This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നാഗസ്വരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നാഗസ്വരം= ദക്ഷിണേന്ത്യന്‍ സംഗീതോപകരണം. നാദസ്വരം എന്ന പേരിലു...)
അടുത്ത വ്യത്യാസം →

07:12, 3 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

നാഗസ്വരം

ദക്ഷിണേന്ത്യന്‍ സംഗീതോപകരണം. നാദസ്വരം എന്ന പേരിലും അറിയപ്പെടുന്നു. നാഗത്തിനു പ്രിയങ്കരമായത്, മകുടിയുടെ സ്വരത്തോട് സാദൃശ്യമുള്ളത് എന്നീ വസ്തുതകളാകാം നാഗസ്വരം എന്ന പേരിനു നിദാനമെന്നു കരുതപ്പെടുന്നു. നാഗത്തിന്റെ ആകൃതിയാണതിനു കാരണമെന്നും അഭിപ്രായമുണ്ട്. മറ്റൊരുവാദം നാഗന്മാര്‍ ഉപയോഗിച്ചിരുന്നതിനാലെന്നാണ്. എന്നാല്‍ നാഗങ്ങള്‍ക്കായുള്ള വാദ്യമായ മകുടിയില്‍ നിന്നാണ് ഈ പേരും ഈ വാദ്യവും തന്നെ ഉണ്ടായതെന്ന വാദത്തിനാണ് യുക്തിയേറെ. അതിനെ ഉദാഹരിക്കും മട്ടില്‍ ഒരു ശില്പം തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ട ജില്ലയിലുള്ള തിരുക്കഴകുണ്റം ക്ഷേത്രത്തിലുണ്ട്. അതില്‍ നാഗസ്വരമൂതുന്ന ഒരാളെയും അതില്‍ ലയിച്ച് നൃത്തം ചെയ്യുന്ന നാഗങ്ങളെയും കാണാം. നാദസ്വരം എന്ന പേര് അതിന്റെ നാദമഹിമയുടെ പശ്ചാത്തലത്തില്‍ പില്ക്കാലത്ത് പിറന്നതാണ്. 1930-കളോടെയാണ് ഈ പദം പ്രയോഗിച്ചു കണ്ടിട്ടുള്ളത്. എന്നാല്‍ നാഗസ്വരം എന്ന പേര് 13-ാം ശ. മുതല്‍ പ്രയോഗിച്ചുകാണുന്നുണ്ട്. അതിനുമുന്‍പുള്ള സംഗീതരത്നാകരം പോലുള്ള കൃതികളിലോ കമ്പരാമായണത്തിലോ ഒന്നുംതന്നെ നാഗസ്വരത്തെക്കുറിച്ചു പരാമര്‍ശമില്ല. അക്കാലത്തെ രചനകളില്‍ ഭുജംഗസ്വരം അഥവാ മകുടി, നാഗസ്വരത്തെക്കാള്‍ വലുപ്പം കുറഞ്ഞ മുഖവീണ, കുറുങ്കുഴല്‍ എന്നീ വാദ്യങ്ങളെക്കുറിച്ച് പരാമര്‍ശമുണ്ട്. നാഗസ്വരത്തിന്റെ പൂര്‍വമാതൃകകളായി ഇവയെ കാണാമെന്നതിനും, നാഗസ്വരത്തിന്റെ ഉത്പത്തി 13-ാം ശ.-ത്തോടെയാണെന്നതിനും തെളിവായി ഇതിനെ കണക്കാക്കാം. 15, 16, 17 ശ.-ങ്ങളിലെ രചനകളില്‍ ഈ വാദ്യം വ്യാപകമായി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

തടിയില്‍ നിര്‍മിച്ച ഒരു സുഷിരവാദ്യമാണിത്. ലോകത്തിലെ തന്നെ ലോഹേതര സുഷിരവാദ്യങ്ങളില്‍ മുന്‍നിരയിലുള്ള വാദ്യമായാണ് ഇത് വിലയിരുത്തപ്പെട്ടിട്ടുള്ളത്. നാഗസ്വരം രണ്ടുതരത്തിലുണ്ട് ബാരിയും തിമിരിയും. തിമിരിക്ക് 1മ്മ അടിയാണ് നീളം. ബാരിക്ക് 2-2മ്മ അടി നീളമുണ്ട്. ഇതിനിടയിലുള്ള ഇടബാരി എന്നൊരു വാദ്യത്തെക്കുറിച്ചും ചില പരാമര്‍ശങ്ങളുണ്ട്.

