This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാഗാരാധ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നാഗാരാധ= Ophiolatia നാഗ(പാമ്പ്)ത്തെ ആരാധിക്കുന്ന സമ്പ്രദായം. പ്രാചീ...)
അടുത്ത വ്യത്യാസം →
07:24, 3 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
നാഗാരാധ
Ophiolatia
നാഗ(പാമ്പ്)ത്തെ ആരാധിക്കുന്ന സമ്പ്രദായം. പ്രാചീനകലം മുതല്‍ ലോകത്ത് പലയിടങ്ങളിലും നിലനിന്നിരുന്നു. ഇതില്‍ പുരാവൃത്തപരമോ മതപരമോ ആയ ദേവത/പ്രതീകം ആയിട്ടാണ് നാഗത്തെ കല്പിച്ചിട്ടുള്ളത്. നാഗം എന്ന സംസ്കൃത (പാലി) പദത്തിന് ആംഗലേയഭാഷയില്‍ സര്‍പന്റ് (Serpant) എന്ന പദമാണ് ഉപയോഗിക്കുന്നത്. ഒഫീയോലറ്റിയ (Ophiolatia) എന്നാണ് നാഗാരാധന അറിയപ്പെടുന്നത്. ശിലാരാധന, സര്‍പ്പാരാധന എന്നിവ ലിംഗാരാധനയുടെ ഇതരരൂപങ്ങളെന്ന നിലയിലാണ് ആവിര്‍ഭവിച്ചതെന്നു കരുതപ്പെടുന്നു. ഇതിന് വൃക്ഷാരാധനയുമായും ഗാഢമായ ബന്ധമുണ്ട്. വിലക്കപ്പെട്ട കനിയുടെ വൃക്ഷത്തില്‍ വസിക്കുന്ന സര്‍പ്പരൂപിയായ ചെകുത്താന്‍ തുടങ്ങി വൃക്ഷനിബിഡ കാവുകളിലെ നാഗാരാധനവരെ ഇതിന് ഉദാഹരണങ്ങളാണ്.
ഒട്ടുമിക്ക രാജ്യങ്ങളിലും മതസമൂഹങ്ങളിലും വ്യത്യസ്തരീതികളിലാണെങ്കിലും ഇത് നിലനില്ക്കുന്നു. സുമേറിയന്‍, ബാബിലോണിയന്‍ സംസ്കാരങ്ങളില്‍ അധോലോകത്തിലെ ഭീകരദേവതകളായ എറിഷ്കിഗല്‍, അല്ലാറ്റു എന്നിവയ്ക്ക് സര്‍പ്പരൂപമാണുണ്ടായിരുന്നത്. നാഗങ്ങള്‍ ഗോത്രചിഹ്നങ്ങളായിരുന്നതിന്റെ ഉദാഹരണങ്ങളും നാഗാരാധനയുടെ പ്രാചീനത വെളിപ്പെടുത്തുന്നു. ഗുഡിയായിലെ ഒരു പാത്രത്തിലെ കെട്ടുപിണഞ്ഞ ഇരട്ടസര്‍പ്പം അത്തരമൊരു മാതൃകയാണ്. ലഭ്യമായ പ്രാചീന നാഗദേവതകളിലൊന്ന് 'ജീവദേവത' എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു നാഗരൂപമാണ്. അതിപ്രാചീന അതിരുകല്ലുകളില്‍ ഒരു വിശുദ്ധമുദ്രയോടൊപ്പം ആലേഖനം ചെയ്ത നാഗങ്ങളെയും കണ്ടെത്തിയിട്ടുണ്ട്. തയാമത്ത് ദേവതയുടെ നാഗരൂപത്തിലുള്ള ചിത്രവും ലഭ്യമായിട്ടുള്ള പ്രാചീന മാതൃകകളില്‍ ഒന്നാണ്.
ഈജിപ്ഷ്യന്‍ പുരാവൃത്തത്തില്‍ നന്മയുടെയും തിന്മയുടെയും പ്രതീകങ്ങളായി സര്‍പ്പങ്ങളെ കാണാം. അപെപ് നാഗം നന്മയുടെയും ബാബിലോണിയന്‍ തയാമത്ത് തിന്മയുടെയും പ്രതീകങ്ങളാണ്. ഈജിപ്തിലും ബാബിലോണിയയിലും നിന്നുമാത്രമല്ല ഒട്ടുമിക്ക സംസ്കാരങ്ങളില്‍നിന്നും നാഗാരാധനയുടെ പ്രാചീനത വെളിവാക്കുന്ന നിദര്‍ശനങ്ങള്‍ ലഭ്യമായിട്ടുണ്ട്. ചില പ്രാചീന സാക്ഷ്യങ്ങള്‍ ഇവയാണ് - നാഗഫണമുഖമാര്‍ന്ന ഒരു ദേവത ഒസിരിസ് ദേവന്റെ കിരീടത്തിനരികെ നില്ക്കുന്നതായുള്ള പേപ്പിറസ് ചിത്രം, സര്‍പ്പത്തെ പുണരുന്ന വിശുദ്ധമാതാവിന്റെ ചിത്രം (ക്രീറ്റ് - ഇതില്‍ മുടിയിഴകളും നാഗങ്ങളാണ്), സ്യൂസ്, ഡയോണിസ് ദേവതമാരുടെ നാഗരൂപമാര്‍ന്ന ശില്പങ്ങള്‍.
സൂര്യദേവന്റെ പ്രതീകമായി മുര്‍ഖനെ കണ്ടിരുന്നതായുള്ള ചില തെളിവുകള്‍ ബാബിലോണിയയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ചിലേടങ്ങളില്‍ നാഗം രാജകീയചിഹ്നമായിരുന്നു. പൂര്‍വികര്‍, രക്ഷകര്‍ എന്നിവയുടെ പ്രതീകങ്ങളായും നാഗങ്ങളെ ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഉര്‍വതാരാധനയുടെ പ്രതീകമാണ് മറ്റൊന്ന്. കുലചിഹ്നങ്ങള്‍ ആയും നാഗചിഹ്നം വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. നന്മതിന്മകളുടെ എന്നപോലെ ചതി, രക്ഷ, വിഷം, പുനര്‍ജന്മം, രതി എന്നിവയുടെയെല്ലാം പ്രതീകമായിരുന്നു നാഗങ്ങള്‍. പടംപൊഴിച്ച് പുതുജന്മം നേടുന്ന ജീവി എന്ന നിലയിലാണ് അത് പുനര്‍ജന്മത്തിന്റെ പ്രതീകമായത് എന്നു കരുതപ്പെടുന്നു. ചില രാജ്യങ്ങളില്‍ പാമ്പുകളെ ജലം, ദീര്‍ഘായുസ്സ്, സ്വാതന്ത്യ്രം, ബുദ്ധി എന്നിവയുടെ പ്രതീകമാക്കി ആരാധിക്കുന്നു. ഇവയുടെ സഞ്ചാരരീതി, പടംപൊഴിക്കുന്ന സ്വഭാവം, ഇമവെട്ടാത്ത കണ്ണുകള്‍ എന്നീ പ്രത്യേകതകളാണതിനുകാരണം.
