This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാടോടിനൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നാടോടിനൃത്തം= നാടോടിമട്ടില്‍ പ്രചരിച്ചുവളര്‍ന്ന തദ്ദേശീയ ...)
അടുത്ത വ്യത്യാസം →

04:19, 5 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

നാടോടിനൃത്തം

നാടോടിമട്ടില്‍ പ്രചരിച്ചുവളര്‍ന്ന തദ്ദേശീയ നൃത്തങ്ങള്‍. 'ജീവിതത്തിലെ നിര്‍ണായകാവര്‍ത്തന ചക്രങ്ങളുടെ ചലനരൂപേണയുള്ള സാമൂഹിക പ്രതികരണം' എന്ന്, മരിയ ലീച്ച് നാടോടി നൃത്തത്തെ നിര്‍വചിച്ചിരിക്കുന്നു. ആധുനിക ഫോക്ലോര്‍ പഠനം ഇതിനെ രണ്ടാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു സങ്കല്പമായാണ് വിലയിരുത്തിയിട്ടുള്ളത്.

(ഒന്ന്) നാടോടിനൃത്തം കാലാകാലമായി രൂപപ്പെട്ടുവരുന്നതും ഒരോ കാലത്തെയും സമൂഹത്തിന്റെ താത്പര്യങ്ങള്‍ക്കും സമ്മര്‍ദങ്ങള്‍ക്കും വിധേയമായി മാറിക്കൊണ്ടിരിക്കുന്നതുമാണ്.

(രണ്ട്) തലമുറകളിലേക്ക് കൈമാറുന്ന പ്രക്രിയ സ്വാഭാവികമായ ഉള്‍ക്കൊള്ളലിന്റെയും ബോധപൂര്‍വമല്ലാത്ത തിരഞ്ഞെടുപ്പിന്റെയും ചട്ടക്കൂടില്‍ നിന്നുകൊണ്ടാണ് സംഭവിക്കുന്നത്.

ആമുഖം

ഒരു ജനസാമാന്യത്തിന്റെ സവിശേഷനൃത്തരൂപം എന്ന സാമാന്യമായ നിര്‍വചനം നാടോടിനൃത്തത്തിന്റെ സവിശേഷതകള്‍ പൂര്‍ണമായും ഉള്‍ക്കൊള്ളുന്നതല്ല. ജനസാമാന്യം അഥവാ 'ഫോക്' എന്നതിനെ ഫോക്ലോര്‍ പഠനരംഗം ഇന്നു നിര്‍വചിക്കുന്നതുതന്നെ 'ഏറ്റവും കുറഞ്ഞത് ഒരു സാമാന്യഘടകത്തിലെങ്കിലും സമാനത പുലര്‍ത്തുന്ന ഒരു കൂട്ടം ജനങ്ങള്‍' എന്നാണ്. ഇതനുസരിച്ച് കലാശാലാ വിദ്യാര്‍ഥികള്‍ ഒരു ജനസാമാന്യമാണ്. അപ്പോള്‍ അവരുടേതായ ഏതൊരു മൌലികനൃത്തവും നാടോടി നൃത്തമാകും. ആ രീതിയില്‍ ഒരു ബാലേക്കമ്പനിയുടെ മൌലികമായ നൃത്തവും നാടോടിനൃത്തമാണ് - എന്നാല്‍ അതിനെ നാടോടിനൃത്തമായി കണക്കാക്കാറില്ല. അതുകൊണ്ട് നാടോടി നൃത്തത്തെ നിര്‍വചിക്കാന്‍ ചില പണ്ഡിതന്മാര്‍ പ്രാകൃതനൃത്തത്തിനും പരിഷ്കൃത നൃത്തത്തിനും ഇടയിലുള്ള 'നൃത്തം' എന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. അത് അനുഷ്ഠാനപരമോ മതപരമോ മതനിരപേക്ഷമോ ആകാം. പ്രാകൃതനൃത്തത്തിനും നാടോടിനൃത്തത്തിനും തമ്മിലുള്ള വ്യത്യാസം കലാപരം മാത്രമല്ല. പ്രാകൃതനൃത്തത്തില്‍ സമൂഹം മുഴുവന്‍ പങ്കുചേരുന്നു. അതില്‍ നര്‍ത്തകരും പ്രേക്ഷകരുമെന്ന വ്യത്യാസമില്ല. നാടോടി നൃത്തത്തില്‍ അതുണ്ട്. പരിഷ്കൃതനൃത്തം കാണികളില്‍നിന്ന് പ്രശംസയും പ്രതീക്ഷിക്കുന്നു; നാടോടി നൃത്തത്തില്‍ അതിന് പ്രസക്തിയില്ല-ഇതാണ് അവ തമ്മിലുള്ള മറ്റൊരു വ്യത്യാസം. പരിഷ്കൃതനൃത്തം സങ്കേതജടിലമാണെന്നതിനാല്‍ അതിന്റെ ആസ്വാദകര്‍ പ്രത്യേക പരിശീലനം ആവശ്യപ്പെടുന്നുവെന്നതും ഒരു വ്യത്യാസമാണ്.

നാടോടിനൃത്തത്തിന്റെ ഘടനയെക്കുറിച്ചുള്ള പഠനങ്ങള്‍, അവ പരിമിതമായ ചുവടുകളുടെയും താളങ്ങളുടെയും വിവിധ രീതിയിലുള്ള സങ്കലനമാണെന്നാണ് വിലയിരുത്തിയിട്ടുള്ളത്. വൈവിധ്യമാര്‍ന്ന നാടോടിനൃത്തങ്ങളുടെയെല്ലാം അടിസ്ഥാന ഏകകങ്ങള്‍ നടത്തം, കുതിച്ചുചാട്ടം, ഓട്ടം, തുള്ളല്‍, കൈകൊട്ടല്‍ മുതലായവയാണെന്ന് കണ്ടെത്തിയിട്ടുള്ളത്. പാദചലനങ്ങള്‍ പ്രധാനമായും മൂന്നുതരത്തിലാണ്. (1) ഒറ്റക്കാലിലുള്ള ഒറ്റച്ചുവട് (2) ഇരുകാലും ഒന്നിച്ചുപൊക്കിയുള്ള തത്തിച്ചാട്ടം (3) ഒരു കാലിലെ ഭാരം മറ്റേകാല്‍ സ്വീകരിച്ച് ഒരു കാല്‍ സ്വതന്ത്രമാക്കുന്ന മാറ്റച്ചുവട്. ഇവയില്‍ ഏതെങ്കിലും ഒന്നിന്റെ പരിവര്‍ത്തനമോ അല്ലെങ്കില്‍ ഇവയുടെയൊക്കെ സങ്കലനമോ ആണ് നാടോടിനൃത്തത്തിലെ ചുവടുകളെല്ലാം. അതില്‍ സ്ത്രീയും പുരുഷനും വേറെ വേറെ ചെയ്യുന്ന നൃത്തങ്ങളും ഒരുമിച്ചു ചെയ്യുന്ന നൃത്തങ്ങളുമുണ്ട്. വൃത്താകൃതിയില്‍ നിന്നുകൊണ്ടും ഒരേ നിരയില്‍ നിന്നുകൊണ്ടുമുള്ള നൃത്തങ്ങളും കാണാം.

