This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാണയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ചൈന)
(റോമന്‍ നാണയങ്ങള്‍)
വരി 258: വരി 258:
ആദ്യ സ്വര്‍ണനാണയം പ്രത്യക്ഷപ്പെടുന്നത് രണ്ടാം പ്യൂണിക് യുദ്ധത്തോടനുബന്ധിച്ച് 218-201 ബി.സി.യിലാണ്. റിപ്പബ്ളിക്കിന്റെ അവസാനകാലത്ത് കറന്‍സിയുടെ യുനിറ്റ് 25 ദിനാറി മൂല്യമുള്ള സ്വര്‍ണഔറസ് ആയിരുന്നു. 12 1/2 ദിനാറി മൂല്യമുള്ള ക്വിനാറിയസ് മറ്റൊരു സ്വര്‍ണനാണയമായിരുന്നു. 16, 8 എയ്സസ് മൂല്യമുള്ള വെള്ളി ദിനാറിയസ്, ക്വിനാറിയസ് തുടങ്ങിയവ റോമില്‍ നിലവിലുണ്ടായിരുന്നു. ചെമ്പ്, ടിന്‍ സ്വാഭാവിക ലോഹസങ്കരം എന്നിവ കൊണ്ട് നിര്‍മിച്ച സെസ്സ്റ്റെര്‍ട്ടിയുസ് മറ്റൊരു നാണയമായിരുന്നു.
ആദ്യ സ്വര്‍ണനാണയം പ്രത്യക്ഷപ്പെടുന്നത് രണ്ടാം പ്യൂണിക് യുദ്ധത്തോടനുബന്ധിച്ച് 218-201 ബി.സി.യിലാണ്. റിപ്പബ്ളിക്കിന്റെ അവസാനകാലത്ത് കറന്‍സിയുടെ യുനിറ്റ് 25 ദിനാറി മൂല്യമുള്ള സ്വര്‍ണഔറസ് ആയിരുന്നു. 12 1/2 ദിനാറി മൂല്യമുള്ള ക്വിനാറിയസ് മറ്റൊരു സ്വര്‍ണനാണയമായിരുന്നു. 16, 8 എയ്സസ് മൂല്യമുള്ള വെള്ളി ദിനാറിയസ്, ക്വിനാറിയസ് തുടങ്ങിയവ റോമില്‍ നിലവിലുണ്ടായിരുന്നു. ചെമ്പ്, ടിന്‍ സ്വാഭാവിക ലോഹസങ്കരം എന്നിവ കൊണ്ട് നിര്‍മിച്ച സെസ്സ്റ്റെര്‍ട്ടിയുസ് മറ്റൊരു നാണയമായിരുന്നു.
 +
 +
[[Image:nanayam5.png]]
ജൂലിയസ് സീസര്‍ സ്വന്തം ചിത്രം തന്നെ നാണയങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു. പണമിടപാടിന്റെ പ്രത്യേക ചുമതലക്കാരെ സൂചിപ്പിക്കുന്ന ചില അടയാളങ്ങള്‍ നാണയങ്ങളിലുണ്ടായിരുന്നു. പില്ക്കാലത്ത് അത് അവരുടെ പേരുകള്‍ രേഖപ്പെടുത്തുന്നതിലും തുടര്‍ന്ന് കുടുംബചരിത്രം രേഖപ്പെടുത്തുന്നതിലും ചെന്നെത്തി. ഫോസ്റ്റുലസിന്റെ നാണയങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്.
ജൂലിയസ് സീസര്‍ സ്വന്തം ചിത്രം തന്നെ നാണയങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു. പണമിടപാടിന്റെ പ്രത്യേക ചുമതലക്കാരെ സൂചിപ്പിക്കുന്ന ചില അടയാളങ്ങള്‍ നാണയങ്ങളിലുണ്ടായിരുന്നു. പില്ക്കാലത്ത് അത് അവരുടെ പേരുകള്‍ രേഖപ്പെടുത്തുന്നതിലും തുടര്‍ന്ന് കുടുംബചരിത്രം രേഖപ്പെടുത്തുന്നതിലും ചെന്നെത്തി. ഫോസ്റ്റുലസിന്റെ നാണയങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്.

07:07, 28 മേയ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

നാണയം

ക്രയവിക്രയത്തിന് ഉപയോഗിക്കുന്ന നിശ്ചിതമൂല്യവും ഭാരവുമുള്ള മാധ്യമം. ഇന്ന് അക്ഷരങ്ങളോ ചിത്രങ്ങളോ ആലേഖനം ചെയ്തതായ ലോഹക്കഷണങ്ങളാണിവ. എളുപ്പം കൈമാറ്റം ചെയ്യാന്‍ കഴിയുന്നതും അലങ്കാരപ്പണികള്‍ ചെയ്യാന്‍ പറ്റുന്നതുമായ ശിലാ/ലോഹങ്ങളിലായിരുന്നു ആദ്യകാല നാണയങ്ങള്‍ നിര്‍മിച്ചിരുന്നത്.

ആമുഖം

18-19 നൂറ്റാണ്ടുവരെ നാണയമൂല്യം ആന്തരിക മൂല്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു. നാണയത്തിലെ ലോഹത്തിന് തുല്യമായ മൂല്യമായിരുന്നു നാണയ മൂല്യമായി കണക്കാക്കപ്പെട്ടത്. ലോഹമൂല്യം വ്യത്യാസപ്പെട്ടാല്‍ നാണയമൂല്യവും വ്യത്യാസപ്പെടുമായിരുന്നു. എന്നാല്‍ ആധുനിക നാണയങ്ങള്‍ മുഖമൂല്യം (അതില്‍ പതിക്കുന്ന മൂല്യം) ഉള്ളവയാണ്. മുഖമൂല്യത്തിന് ആന്തരിക മൂല്യവുമായി യാതൊരു ബന്ധവുമില്ല. അതായത് അഞ്ചു രൂപ നാണയത്തില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്റെ മൂല്യം അഞ്ചു രൂപയെക്കാള്‍ കുറവാണ്. മൂല്യത്തിന്റെ അളവായി സ്വയമോ അതോ പ്രതിനിധിയായോ പ്രവര്‍ത്തിക്കുന്ന കൈമാറ്റ മാധ്യമമാണ് പണം. അതുകൊണ്ട് തന്നെ സ്വര്‍ണവും വെള്ളിയുമടങ്ങുന്ന നാണയങ്ങള്‍ പണമാണ്.

Image:coin 1.png

നാണയങ്ങളുടെ ഉദ്ഭവവും വളര്‍ച്ചയും

നാടോടിയായ മനുഷ്യന്‍ സ്ഥിരവാസി ആയതോടെ അവന് മറ്റു സമാന സമൂഹങ്ങളോട് ഇടപഴകേണ്ടതായി വന്നു. തങ്ങളുടെ കൈയിലില്ലാത്തതും ആവശ്യമുള്ളതുമായ വസ്തുക്കള്‍ ശേഖരിക്കുന്ന ബാര്‍ട്ടര്‍ സമ്പ്രദായം ഇത്തരമൊരു സാമൂഹിക സാഹചര്യത്തിലാവും രൂപപ്പെട്ടു തുടങ്ങിയത്.

ഓരോ സമൂഹത്തിലും ഓരോ സാധനങ്ങളായിരുന്നു പണമായി ഉപയോഗിച്ചിരുന്നത്. തേന്‍, മദ്യം, പട്ടിയുടെ പല്ല്, കല്ലുകള്‍, മൃഗത്തോല്‍, ലോഹക്കഷണങ്ങള്‍, ജീവിയുടെ പുറന്തോടുകള്‍ തുടങ്ങി പല വസ്തുക്കളും പണമായി ഉപയോഗിച്ചിട്ടുണ്ട്.

Image:coin 2.png

ബി.സി. 3000-ത്തില്‍ ഹാരപ്പന്‍ ജനത കാര്‍ഷിക വസ്തുക്കള്‍ കൈമാറ്റ മാധ്യമമായി ഉപയോഗിച്ചിരുന്നു. കുതിര, നിഷ്ക (ഒരുതരം നെക്ലേസ്) തുടങ്ങിയവയും കൈമാറ്റ മാധ്യമങ്ങളായിരുന്നു. പ്രകൃതിജന്യമായ ലോഹങ്ങള്‍ കൈമാറ്റ മാധ്യമമായി ഉപയോഗിക്കാന്‍ തുടങ്ങിയത് നാണയവളര്‍ച്ചയ്ക്ക് അനുകൂലമായി മാറി. ഇത് കൈമാറ്റങ്ങള്‍ക്ക് സൗകര്യപ്രദവും ഈടുനില്ക്കുന്നതുമായിരുന്നു. പ്രാചീന കാലത്ത് ഭാരതത്തിന്റെ അളവ് വിത്തുകളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. 1500-800 ബി.സി.-യില്‍ ത്തന്നെ ഇന്ത്യാ ഉപഭൂഖണ്ഡത്തില്‍ നാണയസംവിധാനം വളര്‍ന്നുവന്നിട്ടുണ്ടെന്ന് കരുതപ്പെടുന്നു.

Image:coin 4.png

ഭാരം കൃത്യമായി നിജപ്പെടുത്തുക, ഏകീകൃത ആകൃതി കൊണ്ടുവരിക, ശിലാലോഹങ്ങള്‍ക്കുമേല്‍ മുദ്രകള്‍ പതിക്കുക എന്നിവ ഏറെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതും പലപ്പോഴും അസാധ്യവുമായിരുന്നു. മുദ്രണം സാധ്യമായതോടെ നാണയ നിര്‍മാണത്തില്‍ വന്‍കുതിച്ചുചാട്ടം നടക്കുകയുണ്ടായി. നാണയങ്ങളടിക്കുന്ന സംവിധാനങ്ങള്‍ വളര്‍ന്നുവന്നതാണ് മറ്റൊരു ഗണ്യമായ ചുവടുവയ്പ്. സാങ്കേതികവിദ്യയുടെ വികാസത്തോടെ യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ച് നാണയനിര്‍മാണം സാധ്യമായത് ഈ പ്രക്രിയയെ ത്വരിതപ്പെടുത്തി.

നാണയങ്ങള്‍ വിവിധ രാജ്യങ്ങളില്‍

ഇന്ത്യ

പുരാതന ഇന്ത്യ

ഗംഗാ, നര്‍മദ സമതലങ്ങളില്‍ മൗര്യ, മഗധ സാമ്രാജ്യങ്ങള്‍ നാണയങ്ങള്‍ നടപ്പിലാക്കിയിരുന്നു. ചിഹ്നങ്ങള്‍ പതിച്ച, ചതുരത്തിലും വൃത്താകൃതിയിലുമുള്ള നാണയങ്ങളായിരുന്നു അവ. പ്രാദേശികമായ പ്രത്യേകതകളും പ്രാധാന്യവുമനുസരിച്ച്, ശൈലങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍, മരങ്ങള്‍, മനുഷ്യരൂപങ്ങള്‍, ജ്യാമിതീയ ചിത്രങ്ങള്‍ തുടങ്ങിയവ ആലേഖനം ചെയ്തിരുന്നു. ഇവയ്ക്കും മൗര്യഘട്ടത്തിന് മുന്നെയുള്ള നാണയങ്ങള്‍ക്കും വ്യാപക പ്രചാരമുണ്ടായിരുന്നു. ചാപ്പകുത്ത് നാണയങ്ങളുടെ വ്യാപനത്തിന് നൂറ്റാണ്ടുകളുടെ (ബി.സി. 6 - എഡി 11) ചരിത്രമുണ്ട്. ആഭ്യന്തരവൈദേശിക വ്യാപാരം വന്‍തോതില്‍ നടന്നിരുന്നു എന്നതിന് തെളിവുകളാണ് നാണയങ്ങളുടെ വ്യാപനം.

550-ല്‍പ്പരം ചിഹ്നങ്ങള്‍ ഈ നാണയങ്ങളില്‍ ആലേഖനം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അവയുടെ അര്‍ഥസൂചനകള്‍ ഇപ്പോഴും അവ്യക്തമായി തുടരുന്നു. ആദ്യകാല പരമ്പരകളിലൊന്നായ ശതമന നാണയം (bent bar coins) പാകിസ്താന്‍ പ്രദേശത്തുനിന്നും, കപ്പ് രൂപത്തിലുള്ള നാണയം ജനന്‍പുരിലെ രംഗനഗറില്‍നിന്നും കണ്ടെത്തിയിരുന്നു. ഉത്തര്‍പ്രദേശിലെ പൈലശേഖരം, മൌര്യകാലത്തിനു മുമ്പുള്ള നാല് വ്യത്യസ്ത രീതിയിലുള്ള നാണയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബി.സി. 317-ലേതെന്നു കരുതുന്ന രണ്ടുനാണയങ്ങളും, അലക്സാണ്ടറുടെയും അദ്ദേഹത്തിന്റെ അര്‍ധസഹോദരന്‍ ഫിലിപ്പ് അറിസിയസിന്റെ നാണയങ്ങളും ലഭ്യമായിട്ടുണ്ട്. ആലേഖനങ്ങളില്ലാത്ത ചെമ്പ് വാര്‍പ്പ് നാണയങ്ങളും ആലേഖനങ്ങളുള്ള നാണയങ്ങളും കണ്ടെത്തപ്പെട്ടവയില്‍പ്പെടുന്നു.

ജനപഥനാണയം

(ബി.സി. 2 ശ. - എ.ഡി. 3 ശ.) ജനപഥനാണയം മൗര്യസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം വന്ന ട്രൈബല്‍ രാജ്യത്തിന്റെ നാണയവമാവാമെന്നു കരുതപ്പെടുന്നു. അശോകന്റെ മരണാനന്തരം പട്ടണങ്ങളിലും സാമന്തരാജ്യങ്ങളിലും നാണയനിര്‍മാണം സജീവമായി. 3-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങള്‍ ഗ്രീക്കുകാര്‍ കീഴടക്കിയതിനെത്തുടര്‍ന്ന് അവിടങ്ങളിലെ നാണയനിര്‍മാണത്തില്‍ ഗ്രീക്ക് കലാരീതി പ്രകടമായി.

