This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഡീവ്യൂഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നാഡീവ്യൂഹം= Nervous system ബാഹ്യവും ആന്തരികവുമായ വിവിധതരം ചോദനകള്‍ (sti...)
അടുത്ത വ്യത്യാസം →

10:00, 28 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

നാഡീവ്യൂഹം

Nervous system

ബാഹ്യവും ആന്തരികവുമായ വിവിധതരം ചോദനകള്‍ (stimuli) ക്കനുസൃതമായി ശാരീരിക പ്രവര്‍ത്തനങ്ങളെയും പ്രതികരണങ്ങളെയും നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്ന വ്യവസ്ഥ.

നാഡീകോശങ്ങള്‍ അഥവാ ന്യൂറോണുകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന സവിശേഷ കോശങ്ങളാണ് നാഡീവ്യൂഹത്തിന്റെ അടിസ്ഥാന ഘടകം. ദശലക്ഷക്കണക്കിന് നാഡീകോശങ്ങള്‍ ഉള്‍പ്പെടുന്നതാണ് നാഡീവ്യൂഹം. നാഡീവ്യൂഹത്തിന്റെ അടിസ്ഥാനഘടകമായ നാഡീകോശത്തിന് പ്രധാനമായും ഒരു കോശശരീരവും ആക്സോണ്‍, ഡെന്‍ഡ്രൈറ്റുകള്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന രണ്ടുതരം നാഡീകോശ തന്തുക്കളുമാണുള്ളത്. ആയിരക്കണക്കിന് നാഡീകോശ തന്തുക്കള്‍ ചേര്‍ന്നതാണ് ഒരു നാഡി (nerve). ബാഹ്യമോ, ആന്തരികമോ ആയ വിവിധതരം ചോദനകള്‍ക്കനുസൃതമായി ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും, ഏകോപിപ്പിക്കുകയും ചെയ്യുന്നത് നാഡീവ്യൂഹമാണ്. തീയില്‍ തൊടുമ്പോള്‍ കൈ പിന്‍വലിക്കുന്നതുപോലെയുള്ള ഐച്ഛികപ്രവര്‍ത്തനങ്ങളെയും ഹൃദയസ്പന്ദനം, രക്തചംക്രമണം തുടങ്ങിയ അനൈച്ഛിക പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്നതും നാഡീവ്യൂഹമാണ്.

നാഡീവ്യൂഹത്തിന്റെ ഏറ്റവും ലളിതമായ പ്രവര്‍ത്തനശൃംഖല റിഫ്ളക്സ് ആര്‍ക്ക് (Reflex arc) എന്ന പേരില്‍ അറിയപ്പെടുന്നു. വിവിധതരം ബാഹ്യചോദനകള്‍ സംവേദക ന്യൂറോണുകള്‍ (sensory neuron) എന്ന സ്വീകരണ കോശങ്ങളില്‍ എത്തിച്ചേരുന്നതോടെയാണ് ഈ പ്രവര്‍ത്തനശൃംഖല സജീവമാകുന്നത്. സംവേദക ന്യൂറോണില്‍ എത്തുന്ന ചോദനകള്‍ വൈദ്യുത ആവേഗങ്ങളായി പരിവര്‍ത്തനം ചെയ്യുകയും തുടര്‍ന്ന് ഇവ സംവേദകന്യൂറോണുകളുടെ ആക്സോണില്‍ക്കൂടി സഞ്ചരിച്ച് സംയോജക ന്യൂറോണില്‍ (association neuron) എത്തിച്ചേരുകയും ചെയ്യുന്നു. സംയോജക ന്യൂറോണുകള്‍ ആവേഗങ്ങളെ അഥവാ സന്ദേശങ്ങളെ സമഗ്രമായി അപഗ്രഥിച്ചശേഷം ചാലകന്യൂറോണുകള്‍ക്ക് (motor neuron) കൈമാറ്റം ചെയ്യുകയും, ചാലകന്യൂറോണുകള്‍ ഈ സന്ദേശങ്ങളെ പ്രവര്‍ത്തനക്ഷമമാകേണ്ട എഫക്ടര്‍ കോശങ്ങളില്‍ (effector cells) എത്തിക്കുകയും ചെയ്യുന്നു. എഫക്ടര്‍ കോശങ്ങള്‍ സാധാരണയായി ഒരു പേശിയോ ഗ്രന്ഥിയോ ആയിരിക്കും. ഇവ ആവേഗങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്നു.

ഉയര്‍ന്നതരം ജീവികളില്‍ അനേകായിരം ന്യൂറോണുകള്‍ ഉള്‍പ്പെട്ട സങ്കീര്‍ണമായ നാഡീവ്യവസ്ഥയാണുള്ളത്. ഓരോ ആവേഗവും കടന്നുപോകുന്ന സംയോജക ന്യൂറോണിനെ അടിസ്ഥാനമാക്കിയായിരിക്കും ജീവികളില്‍ വ്യത്യസ്ത പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്.

നാഡീവ്യൂഹം അകശേരുകികളില്‍. പരിണാമ പ്രക്രിയയ്ക്കനുസൃതമായി താണതരം അകശേരുകികളെയപേക്ഷിച്ച് ഉയര്‍ന്നതരം അകശേരുകികളില്‍ നാഡീവ്യൂഹം കാര്യമായ വികസനത്തിന് വിധേയമായിരിക്കുന്നു. വ്യക്തമായ നട്ടെല്ലില്ലാത്ത ആദിമകശേരുകികളില്‍ (ഉദാ. ആംഫിയോക്സസ്, ലാംപ്രേ), നാഡിവ്യൂഹത്തിന് പകരം പൊള്ളയായ ഒരു കുഴല്‍ മാത്രമാണ് ഉണ്ടായിരുന്നത്. ന്യൂറല്‍ ട്യൂബ് (neural tube) എന്ന പേരില്‍ അറിയപ്പെടുന്ന ഈ കുഴല്‍ ആധുനിക കശേരുകികളുടെ സുഷുമ്നയ്ക്ക് ഏതാണ്ട് സമാനമാണ്. ഇതിന്റെ മധ്യഭാഗത്തായി നാഡീകോശശരീരങ്ങള്‍ അടങ്ങിയ ചാരഭാഗവും (grey region) അതിനുചുറ്റുമായി ന്യൂറോണുകളുടെ ആക്സോണുകളും, ഡെന്‍ഡ്രൈറ്റുകളും അടങ്ങിയ ശ്വേത ഭാഗവുമാണുള്ളത് (white region). ന്യൂറല്‍ ട്യൂബിന്റെ ഒരു ഭാഗം, അവിടെ നിന്നും ആരംഭിക്കുന്ന നാഡികള്‍ എത്തിച്ചേരുന്ന ഒരു പ്രത്യേക ശരീരഭാഗത്തിന്റെ പ്രവര്‍ത്തനങ്ങളെ മാത്രമേ നിയന്ത്രിക്കുന്നുള്ളു. എന്നാല്‍, ആദിമജീവികള്‍ ഉള്‍പ്പെടുന്ന അകശേരുകികളുടെ വിഭാഗമായ ഫൈലം പോറിഫെറയില്‍ യഥാര്‍ഥ നാഡികള്‍ കാണപ്പെടുന്നില്ല. എന്നാല്‍ സ്പോഞ്ചു പോലെയുള്ള ജീവികളില്‍ നാഡികള്‍ പോലെയുള്ള ചില ഭാഗങ്ങള്‍ വികസിച്ചിട്ടുള്ളതായി അനുമാനിക്കുന്നു.

