This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാഗാര്‍ജുന്‍ (1911 - 98)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നാഗാര്‍ജുന്‍ (1911 - 98)= ഹിന്ദി കവിയും നോവലിസ്റ്റും കഥാകൃത്തും. ബ...)
അടുത്ത വ്യത്യാസം →
07:28, 3 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
നാഗാര്‍ജുന്‍ (1911 - 98)
ഹിന്ദി കവിയും നോവലിസ്റ്റും കഥാകൃത്തും. ബിഹാറിലെ ദര്‍ഭംഗ ജില്ലയിലെ തരൌനീ ഗ്രാമത്തില്‍ 1911 ജൂണ്‍ 22-ന് ജനിച്ചു. വൈദ്യനാഥ്മിശ്ര എന്നാണ് യഥാര്‍ഥ നാമം. പ്രാഥമിക വിദ്യാഭ്യാസം ഗ്രാമത്തിലെ സംസ്കൃത പാഠശാലയില്‍ നിന്നു നേടി. പിന്നീട് കാശി, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ സംസ്കൃത പഠനം നടത്തുകയും സാഹിത്യാചാര്യ ബിരുദം നേടുകയും ചെയ്തു.
1930-ല്‍ 'യാത്രീ' എന്ന തൂലികാനാമത്തില്‍ മൈഥിലി ഭാഷയില്‍ പ്രഥമ കവിത പ്രസിദ്ധീകരിച്ചു. 1935-ലാണ് ആദ്യത്തെ ഹിന്ദി കവിത പ്രസിദ്ധീകരിച്ചത്. പഞ്ചാബ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ ഇദ്ദേഹം പത്ത് മാസത്തോളം പഞ്ചാബില്‍ നിന്നിറങ്ങുന്ന ദീപക് മാസികയുടെ പത്രാധിപരായി സേവനമനുഷ്ഠിച്ചു. 1936 അവസാനം ശ്രീലങ്കയിലേക്ക് പോയി. അവിടെ കൊളംബോയ്ക്കടുത്ത് കെലാനിയായിലെ 'വിദ്യാലങ്കാര്‍ പരിവേണ്‍' എന്ന പ്രാചീന വിദ്യാപീഠത്തില്‍ ബുദ്ധസന്ന്യാസിമാരെ സംസ്കൃത വ്യാകരണം, ദര്‍ശനം എന്നിവ പഠിപ്പിക്കുകയും അവിടത്തെ ആചാര്യന്മാരില്‍ നിന്ന് പാലി ഭാഷയും ബുദ്ധദര്‍ശനവും പഠിക്കുകയും ബുദ്ധമതം സ്വീകരിക്കുകയും ചെയ്തു. 1938-ന്റെ തുടക്കത്തില്‍ പ്രശസ്ത ഹിന്ദി എഴുത്തുകാരന്‍ രാഹുല്‍ സാംകൃത്യായന്റെ പ്രേരണയാല്‍ ബുദ്ധമതഗ്രന്ഥങ്ങളുടെ ഗവേഷണത്തിനായി നാഗാര്‍ജുന്‍ തിബത്തിലേക്ക് പോയി. ശ്രീലങ്കയിലെ പ്രവാസകാലത്ത് ഇടതുപക്ഷ ചിന്താഗതിയോട് അടുപ്പം പുലര്‍ത്തിയിരുന്നു. അവിടത്തെ വിപ്ളവപ്പാര്‍ട്ടിയുടെ നേതാക്കളുമായി ബന്ധം സ്ഥാപിച്ചു. ഭാരതത്തിലെ കര്‍ഷകനേതാവായിരുന്ന സ്വാമി സഹജാനന്ദനുമായി എഴുത്തുകുത്തുകള്‍ നടത്തിയിരുന്നു. ഇന്ത്യയില്‍ മടങ്ങിവന്നതിനുശേഷം രാഹുലിന്റെ നേതൃത്വത്തില്‍ ബിഹാറിലെ കര്‍ഷകപ്രസ്ഥാനത്തില്‍ സജീവമായി. അന്ന് പത്ത് മാസം ജയിലില്‍ കിടന്നു. ഫോര്‍വേഡ് ബ്ലോക്ക് പ്രസിദ്ധീകരിച്ച ഒരു സര്‍ക്കുലറുമായി ബന്ധപ്പെട്ട് വീണ്ടും ഇദ്ദേഹത്തിനു ജയില്‍വാസമനുഭവിക്കേണ്ടിവന്നു. 1936-ല്‍ ബുദ്ധമതം സ്വീകരിച്ചതിനുശേഷമാണ് വൈദ്യനാഥ്മിശ്ര നാഗാര്‍ജുന്‍ എന്ന പേര് സ്വീകരിച്ചത്.
