This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നായ്ക്കര്‍, ഇ.വി. രാമസ്വാമി (1879 - 1973)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നായ്ക്കര്‍, ഇ.വി. രാമസ്വാമി (1879 - 1973)= ദ്രാവിഡ പ്രസ്ഥാനത്തിന്റെ ...)
അടുത്ത വ്യത്യാസം →
09:47, 26 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
നായ്ക്കര്‍, ഇ.വി. രാമസ്വാമി (1879 - 1973)
ദ്രാവിഡ പ്രസ്ഥാനത്തിന്റെ പ്രമുഖനേതാവ്. ദ്രാവിഡകഴകത്തിന്റെ സ്ഥാപകന്‍. (20-ാം ശതകത്തില്‍ തമിഴ്നാട്ടിലെ മതസാമൂഹിക രംഗത്ത് ബ്രാഹ്മണര്‍ക്കുണ്ടായിരുന്ന ആധിപത്യത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു ദ്രാവിഡപ്രസ്ഥാനമായി രൂപപ്പെട്ടത്). തമിഴ്നാടിന്റെ നവോത്ഥാനത്തില്‍ പ്രധാനപങ്കുവഹിച്ച നായ്ക്കരെ തമിഴ്ജനത ആദരപൂര്‍വം പെരിയോര്‍ (മഹാത്മ) എന്നാണ് വിശേഷിപ്പിച്ചത്.
ഈറോഡില്‍ 1920-ല്‍ ജനിച്ച ഇദ്ദേഹത്തിന്റെ പൂര്‍വികര്‍ കന്നഡനായിഡു അഥവാ നായ്ക്കര്‍ വിഭാഗമായാണ് അറിയപ്പെടുന്നത്. 1879 സെപ്. 17-ന് വെങ്കടപ്പ നായ്ക്കരുടെയും ചിന്നതായ് അമ്മാളുടെയും മകനായി ജനിച്ചു. 10-ാം വയസ്സുവരെയേ പഠിച്ചുള്ളു. ചെറുപ്പത്തില്‍ത്തന്നെ ഹിന്ദുമതത്തിലെ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിര്‍ത്തിരുന്നു. അക്കാലത്തു നടത്തിയ കാശിതീര്‍ഥാടനം അതിന് ആക്കം കൂട്ടുകയും ചെയ്തു. എങ്കിലും 1914-ല്‍ ഈറോഡിലെ ജില്ലാ ദേവസ്വം ട്രസ്റ്റ് കമ്മിറ്റി അധ്യക്ഷനായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത് ഒരു വൈരുധ്യമാണ്. വ്യാപാരി എന്ന നിലയില്‍ പേരു നേടിയ ഇദ്ദേഹം ഈറോഡ് താലൂക്ക് ബോര്‍ഡ്, ജില്ലാ ബോര്‍ഡ് എന്നിവയില്‍ അംഗമാവുകയും ഈറോഡ് നഗരസഭാധ്യക്ഷനാവുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നുകൊണ്ട് പൊതുപ്രവര്‍ത്തനമാരംഭിച്ച നായ്ക്കര്‍ 1922-ല്‍ മദ്രാസ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായി. ഇക്കാലത്ത് ഖാദി പ്രചാരണം, മദ്യനിരോധനം തുടങ്ങിയ കോണ്‍ഗ്രസ്സിന്റെ സൃഷ്ടിപരപ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഇദ്ദേഹം വൈക്കം സത്യാഗ്രഹത്തിലും സജീവമായി പങ്കെടുത്തിരുന്നു. എന്നാല്‍ കോണ്‍ഗ്രസ്സിലെ ബ്രാഹ്മണമേധാവിത്വത്തിനോടുള്ള എതിര്‍പ്പുമൂലം കോണ്‍ഗ്രസ് വിട്ട നായ്ക്കര്‍ 1925-ല്‍ അബ്രാഹ്മണരുടെ പുരോഗതി ലക്ഷ്യമാക്കിയ സ്വയം മര്യാദ ഇയക്കം (self respect movement) എന്ന പ്രസ്ഥാനത്തിന് നേതൃത്വം നല്കി. സ്വാഭിമാനമുള്ള മനുഷ്യന്‍ മുന്നേറേണ്ടത് ദൈവങ്ങളും പുരോഹിതരും കാണിക്കുന്ന വഴിയിലൂടെയല്ല, മറിച്ച് സ്വന്തം