പല രൂപങ്ങളിലാണ് പ്രാചീനകാലത്ത് നാഗങ്ങള്‍ ചിത്രീകരിക്കപ്പെട്ടിരുന്നതും സങ്കല്പിക്കപ്പെട്ടിരുന്നതും. ഗ്രീക്, ജര്‍മന്‍ പുരാവൃത്തങ്ങളില്‍ നാഗങ്ങളെ 'ഡ്രാഗണ്‍' ആയി വിവരിച്ചിട്ടുള്ളതുകാണാം. ചൈനയില്‍ നാഗം 'ഡ്രാഗണ്‍' തന്നെയായിരുന്നു. ചെകുത്താന്മാര്‍ കടല്‍നാഗങ്ങളായി ജീവിച്ചിരുന്നുവെന്നും ആകാശഗംഗതന്നെ ഒരു നാഗമാണ് എന്നുമുള്ള സങ്കല്പങ്ങളും ഉണ്ടായിട്ടുണ്ട്. സ്വര്‍ഗത്തിലെ വെളിച്ചത്തിന്റെ നാഗങ്ങളായാണ് ആകാശഗംഗയെ കണക്കാക്കിപ്പോന്നിരുന്നത്. മേഘനാഗം, നാഗപീഠം, മഴവില്‍നാഗം, ദേവന്മാരുടെ സഹചാരി എന്നു തുടങ്ങി ഭാരതീയ സങ്കല്പത്തിലെ നാഗരാജാവ്, നാഗയക്ഷി, നാഗമാതാക്കള്‍ എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നാഗസങ്കല്പങ്ങള്‍ വിഭിന്ന സമൂഹങ്ങളില്‍ നിലനിന്നിരുന്നതായും നിലനിന്നുപോരുന്നതായും കാണാം.
ചൈന, ശ്രീലങ്ക, ജപ്പാന്‍, ജാവ, കമ്പോഡിയ, മെക്സിക്കോ, ഈജിപ്ത്, ഇന്ത്യ എന്നിവിടങ്ങളില്‍ വൈവിധ്യമാര്‍ന്ന നാഗാരാധന ഇന്നും തുടര്‍ന്നുപോരുന്നുണ്ട്. അതിന്റെ മറ്റൊരു മുഖമാണ് ഡ്രാഗണ്‍ നൃത്തങ്ങള്‍.
1. ഗ്രീസ്. ഗ്രീക്കു പുരാവൃത്തങ്ങളില്‍ തിന്മയുടെ പ്രതീകമായ ഭീകര ജീവികളായിട്ടാണ് സര്‍പ്പങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്. അവയെ നശിപ്പിക്കുന്നതിന് തീവ്രയത്നം നടത്തിയ കഥകളും പ്രചാരത്തിലുണ്ട്. ലെര്‍ണ എന്ന പ്രദേശത്ത് ഒന്‍പതു തലയുള്ള ഒരു സര്‍പ്പത്തെ (Hydra) ഹെര്‍ക്കുലീസ് വധിച്ചതായുള്ള കഥ അക്കൂട്ടത്തിലൊന്നാണ്. പുരാതന ഗ്രീസില്‍ നന്മയുടെ പ്രതീകങ്ങളായ സര്‍പ്പങ്ങളെയും കാണാം.
ഗ്രീക്കുകാരുടെ ദൈവമായ സ്യൂസ് ഭൂമി സന്ദര്‍ശിക്കുമ്പോള്‍ സ്വീകരിച്ചിരുന്നത് പാമ്പിന്റെ രൂപമായിരുന്നു. ലോകൂണും (Laocoon) പുത്രന്മാരും റോമന്‍ ദേവനായ അപ്പോളോയെ തടഞ്ഞതിനു സര്‍പ്പങ്ങളാല്‍ കൊല്ലപ്പെട്ടുവെന്നു വിശദീകരിക്കുന്നു. നോര്‍വേയിലുള്ള മറ്റൊരു കഥ ഓര്‍മുങ്കന്തറിന്റേതാണ്. നോര്‍വേക്കാരുടെ ദൈവത്തിന്റെ പിതാവ് ഓഡിന്‍ (odin) ആയിരുന്നു. ഭീമാകാരവും അപൂര്‍വവുമായ ഓര്‍മുങ്കന്തര്‍ വലിയ രൂപമായി വളര്‍ന്ന് ഭൂമിയെ ചുറ്റിവളഞ്ഞ് വായിലേക്ക് വാല്‍കടത്തി ഭീകരത പരത്തി. തുടര്‍ന്ന് ഭൂമിയില്‍ കൊടുങ്കാറ്റ് വിതച്ചും മറ്റുദൈവങ്ങളെ ഉപദ്രവിച്ചും തുടര്‍ച്ചയായി പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ തുടങ്ങി. അവസാനം തോര്‍ (thor) എന്ന ഇടിമുഴക്കമുണ്ടാക്കുന്ന ദൈവം ആ ഭീകരസത്വത്തെ ചുറ്റികകൊണ്ടടിച്ചുകൊന്നു. എന്നാല്‍ ആ സമയത്ത് ആ സത്ത്വത്തിന്റെ വായില്‍നിന്നും വമിച്ച വിഷദ്രാവകത്തില്‍ തോര്‍ മുങ്ങിമരിക്കുകയുണ്ടായി.
