This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നിക്കോട്ടിന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നിക്കോട്ടിന്‍= നിക്കോട്ടിയാന (Nicotiana) ജനുസില്‍പ്പെടുന്ന വിവിധ ...)
അടുത്ത വ്യത്യാസം →
Current revision as of 07:03, 23 ഫെബ്രുവരി 2011
നിക്കോട്ടിന്‍
നിക്കോട്ടിയാന (Nicotiana) ജനുസില്‍പ്പെടുന്ന വിവിധ സസ്യങ്ങളില്‍ അടങ്ങിയിട്ടുള്ള ഒരു ആല്‍ക്കലോയ്ഡ്. നിക്കോട്ടിന്‍ വര്‍ധിച്ച അളവില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിയാന ടബാക്കം (N.tabacum) എന്ന സ്പീഷീസാണ് പുകയില. പോര്‍ച്ചുഗലിലെ ഫ്രഞ്ച് അംബാസിഡറായിരുന്ന ജീന്‍ നിക്കോട്ട് (Jean Nicot) എ.ഡി. 1550-ലാണ് ആദ്യമായി പുകയില അമേരിക്കയില്‍ നിന്നും യൂറോപ്പിലേക്ക് കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ പേരിലാണ് പുകയിലച്ചെടിയും അതിലടങ്ങിയ ആല്‍ക്കലോയിഡുകളും അറിയപ്പെട്ടത്. പിക്ടെറ്റ് (Pictet) ആണ് നിക്കോട്ടിന്‍ ആദ്യമായി (1904) സംശ്ളേഷണം ചെയ്തെടുത്തത്. പുകയിലയില്‍ അടങ്ങിയിട്ടുള്ള ആല്‍ക്കലോയ്ഡുകളില്‍ പ്രഥമസ്ഥാനം നിക്കോട്ടിനാണ്. ഉണങ്ങിയ ഇലയുടെ ഭാരത്തിന്റെ സു. 4-5 ശ.മാ. വരെ നിക്കോട്ടിനാണ്. നോര്‍നിക്കോട്ടിന്‍, അനാബസിന്‍, അനാറ്റബൈന്‍, കൊടിനീന്‍ എന്നിവയാണ് പുകയിലയിലടങ്ങിയിട്ടുള്ള മറ്റ് ആല്‍ക്കലോയിഡുകള്‍.
പുകയിലയുടെ വേരിലാണ് നിക്കോട്ടിന്‍ ആദ്യമുണ്ടാകുന്നത്. പിന്നീട് വേരില്‍ നിന്ന് ഇലകളിലേക്ക് പ്രതിസ്ഥാപിക്കപ്പെടുന്നു. സിട്രിക്, മാലിക് അമ്ലങ്ങളുടെ നിഷ്ക്രിയലവണങ്ങളായാണ് ഇലകളില്‍ നിക്കോട്ടിന്‍ സ്ഥിതിചെയ്യുന്നത്. പുകയിലച്ചെടിയില്‍ നിന്ന് ഇലകള്‍ മാറ്റിയശേഷം വേര്, ഞെട്ട് എന്നിവയില്‍ നിന്നാണ് നിക്കോട്ടിന്‍ വേര്‍തിരിച്ചെടുക്കുന്നത്. സിഗററ്റ്, സിഗാര്‍, ബീഡി എന്നിവയ്ക്കായി ഇല ഉപയോഗപ്പെടുത്തുന്നു. നേര്‍പ്പിച്ച അമ്ലലായനിയുപയോഗിച്ചാണ് പുകയിലയില്‍ നിന്ന് നിക്കോട്ടിന്‍ നിഷ്കര്‍ഷണം ചെയ്തെടുക്കുന്നത്. അമ്ലസത്തിലേക്ക് ആല്‍ക്കലി ഒഴിച്ചശേഷം നീരാവി സ്വേദനം ചെയ്ത് അസംസ്കൃത നിക്കോട്ടിന്‍ ലഭ്യമാക്കുന്നു. പ്രഭാജനം (fractionation) വഴിയാണ് ശുദ്ധീകരിക്കുന്നത്. ശുദ്ധമായ നിക്കോട്ടിന്‍ നിറമില്ലാത്ത എണ്ണയാണ്. എന്നാലിത് വളരെ വേഗം മഞ്ഞയും തുടര്‍ന്ന് ബ്രൗണ്‍ നിറവുമാര്‍ജിക്കുന്നു. തിളനില 247°C, ഇത് (-) രൂപത്തിലാണ് ലഭിക്കുന്നത്. ആപേക്ഷിക ധ്രുവണം [α]25 = -1690 . പൊട്ടാസ്യം ടെര്‍ഷ്യറി ബ്യൂട്ടോക്സൈഡ് വളരെ ചെറിയ അളവില്‍ ചേര്‍ത്ത് 15 നിമിഷം തിളപ്പിക്കുമ്പോള്‍ (250°C) റെസീമിക (+,-) മിശ്രിതമാകുന്നു.
