാം പല ആഭിചാരക്രിയകളിലും സാധാരണമാണ്‌. കർമങ്ങളിൽ പ്രതിമകള്‍, മന്ത്രങ്ങള്‍, രക്ഷാകവചങ്ങള്‍ എന്നിവ ധാരാളം ഉപയോഗിക്കപ്പെടുന്നു. പ്രതിമകള്‍ വളരെ പ്രധാനമാണ്‌. പ്രതിമയെ കുത്തുകയും വെട്ടുകയും ചെയ്‌തു ശത്രുവിനെ കൊല്ലുന്നതും, പ്രതിമയിൽ രോഗമാവാഹിച്ചു കുഴിച്ചിടുന്നതുമെല്ലാം ഇപ്പോഴും ചില പ്രദേശങ്ങളിൽ നടപ്പുണ്ട്‌. മന്ത്രംപോലെ പ്രാധാന്യമുള്ളതാണ്‌ മാന്ത്രികന്റെ ശക്തിയും. ശ്രദ്ധയോടെ ചെയ്‌താലേ ആഭിചാരങ്ങള്‍ ഫലിക്കൂ എന്നാണ്‌ വിശ്വാസം. ഒരു പ്രത്യേക ജീവിതചര്യതന്നെ കർമിക്ക്‌ വിധിച്ചിരിക്കുന്നു. മന്ത്രവാദത്തിൽ പലപ്പോഴും ഉണ്ടാകുന്ന പരാജയം മാന്ത്രികന്റെ ശക്തിക്കുറവായി കരുതപ്പെട്ടുവരുന്നു.

അഥർവവേദം. അഥർവവേദത്തിൽ ആഭിചാരങ്ങള്‍ക്കുള്ള മന്ത്രങ്ങള്‍ മാത്രമേയുള്ളൂ; അവ എങ്ങനെ പ്രയോഗിക്കണമെന്ന അനുശാസനം അടങ്ങിയിരിക്കുന്നത്‌ കൗശികസൂത്രത്തിലും അഥർവപരിശിഷ്‌ടത്തിലുമുള്ള വിവരണങ്ങളിലാണ്‌. അഥർവവേദത്തിനുശേഷം വൈദിക കർമങ്ങളിൽ പലതിലും ഈ ആഭിചാരപ്രയോഗങ്ങള്‍ കടന്നുകൂടിയിട്ടുണ്ട്‌; പക്ഷേ, അഥർവവേദത്തിലെ കർമങ്ങള്‍ക്ക്‌ മറ്റുരാജ്യങ്ങളിലെ കർമങ്ങളിൽനിന്നും ചില വ്യത്യാസങ്ങളുണ്ട്‌. കർമമനുഷ്‌ഠിക്കേണ്ട സ്ഥലത്തെയും കാലത്തെയുംകുറിച്ചുള്ള ചില വിധികള്‍ അഥർവവേദത്തിന്റെ പ്രത്യേകതയാണ്‌. പലകർമങ്ങളും രാത്രിയിലനുഷ്‌ഠിക്കേണ്ടവയാണ്‌. അതുപോലെ നാല്‌കവലകള്‍, ശ്‌മശാനങ്ങള്‍ മുതലായ സ്ഥലങ്ങള്‍ മന്ത്രവാദങ്ങള്‍ക്ക്‌ പ്രത്യേകമായി നിർദേശിക്കപ്പെട്ടിരിക്കുന്നു. ഭാരതത്തിലെ ആഭിചാരങ്ങള്‍ക്കുള്ള മറ്റൊരു പ്രത്യേകത മനുഷ്യന്റെ കഷ്‌ടതകളും രോഗങ്ങളും പിശാചുക്കളുടെ സൃഷ്‌ടിയാണെന്ന വിശ്വാസമാണ്‌. ഇറാനിലും ഇതുപോലെയുള്ള വിശ്വാസമുണ്ടായിരുന്നു. എന്നാൽ ഈജിപ്‌തുകാർ ഒരിക്കലും രോഗഹേതു പിശാചുക്കളാണെന്നു വിശ്വസിച്ചിരുന്നില്ല. അഥർവവേദത്തിലെ മന്ത്രങ്ങള്‍ ഏതെങ്കിലും അമാനുഷശക്തിയെ അഭിസംബോധന ചെയ്‌തുകൊണ്ടുള്ളവയോ രോഗത്തെതന്നെ ദേവനായി സങ്കല്‌പിച്ചുള്ളവയോ ആണ്‌. പലപ്പോഴും പനിയെ ദേവനായി സങ്കല്‌പിച്ചുള്ള സ്‌തുതികള്‍ കാണാം. തലയിൽകൂടി ജലം വീഴ്‌ത്തി പാപംകഴുകിക്കളയുന്ന സമ്പ്രദായം ഏറെക്കുറെ എല്ലായിടത്തുമുണ്ടായിരുന്നു. ഗോമൂത്രം കൊണ്ട്‌ ശിശുവിനെ ദുർദേവതകളിൽനിന്ന്‌ രക്ഷിക്കുന്നതും മഞ്ഞപ്പിത്തം മഞ്ഞനിറമുള്ള പക്ഷികളിലേക്കാവാഹിച്ചുമാറ്റുന്നതും സ്‌ത്രീകളുടെ കാല്‌പാടുപയോഗിച്ച്‌ അവരെ വശീകരിക്കുന്നതുമെല്ലാം ഒരുവേള അഥർവവേദത്തിൽമാത്രം കാണാവുന്ന ചില ആഭിചാരപ്രയോഗങ്ങളാണ്‌. നോ: അഥർവവേദം