ഗാന്ധാര, തക്ഷശിലാ നാണയങ്ങള്‍ മിക്കതും ഉപയോഗിച്ചിരുന്നത് കച്ചവടക്കാരാണ്. ചിലതില്‍ സ്ഥലനാമങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ചെമ്പ് നാണയങ്ങള്‍ ചെറുതും, ചാപ്പകുത്ത് നാണയങ്ങള്‍ വലുതുമാണ്. ട്രൈബല്‍ നാണയങ്ങളില്‍ അവരുടെ ഐതിഹ്യങ്ങള്‍, ഓഡുംബരര്‍, യൗദ്ധേയ, അര്‍ജുനായന തുടങ്ങിയ രാജ്യനാമങ്ങള്‍, ഉജ്ജയിനി. ഉദ്ദേഹിക തുടങ്ങിയ പട്ടണങ്ങളുടെ പേരുകളും മുദ്രണം ചെയ്തിരിക്കുന്നു. ഇവ ഇന്ത്യയിലെ ആദ്യ മുദ്രിത നാണയങ്ങളാണ്. ശൈവ, ബുദ്ധ, ബ്രാഹ്മണ വിശ്വാസലോകങ്ങള്‍ പ്രതീകാത്മകമായി നാണയങ്ങളില്‍ കടന്നു വന്നിരുന്നു.

ഇന്തോ-ഗ്രീക്കു നാണയങ്ങള്‍ (ബി.സി. 2-3 ശ.)

അലക്സാണ്ടറുടെ ആക്രമണത്തോടെ വടക്കു പടിഞ്ഞാറന്‍ മേഖലയില്‍ ഇന്ത്യയുടെ നാണയ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം ആരംഭിച്ചു. സ്വര്‍ണം, ചെമ്പ്, നിക്കല്‍, വെള്ളി നാണയങ്ങള്‍ (വൃത്താകാരം, ചതുരം) ഇക്കാലത്ത് പ്രചരിപ്പിക്കപ്പെട്ടു. രാജകിരീടവും രാജകീയ മുദ്രകളും പതിച്ച ഡ്രാക്കമും ടെട്രാഡ്രാക്കമും വ്യാപകമായുണ്ടായിരുന്നു. ഗ്രീക്കുകാര്‍ ബാക്ട്രിയയിലെ നാണയങ്ങളില്‍ ആറ്റിക് മാനക ഭാരം നടപ്പിലാക്കി. അഗത്തൊ ക്ളെസ്സിന്റെ നാണയങ്ങള്‍ തക്ഷശിലയിലെ ചെമ്പു നാണയങ്ങള്‍ക്ക് തുല്യമായതിനാല്‍ അവര്‍ക്ക് പിന്‍വലിക്കേണ്ടതായി വന്നു. ഡൈഡ്രാക്കംസ്, ഹെമിഡ്രാക്കംസ് എന്നീ വെള്ളി നാണയങ്ങളും പ്രചാരത്തിലുണ്ടായിരുന്നു.

വെള്ളിയിലും ചെമ്പിലും ചെയ്ത മികച്ച അലങ്കാരപ്പണികളുള്ള നാണയങ്ങള്‍ ഇന്തോ-ഗ്രീക്കു സംസ്കാരം നാണയമേഖലയ്ക്ക് നല്കിയ മികച്ച സംഭാവനയാണ്.

ഇന്തോ-സെയ്തിയന്‍സ് (ബി.സി. 1 ശ. - എ.ഡി. 1 ശ.)

ഇന്തോ-ഗ്രീക്കു പാരമ്പര്യത്തിലുള്ളവയാണ് ഈ നാണയങ്ങള്‍. മുഖഭാഗത്ത് കുന്തമേന്തിയ അശ്വാരൂഢനായ രാജാവും മറുഭാഗത്ത് ഗ്രീക്കു ദേവതമാരുമുള്ള വെള്ളിനാണയങ്ങളും, പൂര്‍ണതയുള്ള കാളയെ മുദ്രണം ചെയ്ത നാണയങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. മവൂസ് ബുദ്ധനെപ്പോലെ ചമ്രം പടിഞ്ഞിരിക്കുന്ന ചിത്രമുള്ള ചെമ്പു നാണയങ്ങളും, അഭിഷേതലക്ഷ്മിയുടെ രൂപമുള്ള ചെമ്പു നാണയങ്ങളും നിലനിന്നിരുന്നു.

പടിഞ്ഞാറന്‍ ക്ഷത്രപര്‍ (എ.ഡി. 1-4 ശ.)

പടിഞ്ഞാറന്‍ ക്ഷത്രപ രാജാക്കന്മാരിലെ ആദ്യപഥികരില്‍ ക്ഷഹാരത ഭുമക (എ.ഡി. 90-105) നാണ് ചെമ്പു നാണയങ്ങള്‍ നടപ്പില്‍ വരുത്തിയത്. ഇന്തോ-ഗ്രീക്കു നാണയങ്ങളായ ഡ്രാക്കംസ്, ഹെമിഡ്രാക്കംസിന്റെയും അനുകരണങ്ങളായിരുന്നു പല നാണയങ്ങളും. ചാഷ്തനന്റെ കീഴില്‍ കര്‍ധമക ഭരണാധികാരികള്‍ ക്ഷാത്രപപ്രദേശങ്ങള്‍ കീഴടക്കിയപ്പോള്‍ അവരുടെ നാണയങ്ങളില്‍ ശകവര്‍ഷം രേഖപ്പെടുത്തുകയും ഭരിക്കുന്ന രാജാവിന്റെ പേരുകള്‍ മാത്രമല്ല, ബന്ധുക്കളുടെയും പിന്തുടര്‍ച്ചക്കാരുടെയുമൊക്കെ പേരുകള്‍ ബ്രാഹ്മി ലിപികളില്‍ രേഖപ്പെടുത്തുകയും ചെയ്തു.

കുശാനന്മാര്‍ (എ.ഡി. 1-4 ശ.)

ആദ്യ കുശാനരാജാവ് കജുല കഡ്ഫിസസിന്റെ നാണയങ്ങള്‍ ഗ്രീക്കു രാജാവ് ഹെര്‍മിയൂസിന്റെ നാണയ സംവിധാനങ്ങളുടെ തുടര്‍ച്ചയായിരുന്നു. ചില ചെമ്പുനാണയങ്ങളില്‍ ഇന്തോ സൈഥികന്‍ എന്നു തോന്നിക്കുന്ന കിരീടം ധരിച്ച റോമന്‍ തലയും മറുഭാഗത്ത് കുജുല കഡ്ഫിസസിനെയും ചിത്രീകരിച്ചിരിക്കുന്നു.


വൈ കഡ്ഫിസസ് നാണയനിയന്ത്രണ സംവിധാനങ്ങള്‍ രൂപപ്പെടുത്തുകയും ആവര്‍ത്തനസ്വഭാവമുള്ളവയെ മാറ്റി പകരം നാണയങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. നാണയഭാരം കുറച്ചുകൊണ്ട് കൈകാര്യം ചെയ്യാനുളള സൌകര്യം വര്‍ധിപ്പിച്ചു. വലിയ ചെമ്പുനാണയങ്ങളും അവയുടെ ചെറുവിഭാഗങ്ങളും പുറത്തിറക്കി. സ്വര്‍ണനാണയങ്ങളായ ഡബിള്‍ ദിനാര്‍, ദിനാര്‍, കാല്‍ദിനാര്‍ എന്നിവ നടപ്പിലാക്കി.

ഗ്രീക്കോ റോമന്‍, ഹെലനിസ്റ്റിക്, ഇറാനിയന്‍, ഭാരതീയരീതികള്‍ കലാപരമായി ഉള്‍ക്കൊള്ളിച്ച കനിഷ്കന്റെയും ഹവിഷ്കന്റെയും നാണയങ്ങള്‍ ഈ രാജ്യങ്ങളുമായി നിലനിന്ന ദൃഢബന്ധത്തിന്റെ വ്യക്തമായ തെളിവുകളാണ്. ആരാധനാമൂര്‍ത്തികളെ കൊത്തിയ സ്വര്‍ണനാണയങ്ങള്‍ വിദേശകൈമാറ്റങ്ങള്‍ക്കുള്ളവയായിരുന്നു.

ബുദ്ധിസ്റ്റ് സ്തൂപങ്ങളുടെ അരികില്‍ നിന്നും കുമ്രഹര്‍, വൈശാലി, ബക്സ, ഷെര്‍ഗാഹ്, ഉപ്തര, ലൗറിയ, നന്ദന്‍ഗര്‍, ബിഹാര്‍, ബാംഗ്ലദേശ്, മാഡ, പശ്ചിമബംഗാള്‍, ഒറീസ്സ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും റഷ്യന്‍ പ്രദേശങ്ങള്‍, മധ്യേഷ്യ, സാബ്രസമൊവിലെ ഗുഹകള്‍, എത്യോപ്യയിലെ ബുദ്ധവിഹാരങ്ങള്‍ എന്നിവിടങ്ങളില്‍നിന്നും മറ്റും ധാരാളം സ്വര്‍ണ നാണയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

ഗുപ്തന്മാര്‍ (എ.ഡി. 4-6 ശ.)

ഇവരുടെ നാണയങ്ങള്‍ മിക്കവാറും കണ്ടെടുക്കപ്പെട്ടത് കിഴക്കന്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, ബംഗാള്‍, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ ഭാഗങ്ങളില്‍നിന്നാണ്. കുശാനന്മാരുടേതിനെ അപേക്ഷിച്ച് മികച്ച സൗന്ദര്യാത്മകത പുലര്‍ത്തുന്നവയാണ് ഗുപ്തന്മാരുടെ നാണയങ്ങള്‍. നാണയഭാരം കുശാനന്മാരുടെ അളവിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു.

പൊതുവില്‍ രാജാവിന്റെ ചിത്രം മുഖഭാഗത്തും ദേവതകള്‍ മറുഭാഗത്തുമായി കാണപ്പെടുന്നു. രാജാവും രാജ്ഞിയുമുള്ള ചന്ദ്രഗുപ്തന്‍ 1-ാമന്റെ സ്മാരകനാണയം പ്രസിദ്ധമാണ്. ലച്ചവിയിലെ രാജകുമാരിയുടെ വിവാഹ സ്മാരകമാണിത്. ബ്രാഹ്മി സംസ്കൃത ലിപികളില്‍ ലിഖിതങ്ങളുള്ള സമുദ്രഗുപ്തന്റെ അശ്വമേധ നാണയം പ്രസിദ്ധമാണ്. സമുദ്രഗുപ്തന്‍ II (എ.ഡി. 385-414) അദ്ദേഹത്തിന്റെ നാണയങ്ങള്‍ക്ക് പരമഭട്ടാരക, പരമഭാഗവത, മഹാരാജാധിരാജ, വിക്രമാദിത്യ തുടങ്ങിയ പേരുകള്‍ നല്കി.

Image:chandragupta.png

ചന്ദ്രഗുപ്തന്‍ II-ാമന്റെ കാലത്ത് വെള്ളിനാണയങ്ങള്‍ ആരംഭിക്കുകയും സ്കന്ദ, ബുധ ഗുപ്തന്മാരുടെ കാലത്തോളം തുടരുകയും ചെയ്തു. കുമാരഗുപ്തന്‍ ഒന്നാമന്‍ (എ.ഡി. 414-455) നിലവിലുള്ള നാണയങ്ങള്‍ക്കു പുറമേ വാളോങ്ങിയ മനുഷ്യന്‍, കാണ്ടാമൃഗഘാതകന്‍, കാര്‍ത്തികേയ, അപ്രതിഘ നാണയങ്ങള്‍ എന്നിവയ്ക്കും തുടക്കം കുറിച്ചു. ഇത് രാജകീയ താത്പര്യങ്ങള്‍ വെളിവാക്കുന്നു.

ചെമ്പ് നാണയങ്ങള്‍ അപൂര്‍വകങ്ങളായിരുന്നു. ഇറാനില്‍നിന്നും മറ്റും ഗുപ്തനാണയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

തമിഴ്നാട്

ക്രിസ്തുവര്‍ഷത്തിനു മുമ്പ് തമിഴ് രാജ്യങ്ങളില്‍ നാണയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. 17-ാം നൂറ്റാണ്ടുവരെ തുടര്‍ച്ചയായി ഇത് കാണാം. എന്നാല്‍ അഞ്ച് മുതല്‍ ഏഴു വരെ നൂറ്റാണ്ടുകളില്‍ ഒരു ഇടവേള ദര്‍ശിക്കാന്‍ കഴിയും. രാജാക്കന്മാരൊടൊപ്പം വാണിജ്യസംഘങ്ങളും നാണയങ്ങള്‍ ഉത്പാദിപ്പിച്ചിരുന്നു. ഇത് പില്ക്കാലത്തും തുടര്‍ന്നുവന്നു.

സംഘകാല സാഹിത്യത്തില്‍ വ്യത്യസ്തങ്ങളായ നാണയങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. ചേര, ചോള, പാണ്ഡ്യ വംശങ്ങളായിരുന്നു പ്രധാന രാജാക്കന്മാര്‍. ചാപ്പകുത്ത് നാണയങ്ങളും, വെള്ളിയിലും ചെമ്പിലുമുള്ള നാണയങ്ങളും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ആണ്ടിപ്പട്ടി ഗ്രാമത്തില്‍നിന്ന് കണ്ടെടുക്കപ്പെട്ട വൃത്താകൃതിയിലുള്ള നാണയങ്ങളില്‍ മലകളും നദികളുമെന്ന് തോന്നിക്കുന്ന അടയാളങ്ങളുണ്ട്. ഇവ രണ്ട്, മൂന്ന് നൂറ്റാണ്ടുകളിലേതാണെന്ന് അഭിപ്രായമുണ്ട്. ഒരു ഭാഗത്ത് സംഘകാല മുഖ്യന്‍ 'തിണ്ണന്‍ ഇട്ടിരന്‍ ചെണ്ടന്‍, ആനയോടൊപ്പം നില്ക്കുന്നതും രേഖപ്പെടുത്തിയിരിക്കുന്നു.

റോമന്‍ നാണയങ്ങള്‍ വ്യാപാരികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരമായിരുന്നു. സു. 80 റോമന്‍ നാണയശേഖരങ്ങള്‍ കണ്ടെത്തിയതില്‍ 41-ഉം ദക്ഷിണേന്ത്യയില്‍ നിന്നാണ്; പ്രത്യേകിച്ചും തമിഴ്നാട്, കേരളം, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്ന്.

പല്ലവന്മാര്‍ (എ.ഡി. 6-9 ശ.)