നിക്കോട്ടിന് കടുത്ത ഗന്ധവും കയ്പുരസവുമാണ്. അറിയപ്പെടുന്ന ഉഗ്രവിഷങ്ങളിലൊന്നാണ് നിക്കോട്ടിന്‍. വളരെ ചെറിയ അളവില്‍ നിക്കോട്ടിന്‍ ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുമെങ്കിലും അല്പം ഉയര്‍ന്ന തോതില്‍ ഇത് വിഷാദം, വിറയല്‍, പനി, മനംപിരട്ടല്‍, ഛര്‍ദി എന്നിവയ്ക്ക് കാരണമാകുന്നു. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 250-350 മിഗ്രാം അകത്തുചെന്നാല്‍ മരണം സംഭവിക്കാം. നാഡീപ്രേക്ഷകമായ അസറ്റൈല്‍ കോളിനിന്റെ സ്വീകാര്യക്ഷമമായ സ്ഥാനങ്ങളില്‍ ബന്ധിക്കപ്പെടുന്നതിനാലാണ് നിക്കോട്ടിന്‍ വിഷമാകുന്നത്. അസംസ്കൃത പുകയിലസത്ത് ഒരു കീടനാശിനിയായും കുമിള്‍നാശിനിയായും വ്യാപകമായി ഉപയോഗിക്കാറുണ്ട്. വ്യാവസായികമായി ലഭിക്കുന്ന കീടനാശിനികള്‍ നിക്കോട്ടിന്‍ സള്‍ഫേറ്റിന്റെ (40 ശ.മാ.) ജലീയ ലായനിയാണ്.
പുകയില കത്തിക്കുമ്പോള്‍ ചില നിക്കോട്ടിന്‍ ഘടകങ്ങള്‍ നഷ്ടമാകുകയും ചിലത് നൈട്രോസോ സംയുക്തങ്ങളാകുകയും ചെയ്യുന്നു. അതേസമയം പുകയിലയിലെ നൈട്രേറ്റുകള്‍ നൈട്രസ് അമ്ലമായി മാറുന്നു. നിക്കോട്ടിന്‍ നൈട്രസ് അമ്ളവുമായി പ്രതിപ്രവര്‍ത്തിച്ചുണ്ടാകുന്ന നൈട്രോസോ നിക്കോട്ടിന്‍ അര്‍ബുദകാരകമാണ്. ശരീരത്തിനുളളില്‍ ഉപാപചയം വഴി നിക്കോട്ടിന്‍ കൊടിനീനായി മാറുകയും അത് മൂത്രത്തിലൂടെ വിസര്‍ജിക്കപ്പെടുകയും ചെയ്യുന്നു. പുകവലി നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന പ്രത്യാഹരണ ലക്ഷണങ്ങള്‍ക്കുള്ള പ്രതിവിധിയായി ഉപയോഗിക്കുന്ന ച്യൂയിങ്ഗമ്മില്‍ ഒരു ടാബ്ലറ്റില്‍ 2 മി.ഗ്രാം എന്ന അളവില്‍ നിക്കോട്ടിന്‍ അടങ്ങിയിട്ടുണ്ട്.
ഒരു പിറിഡീന്‍ ന്യൂക്ലിയസും ഒരു പൈറോളിഡീന്‍ ന്യൂക്ലിയസുമടങ്ങിയ ഡൈടെര്‍ഷ്യറി ബേസാണ് നിക്കോട്ടിന്‍. സോഡിയം ഡൈക്രൊമേറ്റ്-സള്‍ഫ്യൂറിക് അമ്ലം മിശ്രിതം കൊണ്ട് ഓക്സീകരിച്ചാല്‍ നിക്കോട്ടിനിക് അമ്ലം എന്നറിയപ്പെടുന്ന പിറിഡീന്‍-3-കാര്‍ബോക്സിലിക് അമ്ലം ഉണ്ടാകുന്നു. നിക്കോട്ടിനില്‍ ഒരു പിറിഡീന്‍ ന്യൂക്ലിയസുണ്ടെന്നും അതിന്റെ മൂന്നാം സ്ഥാനത്ത് ഒരു പാര്‍ശ്വശൃംഖല (C5 H10 N-ന്റേത്) ഉണ്ടെന്നുമാണ് ഇത് വ്യക്തമാക്കുന്നത്. നിക്കോട്ടിന്റെ നിരോക്സീകരണം ഹെക്സാ-ഹൈഡ്രോ നിക്കോട്ടിനപ്പുറം വളരെ പ്രയാസമായതിനാല്‍ ഒരു പൂരിതമായ പാര്‍ശ്വശൃംഖലയാണുള്ളതെന്നും അത് ഒരു വലയമാണെന്നും പ്രകടമാകുന്നു. നിക്കോട്ടിന്‍ സിഞ്ചിക്ലോറൈഡ് സ്വേദനം ചെയ്യുമ്പോള്‍ പൈറോള്‍ ലഭിക്കുന്നതുകൊണ്ട് ഈ പൂരിത വലയം ഒരു പൈറോളിഡീന്‍ ന്യൂക്ലിയസാണെന്ന് അനുമാനിക്കാം. ഗാഢ ഹൈഡ്രോ അയോഡിക് അമ്ളവുമായി 150°C-ല്‍ നിക്കോട്ടിന്‍ ചൂടാക്കുമ്പോള്‍ മീഥൈല്‍ അയൊഡൈഡ് ഉണ്ടാകുന്നതുകൊണ്ട് പാര്‍ശ്വശൃംഖലയില്‍ ഒരു ച-മീഥൈല്‍ ഗ്രൂപ്പുമുണ്ടെന്ന് മനസ്സിലാക്കാം. അതിനാല്‍ നിക്കോട്ടിന്റെ ഘടനാവാക്യം ഇങ്ങനെ എഴുതാം.