ബുദ്ധിതെളിയിക്കുന്ന വഴിയിലൂടെയാണ് എന്നതായിരുന്നു ഈ പ്രസ്ഥാനത്തിന്റെ ദര്‍ശനം. ജാതിവ്യവസ്ഥയും ഹിന്ദുമതവും ഒന്നാണെന്നും ജാതി നശിക്കണമെങ്കില്‍ ഹിന്ദുമതം നശിക്കണമെന്നും സിദ്ധാന്തിച്ച ഇദ്ദേഹത്തിന് തമിഴ് രാഷ്ട്രീയ, സാമൂഹികരംഗത്ത് ശക്തമായ ചലനങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു. ഈ സാംസ്കാരിക പ്രവര്‍ത്തനത്തിന്റെ ശ്രദ്ധേയമായ കര്‍മപരിപാടികള്‍ ഇവയായിരുന്നു: ജാതിപ്പേരുകള്‍ നീക്കം ചെയ്യല്‍, ജാതിപ്പേരിലുള്ള ബോര്‍ഡുകള്‍ താറടിക്കല്‍, പൂണൂല്‍ മുറിക്കല്‍, വിഗ്രഹങ്ങള്‍ തകര്‍ക്കല്‍, ചെരുപ്പുകൊണ്ടടിക്കല്‍.
സ്വാഭിമാനപ്രസ്ഥാനം ആരംഭിച്ചതിനൊപ്പം നായ്ക്കര്‍ ജസ്റ്റിസ് പാര്‍ട്ടിയിലും അംഗമായി; ബ്രിട്ടീഷുകാരുടെ പാദസേവകര്‍ എന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്ന ജസ്റ്റിസ് പാര്‍ട്ടിയില്‍ ചേര്‍ന്നതിന്റെ പ്രധാനകാരണവും ഇദ്ദേഹത്തിന്റെ കടുത്ത ബ്രാഹ്മണ വിരോധമായിരുന്നു. സ്വരാജ്യം നടപ്പിലായാല്‍ രാജ്യം ബ്രാഹ്മണാധിപത്യത്തിലാകുമെന്നും അതിനാല്‍ സ്വരാജ്യത്തിനുപകരം ബ്രിട്ടീഷ് ഭരണമാണ് അഭികാമ്യം എന്നുമായിരുന്നു ജസ്റ്റിസ് പാര്‍ട്ടിയുടെ വാദമുഖം. 1944-ല്‍ ജസ്റ്റിസ് പാര്‍ട്ടിയെയാണ് ഇദ്ദേഹം ദ്രാവിഡ കഴകമെന്ന പേരില്‍ പുനഃസംഘടിപ്പിച്ചത്. തമിഴ്നാട്, കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ഒരു പ്രത്യേക സ്വതന്ത്ര ദ്രാവിഡ രാജ്യം സ്ഥാപിക്കുക എന്നതായിരുന്നു ഈ പാര്‍ട്ടിയുടെ മുഖ്യലക്ഷ്യം. ഏകീകൃത ഇന്ത്യയില്‍ ദക്ഷിണേന്ത്യക്കാര്‍ വടക്കേ ഇന്ത്യക്കാര്‍ക്ക് വിധേയപ്പെട്ട് ജീവിക്കേണ്ടിവരുമെന്നായിരുന്നു ഈ പാര്‍ട്ടിയുടെ നിലപാട്. ഇക്കാരണത്താല്‍ത്തന്നെ ഇന്ത്യയുടെ സ്വാതന്ത്യ്രദിനം ദുഃഖദിനമായി ആചരിച്ച നായ്ക്കര്‍, സ്വാതന്ത്ര്യപ്രാപ്തിയോടെ ദ്രാവിഡര്‍
ബ്രിട്ടീഷുകാര്‍ക്ക് പകരം ഹിന്ദിക്കാരുടെ അടിമകളായി എന്ന് നിരീക്ഷിച്ചു. മാത്രമല്ല ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍നിന്നും പിന്‍വാങ്ങിയാലും ബ്രിട്ടീഷുകാര്‍ മദ്രാസില്‍ തുടരണമെന്ന് അവരോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഇന്ത്യന്‍ഭരണഘടനയ്ക്ക് വിധേയമായി പ്രവര്‍ത്തിക്കണമെന്ന് വാദിച്ച ഒരുവിഭാഗം, അണ്ണാദുരൈയുടെ നേതൃത്വത്തില്‍ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ.) എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു. ദ്രാവിഡപ്രസ്ഥാനത്തിനുള്ളില്‍ പെരിയോറുടെ ഏകാധിപത്യപ്രവണതകളോടുള്ള വിയോജിപ്പുകളും പുതിയ പാര്‍ട്ടിയുടെ രൂപീകരണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്നു.