1948-ല്‍ ഗാന്ധിജിയുടെ വധത്തെ വിഷയമാക്കി ഇദ്ദേഹം എഴുതിയ കവിതകള്‍ നിരോധിക്കപ്പെട്ടു. 1962-ല്‍ ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ചൈനക്കെതിരായും 68-ല്‍ ചെക്കോസ്ലാവാക്യയ്ക്കെതിരെ സോവിയറ്റ് യൂണിയന്‍ അതിക്രമം കാട്ടിയതിനെതിരെയും കവിതകളെഴുതിയിട്ടുണ്ട്. ഈ അവസരങ്ങളില്‍ കമ്യൂണിസ്റ്റ് നേതാക്കളോടുണ്ടായ വിയോജിപ്പ് പ്രകടിപ്പിച്ചുവെങ്കിലും കര്‍ഷകരുടെയും തൊഴിലാളികളുടെയും ചൂഷിതവര്‍ഗങ്ങളുടെയും പക്ഷത്തുതന്നെ ഇദ്ദേഹം നിലയുറപ്പിച്ചു. 1974-ല്‍ ജയപ്രകാശ് നാരായണന്റെ വിപ്ലവപ്രസ്ഥാനത്തിലും പ്രക്ഷോഭത്തിലും പങ്കുചേര്‍ന്നതുവഴി വീണ്ടും ജയില്‍വാസം അനുഭവിക്കേണ്ടിവന്നു.
നാഗാര്‍ജുന്‍ മൈഥിലിഭാഷയിലെഴുതിയ 28 കവിതകളുടെ സമാഹാരമായ ചിത്ര 1949-ല്‍ അലഹാബാദില്‍ പ്രസിദ്ധീകരിച്ചു. ആദ്യത്തെ ഹിന്ദി കവിതാ സമാഹാരമായ ശപഥ് 1948-ല്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിനുശേഷം പ്രസിദ്ധീകരിച്ച കാവ്യ സമാഹാരങ്ങള്‍ ചന ജോര്‍ ഗരം (1952), യുഗധാര (1953), ഖൂന്‍ ഔര്‍ ഷോലെ (1955), പ്രേത് കാ ബയാന്‍ (1957), സത് രംഗേ പംഖോംവാലി (1959), പ്യാസി പഥരായീ ആംഖേം (1962), അബ്തോ ബന്ധ് കരോ ഹേ ദേവീ യഹ് ചുനാവ് കാ പ്രഹസന്‍ (1971), ഭസ്മാങ്കര്‍ (1973), താലാബ് കീ മച്ഛലിയാം (1974), വന്ദന (1976), തും നേ കഹാ ഥാ (1980), ഖിചഡീ വിപ്ളവ് ദേഖാ ഹംനേ (1980), ഹസാര്‍ ബാഹോം വാലി (1981), പുരാനി ജൂതിയോ കാ കോറസ് (1983), രത്നഗര്‍ഭ് (1984), ഐസേ ഭീ ഹം ക്യാ ഐസേ ഭീ തും ക്യാ (1985) എന്നിവയാണ്. 