ശാസ്‌ത്രത്തിന്റെ മുന്നോടി. അന്ധവിശ്വാസങ്ങളിൽക്കൂടി വളർന്നുവന്ന ആഭിചാരങ്ങള്‍ മിക്കപ്പോഴും പരാജയപ്പെടാറുണ്ടായിരുന്നു; എന്നാലും ശാസ്‌ത്രപുരോഗതിയുടെ നേർക്കുള്ള ഒരു വെല്ലുവിളിയായി നൂറ്റാണ്ടുകളോളം ഇവ പ്രാബല്യത്തിലിരുന്നു. മന്ത്രവാദങ്ങളിലുള്ള വിശ്വാസം നശിക്കാതിരിക്കാന്‍ പ്രധാനമായി മൂന്നു കാരണങ്ങളാണ്‌ പറയാറുള്ളത്‌: 1) ആഭിചാരങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന ഔഷധങ്ങളുടെ ശക്തി. പലകർമങ്ങളിലും, വിശിഷ്യ രോഗശമനക്രിയകളിൽ, ഔഷധങ്ങള്‍കൊണ്ടാണ്‌ രോഗം ശമിക്കുന്നത്‌. അത്‌ മന്ത്രവാദത്തിന്റെ ശക്തികൊണ്ടാണെന്ന്‌ ആളുകള്‍ തെറ്റിദ്ധരിക്കുന്നു; 2) യാദൃച്ഛികമായി ചില മന്ത്രവാദങ്ങള്‍ക്കു സിദ്ധിക്കുന്ന വിജയം. ഈ വിജയം പല പരാജയങ്ങളെയും പുറന്തള്ളികൊണ്ട്‌ വിശ്വാസം ആർജിക്കുന്നു; 3) ഇവയ്‌ക്കു പിന്നിലുള്ള നിരവധി കെട്ടുകഥകള്‍. ഗതാനുഗതികന്യായേന പറയാറുള്ള ഇമ്മാതിരി കഥകള്‍ക്ക്‌ ജനങ്ങളുടെയിടയിൽ വലിയ സ്വാധീനമുണ്ട്‌. ആദിമമനുഷ്യരുടെ ആഭിചാരപ്രയോഗങ്ങളിൽ നിന്നാണ്‌ "സംസ്‌കാരം' ഉടലെടുത്തതെന്ന്‌ പല ചിന്തകന്മാരും അഭിപ്രായപ്പെടുന്നു. ഏതായാലും പ്രപഞ്ചശക്തികള്‍ക്ക്‌ ദിവ്യത്വം കല്‌പിച്ച്‌ അവയെ ആരാധിക്കുന്നതിനു മുമ്പുതന്നെ ആഭിചാരങ്ങള്‍ നിലവിൽവന്നതായി കാണാം. "മനുഷ്യ സംസ്‌കാര ചരിത്രത്തിലെ ഏറ്റവും പുരാതനമായ യാഥാർഥ്യം ആഭിചാരമന്ത്രങ്ങളാണ്‌' എന്ന്‌ സംഗീതവും മന്ത്രവാദവും (ങൗശെര മിറ ങമഴശര) എന്ന ഗ്രന്ഥത്തിൽ കംബാരിയോ പ്രസ്‌താവിച്ചിട്ടുണ്ട്‌. പ്രാകൃതമായ ഈ ആചാരനുഷ്‌ഠാനങ്ങളിലാണ്‌ പിന്നീട്‌ വളർന്നു വികസിച്ച ശാസ്‌ത്രത്തിന്റെ ആരംഭം എന്ന്‌ പല പാശ്ചാത്യഗവേഷകന്മാരും അഭിപ്രായപ്പെടുന്നു. (നീലകണ്‌ഠന്‍ ഇളയത്‌)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AD%E0%B4%BF%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