ഉദ്ഭവം

പ്രകൃതിക്കും മിക്ക ജീവജാലങ്ങള്‍ക്കും ഒരു താളബോധമുണ്ട്. ഈ താളത്തെ സ്വയം സ്വാധീനിക്കുകയും തന്റെ ഇംഗിതമനുസരിച്ച് നിയന്ത്രിക്കുകയും ചെയ്ത ആദ്യത്തെ ജീവിയാണ് മനുഷ്യന്‍. അന്നുമുതല്‍ നൃത്തം ഉദ്ഭവിച്ചു എന്നു കരുതപ്പെടുന്നു (നോ: നൃത്തം). നരനൃത്തത്തിന്റെ ലഭ്യമായ പുരാതനരേഖ സു. 50,000 വര്‍ഷം പഴക്കമുള്ളതെന്നു കരുതപ്പെടുന്ന വടക്കന്‍ സ്പെയിനിലെ ഒരു ഗുഹാചിത്രമാണ്. ഇത് വിരല്‍ചൂണ്ടുന്നത് പ്രാകൃതമനുഷ്യന് നൃത്തം ഒരു സന്തോഷപ്രകടനോപാധി ആയിരുന്നില്ല; ജീവിതത്തിന്റെ ഭാഗമായിരുന്നു; ഒരുതരം അനുഷ്ഠാനമായിരുന്നു-എന്നാണ്. അതാകട്ടെ കലകളില്‍ വച്ചേറ്റവും സജീവവും പുരാതനവുമാണ്. പ്രാകൃതനൃത്തത്തിന്റെ ആദ്യഘട്ടത്തില്‍ പക്ഷിമൃഗാദികളെന്നപോലെ മനുഷ്യന്‍ പ്രത്യേക ആശയമൊന്നുമില്ലാതെ നൃത്തം ചെയ്തിരിക്കണം. ആത്മപ്രഹര്‍ഷ സൂചകമായ താളാത്മകചലനം മാത്രമായിരിക്കണം അത്. പിന്നീട് താളത്തിനനുസൃതമായ വായ്ത്താരികളും കൈമുട്ടല്‍ തുടങ്ങിയ താളംപിടിക്കലുകളും വന്നിരിക്കണം. അടുത്തപടി നൃത്തത്തിലൂടെ ചില ആശയങ്ങള്‍ക്ക് രൂപം നല്കുക എന്നതായിരുന്നു. അങ്ങനെ പക്ഷിമൃഗാദികളുടെ കേവലനൃത്തത്തില്‍ നിന്ന് നരനൃത്തം വ്യത്യസ്തമായി. പ്രാകൃതനൃത്തങ്ങളില്‍ സ്ത്രീ-പുരുഷ സംയുക്ത നൃത്തങ്ങളായിരുന്നു അധികവും. വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ ഏകാംഗനൃത്തങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൈവന്നു. പ്രാകൃതനൃത്തത്തില്‍ നിന്നു വ്യത്യസ്തമായി നര്‍ത്തകര്‍-പ്രേക്ഷകര്‍ എന്ന വേര്‍തിരിവും അക്കാലത്ത് നിലവില്‍ വന്നു. അനുഷ്ഠാനപരതയും താരതമ്യേന കുറഞ്ഞു. അങ്ങനെയാണ് നാടോടിനൃത്തങ്ങള്‍ ഉദ്ഭവിച്ചത്. അവ വീണ്ടും കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് പരിഷ്കൃത നൃത്തങ്ങളാവുകയായിരുന്നു, പിന്നീട്.

ചരിത്രം

വീരഗാഥകളുടെ അവതരണത്തിലും പ്രാദേശിക ഉത്സവങ്ങളിലും നാമമാത്രമായി മാത്രമേ ആദ്യകാലങ്ങളില്‍ നാടോടിനൃത്തം അവതരിപ്പിച്ചിരുന്നുള്ളൂ. അത് ഒരു പ്രത്യേകകലാരൂപമായി അംഗീകരിക്കപ്പെട്ടിരുന്നുമില്ല. കളികളിലും കാര്‍ഷികവൃത്തികളിലും ഔദ്യോഗിക ആചാരങ്ങളിലും വലിയ പ്രാധാന്യം കിട്ടാതിരുന്ന നാടോടിനൃത്തത്തിന് ഗ്രാമീണാചാരത്തിന്റെ ഒരു ഭാഗമെന്ന നിലയില്‍ മാത്രമായിരുന്നു അംഗീകാരം. 18-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തിലും 19-ാം ശ.-ത്തിലുമാണ് നാടോടിനൃത്തം എന്ന പേരും സവിശേഷ നൃത്തസമ്പ്രദായങ്ങളും യൂറോപ്പില്‍ പ്രചാരം നേടിയത്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തോടെ അവ വ്യാപകമായി സ്വീകരിക്കപ്പെട്ടു. വിവിധ രാജ്യങ്ങളിലെ മേയ്ദിന നൃത്തങ്ങള്‍, മോറിസ് നര്‍ത്തകരുടെ വിവാഹനൃത്തം, അയര്‍ലണ്ടിലെയും മറ്റും വിവാഹ നൃത്തങ്ങള്‍ എന്നിവ ഉദാഹരണം.

സാംസ്കാരിക പരിണാമഘട്ടത്തിലെ ബൗദ്ധികസ്വാധീനം നാടോടിനൃത്തത്തിന്റെ നിരാസത്തിന് കാരണമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.

കാര്‍ഷികസമൂഹങ്ങളില്‍ ജീവിച്ചിരുന്ന സാധാരണ മനുഷ്യര്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയുള്ളതാണ് നാടോടിനൃത്തങ്ങളും മറ്റും എന്ന ധാരണ ചില യൂറോപ്യന്‍ പഠിതാക്കളില്‍ പ്രബലമായിരുന്നു. ഗ്രാമീണ ജനവര്‍ഗങ്ങള്‍ സാമാന്യേന നിരക്ഷരരായതുകൊണ്ട് ഉന്നതവിദ്യാഭ്യാസത്തിന് അവര്‍ അര്‍ഹരല്ലെന്ന ധാരണയും അതിന്റെ അധഃപതനത്തിന് കാരണമായി. പ്രാചീനമായ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും വീണ്ടെടുക്കല്‍ എന്ന നിലയിലാണ് പല ആധുനിക ഗവേഷകരും നാടോടിനൃത്തത്തിന്റെ നവോത്ഥാനത്തെ കണ്ടത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യപാദങ്ങത്തില്‍പ്പോലും 'ഫോക് ഡാന്‍സ്' എന്ന പദം സാര്‍വത്രികമായി ഉപയോഗിക്കപ്പെട്ടിരുന്നില്ല. നാഷണല്‍ ഡാന്‍സ്, പെസന്റ്ഡാന്‍സ്, വില്ലേജ് ഡാന്‍സ്, റീജിയണല്‍ ഡാന്‍സ്, കണ്‍ട്രി ഡാന്‍സ്, റിച്വല്‍ ഡാന്‍സ് തുടങ്ങിയ വാക്കുകളാണ് പൊതുവേ പ്രചാരത്തിലുണ്ടായിരുന്നത്. വിവിധ യൂറോപ്യന്‍ ഭാഷകളില്‍ 'ഫോക്ഡാന്‍സ്' എന്ന പദം ഉപയോഗിച്ചുതുടങ്ങിയത് പ്രാദേശിക പാരമ്പര്യനൃത്തസംസ്കാരത്തില്‍ വന്നുകൂടിയ പൊതുതാത്പര്യത്തിന്റെ ഭാഗമായിട്ടാണെന്ന് പുതിയ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

നാടോടി നൃത്തങ്ങള്‍ക്കായി വ്യവസ്ഥാപിത സംഘടനകള്‍ രൂപംകൊണ്ടതോടെ അവയില്‍ പല മാറ്റങ്ങളും കടന്നുവന്നു. ജനകീയ നൃത്തമെന്ന നിലയിലേക്കുള്ള മാറ്റങ്ങളായിരുന്നു അവയിലധികവും. അങ്ങനെ അതില്‍ 'ജനകീയവത്കരിക്ക'പ്പെട്ട നൃത്തങ്ങളാണ് ജാസ് നൃത്തവും അബോട്സ് ബ്രോമ്ളി ഹോണ്‍ നൃത്തവും മോറിസ് നൃത്തവുമെല്ലാം.

എങ്കിലും, പ്രാദേശികതലത്തില്‍ നിരവധി നൃത്തങ്ങള്‍ പ്രാധാന്യത്തോടെ നിലനിന്നിരുന്നു. ക്രൈസ്തവപൂര്‍വശൈലി പുലര്‍ത്തിയിരുന്ന ബാല്‍ക്കണ്‍ നൃത്തങ്ങള്‍, മാസിഡോണിയന്‍ ആയോധനനൃത്തങ്ങള്‍, കൊറേഷ്യയിലെയും ഡാല്‍മേഷ്യയിലെയും മൂര്‍ നൃത്തങ്ങള്‍, യൂഗോസ്ളോവ്യയിലെ കൊളോ നൃത്തം, ബൊഹീമിയന്‍ പൊല്‍ക്ക, ആസ്റ്റ്രേലിയന്‍ വാട്സ്, പോളിഷ് മസുര്‍ക്ക, ഹംഗേറിയന്‍ സാര്‍ഡസ്, മധ്യ-അമേരിക്കന്‍ ജറബെ നൃത്തങ്ങള്‍, മെക്സിക്കന്‍ ഹാറ്റ് ഡാന്‍സ്, സ്പെയിനിലെ സ്പിന്നിങ് മൈം, ബ്രസീലിലെ സാംബനൃത്തം എന്നിവ ഉദാഹരണം.

