This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നിരുക്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നിരുക്തം= 1. മുഖ്യമായി പദത്തിന്റെ ഉദ്ഭവം വിശദീകരിക്കുന്ന ശാസ...)
അടുത്ത വ്യത്യാസം →

08:22, 17 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

നിരുക്തം

1. മുഖ്യമായി പദത്തിന്റെ ഉദ്ഭവം വിശദീകരിക്കുന്ന ശാസ്ത്രം. സാങ്കേതികമായി പദങ്ങളെ അടിസ്ഥാനഘടകങ്ങളായി വിഭജിച്ച് സംയുക്തപദങ്ങളെ വിഗ്രഹിച്ച് മൗലികമായ അര്‍ഥമെന്തെന്നു വിശദമാക്കുന്ന ഭാഷാശാസ്ത്രശാഖയുടെ പേരാണിത്. നിരുക്തത്തിന് നിര്‍വചനവിദ്യ എന്നും പേരുണ്ട്. 'അര്‍ഥാവബോധേ നിരപേക്ഷതയാ പദജാതം യത്രോക്തം തന്നിരുക്തം' (അര്‍ഥത്തെക്കുറിച്ച് അവബോധം ലഭിക്കാന്‍ മറ്റൊന്നിനെയും ആശ്രയിക്കേണ്ട ആവശ്യമില്ലാത്തവിധം പദോത്പത്തി എവിടെ പറയപ്പെട്ടിരിക്കുന്നുവോ അതു നിരുക്തം) എന്നാണ് വേദഭാഷ്യകാരന്മാരില്‍ പ്രമുഖനായ സായണന്‍ നിരുക്തശബ്ദത്തിനു നല്‍കിയിരിക്കുന്ന നിര്‍വചനം. വൈദിക പദങ്ങളുടെ ഉത്പത്തിയെയും അവയവാര്‍ഥത്തെയും പറ്റി പ്രതിപാദിക്കുന്ന യാസ്ക നിരുക്തത്തിന്റെ പ്രാമാണ്യം കാരണമാണ് പദനിര്‍വചന സംബന്ധിയായ ഭാഷാശാസ്ത്രശാഖയ്ക്ക് നിരുക്തം എന്ന പേരു വന്നത്. വേദാന്തകൃതികളില്‍, പ്രത്യേകിച്ച് ഭാഷ്യരചനകളില്‍ സാങ്കേതിക സംജ്ഞകള്‍ക്ക് നിരുക്തി പറഞ്ഞ് അര്‍ഥമുറപ്പിക്കുന്ന സമ്പ്രദായം വ്യാപകമായിക്കാണാം.

പദങ്ങളുടെ രൂപസിദ്ധി വിശദമാക്കുന്നതിനല്ല, മറിച്ച് അവയില്‍ മറഞ്ഞുകിടക്കുന്ന അര്‍ഥതലങ്ങള്‍ അനാവരണം ചെയ്യുന്നതിനാണ് നിരുക്തശാസ്ത്രം പ്രാധാന്യം കല്പിക്കുന്നത്. ധാതുവില്‍ പ്രത്യയം ചേര്‍ത്ത് പദം രൂപം കൊടുക്കുന്നതിന്റെ വിസ്തരമായ പരിശോധന വ്യാകരണ ശാസ്ത്രത്തിന്റെ വിഷയമാണ്. എന്നാല്‍, അര്‍ഥനിര്‍ണയനപ്രശ്നത്തില്‍ പദത്തിന്റെ നിലവിലുള്ള രൂപത്തെയും ഉച്ചാരണത്തെയും അംഗീകരിക്കണമെന്നില്ലെന്നാണ് നിരുക്തകാരന്മാരുടെ പക്ഷം. അവരെ സംബന്ധിച്ചിടത്തോളം പദത്തില്‍ അര്‍ഥമാണ് പ്രധാനം, ശബ്ദഘടന അര്‍ഥത്തിനനുഗുണമായിരിക്കണം.