ഫൈലം സീലന്‍ട്രേറ്റയിലാണ് നാഡീകോശങ്ങളുടെ സാന്നിധ്യം ആദ്യമായി നിര്‍ണയിച്ചത്. ഈ ഫൈലത്തില്‍ ഉള്‍പ്പെടുന്ന ഹൈഡ്രയാണ് നാഡീകോശസംബന്ധമായ പഠനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ വിധേയമായിട്ടുള്ളത്. ഹൈഡ്രയില്‍ നാഡീകോശങ്ങള്‍ ശരീരം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ഒരു നാഡീജാലിക (nerve net) പോലെയാണ് ഇവയുടെ നാഡീവ്യൂഹം. നാഡീകോശത്തില്‍ ആക്സോണുകളും, ഡെന്‍ഡ്രൈറ്റുകളും തമ്മില്‍ വ്യത്യാസമില്ല. അവ പരസ്പരം കൂടിച്ചേര്‍ന്നിരിക്കുന്നു. തത്ഫലമായി, ഹൈഡ്രയുടെ ഉത്തേജിപ്പിക്കപ്പെട്ട ശരീരഭാഗത്തുനിന്നും ആവേഗങ്ങള്‍, ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തുന്നു. എന്നാല്‍, ഈ ഫൈലത്തിലെ മറ്റൊരംഗമായ ജെല്ലി മത്സ്യത്തില്‍, രണ്ടുതരം നാഡീജാലികകള്‍ കാണപ്പെടുന്നു; ആവേഗങ്ങളെ വേഗത്തില്‍ വഹിക്കുന്നവയും, സാവധാനത്തില്‍ വഹിക്കുന്നവയും.

പരന്നവിരകള്‍ (flat worms) ഉള്‍പ്പെടുന്ന പ്ലാറ്റിഹെല്‍മിന്തസ് ഫൈലത്തില്‍, നാഡീകോശങ്ങള്‍ ഗാംഗ്ലിയ (ganglia) എന്നുപേരുള്ള സമൂഹമായാണ് വര്‍ത്തിക്കുന്നത്. നീളമുള്ളതും അനുദൈര്‍ഘ്യദിശയിലുള്ളതുമായ നിരവധി ആക്സോണുകള്‍ ഈ ഗാംഗ്ളിയകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. തലയുടെ മുന്‍ഭാഗത്തായി കേന്ദ്രീകരിച്ചിരിക്കുന്ന ചില ഗാംഗ്ളിയകള്‍ കൂടിച്ചേര്‍ന്ന് തലച്ചോറിന്റെ ഒരു പ്രാകൃത രൂപമായി പരിണമിച്ചിരിക്കുന്നു.

സഖണ്ഡങ്ങളായ ശരീരഭാഗങ്ങളോടു കൂടിയ ഫൈലം അനലിഡയിലെ അംഗങ്ങളില്‍, പരന്ന വിരകളെയപേക്ഷിച്ച് താരതമ്യേന വികാസം പ്രാപിച്ച നാഡീവ്യൂഹമാണുള്ളത്. തലയുടെ ഭാഗത്തുള്ള വലിയ ഗാംഗ്ളിയകള്‍ കൂടിച്ചേര്‍ന്ന് വ്യക്തവും സാമാന്യം വികാസം പ്രാപിച്ചതുമായ തലച്ചോറായി പരിണമിച്ചിരിക്കുന്നു. ഇവയുടെ തലച്ചോറില്‍ നിന്നും ഉദ്ഭവിക്കുന്ന ഒരു ജോടി പരസ്പരം കെട്ടുപിണഞ്ഞ നാഡീതന്തുക്കള്‍ പൃഷ്ഠീയ ഭാഗത്തുകൂടി ശരീരത്തില്‍ വ്യാപിച്ചിരിക്കുന്നു. ഇവയുടെ ഓരോ ശരീരഖണ്ഡത്തിലും പ്രത്യേകം നാഡീകോശസമൂഹം അഥവാ ഗാംഗ്ലിയോണുകളും ഉണ്ട്. ഈ ഗാംഗ്ലിയോണുകള്‍, ഓരോ ശരീരഖണ്ഡത്തിലുമുള്ള മാംസപേശികളെയും വിവിധ അവയവങ്ങളെയും നാഡീകരിക്കുന്നു (innervation). ഗാംഗ്ലിയോണുകളില്‍ നാഡീകോശങ്ങള്‍ ഇരു ദിശകളിലേക്കും ആവേഗങ്ങളെ കടത്തിവിടാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. തത്ഫലമായി, സമീപസ്ഥങ്ങളായ ശരീരഖണ്ഡങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കപ്പെടുകയും ചോദനകള്‍ക്കനുസൃതമായി എല്ലാ ശരീരഖണ്ഡങ്ങളും ചേര്‍ന്ന് ഒന്നായി പ്രതികരിക്കുകയും ചെയ്യുന്നു. ആക്സോണുകളുടെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് ഈ ഫൈലത്തിലെ അംഗമായ മണ്ണിരയിലാണ്. നാഡീസ്രവം ഉത്പാദിപ്പിക്കാന്‍ കഴിവുള്ള പ്രത്യേകതരം ന്യൂറോസെക്രീട്ടറി കോശങ്ങളും അനലിഡുകള്‍ മുതലുള്ള ഉയര്‍ന്നതരം ജന്തുക്കളിലാണ് ആദ്യമായി നിര്‍ണയിക്കപ്പെട്ടത്. നോ. നാഡീസ്രവം

ചിലന്തി, ഞണ്ട് എന്നിവ ഉള്‍പ്പെടുന്ന ഫൈലം ആര്‍ത്രോപോഡയില്‍ ഒരു പരിധിവരെ അനലിഡുകളുടേതിന് സമാനമായ നാഡീവ്യൂഹമാണുള്ളത്. ഇവയുടെ ശരീരത്തിന് പ്രധാനമായും തല, വക്ഷസ്, ഉദരം എന്നീ മൂന്ന് ഭാഗങ്ങളാണുള്ളത്. വളരെയധികം സങ്കീര്‍ണമായ ഇവയുടെ തലച്ചോറില്‍ ഗാംഗ്ലിയകള്‍ വളരെയധികം സംയോജിച്ചിരിക്കുന്നു. ഇത് സുപ്രാ ഈസോഫാഗല്‍ (supra oesophagal) ഗാംഗ്ലിയ എന്ന പേരിലറിയപ്പെടുന്നത്. എന്നാല്‍ ചിലയിനം പ്രാണികളുടെ (ഉദാ. വണ്ട്) തലച്ചോറില്‍ നൂറുകണക്കിന് മള്‍ട്ടി പോളാര്‍ ന്യൂറോണുകള്‍ കാണപ്പെടുന്നു. ഒന്നോ രണ്ടോ പുരോനാഡികള്‍ ഇവയുടെ വക്ഷസ്സിലും ഉദരത്തിലുമായി വ്യാപിച്ചിരിക്കുന്നു. എന്നാല്‍ ചില പ്രാണികളുടെ വക്ഷസ്സില്‍ സംയോജിത ഗാംഗ്ലിയകളാണുള്ളത്. വക്ഷസ്സിലുള്ള ഗാംഗ്ലിയകള്‍ക്ക് വിവിധതരം പ്രവര്‍ത്തനങ്ങളെ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് ഒരു പരിധിവരെ പ്രതികരിക്കാന്‍ കഴിയും. എന്നാല്‍ അന്തിമനിയന്ത്രണം തലച്ചോറില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ഇവയുടെ ഉദരത്തിലെ ഗാംഗ്ലിയകള്‍ വളരെയധികം വികാസം കൈവരിച്ചിരിക്കുന്നു. വികാസം പ്രാപിച്ച സംവേദന അവയവങ്ങളാണ് ആര്‍ത്രോപോഡ ഫൈലത്തിലെ അംഗങ്ങളുടെ മറ്റൊരു പ്രത്യേകത. ഇവയുടെ ശരീരത്തില്‍ നിരവധി ചെറിയ പ്രാന്ത ഗാംഗ്ലിയകളും (peripheral ganglia) കാണപ്പെടുന്നുണ്ട്. ഇവ ഹൃദയം, ശ്വസന-ദഹന അവയവങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നു. ഈ പ്രാന്ത ഗാംഗ്ളിയകള്‍, കശേരുകികളിലെ സ്വതന്ത്ര നാഡീവ്യൂഹത്തിന് സമാനമാണ്. ഈ ജീവികളില്‍ കണ്ടുവരുന്ന വികസിതമായ ന്യൂറോ സെക്രീട്ടറി കോശങ്ങള്‍ നിരവധി രാസപ്രേഷകങ്ങള്‍ (neurotransmitters) പുറപ്പെടുവിക്കുന്നുണ്ട്. ഈ രാസപ്രേഷകങ്ങള്‍ ജീവികളെ വേഗത്തില്‍ ചലിക്കാന്‍ സഹായിക്കുന്നു. (ഉദാ. ശത്രുവിനെ കാണുമ്പോള്‍ ചിലന്തിയുടെ വേഗത വര്‍ധിക്കുന്നത്.) വിവിധതരം ആര്‍ത്രോപോഡുകളില്‍ നാഡീവ്യൂഹത്തിന്റെ ക്രമീകരണം വ്യത്യസ്തമാണ്. ഉദാ. ഞണ്ട്, ഈച്ച തുടങ്ങിയ ജീവികളില്‍ ഗാംഗ്ലിയകള്‍ ശരീരം മുഴുവന്‍ വ്യാപിക്കാതെ, തലയുടെ മുന്‍ഭാഗത്തുമാത്രമായി കേന്ദ്രീകരിച്ചിരിക്കുന്നു.