നിക്കോട്ടിന്‍ ഓക്സീകരണത്തിന് വിധേയമാകുമ്പോള്‍ ലഭിക്കുന്ന നിക്കോട്ടിനിക് അമ്ളം മോളിബ്ഡിനം ഉത്പ്രേരകമായി ഉപയോഗിച്ച് യൂറിയയുമായി ചൂടാക്കുമ്പോള്‍ നിക്കോട്ടിനമൈഡ് ഉണ്ടാകുന്നു.
ത്വക്ക് വീക്കത്തില്‍ തുടങ്ങി ഭ്രാന്തിലോ മരണത്തിലോ വരെ എത്തിക്കുന്ന ഒരു രോഗമായ പെല്ലഗ്ര (Pellegra)യ്ക്കു കാരണം ഭക്ഷണത്തിലെ നിക്കോട്ടിനിക് അമ്ലത്തിന്റെ അഭാവമാണെന്ന് 1937-ലാണ് തിരിച്ചറിഞ്ഞത്. നിക്കോട്ടിനിക് അമ്ലവും നിക്കോട്ടിനമൈഡും മനുഷ്യപെല്ലഗ്രാ നിവാരണ ഘടകങ്ങളായി കണ്ടുപിടിച്ചതും 1937-ലാണ്. അപ്പോള്‍ മുതല്‍ റൊട്ടി നിര്‍മാതാക്കള്‍ റൊട്ടിയില്‍ നിക്കോട്ടിനിക് അമ്ലം ചേര്‍ക്കാന്‍ തുടങ്ങി. എന്നാല്‍ നിക്കോട്ടിന്‍ എന്ന ഹാനികരമായ വസ്തുവിന്റെ പേരിന് സാമ്യമുള്ള നിക്കോട്ടിനിക് അമ്ലം തങ്ങള്‍ ഉത്പാദിപ്പിക്കുന്ന വിറ്റാമിന്‍ സമ്പുഷ്ടമായ റൊട്ടിയുമായി ബന്ധപ്പെടുത്തുന്ന കാര്യം റൊട്ടി നിര്‍മാതാക്കള്‍ക്ക് താത്പര്യമുണ്ടായിരുന്നില്ല. അതിനാല്‍ അവരാണ് നിക്കോട്ടിനിക് അമ്ലത്തിന്റെ പേര് നിയാസിന്‍ എന്നാക്കി മാറ്റാന്‍ നിര്‍ബന്ധിച്ചതും അത് പ്രാബല്യത്തില്‍ വരാനിടയാക്കിയതും.
ജീവജാലകങ്ങളിലെ പ്രധാനപ്രവര്‍ത്തനങ്ങളായ ഓക്സീകരണത്തിനും നിരോക്സീകരണത്തിനും ഉത്പ്രേരകങ്ങളായി പ്രവര്‍ത്തിക്കുന്നത് എന്‍സൈമുകളാണ്. എന്നാല്‍, എന്‍സൈമുകള്‍ക്ക് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഓക്സീകാരകങ്ങളായോ നിരോക്സീകാരകങ്ങളായോ പ്രവര്‍ത്തിക്കുവാന്‍ കഴിവുള്ള കോ എന്‍സൈമുകള്‍ ആവശ്യമാണ്. നിക്കോട്ടിനമൈഡ് അഡെനിന്‍ ഡൈ ന്യൂക്ലിയോറ്റൈഡും (NAD+) നിക്കോട്ടിനമൈഡ് അഡെനില്‍ ന്യൂക്ലിയോറ്റൈഡ് ഫോസ്ഫേറ്റു (NADP+)മാണ് സാധാരണയായി കോ എന്‍സൈമുകളായി ഉപയോഗിക്കപ്പെടുന്നത്. ഇവയിലെ ഒരു ഘടകം നിക്കോട്ടിനമൈഡായതു കൊണ്ടാണ് നിക്കോട്ടിനമൈഡ് പ്രാധാന്യമര്‍ഹിക്കുന്നത്.
(എം.എസ്. സുശീലന്‍; സ.പ.)