സംയുക്തപദങ്ങളുടെ നിരുക്തി ഘടകപദങ്ങളെ വ്യവച്ഛേദിക്കുന്നതിലൂടെ നിര്‍ണയിക്കാന്‍ കഴിയുമെങ്കിലും പദത്തിന്റെ ധാതുവിനെ അടിസ്ഥാനമാക്കിയാണ് പൊതുവേ നിരുക്തി നിര്‍ണയിക്കുന്നത്. പദത്തിന്റെ മൂലഘടകമാണ് ധാതു. അര്‍ഥത്തെ ധരിക്കുന്നതുകൊണ്ടാണ് ധാതു എന്ന പേര്‍ വന്നത്. എല്ലാ നാമപദങ്ങളും ധാതുക്കളില്‍ നിന്നു ജനിച്ചവയാണെന്നാണ് നിരുക്തശാസ്ത്രം പറയുന്നത്. ക്രിയാര്‍ഥകങ്ങളാണ് ധാതുക്കള്‍. ഒരേ അര്‍ഥമുള്ള ഒട്ടേറെ ധാതുക്കളുണ്ട്. ആകയാല്‍ ഒരേ തരം നിരുക്തിതന്നെ പല പദങ്ങള്‍ക്കും പറഞ്ഞു കാണുക സ്വാഭാവികമാണ്. ഒരു ധാതുവിന് ഒന്നിലേറെ അര്‍ഥങ്ങളുണ്ടാകുന്നതും സാധാരണമാണ്. ധാതുക്കള്‍ നാനാര്‍ഥകങ്ങളാകയാല്‍ ധാതുജങ്ങളായ നാമങ്ങളും നാനാര്‍ഥകങ്ങളാവാതെ തരമില്ല. ഒരു പദത്തിന് പലര്‍ പലവിധത്തില്‍ നിരുക്തികള്‍ പറയുന്നത് ഇക്കാരണത്താലാണ്.

പുരാണങ്ങള്‍ പദ്യരൂപത്തിലുള്ള നിരുക്തികള്‍കൊണ്ട് സമ്പന്നമാണ്. നിരുക്തഭാഷ്യങ്ങള്‍, വേദ ഭാഷ്യങ്ങള്‍, ഉപനിഷദ് ഭാഷ്യങ്ങള്‍, ഗീതാഭാഷ്യങ്ങള്‍, അമരകോശഭാഷ്യങ്ങള്‍ എന്നിവയും നിരുക്തികളുടെ പ്രധാനസ്രോതസ്സുകളാണ്. വ്യാകരണം, അലങ്കാരശാസ്ത്രം, ആയുര്‍വേദം തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള ഗ്രന്ഥങ്ങളും ഇതിഹാസാദി കാവ്യങ്ങളും നിരുക്തികളുടെ ഉറവിടങ്ങളത്രെ.

(കെ. പ്രകാശ്)

2. സംസ്കൃത കൃതി. യാസ്കന്‍ രചിച്ച പദനിഷ്പത്തിശാസ്ത്ര ഗ്രന്ഥം. ആറ് വേദാംഗങ്ങളില്‍ ഒന്നായ ഇതിനെ വേദ ശ്രോത്രങ്ങളായി സങ്കല്പിച്ചിരിക്കുന്നു.

യാസ്കന്‍ ഏതുകാലത്ത്, ഏതു ദേശത്ത് ജീവിച്ചിരുന്നുവെന്നതിന് വ്യക്തമായ തെളിവൊന്നും ലഭിച്ചിട്ടില്ല. യാസ്കന്‍ എന്ന പേരുതന്നെ ഗോത്രനാമമാണെന്ന വാദവും നിലനില്ക്കുന്നുണ്ട്. പാണിനിയുടെ അഷ്ടാധ്യായിയില്‍ യാസ്കനെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. പാണിനിക്ക് മുന്‍പാണ് യാസ്കന്റെ കാലം എന്ന് അനുമാനിക്കാന്‍ ഇതു കാരണമാകുന്നു.

ആഗ്രായണന്‍, ഔദുംബരായണന്‍, ഔപമന്യവന്‍, ഔര്‍ണഭാവന്‍, കാത്ഥക്യന്‍, കൗത്സന്‍, ക്രൗഷ്ടുകി, ഗാര്‍ഗ്യന്‍, ഗാലവന്‍, ചര്‍മശിരസ്സ്, തൈടീകിവാര്‍ഷ്യായണി, ശതബലാക്ഷന്‍, ശാകല്യന്‍, സ്ഥൗലാഷ്ഠീവി, ശാകടായനന്‍, ശാകപൂര്‍ണി, ശാകല്യന്‍ എന്നീ പതിനേഴ് പൂര്‍വാചാര്യന്മാരെക്കുറിച്ച് യാസ്ക നിരുക്തത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതെല്ലാം നൈരുക്തിക  പഠനം വളരെ പ്രാചീനമാണെന്ന് തെളിയിക്കുന്നു. യാസ്കന്റെ കാലം ക്രി.മു. 800 നും 700 നും ഇടയ്ക്കാകാമെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