2. ഈജിപ്ത്. പുരാതന ഈജിപ്തുകാരെ സംബന്ധിച്ചിടത്തോളം പാമ്പുകള്‍ കൃഷിയുടെ തുടക്കവും ഒടുക്കവുമുള്ള സമയങ്ങളെ സൂചിപ്പിക്കുന്നു. പാമ്പുകളുടെ ദേവതയായ ഇജോ (ഋഷീ) നൈല്‍ താഴ്വരയുടെ ദൈവമായും ആ പ്രദേശത്തെ ഭരണാധികാരികളുടെ ആരാധനാമൂര്‍ത്തിയായും കരുതപ്പെട്ടിരുന്നു. ഈ ദൈവത്തെ ഈജിപ്ഷ്യന്‍ മൂര്‍ഖന്റെ (Naja Hage) ചിത്രവുമായി ഉപമിച്ചിരിക്കുന്നു. ഇതിന്റെ തലയുടെ ഭാഗത്ത് സുവര്‍ണമുദ്രയുള്ളതിനാല്‍ ഇറൗസ് (Uraeus) എന്ന ഈജിപ്ഷ്യന്‍ പരമാധികാരികളുടെ ചിഹ്നമായിരുന്നു അതെന്നു മനസ്സിലാക്കാം.
3. അമേരിക്ക. അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ പാമ്പുകളെ ദൈവദൂതന്മാരായും ദൈവത്തിന്റെ പ്രതിരൂപമായും ആരാധിച്ചിരുന്നു. വടക്കേ അമേരിക്കയുടെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് വരണ്ട പ്രദേശങ്ങളില്‍ കൃഷിക്കും ജലസേചനത്തിനുമായി ഇപ്പോഴും ഹോപ്പി സര്‍പ്പനൃത്തം (Hopi snake dance) നടത്തുന്നുണ്ട്. ഒന്‍പത് ദിവസം നീണ്ടുനില്ക്കുന്ന ആചാരാനുഷ്ഠാനങ്ങള്‍ ഈ ചടങ്ങിനുണ്ട്. ഇതില്‍ പാമ്പിനെ പിടിച്ചശേഷം ഒരു പരിശുദ്ധമായ സ്ഥലത്ത് സൂക്ഷിക്കുന്നു. ചേരകളെപ്പോലെയുള്ള പാമ്പുകളെയാണ് ഇതിന് ഉപയോഗിക്കുന്നത്. ആഘോഷങ്ങള്‍ക്കുശേഷം പാമ്പുകളെ നന്നായി കുളിപ്പിച്ച് ഹോപ്പികള്‍ അവയെ വായില്‍ വച്ചുകൊണ്ട് നൃത്തം ചെയ്യുന്നു. പിന്നീട് അവയെ സ്വതന്ത്രമാക്കുന്നു. ഈ പാമ്പുകള്‍ ഹോപ്പികളുടെ ദൂതന്മാരായി ച്ചെന്ന് മഴയ്ക്കുവേണ്ടി ദൈവത്തോട് അപേക്ഷിക്കുമെന്നാണ് വിശ്വാസം. അതിലൂടെ ഇടി, മഴ, മിന്നല്‍ എന്നിവ ഉണ്ടായി കൃഷി മെച്ചപ്പെടുമെന്നും അവര്‍ വിശ്വസിക്കുന്നു.
ഗ്ലാസ്സിലെ വെള്ളത്തില്‍ കുതിരയുടെ രോമങ്ങള്‍ വീണാല്‍ അത് സര്‍പ്പങ്ങളായി മാറുമെന്നുള്ള നാടോടിക്കഥ അമേരിക്കയിലെങ്ങും പ്രചാരത്തിലുണ്ട്. അമേരിക്കയിലെ ആദിവാസികളില്‍ പലരും സര്‍പ്പാരാധന നടത്തുന്നവരാണ്. മൃഗങ്ങള്‍, ചെടികള്‍, സൂര്യന്‍, അഗ്നി, ജലം, മത്സ്യം, ധാന്യങ്ങള്‍ തുടങ്ങിയവയോടൊപ്പം പാമ്പിനെയും അവര്‍ ആരാധിച്ചിരുന്നു. ഇവരില്‍ മായന്മാര്‍, ഇങ്കാകള്‍, റെഡ്ഡിന്ത്യക്കാര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു.
4. ഇസ്ലാം മതം. സര്‍പ്പങ്ങളുമായി ബന്ധപ്പെട്ട ഏതാനും വസ്തുതകള്‍ വിശുദ്ധ ഖുര്‍ആനിലും വിശദീകരിക്കുന്നുണ്ട്. സൌര്‍ എന്ന ഗുഹയില്‍ പ്രവാചകന്റെ വരവും കാത്ത് അനേകവര്‍ഷങ്ങളായി ഒരു സര്‍പ്പം കാത്തിരിപ്പുണ്ടായിരുന്നു. ഒരിക്കല്‍ പ്രവാചകനായ മുഹമ്മദു നബിയും ശിഷ്യനും കൂടി മക്കയില്‍നിന്ന് മദീനയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ആ ഗുഹയില്‍ ഒളിഞ്ഞിരിക്കേണ്ട ഒരു സന്ദര്‍ഭമുണ്ടായി. ഗുഹയില്‍ കയറിയ ഉടന്‍തന്നെ ശിഷ്യന്‍ ഗുഹയുടെ ദ്വാരങ്ങളെല്ലാം അടച്ചു. ഗുഹയുടെ ഒരു ദ്വാരം തന്റെ കാലിന്റെ പെരുവിരല്‍ കൊണ്ടാണ് ശിഷ്യന്‍ അടച്ചുപിടിച്ചത്. തന്റെ മടിയില്‍ ശയിക്കുന്ന പ്രവാചകനെ സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ഇപ്രകാരം ചെയ്തത്. അതിനുള്ളിലുണ്ടായിരുന്ന സര്‍പ്പം ശിഷ്യനെ ദംശിക്കുകയും വിഷമേല്പ്പിക്കുകയും ചെയ്തു. ഉറക്കമുണര്‍ന്ന മുഹമ്മദു നബി വിഷദംശനമേറ്റ് അവശനായ ശിഷ്യനെ കണ്ടു. ഉടന്‍തന്നെ പ്രവാചകന്‍ ഉമിനീര്‍ പുരട്ടി മുറിവില്‍നിന്നും വിഷബാധയകറ്റി ശിഷ്യനെ രക്ഷിച്ചു.