1985-ല്‍ പ്രധാന കവിതകളുടെ സമാഹാരമായ നാഗാര്‍ജുന്‍ കീ ചുനി ഹുയി രചനായേം രണ്ടു വാല്യങ്ങളായി പ്രസിദ്ധീകരിച്ചു. സംസ്കൃതത്തിലെ ഗീതഗോവിന്ദം, മേഘസന്ദേശം എന്നിവയും വിദ്യാപതിയുടെ ഭാവഗീതങ്ങളും ഖഡീബോലി ഹിന്ദിയില്‍ ഇദ്ദേഹം പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
കാവ്യരംഗത്തെന്നപോലെ നോവല്‍ സാഹിത്യത്തിനും നാഗാര്‍ജുന്റെ സംഭാവന വിലപ്പെട്ടതാണ്. രതീനാഫ് കീ ചാച്ചീ (1949), ബല്‍ചനമാ (1952), ബാബാ ബട്ടേസര്‍ നാഫ് (1954), ദൂഖമോചന്‍ (1957), വരുണ്‍ കേ ബേട്ടേ (1956), നയീപൌദ് (1957), കുംഭീപാക് (1960), ഹീരക്ജയന്തി (1962), ഉഗ്രതാരാ (1963), ജമരതിയാ (1968) ഇവയാണ് നോവലുകള്‍. ജമരതിയാ 1969-ല്‍ ജമനിയാകേ ബാബാ എന്ന പേരില്‍ പുനഃപ്രസിദ്ധീകരിച്ചു.
'പ്രഗതിശീല്‍' (പുരോഗമന) കവിതകളുടെ കരുത്തുറ്റ കവിയായിട്ടാണ് നാഗാര്‍ജുനെ കണക്കാക്കുന്നത്. സംസ്കൃതം, മൈഥിലി, ഹിന്ദി, ബംഗാളി എന്നീ ഭാഷകളുടെ സമൃദ്ധമായ കാവ്യപാരമ്പര്യം ഉള്‍ക്കൊണ്ട് കവി പുരോഗമന കവിതയെ സമഗ്രതയുടെ കാവ്യമാക്കി മാറ്റുന്നതില്‍ വിജയം വരിച്ചു. നാല് ദശകങ്ങളിലധികം നീണ്ടുനിന്ന സര്‍ഗയാത്രയിലൂടെ കവിതയെ വ്യക്തിപരമായിരിക്കെത്തന്നെ സമൂഹപരതയിലേക്ക് വ്യാപിപ്പിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു.
മാര്‍ക്സിയന്‍ വീക്ഷണത്തില്‍ അധിഷ്ഠിതമായ നാഗാര്‍ജുന്റെ രചനകള്‍ ഏറെ സാമൂഹിക പ്രതിബദ്ധതയുള്ളവയാണ്. ദൈനംദിന ജീവിതസാഹചര്യങ്ങളുടെ യഥാര്‍ഥചിത്രം വരച്ചുകാട്ടുന്നതില്‍ ഈ കൃതികള്‍ തികച്ചും വിജയിച്ചു. സഞ്ചാരജീവിതം ജീവിതസ്പന്ദനങ്ങളെയും സംവേദനങ്ങളെയും തൊട്ടറിയാന്‍ സഹായകരമായി.