ഒരു ഭാഗത്ത് സിംഹവും മറുഭാഗത്ത് താലവുമുള്ള ചെമ്പുനാണയവും മുഖഭാഗത്ത് കാളയും മറുപുറം വ്യത്യസ്തയിനം ഉപകരണങ്ങളുമുള്ള മറ്റൊരിനവും പല്ലവരുടെ കാലത്ത് പ്രചാരത്തിലിരുന്നു.

മധുരയിലെ പാണ്ഡ്യര്‍ (എ.ഡി. 6-14 ശ.)

സംഘകാലം മുതല്‍ 14-ാം ശ. വരെ തുടര്‍ച്ചയായി പാണ്ഡ്യരുടെ നാണയങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഇവ ആദ്യകാല പാണ്ഡ്യ നാണയങ്ങള്‍, 6-9 നൂറ്റാണ്ടുവരെയുള്ള നാണയങ്ങള്‍, 10-12 നൂറ്റാണ്ടുകളിലെ മധ്യകാല നാണയങ്ങള്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി തരംതിരിച്ചിരിക്കുന്നു. ഒന്നാം ഘട്ടത്തിലെ നാണയങ്ങള്‍ അപൂര്‍വങ്ങളാണ്.

വരഗുണ കകന്റേതെന്ന് കരുതപ്പെടുന്ന തദ്ദേശീയ സ്വര്‍ണ നാണയങ്ങളും, മത്സ്യവും കാളകളും ആലേഖനം ചെയ്ത ചെമ്പു നാണയങ്ങളും 'സൈലോണ്‍-മനുഷ്യന്‍' മാതൃകയിലുള്ള നാണയങ്ങളും കണ്ടെത്തിയവയില്‍പ്പെടുന്നു. ചോള സ്വാധീനമുള്ള ഈ നാണയത്തിന്റെ മുഖഭാഗത്ത് 'നില്ക്കുന്ന മനുഷ്യനും' മറുഭാഗത്ത് 'ഇരിക്കുന്ന മനുഷ്യനു'മാണ്.

ചോളന്മാര്‍ (എ.ഡി. 9-13 ശ.)

തമിഴ്നാടിന്റെ പ്രത്യേക സാമൂഹിക സാമ്പത്തിക കാരണങ്ങളാല്‍ 3-9 നൂറ്റാണ്ടുവരെ ചോളവംശം ചെറുപ്രദേശത്ത് ഒതുങ്ങിനില്ക്കുകയായിരുന്നു. 9-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ അവര്‍ ശക്തരാവുകയും, കേരളത്തിന്റെ ഭാഗങ്ങളും തമിഴ്നാട് പൂര്‍ണമായും അധീനതയിലാക്കുകയും ചെയ്തു. സ്വര്‍ണം, വെള്ളി, ചെമ്പ് നാണയങ്ങളില്‍ വെള്ളി താരതമ്യേന കുറവായിരുന്നു. ചെമ്പ് നാണയങ്ങളായിരുന്നു പില്ക്കാല ചോളന്മാരുടെ മുഖ്യനാണയം. ചോളന്മാരുടെ ചിഹ്നമായ കടുവയും ചേര, പാണ്ഡ്യ ചിഹ്നങ്ങളായ വില്ലും മത്സ്യവും ഈ നാണയങ്ങളില്‍ കാണാം.

ധാരാളം ചൈനീസ്, അറബ് നാണയങ്ങള്‍ (9-14 നൂറ്റാണ്ടുകളിലേതെന്ന് കരുതുന്നവ) ദക്ഷിണേന്ത്യയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. കൈയ്വാന്‍, കയി-ഹയി ഭരണകാലത്തെ ചൈനീസ് ചെമ്പു നാണയശേഖരം തഞ്ചാവൂരില്‍നിന്ന് ലഭിച്ചിട്ടുണ്ട്. രണ്ടാമത്തെ ശേഖരം 6-13 നൂറ്റാണ്ടിലെ 'ചിങ്താന്‍' ഭരണകാലത്തേതും 2-13 നൂറ്റാണ്ടിലെ ത്സിന്‍ ഹുവായ് ഭരണാധികാരികളുടേതുമാണ്. ഈ പ്രദേശങ്ങള്‍ക്ക് ചൈനീസ്, അറബ് പ്രദേശങ്ങളുമായി നിലനിന്ന വര്‍ധിച്ച വ്യാപാരബന്ധങ്ങളുടെ നിദര്‍ശനമായി ഇതിനെ കണക്കാക്കാം.

Image:nanayam6.png

മധ്യകാല നാണയങ്ങള്‍

സുല്‍ത്താനേറ്റ് (എ.ഡി. 11-12 ശ.)

അറബ്, തുര്‍ക്കി, മുഗള്‍ രാജവംശങ്ങളുടെ നാണയങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യയിലെ മധ്യകാല നാണയങ്ങള്‍. ഇവ 8-9 നൂറ്റാണ്ടുകളില്‍ ആരംഭിച്ച് പതിനൊന്ന് നൂറ്റാണ്ടുകളോളം നിലനിന്നു. ഇസ്ലാമിക സാംസ്കാരിക രൂപങ്ങള്‍ നാണയനിര്‍മാണത്തില്‍ പ്രതിഫലിച്ചു തുടങ്ങിയത് ഇക്കാലത്തോടെയാണ്.

തുര്‍ക്കിയിലെ സുല്‍ത്താന്മാര്‍

ടാങ്ക, ദിര്‍ഹം എന്നിവ നടപ്പിലാക്കിയത് തുര്‍ക്കികളായണ്. നാണയത്തിന്റെ മുഖവശത്ത് അറബിക് കുഫിക് ലിപിയിലും മറുവശത്ത് സംസ്കൃത ലിപിയിലും 'കലിമ' എന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഇവരുടെ നാണയങ്ങള്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കൃത്യത പുലര്‍ത്തുന്നവയാണ്.

ശമ്പളവും കൂലിയുമൊക്കെ നല്കിയിരുന്നത്, 'ദെഹ്ലിവല്‍സ്' എന്ന നാണയത്തിലായിരുന്നു. ഇതിനു പകരം പിന്നീട് 'ജിതല്‍സ്' സ്ഥാപിക്കപ്പെട്ടു. ടാങ്കയായിരുന്നു ഔദ്യോഗിക നാണയം. 'അശ്വാരൂഢനും' ലിഖിതവുമുള്ള നാണയങ്ങള്‍ 1210-ല്‍ കുത്ബുദ്ദിന്‍ ഐബക്കാണ് നടപ്പിലാക്കിയത്.

ആദ്യകാല സുല്‍ത്താന്മാര്‍ (12061526)

സാമ്പത്തിക രംഗത്തുണ്ടായ ഗണ്യമായ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഈ ഭരണാധികാരികളുടെ നാണയരീതി. തുര്‍ക്കികളുടെ 'ടാങ്ക' വ്യാപകമായി പ്രചാരത്തിലുണ്ടായിരുന്ന നാണയമാണ്. സ്വര്‍ണം, വെള്ളി, ചെമ്പ്, ബില്ലന്‍ (വെള്ളി-ചെമ്പ് ലോഹസങ്കരം) നാണയങ്ങള്‍ ഇവര്‍ ഉപയോഗിച്ചു. സ്വര്‍ണം, വെള്ളി ഭാരാനുപാതം ഏകീകൃതമായി നിലനിര്‍ത്താന്‍ ശ്രമിക്കുകയും, സ്വര്‍ണനാണയ ശേഖരം വര്‍ധിപ്പിക്കുകയും ചെയ്തു.

ആദ്യകാല 'ടാങ്ക'യില്‍ അശ്വാരൂഢനും, മറുവശത്ത് അറബി ലിഖിതങ്ങളുമുണ്ട്. 175 ഗ്രാം വെള്ളി 'ടാങ്ക' നടപ്പിലാക്കിയത് ഇല്‍ത്തുമിഷ് ആണ്. ഇതിനുവേണ്ടി മാനകഭാരം നടപ്പിലാക്കി; നൂറ് രതിസ്, 175 ഗ്രെയിന്‍സിന് തുല്യമായിരുന്നു. അലാവുദ്ദീന്‍ മൗസദ് സ്വര്‍ണനാണയങ്ങളും വെള്ളി 'ടാങ്ക'യ്ക്ക് തുല്യമായ ഭാരമാനകത്തിലാക്കി. പേര്‍ഷ്യന്‍ ലിഖിതങ്ങളുള്ള ഇവ കൃത്യതയുള്ളതും മനോഹരങ്ങളുമായിരുന്നു.

ഖല്‍ജി ഭരണാധികാരി (12901320) അലാവുദ്ദീന്‍ മുഹമ്മദ് ഷാ രണ്ടാം അലക്സാണ്ടര്‍ എന്നര്‍ഥം വരുന്ന സികന്തര്‍ അല്‍ സാനി എന്ന് സ്വയം സംബോധന ചെയ്യാന്‍ തുടങ്ങി എന്നു മാത്രമല്ല ഖലീഫയുടെ വലംകൈയായി സ്വയം അവരോധിക്കുകയും ചെയ്തു. ഇതിന്റെ സാക്ഷ്യങ്ങളാണ് ഇദ്ദേഹത്തിന്റെ കാലത്തെ നാണയങ്ങള്‍. കുനബ്ദീന്‍ മുബാറക് ചതുരനാണയങ്ങളിറക്കി. ഖലീഫയെ വാഴ്ത്തുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കുകയും പകരം സ്വന്തം അപദാനങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു.

തുഗ്ലക്കുമാര്‍ (13201412)

മുഹമ്മദ്ബിന്‍ തുഗ്ളക്കിന്റെ 'ടാങ്ക' ഖല്‍ജിമാരുടെ നാണയങ്ങളെക്കാള്‍ സൗന്ദര്യവും ഗുണനിലവാരമുള്ളതും വ്യത്യസ്തവുമായിരുന്നു. 'അദലി' പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കി പരാജയപ്പെട്ട നാണയമാണ്. ബില്ലന്‍ നാണയങ്ങള്‍ക്കു പകരമായി വെങ്കലത്തിലും ചെമ്പിലുമുള്ള ടോക്കണുകളും അവര്‍ നടപ്പിലാക്കി.

തുഗ്ലക്കിന്റെ നാണയങ്ങളിലാണ് വ്യക്തിമുദ്രകള്‍ ഏറെ കാണുന്നത്. ചില സ്വര്‍ണ 'ടാങ്ക'കളില്‍ ആദ്യ നാലുഖലീഫമാരുടെ പേരുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫിറോസ് ഷാ III-മന്റെ ഭരണം നാണയത്തെ ജനകീയ കൈമാറ്റ മാധ്യമമാക്കി മാറ്റി. കമ്മട്ടത്തിന്റെ പേരും നാണയത്തിന്റെ പേരും രേഖപ്പെടുത്തിയിരിക്കുന്ന ബഹലോലിയായിരുന്നു ലോധി കുടുംബത്തിന്റെ തനതായ ഏകനാണയം. ഷെര്‍ഷാ സൂരി (1540-1545) ബില്യണ്‍ നാണയം നിര്‍ത്തലാക്കുകയും പുതിയ ചെമ്പു നാണയമായ 'ദം'-ഉം അതിന്റെ ഉപനാണയങ്ങളും ഇറങ്ങുകയും ചെയ്തു. പുതിയ ഭാരക്രമത്തോടെ വെള്ളി 'ടാങ്ക'കള്‍ വ്യാപിപ്പിക്കുകയും 'റുപി' മാനക നാണയമായി മാറ്റുകയും ചെയ്തു. ഇതിലെ ലിഖിതങ്ങള്‍ പരമ്പരാഗത 'കലിമ'യെ പിന്തുടര്‍ന്നുള്ളവയായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്ത് സ്വര്‍ണനാണയങ്ങള്‍ വളരെ കുറവായിരുന്നു. പ്രധാന സ്ഥലങ്ങളിലൊക്കെ കമ്മട്ടം സ്ഥാപിച്ചു എന്നതായിരുന്നു മറ്റൊരു പരിഷ്കരണം.

വിജയനഗരം (എ.ഡി. 14-16 ശ.)

മുന്‍ ഹൊയ്സാല രാജാക്കന്മാര്‍ ഭരിച്ച പ്രദേശങ്ങളില്‍ 1336-ല്‍ വിജയനഗര സാമ്രാജ്യം സ്ഥാപിക്കപ്പെട്ടു. ഓരോ പ്രവിശ്യയിലും കമ്മട്ടങ്ങളും അവയെ ഏകോപിപ്പിക്കാന്‍ കേന്ദ്രീകൃത സംവിധാനങ്ങളും അദ്ദേഹം വികസിപ്പിച്ചു. കന്നട, നാഗരി, നന്ദി-നാഗരി ലിഖിതങ്ങള്‍ നാണയങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

നാണയനിര്‍മാണം പൂര്‍ണമായും സ്റ്റേറ്റിന്റെ കുത്തകയായിരുന്നില്ല. സ്വകാര്യവ്യക്തികളും നാട്ടുമുഖ്യന്മാരും അത് നിര്‍വഹിച്ചിരുന്നു. ബരാകുറു 'ഗദ്യന'യും, മാന്‍ഗലോര്‍ 'ഗദ്യന'യും ഇതിനുദാഹരണമാണ്. മിക്ക നാണയങ്ങളും സ്വര്‍ണനിര്‍മിതമായിരുന്നു. 'പഗോഡ'യുടെ അര, കാല്‍ വിഭജനങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. ഹിന്ദു ദേവഗണങ്ങള്‍ നാണയങ്ങളില്‍ ചിത്രണം ചെയ്തിരുന്നു.

ഗദ്യന, വരാഹ, പൊന്‍, പഗൊഡ, പ്രതാപ എന്നിങ്ങനെ പലപേരുകളില്‍ സ്വര്‍ണനാണയങ്ങളുണ്ടായിരുന്നു. ലിഖിതങ്ങളില്‍ ചക്രഗദ്യന, കടഗദ്യന, പ്രതാപഗദ്യന, ഖട്ടി വരാഹ, ഡൊഡ വരാഹ മുതലായവയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പണം, ജിതന്‍, കാശ് തുടങ്ങിയവ ചെമ്പുനാണയങ്ങളായിരുന്നു.