ഭൂതവര്‍ഗം അല്ലെങ്കില്‍ ജിന്ന് എല്ലാ ജീവികളുടെയും രൂപം പ്രാപിക്കുന്നുണ്ട് എന്ന് ഇസ്ലാംമതത്തില്‍ വിശദമാക്കുന്നുണ്ട്. പാപികളെ മരണാനന്തരം ശിക്ഷിക്കുന്നത് വിഷസര്‍പ്പങ്ങളെക്കൊണ്ടുകൂടിയാണെന്ന വിശ്വാസവുമുണ്ട്. മൂസാ നബിയുടെ കാലത്ത് അദ്ദേഹം തന്റെ വടിയെ പാമ്പാക്കി മാറ്റുകയും അതിനോട് സംസാരിക്കുകയും ചെയ്തതായി ഇസ്ലാം മതം പറയുന്നു. അന്ന് അദ്ദേഹത്തിന്റെ വിശ്വസ്തരും അനുയായികളും അത് നിരീക്ഷിച്ചറിഞ്ഞതായും സത്യസന്ധമാണെന്ന് തെളിയിച്ചതായും വിശദീകരിക്കുന്നുമുണ്ട്.
5. ബുദ്ധമതം. ബുദ്ധമതത്തില്‍ നാഗം രക്ഷകനാണ്. ബുദ്ധന്‍ തപം ചെയ്തിരിക്കെ, കൊടുങ്കാറ്റും പേമാരിയും ഉണ്ടായെന്നും അപ്പോള്‍ മണ്ണിനടിയില്‍നിന്നുയര്‍ന്നുവന്ന മുകാലിന്‍ഡ എന്ന നാഗം പത്തിവിടര്‍ത്തി കുടയായി പിടിച്ച് ബുദ്ധനെ രക്ഷിച്ചുവെന്നുമാണ് ഐതിഹ്യം. നാഗഫണച്ചുവട്ടിലിരുന്ന് ധ്യാനം ചെയ്യുന്ന ബുദ്ധപ്രതിമകള്‍ പലേടത്തുമുണ്ട്.
6. ക്രിസ്തുമതം. ബൈബിളിലെ സൃഷ്ടികര്‍മങ്ങള്‍ വിശദീകരിക്കുന്ന ഉത്പത്തി പുസ്തകത്തിലെ ഏതാനും ഭാഗങ്ങള്‍ നാഗങ്ങളെ അവതരിപ്പിക്കുന്നതായുണ്ട്. ഏദന്‍തോട്ടത്തിലെ ഫലവൃക്ഷങ്ങളില്‍നിന്നും പഴങ്ങള്‍ ഭക്ഷിക്കാമെങ്കിലും തോട്ടത്തിന്റെ മധ്യഭാഗത്തുള്ള വൃക്ഷത്തിലെ ഫലം ഭക്ഷിക്കരുതെന്ന് ദൈവം കല്പിച്ചിരുന്നു. അപ്പോള്‍ അവിടെയുണ്ടായിരുന്ന സര്‍പ്പരൂപിയായ സാത്താന്റെ പ്രേരണയില്‍പ്പെട്ട് ഹവ്വ ആ കനി ഭക്ഷിച്ചു. തുടര്‍ന്ന് ആദമും അതു തിന്നു. ഉടന്‍തന്നെ അവരുടെ നഗ്നതയക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടാവുകയും അരതിയുടെ ഇലകള്‍ കോര്‍ത്തിണക്കി നാണം മറയ്ക്കുകയും ചെയ്തുവെന്നാണ് കഥ.
സര്‍പ്പരൂപിയായ ഷഹന് ജീവനാഥന്‍ എന്നു പേരുണ്ടായിരുന്നു. നഹാഷ് എന്ന പേര് ക്യൂനിഫോം രേഖകളിലും ബൈബിളിലും കാണാം. നഹ്ഷാന്‍ എന്ന പേര് ഇതിന്റെ രൂപഭേദമായി കണക്കാക്കപ്പെട്ടിരിക്കുന്നു. മുതല, ചീങ്കണ്ണി, ഹിപ്പൊപ്പൊട്ടാമസ് തുടങ്ങിയ ജീവികളെ പൊതുവേ നഹാഷ് എന്നാണ് ബൈബിളില്‍ വിളിക്കുന്നത്. ഇവയെല്ലാം ജലസര്‍പ്പങ്ങളായാണ് പുരാതന ഇസ്രയേല്‍കാര്‍ വിശ്വസിച്ചിരുന്നത്.
നോഹയുടെ പെട്ടകത്തില്‍ എലി (ചെകുത്താന്‍) കരണ്ടുണ്ടാക്കിയ ദ്വാരം പാമ്പ് അതിന്റെ വാല്‍കൊണ്ട് അടച്ച് സംരക്ഷിച്ചു എന്നൊരു കഥ കിഴക്കന്‍ യൂറോപ്പില്‍ പ്രചാരത്തിലുണ്ട്. ആ സര്‍പ്പം പക്ഷികളുടെ ഭാഷ മനുഷ്യന് വശമാക്കിക്കൊടുത്തുവത്രെ.
സര്‍പ്പവും സ്ത്രീയും തമ്മിലുള്ള ശത്രുത പഴയ നാടോടിക്കഥകളില്‍ പ്രതിപാദിക്കുന്നുണ്ട്. അതില്‍നിന്നുണ്ടായ ഉഗ്രമായ ദംശനത്താലാണ് സ്ത്രീകളില്‍ ആര്‍ത്തവ പ്രക്രിയ ആരംഭിച്ചതെന്ന കഥ പ്രസിദ്ധമാണ്.
7. ഹിന്ദുമതം. അഥര്‍വവേദത്തില്‍ സര്‍പ്പചികിത്സയ്ക്കായുള്ള മന്ത്രങ്ങള്‍ കാണാം. ഋഗ്വേദത്തില്‍ പലതരം സര്‍പ്പദംശനങ്ങള്‍ വിവരിച്ചിട്ടുണ്ട്. യജുര്‍വേദത്തിലും അഥര്‍വവേദത്തിലുമാണ് ഒരു ആരാധനാസമ്പ്രദായമെന്ന നിലയിലുള്ള പരാമര്‍ശങ്ങളുള്ളത്. ഭോഗതയുടെ പ്രതീകമായും വേദങ്ങളില്‍ നാഗസൂചനകള്‍ കാണാം.