വൈദിക നിഘണ്ടു അഥവാ നിഘണ്ടു എന്ന ഗ്രന്ഥമാണ് യാസ്കനിരുക്തത്തിന് ആധാരമായിരിക്കുന്ന കൃതി. ഈ കൃതിയിലെ പദങ്ങള്‍ക്ക് നിഷ്പത്തിയും വിശദീകരണവും നല്കുകയാണ് നിരുക്തത്തില്‍. ഋഗ്വേദാദികളില്‍ നിന്നും സ്വീകരിച്ച ആയിരത്തിലേറെ പദങ്ങളുടെ ശേഖരമാണ് നിഘണ്ടു. പ്രാചീന വൈദിക നിഘണ്ടുവാണിത്. മഹാഭാരതത്തിലെ സൂചനയനുസരിച്ച് വൃഷാകപി എന്ന കാശ്യപ പ്രജാപതിയാണ് നിഘണ്ടുവിന്റെ കര്‍ത്താവ്. യാസ്കനിരുക്തത്തോടു ചേര്‍ത്തിട്ടുള്ള നിഘണ്ടു വല്ലാതെ വേറെയും നിഘണ്ടുക്കള്‍ ഉണ്ടായിരുന്നു എന്നതിനു വ്യക്തമായ തെളിവുകളുമുണ്ട്. നിഘണ്ടു എന്ന പദം വേദപര്യായമായ നിഗമവുമായി ബന്ധപ്പെട്ടിരിക്കുന്നു. വേദമന്ത്രാര്‍ഥങ്ങളെ നിഗമനത്തിലൂടെ അറിയുന്നതുകൊണ്ട് ലഭിച്ച പേരാണ് നിഗമം. ഈ നിഗമത്തിനു സഹായിക്കുന്ന കൃതിയെയാണ് നിഘണ്ടു എന്നുപറയുന്നത്.

വൈദികനിഘണ്ടുവിന് അഞ്ച് അധ്യായങ്ങളാണുള്ളത്. ഇതിലെ പദങ്ങളെ വിശദീകരിക്കുന്ന നിരുക്തം ആരംഭിക്കുന്നത് "സമാമ്നായഃ സമാമ്നാതഃ സഃവ്യാഖ്യാതവ്യഃ എന്ന വാക്യത്തോടെയാണ്. വൈദികവാങ്മയത്തെ ഒന്നടങ്കം സൂചിപ്പിക്കുന്ന പദമാണ് 'സമാമ്നായം'. സമാമ്നാതം എന്നതിനു 'മന്ത്രങ്ങളുടെ അര്‍ഥമറിയുന്നതിന് ഋഷിമാരാല്‍ സമാഹരിച്ചിരിക്കുന്നു' എന്നര്‍ഥം. ഇപ്രകാരം സമാഹരിച്ചിരിക്കുന്ന ഗ്രന്ഥത്തെ വ്യാഖ്യാനിക്കുവാന്‍ പോകുന്നു എന്നാണ് ഈ വ്യാഖ്യാനത്തിന്റെ സൂചന. ആദ്യത്തെ മൂന്ന് അധ്യായങ്ങളെ ചേര്‍ത്ത് നൈഘണ്ടുകകാണ്ഡം എന്ന് പറയുന്നു. ഏകാര്‍ഥത്തോടു കൂടിയ അനേകം പദങ്ങളെ (പര്യായപദങ്ങളെ) ഇവിടെ വിവരിക്കുന്നു. നാലാം അധ്യായം നൈഗമകാണ്ഡം എന്നും ഐകപദിക കാണ്ഡം എന്നും അറിയപ്പെടുന്നു. ഒന്നിലധികം അര്‍ഥങ്ങളോടുകൂടിയ (നാനാര്‍ഥ) പദങ്ങളെ ഇവിടെ വിവരിക്കുന്നു. അഞ്ചാം അധ്യായത്തില്‍ അഗ്നിമുതല്‍ ദേവ പത്നി വരെയുള്ള ദേവതാ നാമങ്ങളെക്കുറിച്ചാണു വിവരിക്കുന്നത്. ഈ അധ്യായത്തിനു ദൈവതകാണ്ഡം എന്നും പറയുന്നു.