ദേശീയതയുടെയും പരിണാമവാദത്തിന്റെയും വൈകാരികാവേശത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട പഠനഗവേഷണങ്ങളാണ് ഫോക് സംസ്കാരത്തിന്റെ പ്രാധാന്യത്തിലേക്ക് വിരല്‍ചൂണ്ടുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തില്‍ ഗോത്രസമൂഹങ്ങളിലെ എല്ലാ നൃത്തരൂപങ്ങളും 'ഫോക് ഡാന്‍സാ'യി പഠിക്കപ്പെട്ടു; കാര്‍ഷിക ഗ്രാമങ്ങളില്‍ നിലനിന്നിരുന്ന നൃത്തരൂപങ്ങളെല്ലാം 'നാടോടിനൃത്ത'പദവി നേടിയെടുത്തു. പത്തൊമ്പതാം നൂറ്റാണ്ടിലെ മാതൃകകളെ ആസ്പദമാക്കിയുള്ള ചില നാടകങ്ങളാണ് ഫോക് കലാപാരമ്പര്യത്തെ നിര്‍ണയിക്കുന്നതിന് അടിസ്ഥാനമാക്കിയിരുന്നത്. തനിമയാര്‍ന്ന ദേശീയ സംസ്കാരത്തിന്റെ പ്രതീകമായിട്ടാണ് ഫോക് സംസ്കാരത്തെ പരിണാമവാദ തത്ത്വശാസ്ത്രം വിലയിരുത്തുന്നത്. അതിപുരാതനമായ മതക്രിയകളുടെ ആചാരവഴികളിലൂടെ അതിജീവിച്ചുവന്നവയാണ് നാടോടിനൃത്തമായി മാറിയതെന്ന് മിക്ക ഗവേഷകരും കണ്ടെത്തിയിട്ടുണ്ട്. ഓരോ ഗോത്രസമൂഹത്തിനും ഉണ്ടായിരുന്ന ആചാരനിബദ്ധമായ നൃത്തവൈവിധ്യങ്ങള്‍ അവരവരുടെ തലമുറകളിലേക്ക് പകരുകയും ചെയ്തിരുന്നു. പുരാതനസമൂഹം 'കലയ്ക്കുവേണ്ടി'യെന്ന മൂല്യത്തെ പിന്തുണച്ചിരുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു. ഗോത്രമഹിമയുടെ ഔദ്യോഗികാനുഷ്ഠാനം എന്ന നിലയിലാണ് പല ഫോക് നൃത്തരൂപങ്ങളും അരങ്ങേറിയിരുന്നത്.

ഇരുപതാം നൂറ്റാണ്ടില്‍ വികസിച്ച പോപ്പുലര്‍ ഡാന്‍സ്, ഫോക് ഡാന്‍സില്‍ നിന്നും വ്യത്യസ്തമായിരുന്നു. എങ്കിലും ഫോക്കും പോപ്പുലറും ചേര്‍ന്ന ഒരു സംയോജിത നൃത്തരൂപത്തെക്കുറിച്ച് ഗവേഷകര്‍ ചിന്തിക്കാതിരുന്നില്ല. സാമുദായിക നൃത്തപാരമ്പര്യം ദൈനംദിന ജീവിതത്തിന്റെ വിശ്വാസങ്ങള്‍ക്കും മൂല്യങ്ങള്‍ക്കുമനുസരിച്ച് നീങ്ങിയിരുന്നതുകൊണ്ട് പ്രാദേശിക സംസ്കൃതിയുടെ ഈടുവയ്പുകളായി അത് പരിഗണിക്കപ്പെട്ടിരുന്നു. പ്രാദേശിക നൃത്തത്തിന്റെ പരിധിയിലായിരുന്നു ഫോക്ഡാന്‍സും പോപ്പുലര്‍ ഡാന്‍സും ഉള്‍പ്പെട്ടിരുന്നത്. ചരിത്രപരമായ പ്രാധാന്യം ഫോക്ഡാന്‍സിന് പ്രത്യേക പരിവേഷം നല്കിയപ്പോള്‍ ജനകീയ മൂല്യങ്ങളും ഫാഷന്‍ശൈലികളുമാണ് പോപ്പുലര്‍ ഡാന്‍സിനെ നിലനിര്‍ത്തിയത്.

1960-കള്‍ മുതലാണ് നാടോടിനൃത്തപഠനം മുഖ്യധാരയിലേക്കെത്തുന്നത്. 1900 മുതല്‍ 1920 വരെയുള്ള കാലയളവിലാണ് യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും നാടോടിനൃത്തം ജനകീയ കലയായി ശക്തിയാര്‍ജിച്ചത്. നിരവധി നാടോടിനൃത്ത പ്രസ്ഥാനങ്ങള്‍ ഇക്കാലയളവില്‍ സംഘടിപ്പിക്കപ്പെട്ടു. 1899-ല്‍ കോപ്പന്‍ഗേഹനില്‍ ഒരു സ്വീഡിഷ് കലാസംഘം അവതരിപ്പിച്ച പ്രാദേശിക നൃത്തപ്രകടനം വിജയമായതോടെ, സ്വീഡിഷ് നാടോടിനൃത്തം, ഒരു മികച്ച വിനോദോപാധിയായി അംഗീകരിക്കപ്പെട്ടു. 1901-ല്‍ ഫോക് നൃത്തത്തിന്റെ വികസനത്തിനും സംരക്ഷണത്തിനുമായി 'ഡാനിഷ് അസോസിയേഷന്‍' രൂപീകൃതമായി. അതുവഴി നിരവധി നാടോടിനൃത്തങ്ങളെക്കുറിച്ച് പഠിക്കാനും ഡാനിഷ് സമൂഹത്തിന് കഴിഞ്ഞു. മുപ്പതുവര്‍ഷം നീണ്ടുനില്ക്കുന്ന പരിശ്രമത്തിന്റെ ഫലമായി നാടോടിനൃത്തത്തെക്കുറിച്ചുള്ള നിരവധി ലഘുലേഖകള്‍ പുറത്തിറക്കാനും കലാപരവും സാംസ്കാരികപരവുമായ അവബോധം ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുവാനും ഡാനിഷ് ഗവണ്‍മെന്റിന് കഴിഞ്ഞു.

സെസില്‍ ഷാര്‍പ്പിന്റെ പ്രവര്‍ത്തനങ്ങളാണ് ഇംഗ്ളണ്ടിലെ നാടോടിനൃത്ത നവോത്ഥാനത്തിന് തുടക്കമായത്. 1907-ല്‍ ഷാര്‍പ്പ് നിരവധി ബുക്ക്ലെറ്റുകള്‍ പുറത്തിറക്കുകയുണ്ടായി. 1909-ല്‍ വിദ്യാഭ്യാസവിചക്ഷണന്മാര്‍ ഇംഗ്ളീഷ് ഫോക്കുരൂപങ്ങളെ ഫിസിക്കല്‍ എഡ്യൂക്കേഷന്റെ ഭാഗമാക്കിയതും ഫോക് പഠനത്തിന്റെ പ്രസക്തി വര്‍ധിപ്പിച്ചു. 1911-ല്‍ സ്ഥാപിതമായ ഇംഗ്ളീഷ് ഫോക്ഡാന്‍സ് സൊസൈറ്റി, ഒരു പുതിയ ദേശീയ അവബോധത്തിനാണ് നാന്ദികുറിച്ചത്. സെസില്‍ ഷാര്‍പ്പ് 1914-18 കാലഘട്ടത്തില്‍ അമേരിക്കയടക്കമുള്ള രാജ്യങ്ങളില്‍ നിരവധി നാടോടിനൃത്ത ശില്പശാലകളും സെമിനാറുകളും സംഘടിപ്പിക്കുകയുണ്ടായി.

അമേരിക്കയില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്റെ ഭാഗം എന്ന നിലയിലാണ് നാടോടിനൃത്തപഠനം സജീവമായത്. അമേരിക്കയിലെ കുടിയേറ്റ സംസ്കാരത്തിലൂടെ കടന്നെത്തിയ ബഹുമുഖ സാംസ്കാരികമൂല്യങ്ങള്‍, ഫോക്കിന്റെ വിവിധ തലങ്ങളാണ് മുന്നോട്ടുവച്ചത്. 1905-ല്‍ ന്യൂയോര്‍ക്കില്‍ വച്ച് പ്ളേ-ഗ്രൌണ്ട് അസോസിയേഷന്റെ ഭാഗമായി നാടോടിനൃത്ത പ്രസ്ഥാനങ്ങള്‍ക്ക് തുടക്കമിട്ടത് എലിസബത്ത് ബര്‍ക്കനെലാണ്. അവരുടെ മുപ്പതുവര്‍ഷത്തെ നിരന്തരശ്രമങ്ങളാണ് അമേരിക്കന്‍ ഫോക് ഡാന്‍സ് സംസ്കാരത്തിന് പുതിയ ചൊടിയും ചുണയും പകര്‍ന്നത്.