പടിഞ്ഞാറുമായുള്ള നിരന്തരവും വ്യാപകവുമായ ബന്ധത്തിന്റെ തെളിവുകളായി ക്രൂസോഡോ (പോര്‍ച്ചുഗീസ്) സ്വര്‍ണ ദിനാര്‍ (ഈജിപ്ത്), ഫ്ളോറിന്‍ (ഇറ്റാലിയന്‍), ഡുകറ്റ്സ് (വെനീഷ്യ), ലാറിന്‍സ് (പേര്‍ഷ്യ) എന്നീ നാണയങ്ങള്‍ ഈ പ്രദേശങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

മുഗളര്‍ (1526-1857)

1526-ല്‍ ലോധിവംശത്തെ തകര്‍ത്തുകൊണ്ട് ബാബര്‍ മുഗള്‍സാമ്രാജ്യം സ്ഥാപിച്ചു. മധ്യേഷന്‍ രീതിയിലുള്ള നാണയങ്ങളാണ് ബാബറും ഹുമയൂണും നടപ്പിലാക്കിയത്. മൊഹര്‍ (സ്വര്‍ണം), രൂപ(വെള്ളി), ഡം (ചെമ്പ്) നാണയങ്ങള്‍ പ്രചാരത്തില്‍ വന്നു. വെള്ളിരൂപയായിരുന്നു അടിസ്ഥാന നാണയം. ഭാരം 178 ഗ്രെയിന്‍സ് ആയി നിജപ്പെടുത്തിയിരുന്നു. ഇതില്‍ അന്യലോഹങ്ങള്‍ നാല് ശതമാനത്തില്‍ കൂടാന്‍ പാടില്ലെന്ന് നിഷ്കര്‍ഷിച്ചിരുന്നു. ജഹാംഗീര്‍ ഇത് 180 ഗ്രെയിന്‍സ് ആയി ഉയര്‍ത്തി. ചെറുവിനിമയങ്ങള്‍ക്ക് ചെമ്പ് ഡം (323 ഗ്രെയിന്‍സ്) ഉപയോഗിച്ചു.

കാലിഗ്രാഫിയും പേര്‍ഷ്യന്‍ നസാലിക് ലിപികളും ഉപയോഗിച്ചുകൊണ്ട് നാണയങ്ങള്‍ അലങ്കരിച്ചു. ഖുറാനിക് വചനങ്ങളും മതധര്‍മങ്ങളും കലിമയും നാല് പ്രവാചകന്മാരുടെ പേരുകളും നാണയങ്ങളില്‍ മുദ്രണം ചെയ്തിരുന്നു. ഒപ്പം ഭരണാധികാരിയുടെ പേര്, പദവി, നാമം, ഹിജറവര്‍ഷം, കമ്മട്ടത്തിന്റെ പേര് തുടങ്ങിയവയും ആലേഖനം ചെയ്തിട്ടുണ്ട്.

അക്ബറിന്റെ ഭരണകാലത്ത് നാണയസമ്പ്രദായം പരിപൂര്‍ണമായും ഉടച്ചുവാര്‍ത്തു. ഉരുക്കുകൊണ്ട് അച്ചുകള്‍ നിര്‍മിക്കുകയും വിദഗ്ധ കാലിഗ്രാഫറെക്കൊണ്ട് രൂപകല്പനചെയ്ത കമ്മട്ടങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. ചിത്രകാരനും, കാലിഗ്രാഫറുമായ അബ്ദുല്‍ സമദിനെ ഇറാനില്‍ നിന്ന് അക്ബര്‍ വരുത്തുകയും നിര്‍മാണശാലയുടെ ചുമതല നല്കുകയും ചെയ്തു.

'കലിമ'യ്ക്കു പകരം മറ്റ് രേഖപ്പെടുത്തലുകളും ഹിജറയ്ക്കു പകരം ഇലാഹി തീയതിയും നാണയങ്ങളില്‍ ഉപയോഗിക്കാന്‍ തുടങ്ങി. ചെമ്പുനാണയങ്ങള്‍ക്ക് 42-ലേറെ സ്ഥലങ്ങളിലും, രൂപയ്ക്ക്-14 ഇടങ്ങളിലും, മൊഹൂറിന് നാല് ഇടങ്ങളിലും കമ്മട്ടം സ്ഥാപിച്ചു. അക്ബറിന്റെ കാലത്ത് കമ്മട്ടം ചെയ്ത, ഡയമണ്ട് കട്ടയുടെ ആകൃതിയിലുള്ള മൊഹൂര്‍, മിഹ്റാബിസ് എന്നിവ സവിശേഷ നാണയങ്ങളായിരുന്നു. അക്ബര്‍ രൂപീകരിച്ച ദിന്‍ ഇലാഹി എന്ന മതത്തിന്റെ പ്രചാരണത്തിനും നാണയങ്ങള്‍ ഉപയോഗിച്ചു. അതിനുവേണ്ടി 'ഇലാഹിവര്‍ഷം' നാണയത്തില്‍ ഉപയോഗിച്ചു.

നാണയങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ജഹാംഗീര്‍ കാര്യമായി യത്നിച്ചു. അക്ബര്‍ ഉപേക്ഷിച്ച മതപരമായ ചിഹ്നങ്ങള്‍ അദ്ദേഹത്തിനുശേഷം വീണ്ടും നാണയങ്ങളില്‍ സ്ഥാനം പിടിച്ചു. ഇവരുടെ നാണയമായ രൂപ ആധുനിക നാണയമായി മാറി.

ആധുനിക ഇന്ത്യന്‍ നാണയങ്ങള്‍

(കൊളോണിയല്‍ നാണയങ്ങള്‍)


പോര്‍ച്ചുഗീസുകാര്‍

എ.ഡി. 1497-ല്‍ കടല്‍മാര്‍ഗം ഇവര്‍ ഇന്ത്യയിലെത്തിച്ചേര്‍ന്നു. മലബാറിലെ സുഗന്ധവ്യജ്ഞന വ്യാപാരത്തില്‍ അറബികള്‍ക്കുള്ള കുത്തക അവസാനിപ്പിച്ച് തങ്ങളുടെ കൈപ്പിടിയിലൊതുക്കാന്‍ അവര്‍ ശ്രമിച്ചു. 1503-ല്‍ കൊച്ചിയില്‍ കോട്ട സ്ഥാപിക്കുകയും 1510-ല്‍ ബിജാപ്പൂര്‍ സുല്‍ത്താനില്‍ നിന്ന് ഗോവ പിടിച്ചടക്കി ഭരണം ആരംഭിക്കുകയും ചെയ്തു. ഇവരുടെ കാലത്ത് ഗോവ, ദിയു, ദാമന്‍ എന്നിവിടങ്ങളില്‍ സ്വര്‍ണം, വെള്ളി, ചെമ്പ് നാണയങ്ങള്‍ കമ്മട്ടം ചെയ്യാനുള്ള സൗകര്യമുണ്ടായിരുന്നു.

എസ്പെര്‍, മെയ എസ്പെര (വെള്ളി) ക്രുസഡൊ അല്ലെങ്കില്‍ മനൊയല്‍, മെയൊ മനൊയല്‍ (സ്വര്‍ണം) എന്നിവയില്‍ മനൊയലിനും, എസ്പെരയ്ക്കും മുഖഭാഗത്ത് കുരിശും, മറുഭാഗത്ത് പോര്‍ച്ചുഗലിന്റെ ഔദ്യോഗികചിഹ്നവും ചിത്രണം ചെയ്തിരിക്കുന്നു. നില്ക്കുന്ന സെന്റ്തോമസിന്റെ ചിത്രമുള്ള നാണയങ്ങളും പോര്‍ച്ചുഗീസുകാരുടേതായുണ്ട്. 'കെപറഫിന്‍സ്' മറ്റൊരു നാണയമാണ്. 'ടാങ്കയും' 'ബസാറുക്കയും' ഇവര്‍ കമ്മട്ടം ചെയ്തിരുന്നു.

Image:nanayam.png

ഡച്ചുകാര്‍ (എ.ഡി. 17-19 ശ.)

പോര്‍ച്ചുഗീസുകാര്‍ക്ക് വെല്ലുവിളി ഉയര്‍ത്തിക്കൊണ്ട് ഡച്ചുകാരും ഇംഗ്ലീഷുകാരും 17-ാം നൂറ്റാണ്ടോടെ ഇന്ത്യയിലെത്തി. കോറമണ്ടല്‍ തീരത്ത് അവരുടെ സാന്നിധ്യം ഉറപ്പിച്ചു. 1664 ഓടെ മലബാര്‍ തീരങ്ങളിലെ കുരുമുളക് ഉത്പാദനകേന്ദ്രങ്ങള്‍, ഡച്ചുകാരുടെ നിയന്ത്രണത്തിലായി. എന്നാല്‍ 18-ാം നൂറ്റാണ്ടോടെ ഈ പ്രദേശങ്ങള്‍ ബ്രിട്ടീഷുകാരുടെ കൈകളിലെത്തിത്തുടങ്ങി.

വെള്ളിയിലും ചെമ്പിലും പരിമിതമായി സ്വര്‍ണത്തിലും തയ്യാറാക്കിയ നാണയങ്ങള്‍ ഹോളണ്ടിലായിരുന്നു കമ്മട്ടം ചെയ്തിരുന്നത്. 'ചാല്ലിസ്' എന്ന് അറിയപ്പെട്ട ഇവ നാഗപട്ടണത്തുനിന്ന് ധാരാളമായി കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. 1, 2, 1/2 സ്റ്റുഐവറും 'പഗോഡ'യും ഇവരുടേതായുണ്ട്. വിജയനഗരം നാണയമാതൃകയ്ക്ക് സമാനമായിരുന്നു ഇവരുടെ പല നാണയങ്ങളും. ഡച്ചുകാര്‍ കമ്പനിമേഖലയിലേക്ക് എത്തുന്ന വിദേശ നാണയങ്ങളില്‍ അവരുടേതായ അടയാളങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. പേര്‍ഷ്യന്‍ അബ്ബാസിഡ് നാണയങ്ങള്‍, ഇന്തോ പോര്‍ച്ചുഗീസ് ടാങ്ക, ബിജാപൂര്‍ സുല്‍ത്താന്റെ 'ലാറിസ്', മുഗള്‍ റുപി തുടങ്ങിയവയില്‍ ഇത്തരം ചിഹ്നങ്ങള്‍ പതിച്ചത് കണ്ടെത്തിയിട്ടുണ്ട്.

ഡെയ്ന്‍സ് (എ.ഡി. 17-19 ശ.)

1616-ലാണ് ഡാനിഷ് ഈസ്റ്റിന്ത്യാകമ്പനി രൂപീകൃതമായത്. നാഗപട്ടണത്തിനടുത്തുള്ള ട്രാന്‍ക്യൂബാറില്‍ കോട്ട പണിതു. അവിടെ സ്വര്‍ണ'പഗോഡ'കളും ചെമ്പു നാണയങ്ങളും പരിമിതമായതോതില്‍ വെള്ളി 'റോയലും', കമ്മട്ടം ചെയ്തു. കൂടാതെ ഫെഡറിക് III, ക്രിസ്റ്റ്യന്‍ കഢ, ക്രിസ്റ്റ്യന്‍ ഢ, തുടങ്ങിയവരുടെ നാണയങ്ങളും, 1, 2, 10 കാശുകളും വെള്ളിപ്പണങ്ങളും അവര്‍ വ്യാപാരങ്ങള്‍ക്ക് ഉപയോഗിച്ചു. ഒരുഭാഗത്ത് വിഷ്ണുവും മറുഭാഗത്ത് സാമ്രാജ്യചിഹ്നവും രേഖപ്പെടുത്തിയ നാണയങ്ങളും ചില ചെമ്പ് നാണയങ്ങളില്‍ ഡാനിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അടയാളങ്ങളും കാണാം.

ഫ്രഞ്ചുകാര്‍ (എ.ഡി. 17-19 ശ.)

1664-ഓടെ ഇന്ത്യയിലേക്കുള്ള വ്യാപാരത്തില്‍ സംഘടിതമായി ഇടപെടാന്‍ ശ്രമിച്ചത് ഫ്രഞ്ചുകാരാണ്. 1668-ല്‍ സൂറത്തില്‍ ഒരു ഫ്രഞ്ച് കമ്പനി സ്ഥാപിക്കുകയും ബിജാപ്പൂര്‍ സുല്‍ത്താന്റെ കീഴില്‍ വലിയകൊണ്ടപുരത്ത് ഒരു വ്യാപാരഗ്രാമം തുറക്കുകയും ചെയ്തു. ഇതാണ് ഫ്രഞ്ച് ഭരണത്തിന്റെ തലസ്ഥാനമായി മാറിയത്.

സ്വര്‍ണ 'പഗോഡ', വെള്ളിപ്പണം, ചെമ്പ്, ലെഡ് കാശുകള്‍, ടുടെ നഗ്, റുപി തുടങ്ങിയ നാണയങ്ങള്‍ അവരുടേതായുണ്ട്. പഗോഡകള്‍ ബ്രിട്ടീഷ്, ഡച്ച്, ഡാനിഷ് പഗോഡകള്‍ക്ക് തുല്യമായവയായിരുന്നു. 1700-ല്‍ വെള്ളിപ്പണം കമ്മട്ടം ചെയ്തു. 26 വെള്ളിപ്പണം ഒരു സ്വര്‍ണ'പഗോഡ'യ്ക്ക് സമമായിരുന്നു. നാണയങ്ങളില്‍ ചിലതില്‍ മുഖഭാഗത്ത് ഫ്രഞ്ച് ലില്ലിയും മറുഭാഗത്ത് കുരിശോ, കുരിശും ലില്ലിയുമോ അടയാളപ്പെടുത്തിയിട്ടുണ്ട്.

ആര്‍ക്കോട് നവാബിന്റെ അനുവാദത്തോടെ മുഗള്‍ശൈലിയിലുള്ള വെള്ളിരൂപാ നാണയപരമ്പര ഇവര്‍ കമ്മട്ടം ചെയ്തിരുന്നു. ചെമ്പു നാണയങ്ങളായ ഡൗഡൗ, അരഡൗഡൗ, കാഷ് തുടങ്ങിയവയും ഫ്രഞ്ചുകാരുടേതായുണ്ട്. മാഹിയില്‍ നിന്ന് 'ബിചെയും' അര 'ബിചെയും' ഇറക്കിയിരുന്നു.