ഒന്നാമധ്യായവും, രണ്ടാം അധ്യായത്തിന്റെ ഒന്നാം പാദവും ചേര്‍ന്നതാണ് പ്രസ്താവന അഥവാ ആമുഖം. നിരുക്തശാസ്ത്രത്തിന്റെ സൈദ്ധാന്തിക നിലപാടുകളെക്കുറിച്ച് ഇതില്‍ ചര്‍ച്ച ചെയ്തിരിക്കുന്നു. പദഭേദങ്ങള്‍, ധാതുജസിദ്ധാന്തം നിരുക്തത്തിന്റെ പ്രയോജനം, നിര്‍വചന നിയമങ്ങള്‍ തുടങ്ങിയവയെ ഇതില്‍ വിവരിക്കുന്നു. ഒന്നാം അധ്യായം നാലാം പാദത്തില്‍ നാമങ്ങളെല്ലാം ക്രിയാധാതുവില്‍ നിന്ന് നിഷ്പന്നമാണെന്ന ശാകടായനന്റെ അഭിപ്രായത്തെ ഉദ്ധരിക്കുന്നു. അതിനുശേഷം എല്ലാ പദങ്ങളും അപ്രകാരമല്ല എന്ന ഗാര്‍ഗ്യന്റെ പൂര്‍വപക്ഷങ്ങള്‍ക്ക് സമാധാനം പറഞ്ഞ് ശബ്ദങ്ങളുടെയെല്ലാം വ്യുത്പത്തി സാധ്യമാണെന്ന് യാസ്കന്‍ ഉറപ്പിച്ച് വ്യക്തമാക്കുന്നു. രണ്ടാം അധ്യായം രണ്ടാം പാദം മുതലാണ് നിഘണ്ടുവിലെ പദങ്ങളുടെ നിര്‍വചനം ആരംഭിക്കുന്നത്. പദങ്ങളെ നാമം, ആഖ്യാതം, ഉപസര്‍ഗം, നിപാതം എന്നിങ്ങനെ വിഭജിച്ച് ആദ്യത്തെ രണ്ടെണ്ണത്തിന്റെ ലക്ഷണവും പിന്നത്തെ രണ്ടെണ്ണത്തിന്റെ ഉഹാദരണവും പറയുന്നു. ക്രിയയുടെ ഉത്പത്തി, സത്ത, പരിണാമം, വൃദ്ധി, ക്ഷയം, നാശം എന്നീ ആറ് വികാരങ്ങളെ യാസ്കന്‍ വിവരിക്കുന്നു.

നിരുക്തത്തിന്റെ ദൈവതകാണ്ഡത്തില്‍ ദേവതകളെ ആകാശം, ദ്യോവ്, ഭൂമി എന്നിവിടങ്ങളിലുള്ളതായി വിഭജിച്ച് സ്വരൂപം, ഭേദം, സ്വഭാവം എന്നിവയെ നിരൂപണം ചെയ്തിരിക്കുന്നു. ദേവതാനാമങ്ങളുടെ നിഷ്പത്തി മാത്രമല്ല, യജ്ഞത്തിന്റെ വിവരണവും, ദാര്‍ശനികമായ വിശകലനവും യാസ്കന്‍ നടത്തിയിരിക്കുന്നു.

വേദത്തിന് അധ്യാത്മം, അധിദൈവം, ആഖ്യാനസമയം, ഐതിഹാസികം, നൈദാനം, നൈരുക്തം, പാരിവ്രാജികം, യാജ്ഞികം എന്നിങ്ങനെ നിരവധി അര്‍ഥതലങ്ങളുണ്ടായിരിക്കാമെന്ന് യാസ്കന്‍ അഭിപ്രായപ്പെടുന്നുണ്ട്. വൈദികനിഘണ്ടുവിലെ എല്ലാ പദങ്ങളെയും യാസ്കന്‍ വ്യാഖ്യാനിച്ചുകാണുന്നില്ല. ആയിരത്തിമുന്നൂറിലേറെ പദങ്ങളുള്ള നിഘണ്ടുവില്‍ നിന്ന് ഇരുനൂറില്‍ താഴെ പദങ്ങളെ മാത്രമേ യാസ്കന്‍ വ്യാഖ്യാനിക്കുന്നുള്ളൂ. നിഘണ്ടുവിലില്ലാത്ത നിരവധി പദങ്ങള്‍ക്ക് നിര്‍വചനം നല്‍കിക്കാണുന്നുമുണ്ട്. ഇവയില്‍ ലൌകികസംസ്കൃത പദങ്ങളും ഉള്‍പ്പെടും. നിരുക്തത്തിന് ശേഷം രണ്ട് അധ്യായങ്ങള്‍ പരിശിഷ്ടം അഥവാ അനുബന്ധമായും ചേര്‍ത്തിരിക്കുന്നു.

