This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നസീര്‍ അക്ബറാബാദി (1735 - 1830)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നസീര്‍ അക്ബറാബാദി (1735 - 1830)= ഉര്‍ദു കവി. 1735-ല്‍ മുഹമ്മദ് ഫാറൂഖിന്...)
അടുത്ത വ്യത്യാസം →
06:58, 1 ഫെബ്രുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
നസീര്‍ അക്ബറാബാദി (1735 - 1830)
ഉര്‍ദു കവി. 1735-ല്‍ മുഹമ്മദ് ഫാറൂഖിന്റെ മകനായി ദില്ലിയില്‍ ജനിച്ചു. മുഹമ്മദ് ഫാറൂഖ് അസിമാബാദിലെ (പാറ്റ്ന) ഒരു നവാബിന്റെ കീഴില്‍ ജോലി നോക്കിയിരുന്നു. മാതാവ് ആഗ്രയിലെ ഖിലാണ്ടറായ നവാബ് സുല്‍ത്താന്‍ ഖാന്റെ മകളായിരുന്നു. 1748 മുതല്‍ 1756 വരെ ദില്ലിയും പ്രാന്തപ്രദേശങ്ങളും അഹമ്മദ് ഷാ അബ്ദാലിയുടെ ആക്രമണപരമ്പരകള്‍ക്ക് വിധേയമായി. ഈ പശ്ചാത്തലത്തില്‍ അമ്മയുടെയും അമ്മൂമ്മയുടെയും കൂടെ നസീര്‍ ദില്ലി വിടുകയും, ഇരുപത്തിരണ്ടാം വയസ്സില്‍ ആഗ്രയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. ഒരു സൈനിക ഉദ്യോഗസ്ഥന്റെ മകളെയാണ് വിവാഹം കഴിച്ചത്.
ഇദ്ദേഹം എല്ലാ അര്‍ഥത്തിലും ഒരു ജനകീയ കവിയായിരുന്നു. സമൂഹത്തിലുള്ള തിന്മകള്‍ക്കെതിരെ വളരെ ശക്തമായി ഇദ്ദേഹം പ്രതികരിച്ചിരുന്നു. സമന്വയത്തിന്റെയും ഹിന്ദു-മുസ്ലീം ഐക്യത്തിന്റേതുമായ ഒരു കാലഘട്ടത്തിന്റെ പ്രതീകമായിരുന്നു നസീര്‍. ഭക്തിപ്രസ്ഥാനവും സൂഫിചിന്താധാരയും ഇദ്ദേഹത്തില്‍ സ്വാധീനം ചെലുത്തി. ഒരു കവി എന്ന നിലയ്ക്ക് നസീറില്‍ കബീറിന്റെയും ഗുരു നാനക്കിന്റെയും ഗുണഗണങ്ങള്‍ പ്രകടമായിരുന്നു. അനേകം ഗസലുകള്‍ രചിച്ചിട്ടുണ്ടെങ്കിലും ഏറെ പ്രശ്സ്തനായത് ഭാവഗാനങ്ങളിലൂടെയാണ്. സാധാരണക്കാരെ നസീര്‍ സ്നേഹിച്ചിരുന്നു, ആരാധിച്ചിരുന്നു. അവരാണ് യഥാര്‍ഥത്തില്‍ കവിത രചിക്കാന്‍ ഇദ്ദേഹത്തിനു പ്രചോദനം നല്‍കിയത്. സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലെ സംഭവങ്ങള്‍ വിവരിക്കുന്നതുവഴി നസീര്‍ ഭാരതീയ സാഹിത്യത്തില്‍ ഒരു പുത്തന്‍പാത വെട്ടിത്തെളിക്കുകയായിരുന്നു. സാധാരണക്കാരനു മനസ്സിലാക്കാന്‍ കഴിയാത്തതും എന്നാല്‍ മികവുറ്റതെന്ന് പലരും വിശേഷിപ്പിക്കുന്നതുമായ കവിതകളെ ഇദ്ദേഹം വെറുത്തു. കവിതയിലൂടെ നസീര്‍ സാധാരണ ജനങ്ങളുമായിട്ട് കൂടുതല്‍ അടുത്തു. ഇദ്ദേഹത്തിന്റെ രചനകള്‍ ഉര്‍ദുവിലും ഹിന്ദിയിലും ലഭ്യമാണ്. അതുകൊണ്ട്, ഈ രണ്ടു ഭാഷകളിലുള്‍പ്പെട്ടവര്‍ ഇദ്ദേഹത്തിന്റെ മേല്‍ അവകാശ വാദം ഉന്നയിച്ചിരുന്നു.