ബ്രിട്ടീഷുകാര്‍

എ.ഡി. 1600-ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി സ്ഥാപിതമായി. അവര്‍ 1672-ല്‍ ബോംബെയില്‍ ഒരു കമ്മട്ടം സ്ഥാപിക്കുകയും അവിടെ യൂറോപ്യന്‍ രീതിയിലുള്ള നാണയങ്ങള്‍ നിര്‍മിക്കുകയും ചെയ്തു. 'കരോലിന' (സ്വര്‍ണം), ആഗ്ളിന (വെള്ളി), കോപ്പറോണ്‍ (ചെമ്പ്) തുടങ്ങിയവ പരിമിതമായ തോതില്‍ കമ്മട്ടം ചെയ്തു. ആദ്യകാലത്ത് സ്പാനിഷ് ഡോളറുകളായിരുന്നു ഉപയോഗിച്ചിരുന്നത്.


1677-ല്‍ ചാള്‍സ് II-ന്റെ പേരില്‍ 'റുപി ഒഫ് ബോംബെ' എന്ന നാണയം ബോംബെയില്‍ നിന്ന് പുറത്തിറക്കി. ഇത്. 1778 വരെ ബ്രിട്ടീഷുകാരുടെ പ്രധാനനാണയമായിരുന്നു. 1717-ല്‍ ഫറൂഖ് സിയാര്‍ 'മുഗള്‍ റുപി' കമ്മട്ടം ചെയ്യാന്‍ ബ്രിട്ടീഷുകാര്‍ക്ക് അനുവാദം നല്കി. 1793-ല്‍ സൂറത്ത് റുപി ബോംബെ പ്രസിഡന്‍സിയുടെ നാണയമായി മാറി. 1800-ല്‍ സൂറത്ത് കമ്മട്ടം ബ്രിട്ടീഷുകാരുടെ കൈപ്പിടിയിലായി.

മദ്രാസ് പ്രസിഡന്‍സിയില്‍ 'പഗോഡ'കളും, 'ഫണവും' പുറത്തിറക്കിയിരുന്നു. ഗോല്‍ക്കൊണ്ട സുല്‍ത്താന്‍ 1630-ല്‍ മസൂലി പട്ടണത്ത് ബ്രിട്ടീഷുകാര്‍ക്ക് കമ്മട്ടം സ്ഥാപിക്കാന്‍ അനുവാദം നല്കി. 1643-ല്‍ സെന്റ് ജോര്‍ജ് കോട്ടയില്‍ വിജയനഗര നാണയമടിക്കാന്‍ രംഗരായന്‍, കമ്പനിയെ അനുവദിച്ചു. 1660-61-ലാണ് മദ്രാസ് കമ്മട്ടം സ്ഥാപിതമായത്. ഇവിടെ ആര്‍ക്കോട്ട് റുപിയും കമ്മട്ടം ചെയ്തിരുന്നു. ആദ്യകാലത്ത് ഉത്തരേന്ത്യയിലേക്കും ബംഗാളിയിലേക്കും ആവശ്യമായ നാണയങ്ങള്‍ മദ്രാസ് കമ്മട്ടത്തില്‍ നിന്നാണ് നല്കിയിരുന്നത്.

1834-ല്‍ മുഗള്‍ ശൈലിയിലുള്ള നാണയങ്ങള്‍ ഉപേക്ഷിക്കുകയും പുതിയ ഇംഗ്ലീഷ് പരമാധികാരിയായി രാജ്ഞി അവരോധിക്കപ്പെടുകയും ചെയ്തു. 1835-ല്‍ മിക്കവാറും എല്ലാ കമ്മട്ടങ്ങളും നിര്‍ത്തലാക്കി. വൈവിധ്യമാര്‍ന്ന മുഗള്‍ നാണയങ്ങള്‍ നിര്‍ത്തലാക്കുകയും ഏകീകൃത നാണയസംവിധാനം കൊണ്ടുവരികയും ചെയ്തു. പകരം മൊഹര്‍, റുപി, അണ, പൈസ തുടങ്ങിയവ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ പേരില്‍ കമ്മട്ടം ചെയ്തു. ബംഗാള്‍, കൊല്‍ക്കത്ത കമ്മട്ടങ്ങളില്‍ നിന്നാണ് 1835-1947 വരെയുള്ള നാണയങ്ങള്‍ പൂര്‍ണമായും വിതരണം ചെയ്യപ്പെട്ടത്.

കേരളം

പ്രാചീന കേരളത്തിലെ നാണയസംവിധാനങ്ങളെക്കുറിച്ചുള്ള ലിഖിത രേഖകളല്ലാത്ത ചരിത്രപരമായ തെളിവുകള്‍ വളരെക്കുറവാണ്. 1945-ല്‍ തൃശൂര്‍ ജില്ലയിലെ ഇയ്യാല്‍ നിധിശേഖരത്തില്‍ നിന്ന് ലഭിച്ച മുദ്രാങ്കിത വെള്ളി കര്‍ഷാ പണമാണ് നമുക്ക് ലഭ്യമായ ഏറ്റവും പഴയ നാണയമെന്ന് പുരാവസ്തു വകുപ്പിന്റെ നാണയപഠനവിഭാഗം സാക്ഷ്യപ്പെടുത്തുന്നു. ഇത് ബി.സി. ഒന്നാം നൂറ്റാണ്ടിനും എ.ഡി. ഒന്നാം നൂറ്റാണ്ടിനും ഇടയിലുള്ളതാവാമെന്ന് അനുമാനിക്കപ്പെടുന്നു. തുടര്‍ന്ന് നൂറ്റാണ്ടുകളോളം നമ്മുടെ നാണയങ്ങളെക്കുറിച്ച് തെളിവുകളൊന്നും ലഭിക്കുന്നില്ല. ഐതിഹ്യങ്ങളും കെട്ടുകഥകളുമായി ധാരാളം പരാമര്‍ശങ്ങള്‍ കാണാം എന്നുമാത്രം. എന്നാല്‍, അവ ലഭ്യമായ തെളിവുകളുമായി ചേര്‍ത്തുവയ്ക്കാന്‍ കഴിയുന്നില്ല. ശാസനങ്ങളില്‍ നിന്നും, ലിഖിതരേഖകളില്‍ നിന്നും, സാഹിത്യങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മലയാളക്കരയിലെ ആദ്യകാല നാണയചരിത്രം ഇതള്‍ വിരിയുന്നത്. എന്നാല്‍ നിധിശേഖരണങ്ങളില്‍നിന്നും ലഭിച്ചിട്ടുള്ള വിദേശനാണയങ്ങള്‍ പ്രാചീനവ്യാപാരത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ വിപുലപ്പെടുത്തുന്നവയാണ്. 15-ാം നൂറ്റാണ്ടിനു ശേഷമുള്ള നാണയത്തെളിവുകള്‍ ലഭ്യവുമാണ്.

തദ്ദേശീയ നാണയങ്ങള്‍

പൊന്‍പണം, പരശുരാമന്‍രാശി, കലിയുഗരാജന്‍ പണം തുടങ്ങിയവ നമ്മുടെ നാണയങ്ങളായിരുന്നു. കലിയുഗരായന്‍ പണം കേരളത്തിലുടനീളം വ്യാപിച്ചിരുന്നതായി ശാസനങ്ങളില്‍ നിന്ന് മനസ്സിലാക്കാം. പ്രാചീന തമിഴകത്ത് നിലനിന്നിരുന്ന നാണയമാണ് 'ഹൂണ്‍' അഥവാ 'പൊന്‍' (57.6 ഗ്രേന്‍ തൂക്കം). കേരളക്കരയിലും ഇതിന് പ്രചാരമുണ്ടായിരുന്നു. സ്വര്‍ണപ്പണമെന്ന നാണയത്തിന് പൊന്‍മൂല്യവും 5.75 ഗ്രേന്‍ തൂക്കവുമുണ്ടായിരുന്നു. കാശ്, ചക്രം, വരാഹന്‍ എന്നീ നാണയങ്ങളും പ്രബലമായിരുന്നു.

അകനാനൂറും പുറനാനൂറും 9, 10, 11 ശ.-ങ്ങളിലെ ശാസനങ്ങളും 'കാണം', 'കഴഞ്ച്' 'പാണ്ഡ്യക്കാശ്' എന്നിവയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഒരു കഴഞ്ചിന് 12 പൊന്‍പണതൂക്കമുണ്ട്. പരശുരാമന്‍ പണം (ചാണാരക്കാശ്) ഇവിടെ വ്യാപകമായിരുന്നത്രെ. കൊ.വ. 662-ലെ മതിലകം രേഖയില്‍ 'തിരമ'ത്തെക്കുറിച്ച് പറയുന്നുണ്ട്.

9, 10 നൂറ്റാണ്ടുകളില്‍ 'കഴഞ്ചി'ന്റെയും 'കാണ'ത്തിന്റെയും പ്രചാരത്തിന് ശാസനത്തെളിവുകളുണ്ട്. 12, 13, 14 നൂറ്റാണ്ടുകളില്‍ വീരകേരളപ്പണത്തിനൊപ്പം ചോഴക്കാശ്, ചീനക്കാശ്, അറബി ദിനാര്‍, പൊന്‍, കാണം, പണം എന്നിവയും പ്രചാരത്തിലുണ്ടായിരിക്കാം. കിളിമാനൂര്‍ രേഖയില്‍ തിരമം, അച്ച് എന്നിവ കടന്നുവരുന്നുണ്ട്. തിരുവാറ്റുവായ് രേഖയിലും അച്ച് പരാമൃഷ്ടമാണ്.

പൊന്ന്, വെള്ളിക്കാശ്, തുലുക്കുകാശ്, വെള്ളിപ്പണം, ചോഴിയക്കാശ് എന്നിവയും ഇവിടെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. വിവിധ നാണയങ്ങള്‍ക്ക് പലതരം ഉത്പന്നങ്ങളുമായുള്ള വിനിമയ നിരക്കുകള്‍ പലരേഖകളില്‍ നിന്നും ലഭ്യമാണ്. നെല്ലും കുരുമുളകും മറ്റും പണം കൊടുത്തുവാങ്ങിയതിന്റെ രേഖകള്‍ ലഭ്യമാണ്.

ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന നാണയമായിരുന്നു പണം. കര്‍ണാടകയില്‍ 'ഹണ' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ചെറുതും വലുതുമായ കൈമാറ്റങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിച്ചതുകൊണ്ടാവാം ധനം എന്ന പൊതുവായ അര്‍ഥത്തിലും പണം പ്രസിദ്ധമായിത്തീര്‍ന്നു. ഇബ്ന്‍ ബത്തുത്ത, ജോണ്‍ മരിംഗോലി, അബ്ദുല്‍ റസാഖ് എന്നിവര്‍ പണത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. വേണാട്, കൊച്ചി, കോഴിക്കോട് രാജാക്കന്മാര്‍ക്ക് അവരവരുടെ 'പണം' ഉണ്ടായിരുന്നതായി മഹ്വാന്‍ (15-ാം ശ.) പ്രസ്താവിക്കുന്നു. ആദ്യം സ്വര്‍ണത്തിലായിരുന്നെങ്കിലും പിന്നീട് വെള്ളിയിലും ചെമ്പിലും പണം കമ്മട്ടം ചെയ്തു. ഇത് പണോപയോഗത്തിന്റെ പ്രചുരപ്രചാരത്തെ സൂചിപ്പിക്കുന്നതാണ്. പണം അളന്നുകണക്കാക്കുന്ന രീതിയും നിലവിലിരുന്നു.

ചോഴിയന്‍ കാശ്, തുലുക്കുകാശ്, വെള്ളിക്കാശ് എന്നിവയാണ് കാശുകള്‍. തിരമം, അരത്തിരമം, മുക്കാല്‍ത്തിരമം, കാല്‍ത്തിരമം എന്നിവയെക്കുറിച്ചും ഉണ്ണിച്ചിരുതേവി ചരിതത്തില്‍ പരാമര്‍ശമുണ്ട്. ഒരു മീന്‍ ചെതുമ്പലിന്റെയത്ര എന്ന് പോര്‍ച്ചുഗീസുകാര്‍ വിവരിക്കുന്ന നാണയമാണ് താരം. ഗുളികമകാണി, മുമ്മുറി, മുണ്ടിയവട്ട്, കമ്പി എന്നിങ്ങനെയുള്ള നാണയങ്ങളെക്കുറിച്ചും മധ്യകാലകൃതികളില്‍ പരാമര്‍ശമുണ്ട്. സ്ഥലകാലങ്ങള്‍ക്കനുസരിച്ച് നാണയമൂല്യം വ്യത്യാസപ്പെട്ടിരുന്നു. നാണയങ്ങള്‍ തമ്മില്‍ത്തമ്മിലുള്ള കൈമാറ്റവിലയും താരതമ്യമൂല്യവും മറ്റും ഇഴപിരിച്ചെടുക്കാന്‍ ഏറെ പ്രയാസമാണ്.

മറ്റൊരു നാണയമായിരുന്നു രാശിപ്പണം (കലിയന്‍). റിങ് സോളര്‍=1 കലിയന്‍, 27 കലിയന്‍=1 വെനീഷ്യന്‍, 24 ഡച്ച് ഡ്യൂക്കറ്റ്=1 കലിയന്‍ എന്നിങ്ങനെ കൈമാറ്റ നിരക്കുകള്‍ നിലനിന്നിരുന്നു. 'രായപ്പണം', 'രായന്‍പണം', 'കലിയുഗ രാമന്‍ പണം', കലിയുഗ രാജന്‍ രാശി എന്നീ പേരുകളില്‍ അറിയപ്പെടുന്ന നാണയങ്ങളെല്ലാം രാശിയാണ്.

കണ്ണൂര്‍ ആലിരാജാവിന്റെ നാണയങ്ങളെക്കുറിച്ചുള്ള ലഭ്യമായ രേഖകള്‍ 17-ാം നൂറ്റാണ്ടിന് ശേഷമുള്ളത് മാത്രമാണ്. കണ്ണൂര്‍ പണത്തിന്റെ പ്രചാരം 1709 മുതലാണ് ആരംഭിക്കുന്നത്. കോഴിക്കോട് സാമൂതിരിക്ക് 1667 മുതല്‍ കമ്മട്ടമുണ്ടായിരുന്നതിന് തെളിവുകളുണ്ട്. കമ്മട്ടക്കാരനെ വീരരായന്‍ തട്ടാന്‍ എന്നാണ് അറിയപ്പെടുന്നത്. 'വീരരായന്‍ പണവും' 'താരനും' പ്രസിദ്ധങ്ങളാണ്. വിജയനഗര നാണയങ്ങളെ മുന്നില്‍ക്കണ്ടാണ് ഈ നാണയങ്ങള്‍ രൂപകല്പന ചെയ്തത്. 1792-ല്‍ കമ്മട്ടം ചെയ്യാന്‍ ബ്രിട്ടീഷുകാരുമായി വ്യവസ്ഥയുണ്ടാക്കി.