നാഗസ്വരത്തിനു സമാനമായതും എന്നാല്‍ താരതമ്യേന ചെറുതുമായ വാദ്യമാണ് ഉത്തരേന്ത്യയിലെ ഷെഹനായ്. എങ്കിലും സാങ്കേതികമായി ഇവ രണ്ടിനും ഒരു പ്രധാന വ്യത്യാസമുണ്ട്. നാഗസ്വരത്തില്‍ ഒരു ലോഹത്തകിടിനുള്ളിലാണ് വായിക്കുന്നതിനുള്ള റീഡ് സ്ഥാപിക്കുക. ഷെഹനായിയില്‍ റീഡ് നേരിട്ട് കുഴലിന്റെ ഒരറ്റത്ത് വയ്ക്കുകയാണ് ചെയ്യുന്നത്.

തടികൊണ്ട് തീര്‍ത്ത ഒരു കുഴലാണ് നാഗസ്വരത്തിന്റെ മുഖ്യഭാഗം. അത് ഒരറ്റം വിസ്താരം കുറഞ്ഞ് കൂര്‍ത്തിരിക്കും. ഇതാണ് വായിക്കുന്ന ഭാഗം. ഇതിന് ഓരിക അഥവാ ഓരികൈ എന്നാണ് പേര്. ഈ ഭാഗത്ത് ഒരു ലോഹത്തകിടിനുള്ളില്‍ തെണപ്പുല്ലിന്റെ ഇരട്ട റീഡ് ഘടിപ്പിച്ചിരിക്കും. ഇതിലൂടെ ഊതിയാണ് വാദനം. വായിക്കുന്ന ഭാഗത്തുനിന്ന് കീഴോട്ട് വിസ്താരം കൂടി, മറുവശത്തെ വായ്ഭാഗം ഒരു കോളാമ്പിയുടെ ആകൃതിയില്‍ പുറത്തേക്ക് പരന്നിരിക്കും. കുഴലിന് ഏതാണ്ട് 60-78 സെ.മീ. നീളം കാണാം. മുകളറ്റം മേലനച്ചിയെന്നും കീഴറ്റം കീഴനച്ചിയെന്നും അറിയപ്പെടുന്നു. റീഡ് വയ്ക്കുന്ന ഭാഗം 'കൊണ്ടെ' ആണ്. റീഡ്, നറുക്കെന്നും ജീവാളി എന്നുമാണറിയപ്പെടുന്നത്. കീഴനച്ചി ലോഹമണിയാല്‍ അലങ്കരിക്കാറുണ്ട്. കുഴലിന്റെ മേലറ്റത്തായി അധിക റീഡുകള്‍, ദന്തംകൊണ്ടോ ലോഹംകൊണ്ടോ ഉള്ള സൂചി അഥവാ ഗജ്ജിക എന്നിവയും ഞാത്തിയിടാറുണ്ട്. ഗജ്ജിക റീഡുവയ്ക്കുന്ന ഭാഗം വൃത്തിയാക്കാനുള്ളതാണ്. അത് കുച്ചി എന്നും അറിയപ്പെടുന്നു. മേലറ്റത്തുനിന്നും കീഴറ്റത്തേക്കായി ഞാത്തിയിട്ട വര്‍ണച്ചരടില്‍ വിദ്വാന്മാര്‍ മെഡലുകളും മറ്റും തൂക്കിയിടുന്ന പതിവുമുണ്ട്.

തഞ്ചാവൂര്‍ ഭാഗങ്ങളില്‍ ആച്ചാമരം എന്ന തടിയാണ് ഇതിന്റെ നിര്‍മാണത്തിന് പ്രധാനമായും ഉപയോഗിക്കുന്നത്. ചന്ദനത്തടി, കുങ്കുമത്തടി എന്നിവയും ഉപയോഗിക്കാറുണ്ട്. വെള്ളി, സ്വര്‍ണം എന്നീ ലോഹങ്ങള്‍കൊണ്ട് കുഴല്‍ പൊതിയുന്ന പതിവും കാണാം. അപൂര്‍വമായി കല്ലില്‍ കൊത്തിയെടുത്ത കുഴലുകളും ഉപയോഗിച്ചിരുന്നു എന്നതിനു തെളിവുകളുണ്ട്. അത്തരത്തില്‍ ഒരു നാഗസ്വരം തിരുനെല്‍വേലിയിലെ ആഴ്വാര്‍ തിരുനഗരിക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