ഒച്ച്, കക്ക, കണവ, നീരാളി തുടങ്ങിയ ജന്തുക്കള്‍ ഉള്‍പ്പെടുന്ന മൊളസ്ക ഫൈലത്തില്‍, താരതമ്യേന വികാസം പ്രാപിച്ച നാഡീവ്യൂഹമാണുള്ളത്. കക്ക, ഒച്ച് തുടങ്ങിയ ജീവികളുടെ ശരീരഘടനയ്ക്ക് അനുസൃതമായി ഗാംഗ്ളിയകളുടെ സ്ഥാനവും നാഡികളുടെ ക്രമീകരണവും വ്യത്യാസപ്പെട്ടിരിക്കുന്നു. രണ്ടു ഭാഗങ്ങളുള്ള ഇവയുടെ തലച്ചോറില്‍, ഏറെ വികാസം പ്രാപിച്ച ഗാംഗ്ലിയകളാണുള്ളത്. ഇവിടെനിന്നും ഉദ്ഭവിക്കുന്ന നിരവധി നാഡികള്‍ കണ്ണ്, ഗ്രാഹികള്‍ (tentacle) എന്നീ സംവേദന അവയവങ്ങളുമായി സംയോജിക്കുന്നു. തലച്ചോറിലെ ഗാംഗ്ളിയയില്‍ നിന്ന് ഉദ്ഭവിക്കുന്ന ഒരു ജോടി നീളമുള്ള നാഡീതന്തുക്കള്‍ ശരീരം മുഴുവന്‍ വ്യാപിച്ചിരിക്കുകയും, ഈ തന്തുക്കള്‍ ശരീരത്തിലുള്ള മറ്റ് ഗാംഗ്ളിയകളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നു. ഇവയ്ക്കു പുറമേ ചില ഉപഗാംഗ്ളിയകളും ഉണ്ട്. ഈ ഉപഗാംഗ്ലിയകള്‍, മൊളസ്കകളുടെ പാദം, വൃതി, ആന്തര അവയവപിണ്ഡം തുടങ്ങിയവയില്‍ നാഡികളെത്തിക്കുന്നു. മൊളസ്കകളുടെ വര്‍ഗം, ആകൃതി, രൂപം എന്നിവയ്ക്കനുസരിച്ച് ശരീരത്തില്‍ ഉപഗാംഗ്ളിയകളുടെ സ്ഥാനം വ്യത്യാസപ്പെട്ടിരിക്കുന്നു. ഗാംഗ്ളിയകളില്‍ യൂണിപോളാര്‍ ന്യൂറോണുകളാണധികവും. എന്നാല്‍ നീരാളിയുടെ തലച്ചോറിന്റെ മുക്കാല്‍ഭാഗത്തും ഹെറ്ററോ പോളാര്‍ ന്യൂറോണുകളാണുള്ളത്. ഇവയ്ക്കു പുറമേ ധാരാളം ന്യൂറോസെക്രീട്ടറി കോശങ്ങളും കാണപ്പെടുന്നു.

പരിണാമപരമായി, ഉയര്‍ന്നതരം ജന്തുക്കളാണെങ്കിലും, ഫൈലം എക്കിനോഡെര്‍മേറ്റയിലെ അംഗങ്ങളുടെ നാഡീവ്യൂഹത്തെപ്പറ്റി സൂക്ഷ്മമായ പഠനങ്ങള്‍ ഉണ്ടായിട്ടില്ല. ഇവയ്ക്കു പൊതുവേ കേന്ദ്രീകൃതമായ നാഡീവ്യൂഹം കാണപ്പെടുന്നില്ല. പകരം വായയ്ക്കു ചുറ്റുമായി നാഡീവലയം പോലുള്ള ക്രമീകരണമാണുള്ളത്. യൂണിപോളാര്‍, മള്‍ട്ടിപോളാള്‍ എന്നീ രണ്ട് തരം നാഡീകോശങ്ങള്‍ കാണപ്പെടുന്നു. ഇവയില്‍ ഗാംഗ്ളിയകള്‍ ചെറുതും എണ്ണത്തില്‍ കുറവുമാണ്.

പരിണാമപ്രക്രിയയ്ക്കനുസൃതമായി ഉയര്‍ന്ന കശേരുകികളില്‍ വികസിതമായ നാഡീവ്യൂഹമാണുള്ളത്. ഇത്തരം ജന്തുക്കളില്‍ ന്യൂറല്‍ ട്യൂബിന്റെ വീര്‍ത്തമുകള്‍ഭാഗം മസ്തിഷ്കമായി വികസിച്ചിരിക്കുന്നു. ഇതാകട്ടെ, സ്വന്തം ചുറ്റുപാട് വിലയിരുത്തുന്നതിനും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ജന്തുക്കളെ സഹായിക്കുന്നു. തലച്ചോറിന്റെ വ്യത്യസ്ത ഭാഗങ്ങളാണ് വ്യത്യസ്ത പ്രവര്‍ത്തനങ്ങളെ തിരിച്ചറിയുന്നതിനും പ്രതികരിക്കുന്നതിനും കശേരുകികളെ സഹായിക്കുന്നത്. ന്യൂറല്‍ ട്യൂബില്‍ തലച്ചോര്‍ ഒഴികെയുള്ള ഭാഗം സുഷുമ്ന എന്നറിയപ്പെടുന്നു. വിവിധതരം കശേരുകികളില്‍, തലച്ചോറിന്റെ ഭാഗങ്ങള്‍ക്ക് പ്രകടമായ വ്യത്യാസമുണ്ടെങ്കിലും മിക്ക കശേരുകികളിലും സുഷുമ്നയുടെ ഘടന ഏറെക്കുറെ സമാനമാണ്.