അദ്ഭുതസിദ്ധികളുള്ള ജീവികളാണ് നാഗങ്ങള്‍ എന്നാണ് ഹൈന്ദവസങ്കല്പം. അവയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം രൂപംമാറാമെന്നും പുരാണങ്ങള്‍ പറയുന്നു. നാഗലോകത്തിലെ ഉത്പത്തി കഥയില്‍ പറയുന്ന ഔന്നത്യശ്രേണിബന്ധങ്ങള്‍ ഇത് കൂടുതല്‍ വിശദീകരിക്കുന്നുണ്ട്. ഫണങ്ങളുടെ എണ്ണത്തിലും ശരീരത്തിന്റെ വലുപ്പത്തിലും നിറത്തിലുമാണ് ഇവയില്‍ ഔന്നത്യശ്രേണീബന്ധങ്ങള്‍ ഉണ്ടായിരിക്കുന്നത്. നാഗങ്ങളില്‍ ഏറ്റവും മൂത്തവനായ അനന്തന് ആയിരം പത്തികളും സ്വര്‍ണനിറത്തിലുള്ള ശരീരവുമാണുള്ളത്. രണ്ടാമന് എണ്ണൂറ് പത്തികളും വെളുത്ത ശരീരവുമാണുള്ളത്. ഇളയതാകുന്ന മുറയ്ക്ക് ഫണങ്ങളുടെ എണ്ണം കുറയുകയും നിറവ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. ആയിരം നാഗങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പുരാണത്തില്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ അഷ്ടനാഗങ്ങളാണ്. നോ: അഷ്ടനാഗങ്ങള്‍
ഹൈന്ദവപുരാണത്തില്‍ നിരവധി നാഗകഥകളുണ്ട്. അതിലൊന്ന് നഹുഷന്റേതാണ്. (നോ: നഹുഷന്‍) നാഗങ്ങളും ഗരുഡനും തമ്മിലുള്ള തീരാപ്പകയുടെ കഥയാണ് മറ്റൊന്ന്. നോ: ഗരുഡന്‍
നാഗങ്ങളുടെ നാക്ക് ഇരട്ടയായതിനും ഒരു കഥയുണ്ട്. പാലാഴിമഥനത്തിനുശേഷം അസുരന്മാരില്‍നിന്നും ദേവന്മാര്‍ തന്ത്രപരമായി തട്ടിയെടുത്ത അമൃത് ദേവന്മാരുമായി യുദ്ധംചെയ്ത് ഗരുഡന്‍ കൈയ്ക്കലാക്കുന്നു. ഗരുഡന്റെ അമ്മയായ വിനതയുടെ ദാസ്യം ഒഴിവാക്കുന്നതിന് കദ്രു അമൃതകലശമാണ് ആവശ്യപ്പെട്ടത്. അങ്ങനെ ആ അമൃതകലശം കൊണ്ടുവന്ന് കദ്രുവിന്റെ സന്തതികളായ നാഗങ്ങള്‍ക്ക് കൊടുത്തു. നാഗങ്ങള്‍ അമൃതകലശം ദര്‍ഭപ്പുല്ല് വിരിച്ച് അതില്‍ വച്ചശേഷം കുളിച്ച് ശുദ്ധിയാകുവാന്‍ പോയി. ആ തക്കംനോക്കി ദേവന്മാര്‍ അതു മോഷ്ടിച്ചുകൊണ്ടുപോയി. കുളികഴിഞ്ഞ് ശുദ്ധിയോടെവന്ന നാഗങ്ങള്‍ അമൃത് കാണാതെ ആര്‍ത്തിയോടെ ദര്‍ഭപ്പുല്ല് നക്കുകയും നാക്ക് കീറിപ്പോവുകയും ചെയ്തു എന്നാണ് കഥ. പുരാണ നാഗകഥകളില്‍ പ്രധാനം നാഗോത്പത്തി കഥയാണ്. കശ്യപ പ്രജാപതിക്ക് ക്രോധവശ എന്ന ഭാര്യയില്‍ ജനിച്ച സുരസയില്‍ നിന്നാണത്രെ നാഗങ്ങളുണ്ടായത്. നാഗങ്ങള്‍ വസിക്കുന്ന ലോകം നാഗലോകം എന്നാണ് പുരാണങ്ങളില്‍ പറഞ്ഞുകാണുന്നത്.
നാഗങ്ങളെ പ്രധാനമായും മൂന്നു തരത്തിലാണ് ഹൈന്ദവ പുരാണങ്ങളില്‍ വിഭജിച്ചുകാണുന്നത്. ആകാശചാരികള്‍ പറനാഗങ്ങള്‍, ഭൂതലവാസികള്‍ സ്ഥലനാഗങ്ങള്‍, പാതാളവാസികള്‍ കുഴിനാഗങ്ങള്‍.
പല ദേവതമാരും നാഗങ്ങളുമായി ബന്ധപ്പെട്ട് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. മഹാവിഷ്ണു നാഗത്തില്‍ ശയിക്കുന്നു; ശിവന് നാഗം കണ്ഠാഭരണം; ഗണപതിക്ക് പൂണൂല്‍, ദുര്‍ഗയ്ക്ക് ഒരായുധം, കാളിക്ക് വള, സൂര്യന് ഏഴ് കുതിരകളെ തന്റെ രഥത്തില്‍ പൂട്ടാനുള്ള കയര്‍; ദക്ഷിണാമൂര്‍ത്തിക്ക് തോള്‍വള, ത്വരിതാദേവിക്ക് കുണ്ഡലം, നീലസരസ്വതിക്ക് മാല, ശ്രീകൃഷ്ണന് ഒരു സന്ദര്‍ഭത്തില്‍ കാളിയ ഫണങ്ങള്‍ നടനവേദി, ഗരുഡന് അത് ആഭരണം, വരാഹിമാതാവിന്റെ ഇരിപ്പിടം ശേഷനാഗം, വരുണന് പാമ്പിന്‍പത്തി കുട.
താന്ത്രികവിദ്യയില്‍ കുണ്ഡലിനി ശക്തിയെ പെണ്‍പാമ്പായാണ് സങ്കല്പിച്ചിരിക്കുന്നത്. മൂലാധാരത്തില്‍ കിടന്നുറങ്ങുന്ന കുണ്ഡലിയുടെ ശക്തി, അതില്‍ സര്‍പ്പശക്തിയാണ്. അതിനെ ഉണര്‍ത്താനായി ആരംഭിച്ച ആരാധനാസമ്പ്രദായത്തിന്റെ ആദ്യപടിയാണത്രെ നാഗാരാധന.