യൂറോപ്പിലെ വിവിധ പ്രാദേശികനൃത്തരൂപങ്ങളുടെ പാരമ്പര്യത്തില്‍നിന്ന് ഊര്‍ജം ആവാഹിച്ചെടുത്ത് ലാറ്റിനമേരിക്കയുടെ നാടോടിനൃത്തരംഗം നിരവധി പുതിയ മൂല്യങ്ങളാണ് സമ്മാനിച്ചത്. 1927-ല്‍ ജോര്‍ജ് ഫര്‍ട്ട് എന്ന ഗവേഷകന്‍ നടത്തിയ ശ്രമങ്ങള്‍ അര്‍ജന്റീന, ചിലി, പെറു തുടങ്ങിയ രാജ്യങ്ങളിലെ പ്രാചീന നൃത്തരൂപങ്ങളുടെ നവോത്ഥാനത്തിന് വഴിതുറന്നു.

ധര്‍മം

ഇതര ഫോക്ലോര്‍ രൂപങ്ങള്‍ക്കെന്നപോലെ നാടോടിനൃത്തത്തിനും സമൂഹത്തില്‍ സവിശേഷമായ ധര്‍മമുണ്ട്. ജനസാമാന്യത്തിന് നാടോടിനൃത്തം ഒരു വിനോദോപാധി മാത്രമല്ല; ജീവിതത്തിലെ ഒരനിവാര്യഘടകം കൂടിയാണ്. അതുകൊണ്ടാണ് അവ നിലനിന്നുപോരുന്നത്. കാലാനുസൃതമായി അതിന്റെ ധര്‍മം മാറുന്നുമുണ്ട്. നാടോടിനൃത്തങ്ങള്‍ കൂട്ടായ്മയുടെ മതപരവും അനുഷ്ഠാനപരവും സാമൂഹികവും സാംസ്കാരികവുമായ ചില അനിവാര്യതകളുടെ പേരിലാണ് മാറ്റങ്ങളോടെ നിലനിര്‍ത്തപ്പെടുന്നതെന്നര്‍ഥം. ശരീരവും മനസ്സും തമ്മിലുള്ള ഒരു പൊരുത്തം നൃത്തത്തിലൂടെ സംഭവിക്കുന്നു. പ്രേക്ഷകര്‍ അതിലൂടെ ഒരു തരം സമരസപ്പെടല്‍ അനുഭവിക്കുന്നുണ്ട്. അത് ഒരാശയം സംവേദനം ചെയ്യുന്നുമുണ്ട്. ഒരു പ്രദേശത്തിന്റെ അല്ലെങ്കില്‍ ഒരു കൂട്ടായ്മയുടെ സാംസ്കാരികചരിത്രത്തെ അത് പ്രതിഫലിക്കുന്നു. കാരണം, ഇതര ഫോക്ലോര്‍ രൂപങ്ങളെപ്പോലെ അത് കൂട്ടായ്മയുടെ അടിച്ചമര്‍ത്തപ്പെട്ട വികാരങ്ങളുടെയും ആഗ്രഹങ്ങളുടെയും പ്രതിഫലനമാണ്; സംസ്കാരത്തിന്റെ സാധൂകരണമാണ്; നിരക്ഷരസമൂഹത്തിന് അതൊരുതരം ജ്ഞാനംപകരലാണ്.

വര്‍ഗീകരണം

നാടോടിനൃത്തത്തെ വര്‍ഗീകരിക്കാന്‍ പല മാനദണ്ഡങ്ങളോടെ പലരും സമീപിച്ചിട്ടുള്ളതായി കാണാം. പൗരാണിക ഈജിപ്തിലെ നാടോടി നൃത്തങ്ങളെ മതപരം, അനുഷ്ഠാനപരം, മതേതരം എന്നിങ്ങനെയാണ് വിഭജിച്ചുകണ്ടിട്ടുള്ളത്.

പ്ലേറ്റോയുടെ വര്‍ഗീകരണം ഇങ്ങനെയായിരുന്നു-നന്മയിലേക്ക് നയിക്കുന്നതും അമിതമായ ആനന്ദം പ്രദാനം ചെയ്യുന്നതുമായ പ്രശാന്തനൃത്തങ്ങളാണ് ഒരു വിഭാഗം. താരതമ്യേന ആനന്ദാനുഭൂതി കുറഞ്ഞവയാണ് മറ്റൊരുതരം നൃത്തം. സംഗീതാത്മകമായ ഉച്ചാരണങ്ങളെ അനുകരിച്ചുള്ളവയാണ് വേറൊരുതരം. പ്രചണ്ഡവും ശ്രീകരവുമായ അംഗചലനത്തോടുകൂടിയവ, സംയമനശീലമുള്ള ഒരാത്മാവിനെ പ്രദര്‍ശിപ്പിക്കുന്നവ എന്നൊരു വിഭജനവും അദ്ദേഹത്തിന്റേതായുണ്ട്.

നൃത്തപ്രകൃതിക്കനുസരിച്ചുള്ള വര്‍ഗീകരണപ്രകാരം നാടോടിനൃത്തം രണ്ടുരീതിയിലുണ്ട്-വരിനൃത്തവും വര്‍ത്തുളനൃത്തവും. സംഘനൃത്തങ്ങളില്‍ ഏറ്റവും പുരാതനമായവയാണ് വര്‍ത്തുളനൃത്തം. അത് സൂര്യചംക്രമണത്തിനനുസൃതമായോ അതിനു വിപരീതമായോ പാവനമായ ഒന്നിനെ ചുറ്റിക്കൊണ്ടുള്ള നൃത്തമാണ്. നമ്മുടെ കോല്‍ക്കളിയും പൂരക്കളിയും തിരുവാതിരക്കളിയുമെല്ലാം വര്‍ത്തുളനൃത്തങ്ങളാണ്.

സന്ദര്‍ഭത്തിനനുസരിച്ചുള്ള വര്‍ഗീകരണത്തിന് ഉദാഹരണമാണ് ജനനം, യൗവനാരംഭം, വിവാഹം തുടങ്ങിയ വിവിധ ജീവിതസന്ദര്‍ഭങ്ങളുടെ ഭാഗമായുള്ള നൃത്തങ്ങള്‍. അതില്‍ തൊഴില്‍പരമായ നൃത്തങ്ങളും ഉള്‍പ്പെടുന്നു. കാര്‍ഷികനൃത്തം, നായാട്ടുനൃത്തം എന്നിങ്ങനെയുള്ളവ പലതും തൊഴില്‍പരമായ നൃത്തങ്ങളാണ്.

ഇന്ത്യന്‍ നാടോടി നൃത്തങ്ങളെ മുല്‍ക്ക് രാജ് ആനന്ദ് വര്‍ഗീകരിച്ചിട്ടുള്ളത് ഇങ്ങനെയാണ്-

ഇന്ത്യന്‍ നാടോടിനൃത്തം

സ്ത്രീ പുരുഷന്‍ സമൂഹനൃത്തം


വീരോചിതം സാമൂഹികം അനുഷ്ഠാനപരം

വീരോചിതനൃത്തങ്ങളില്‍ ആയോധനാ നൃത്തങ്ങളും ഉള്‍പ്പെടുന്നു.

നാടോടി നൃത്തം-ഇന്ത്യയില്‍

ഭാരതത്തില്‍ ശാസ്ത്രീയകലകള്‍ ഉദയംചെയ്യുന്നതിനും വളരെ മുമ്പേതന്നെ നാടോടിനൃത്തങ്ങള്‍ പലതും നിലവിലിരുന്നു. വേദേതിഹാസങ്ങളിലും അമരകോശാദികൃതികളിലുമെല്ലാം അതിന് നിദര്‍ശനങ്ങള്‍ കാണാം. നാട്യശാസ്ത്രം ആ വസ്തുതയ്ക്ക് മികച്ച തെളിവാണ്. ചിലപ്പതികാരം, മണിമേഖല തുടങ്ങിയ സംഘകാല കൃതികളിലും ദക്ഷിണഭാരതത്തിലെ പ്രാചീനങ്ങളായ നാടോടിനൃത്തങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കാണാം. അല്ലിയത്തൊകുതി, തുടിക്കൂത്ത്, മുല്ലക്കൂത്ത്, ഘടക്കൂത്ത്, മരക്കാല്‍ക്കൂത്ത്, പറവക്കൂത്ത്, കടച്ചിക്കൂത്ത്, ഉര്‍വശിക്കൂത്ത്, കിളര്‍വരിക്കൂത്ത്, കുരവക്കൂത്ത് തുടങ്ങിയവ അതില്‍ ചിലവ.