നാഡീവ്യൂഹം-കശേരുകികളില്‍. കശേരുകികളുടെ നാഡീവ്യൂഹം, നാഡീകോശങ്ങള്‍ ചേര്‍ന്നുള്ള നാഡീകലകളാലാണ് നിര്‍മിക്കപ്പെട്ടിരിക്കുന്നത്. പ്രതികരണശേഷിയുള്ള ഈ നാഡീകലകള്‍ക്ക് ആവേഗങ്ങളെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കാനുള്ള കഴിവുണ്ട്. നാഡീകോശങ്ങള്‍ക്കു പുറമേ ന്യൂറോലെമ്മ (Neurolemma), സാറ്റലൈറ്റ് കോശങ്ങള്‍ (satellite cells), ഗ്ലിയല്‍ കോശങ്ങള്‍ (glial cells), ഫൈബ്രോബ്ലാസ്റ്റ് (fibroblast), രക്തക്കുഴലുകള്‍, കോശത്തിനു പുറത്തുള്ള ചില സ്രവങ്ങള്‍ എന്നിവയും ഇവയുടെ നാഡീവ്യൂഹത്തില്‍ ഉള്‍പ്പെടുന്നു. ന്യൂറോലെമ്മ കോശങ്ങള്‍ പ്രാന്ത നാഡികളുടെ (peripheral nerves) ആക്സോണുകളെ ആവരണം ചെയ്ത അവസ്ഥയിലാണ് കാണപ്പെടുന്നത്. ന്യൂറോലെമ്മ കോശങ്ങളുടെ മറ്റൊരു രൂപമാണ് സാറ്റലൈറ്റ് കോശങ്ങള്‍. ഇവ പ്രാന്ത നാഡികളുമായി ബന്ധപ്പെട്ട ഗാംഗ്ളിയകളുടെ കോശശരീരത്തെ കവചം ചെയ്തിരിക്കുന്നു. കേന്ദ്ര നാഡീവ്യവസ്ഥയിലെ, നാഡീകോശങ്ങളുടെ ആക്സോണുകള്‍ ഗ്ളിയല്‍ കോശങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. പ്രാന്ത നാഡികളുടെ തന്തുക്കള്‍, പരസ്പരം യോജിച്ച് ചെറിയ കെട്ടുകളായാണ് കാണപ്പെടുന്നത്. ഫൈബ്രോബ്ളാസ്റ്റ് കോശങ്ങള്‍ ഇവയെ യോജിപ്പിച്ച് നിലനിര്‍ത്തുന്നു.

കശേരുകികളുടെ നാഡീവ്യൂഹത്തെ മൂന്നു ഭാഗങ്ങളായി തിരിക്കാം. 1. കേന്ദ്ര നാഡീവ്യൂഹം 2. പ്രാന്ത നാഡീവ്യൂഹം 3. സ്വതന്ത്രനാഡീവ്യൂഹം.

1. കേന്ദ്ര നാഡീവ്യൂഹം (Central Nervous system). മസ്തിഷ്കവും സുഷുമ്നയും അവയെ ആവരണം ചെയ്തിരിക്കുന്ന സ്തരങ്ങളും ദ്രവങ്ങളും രക്തക്കുഴലുകളും ഉള്‍പ്പെട്ടതാണ് കേന്ദ്രനാഡീവ്യൂഹം. മനുഷ്യമസ്തിഷ്കത്തിന് ശരാശരി 1400 ഗ്രാം ഭാരമുണ്ട്. പുരുഷനെ അപേക്ഷിച്ച്, സ്ത്രീയുടെ മസ്തിഷ്കത്തില്‍ 11 ശതമാനം ന്യൂറോണുകള്‍ അധികമായുണ്ട്. ഘടന അനുസരിച്ച് മസ്തിഷ്കത്തിന് മൂന്നു ഭാഗങ്ങളാണുള്ളത്; അഗ്രമസ്തിഷ്കം, മധ്യമസ്തിഷ്കം, പിന്‍മസ്തിഷ്കം.

അഗ്രമസ്തിഷ്കം. ഇതിനെ സെറിബ്രം എന്നും പറയുന്നു. അഗ്രമസ്തിഷ്കത്തിന്റെ ബാഹ്യാവരണം കോര്‍ട്ടെക്സ് എന്നറിയപ്പെടുന്നു. ന്യൂറോണുകളുടെ കോശശരീരങ്ങള്‍, അഥവാ സോമ ഇവിടെ പാളികളായി കാണപ്പെടുന്നു. ഇവയുടെ സാന്നിധ്യം കോര്‍ട്ടെക്സിന് ഒരു നേരിയ ചാരനിറം പ്രദാനം ചെയ്യുന്നു. അതിനാല്‍ ഈ ഭാഗം ചാരദ്രവ്യം (grey matter) എന്നറിയപ്പെടുന്നു. മനുഷ്യന്റെ കോര്‍ട്ടെക്സില്‍ ആറുപാളി ന്യൂറോണുകളാണുള്ളത്. കോര്‍ട്ടെക്സിന്റെ താഴെയുള്ള വെളുത്ത നിറമുള്ള മസ്തിഷ്കഭാഗമായ ശ്വേതദ്രവ്യം (white matter) നാഡീകോശതന്തുക്കള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു.

സെറിബ്രല്‍ കോര്‍ട്ടക്സില്‍ അടങ്ങിയിരിക്കുന്ന സംവേദക ന്യൂറോണുകളുടെയും ചാലക ന്യൂറോണുകളുടെയും വിതരണക്രമം സെറിബ്രല്‍ കോര്‍ട്ടെക്സിനെ പ്രാഥമിക ചാലക ക്ഷേത്രം (primary motor area), പ്രാഥമിക സൊമെതെസ്റ്റിക ക്ഷേത്രം (primary somethestic area), പ്രാഥമിക ദര്‍ശന ക്ഷേത്രം (primary visual area), പ്രാഥമിക ശ്രവണക്ഷേത്രം (primary auditory area), സംയോഗ ക്ഷേത്രം (association area) എന്നിങ്ങനെ വിവിധ പ്രവര്‍ത്തനമേഖലകളായി വിഭജിച്ചിരിക്കുന്നു.

പേശികളുടെ ചലനത്തെയും അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെയും നിയന്ത്രിക്കുന്ന നാഡീകോശങ്ങള്‍ പ്രാഥമിക ചാലകക്ഷേത്രത്തിലാണുള്ളത്. ഈ ഭാഗത്തെ ന്യൂറോണുകള്‍, പൊതുവേ വലുപ്പം കൂടിയവയാണ്. പിരമിഡിന്റെ ആകൃതിയിലുള്ള ഇവ പിരമിഡകോശങ്ങള്‍ എന്നറിയപ്പെടുന്നു. മസ്തിഷ്കത്തില്‍ നിന്നും സുഷുമ്നയില്‍ എത്തിച്ചേരുന്ന ഇവ സുഷുമ്നയില്‍ നിന്നും ആരംഭിച്ച് വിവിധ പേശികളിലേക്കു പോകുന്ന ഇതര ന്യൂറോണുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. ത്വക്ക്, പേശികള്‍, സന്ധികള്‍ തുടങ്ങിയവയില്‍ നിന്നുള്ള വേദനപോലെയുള്ള പൊതുവായ സംവേദനങ്ങള്‍ പ്രാഥമിക സൊമെതെസ്റ്റിക ക്ഷേത്രത്തിലെ നാഡീകോശങ്ങളാണ് മസ്തിഷ്കത്തില്‍ എത്തിക്കുന്നത്. വിവിധതരം കാഴ്ചകള്‍ക്കനുസൃതമായ ആവേഗങ്ങള്‍ വഹിക്കുന്ന നാഡീകോശങ്ങള്‍ പ്രാഥമിക ദര്‍ശനക്ഷേത്രത്തിലും വ്യത്യസ്ത ശബ്ദഭേദങ്ങള്‍ക്കനുസൃതമായ ആവേഗങ്ങള്‍ വഹിക്കുന്ന നാഡീകോശങ്ങള്‍ പ്രാഥമിക ശ്രവണ ക്ഷേത്രത്തിലും അടങ്ങിയിരിക്കുന്നു. സെറിബ്രല്‍ കോര്‍ട്ടെക്സിലെ ഏറ്റവും വലിയ ഭാഗമാണ് സംയോഗ ക്ഷേത്രങ്ങള്‍. സംവേദങ്ങളുടെ അപഗ്രഥനം, ഭൂതകാല അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കല്‍, ചിന്ത, ബോധം, ഓര്‍മ തുടങ്ങിയ മാനസികവ്യാപാരങ്ങളുടെ കേന്ദ്രമാണ് സംയോഗക്ഷേത്രം. റൈനന്‍സെഫലൊണ്‍ (rhinencephalon) എന്ന പേരില്‍ അറിയപ്പെടുന്ന തലച്ചോറിന്റെ പ്രതലത്തിലാണ് വിവിധതരം ഗന്ധങ്ങള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ആവേഗങ്ങളെ സ്വീകരിക്കുന്ന ന്യൂറോണുകളുള്ളത്.