ശില്പരത്നത്തില്‍ നാഗവിഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിനുവേണ്ടിയുള്ള പ്രതിപാദനമുണ്ട്. ജ്യോതിഷപരമായി രാഹുദോഷങ്ങള്‍ക്ക് പരിഹാരം സര്‍പ്പസംബന്ധമായ വഴിപാടുകളാണ് എന്നാണ് വിശ്വാസം. ഇതെല്ലാം ഭാരതീയ നാഗാരാധനാസമ്പ്രദായത്തിന്റെ വൈവിധ്യത്തെയാണ് ഉദാഹരിക്കുന്നത്.
ഭാരതീയ ജ്യോതിഷത്തില്‍ നാഗസങ്കല്പം പ്രബലമാണ്. രാഹുവിന്റെ ദേവത നാഗമാണ്. ആയില്യം നക്ഷത്രത്തിന്റെ ദേവതയും നാഗമാണെന്നാണ് കാണുന്നത്.
ഭാരതീയനൃത്തകലയില്‍ നാഗനൃത്തം എന്നൊരു സവിശേഷനൃത്തംതന്നെയുണ്ട്. വാദ്യങ്ങളില്‍ ഒന്ന് നാഗവീണയാണ്. ഇത് നാരദമുനിയാണ് ഉപയോഗിക്കുന്നതെന്ന് പുരാവൃത്തം. നാഗാസ്ത്രം എന്നൊരു ആയുധസങ്കല്പവും ഭാരതത്തിലുണ്ട്.
നിരവധി ഉത്സവങ്ങളും അനുഷ്ഠാനങ്ങളും നാഗാരാധനയുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിലനില്ക്കുന്നു. നാഗപഞ്ചമിയാണതില്‍ പ്രധാനം. ചിങ്ങമാസത്തിലെ ശുക്ളപഞ്ചമി ദിവസമാണത്. അന്ന് ഗരുഡനും നാഗങ്ങളും രമ്യതയിലെത്തുമെന്നതാണ് സങ്കല്പം. കാളീയമര്‍ദനനാളാണ് നാഗപഞ്ചമിയായി ആഘോഷിക്കപ്പെടുന്നതെന്നും കരുതപ്പെടുന്നു.
നാഗമാണിക്യം എന്ന വിശിഷ്ട രത്നം നാഗങ്ങള്‍ ശിരസ്സില്‍പ്പേറുന്ന ഒന്നാണെന്ന വിശ്വാസം ഭാരതത്തില്‍ നിലവിലുണ്ട്.
കേരളത്തിലെ നാഗത്തെയ്യങ്ങള്‍, നാഗത്തോറ്റം എന്നിവയും പ്രധാന നാഗാരാധനയായ സര്‍പ്പംതുള്ളല്‍, നൂറും പാലും നല്കല്‍, കളമെഴുത്തുപാട്ട്, സര്‍പ്പപ്പാട്ട്, പുള്ളവന്‍പാട്ട്, ഉരുളി കമഴ്ത്തല്‍ എന്നിവയും ഇതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളാണ്.
ഇന്ത്യയിലെ പ്രധാന നാഗാരാധനക്ഷേത്രങ്ങള്‍ ഇവയാണ് - കാശിയിലെ മഹേശ്വരപ്രതിഷ്ഠ, കാശ്മീരിലെ അനന്ത്നാഗ്, ഹിമാലയത്തിലെ ബേരീനാഗ്, രാജസ്ഥാനിലെ ബായുത് നാഗക്ഷേത്രം, നാഗാലന്‍ഡിലെ ജാപാംയോങ്, പ്രയാഗയിലെ നാഗവാസുകി ക്ഷേത്രം, രാജസ്ഥാനിലെ നൗഗൗര്‍, തമിഴ്നാട്ടിലെ നാഗര്‍കോവില്‍, കുംഭകോണം നാഗനാഥക്ഷേത്രം (തിരുനാഗേശ്വരം), ബിലാസ്പൂര്‍ നാഗക്ഷേത്രം, കര്‍ണാടകയിലെ ധര്‍മസ്ഥലയ്ക്കടുത്തുള്ള കക്കി ശ്രീസുബ്രഹ്മണ്യക്ഷേത്രം, ആന്ധ്രയിലെ കാളഹസ്തി.
നാഗാരാധന കേരളത്തില്‍. പരശുരാമനാണ് കേരളത്തില്‍ നാഗാരാധനയ്ക്ക് തുടക്കം കുറിച്ചതെന്നാണ് ഐതിഹ്യം. കേരളസൃഷ്ടി നിര്‍വഹിച്ചപ്പോള്‍, അവിടം വാസയോഗ്യമാകണമെങ്കില്‍ സര്‍പ്പശല്യം ഇല്ലാതാക്കണമെന്നും ജലത്തിലെ ലവണാംശം ഒഴിവാക്കേണ്ടതുണ്ടെന്നും കണ്ടെത്തിയത്രെ. അതിനായി അനന്തനെയും വാസുകിയെയും പ്രത്യക്ഷപ്പെടുത്തിയ പരശുരാമന്‍, ഭൂമിയുടെ രക്ഷകരും കാവല്‍ക്കാരുമെന്നനിലയില്‍ സര്‍പ്പങ്ങളെ പൂജിക്കുകയും അവര്‍ക്ക് പ്രത്യേക വാസസ്ഥാനം നല്കുകയും ചെയ്യാമെന്ന് ഉറപ്പുകൊടുത്തുവത്രെ. പകരം സര്‍പ്പങ്ങള്‍ ഉച്ഛ്വാസവായുകൊണ്ട് ജലത്തിലെ ലവണാശം നശിപ്പിക്കുകയും ചെയ്തു എന്ന് ഐതിഹ്യം പറയുന്നു.
പ്രാചീനകേരളം അഹിഭൂമി (നാഗങ്ങളുടെ നാട്), നാഗലോകം എന്നൊക്കെയാണ് പല തമിഴ്-സംസ്കൃതകൃതികളിലും പരാമര്‍ശിക്കപ്പെട്ടുകാണുന്നത്. മുന്‍പറഞ്ഞ ഐതിഹ്യങ്ങളാകാം ഇത്തരം പരാമര്‍ശങ്ങള്‍ക്കു പിന്നില്‍.
ശക്തമായ നാഗാരാധനാപാരമ്പര്യം കേരളത്തിലെ ആരാധനേതര രംഗങ്ങളിലും സ്വാധീനം ചെലുത്തിയിട്ടുള്ളതായി കാണാം. സര്‍പ്പഫണത്താലി, സര്‍പ്പരൂപം കൊത്തിയുണ്ടാക്കിയ വളകള്‍ തുടങ്ങിയ ആഭരണങ്ങളും ചില വേഷവിധാനങ്ങളും ഇതിനുദാഹരണം. കേരളീയ ബ്രാഹ്മണര്‍ പത്തിയും വാലുമുള്ള (പാമ്പിന്റെ ആകൃതി) കുടുമയാണ് സ്വീകരിച്ചതെന്ന വസ്തുത ഇതിനു തെളിവാണ്.