പാര്‍ട്ടി പിളര്‍ന്നശേഷം ഡി.എം.കെ.യോട് ശത്രുതാമനോഭാവം സ്വീകരിച്ച നായ്ക്കര്‍ 1967-ലെ തെരഞ്ഞെടുപ്പില്‍ ഡി.എം.കെ.യെ പരാജയപ്പെടുത്താനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങളെ പിന്തുണച്ചെങ്കിലും ഡി.എം.കെ.യാണ് വിജയിച്ചത്.
പെരിയോര്‍ ആവിഷ്കരിച്ച ജാതിവിരുദ്ധവും യുക്തിവാദപരവുമായ ആശയങ്ങള്‍ ദുര്‍ബലമായെങ്കിലും, തമിഴ് ഭാഷയുടെയും സംസ്കാരത്തിന്റെയും വ്യതിരിക്തത സ്ഥാപിച്ചുറപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ സ്വാധീനം ഗണ്യമാണ്. ഉത്തരേന്ത്യന്‍ സവര്‍ണഹൈന്ദവ പ്രത്യേയശാസ്ത്രത്തിന്റെ അധിനിവേശത്തെ പ്രതിരോധിക്കുന്ന ദ്രാവിഡപ്രസ്ഥാനങ്ങളുടെ ആശയാടിത്തറ രൂപീകരിക്കുന്നതില്‍ പെരിയോര്‍ വഹിച്ച പങ്ക് അനിഷേധ്യമാണ്. ബ്രാഹ്മണമേധാവിത്വത്തിലധിഷ്ഠിതമായ ഹിന്ദുയിസത്തെ വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുകയും സമത്വാധിഷ്ഠിത സാമൂഹികജീവിതത്തെക്കുറിച്ചുള്ള ബദല്‍മാതൃകകള്‍ ആവിഷ്കരിക്കുകയും ചെയ്ത പെരിയോറുടെ പാരമ്പര്യം, ആധുനിക തമിഴ്നാടിന്റെ ജനാധിപത്യചരിത്രത്തിന്റെ അവിഭാജ്യഭാഗമാണ്.
കുടിവരശു (ജനകീയ സര്‍ക്കാര്‍), പുരൈട്ചി (വിപ്ലവം), വിടുതലൈ (വിമോചനം), പകുതറിയൂ (വിവേചനം) എന്നീ പ്രസിദ്ധീകരണങ്ങള്‍ പെരിയോര്‍ നടത്തിയിരുന്നു. മതപരമായ അന്ധവിശ്വാസം, സാമൂഹിക അസമത്വം എന്നിവയ്ക്കെതിരെ ശക്തമായി പോരാടിയ നായിക്കര്‍ 1973-ല്‍ അന്തരിച്ചു. ഇദ്ദേഹത്തിന്റെ ജന്മദേശമായ ഈറോഡും സമീപപ്രദേശങ്ങളും ചേര്‍ത്ത് പെരിയോര്‍ മാവട്ടം എന്ന ജില്ല ഇപ്പോള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്.