എട്ടോളം ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന നസീര്‍, കാലിഗ്രാഫിയിലും (കൈയെഴുത്തുകല) അഗ്രഗണ്യന്‍ ആയിരുന്നു. ഫ്രഞ്ച്-പൗരസ്ത്യ ഭാഷാപണ്ഡിതനായ ഗാര്‍സ് ദ താസ്സിയുടെ അഭിപ്രായത്തില്‍ നസീര്‍ അക്ബറാബാദിയുടെ ആദ്യ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചത് 1820-ല്‍ ദേവനാഗരി ലിപിയിലാണ്.
നസീറിന്റെ മിക്ക കവിതകളും, പ്രത്യേകിച്ച് ബന്‍ജാറാ നാമ, ആദ്മി നാമ പോലുള്ളവ, അവധൂതന്മാരും സന്ന്യാസിമാരും ജനങ്ങളെ പാടി കേള്‍പ്പിച്ചിരുന്നു. കുല്ലിയാത്-ഇ-നസീര്‍ എന്ന സമാഹാരം ഉര്‍ദു കവിതയിലെ എല്ലാ ശാഖകളെയും പ്രതിനിധാനം ചെയ്യുന്നു. കത്തിന്റെ രൂപത്തിലുള്ള അനേകം കവിതകളും ഇദ്ദേഹത്തിന്റേതായുണ്ട്.
'കുല്ലിയാത്' കവിതകള്‍ ഹിന്ദുക്കളുടെയും മുസ്ലിങ്ങളുടെയും മതപരമായ ഉത്സവാഘോഷങ്ങള്‍ പ്രതിപാദിക്കുന്നവയാണ്. ഇലാഹി നാമ, ബന്‍ജാരാ നാമ, ബര്‍സാത്ത് കീ ബഹാറേന്‍, ആശിഖ് നാമ, ആദ്മി നാമ, ഹന്‍സ് നാമ, താജ് ഗുല്‍ജ്, തന്‍ദ്രുത്സി നാമ, ചിട്ടിയോംകീ തസ്ബിഹ്, ഫനാ നാമ, റ്റിഫി നാമ, ജവാനി, ബുര്‍ഹവ്വാ, ഖുഷാദ്, കലിയുഗ്, മഫ്ലിസി, ദിവാലി, ഈദ്, ഹോളി, ജനം കന്‍ഹായിജി, ബര്‍സാത്ത്, ആഗ്രാ കീ തയ്കാരി, ജാരാ, ഉമാസ്, കോരാബര്‍ത്തന്‍, രാഖി, രിച്ഛ്കാ ബച്ഛാ, ചാന്ദ്നീ രാത്, ജോഗി നാമ, ജോഗന്‍ നാമ, റോട്ടി നാമ, ആന്ഥി, ഭൂന്‍ചാല്‍, ബല്‍ദിയോജി കാ മേള എന്നീ കവിതകള്‍ അത്തരത്തിലുള്ളതാണ്. കക്ക്റി, കോരാബര്‍ത്തന്‍, ചാന്ദ്നീരാത് തുടങ്ങിയ കവിതകളില്‍ അനശ്വരപ്രേമം, വാര്‍ധക്യം, മരണം, സാമൂഹിക തിന്മ - എന്നിവ വളരെ മനോഹരവും സൂക്ഷ്മവുമായി കൈകാര്യം ചെയ്യുന്നുണ്ട്.
1830-ല്‍ തൊണ്ണൂറ്റി അഞ്ചാം വയസ്സില്‍ വീട്ടുവളപ്പിലുള്ള മരച്ചുവട്ടില്‍വച്ച് മരിക്കുമ്പോള്‍, അദ്ദേഹത്തിന്റെ മേല്‍ അവകാശ വാദവുമായി ഹിന്ദുക്കളും മുസ്ലിങ്ങളും മുന്നോട്ടുവന്നു. താജ്മഹലിന്റെ സമീപത്താണ് നസീറിനെ ഖബറടക്കിയത്. എല്ലാ വര്‍ഷവും ഇദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി അവിടെ ഒരു ഉത്സവം നടക്കാറുണ്ട്.
(ഡോ. ജി. ജയകുമാര്‍)