കൊച്ചിയുടെ ഏറ്റവും പഴയനാണയം 'കലിയമേനി'യാകാമെന്ന് കരുതുന്നു. വെള്ളി ഒറ്റ-ഇരട്ട പുത്തനുകള്‍ ഡച്ചുകാരുടെ വരവിനും മുമ്പുള്ള നാണയങ്ങളായിരുന്നു. 1663-ല്‍ കൊടുങ്ങല്ലൂര്‍ കോട്ട ഡച്ചുകാര്‍ പിടിച്ചെടുത്തതോടെ ഇവരുടെ നാണയം കൊച്ചിയുടെ നാണയമായും പ്രവര്‍ത്തിച്ചു. 1847-നും 1858-നുമിടയിലാണ് കൊച്ചിക്കുവേണ്ടി അവസാനമായി നാണയനിര്‍മിതി നടത്തിയത്. 1900, 1941 വര്‍ഷങ്ങളിലെ വിളംബരമനുസരിച്ച് കൊച്ചിക്ക് നാണയനിര്‍മാണാവകാശം നഷ്ടപ്പെട്ടു. ഒറ്റ, ഇരട്ട പുത്തനുകള്‍ 1900 വരെ പ്രചാരത്തിലിരുന്നു.

'ചക്ര'ത്തിന്റെ നാടെന്ന് അറിയപ്പെടുന്ന തിരുവിതാംകൂറിലെ ആദ്യത്തെ ഔദ്യോഗിക കമ്മട്ടം 1790-ല്‍ പത്മനാഭപുരത്ത് സ്ഥാപിച്ചു. പാര്‍വള്ളി മുദ്രകളുള്ളതും ഇല്ലാത്തതുമായ വെള്ളിച്ചക്രങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നു. 1809-ല്‍ വെള്ളി അരച്ചക്രവും രണ്ടുചക്രവും കമ്മട്ടം ചെയ്തു. അരച്ചക്രം ഏറ്റവും കുറഞ്ഞ ഭിന്നനാണ്യമായിരുന്നു. ബോംബെ രൂപ ഉരുക്കിയാണ് വെള്ളിച്ചക്രം നിര്‍മിച്ചിരുന്നത്. സ്പാനിഷ് ജര്‍മന്‍ ഡോളറും, സൂറത്തി രൂപയും ഇതിനായി ഉപയോഗിച്ചിരുന്നു. കലിപ്പണവും രാശിപ്പണവും നാമമാത്രമായിരുന്നു. 1890-കളോടെ നാണയനിര്‍മാണം നിലച്ചു.

വൈദേശിക നാണയങ്ങള്‍

കേരളത്തിലെ റോമന്‍ നാണയശേഖരം ആദ്യമായി കണ്ടെത്തിയത് 1847-ല്‍ കണ്ണൂര്‍ ജില്ലയിലെ കോട്ടയം വാണിയന്‍കടവ് പുഴയോരത്തു നിന്നാണ്. ഇത് എഡ്ഗാര്‍ തേഴ്സ്റ്റന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ ഇയ്യാലില്‍നിന്നു ലഭിച്ച ശേഖരമാണ് കേരള പുരാവസ്തു വകുപ്പിനു കീഴിലുള്ള ആദ്യശേഖരം. ഇതില്‍ 12 റോമന്‍ ഓറി (സ്വര്‍ണം), 71 ദിനാരി (വെള്ളി), 34 മുദ്രാങ്കിത (വെള്ളി) നാണയങ്ങളാണ് ഉണ്ടായിരുന്നത്. ഇത് ബി സി ഒന്നാം നൂറ്റാണ്ടിനും എ.ഡി. ഒന്നാം നൂറ്റാണ്ടിനും ഇടയിലത്തേതാണെന്ന് കരുതപ്പെടുന്നു.

1992-ല്‍ ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തുനിന്നു ലഭിച്ച നാണയങ്ങളാവാം കേരളത്തിലെ ഏറ്റവും പഴക്കമാര്‍ന്ന റോമന്‍ സാന്നിധ്യത്തിന്റെ തെളിവ്. ഇവിടെനിന്നും 8 റോമന്‍ നാണയങ്ങളും അഗസ്റ്റസിന്റെ കാലത്തെ 11 നാണയങ്ങളും ലഭിച്ചിരുന്നു. ഇതില്‍ 190 ബി.സി.യിലെ നാണയങ്ങള്‍വരെ ഉണ്ടായിരുന്നു. മറ്റ് നിരവധി നിധിശേഖരങ്ങളില്‍നിന്നും വിവിധ കാലഘട്ടങ്ങളിലെ റോമന്‍ നാണയങ്ങള്‍ ലഭിച്ചിട്ടുണ്ട്. റോമുമായി നിലനിന്ന വ്യാപാരങ്ങളുടെ ഖനീഭവിച്ച തെളിവുകളായിവേണം ഈ നാണയങ്ങളെ മനസ്സിലാക്കാന്‍.

ചൈനീസ്, അറേബ്യന്‍ നാണയങ്ങളും വെനീഷ്യന്‍ ഡ്യൂക്കറ്റുകളും വൈദേശികബന്ധത്തിന്റെ തെളിവുകളാണ്. ഡ്യൂക്കറ്റുകളുപയോഗിച്ച് നെക്ലേസുകളും മറ്റും നിര്‍മിച്ചിരുന്നു. ഇവയ്ക്ക് ക്രിസ്ത്യാനികള്‍ക്കിടയില്‍ വ്യാപക പ്രചാരമുണ്ടായിരുന്നു. മധ്യകാല കൃതികളില്‍ കാണുന്ന 'ആമാട' ഡ്യൂക്കറ്റിനാല്‍ നിര്‍മിതമത്രെ.

പോര്‍ച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ബ്രിട്ടീഷ് അധിനിവേശകാലത്ത് നിരവധി നാണയങ്ങള്‍ അവരുടേതായി കമ്മട്ടം ചെയ്ത് ഇവിടെ പ്രചാരത്തില്‍ വരുത്തിയിരുന്നു. 1521-57 വരെ ചെമ്പ് ബസാറുക്കൊ (കാല്‍, അര, ഒന്ന്, രണ്ട്, നാല്) കൊച്ചിക്കുവേണ്ടി പോര്‍ച്ചുഗീസുകാര്‍ കമ്മട്ടം ചെയ്തിരുന്നു. പോര്‍ച്ചുഗീസുകാര്‍ കൊച്ചിക്കുവേണ്ടി ഇറക്കിയ നാണയങ്ങളായിരുന്നു റീസ്, എറ്റിയ (ചെമ്പ്), സിറഫിം, റുപിയ, റീസ്, ബസാറുക്കൊ, ടങ്ക, പത്താക്ക്, ബസ്റ്റിയാവൊ (വെള്ളി), പത്താക്ക്, സിറഫിം, എസ്ക്യൂഡോ (സ്വര്‍ണം) എന്നിവ.

കാന്തിരവീരരായന്റെ കാന്തിരാജന്‍പണവും മൈസൂര്‍ സുല്‍ത്താന്റെ നാണയങ്ങളും പ്രചാരത്തിലുണ്ടായിരുന്നു. സ്ഥലനാമം മുദ്രണം ചെയ്ത ആദ്യ നാണയങ്ങള്‍ പുറത്തിറക്കിയത് കോഴിക്കോടും ഫറുഖിലുമുള്ള ടിപ്പുവിന്റെ കമ്മട്ടങ്ങളില്‍നിന്നാണ്.

മാഹിപണവും കാരയ്ക്കല്‍ കാശും ഫ്രഞ്ച് സാന്നിധ്യത്തിന്റെ രേഖകളാണ്. തലശ്ശേരിപ്പണമെന്ന പേരില്‍ 1/5 രൂപ ഇംഗ്ളീഷുകാര്‍ പ്രചരിപ്പിച്ചു. തലശ്ശേരി വെള്ളയെന്നും ഈ നാണയങ്ങള്‍ അറിയപ്പെട്ടിരുന്നു. എട്ടുതരം നാണയങ്ങളുണ്ടായിരുന്നു, തലശ്ശേരിപ്പണ പരമ്പരയില്‍. ഡി.എ.സി., ഡി.ഒ.സി. എന്നീ അക്ഷരങ്ങള്‍ പതിച്ച ഡാനിഷ് നാണയങ്ങളും പ്രസിദ്ധമാണ്.

സ്വതന്ത്ര ഇന്ത്യന്‍ നാണയങ്ങള്‍

1947-ല്‍ സ്വാതന്ത്ര്യം നേടിയതിനുശേഷം നാണയസംവിധാനത്തില്‍ കാര്യമായ മാറ്റങ്ങള്‍ വന്നു. ബ്രിട്ടീഷിന്ത്യയുടെ നാണയങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് പുതിയ ശൈലികള്‍ സ്വീകരിച്ചു. ഒരു രൂപ 16 അണയ്ക്കും 64 പൈസയ്ക്കും തുല്യമായിരുന്നു. ഒര് അണയെന്നാല്‍ 4 പൈസ ആയിരുന്നു. 1957-ല്‍ ദശഗുണിത നാണയങ്ങളും അല്ലാത്തവയും നടപ്പിലാക്കി. 1964-ല്‍ 'നയപൈസ' (പുതിയ പൈസ)യിലെ 'നയ' ഒഴിവാക്കപ്പെട്ടു. 1, 2, 3, 4, 5, 10, 20, 25, 50 പൈസകളും, 1 രൂപയും പ്രചാരത്തിലുണ്ടായിരുന്നു. 1970-കളോടെ 1, 2, 3 പൈസകള്‍ പ്രചാരമില്ലാതായിത്തീര്‍ന്നു. 1982-ല്‍ പുതിയ 2 രൂപാനാണയം നടപ്പിലാക്കി.

Image:nanayam4.png

1988-ല്‍ സ്റ്റെയിന്‍ലെസ്സ് സ്റ്റീലില്‍ നിര്‍മിച്ച 10, 25, 50 പൈസ നാണയങ്ങള്‍ നടപ്പിലാക്കപ്പെട്ടു. തുടര്‍ന്ന് 1992-ല്‍ ഇതേ ലോഹത്തില്‍ ചെറുതും ഭാരം കുറഞ്ഞതുമായ ഒരു രൂപാ നാണയങ്ങള്‍ കമ്മട്ടം ചെയ്യാന്‍ തുടങ്ങി. ഇതേവര്‍ഷം കുപ്രോനിക്കലില്‍ 5 രൂപ നാണയങ്ങളും പുറത്തിറങ്ങി. 2006-ല്‍ ആദ്യമായി 10 രൂപ നാണയം പുറത്തിറങ്ങി. പലപ്പോഴായി സ്മരണികാ നാണയങ്ങളും കമ്മട്ടം ചെയ്തിരുന്നു. മഹാത്മാഗാന്ധി, നെഹ്റു, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, ധന്യനേശ്വര്‍, ഏഷ്യന്‍ ഗെയിംസ്, സര്‍ദാര്‍ വല്ലഭായി പട്ടേല്‍, സുഭാഷ് ചന്ദ്രബോസ്, ശ്രീ അരബിന്ദോ തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു. കൂടാതെ 5, 10, 20, 50, 100, 500, 1000 രൂപകളുടെ പേപ്പര്‍ കറന്‍സികളും ഇവിടെ ഉപയോഗിക്കുന്നു. സമാധാനത്തിന്റെയും അഹിംസയുടെയും ചിഹ്നമായി നാണയങ്ങളില്‍ അശോക സ്തംഭം മുദ്രണം ചെയ്യുന്നു.

ചൈന

സ്വതന്ത്രവും പടിഞ്ഞാറന്‍ നാണയസംവിധാനങ്ങള്‍ക്ക് സമാന്തരവുമായ 2500 വര്‍ഷത്തെ ചരിത്രമുണ്ട് ചൈനീസ് നാണയവികാസത്തിന്. മധ്യത്തില്‍ ദ്വാരമുള്ള കട്ടികുറഞ്ഞ വാര്‍പ്പുനാണയങ്ങളായിരുന്നു അവ. ചിത്രങ്ങളല്ല, ലിഖിതരൂപങ്ങളാണ് ഇവയില്‍ രേഖപ്പെടുത്തിയിരുന്നത്. നാണയഭാരവും ഭരണകര്‍ത്താവിന്റെ പേരും വര്‍ഷവും മാത്രമേ ഇവയില്‍ രേഖപ്പെടുത്തിയിട്ടുള്ളു.

കവടിരൂപത്തില്‍ വാര്‍ത്തെടുക്കുന്ന ലോഹങ്ങള്‍ (700 ബി.സി.) മണ്‍വെട്ടി, കത്തികള്‍ തുടങ്ങിയവയും ആദ്യകാലനാണയങ്ങളായി ഉപയോഗിച്ചിരുന്നു. ഇത് ഷാങ് രാജവംശ (17 ശ. - 11 ശ. ബി.സി) കാലത്തേതാകാം എന്ന് കരുതപ്പെടുന്നു. വടക്കന്‍ ചൈനയില്‍ ഉദ്ഭവിച്ച ഈ രീതി ഭാരത്തെ അടിസ്ഥാനപ്പെടുത്തിയതാണ്.

വൃത്താകാര നാണയങ്ങളുണ്ടായത് ബി.സി. ആറാം നൂറ്റാണ്ടിലാകാമെന്ന് കരുതുന്നു. ഓരോ നാണയവും 12 ഷു അല്ലെങ്കില്‍ ഒന്നര ചൈനീസ് ഔണ്‍സ് ആയിരുന്നു. ഇത് ഓരോ കാലഘട്ടത്തിലും വ്യത്യാസപ്പെട്ടിരുന്നു. 118 ബി.സി.യില്‍ 'വുതി' നടപ്പിലാക്കിയ നാണയപരിഷ്കരണം നൂറ്റാണ്ടുകളോളം വിജയകരമായി നിലനിന്നു. എ.ഡി. ഏഴാം നൂറ്റാണ്ടിലാണ് ഇവ പരിഷ്കരിച്ച് ചെറുതും കനംകുറഞ്ഞതുമാക്കി തീര്‍ത്തത്.

