This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാടവിര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നാടവിര= Tape Worm ജന്തുക്കളുടെ ചെറുകുടലില്‍ അധിവസിക്കുന്ന ഒരിനം പ...)
അടുത്ത വ്യത്യാസം →

Current revision as of 04:54, 5 ഫെബ്രുവരി 2011

നാടവിര

Tape Worm

ജന്തുക്കളുടെ ചെറുകുടലില്‍ അധിവസിക്കുന്ന ഒരിനം പരാദ വിര. പ്ലാറ്റിഹെല്‍മിന്തസ് എന്ന ജന്തു വിഭാഗത്തിലെ സെസ്റ്റോഡ വര്‍ഗത്തില്‍ ഉള്‍പ്പെടുന്ന നാടവിര, നാട(tape)പോലെ നീളമുള്ളതും, പരന്നതുമാണ്. മനുഷ്യന് ഹാനികരമായ പല രോഗങ്ങള്‍ക്കും നാടവിര ഹേതുവാകാറുണ്ട്.

ഏതാനും മി.മീ. മുതല്‍ 9 മീ. വരെ നീളമുള്ള വിവിധതരം നാടവിരകളുണ്ട്. ശിരസ്സ്, കഴുത്ത്, ഖണ്ഡങ്ങള്‍ എന്നീ വ്യക്തമായ മൂന്ന് ഭാഗങ്ങള്‍ ചേര്‍ന്നതാണ് നാടവിരയുടെ ശരീരം. വെളുത്ത നിറമുള്ള ഇതിന്റെ ശരീരം സ്ട്രൊബില എന്നറിയപ്പെടുന്നു. ശിരസ്സ് അഥവാ സ്കോളെക്സിലാണ് ചെറുകുടലില്‍ പറ്റിപ്പിടിക്കുന്നതിന് ഇവയെ സഹായിക്കുന്ന അവയവങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഈ അവയവങ്ങള്‍, കൊളുത്തുകള്‍ (hooks) നിറഞ്ഞ വളയമോ, സക്കറു(sucker)കളോ ആകാം. പ്രോഗ്ളാറ്റിഡുകള്‍ എന്നറിയപ്പെടുന്ന ശരീര ഖണ്ഡങ്ങള്‍ പേശികള്‍ കൊണ്ട് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഓരോ ഖണ്ഡവും, പാരന്‍കൈമ കലകള്‍ കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. അന്നജത്തെ ഗ്ളൈക്കോജനാക്കി സംഭരിക്കുന്നതിന് ഈ കലകള്‍ സഹായിക്കുന്നു. നാടവിരകള്‍ക്ക് സ്വന്തമായി അന്നനാളമില്ല. ഇവ ആതിഥേയ ജന്തുവിന്റെ ചെറുകുടലില്‍നിന്നും ദഹിച്ച ആഹാര പദാര്‍ഥത്തെ തൊലിയിലൂടെ വലിച്ചെടുക്കുകയാണ് പതിവ്. ആതിഥേയ ജന്തുവിന്റെ ചെറുകുടലില്‍ നാടവിരകള്‍, മ്യൂകോപ്രോട്ടീന്‍ എന്ന പദാര്‍ഥം കൊണ്ടുള്ള ഒരു ബാഹ്യാവരണത്താല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഈ മ്യൂകോപ്രോട്ടീനിന് ദഹനത്തെ പ്രതിരോധിക്കാന്‍ കഴിവുള്ളതിനാല്‍ ആതിഥേയ ജന്തുവിന്റെ ദഹന രസങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍നിന്നും നാടവിര സ്വയം രക്ഷപ്പെടുന്നു.

