This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആന്റിടോക്‌സിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: Antitoxin രോഗകാരികളായ അണുജീവികള്‍ ഉത്‌പാദിപ്പിക്കുന്ന വിഷവസ്‌തു...)
അടുത്ത വ്യത്യാസം →
Current revision as of 14:34, 16 ജനുവരി 2014
Antitoxin
രോഗകാരികളായ അണുജീവികള്‍ ഉത്‌പാദിപ്പിക്കുന്ന വിഷവസ്‌തുക്കളെ (toxins) ചെറുക്കുന്നതിന് ശരീരത്തിനകത്തുതന്നെ നൈസർഗികമായി ഉണ്ടാകുന്ന ആന്റിബോഡികള്‍. ആവശ്യമനുസരിച്ച് ശരീരം താത്‌കാലികമായി നിർമിക്കുന്ന ഈ പദാർഥങ്ങള്‍ സങ്കീർണരാസയൗഗികങ്ങളാണ്. ഉദാഹരണമായി ഡിഫ്‌ത്തീരിയ എന്ന കണ്‌ഠരോഗം ഉണ്ടാകുന്നത് ഒരു പ്രത്യേകതരം ബാക്‌ടീരിയകളുടെ ആക്രമണംകൊണ്ടാണ്. ഈ അണുജീവികള്‍ ശരീരത്തിനകത്തു പ്രവേശിക്കുവാന്‍ ഇടയായാൽ അനുകൂലസാഹചര്യങ്ങളിൽ അവ പെരുകുകയും അവയുടെ ജീവിതയാത്രാപ്രക്രിയയിൽ വിഷാലുവായ പദാർഥം (പദാർഥങ്ങള്‍) വിസർജിക്കുകയും അത് ആക്രമണവിധേയമായ ജന്തുവിന്റെയോ മനുഷ്യന്റെയോ രക്തത്തിൽ കലർന്ന് വ്യാപിക്കുകയും ചെയ്യും. ഈ വിഷവസ്‌തുവിനെ നേരിടുന്നതിനുപറ്റിയ പ്രതിവിഷം ഉത്‌പാദിപ്പിക്കുന്നതിന് പ്രകൃതിതന്നെ ശരീരത്തിനു ചില കഴിവുകള്‍ നല്‌കിയിട്ടുണ്ട്. അതനുസരിച്ച് ഡിഫ്‌ത്തീരിയ-ടോക്‌സിനെ ഉദാസീനമാക്കുന്നതിനു പറ്റിയ ഡിഫ്‌ത്തീരിയ-ആന്റിടോക്‌സിന്‍ ശരീരംതന്നെ ഉത്‌പാദിപ്പിക്കുകയും രോഗം തടയുകയും ചെയ്യും; എന്നാൽ ചിലപ്പോള്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന ആന്റിടോക്‌സിന്‍ ആവശ്യത്തിനനുസരിച്ച അളവിൽ ഇല്ലാതെവന്നാൽ രോഗം ഉണ്ടാകുന്നതാണ്. അപ്പോഴാണ് പുറമേ നിന്ന് ആന്റിടോക്‌സിന്‍ കുത്തിവയ്‌ക്കേണ്ടിവരുന്നത്.
ഡിഫ്‌ത്തീരിയ-ആന്റിടോക്‌സിന് ഡിഫ്‌ത്തിരിയാ-വിഷത്തെ മാത്രമേ ഉദാസീനമാക്കാന്‍ കഴിയൂ. ഓരോ ആന്റിടോക്‌സിനും ഇപ്രകാരം പ്രത്യേകനിർദിഷ്‌ടത ഉണ്ടായിരിക്കും. ടെറ്റനസ്, ഗ്യാസ്‌ഗാംഗ്‌റിന്‍, സ്‌കാർലറ്റ്‌ഫീവർ മുതലായ മറ്റനേകം രോഗങ്ങള്‍ക്കും ആന്റിടോക്‌സിനുകള്‍ ഉണ്ട്. അവ കുത്തിവച്ചാണ് അതതുരോഗങ്ങളെ ചികിത്സിക്കാറുള്ളത്. കുത്തിവയ്‌ക്കുന്നത് ആരുടെ ശരീരത്തിലാണോ ആ വ്യക്തിയുടെ ശരീരത്തിനു പരിചിതമല്ലാത്ത പ്രാട്ടീന്‍ ആന്റിടോക്‌സിനിൽ ഉണ്ടെങ്കിൽ അലർജി ഉണ്ടാകാം. പാമ്പ്, ചിലന്തി, തേള്‍ മുതലായ ജന്തുക്കള്‍ മൂലമുണ്ടാകുന്ന വിഷബാധകള്‍ക്കും ഉചിതമായ ആന്റിടോക്‌സിന്‍ ഉപയോഗിക്കാവുന്നതാണ്. കുതിരകള്‍, കുരങ്ങുകള്‍, എലികള്‍ എന്നീ ജന്തുക്കളിൽ അതതു രോഗാണുക്കള്‍ കുത്തിവെച്ച് അവയുടെ രക്തത്തിൽ അതത് ആന്റിടോക്‌സിന്‍ ഉത്‌പാദിപ്പിച്ചശേഷം ആ രക്തത്തിന്റെ സീറം ശേഖരിച്ചു യഥാവിധി ശുദ്ധീകരിച്ച് സശ്രദ്ധം സംഭരിച്ചുവയ്‌ക്കുന്നു. ആവശ്യമനുസരിച്ച് ഇവ കുത്തിവയ്‌ക്കാന്‍ ഉപയോഗിക്കുന്നു. ആന്റിടോക്‌സിന്‍ നിർമാണം, വിശേഷിച്ചും ശുദ്ധീകരണഘട്ടത്തിൽ വളരെ വൈദഗ്‌ധ്യത്തോടെ നിർവഹിക്കേണ്ട ഒന്നാണ്. മിക്ക രോഗങ്ങള്‍ക്കും കാരണം അണുജീവികള്‍ ആണെന്ന തത്ത്വം ലൂയി പാസ്‌ചർ (1885) എന്ന ശാസ്‌ത്രജ്ഞന്‍ കണ്ടുപിടിച്ചതോടെയാണ് ആന്റിടോക്‌സിനുകളുടെ ബോധപൂർവകമായ ചരിത്രം ആരംഭിക്കുന്നത്. റോബർട് കോക്ക് (1890), ഹാന്‍സെന്‍ (1874), എബർഥ് (1880), നിക്കൊലേയീർ (1894) മുതലായ പല ശാസ്‌ത്രജ്ഞന്മാരും ആന്റിടോക്‌സിന്‍ ചരിത്രത്തിന്റെ ഏടുകളിൽ സ്ഥിരപ്രതിഷ്‌ഠ നേടിയിട്ടുള്ളവരാണ്. നോ: ആന്റിജന്‍; ആന്റിബോഡി