Image:coin china side.png

മധ്യത്തില്‍ ചതുരദ്വാരത്തോടുകൂടിയ വൃത്താകാര നാണയം ആദ്യ 'ടാങ്' ചക്രവര്‍ത്തി കവൊത്സു നടപ്പില്‍ വരുത്തി. ഇവ മുന്‍കാല നാണയങ്ങളെക്കാള്‍ കൂടുതല്‍ വ്യാപകമായി ഉപയോഗിച്ചു. ഇതിന്റെ മുഖഭാഗത്ത് നാണയ വിവരവും രാജവംശത്തിന്റെ പേരും ആലേഖനം ചെയ്തിട്ടുണ്ട്. മറുഭാഗത്ത് മുദ്രണങ്ങളൊന്നുമില്ല. സാങ് രാജവംശം (960-1280) നാണയങ്ങളിലെ എഴുത്തുരീതികള്‍ പലവിധമാക്കി. ഇതേ രാജവംശത്തിലെ ഹ്സിവൊങ്ത്സു (1163-89) നാണയങ്ങളുടെ എതിര്‍വശത്ത് ഭരണവര്‍ഷം രേഖപ്പെടുത്തിത്തുടങ്ങി. ഇതിനും 400 വര്‍ഷങ്ങള്‍ക്കുശേഷമേ പടിഞ്ഞാറ് ഇത് ആരംഭിക്കുന്നുള്ളൂ.

മധ്യകാലഘട്ടത്തില്‍ മംഗോളിയരുടെ ആക്രമണത്തിന് വിധേയരായി സാങ് രാജവംശം തകര്‍ന്നു. ജെംഗിസ് ഖാനും, കുബ്ളെഖാനുമായിരുന്നു ഇതിന് നേതൃത്വം നല്കിയത്. അവര്‍ പരിമിതമായ അളവിലേ നാണയങ്ങള്‍ പ്രചരിപ്പിച്ചിരുന്നുള്ളു. മിക്കവാറും പേപ്പര്‍ കറന്‍സികളാണ് ഇപയോഗിച്ചിരുന്നത്.

മിങ് (1368-1644) രാജവംശം ചൈനീസ് സംസ്കാരത്തിനും രാഷ്ട്രീയത്തിനും കനത്ത സംഭാവനകള്‍ നല്കിയിട്ടുണ്ട്. ഇവരുടെ നാണയങ്ങളും മറ്റ് നാണയങ്ങളുടെ പൊതുസ്വഭാവം പങ്കുവച്ചെങ്കിലും കമ്മട്ടത്തിന്റെ പേരും നാണയമൂല്യവും പുറകുവശത്ത് രേഖപ്പെടുത്താന്‍ തുടങ്ങി. ഈ മാറ്റങ്ങള്‍ 1911-ല്‍ ചിങ് വംശം അധികാരത്തില്‍ നിന്നു പുറത്താകുന്നതുവരെ തുടര്‍ന്നു. 1900-ത്തില്‍ പുതിയ നാണയരീതി അവലംബിച്ചു. ആയിരം പണം ഒരു യുവാന് തുല്യമായിരുന്നു.

Image:nanyam12.png

16-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ പടിഞ്ഞാറിന്റെ സ്വാധീനം ചൈനയില്‍ ഉടലെടുത്തു തുടങ്ങിയിരുന്നു. ഇതിനെതിരായ മനോഭാവവും അവിടെ ശക്തമായിരുന്നു. പടിഞ്ഞാറന്‍ ശൈലി സ്വീകരിക്കപ്പെട്ടില്ലെങ്കിലും നിര്‍മാണ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുകയുണ്ടായി. പഴയതിനും പുതിയതിനുമിടയിലെ മധ്യമ മാര്‍ഗമായിരുന്നു ഇത്. പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘര്‍ഷം ഈ നാണയങ്ങളില്‍ ദര്‍ശിക്കാവുന്നതാണ്. ആദ്യ യന്ത്രവത്കൃത നാണയനിര്‍മാണത്തിന് പരമ്പരാഗത ശൈലി ഉപയോഗിച്ചു.

ഗ്രീക്കു നാണയങ്ങള്‍

ബി.സി. ഏഴാം നൂറ്റാണ്ടോടെയാണ് ഏഷ്യാമൈനറില്‍ ആദ്യ നാണയ ഉപയോഗം ആരംഭിക്കുന്നത്. ഹെറഡോട്ടസും തത്ത്വചിന്തകനായ ക്സിനോഫോണും ലിഡിയക്കാരാണ് നാണയങ്ങള്‍ കണ്ടുപിടിച്ചതെന്ന് അവകാശപ്പെടുന്നു. ചൈനീസ് നാണയങ്ങള്‍ ഇവര്‍ ആദ്യനാണയമായി അംഗീകരിക്കുന്നില്ല. സ്വര്‍ണം, വെള്ളി എന്നിവയുടെ സ്വാഭാവികസങ്കരമായ ഇലക്ട്രം ഉപയോഗിച്ചായിരുന്നു ആദ്യ ലിഡിയന്‍ നാണയം നിര്‍മിച്ചിരുന്നത്. ഇവ വ്യാപാരത്തിന് ഉപയോഗിക്കുകയും ഗ്രീക്കു കോളനികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

Image:greek 7.png

വെള്ളി, സ്വര്‍ണം അനുപാതം 20:1 എന്ന് നിജപ്പെടുത്തിയ ക്യ്രൂസസിന്റെ നാണയമായിരുന്നു ലോകത്തിലെതന്നെ ആദ്യ ബഹുലോഹ നാണയം.

ഗ്രീക്കു നാണയകാലത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നു. പുരാതനം (ബി.സി. 600 മുതല്‍ ബി.സി. 480 വരെ), ക്ലാസ്സിക്കല്‍ (ബി.സി. 480-330), ഹെലനിസ്റ്റിക് (330-1 സി ബി.സി.) എന്നിങ്ങനെയാണ് അവ.

പുരാതനകാലത്ത് ഗ്രീസ് നിരവധി നഗരരാഷ്ട്രങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. അവ വ്യത്യസ്തങ്ങളായ നാണയങ്ങള്‍ തയ്യാറാക്കിയിരുന്നു. എയ്ജിനയിലെ വെള്ളി ഡ്രാക്മ (6.1 ഗ്രാം) ഇതിനുദാഹരണമാണ്. വ്യത്യസ്ത ഭാരമാനദണ്ഡങ്ങള്‍ക്കൊപ്പം പട്ടണത്തിന്റെ ചിഹ്നവും നാണയങ്ങളില്‍ മുദ്രണം ചെയ്തിരുന്നു. സുന്ദരമായത് എന്ന് അര്‍ഥമുള്ള ഡ്രാകം (വെള്ളി ടെട്രാ ഡ്രാകം) ഏഥന്‍സ് ഉത്പാദിപ്പിക്കാന്‍ തുടങ്ങിയിരുന്നു.

ക്ലാസ്സിക്കല്‍ കാലഘട്ടത്തിലാണ് ഗ്രീക്കു നാണയങ്ങള്‍ സാങ്കേതികമായും കലാപരമായും ഉന്നതമൂല്യം കൈവരിച്ചത്. ദേവതമാരുടെയും വീരന്മാരുടെയും ചിത്രങ്ങള്‍ മുഖഭാഗത്തും പട്ടണങ്ങളുടെ ചിത്രങ്ങള്‍ മറുഭാഗത്തുമുള്ളവയാണ് ഈ നാണയങ്ങള്‍. സിറാക്യൂസില്‍ നിന്ന് പുറത്തിറങ്ങിയ 'ഡെകാ ഡ്രാകം' ലോകത്തിലെ തന്നെ സുന്ദരമായ നാണയങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ഇത് പേര്‍ഷ്യക്കാര്‍ക്കെതിരെ ഗ്രീസ് നേടിയ വിജയത്തിന്റെ സ്മാരകമായിരുന്നു. മൂങ്ങയുടെയും ഒലിവിലയുടെയും ചിത്രമുള്ള നാണയം ഏഥന്‍സ് കരുത്തുറ്റ, വിജയികളുടെയും സമാധാനത്തിന്റെയും നാടാണെന്ന ആശയപ്രചാരണത്തിന് കൂടി ഉപയോഗിച്ചു.

Image:nanyam3.png

ഹെലനിസ്റ്റിക് ഘട്ടത്തില്‍ ഗ്രീക്കു സംസ്കാരം ലോകത്തിന്റെ പലഭാഗങ്ങളിലേക്കും വ്യാപിച്ചു. പുതിയ സാമ്രാജ്യം വന്‍തോതില്‍ നാണയങ്ങള്‍ ഉത്പാദിപ്പിക്കുകയും വ്യാപാരികള്‍ ഇത് വിവിധ പ്രദേശങ്ങളില്‍ എത്തിക്കുകയും ചെയ്തു. കേരളത്തില്‍നിന്നും മറ്റ് ദക്ഷിണേന്ത്യന്‍ ദേശങ്ങളില്‍ നിന്നും വന്‍തോതില്‍ നാണയങ്ങള്‍ ലഭിച്ചത് ഇക്കാലത്തെ വ്യാപാരത്തിന്റെ പ്രാ മുഖ്യം വെളിപ്പെടുത്തുന്നുണ്ട്. ഗ്രീക്കോ ബാക്ടിയന്‍ നാണയങ്ങളും ഇന്തോ-ഗ്രീക്കു നാണയങ്ങളും ഗ്രീക്കു നാണയസംവിധാനങ്ങളുടെ മികച്ച ദൃഷ്ടാന്തങ്ങളാണ്. ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചു എന്നുള്ളതാണ് ഇക്കാലത്തിന്റെ മറ്റൊരു പ്രത്യേകത. സിസിലിയാണ് ഈ രീതി ഉപയോഗിച്ചത്.

ടെട്രാഡ്രാകം, ഡൈഡ്രാകം, ഡെകാ ഡ്രാകം, ഇലക്ട്രം സ്റ്റാറ്റര്‍, സ്വര്‍ണസ്റ്റാറ്റര്‍, വെള്ളി സ്റ്റാറ്റര്‍, വെങ്കല നാണയങ്ങള്‍ തുടങ്ങിയവയുടെ വിവിധ രൂപങ്ങള്‍ ഗ്രീസിലെ വിവിധ പട്ടണങ്ങളില്‍ നിലവിലിരുന്നു.

റോമന്‍ നാണയങ്ങള്‍

ഗ്രീക്കു നാണയസംവിധാനം ആരംഭിച്ച് രണ്ടു നൂറ്റാണ്ടുകള്‍ക്ക് ശേഷമാണ് റോമില്‍ ഇത് ആരംഭിക്കുന്നത്. ബി.സി. അഞ്ചാം നൂറ്റാണ്ടില്‍ ജൂലിയ പപിറിയ വെങ്കല നാണയങ്ങള്‍ കൊണ്ടുവന്നു. ഗ്രീക്കുകാരെപ്പോലെ ദേവതാ ദേവന്മാരുടെ ചിത്രണങ്ങളുണ്ടായിരുന്നു, നാണയങ്ങളില്‍. ബി.സി. മൂന്നാം നൂറ്റാണ്ടുവരെ റോമില്‍ വെള്ളിനാണയങ്ങള്‍ നിര്‍മിച്ചിരുന്നില്ലെന്നു കരുതപ്പെടുന്നു. ഏറെ ശ്രദ്ധേയമായ വെള്ളി ദിനാറിയസ് 187 ബി.സി.യിലാണ് നിര്‍മിക്കപ്പെട്ടത്.

ആദ്യ സ്വര്‍ണനാണയം പ്രത്യക്ഷപ്പെടുന്നത് രണ്ടാം പ്യൂണിക് യുദ്ധത്തോടനുബന്ധിച്ച് 218-201 ബി.സി.യിലാണ്. റിപ്പബ്ളിക്കിന്റെ അവസാനകാലത്ത് കറന്‍സിയുടെ യുനിറ്റ് 25 ദിനാറി മൂല്യമുള്ള സ്വര്‍ണഔറസ് ആയിരുന്നു. 12 1/2 ദിനാറി മൂല്യമുള്ള ക്വിനാറിയസ് മറ്റൊരു സ്വര്‍ണനാണയമായിരുന്നു. 16, 8 എയ്സസ് മൂല്യമുള്ള വെള്ളി ദിനാറിയസ്, ക്വിനാറിയസ് തുടങ്ങിയവ റോമില്‍ നിലവിലുണ്ടായിരുന്നു. ചെമ്പ്, ടിന്‍ സ്വാഭാവിക ലോഹസങ്കരം എന്നിവ കൊണ്ട് നിര്‍മിച്ച സെസ്സ്റ്റെര്‍ട്ടിയുസ് മറ്റൊരു നാണയമായിരുന്നു.

Image:nanayam5.png

ജൂലിയസ് സീസര്‍ സ്വന്തം ചിത്രം തന്നെ നാണയങ്ങളില്‍ രേഖപ്പെടുത്തിയിരുന്നു. പണമിടപാടിന്റെ പ്രത്യേക ചുമതലക്കാരെ സൂചിപ്പിക്കുന്ന ചില അടയാളങ്ങള്‍ നാണയങ്ങളിലുണ്ടായിരുന്നു. പില്ക്കാലത്ത് അത് അവരുടെ പേരുകള്‍ രേഖപ്പെടുത്തുന്നതിലും തുടര്‍ന്ന് കുടുംബചരിത്രം രേഖപ്പെടുത്തുന്നതിലും ചെന്നെത്തി. ഫോസ്റ്റുലസിന്റെ നാണയങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്.

ദിനാറിയസ് ആയിരുന്നു റോമന്‍ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല്. പില്ക്കാലത്ത് അത് പതുക്കെ ഇല്ലാതായി. തുടര്‍ന്ന് ഇരട്ട ദിനാറിയസ് കമ്മട്ടം ചെയ്തു. 3-ാം നൂറ്റാണ്ടോടെ അതും നിലയ്ക്കുകയായിരുന്നു. യുദ്ധത്തില്‍ പരാജയപ്പെടുത്തിയവരുടെ (ഉദാ. ഗൌളിക് നേതാവ് വെര്‍ഡി ഗെറ്ററിക്സ്) ചിത്രങ്ങളും യുദ്ധവിജയം കാണിക്കാന്‍ ഉപയോഗിച്ചിരുന്നു. സീസറുടെ വധത്തിനുശേഷം ഇറങ്ങിയ നാണയങ്ങളില്‍ അദ്ദേഹത്തിന്റെ ചിത്രം ഒരുവശത്തും സ്വാതന്ത്യ്രത്തൊപ്പിയും കഠാരകളും മറുവശത്തും മുദ്രണം ചെയ്ത നാണയങ്ങള്‍ കമ്മട്ടം ചെയ്തിട്ടുണ്ട്.