നാടവിരകളുടെ ശരീരത്തിനുള്ളില്‍ യാതൊരുവിധ അറകളും കാണപ്പെടുന്നില്ല. ശരീരത്തിന്റെ പിന്നറ്റത്തുള്ള ഖണ്ഡമാണ് ആദ്യം പൂര്‍ണ വളര്‍ച്ചയെത്തുന്നത്. ഓരോ ഖണ്ഡത്തിലും പ്രത്യേകം ആണ്‍, പെണ്‍ പ്രത്യുല്പാദനാവയവങ്ങള്‍ ഉണ്ടായിരിക്കും. ഇവയില്‍ ആണ്‍ പ്രത്യുല്പാദനാവയവമാണ് ആദ്യം പൂര്‍ണ വളര്‍ച്ചയെത്തി ബീജസംയോഗം നടത്തുന്നത്. തത്ഫലമായി നൂറുകണക്കിന് മുട്ടകള്‍ ഉണ്ടാകുന്നു. ഇങ്ങനെ മുട്ടകള്‍ നിറഞ്ഞ പൂര്‍ണ വളര്‍ച്ചയെത്തിയ ശരീരഖണ്ഡം, മാതൃവിരയില്‍നിന്നും സ്വതന്ത്രമാകുന്നു. തുടര്‍ന്ന്, ഇവ ആതിഥേയ ജന്തുവിന്റെ മലത്തില്‍ കൂടിയോ, ചിലപ്പോള്‍ ജീവനുള്ള അവസ്ഥയില്‍ ഗുദത്തിലൂടെയോ പുറത്തെത്തുന്നു. പുറത്തെത്തിയശേഷം ഈ പ്രത്യേക ശരീര ഖണ്ഡത്തില്‍നിന്നും മുട്ടകള്‍ പുറന്തള്ളപ്പെടുകയും, ശരീരഖണ്ഡം നശിച്ചു പോകുകയും ചെയ്യുന്നു. ഈ മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന ലാര്‍വകള്‍ ഓന്‍കോസ്ഫിയര്‍ എന്ന പേരില്‍ അറിയപ്പെടുന്നു. ഓന്‍കോസ്ഫിയറുകളുടെ ശരീരം പൊതുവേ, വൃത്താകൃതിയിലായിരിക്കും. ലാര്‍വകള്‍ മറ്റു ജീവികളുടെ കുടലില്‍ കടന്നു കൂടുന്നതോടെ, വിരയുടെ ജീവിതചക്രം ആവര്‍ത്തിക്കുന്നു.

നാടവിരകളുടെ ജീവിത ചക്രത്തില്‍ പ്രധാനമായും രണ്ട് തരം ആതിഥേയരാണുള്ളത്. ദ്വിതീയ ആതിഥേയനും (Secondary or intermediate host), അന്ത്യ ആതിഥേയനും (definitive or final host). ദ്വിതീയ ആതിഥേയര്‍ സാധാരണ ഗതിയില്‍ സസ്യഭോജികളും, അന്തിമ ആതിഥേയര്‍ മാംസഭോജികളുമായിരിക്കും. ദ്വിതീയ ആതിഥേയരെ സാധാരണയായി, വിരയുടെ ലാര്‍വയാണ് ബാധിക്കുക. ലാര്‍വകള്‍, ആതിഥേയ ജന്തുക്കളുടെ വിവിധ ശരീരഭാഗങ്ങളില്‍ പറ്റിപ്പിടിച്ച് വളരാറുണ്ട്. എന്നാല്‍ പൂര്‍ണ വളര്‍ച്ചയെത്തിയ നാടവിരകള്‍, അന്തിമ ആതിഥേയ ജന്തുക്കളുടെ ചെറുകുടലില്‍ മാത്രമേ വളരാറുള്ളു.

സാധാരണയായി മനുഷ്യരെ ബാധിക്കുന്ന നാടവിരകളാണ് ബീഫ് ടേപ്പ് വേം, പോര്‍ക്ക് ടേപ്പ്വേം, ഡോഗ് ടേപ്പ് വേം, ഫിഷ് ടേപ്പ് വേം മുതലായവ.