സെറിബ്രല്‍ കോര്‍ട്ടക്സിന്റെ ഉപരിതലത്തില്‍ ധാരാളം വിള്ളലുകള്‍ കാണാം. മസ്തിഷ്ക ഗോളത്തിന്റെ മധ്യത്തിലുള്ള ആഴം കൂടിയ വിള്ളല്‍ അഥവാ ദരം (fissure) മസ്തിഷ്കത്തെ രണ്ട് മസ്തിഷ്കാര്‍ധഗോളങ്ങളായി (cerebral hemisphere) വിഭജിക്കുന്നു. ഓരോ അര്‍ധഗോളത്തിന്റെയും ആന്തരികഭാഗത്ത് ആഴത്തിലായി ന്യൂറോണ്‍ സമൂഹങ്ങള്‍ കാണപ്പെടുന്നു. ഇവ ആധാര ഗാംഗ്ലിയ (basal ganglia) എന്നറിയപ്പെടുന്നു. കോര്‍ട്ടക്സില്‍ നിന്നും വരുന്ന ആവേഗങ്ങളുടെ ശക്തി നിയന്ത്രിക്കലാണ് ഇവയുടെ ധര്‍മം. തലച്ചോറിന്റെ തലാമസ്, ഹൈപ്പോതലാമസ് എന്നീ ഭാഗങ്ങളിലും ധാരാളം ആധാരഗാംഗ്ലിയകള്‍ കാണപ്പെടുന്നു. ഗന്ധം ഒഴികെയുള്ള വിവിധതരം സംവേദനങ്ങളുടെ ഏകീകരണം സാധ്യമാകുന്നത് തലാമസിലെ ആധാര ഗാംഗ്ലിയകളില്‍ വച്ചാണ്. മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നാഡീസമൂഹങ്ങളാല്‍ സമൃദ്ധമാണ് തലാമസ്. തലാമസിന് താഴെയായി ഹൈപ്പോതലാമസ് സ്ഥിതിചെയ്യുന്നു. തലാമസ്, ഹിപ്പോകാംപസ്, മധ്യമസ്തിഷ്കം എന്നിവിടങ്ങളിലേക്കും ഈ ഭാഗങ്ങളില്‍ നിന്നും ഹൈപ്പോ തലാമസിലേക്കുമുള്ള നാഡികളും ഹൈപ്പോതലാമസില്‍ കാണപ്പെടുന്നു. രണ്ട് മസ്തിഷ്കാര്‍ധ ഗോളങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഭാഗമാണ് ദൃഢഗാത്രം (corpus callosum). ഏകദേശം 50 കോടി നാഡീതന്തുക്കള്‍ ഈ ഭാഗത്തുകൂടി രണ്ട് മസ്തിഷ്കാര്‍ധ ഗോളത്തിലേക്കും സഞ്ചരിക്കുന്നു. ഇവ സംവേദനങ്ങളെ ഇരു അര്‍ധഗോളങ്ങളിലും എത്തിച്ച് ഇവ തമ്മിലുള്ള ആശയവിനിമയം സാധ്യമാക്കുന്നു.

മധ്യമസ്തിഷ്കം (mid brain). മസ്തിഷ്കാര്‍ധ ഗോളങ്ങളെ താങ്ങിനിര്‍ത്തുന്ന വണ്ണമുള്ള തൂണുകള്‍ പോലെയുള്ള ഭാഗമാണിത്. സുഷുമ്നയില്‍ നിന്നും മസ്തിഷ്കത്തിലേക്കും മസ്തിഷ്കത്തില്‍ നിന്നും സുഷുമ്നയിലേക്കും വ്യാപിച്ചിരിക്കുന്ന നാഡീതന്തുക്കളാണ് ഇതിലെ പ്രധാന ഘടകം. ധാരാളം ആധാര ഗാംഗ്ലിയകളും ഇവിടെ കാണാം.

പിന്‍മസ്തിഷ്കം. സെറിബെല്ലം, മെഡുല ഒബ്ളോംഗേറ്റ എന്നീ രണ്ട് ഭാഗങ്ങളായി പിന്‍മസ്തിഷ്കത്തെ വിഭജിച്ചിരിക്കുന്നു. പിന്‍മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗമായ സെറിബല്ലം വിവിധ പേശികളുടെ ചലനത്തെ സഹായിക്കുന്നു. സെറിബ്രത്തെപ്പോലെ, സെറിബെല്ലത്തിലും ചാരദ്രവ്യമടങ്ങിയ കോര്‍ട്ടെക്സും ശ്വേത ദ്രവ്യവുമുണ്ട്. ചാരദ്രവ്യഭാഗത്ത് വലുപ്പമേറിയ ഒരു നിര ന്യൂറോണുകള്‍ കാണപ്പെടുന്നു. ഇവ പര്‍ക്കിന്‍ജെ കോശങ്ങള്‍ (purkinje cells) എന്നറിയപ്പെടുന്നു. ശ്വേതദ്രവ്യത്തില്‍ 4 നാഡീ സമൂഹങ്ങളാണുള്ളത്. ഇവ ഫസ്റ്റിജിയല്‍ (fastigial), ഗ്ലോബോസ് (globose), എംബലിഫോം (emboliform), ഡെന്‍റ്റേറ്റ് (dentate) എന്നിവയാകുന്നു. ഇവ സെറിബെല്ലത്തിന്റെ കോര്‍ട്ടെക്സില്‍ നിന്ന്, മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അവിടെനിന്നു തിരിച്ചും ആവേഗങ്ങളെ കടത്തിവിടുന്നു. പര്‍ക്കിന്‍ജെ കോശങ്ങളില്‍ വച്ച് അപഗ്രഥിക്കപ്പെടുന്ന സംവേദക ആവേഗങ്ങള്‍, ശ്വേതദ്രവ്യത്തിലെ നാഡീ സമൂഹങ്ങളിലൂടെ വിവിധ ശരീരപേശികളില്‍ എത്തിച്ചേരുന്നു. സെറിബെല്ലത്തിന് രണ്ട് അര്‍ധഗോളങ്ങളാണുള്ളത്. ഇവ നാഡീതന്തുക്കളാല്‍ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു.

മെഡുല ഒബ്ളോംഗേറ്റ. മസ്തിഷ്കത്തിന്റെ ഏറ്റവും താഴത്തെ ഭാഗമാണിത്. മെഡുലയുടെ പാര്‍ശ്വ ഉപരിതലത്തില്‍ നിന്ന് ഹൈപ്പോഗ്ളോസല്‍, ഗ്ളോസോഫാരിഞ്ചല്‍, വാഗസ്, ആക്സെസറി എന്നീ 4 തരം കപാലനാഡികള്‍ പുറപ്പെടുന്നു. ആദ്യത്തെ രണ്ടുതരം നാഡികള്‍, നാവിലെ പേശികളിലും, വാഗസ്നാഡി, ഹൃദയം, ശ്വാസകോശം എന്നീ അവയവങ്ങളിലും കേന്ദ്രീകരിച്ചിരിക്കുന്നു. മുഖത്തു നിന്ന് വിവിധ സംവേദക ആവേഗങ്ങളെ സ്വീകരിക്കുന്ന നാഡീസമൂഹവും മെഡുലയില്‍ കാണപ്പെടുന്നുണ്ട്. ആംബിഗസ് (ambiguous) എന്നു പേരുള്ള നാഡീസമൂഹം, കഴുത്തിലേക്കും, സ്വനപേടകത്തിലേക്കുമുള്ള നാഡികളെ വിതരണം ചെയ്യുന്നു, മെഡുലയുടെ മധ്യഭാഗത്തായി കാണപ്പെടുന്ന നാഡീസമൂഹമാണ് റെട്ടിക്കുലാര്‍ ഫോര്‍മേഷന്‍ (reticular formation). ഹൃദയസ്പന്ദനം, രക്തസമ്മര്‍ദം, ശ്വസനം എന്നീ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന നാഡികളാല്‍ ശ്രദ്ധേയമാണ് റെട്ടിക്കുലാര്‍ ഫോര്‍മേഷന്‍.