വൈദിക സംസ്കൃതത്തിനും ലൌകിക സംസ്കൃതത്തിനും യാസ്കന്‍ നല്‍കിയ സംഭാവന ശ്ലാഘനീയമാണ്. വേദഭാഷ്യകാരനായ സായണാചാര്യരിലും അഷ്ടാധ്യായിയുടെ കര്‍ത്താവായ പാണിനിയിലും യാസ്കനിരുക്തത്തിന്റെ സ്വാധീനം വളരെ വ്യക്തമായി കാണുന്നു. വേദത്തിന് യാജ്ഞികമായ അര്‍ഥം മാത്രമല്ല എന്നുള്ള യാസ്കന്റെ വാദം ഉപനിഷത്തുകളെയും സ്വാധീനിച്ചിട്ടുണ്ട്. ഭാഷാശാസ്ത്ര മേഖലയില്‍ ലഭ്യമായിരിക്കുന്ന ഏറ്റവും പ്രാചീനമായ ഗ്രന്ഥമാണ് യാസ്കനിരുക്തമെന്ന് നിസ്സംശയം പറയാം.

നിരുക്തത്തിനു നിരവധി ഭാഷ്യങ്ങളുണ്ടായിട്ടുണ്ട്. ഭാഷ്യകാരന്മാരായ സ്കന്ദസ്വാമി, മഹേശ്വരന്‍, ദുര്‍ഗാചാര്യന്‍ തുടങ്ങിയവര്‍ ഈ ഗ്രന്ഥത്തിനു വ്യാഖ്യാനം രചിച്ചിട്ടുണ്ട്. ഇതില്‍ യാസ്കന്റെ പദനിഷ്പത്തിയുടെ സമഗ്രമായ അര്‍ഥവിശദീകരണമുള്‍ക്കൊള്ളുന്ന വിസ്തൃത വ്യാഖ്യാനമാണ് ദുര്‍ഗാചാര്യന്റെ ദുര്‍ഗാടീക. ഭാര്‍ഗവക്ഷേത്രത്തിലിരുന്നാണ് താന്‍ നിരുക്തഭാഷ്യമെഴുതിയത് എന്ന് ദുര്‍ഗാചാര്യന്‍ പറഞ്ഞിരിക്കുന്നു. ഭാര്‍ഗവക്ഷേത്രമെന്നത് കേരളമാണെന്നതുകൊണ്ട് ദുര്‍ഗാചാര്യന്‍ കേരളീയനാണെന്ന് വിശ്വസിക്കാന്‍ ന്യായമുണ്ട്.

നിരുക്തത്തിന്റെ രണ്ടുപാഠം ഉപലബ്ധമായിട്ടുണ്ട്. ദുര്‍ഗാചാര്യന്റെ വ്യാഖ്യാനത്തില്‍ നിരുക്തകാരന്റെ എല്ലാ വാക്യങ്ങളും പരിചിന്തനം ചെയ്തിട്ടുള്ളതിനെ അടിസ്ഥാനമാക്കി സ്വീകരിച്ച പാഠമാണ് കൂടുതല്‍ അംഗീകൃതമായത്. ആര്‍. റോത്ത് 1848-49-ല്‍ ഗോട്ടിന്‍ജനില്‍ നിന്നും നിരുക്തം പ്രസിദ്ധീകരിച്ചു. നിഘണ്ടുശാസ്ത്രത്തിന് മാര്‍ഗദര്‍ശകമായ ഈ കൃതിയുടെ വിശദീകരണ രീതി പിന്തുടര്‍ന്നാണ് നിഘണ്ടുശാസ്ത്രം വികാസം പ്രാപിച്ചത്. 'ദ നിരുക്ത: ഇറ്റ്സ് പ്ലെയ്സ് ഇന്‍ ഓള്‍ഡ് ഇന്‍ഡ്യന്‍ ലിറ്ററേച്ചര്‍, ഇറ്റ്സ് എറ്റിമോളജീസ്' എന്ന കൃതിയില്‍ (1926) ഹന്‍സ് സ്കോര്‍സ് ഈ കൃതിയുടെ വിശദമായ പഠനം നിര്‍വഹിച്ചിട്ടുണ്ട്.

(രാജേഷ് പുല്ലാട്ടില്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