മിക്ക ഹൈന്ദവത്തറവാടുകളിലും ഒരു ഭാഗത്ത് സര്‍പ്പക്കാവ് ഉണ്ടായിരുന്നതായി കാണാം. ഇവിടങ്ങളില്‍ സന്ധ്യാവിളക്കുവയ്ക്കുക പതിവായിരുന്നു.
കേരളത്തിലെ പ്രധാന നാഗാരാധനാക്ഷേത്രങ്ങള്‍. കേരളത്തില്‍ വളരെയധികം സര്‍പ്പാരാധനാകേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും പ്രധാനപ്പെട്ടവ പാമ്പുമ്മേക്കാവും മണ്ണാറശാലയും വെട്ടിക്കോടും ആമേടയുമാണ്. സര്‍പ്പങ്ങളും ഉപദേവതകളുമായി അനേകം വിഗ്രഹങ്ങള്‍ ഇവിടെ ആരാധിക്കപ്പെടുന്നു.
പാമ്പുമ്മേക്കാട്(വ്). തൃശൂര്‍ ജില്ലയില്‍ മുകുന്ദപുരം താലൂക്കിലെ പ്രമുഖമായൊരു നമ്പൂതിരി ഇല്ലമാണ് പാമ്പുമ്മേക്കാവ്. ഇരിങ്ങാലക്കുട റെയില്‍വെസ്റ്റേഷനു സമീപമാണിത്. ഒരിക്കല്‍ ഇവിടത്തെ മേക്കാട്ടു നമ്പൂതിരിക്ക് കുളക്കടവില്‍ പ്രത്യക്ഷനായ ദിവ്യരൂപം തന്റെ കൈവശമുണ്ടായിരുന്ന മാണിക്യക്കല്ല് കാണുവാനായി കൊടുത്തുവത്രെ. പിന്നീട് താന്‍ വാസുകിയാണെന്ന് ആ ദിവ്യരൂപം നമ്പൂതിരിയെ അറിയിച്ചു. ആ ദിവ്യരൂപത്തിന്റെ സാക്ഷാത്രൂപം കാണണമെന്ന ആഗ്രഹം നമ്പൂതിരി പ്രകടിപ്പിച്ചു. ആ ആവശ്യം ഉപേക്ഷിക്കുവാന്‍ വാസുകി നമ്പൂതിരിയോട് ആവശ്യപ്പെട്ടെങ്കിലും നമ്പൂതിരി ശാഠ്യം പിടിച്ചു. ഉടനെ വാസുകി തന്റെ വലുപ്പം കുറച്ച് ശ്രീപരമേശ്വരന്റെ മോതിരമായി കാണിച്ചുകൊടുത്തു. നമ്പൂതിരി ഭയംകൊണ്ട് ബോധരഹിതനായി. കുറേക്കഴിഞ്ഞ് എന്തുവരമാണ് ആവശ്യമെന്ന് വാസുകി നമ്പൂതിരിയോട് ചോദിച്ചു. തന്റെ ഇല്ലം ദാരിദ്ര്യദുഃഖത്താല്‍ വലയുകയാണെന്നും അത് ഇല്ലാതാക്കി ഇല്ലത്ത് കുടിയിരിക്കണമെന്നും വിനയാന്വിതമായി അപേക്ഷിച്ചു. അപ്രകാരം സംഭവിക്കട്ടെയെന്ന് പറഞ്ഞ് വാസുകി അപ്രത്യക്ഷനായി. പിന്നീട് ഇല്ലത്ത് പല മട്ടില്‍ നാഗദര്‍ശനമുണ്ടായി. അതിനെത്തുടര്‍ന്ന് വാസുകിയുടെ നിര്‍ദേശപ്രകാരമാണത്രെ അവിടെ നാഗപൂജ തുടങ്ങിയത് എന്നാണൈതിഹ്യം. മേക്കാടിന്റെ ഇല്ലമാണ് അങ്ങനെ പാമ്പുമ്മേക്കാട്(വ്) അഥവാ പാമ്പുമ്മേക്കാട്ടില്ലമായത്.
മണ്ണാറശാലക്ഷേത്രം. ദക്ഷിണ കേരളത്തിലെ പ്രധാന നാഗരാജക്ഷേത്രമാണ് മണ്ണാറശാലയിലേത്. അതിന്റെ ഐതിഹ്യം ഇങ്ങനെയാണ് - ഖാണ്ഡവവനത്തില്‍ തീയ് കിഴക്കോട്ട് പടര്‍ന്ന് പരശുരാമന്‍ സര്‍പ്പപ്രതിഷ്ഠനടത്തിയ കാവുവരെ വ്യാപിച്ചു. അന്ന് ആ ഇല്ലങ്ങളിലുണ്ടായിരുന്ന അമ്മമാര്‍ കുളങ്ങളില്‍ നിന്ന് വെള്ളം കോരി തീ കെടുത്തി. അങ്ങനെ അത്രയും കാവ് നശിച്ചില്ല. എങ്കിലും അഗ്നിയുടെ തീവ്രമായ ജ്വലനത്താല്‍ മണ്ണിന് ചൂടുപിടിച്ചു. അഗ്നി കെട്ടടങ്ങിയിട്ടും ഇല്ലത്തെ അമ്മമാര്‍ മണ്ണിന്റെ ചൂടാറുന്നതുവരെ വെള്ളമൊഴിച്ചു. മണ്ണിന്റെ ചൂടാറിയുണ്ടായ ഈ പ്രദേശത്തെ മുഴുവന്‍ ഇനി മുതല്‍ മണ്ണാറശാല എന്നറിയട്ടെ എന്നാരോ വിളിച്ചുപറഞ്ഞതായി എല്ലാവരും കേട്ടു. ക്രമേണ ഇതു മണ്ണാറശാലയായി. ഈ സ്ഥലമിന്ന് കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഹരിപ്പാട് സുബ്രഹ്മണ്യക്ഷേത്രത്തിനു വടക്ക് പടിഞ്ഞാറുവശത്താണുള്ളത്.