രൂപപരമായും ഇതിവൃത്തപരമായും വ്യത്യസ്തമായ നിരവധി നാടോടിനൃത്തങ്ങള്‍ ഇന്നും ഇന്ത്യയിലെമ്പാടുമായി കാണാം. അസം, മണിപ്പൂര്‍, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലെ രാസനൃത്തങ്ങളും കൊയ്ത്തുനൃത്തങ്ങളും അക്കൂട്ടത്തില്‍ സംയുക്തനൃത്തങ്ങളാണ്.

നാഗന്മാരുടെ പോരാളിനൃത്തവും യുദ്ധനൃത്തവും, നാഗ്പൂര്‍ പ്രദേശത്തെ ആദിവാസികളുടെ സോളനൃത്തവും ഒറീസ്സയിലെ പൈക്ക് നൃത്തവും ആയോധനനൃത്തങ്ങളാണ്.

തുലനനിയന്ത്രണപരമായ നൃത്തങ്ങളാണ് ആയോധനനൃത്തങ്ങളിലെ മറ്റൊരു വിഭാഗം. കരകാട്ടം, കുംഭംകളി, കാവടിയാട്ടം, അമ്മാനാട്ടം, പാല്‍ക്കുടങ്ങളിലേന്തിയുള്ള രാജസ്ഥാനിലെ തേരാതാലി നൃത്തം എന്നിവയെല്ലാം ഈ വിഭാഗത്തില്‍പ്പെടുന്നവയാണ്.

ഉച്ചാടനാര്‍ഥം നടത്തുന്ന അനുഷ്ഠാനനൃത്തങ്ങളിലൊന്നാണ് ഉത്തര്‍പ്രദേശിലെ ജാഗര്‍നൃത്തം.

ഗുജറാത്തിലെ 'കോട' വര്‍ഗത്തില്‍പ്പെട്ട ആദിവാസികള്‍ കൈകൊട്ടി താളംപിടിച്ചുകൊണ്ട് വൃത്താകൃതിയില്‍ നടത്തുന്ന നൃത്തത്തിന് 'കുമി' എന്നുപേരുണ്ട്. കൈകൊട്ടിക്കളിയിലെ 'കുമ്മി'ക്കും ഇതിനും തമ്മില്‍ കലാസംബന്ധമായും ഭാഷാസംബന്ധമായും ബന്ധമുള്ളതായി കാണാം.

ഭാരതത്തില്‍ ഇതരപ്രദേശങ്ങളിലും വിവിധ രൂപത്തിലുള്ള ഗ്രാമീണനൃത്തങ്ങള്‍ പ്രചാരത്തിലുണ്ട്. ബംഗാളില്‍ ജമ്പോര്‍ജില്ലയിലെ രാജ്ഘട്ട് ഗ്രാമത്തില്‍ ഹൈന്ദവസ്ത്രീകള്‍ നടത്തുന്ന 'ഘടോലനോ' നൃത്തം അല്ലെങ്കില്‍ 'കുടംവയ്ക്കല്‍' നൃത്തം ആരാധനപരമായ ഒന്നാണ്.

പടിഞ്ഞാറന്‍ ബംഗാളില്‍ കന്യകമാരായ പെണ്‍കുട്ടികള്‍ നടത്തുന്ന നൃത്തമാണ് ഭജോനൃത്തം. ശരത്കാലത്തെ ഇന്ദ്രോത്സവത്തിലാണ് ഇത് നടത്തിവരുന്നത്. ഈ പ്രദേശത്തെ ബര്‍ഭും, ബര്‍ഡുവാന്‍, മൂര്‍ഷിദാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍ റയ്ബഷി എന്നൊരു നൃത്തം പുരുഷന്മാര്‍ ചെയ്യാറുണ്ട്. പൌരുഷമേറിയതും, താണ്ഡവരീതിയിലുള്ളതുമായ ചലനങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ആയോധനാപരമായ ഒന്നാണിത്. ബര്‍ഭൂം പ്രദേശത്തെ ഹിന്ദുക്കളായ പിന്നോക്കവര്‍ഗക്കാര്‍   കത്തിനൃത്തം എന്നൊരു നൃത്തരൂപം അവതരിപ്പിക്കാറുണ്ട്. കത്തിക്കുപകരം ചെറിയ കോലുകളുമായി വൃത്താകൃതിയില്‍ നൃത്തം ചെയ്യുന്നു. മദ്ദളക്കാരന്‍ വൃത്തത്തിന്റെ മധ്യത്തോ വെളിയിലോ നിന്ന് കൊട്ടുന്നു. നര്‍ത്തകര്‍ പാടുകയും കോലുകള്‍ തമ്മില്‍ അടിക്കുകയും ചെയ്യും. ഈരണ്ടു പേര്‍ ജോഡി ചേര്‍ന്നാണ് നൃത്തം ചെയ്യുന്നത്. ചുവടുകള്‍ വേഗതയുള്ളതും ഭംഗിയുള്ളതുമാണ്. ആയോധനപരമായ ഒരു നൃത്തമാണിത്. 'ധലി' എന്ന പേരില്‍ ജമ്പോര്‍, കുല്‍ക്കാ എന്നീ പ്രദേശങ്ങളില്‍ കാണുന്ന നൃത്തവും ആയോധനപരം തന്നെയാണ്.

ബംഗാളില്‍ വളരെ പ്രചാരത്തിലുള്ള ഒന്നാണ് കീര്‍ത്തന്‍ നൃത്തം. വൈഷ്ണവമതാചാരങ്ങളുമായി ബന്ധമുള്ള ഒരു പ്രാചീനനൃത്തമാണിത്. മതാചാര്യനായിരുന്ന ചൈതന്യനാണ് ഈ നൃത്തത്തിന് ഇന്നുകാണുന്ന ദേശീയസ്വഭാവം കൈവരുത്തിയത്. ഒരു ഗ്രാമത്തിലോ അല്ലെങ്കില്‍ പല ഗ്രാമങ്ങളിലോ ഉള്ള എല്ലാ ജനങ്ങളും ഒന്നുചേര്‍ന്നാണ് ഈ നൃത്തം ചെയ്യുന്നത്. കോള്‍ എന്ന വാദ്യവും കരതാള്‍ എന്ന കൈമണിയുമാണ് ഇതില്‍ ഉപയോഗിക്കുന്ന വാദ്യോപകരണങ്ങള്‍. ഇവര്‍ ഒരു കൈയോ രണ്ടു കൈകളുമോ പൊക്കിപ്പിടിച്ചുകൊണ്ട് വൃത്താകൃതിയില്‍ നൃത്തം ചെയ്യുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഘോഷയാത്രയായി നൃത്തം ചെയ്ത് ഗ്രാമങ്ങള്‍തോറും പോകുന്ന ഒരു നൃത്താഘോഷമുള്ളതായി കാണാം. നഗകീര്‍ത്തന്‍ എന്നാണ് ഇതിനെ പറയാറുള്ളത്. ഫരീദ്പൂരിലെ മതപരമായ ഒരു നൃത്തയിനമാണ് അവതാര്‍നൃത്തം.

അസമിലെ നോങ്ക്രം നൃത്തം ഗാസി കുന്നുകളിലെ മികച്ച ആഘോഷമത്രെ. ആടിനെ ബലിയര്‍പ്പിക്കുന്ന ചടങ്ങിന്റെ പ്രധാന അംശമാണ് ഈ നൃത്തം. ബലിക്രിയ നടന്നശേഷം ഇരുപതില്‍ കുറയാതെ ആളുകള്‍ ഒത്തുചേര്‍ന്ന് കൃപാണികളും ധരിച്ച് ക്ഷേത്രദേവതയുടെ മുന്നില്‍ നൃത്തംചെയ്യുന്നു. അതിനുശേഷം ക്ഷേത്രപൂജാരിയുടെ ഭവനത്തില്‍ പോയി ഭവനമുറ്റത്ത് നൃത്തം ചെയ്യുന്നു. സ്ത്രീകളും ഈ നൃത്തത്തില്‍ പങ്കെടുക്കാറുണ്ട്. വാള്‍പ്പയറ്റുകളും ഇതിലെ സവിശേഷതയാണ്.