സുഷുമ്ന. കേന്ദ്ര നാഡീവ്യൂഹത്തിന്റെ പ്രധാനഭാഗമാണ് സുഷുമ്ന. നട്ടെല്ലിന്റെ ഉള്ളിലായി സ്ഥിതിചെയ്യുന്ന സുഷുമ്നയ്ക്ക് സിലിണ്ടര്‍ ആകൃതിയാണ്. നട്ടെല്ലില്‍ നിന്നും ഉദ്ഭവിക്കുന്ന പുരോ നാഡീമൂലവും (ventral nerve root) പൃഷ്ഠ നാഡീ മൂലവും (dorsal nerve root) സംയോജിച്ചാണ് സുഷുമ്നാ നാഡി രൂപപ്പെട്ടിരിക്കുന്നത്. സുഷുമ്നയുടെ ഉളളില്‍ 'H' ആകൃതിയില്‍ കാണപ്പെടുന്ന ഭാഗമാണ് ചാരദ്രവ്യം. ഇത് നാഡീകോശ ശരീരങ്ങളാല്‍ സമ്പന്നമാണ്. സുഷുമ്നയിലേക്കു പ്രവേശിക്കുന്ന സംവേദന നാഡികളാണ് പൃഷ്ഠനാഡീമൂലം; പുരോ നാഡീമൂലം സുഷുമ്നയില്‍ നിന്നും പുറത്തേക്കുപോകുന്ന ചാലക നാഡികളും. സംവേദന നാഡിയിലൂടെ ആവേഗങ്ങള്‍ സുഷുമ്ന വഴി മസ്തിഷ്കാര്‍ധഗോളത്തിലെ പ്രാഥമിക സംവേദന ക്ഷേത്രത്തിലെത്തുന്നു. ഇവിടെയെത്തുന്ന സംവേദനങ്ങള്‍ക്ക് അനുസൃതമായ നിര്‍ദേശങ്ങള്‍ അടങ്ങിയ സിഗ്നലുകള്‍ അഥവാ സന്ദേശങ്ങള്‍ മസ്തിഷ്കത്തിലെ പ്രാഥമിക ചാലക ക്ഷേത്രത്തില്‍ നിന്നും ഉദ്ഭവിച്ച് സുഷുമ്നാ നാഡികളിലൂടെ ശരീരത്തിലെ വിവിധ പേശികളിലെത്തുന്നു. ഫസിക്കുലെ (fasciculi) എന്ന പേരില്‍ അറിയപ്പെടുന്ന നാഡീതന്തുസമൂഹം സുഷുമ്നയുടെ വിവിധ ഭാഗങ്ങളെ തലച്ചോറുമായി ബന്ധിപ്പിക്കുന്നു.

നാഡീകോശങ്ങളോട് ഇടകലര്‍ന്ന്, കേന്ദ്രനാഡീവ്യൂഹത്തില്‍ നിരവധി കോശങ്ങള്‍ കാണപ്പെടുന്നുണ്ട്. ഇവ പ്രധാനമായും ഗ്ലിയല്‍ കോശങ്ങളോ ന്യൂറോഗ്ലിയല്‍ കോശങ്ങളോ ആകുന്നു. മുഖ്യമായും മൂന്നുതരം ഗ്ലിയല്‍ കോശങ്ങളാണുള്ളത്; ആസ്ട്രോസൈറ്റ്, ഒളിഗോഡെന്‍ഡ്രോസൈറ്റ്, മൈക്രോഗ്ലിയ എന്നിവ. ആസ്ട്രോസൈറ്റുകള്‍ നാഡീകോശങ്ങള്‍ക്ക് ഉറപ്പു നല്കുകയും ആവേഗങ്ങള്‍ തെറ്റായ ദിശയിലൂടെ സഞ്ചരിക്കുന്നതിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഒളിഗോ ഡെന്‍ഡ്രോസൈറ്റുകളാകട്ടെ, ആക്സോണുകളെ പൊതിഞ്ഞിരിക്കുന്ന മയലിന്‍ ആവരണമായാണ് വര്‍ത്തിക്കുന്നത്. നാഡീകോശങ്ങള്‍ക്കും രക്തക്കുഴലുകള്‍ക്കുമിടയിലാണ് മൈക്രോഗ്ലിയല്‍ കോശങ്ങള്‍ കാണപ്പെടുന്നത്. നാഡീകോശങ്ങള്‍ക്ക് ക്ഷതം സംഭവിച്ചുണ്ടാകുന്ന അവശിഷ്ടങ്ങളെ വലിച്ചെടുത്ത്, രക്തത്തിലെത്തിക്കാന്‍ സഹായിക്കുന്നത് മൈക്രോഗ്ളിയന്‍ കോശങ്ങളാണ്.

2. പ്രാന്ത നാഡീവ്യൂഹം (Peripheral nervous system). സുഷുമ്നാ നാഡികളും കപാല നാഡികളും ഉള്‍പ്പെടുന്നതാണ് പ്രാന്ത നാഡീ വ്യൂഹം. ഇവ കേന്ദ്രനാഡീവ്യൂഹത്തില്‍ നിന്നും പുറപ്പെട്ട് ശരീര പരിധികളിലേക്ക് പോകുന്നു.

കപാല നാഡികള്‍ (Cranial nerves). മസ്തിഷ്കത്തില്‍ നിന്നും ഉദ്ഭവിക്കുന്ന കപാല നാഡികള്‍ 12 ജോടികളുണ്ട്. മസ്തിഷ്കത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ന്യൂക്ളിയസ്സുകള്‍ എന്നു പേരുള്ള നാഡീകോശ സമൂഹങ്ങളില്‍ നിന്നാണ് കപാല നാഡികള്‍ ഉദ്ഭവിക്കുന്നത്. ഉരഗങ്ങള്‍, പക്ഷികള്‍, സസ്തനികള്‍ എന്നിവയില്‍ 12 ജോടി കപാലനാഡികള്‍ കാണപ്പെടുന്നു. എന്നാല്‍ മത്സ്യങ്ങളിലും ഉഭയജീവികളിലും ആദ്യത്തെ 10 ജോടി കപാലനാഡികള്‍ മാത്രമേയുള്ളു. എന്നാല്‍, കശേരുകികളില്‍ ഇവയ്ക്കു പുറമേ ഘ്രാണേന്ദ്രിയത്തിലെത്തുന്ന ഒരു നാഡിയുമുണ്ട്.

ഘ്രാണനാഡിയാണ് (olfactory nerve) പ്രഥമ കപാല നാഡി. ഈ നാഡീതന്തുക്കളിലൂടെ ആവേഗങ്ങള്‍ മസ്തിഷ്കാര്‍ധ ഗോളത്തിലെ ഗന്ധക്ഷേത്രത്തില്‍ എത്തുമ്പോഴാണ് നാം ഗന്ധം അറിയുന്നത്. രണ്ടാമത്തെ കപാലനാഡിയാണ് നയനനാഡി (optic nerve). കണ്ണിലെ റെറ്റിനയില്‍ നിന്നും ആരംഭിക്കുന്ന ഈ നാഡികള്‍ മസ്തിഷ്കത്തിലെ പ്രാഥമിക ദര്‍ശനകേന്ദ്രത്തില്‍ എത്തിച്ചേരുന്നു. ഒന്നും, രണ്ടും കപാല നാഡികള്‍ ശുദ്ധ സംവേദനനാഡികളാണ്. മൂന്നാമത്തെയും (oculomotor), നാലാമത്തെയും (trochlear), ആറാമത്തെയും (abducens) കപാലനാഡികള്‍ നേത്രഗോളത്തിന്റെ ചലനത്തെ സഹായിക്കുന്നു. ഇവ മൂന്നും ശുദ്ധ ചാലകനാഡികളാണ്.