നാഗസ്വരത്തിന്റെ കുഴലില്‍ ആകെ 12 സുഷിരങ്ങളാണുള്ളത്. ഇതില്‍ അഞ്ചെണ്ണം മെഴുകുകൊണ്ട് അടച്ചിരിക്കും. അവ ശ്രുതി ഉറപ്പിക്കാനുള്ളവയാണ്. ബാക്കി ഏഴെണ്ണത്തില്‍ വിരലുകള്‍ അമര്‍ത്തിയും വിടര്‍ത്തിയും വായുസഞ്ചാരം നിയന്ത്രിച്ചാണ് നാഗസ്വരം വായിക്കുക. റീഡിലൂടെ ഊതുന്ന കാറ്റിനെ ഇത്തരത്തില്‍ സ്വരനിയന്ത്രണം ചെയ്ത് സ്വരസ്ഥാനങ്ങള്‍ ജനിപ്പിക്കുകയാണ് രീതി. ഊതുന്ന കാറ്റിന്റെ ശക്തിവ്യത്യാസങ്ങള്‍, വിരലുകളുടെ ചലനം എന്നിവയാല്‍ സ്വരങ്ങളെ ഇഷ്ടത്തിനനുസരിച്ച് പാകപ്പെടുത്താമെന്നതിനാല്‍ ഇത് ഒരു ഗീതവാദ്യമായാണ് ഉപയോഗിക്കപ്പെടുന്നത്.

ഒരു ക്ഷേത്രവാദ്യമെന്ന നിലയിലാണ് നാഗസ്വരത്തിന്റെ ഉത്പത്തിയും പ്രചാരണവും. എന്നാല്‍ പില്ക്കാലത്ത് മതേതര ആഘോഷങ്ങള്‍, ഘോഷയാത്രകള്‍ എന്നിവിടങ്ങളിലെല്ലാമായി ഈ മംഗളവാദ്യത്തിന്റെ ഉപയോഗസന്ദര്‍ഭങ്ങള്‍ വിപുലമായി. വിവാഹം, മരണം തുടങ്ങി വ്യത്യസ്തജീവിത സന്ദര്‍ഭങ്ങളിലും സാമൂഹ്യ-രാഷ്ട്രീയ വേദികളിലും സ്വീകരണച്ചടങ്ങുകളിലുമെല്ലാം ഇന്ന് നാഗസ്വരത്തിന്റെ സാന്നിധ്യമുണ്ട്. നയ്യാണ്ടിമേളമാണ് മറ്റൊരു സന്ദര്‍ഭം.

നാഗസ്വരവാദനത്തിന് പ്രാധാന്യം നല്കി ചിട്ടപ്പെടുത്തിയിട്ടുള്ള സംഗീതാവതരണമാണ് നാഗസ്വരക്കച്ചേരി. ഇതില്‍ തകി(വി)ല്‍ ആണ് മുഖ്യ താളവാദ്യം. ശ്രുതിപ്പെട്ടിയോ, ചെറുകുഴലോ ശ്രുതിക്കായി ഉപയോഗിക്കുന്നു. ജാലറ, കൈമണി, ഇലത്താളം എന്നിവയില്‍ ഏതെങ്കിലുമൊന്നോ പലതോ അകമ്പടിയാക്കാറുമുണ്ട്.

ടി.എന്‍. രാജരത്തിനംപിള്ളൈ, കാരൈക്കുറിച്ചി അരുണാചലം, തിരുമരുഗല്‍ നടരാജപിള്ള, വീരുസ്വാമിപിള്ള, മധുരൈ പൊന്നുച്ചാമി, ഷെയ്ക്ക് ചിന്നമൌലാന, നാമഗിരിപ്പേട്ട കൃഷ്ണന്‍ തുടങ്ങിയവരാണ് തമിഴ്നാട്ടില്‍ നിന്നുണ്ടായിട്ടുള്ള പ്രധാന നാഗസ്വരവിദ്വാന്മാര്‍. അമ്പലപ്പുഴ സഹോദരന്മാര്‍, തിരുവിഴ സഹോദരന്മാര്‍, ഹരിപ്പാട് സഹോദരന്മാര്‍, തിരുവിഴ ജയശങ്കര്‍ തുടങ്ങിയവര്‍ കേരളീയ നാഗസ്വരവിദ്വാന്മാരില്‍ പ്രമുഖരാണ്. ഭാരതീയേതര നാഗരസ്വരവാദകരില്‍ പ്രധാനികള്‍ ചാര്‍ളി മരിയാനേ, റോളണ്ട് സ്കീപ്പര്‍, ലൂയിസ് സ്പ്രാള്‍ട്ടര്‍ എന്നിവരാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