മധ്യപ്രദേശിലെ ഭില്‍ വര്‍ഗക്കാര്‍ അവരുടെ ഉത്സവങ്ങളിലും യുദ്ധരംഗത്തും നൃത്തംചെയ്യുന്നു. യുദ്ധവിജയത്തിനുവേണ്ടിയാണ് നൃത്തം ചെയ്യുന്നത്. ഗോണ്ഡസിന്റെയും ബൈഗാസിന്റെയും സോലാ നൃത്തത്തില്‍ കുന്തങ്ങള്‍ ഉപയോഗിച്ചും, യുദ്ധമുറകള്‍ അനുകരിച്ചുമാണ് നൃത്തം ചെയ്യുന്നത്. ഇതൊക്കെ വീരാരാധനയുടെ ഭാഗമായ ഗ്രാമീണനൃത്തങ്ങളാണ്.

ബിഹാറിലും ഒറീസയിലും സന്താള്‍ നൃത്തം വളരെ ആകര്‍ഷകമാണ്. പൂനിലാവുള്ള രാവുകളില്‍ സന്താള്‍ യുവതികള്‍, വടവൃക്ഷച്ചുവട്ടില്‍ ഒന്നിച്ചുകൂടി വിവിധ പുഷ്പങ്ങളാല്‍ അലങ്കൃതകളായി ശീതകാലത്തും ഉത്സാഹഭരിതരായി നൃത്തം ചെയ്യുന്നു. 'ചൌ' എന്ന ഒരിനം നൃത്തവും ഈ പ്രദേശങ്ങളില്‍ കാണാം.

ഉത്തര്‍പ്രദേശില്‍ സ്ത്രീകളുടെയും പുരുഷന്മാരുടെയും പല ഗ്രാമീണനൃത്തങ്ങളുണ്ട്. അഹിര്‍, കാഹര്‍, ചാമര്‍, പസി തുടങ്ങിയവ പുരുഷന്മാരുടെ നൃത്തങ്ങളാണ്. അഹിര്‍ നൃത്തത്തില്‍ കായിക കലയിലെന്നതുപോലുള്ള ചലനങ്ങളാണുള്ളത്. ഇടയ്ക്കിടെ കരണം മറിച്ചിലുകളും ഉണ്ടാകും. വിവാഹവേളകളിലും കുഞ്ഞുങ്ങള്‍ ജനിക്കുമ്പോഴുമാണ് ഈ നൃത്തം ചെയ്യാറുള്ളത്.

മഥുരയിലും വൃന്ദാവനത്തിലും പ്രചാരമുള്ള നാതങ്കിയും രാസനൃത്തവും ഗ്രാമീണനൃത്തങ്ങളില്‍ ഉള്‍പ്പെടുന്നവയാണ്. കലാപരമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന, മേന്മയേറിയ നൃത്തങ്ങളാണിവ. കൃഷ്ണന്റെയും രാധയുടെയും ജീവിതകഥകളാണ് ഇതിലെ പ്രതിപാദ്യവിഷയം. മഴക്കാലം കഴിഞ്ഞ് നടത്തുന്ന ഒന്നാണ് കജ്രി നൃത്തം. ഇതില്‍ ഗ്രാമീണ യുവതികള്‍ പാട്ടുപാടി നൃത്തംവയ്ക്കുന്നു.

ഗുജറാത്തിലെ സ്ത്രീകളുടെ ഗര്‍ബനൃത്തം വളരെ ആകര്‍ഷകമായ ഒന്നാണ്. കൃഷ്ണലീല സംബന്ധിച്ചുള്ള ഗാനങ്ങളാണ് ഇതിനുപയോഗിക്കുന്നത്. വാസന്തികവാസരത്തിന്റെ ആവിര്‍ഭാവത്തോടെയാണ് ഈ നൃത്തം നടത്താറുള്ളത്. നര്‍ത്തകികളുടെ നടുവില്‍ ഉണ്ണികൃഷ്ണനാണെന്ന് സങ്കല്പിച്ച് ഒരു കൊച്ചുകുട്ടിയെ കിടത്തിയിരിക്കും. ശ്രീകൃഷ്ണനെ ചുറ്റി ഗോപികമാര്‍ നൃത്തം വയ്ക്കുന്നുവെന്നാണ് സങ്കല്പം. കത്തിയവാഡ്, അഹമ്മദാബാദ്, ബറോഡ, സൂററ്റ് തുടങ്ങിയ പ്രദേശങ്ങളിലും ഗര്‍ബനൃത്തം പ്രചാരത്തിലുണ്ട്. കേരളത്തിലെ കൈകൊട്ടിക്കളിയോട് സാമ്യമുള്ള നൃത്തമാണിത്.

ബിക്കാനീറിലും രാജപുട്ടാണയുടെ മറ്റു പ്രദേശങ്ങളിലും കാണുന്ന മാര്‍വാഡിനൃത്തം എല്ലാംകൊണ്ടും മേന്മയേറിയതും ആകര്‍ഷകത്വമേറിയതുമായ ഒന്നാണ്.

പഞ്ചാബിലും ഹരിയാനയിലും പ്രചാരമുള്ളവയാണ് ബാംഗഡ നൃത്തം. കര്‍ഷകരീതികള്‍ ചിത്രീകരിക്കുന്ന ഇത് പില്ക്കാലത്ത് തനതുസന്ദര്‍ഭങ്ങളില്‍ നിന്നുമാറിയുള്ള അവതരണങ്ങളിലൂടെ വാണിജ്യമാനം നേടുകയും ഇന്ത്യയിലെ നാടോടിനൃത്തങ്ങളില്‍ അന്താരാഷ്ട്ര പ്രശസ്തി നേടിയ ഒന്നായിമാറുകയും ചെയ്തു.

മൈസൂറിലെ കരകനൃത്തം സവിശേഷമായ ഒന്നാണ്. ജടകരകം, ഗോപുരകരകം, പൂജാകുനിതം എന്നീ പേരുകളില്‍ വിവിധനൃത്തങ്ങള്‍ നടത്തിവരാറുണ്ട്. പുഷ്പങ്ങള്‍ കൊണ്ടലങ്കരിച്ച പല രൂപത്തിലുള്ള കിരീടങ്ങള്‍ അണിഞ്ഞുകൊണ്ടാണ് കരകനൃത്തം ചെയ്തുവരുന്നത്. ക്ഷേത്രാചാര സംബന്ധമായ ഒരിനമാണിത്.

തമിഴ്നാട്ടില്‍ കാണാറുള്ള കാവടിയാട്ടം സുബ്രഹ്മണ്യക്ഷേത്രങ്ങളില്‍ നടന്നുവരുന്ന ഒരു നാടോടിനൃത്തമാണ്. തമിഴ്നാട്ടില്‍ പ്രാചീനങ്ങളായ പല നൃത്തരൂപങ്ങളുമുണ്ടായിരുന്നു. ആര്യക്കൂത്ത്, വടുകക്കൂത്ത്, സിംഹളക്കൂത്ത്, വേത്തിയല്‍, പൊതുവിയല്‍, വിനോദക്കൂത്ത് തുടങ്ങിയ പലതും പണ്ടുകാലത്ത് വളരെ പ്രചാരത്തിലിരുന്ന നൃത്തയിനങ്ങളാണ്. കുടക്കൂത്ത്, കോലാട്ടം, കുമ്മിയാട്ടം, പൊയ്ക്കാലാട്ടം, കുംഭകുടനൃത്തം തുടങ്ങി വേറെയും നാടോടിനൃത്തങ്ങള്‍ തമിഴ്നാട്ടില്‍ കാണാവുന്നതാണ്.

ഘടനാപരമായി സമാനമായ പല നാടോടിനൃത്തങ്ങളും തദ്ദേശീയമായ വ്യത്യാസങ്ങളോടെ പല സംസ്ഥാനങ്ങളിലും കണ്ടുവരുന്നു. കോലാട്ടം ഒരുദാഹരണം. കോലാട്ടത്തിന്റെ മറ്റൊരു രൂപഭേദമാണ് പിന്നല്‍ക്കോലാട്ടം അഥവാ ചരടുപിന്നിക്കളി.

വസന്തനൃത്തങ്ങള്‍, വിവിധതരം കുമ്മികള്‍, പൊയ്ക്കാല്‍ക്കുതിര നൃത്തം, കൈകൊട്ടിക്കളി, സാരിനൃത്തം, കാര്‍ഷികനൃത്തങ്ങള്‍, തപ്പുകളി എന്നിവ ദക്ഷിണേന്ത്യയില്‍ പൊതുവേ കാണപ്പെടുന്ന നൃത്തങ്ങളാണ്.