വലുപ്പം കൂടിയ നാഡികളാണ് അഞ്ചാം കപാലനാഡി (trigeminal). സംവേദനനാഡിയും, ചാലക നാഡിയും ചേര്‍ന്ന ഒരു മിശ്രിതനാഡിയാണ് അഞ്ചാം കപാലനാഡി. മുഖത്തുനിന്നുള്ള വേദന, സ്പര്‍ശനം, ചൂട് തുടങ്ങിയ സംവേദനങ്ങളെ വഹിക്കുന്നത് ഈ നാഡികളാണ്. കണ്ണുനീര്‍ ഗ്രന്ഥിയെ നിയന്ത്രിക്കുന്നതും ഭക്ഷണം ചവയ്ക്കാന്‍ സഹായിക്കുന്നതും ഈ നാഡിയാണ്.

ഏഴാമത്തെ കപാലനാഡി (facial) മുഖപേശികളെ ചലിപ്പിക്കുന്നു. ഉമിനീര്‍ ഗ്രന്ഥികളെ നാഡീകരിക്കുകയും, നാവിലുള്ള സംവേദനങ്ങളെ സ്വീകരിക്കുകയും ചെയ്യുന്ന ഇത് ഒരു മിശ്രനാഡിയാണ്.

എട്ടാമത്തെ കപാലനാഡി (acoustic) കേള്‍വിയെയും ശരീരത്തിന്റെ സന്തുലനാവസ്ഥയെയും നിയന്ത്രിക്കുന്നു. ആന്തരകര്‍ണത്തിലെ കോക്ളിയയില്‍ നിന്നുള്ള നാഡീതന്തുക്കള്‍ സംയോജിച്ചാണ് ശ്രവണനാഡി രൂപം കൊള്ളുന്നത്. ഇവ ആവേഗങ്ങളെ കോര്‍ട്ടെക്സിലെ പ്രാഥമിക ശ്രവണക്ഷേത്രത്തിലെത്തിക്കുന്നു.

ഒന്‍പതാം കപാലനാഡി (glossopharyngeal) തൊണ്ട, ടോണ്‍സില്‍, നാവിന്റെ പിന്‍ഭാഗം എന്നിവിടങ്ങളിലെ സംവേദനങ്ങളെ സ്വീകരിക്കുന്നു. തൊണ്ടയിലെ ചില ചെറിയ പേശികളെ ചലിപ്പിക്കുന്നതും പരോട്ടിഡ് ഗ്രന്ഥിയെ ഉത്തേജിപ്പിച്ചു ഉമിനീര്‍ സ്രവിപ്പിക്കുന്നതും ഈ നാഡിയാണ്. ഒരു മിശ്രനാഡിയായ ഇത്, ഹൃദയം, കുടല്‍ എന്നിവിടങ്ങളിലെ സംവേദനങ്ങളെയും സ്വീകരിക്കുന്നു.

വളരെ പ്രധാനപ്പെട്ട ഒരു കപാലനാഡിയാണ് പത്താം കപാലനാഡി (vagus nerve). 'ചുറ്റിത്തിരിയല്‍' എന്നാണ് വാഗസിന്റെ അര്‍ഥം. ഇതിന്റെ നാഡീതന്തുക്കള്‍ ഏറ്റവും കൂടുതല്‍ അവയവങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇവയ്ക്ക് ഏറ്റവും കൂടുതല്‍ ദൂരത്തേക്ക് ആവേഗങ്ങളെ വഹിക്കാന്‍ കഴിയും. സ്വതന്ത്ര നാഡീവ്യൂഹത്തിന്റെ ഒരു പ്രധാനഭാഗവും, മിശ്രനാഡിയുമായ ഇത് കഴുത്തിലെ പേശികള്‍ ഹൃദയം, ശ്വാസകോശം, ആമാശയം, ചെറുകുടല്‍, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങളെ നാഡീകരിക്കുന്നു. പതിനൊന്നാം കപാലനാഡി (accessory nerve) തൊണ്ടയിലെയും കഴുത്തിലെയും പേശികളെ ചലിപ്പിക്കുന്നു. ഇതൊരു ചാലകനാഡിയാണ്. പന്ത്രണ്ടാമത്തെ കപാലനാഡി (hypoglossal) നാവിലെയും വായിലെയും പേശികളെ നാഡീകരിക്കുന്നു.

സുഷുമ്നാനാഡികള്‍ (spinal nerves). സുഷുമ്നയില്‍ നിന്നും ഉദ്ഭവിക്കുന്ന സുഷുമ്നാനാഡികളുടെ എണ്ണം ഓരോ ജന്തുവിഭാഗത്തിലും വ്യത്യസ്തമാണ്. വാലില്ലാത്ത ചില ഉഭയജീവികളില്‍ ഇവയുടെ എണ്ണം 10 ജോടിയാണെങ്കില്‍, പാമ്പുകളില്‍ ഇവയുടെ എണ്ണം 500 ജോടിയാണ്. മനുഷ്യനില്‍ 31 ജോടി സുഷുമ്നാ നാഡികളാണുള്ളത്. സുഷുമ്നയിലെ പുരോ നാഡീമൂലം (ventral nerve root), പൃഷ്ഠനാഡീമൂലം (dorsal nerve root) എന്നിവയില്‍ നിന്നാണ് സുഷുമ്നാ നാഡികള്‍ ഉദ്ഭവിക്കുന്നത്. താണതരം കശേരുകികളില്‍ ഈ ഓരോ നാഡീമൂലവും പ്രത്യേകം നാഡികളായി കാണപ്പെടുന്നു. എന്നാല്‍ ഉയര്‍ന്നതരം കശേരുകികളില്‍ ഈ രണ്ട് നാഡീമൂലങ്ങളും സംയോജിച്ച് സുഷുമ്നാ നാഡികളായി പരിണമിച്ചിരിക്കുന്നു. സുഷുമ്നാ നാഡികള്‍, നട്ടെല്ലിലെ കശേരുക്കള്‍ക്കിടയിലൂടെ ഫോറാമെന്‍ (foramen) എന്ന വിടവിലൂടെയാണ് പുറത്തുകടക്കുന്നത്. സുഷുമ്നയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉദ്ഭവിക്കുന്ന ഈ നാഡികള്‍ ചിലപ്പോള്‍ പ്ലെക്സസ് (plexus) എന്നു പേരുള്ള നാഡീസമൂഹമായും കാണപ്പെടുന്നു. സുഷുമ്നയുടെ ഗ്രൈവ (cervical) ഭാഗത്തുനിന്നുള്ള നാഡീസമൂഹം കഴുത്തിലെയും നെഞ്ചിലെയും പേശികളെ നാഡീകരിക്കുന്നു. ഭുജ (brachial)ഭാഗത്തുനിന്നുള്ള നാഡീസമൂഹം തോള്‍, കൈകാലുകള്‍ എന്നിവിടങ്ങളെ നാഡീകരിക്കുന്നു. വക്ഷീയ (thoracic) ഭാഗത്തുള്ള സുഷുമ്നാ നാഡികള്‍ ഒറ്റയായാണ് കാണപ്പെടുന്നത്. ഇവ മുതുക്, വാരിയെല്ല്, ഉദരം എന്നിവിടങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ഇടുപ്പ് (lumbar), ത്രികം (sacrum) എന്നിവിടങ്ങളിലെ നാഡീസമൂഹം പ്രധാനമായും കാലുകളെയാണ് നാഡീകരിക്കുന്നത്. പുഡെന്‍ഡല്‍, കോക്സീജിയല്‍ നാഡീസമൂഹങ്ങള്‍ യഥാക്രമം ഗുദം, പ്രത്യുത്പാദന അവയവങ്ങള്‍ എന്നിവയിലേക്കു നാഡികളെ എത്തിക്കുന്നു.