ഈ ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു ആഘോഷമാണ് സര്‍പ്പം തുള്ളല്‍. ഇത് നാല്പത്തിയൊന്ന് കൊല്ലം കൂടുമ്പോഴാണ് നടത്തുന്നത്. ഏറ്റവും അവസാനമായി നടത്തിയത് 1976 ഏ. മാസത്തിലാണ്. സര്‍പ്പം തുള്ളലിന് ഒന്‍പതു പേര്‍ പങ്കെടുക്കുന്നു. നാഗരാജാവിന്റെയും യക്ഷിയമ്മയുടെയും പ്രതിനിധിയായി വലിയ അമ്മയും ചെറിയ അമ്മയും തുള്ളുന്നു. മറ്റുള്ള കരിനാഗം, പറനാഗം, കുഴിനാഗം, എരിനാഗം, ഐമ്പടനാഗം, നാഗയക്ഷി തുടങ്ങിയവയെ സങ്കല്പിച്ച് തുള്ളുന്നത് നായര്‍ തറവാടുകളിലെ പ്രായംചെന്ന സ്ത്രീകളാണ്. ഏകദേശം രണ്ടാഴ്ചയോളമുള്ള പൂജാകര്‍മങ്ങളും ആഘോഷങ്ങളുമാണ് ഇതിന്റെ ഭാഗമായുള്ളത്. സര്‍പ്പംപാട്ടും സര്‍പ്പം തുള്ളലും കഴിഞ്ഞാല്‍ തൊട്ടടുത്ത വര്‍ഷം പള്ളിപ്പാന എന്ന അനുഷ്ഠാനം നടത്തുന്നു. അടുത്തവര്‍ഷം ഗന്ധര്‍വന്‍പാട്ട് നടത്തുകയാണ് പതിവ്. ഇതിന്റെ പ്രത്യേകത കുറുപ്പന്മാര്‍ കളമെഴുതുകയും ക്ഷേത്രത്തിലെ വലിയ അമ്മ പൂജ നടത്തുകയും ചെയ്യുന്നുവെന്നതാണ്. ഇതിന്റെ അടുത്തവര്‍ഷം പുലസര്‍പ്പംപാട്ടുനടത്തും.
വെട്ടിക്കോട് ക്ഷേത്രം. മധ്യതിരുവിതാംകൂറിലെ പുരാതനവും അതിപ്രശസ്തവുമായ ഒരു സര്‍പ്പാരാധനാകേന്ദ്രമാണ് വെട്ടിക്കോട്. അനന്തനെ ആരാധിക്കുന്ന കേരളത്തിലെ പ്രധാന സര്‍പ്പാരാധനാകേന്ദ്രങ്ങളിലൊന്നാണിത്. നാഗങ്ങളുടെ രാജാവാണ് അനന്തന്‍. കശ്യപപ്രജാപതിക്ക് കദ്രു എന്ന ഭാര്യയില്‍ ജനിച്ച എട്ട് പുത്രന്മാരായ നാഗരാജാക്കന്മാരില്‍ ജ്യേഷ്ഠനും സര്‍വഗുണസമ്പന്നനുമാണ് അനന്തന്‍.
അത്തിപ്പൊറ്റ നാഗകന്യാക്ഷേത്രം. മണ്ണാര്‍ക്കാട്, പെരിന്തല്‍മണ്ണ റൂട്ടിലെ കരിങ്കല്ലത്താണിക്കടുത്തുള്ള അത്തിപ്പൊറ്റ നാഗകന്യാക്ഷേത്രം. ചൊറിച്ചില്‍, പാണ്ഡ് എന്നിവയുടെ ചികിത്സയ്ക്കും പ്രസിദ്ധമാണ്. അതിന് പ്രതിവിധിയായി നല്കുന്ന ഒരുതരം കണ്‍മഷിയാണ് ഇവിടത്തെ പ്രധാന പ്രസാദം.
പെരളശ്ശേരി സുബ്രഹ്മണ്യക്ഷേത്രം. നാഗരൂപിയായ സുബ്രഹ്മണ്യനാണ് ഇവിടത്തെ പ്രതിഷ്ഠ. മുട്ടസമര്‍പ്പണം, സര്‍പ്പബലി എന്നിവയാണ് പ്രധാന വഴിപാടുകള്‍. കണ്ണൂര്‍-കൂത്തുപറമ്പ് വഴിയിലാണ് ഈ ക്ഷേത്രം.
ആമേട. തൃപ്പൂണിത്തുറ-വൈക്കം റൂട്ടില്‍ സ്ഥിതിചെയ്യുന്ന ഇവിടെ സപ്തനാഗമാതാക്കളെയാണ് ആരാധിക്കുന്നത്.
ഉദയനാപുരം നാഗമ്പോഴിക്ഷേത്രം (കോട്ടയം), കാസര്‍ഗോഡ് മഞ്ചേശ്വരത്തെ അനന്തേശ്വരംക്ഷേത്രം, തിരുവനന്തപുരത്ത് പദ്മനാഭപുരംക്ഷേത്രത്തിനടുത്തുള്ള അനന്തന്‍കാട് നാഗരുക്ഷേത്രം, എറണാകുളത്തെ അങ്ങിശ്ശേരിക്ഷേത്രം, മൂത്തകുന്നംക്ഷേത്രം, കെട്ടുള്ളിക്കാട്ടു ക്ഷേത്രം, ആലപ്പുഴ ജില്ലയിലെ ചെന്നിത്തലക്ഷേത്രം, വള്ളിക്കാവുക്ഷേത്രം, പത്തനംതിട്ട ജില്ലയിലെ തൃപ്പാറ ശിവക്ഷേത്രം, കണ്ണൂര്‍ ജില്ലയിലെ പഴയങ്ങാടി ശ്രീദുര്‍ഗാംബികാക്ഷേത്രം, കാസര്‍ഗോഡ് ജില്ലയില്‍ ചെറുവത്തൂരിലെ ശ്രീകുറുംബക്ഷേത്രം എന്നിവിടങ്ങളും പ്രധാന സര്‍പ്പാരാധനാകേന്ദ്രങ്ങളാണ്.
കേരളത്തിന്റെ പല ഭാഗങ്ങളിലും സവര്‍ണരും അവര്‍ണരും പൂജാദികര്‍മങ്ങള്‍ ചെയ്യുന്ന നാഗാരാധനകേന്ദ്രങ്ങളുണ്ട് എന്നതൊരു സവിശേഷതയാണ്.