കജ്രി, നനടാങ്കി, കരണ്‍, കുമയോണ്‍, ജോഹ്ര, ചപ്പേലി, ഇടയനൃത്തങ്ങള്‍, കുളം ഗിദ്ദ, ഗോപികാലീല, ഖയാല്‍ എന്നിങ്ങനെ ദീപാവലി സമയത്തും മറ്റും നടത്തുന്ന ഉത്സവനൃത്തങ്ങള്‍ വടക്കേ ഉത്തരേന്ത്യയില്‍ നിലനില്ക്കുന്നവയാണ്.

ഡാണ്ടിയാറാസ്, ഗര്‍ബാനൃത്തം, ബോഹഡ തുടങ്ങിയവ പൌരസ്ത്യ ഇന്ത്യയിലും ജാതാജിതിന്‍ നൃത്തം, വസന്തനൃത്തം, ഖേല്‍ ഗോപാല്‍ നൃത്തം, ജാത്രനൃത്തം, കീര്‍ത്തനനൃത്തം, ബൌള്‍നൃത്തം എന്നിവ പശ്ചിമേന്ത്യയിലും കാണപ്പെടുന്നു.

ഒറീസയിലെ ഒരു നാടോടിനൃത്തമാണ് മായാഷവരി. ഇത് നാടോടിനൃത്തനാടകമാണ്. ഇതിനുസമാനമാണ് തമിഴ്നാട്ടിലെ കുസഞ്ചി. തിരുക്കുറ്റാല കുറവഞ്ചി ക്ഷേത്രങ്ങളിലുള്ള നൃത്തനാടകരൂപങ്ങള്‍. മണിപ്പൂരിലെ പ്രധാന നാടോടിനൃത്തമാണ് ലായ്ഹാരോബ. അസ്ത്രവിദ്യാനൃത്തമാണത്. സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന രാത്രി നൃത്തമാണ് മിഥിലയിലെ ജാതജാതിന്‍. മഹാരാഷ്ട്രയിലെ പൊയ്മുഖ നൃത്തമായ നക്ത, തെലുങ്കാനയിലെ ബത്കര്‍മാ, മഹാരാഷ്ട്രയിലെ ദശാവതാര്‍, കാശ്മീരിലെ കജ്റി, ഗസ്സിനൃത്തം, ബോഡോ ഗ്രാമങ്ങളിലെ ബഗുരുംബനൃത്തം, നാഗവനിതമാരുടെ ശാന്തിനൃത്തം, ഭില്‍വര്‍ഗക്കാരുടെ ഖുമാര്‍നൃത്തം, അജ്മീറിലെ ഗരാസിയ വര്‍ഗക്കാരുടെ വാലാര്‍നൃത്തം, ഗൌരീനൃത്തം. തമിഴകത്തെ ഗണികാര്‍ ആട്ടം, പഞ്ചാബിലെ ജുമാര്‍നൃത്തം, ഭങ്കിനൃത്തം, ദീപക്നൃത്തം, ഝാന്‍സാര്‍മസാന്യങ്ങള്‍ സബല്‍ചോങ്ബി എന്നിവ ഇന്ത്യന്‍ നാടോടിനൃത്തങ്ങളില്‍ ശ്രദ്ധേയമാണ്.

ശാസ്ത്രീയനൃത്തങ്ങള്‍ക്കും നൃത്തഗാനങ്ങള്‍ക്കും പല മൂല്യങ്ങളും സംഭാവന ചെയ്യാന്‍ ഗ്രാമീണനൃത്തങ്ങള്‍ക്കു കഴിയും. ഇന്നത്തെ 'ഫ്രീസ്റ്റൈല്‍' നൃത്തങ്ങള്‍ എന്നു പറയുന്ന ശാസ്ത്രീയവും അര്‍ധ ശാസ്ത്രീയവുമായ നൃത്തങ്ങളോട് ഗ്രാമീണനൃത്തശൈലികളെ ഔചിത്യപൂര്‍വം സംയോജിപ്പിക്കുന്നത് ആകര്‍ഷകവും യോഗ്യവുമായിരിക്കും. മാത്രമല്ല, ഇന്നത്തെ ഭാരതീയ ബാലെ നൃത്തരൂപത്തിന് ഗ്രാമീണനൃത്തശൈലികള്‍ വളരെ പ്രയോജനകരവുമായിരിക്കും. സ്വാതന്ത്യ്രലബ്ധിക്കുമുമ്പുള്ള കാലങ്ങളില്‍ ഗ്രാമീണനൃത്തങ്ങളെ അന്നത്തെ നാടുവാഴികള്‍ വേണ്ടത്ര പ്രോത്സാഹിപ്പിച്ചിരുന്നു. മുസ്ലിം ഭരണകാലത്തും അവയ്ക്ക് വളരെ പ്രോത്സാഹനം ലഭിച്ചിട്ടുണ്ട്. മേല്പ്പറഞ്ഞ രീതിയിലുള്ള ശാസ്ത്രീയ ഗ്രാമീണനൃത്തങ്ങളുടെ സംയോജനം അക്കാലത്തു നടന്നിരുന്നു എന്നതും ശ്രദ്ധേയമാണ്. ആധുനിക വ്യാവസായിക പുരോഗതി കൈവന്നതോടെ ഗ്രാമീണനൃത്തങ്ങളുടെ പല മൂല്യങ്ങളും ഗ്രാമങ്ങളില്‍നിന്നു നഗരങ്ങളിലേക്കു ചോര്‍ന്നുപോവുകയുണ്ടായി. മറ്റുപല ഗ്രാമീണകലകള്‍ക്കും ഇതേ അനുഭവം തന്നെ ഉണ്ടായിട്ടുണ്ട്. അങ്ങനെ പട്ടണങ്ങളിലെ ശാസ്ത്രീയ കലാസംസ്കാരം ക്ഷേത്രകലകളുടെയും ഗ്രാമീണകലകളുടെയും ഒരു സങ്കലനരൂപമായിത്തീര്‍ന്നു. എങ്കിലും ഇതിനു സമാന്തരമായിത്തന്നെ ഗ്രാമീണര്‍ പരമ്പരാഗതമായതും കലര്‍പ്പില്ലാത്തതുമായ അവരുടെ നൃത്തങ്ങളുടെ ക്രമാനുസരണം വളര്‍ത്തിയെടുക്കാന്‍ ബദ്ധശ്രദ്ധരായിക്കയും സാമൂഹികമായ പ്രചാരം കൈവരിക്കയും ചെയ്തിരുന്നു.

നാടോടിനൃത്തം-കേരളത്തില്‍

കേരളത്തില്‍ പൊതുവേ സ്ത്രീ-പുരുഷ സംയുക്തനൃത്തങ്ങള്‍ കുറവാണ്. മലയിക്കൂത്ത് അത്തരത്തില്‍ അപൂര്‍വമായ ഒന്നാണ്. സമാനമായ നൃത്തങ്ങള്‍ വ്യാപകമായി ഉള്ളത് ആദിവാസി-ഗോത്രജനതയ്ക്കിടയിലാണ്.

കേരളത്തിലെ പരമ്പരാഗത നാടോടിനൃത്തങ്ങളില്‍ പ്രധാനപ്പെട്ടവ-ഐവര്‍കളി കണ്യാര്‍കളി, സര്‍പ്പനൃത്തം, കോതാമൂരിയാട്ടം, കനല്‍ക്കൂത്ത്, വണ്ണാര്‍ക്കൂത്ത്, കോലംതുള്ളല്‍, ഭൂതംതുള്ളല്‍, ഗന്ധര്‍വന്‍തുള്ളല്‍, കാവടി, തീയാട്ട്, കുറുന്തിനിപ്പാട്ട്, ഊരാളിനൃത്തം, പണിയനൃത്തം, ഇരുളനൃത്തം, മുടിയാട്ടം, കമ്പടികളി, തിടമ്പുനൃത്തം, പുലികളി, തളികനൃത്തം, പുറംകാലുകളി എന്നിവയാണ്. എന്നാല്‍ കേരളീയ നാടോടിനൃത്തങ്ങളില്‍ ഏറെപ്രചാരം നേടിയവയാണ് തിരുവാതിരക്കളിയും ഒപ്പനയും മാര്‍ഗംകളിയും. ഇന്ന് അവ നാടോടിനൃത്തങ്ങള്‍ എന്നതിലേറെ ജനകീയ നൃത്തങ്ങളായി മാറിയിട്ടുണ്ടെന്ന് പറയാം.

