This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നീരന്‍ബര്‍ഗ്, മാര്‍ഷല്‍ വാറന്‍ (1927 - 2010)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നീരന്‍ബര്‍ഗ്, മാര്‍ഷല്‍ വാറന്‍ (1927 - 2010)= Nirenberg,Marshall Warren വൈദ്യശാസ്ത്...)
അടുത്ത വ്യത്യാസം →

05:17, 10 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

നീരന്‍ബര്‍ഗ്, മാര്‍ഷല്‍ വാറന്‍ (1927 - 2010)

Nirenberg,Marshall Warren

വൈദ്യശാസ്ത്രത്തില്‍ 1968-ലെ നോബല്‍ സമ്മാനജേതാവ്. 1927 ഏ. 10-ന് ന്യൂയോര്‍ക്ക് സിറ്റിയില്‍ ജനിച്ചു. 1939-ല്‍ കുടുംബസമേതം ഫ്ളോറിഡയിലേക്കു താമസം മാറ്റി. ചെറുപ്പത്തിലേ ജീവശാസ്ത്രത്തില്‍ തത്പരനായിരുന്നു. 1948-ല്‍ ബി.എസ്സി. ബിരുദമെടുത്തു. 1952-ല്‍ ഫ്ളോറിഡ സര്‍വകലാശാലയില്‍നിന്ന് ജന്തുശാസ്ത്രത്തില്‍ എം.എസ്സി. പാസ്സായി. കാഡിസ് പ്രാണികളുടെ (Trichoptera) പരിസര-വര്‍ഗീകരണമായിരുന്നു അന്നത്തെ പ്രബന്ധവിഷയം. ഇക്കാലത്ത് ജൈവരസതന്ത്രത്തില്‍ കൂടുതല്‍ ആകൃഷ്ടനാവുകയും അതില്‍ ഗവേഷണം തുടരുകയും ചെയ്തു. 1957-ല്‍ മിഷിഗന്‍ സര്‍വകലാശാലയില്‍നിന്നും പിഎച്ച്.ഡി. കരസ്ഥമാക്കി.

1957-ല്‍ അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റിയുടെ ഫെലോഷിപ്പു ലഭിച്ചു. തത്ഫലമായി 1957 മുതല്‍ 59 വരെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്തില്‍ ഡേവിറ്റ് സ്റ്റെറ്റന്‍ (De Witt Stetten), വില്ല്യം ജാക്കോബി (Willium Jakoby) എന്നിവരുടെ കൂടെ പോസ്റ്റ് ഡോക്ടറല്‍ പരിശീലനം നേടി. അടുത്ത വര്‍ഷം പബ്ളിക് ഹെല്‍ത്ത് ഫെലോഷിപ്പിനര്‍ഹനായി. 1960-ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്തിലെ മെറ്റബോളിക് എന്‍സൈം വിഭാഗത്തില്‍ ജൈവരസതന്ത്രഗവേഷകനായി നീരന്‍ബര്‍ഗ് നിയമിതനായി. ഡോ. ഗോര്‍ഡണ്‍ ടോംപ്കിന്‍സായിരുന്നു (Dr.Gordon Tompkins) ഇദ്ദേഹത്തിന്റെ മേധാവി.

1959 മുതല്‍ ഡി.എന്‍.എ., ആര്‍.എന്‍.എ. എന്നിവയ്ക്ക് പ്രോട്ടീനുമായുള്ള ബന്ധത്തെപ്പറ്റി നീറന്‍ബര്‍ഗ് ആഴമേറിയ പഠനം തുടങ്ങി. എച്ച്. മത്തേയി(H.Mathaei)യുമായുള്ള തന്റെ ഗവേഷണഫലമായി പ്രോട്ടീന്‍ നിര്‍മാണത്തിന് സന്ദേശവാഹക ആര്‍.എന്‍.എ. (Messenger RNA) ആവശ്യമാണെന്ന് ഇദ്ദേഹം കണ്ടുപിടിച്ചു. അതുപോലെ സംശ്ലേഷിപ്പിക്കപ്പെട്ട സന്ദേശവാഹക ആര്‍.എന്‍.എ. ജനിതക കോഡിന്റെ (Genetic code) വിശകലനത്തിനുപയോഗിക്കാമെന്നും ഇദ്ദേഹം മനസ്സിലാക്കുകയുണ്ടായി.

1962-ല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഹെല്‍ത്തിലെ ബയോമെഡിക്കല്‍ ജനറ്റിക്സ് വിഭാഗം തലവനായി നീരന്‍ബര്‍ഗ് നിയമിക്കപ്പെട്ടു. 1968-ല്‍ ഹോളി (Holly), ഖൊരാന (Khorana) എന്നിവരോടൊപ്പം വൈദ്യശാസ്ത്രത്തില്‍ നോബല്‍ സമ്മാനം ഇദ്ദേഹം പങ്കിട്ടു. മിച്ചിഗന്‍, യെയില്‍, ചിക്കാഗോ, ഹാര്‍വാഡ് തുടങ്ങിയ നിരവധി സര്‍വകലാശാലകള്‍ ബഹുമതി ബിരുദങ്ങള്‍ നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കൂടാതെ ശ്രദ്ധേയമായ നിരവധി അവാര്‍ഡുകളും ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. അമേരിക്കന്‍ അക്കാദമി ഒഫ് ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ്, നാഷണല്‍ അക്കാദമി ഒഫ് സയന്‍സ് എന്നിവയില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010 ജനു. 15-ന് ഇദ്ദേഹം അന്തരിച്ചു.

(ഡോ. പി. ഗോപാലകൃഷ്ണപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