ബീഫ് ടേപ് വേം. മനുഷ്യരില്‍ സാധാരണയായി കണ്ടുവരുന്ന നാടവിരകളില്‍ പ്രധാനയിനമാണ് ബീഫ് നാടവിര. ശാ.നാ. റ്റീനിയറിന്‍കസ് സാജിനേറ്റസ് (Taeniarhynchus saginatus). പയറുവിത്തിന്റെ ആകൃതിയിലുള്ള ഇവയുടെ ശിരസ്സില്‍ കൊളുത്തുകളില്ല. സക്കറുകളുപയോഗിച്ചാണ് ഇവ ചെറുകുടലില്‍ പറ്റിപ്പിടിച്ചു കിടക്കുന്നത്. എരുമ, പോത്ത് മുതലായ നാല്‍ക്കാലികളാണ് ഇവയുടെ ദ്വിതീയ ആതിഥേയര്‍. ഈ നാടവിരകളുടെ മുട്ടകളടങ്ങളിയ പുല്ലും മറ്റും, നാല്‍ക്കാലികള്‍ ഭക്ഷിക്കുന്നു. നാല്‍ക്കാലികളുടെ ദഹനരസത്തിന്റെ പ്രവര്‍ത്തനഫലമായി മുട്ടയുടെ തോട് പൊട്ടി ലാര്‍വ പുറത്തു വരുന്നു. ഇങ്ങനെ പുറത്തു വരുന്ന ലാര്‍വകളെ, നാല്‍ക്കാലിയുടെ ഹൃദയത്തോട് ചേര്‍ന്നുള്ള കൊഴുപ്പുകലകളില്‍ക്കാണാം. ഇവയ്ക്ക് 45°C-താപനിലയില്‍ വരെ ജീവിക്കാന്‍ ശേഷിയുണ്ട്. ലാര്‍വകള്‍ അടങ്ങിയ മാംസം നന്നായി പാചകം ചെയ്യാതെ ഭക്ഷിക്കുന്നതോടെ ഇവ അന്ത്യ ആതിഥേയരായ മനുഷ്യരിലെത്തുന്നു. തുടര്‍ന്ന്, മനുഷ്യരുടെ ചെറുകുടലില്‍ പറ്റിപ്പിടിക്കുന്ന ലാര്‍വകള്‍, 2-3 മാസത്തിനുള്ളില്‍ പൂര്‍ണവളര്‍ച്ചയെത്തുകയും നിരവധി മുട്ടകളടങ്ങിയ ശരീര ഖണ്ഡങ്ങളെ മലത്തിലൂടെ വിസര്‍ജിക്കുകയും ചെയ്യുന്നു. ചെറുകുടലിനുള്ളില്‍ അധിവസിക്കുന്ന പൂര്‍ണ വളര്‍ച്ചയെത്തിയ നാടവിരകള്‍ 'ബ്ലാഡര്‍ വിരകള്‍' എന്നറിയപ്പെടുന്നു. ഇവ ചിലയവസരങ്ങളില്‍ തലച്ചോറിലെത്തുകയും, അപസ്മാരത്തിനോ, പക്ഷാഘാതത്തിനോ വഴിതെളിക്കുകയും ചെയ്യുന്നു.

പോര്‍ക്ക് ടേപ് വേം. റ്റീനിയ സോളിയം (Tenia solium) എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന പോര്‍ക്ക് നാടവിരയുടെ ശിരസ്സ് ബീഫ് നാടവിരയുടേതിനെക്കാള്‍ ചെറുതാണ്. ശിരസ്സില്‍ സക്കറുകള്‍ക്കു പുറമേ, കൊളുത്തുകളും കാണപ്പെടുന്നു. പന്നിയാണ് ഇവയുടെ പ്രധാന ദ്വിതീയ ആതിഥേയന്‍. ഇവയുടെ ജീവിതചക്രം ബീഫ് നാടവിരയുടേതിന് സമാനമാണ്. നന്നായി പാചകം ചെയ്യാത്ത പന്നിയുടെ മാംസം ഭക്ഷിക്കുന്നതിലൂടെ ഇവയുടെ ലാര്‍വകള്‍ മനുഷ്യരിലെത്തുന്നു. ചിലയവസരങ്ങളില്‍ ഈ ലാര്‍വകള്‍ കണ്ണുകളിലും, നാഡികളിലും പറ്റിപ്പിടിച്ചു വളരുന്നു. ഈ ഘട്ടത്തില്‍ ഇവ, പൂര്‍ണ വളര്‍ച്ചയെത്തിയ വിരകളെക്കാള്‍ അപകടകാരികളായി മാറുന്നു.