ക്ലാസ്സിയസ് (41-54 എ.ഡി.) നില്ക്കുന്ന സ്വാതന്ത്ര്യരൂപം ചെമ്പുനാണയങ്ങളില്‍ നടപ്പിലാക്കി. കടല്‍വഴിയുള്ള വ്യാപാരത്തിന്റെയും തുറമുഖങ്ങളുടെയും പ്രാധാന്യം വിളിച്ചോതുന്നവയാണ് ചില നാണയങ്ങള്‍. ക്രൈസ്തവചിഹ്നം ആദ്യമായി നാണയങ്ങളില്‍ ഉപയോഗിക്കുന്നത് നാലാം നൂറ്റാണ്ടില്‍ കോണ്‍സ്റ്റാന്റിയനിന്റെ കാലത്തോടെയാണ്. ഇദ്ദേഹം 'ഓറിയസി'ന് പകരം 'സൊലിഡസ്' നടപ്പിലാക്കി. ഇദ്ദേഹമാണ് പില്ക്കാലത്ത് കിഴക്കന്‍ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനമായി മാറിയ കോണ്‍സ്റ്റാന്റിനോപ്പിള്‍ സ്ഥാപിച്ചത്. ഇക്കാലത്ത് മതാത്മകവും പൗരസ്ത്യ സ്വാധീനമുള്ളതുമായ കലാരീതികള്‍ വികസിച്ചുവന്നു.

യൂറോപ്പ്

മധ്യകാലത്തിന്റെ ആദ്യപാദങ്ങളെ വിശ്വാസങ്ങളുടെ കാലം എന്നും വിളിക്കാറുണ്ട്. ഫ്യൂഡലിസം രൂപപ്പെട്ടുവരുന്നതും ഇക്കാലത്ത് തന്നെയായിരുന്നു. ഇവര്‍ക്ക് നാണയങ്ങളടിക്കാനുള്ള പ്രത്യേക അവകാശങ്ങള്‍ ഉണ്ടായിരുന്നു. കരൊലിന്‍ജിയന്‍സ് സ്വര്‍ണനാണയങ്ങള്‍ അടിക്കാനുള്ള അവകാശം നിര്‍ത്തലാക്കുകയും പകരം വെള്ളിനാണയങ്ങളായ ഒബൊള്‍, ഡിനാറിയസ് എന്നിവ നടപ്പിലാക്കുകയും ചെയ്തു.

10-ാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവന്ന 'കാപെറ്റയിന്‍' വംശം ഗോഥിക് രീതിയില്‍ അലങ്കരിച്ചതും കുരിശ് രേഖപ്പെടുത്തിയതുമായ നാണയങ്ങളിറക്കുകയുണ്ടായി. ഇതേകാലത്ത് 1066-ല്‍ ഇംഗ്ലണ്ടില്‍ നോര്‍മന്‍ വംശം അധികാരത്തില്‍ വരികയും ആംഗ്ലോ സാക്സന്‍ വംശം സ്ഥാപിക്കുകയും ചെയ്തു. ജര്‍മനിയും ഇറ്റലിയും താരതമ്യേന സ്ഥിരതയുള്ളവയായിരുന്നു. കുരിശുയുദ്ധങ്ങള്‍ നാണയനിര്‍മാണത്തെ സ്വാധീനിച്ചിരുന്നു.

13-ാം നൂറ്റാണ്ടിലുണ്ടായ സാമ്പത്തിക വളര്‍ച്ച പെന്നിയെ അടിസ്ഥാനമാക്കിയുള്ള നാണയവിനിമയം അസാധ്യമാക്കി. ഇത് വലിയ വെള്ളിനാണയങ്ങള്‍ക്കും സ്വര്‍ണനാണയങ്ങളുടെ തിരിച്ചുവരവിനും കാരണമായിത്തീര്‍ന്നു. ഉയര്‍ന്ന മൂല്യമുള്ള വിനിമയങ്ങള്‍ക്ക് അത്തരം നാണയങ്ങള്‍ ആവശ്യമായിരുന്നു. വെനീസ് ആയിരുന്നു വ്യാപാരികളുടെ പ്രധാനകേന്ദ്രം. അവിടെ ഗ്രൊസ്സോ എന്ന പുതിയ നാണയം ആരംഭിച്ചു. കേരളത്തില്‍ നിന്നുവരെ വെനീഷ്യന്‍ നാണയങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഗ്രൊസ്സോ യൂറോപ്പിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ വ്യാപിച്ചു. ബാര്‍സലോണയില്‍ ഇത് 'ക്രോട്ട്' എന്നും ജര്‍മനിയില്‍ 'ഗ്രൊഡ്ചെന്‍' എന്നും അറിയപ്പെട്ടു.

1500-ല്‍ 'ടെസ്റ്റൂണ്‍', 'ഷില്ലിങ്' എന്ന പേരില്‍ ഇംഗ്ളണ്ടിന്റെ നാണയമായി മാറി. ഡോളറിന്റെ പൂര്‍വികനായ 'താലെര്‍' എന്ന വലിയ വെള്ളിനാണയം യൂറോപ്പിലെങ്ങും പ്രചാരം നേടി. ഇറ്റലി നാണയപരിഷ്കരണത്തില്‍ ഏറെ മികവുകാട്ടി. ഫ്ളോറന്‍സ് ഫ്ളോറിന്‍ (1252 എ.ഡി.) സ്വര്‍ണനാണയവും വെനീസ് ഡുക്കറ്റും (1284 എ.ഡി.) ഉം പ്രചാരത്തില്‍ വരുത്തി. വെനീസും ബൈസാന്റിയന്‍ സാമ്രാജ്യവും തമ്മിലുള്ള ദൃഢബന്ധത്തെ സൂചിപ്പിക്കുന്നതാണ് 'ഡുക്കറ്റ്'.

ഇംഗ്ലണ്ടിന്റെ വലിയ സ്വര്‍ണനാണയമായിരുന്നു 'നോബ്ള്‍' (1344 എ.ഡി.) ഇത് വര്‍ധിച്ച സാമ്രാജ്യത്വ വ്യാപനത്വര, ആധുനിക ദേശരാഷ്ട്രം ശക്തിപ്പെടുന്നതിന്റെയും കുറഞ്ഞുവരുന്ന പൗരോഹിത്യ സ്വാധീനത്തിന്റെയും സൂചകം എന്നീ നിലകളില്‍ രാഷ്ട്രീയ പ്രാധാന്യമുള്ള നാണയമത്രെ. ഫ്രാന്‍സിലും സ്പെയിനിലും സമാനമായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സ്പാനിഷ് 'ഡൊബ്ള'യില്‍ വളരെക്കുറച്ചു മാത്രമേ മതചിഹ്നങ്ങള്‍ ഉപയോഗിച്ചിട്ടുള്ളൂ. സ്റ്റേറ്റിനെയും പള്ളിയെയും അവര്‍ ഒരുമിച്ചുകൊണ്ടുപോയി.

മധ്യകാല യൂറോപ്പിന്റെ രണ്ടാംപാതി ഏറെ മതപരിഷ്കരണങ്ങളുടെയും ഉണര്‍ന്നെഴുന്നേല്ക്കലിന്റെയും കാലം കൂടിയാണ്. അഞ്ച് നൂറ്റാണ്ടോളം ഇതിന്റെ അലയൊലികള്‍ യൂറോപ്പില്‍ നിലനിന്നു. ദേശരാഷ്ട്രങ്ങളുടെ രൂപീകരണവും മതപൌരോഹിത്യത്തിന്റെ തളര്‍ച്ചയും മാനവികതാവാദം ശക്തിപ്പെടുന്നതും ഇക്കാലത്താണ്. ഇത് വന്‍ വ്യാപാരവളര്‍ച്ചയുടെ കാലഘട്ടം കൂടിയായിരുന്നു. നവോത്ഥാന യൂറോപ്യന്‍ നാണയങ്ങളില്‍ ക്ളാസ്സിക്കല്‍ ഭൂതകാലത്തിന്റെ പ്രചോദനം പ്രകടമായിരുന്നു. ദൈവത്തിനുപകരം മനുഷ്യകേന്ദ്രിതമായ തത്ത്വചിന്തയുടെ കാലമായിരുന്നു ഇത്. 14-ാം നൂറ്റാണ്ടുമുതല്‍ 17-ാം നൂറ്റാണ്ടുവരെയാണ് നവോത്ഥാനത്തിന്റെ കാലം.

ഇക്കാലത്ത് നാണയനിര്‍മാണ സാങ്കേതികവിദ്യയിലും കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. സ്ക്രുപ്രസ്സ്, റോളര്‍പ്രസ്സ് തുടങ്ങിയവ ഇത്തരത്തിലുള്ള വികാസത്തില്‍ ഉള്‍പ്പെടുന്നു. പുതിയ പുതിയ വ്യാപാരസീമകള്‍ കണ്ടെത്തിയും പുതിയ പുതിയ പ്രദേശങ്ങള്‍ കീഴ്പ്പെടുത്തിയും യൂറോപ്പ് അതിന്റെ സ്വാധീനശക്തി വര്‍ധിപ്പിച്ചുകൊണ്ടിരുന്നു. വ്യാപാരമുതലാളിത്തത്തിന്റെ (merchantile capitalism) വികാസവും തുടര്‍ന്ന് മുതലാളിത്തത്തിന്റെ രൂപപ്പെടലും നടന്നുകൊണ്ടിരിക്കുകയായിരുന്നു. സമ്പദ്ഘടന ഇതിനനുസൃതമായി പുനഃസംഘടിപ്പിക്കപ്പെടുകയും അതിന്റെ പ്രതിഫലനം നാണയങ്ങളിലും സൃഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

അമേരിക്ക, കാനഡ, ലാറ്റിനമേരിക്ക, ഇന്ത്യയുള്‍പ്പെടെയുള്ള പൌരസ്ത്യ രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളിലൊക്കെയും യൂറോപ്യന്‍ അധിനിവേശം നടക്കുകയുണ്ടായി. 16-ാം നൂറ്റാണ്ടില്‍ ലാറ്റിനമേരിക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വന്‍തോതില്‍ അമൂല്യലോഹശേഖരം കണ്ടെത്തപ്പെടുകയും അവ സ്പെയിന്‍ ചൂഷണം ചെയ്യാന്‍ ആരംഭിക്കുകയും ചെയ്തത് വര്‍ധിച്ച വ്യാപാരാവശ്യങ്ങള്‍ക്കാവശ്യമായത്രയും നാണയങ്ങള്‍ നിര്‍മിക്കുന്നതിനും ലഭ്യമാക്കുന്നതിനും സഹായകരമായി മാറി. ഇത് യൂറോപ്യന്‍ അധിനിവേശശക്തികള്‍ക്ക് ധനപരമായ പരിമിതി മറികടക്കുന്നതിനും, ഊര്‍ജസ്വലമായി മുന്നോട്ടുപോകുന്നതിനും കരുത്തു നല്കി.

ബുക്ക് കീപ്പീങ്, ബാങ്കിങ് സംവിധാനങ്ങള്‍ വ്യാപകമായത്, വലിയതുകകള്‍ കൈമാറുന്നതിന് ബില്‍ സംവിധാനങ്ങള്‍ നിലവില്‍ വന്നത്, യൂറോപ്യന്‍ കടലാസു പണത്തിന്റെ ആരംഭം, തുടങ്ങിയ കാര്യങ്ങള്‍ നാണയ വിനിമയരംഗത്ത് വന്‍ കുതിച്ചുചാട്ടംതന്നെ 17-ാം നൂറ്റാണ്ടില്‍ സൃഷ്ടിച്ചു. ഇവ കൊളോണിയല്‍ അധിനിവേശത്തിനും മുതലാളിത്തത്തിന്റെ മുന്നേറ്റത്തിനും ശക്തി പകര്‍ന്ന ഘടകങ്ങളായിരുന്നു.

പതിനെട്ട്, പത്തൊന്‍പത് നൂറ്റാണ്ടുകളിലെ വ്യാവസായിക വിപ്ളവവും അതേത്തുടര്‍ന്നു രൂപപ്പെട്ട സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങളും നാണയനിര്‍മാണത്തില്‍ പ്രതിഫലിച്ചു. ജെയിംസ് വാട്ടിന്റെയും മാത്യൂ ബൌള്‍ടന്റെയും സംയുക്ത ശ്രമഫലമായി നീരാവി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന യന്ത്രക്കമ്മട്ടം വികസിപ്പിച്ചെടുത്തു. ഇത് വന്‍തോതില്‍ നാണയങ്ങള്‍ ഒന്നിച്ച് തയ്യാറാക്കുന്നതിന് സഹായകമായിത്തീര്‍ന്നു. ഈ സംവിധാനം യൂറോപ്പില്‍ വ്യാപകമായി. പേപ്പര്‍കറന്‍സികള്‍ ലോകത്താകമാനം പ്രചുരപ്രചാരം നേടുകയും, മുഖ്യവിനിമയോപാധിയായി മാറുകയും ചെയ്തു.

സാമ്പത്തിക പുരോഗതിക്കൊപ്പം ദേശരാഷ്ട്രസങ്കല്പം ശക്തിപ്പെടുകയും വ്യാപകമാവുകയും ചെയ്തു. ഇത് രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. അമേരിക്കന്‍ വിപ്ലവവും (1775-83) ഫ്രഞ്ച് വിപ്ലവവും (1789-99) ഇതിന് ഉദാഹരണമാണ്.

നെപ്പോളിയന്‍ III ലാറ്റിന്‍ മോണിറ്ററി യൂനിയന്‍ (1865) അന്താരാഷ്ട്രതലത്തില്‍ ഏകീകൃത മാനക നാണയസംവിധാനം വികസിപ്പിക്കാന്‍ ശ്രമിച്ചു. പിന്നീട് മറ്റു പല മേഖലകളിലും ഈ ഫ്രഞ്ച് രീതി സ്വീകരിക്കപ്പെടുകയുണ്ടായി. ദേശീയവാദം യൂറോപ്പിലെ പല രാജ്യങ്ങളെയും സ്വതന്ത്രമാക്കുകയും അവിടങ്ങളില്‍ പുതിയ നാണയസംവിധാനം വികസിച്ചുവരികയും ചെയ്തു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%A3%E0%B4%AF%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