വേലകളി, പരിചകളി, പരിചമുട്ടുകളി എന്നിങ്ങനെ ആയോധന നൃത്തവിഭാഗത്തില്‍പ്പെടുന്ന നിരവധി നാടോടിനൃത്തങ്ങളും കേരളത്തിന്റേതായുണ്ട്. കളരിപ്പയറ്റിന്റെ സ്വാധീനമുള്ള നൃത്തരൂപങ്ങളാണ് കേരളത്തിലെ ആയോധനനൃത്തങ്ങളില്‍ മറ്റൊരു വിഭാഗം. അതില്‍ പൂരക്കളി, കോല്‍ക്കളി, കണ്ടാര്‍കളി, മാര്‍ഗംകളി, ദപ്പുകളി, വട്ടക്കളി, ചവിട്ടുകളി എന്നിവ ഉള്‍പ്പെടുന്നു. ഖഡ്ഗനൃത്തങ്ങളാണ് ആയോധനനൃത്തങ്ങളില്‍ മറ്റൊരു വിഭാഗം. കേരളത്തില്‍ അതൊരു സവിശേഷ നൃത്തമല്ല; ഒരു നൃത്തവിഭാഗമാണ്. തെയ്യം, തിറ, തീയാട്ട്, മുടിയേറ്റ്, പാന, സംഘക്കളി എന്നിവ ആയുധമെടുത്തുള്ള നൃത്തവിഭാഗങ്ങള്‍ക്കുദാഹരണം.

കാര്‍ഷികനൃത്തങ്ങളില്‍ കേരളത്തിലെ കോതാമൂരിയാട്ടം, ബിഹാറിലെ കര്‍മോത്സവനൃത്തം പോലെ ശ്രദ്ധേയമാണ്. കാര്‍ഷികനൃത്തങ്ങള്‍ മിക്കതും കൊയ്തുകഴിയുന്ന കാലത്താണ് നടക്കുന്നത്. ഇക്കാലത്ത് 'കാളയും കുടയും' എന്നൊരു നൃത്തം പുലയസുമദായക്കാര്‍ നടത്തുന്നു. ദേഹം മുഴുവന്‍ കറുത്ത പുള്ളികളുള്ളതും കഷ്ടിച്ച് ഒന്നര അടിമാത്രം പൊക്കം വരുന്നതുമായ ഒരു കാളയുടെ രൂപം തുണികൊണ്ട് നിര്‍മിച്ച് രണ്ടു മുളവടികളിന്മേല്‍ വച്ചുകെട്ടി വീടുതോറും കൊണ്ടുചെന്നു നൃത്തം വയ്ക്കുന്നു. നിന്ന ദിക്കില്‍ നിന്നുമാറാതെ കാലടികള്‍ ഇടത്തും വലത്തും മുമ്പും പിമ്പുമായി വയ്ക്കുകയാണ് ഇതിലെ രീതി. ഇതിനടുത്തുതന്നെ മറ്റൊരാള്‍ ഒരു കുടയും പിടിച്ചുകൊണ്ട് ഇതേതരത്തില്‍ നൃത്തം ചെയ്യുന്നുണ്ടാവും.

കെന്ത്രോന്‍പാട്ട്, കുറുന്തിനിപ്പാട്ട്, ഗന്ധര്‍വന്‍തുള്ളല്‍, കന്നല്‍ക്കൂത്ത്, കന്നല്‍ക്കളമ്പാട്ട്, വര്‍ഷംതുള്ളല്‍, മലയപുറാട്ടുകളി എന്നിവ അനുഷ്ഠാനപരമായ നാടോടിനൃത്തങ്ങളുടെ കേരളീയ ഉദാഹരണങ്ങളാണ്.

കേരളത്തിലെ പരമ്പരാഗതവും താരതമ്യേന ആധുനികവുമായ നാടോടിനൃത്തങ്ങളുടെ നിലനില്പിനും വ്യാപനത്തിനും സംസ്ഥാന സ്കൂള്‍ യുവജനോത്സവം വലിയ സംഭാവനകള്‍ നല്കിവരുന്നു.

നാടോടിനൃത്തം സമകാലീനമുഖം

വര്‍ത്തമാനകാലത്ത് ഫോക് ഡാന്‍സ് എന്നത് ഫേക് ഡാന്‍സ് (fake dance) ആയി മാറുന്ന കാഴ്ചയാണ് കണ്ടത്. അവ നാടോടിനൃത്തങ്ങളുടെ ചില പൊതുസ്വഭാവങ്ങളനുസരിച്ച് സൃഷ്ടിച്ചുള്ള വൈയക്തിക രചനകളാണ്. ഇതിനായി തനതു നാടോടി നൃത്തങ്ങളെ അവയുടെ മൌലികസന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിമാറ്റുന്നു. ഇന്ന് ഫോക്ലോര്‍ പഠനം അവയെ 'ഫോക്ലോറിസ'മായാണ് വിലയിരുത്തുന്നത്. അതില്‍നിന്നുമാണ് പിന്നീട് ഫേക് നൃത്തങ്ങള്‍ ആയ നാടോടിച്ഛായയുള്ള നൃത്തങ്ങള്‍ ഉണ്ടായത്. ഇന്ന് നമ്മുടെ അരങ്ങുകളില്‍ നാടോടിനൃത്തം എന്ന പേരിലെത്തുന്ന പല നൃത്തങ്ങളും ഇതിനുദാഹരണങ്ങളാണ്. അവയില്‍ കാക്കാത്തി വേടന്‍, നാടോടി വൈദ്യന്‍ തുടങ്ങിയ ചില നാടന്‍ കഥാപാത്രങ്ങളോ, ചില നാടോടി വേഷവിധാനങ്ങളോ മാത്രമേ കാണാനാവു. ആധുനിക വാദ്യസംഗീതത്തിന്റെ അകമ്പടിയോടെ ചിട്ടപ്പെടുത്തിയ, നാടോടിച്ഛായയാര്‍ന്ന പാട്ടുകളാണ് അവയില്‍ കാണാനാവുന്നത്.

ആധുനികോത്തര കാലത്ത് നാടോടിനൃത്തം എന്ന പദത്തിനുപകരം പരമ്പരാഗത നൃത്തം എന്ന പദമാണ് യഥാര്‍ഥ നാടോടിനൃത്തം അവതരിപ്പിക്കുന്നവരും പഠിതാക്കളും ഉപയോഗിക്കുന്നത്. ഇന്ത്യയിലെ കഥക് നൃത്തം ഈ പേരിലാണ് ഇന്നറിയപ്പെടുന്നത്. അമേരിക്കയിലും മറ്റും ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ നാടോടി നൃത്തങ്ങള്‍ 'എത്നിക് നൃത്ത'മാണ്. അവിടെ കൂടുതല്‍ പ്രചാരം നേടിയ 'പഴയ' നാടോടിനൃത്തങ്ങളാകട്ടെ 'വെര്‍ണാകുലര്‍' നൃത്തങ്ങളാണ്-ജാസ് ആ വിഭാഗത്തിലാണ് പെടുന്നത്.

നാടോടിനൃത്തത്തെ അതിന്റെ തനിമയില്‍ നിലനിര്‍ത്തുന്നതിനും, അതിന്റെ ശക്തിസൗന്ദര്യം സാമൂഹ്യ പുനഃസൃഷ്ടിക്കുപയോഗിക്കാനും പ്രതിജ്ഞാബദ്ധരായ ഒരു വിഭാഗവും ഇന്ന് പ്രബലമാണ്. അവരുടെ കാഴ്ചപ്പാടില്‍ നാടോടിനൃത്തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ലാവണ്യദര്‍ശനം നിരവധി വിരുദ്ധ ദ്വന്ദ്വങ്ങളിലൂന്നിയതാണ്. പുരാതനം x ആധുനികം, കര്‍ഷകന്‍ പുതുതൊഴിലാളികള്‍, സ്വദേശം x വിദേശം, ദേശീയം x അന്തര്‍ദേശീയം എന്നിവയാണ് അത്തരം ചില ദ്വന്ദ്വങ്ങള്‍. ഈ തിരിച്ചറിവില്‍നിന്നുകൊണ്ട് ഇന്ന് അക്കൂട്ടര്‍ നാടോടിനൃത്തങ്ങളെ രണ്ടു രീതിയിലാണ് ഉപയോഗിക്കുന്നത്. ഒന്ന്, അന്തര്‍ദേശീയ തലത്തിലുള്ള സാംസ്കാരിക വിനിമയത്തിനും സാംസ്കാരികമായ ആദാനപ്രദാനത്തിനുമുള്ള ഉപാധി എന്ന നിലയില്‍. രണ്ട്, ആഗോളീകരണത്തിനെതിരായി തദ്ദേശീയ കലാരൂപം എന്ന നിലയില്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