3. സ്വതന്ത്ര നാഡീവ്യൂഹം (Autonomic nervous system). ഹൃദയ പേശിയെയും, രക്തവാഹിനികളിലും മറ്റുമുള്ള മൃദുല പേശികളെയും ഗ്രന്ഥികളെയും നാഡീകരിക്കുന്ന ചാലക നാഡികളുടെ വ്യൂഹമാണ് സ്വതന്ത്ര നാഡീവ്യൂഹം. ഇത് കേന്ദ്രനാഡീ വ്യൂഹത്തില്‍ നിന്നും പൂര്‍ണമായും സ്വതന്ത്രമല്ല. ഈ വ്യൂഹത്തില്‍ പ്രധാനമായും രണ്ട് ന്യൂറോണുകളെ വീതം ഉള്‍ക്കൊള്ളുന്ന നാഡീപഥങ്ങളാണുള്ളത്. കേന്ദ്രനാഡീവ്യൂഹത്തിനുള്ളില്‍ കാണപ്പെടുന്ന ഒന്നാമത്തെ ന്യൂറോണ്‍, പ്രീഗാംഗ്ലിയോണിക് ന്യൂറോണ്‍ എന്നും കേന്ദ്രനാഡീവ്യൂഹത്തിനു പുറത്തുള്ള രണ്ടാമത്തെ ന്യൂറോണ്‍ പോസ്റ്റ് ഗാംഗ്ലിയോണിക് ന്യൂറോണ്‍ എന്നും അറിയപ്പെടുന്നു. പ്രീഗാംഗ്ലിയോണിക് ന്യൂറോണുകളുടെ ആക്സോണുകള്‍ സന്ദേശങ്ങളെ പോസ്റ്റ് ഗാംഗ്ലിയോണിക് ന്യൂറോണിലെത്തിക്കുന്നു. ഇവിടെനിന്നും മറ്റു ചാലക ന്യൂറോണുകള്‍ വഴി സന്ദേശങ്ങള്‍-നിശ്ചിത പേശികളിലെത്തുന്നു. മറ്റു നാഡീവ്യവസ്ഥയില്‍ നിന്നും വ്യത്യസ്തമായി ഈ നാഡീവ്യൂഹത്തില്‍ ചാലകനാഡികള്‍, നേരിട്ട് അവയവങ്ങളിലെത്താതെ, പോസ്റ്റ് ഗാംഗ്ലിയോണുകള്‍വഴിയാണ് അവയവങ്ങളിലെത്തുന്നത്. സുഗമമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് അവശ്യം വേണ്ട സ്ഥിതി സ്ഥിരത (homeostasis) നിലനിര്‍ത്താന്‍ ഈ വ്യൂഹം സഹായിക്കുന്നു. സ്വതന്ത്രനാഡീവ്യൂഹത്തിന് രണ്ടു പ്രധാന ഭാഗങ്ങളാണുള്ളത്. സിമ്പതിക വ്യൂഹവും (sympathetic) പാരാ സിമ്പതികവ്യൂഹവും (para sympathetic).

നട്ടെല്ലിന്റെ പുരോഭാഗത്തിന് ഇരുവശങ്ങളിലുമായി കഴുത്തുമുതല്‍ പൃഷ്ഠം വരെ ഒരു മാലപോലെ നീണ്ടുകിടക്കുന്ന ഗാംഗ്ലിയോണുകള്‍ ഉള്‍പ്പെട്ടതാണ് സിമ്പതിക വ്യൂഹം. ഈ നാഡീ തന്തുക്കള്‍ ചര്‍മത്തിലെ സ്വേദഗ്രന്ഥികള്‍, രക്തവാഹികളിലെ മൃദുല പേശികള്‍ എന്നിവയില്‍ നാഡീകരണം സാധ്യമാക്കുന്നു. ശക്തമായ തണുപ്പ്, ഭയം തുടങ്ങിയ വികാരങ്ങള്‍ ഉണ്ടാകുന്ന അവസരങ്ങളിലാണ് സിമ്പതിക വ്യൂഹം പ്രവര്‍ത്തനസജ്ജമാകുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം, കൊറോണറി ധമനികളുടെ സങ്കോചം, ഹൃദയമിടിപ്പിലെ വര്‍ധനവ്, പേശികള്‍, ഹൃദയം, ശ്വാസകോശം, മസ്തിഷ്കം എന്നിവയിലേക്കുള്ള രക്തവിതരണത്തിലുണ്ടാകുന്ന വര്‍ധനവ്, ഉയര്‍ന്ന ശ്വാസോച്ഛ്വാസം, സ്വേദഗ്രന്ഥികളുടെ തുടര്‍ച്ചയായ പ്രവര്‍ത്തനം, ഉമിനീരിന്റെ പ്രവാഹത്തിലുണ്ടാകുന്ന കുറവ് എന്നിവ സിമ്പതിക വ്യൂഹം പ്രവര്‍ത്തനനിരതമാകുമ്പോള്‍ ക്രമീകരിക്കപ്പെടുന്നു.

മസ്തിഷ്കത്തിലെയും സുഷുമ്നയിലെയും നാഡീതന്തുക്കള്‍ ഉള്‍പ്പെടുന്നതാണ് പാരാ സിമ്പതികവ്യൂഹം. പത്താം കപാല നാഡിയായ വാഗസ് നാഡിയാണ് ഈ വ്യൂഹത്തിലെ പ്രധാന നാഡി. സിമ്പതിക വ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിപരീതമായ പ്രവര്‍ത്തനങ്ങളാണ് ഇവിടെ കേന്ദ്രീകരിച്ചിട്ടുള്ളത്. (ഉദാ. കുറഞ്ഞ രക്തസമ്മര്‍ദം, ശ്വാസോച്ഛ്വാസം തുടങ്ങിയവ) ശരീരത്തിന് വിശ്രമം നല്കുകയാണ് പാരാസിമ്പതിക വ്യൂഹത്തിന്റെ പ്രധാനധര്‍മം.

ബാഹ്യചോദനകള്‍ക്കു പുറമേ, നിരവധി വസ്തുക്കള്‍ നാഡീവ്യൂഹത്തില്‍ എത്തിച്ചേരാറുണ്ട് (ഉദാ. രാസവസ്തുക്കള്‍, മരുന്ന്, ഹോര്‍മോണ്‍ മുതലയാവ). ഈ അന്യവസ്തുക്കള്‍ നാഡീവ്യൂഹത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. മദ്യം, ബാര്‍ബിറ്റ്വുറേററ്, ഓപ്പിയം, മോര്‍ഫിന്‍ തുടങ്ങിയ വസ്തുക്കള്‍ നാഡീവ്യൂഹത്തിന്റെ സന്തുലനാവസ്ഥയെ തകിടം മറിക്കുന്നു. മസ്തിഷ്കത്തിലേക്കുള്ള ഓക്സിജന്‍ വിതരണത്തില്‍ ഉണ്ടാകുന്ന കുറവ്, അയോണുകളുടെ ചലനത്തില്‍ ഉണ്ടാകുന്ന വ്യതിയാനം എന്നിവയും നാഡീവ്യൂഹത്തിന് ഹാനികരമാണ്. ജീവകം-ബി-യില്‍ ഉണ്ടാകുന്ന വന്‍കുറവ്, മസ്തിഷ്കം, സുഷുമ്നാ എന്നിവിടങ്ങളിലെ നാഡികള്‍ക്ക് തകരാറു സംഭവിക്കാന്‍ കാരണമാകുന്നു. നാഡീവ്യൂഹത്തിന്റെ ശരിയായ പ്രവര്‍ത്തനം, ശ്വസനം, രക്തചംക്രമണം, ദഹനം തുടങ്ങിയ മറ്റു വ്യവസ്ഥകളുടെ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുന്നു. എന്നിരുന്നാലും, പ്രായം കൂടുന്തോറും ശരീരത്തില്‍ നാഡീകോശങ്ങള്‍ നഷ്ടപ്പെടാനുള്ള സാധ്യതയും ഏറിവരുന്നു. നോ: നാഡീകോശം, നാഡീസ്രവം, നാഡീജീവശാസ്ത്രം, നാഡീരോഗങ്ങള്‍, നാഡീ രോഗ വിജ്ഞാനീയം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