ബീഫ് നാടവിരകളും, പോര്‍ക്ക് നാടവിരകളുംമൂലം മനുഷ്യരിലുണ്ടാകുന്ന രോഗം റ്റീനിയാസിസ് എന്നറിയപ്പെടുന്നു.

ഡോഗ് ടേപ് വേം. മനുഷ്യനെ ബാധിക്കുന്നതില്‍ വച്ച് ഏറ്റവും ചെറിയ നാടവിരകളാണിവ. ശാ.നാ. എക്കിനോകോക്കസ് ഗ്രാനുലോസസ് (Echinococcus granulosus). ഇവയ്ക്ക് രണ്ടോ മൂന്നോ ശരീരഖണ്ഡങ്ങല്‍ മാത്രമേയുള്ളു. മനുഷ്യര്‍, ചെമ്മരിയാടുകള്‍ മുതലായവയാണ് ഇവയുടെ ദ്വിതീയ ആതിഥേയര്‍; നായ് അന്തിമ ആതിഥേയനും. പൂര്‍ണ വളര്‍ച്ചയെത്തിയ വിരകളിടുന്ന മുട്ടകള്‍ നായയുടെ മലത്തിലൂടെ പുറത്തെത്തുന്നു. അവ നക്കുന്നതിലൂടെയും മറ്റും നായയുടെ ശരീരത്തില്‍ വീണ്ടും മുട്ടകള്‍ പറ്റിപ്പിടിക്കുന്നു. ഇത്തരം നായകളെ തൊടുന്നതിലൂടെ മനുഷ്യരുടെ കൈകളിലും മുട്ടകളെത്തുന്നു. നന്നായി കൈ വൃത്തിയാക്കാതെ ആഹാരം കഴിയ്ക്കുമ്പോള്‍ മുട്ടകള്‍ മനുഷ്യരുടെ ചെറുകുടലിലെത്തുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന ലാര്‍വകള്‍ കരള്‍, ശ്വാസകോശം തുടങ്ങിയ അവയവങ്ങളിലെത്തി ഒരു മുഴ ആയി വളരുന്നു. ഈ അവസ്ഥ ഹൈഡാറ്റിഡ് സിസ്റ്റ് അഥവാ എക്കിനോ കോക്കോസിസ് എന്നറിയപ്പെടുന്നു. ഇത് നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നു.

ഫിഷ് ടേപ് വേം. മത്സ്യങ്ങള്‍ അന്തിമ ആതിഥേയരായ നാടവിരകളാണിവ. ശാ.നാ. ഡൈബോത്രിയോസെഫാലസ് ലാറ്റസ് (Dibothriocephalus latus). ഇത്തരം മത്സ്യങ്ങളെ ശരിയായ വിധത്തില്‍ പാചകം ചെയ്യാതെ ഭക്ഷിക്കുന്നതിലൂടെ ഇവ മനുഷ്യരിലെത്തുന്നു. ഇവ മനുഷ്യന്റെ ശരീരത്തില്‍നിന്നും വലിയ തോതില്‍ ജീവകം ബി 12 വലിച്ചെടുക്കുന്നു. ഇത് ജീവകം ബി-12 ന്റെ കുറവിന് നിദാനമാകുന്നു. രക്തോല്പാദനത്തിനു ജീവകം ബി-12 ആവശ്യമായതിനാല്‍, ഫിഷ് ടേപ് വേമിന്റെ സാന്നിധ്യം മനുഷ്യരില്‍ വിളര്‍ച്ചയുണ്ടാകാന്‍ കാരണമാകുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%9F%E0%B4%B5%E0%B4%BF%E0%B4%B0" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