ഗ്രാമീണതയുടെ പച്ചയായ ആവിഷ്കാരം, രാഷ്ട്രീയത്തിന്റെ കാപട്യം നിറഞ്ഞ മുഖം, അവസരവാദം, അഴിമതി, ചൂഷണം, പ്രകൃതി, പ്രണയം, ദാരിദ്ര്യം, മൃത്യുഭയം, വിദേശനയത്തിലെ വൈകല്യങ്ങള്‍, സ്ത്രീകളുടെ ദുരവസ്ഥ, പൊതുജനങ്ങളുടെ പ്രതികരണശേഷിയില്ലായ്മ, തൊഴിലില്ലായ്മ, പട്ടിണി, ക്ഷാമം, വര്‍ഗീയത, ഭാഷാവാദം, പൊലീസ്ഗുണ്ടായിസം, പ്രാദേശികവാദം, സങ്കുചിതചിന്ത തുടങ്ങി ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ഥ്യങ്ങളെയും അപ്രിയ സത്യങ്ങളെയും കവിതകളില്‍ നിര്‍ഭയം ആവിഷ്കരിക്കുവാന്‍ ഇദ്ദേഹത്തിനു സാധിച്ചു. ആക്ഷേപഹാസ്യത്തിലൂടെ പല സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥിതികളെയും എതിര്‍ക്കുകയും പരിഹസിക്കുകയും ചെയ്തു. ഇന്ദിരാഗാന്ധിയുടെ സമയത്ത് എഴുതിയ വിപ്ളവകവിതകള്‍ അദ്ദേഹത്തിന്റെ നിര്‍ഭയത്വത്തിന് ദൃഷ്ടാന്തങ്ങളാണ്. സ്വാതന്ത്യ്രാനന്തര ഭാരതത്തിലെ തട്ടിപ്പും വെട്ടിപ്പും അവസരവാദവും ഏറെ കാവ്യ വിഷയമാക്കിയ കവിയാണ് നാഗാര്‍ജുന്‍.
രാഷ്ട്രീയത്തെക്കുറിച്ചും നാഗാര്‍ജുന്‍ നിരവധി കവിതകളെഴുതി. ദൈനംദിന രാഷ്ട്രീയം, രാഷ്ട്രീയ നേതാക്കളുടെ കാപട്യം, കള്ളക്കളി, രാഷ്ട്രീയ അവസരവാദം, വഞ്ചന എന്നിവയൊക്കെ ഇദ്ദേഹം വിഷയമാക്കി. കവിക്ക് സ്വതന്ത്രമായ കാഴ്ചപ്പാടുണ്ടായിരുന്നു. മാര്‍ക്സിയന്‍ വീക്ഷണഗതിക്കാരനായിട്ടുപോലും സ്വന്തംപാര്‍ട്ടി വിഭാഗീയചിന്തയില്‍പ്പെട്ടപ്പോള്‍ അതിനെ വിമര്‍ശിക്കാന്‍ കവി മറന്നില്ല. മര്‍ദിതരുടെയും ദലിതരുടെയും കവിയാണ് നാഗാര്‍ജുന്‍.
പ്രേംചന്ദിന്റെ പാരമ്പര്യത്തെ പുഷ്ടിപ്പെടുത്താന്‍ നാഗാര്‍ജുനന്റെ നോവലുകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്യ്രാനന്തര ഇന്ത്യന്‍ ഗ്രാമങ്ങളില്‍ ഉദയം ചെയ്ത പുതിയ മനുഷ്യ ഉണര്‍വിന്റെ കഥാകാരനാണ് നാഗാര്‍ജുന്‍.
അധികാരി വര്‍ഗത്തിന്റെ യാതൊരുവിധ ഔദാര്യവും സ്വീകരിക്കാതെയാണ് നാഗാര്‍ജുന്‍ ജീവിച്ചത്. ഉപജീവനത്തിനായി കഠിനാധ്വാനം ചെയ്ത് സര്‍ഗകൃതികള്‍ വിറ്റ് കുടുംബം പുലര്‍ത്തിയ ഇദ്ദേഹം സാമൂഹിക യാഥാര്‍ഥ്യത്തിന്റെ അനശ്വരചിത്രകാരനാണ്. ഒരര്‍ഥത്തില്‍ കവി നിരാലയുടെ പിന്‍മുറക്കാരന്‍. 1998 ന. 5-ന് നാഗാര്‍ജുന്‍ അന്തരിച്ചു.
(ഡോ. പ്രമോദ് കൊവ്വപ്രത്ത്; സ.പ.)