This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരേന്ദ്രപ്രസാദ്, ആര്‍. (1946 - 2003)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നരേന്ദ്രപ്രസാദ്, ആര്‍. (1946 - 2003)= മലയാള നിരൂപകന്‍, നാടക-ചലച്ചിത്ര...)
അടുത്ത വ്യത്യാസം →

Current revision as of 05:09, 24 ജനുവരി 2011

നരേന്ദ്രപ്രസാദ്, ആര്‍. (1946 - 2003)

മലയാള നിരൂപകന്‍, നാടക-ചലച്ചിത്ര നടന്‍, നാടക കഥാകൃത്ത്, നാടക സംവിധായകന്‍, കലാശാലാധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍. ശാസ്താംകുളങ്ങര രാഘവക്കുറുപ്പിന്റെയും ആഴാം വീട്ടില്‍ ജാനകിയമ്മയുടെയും മകനായി 1946 ഡി. 26-ന് മാവേലിക്കരയില്‍ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസം മാവേലിക്കരയില്‍ ആയിരുന്നു. തുടര്‍ന്ന് പന്തളം എന്‍.എസ്.എസ്. കോളജില്‍ പഠിച്ച് പ്രീ-യൂണിവേഴ്സിറ്റി പാസ്സായി. അവിടെനിന്നുതന്നെ കണക്ക് ഐച്ഛികമായെടുത്ത് ബിരുദം നേടുകയും ചെയ്തു. പിന്നീട് തിരുവനന്തപുരത്ത് കേരള സര്‍വകലാശാലയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷില്‍      എം.എയ്ക്കു ചേര്‍ന്നു. പില്ക്കാല സാഹിത്യജീവിത്തിന് പശ്ചാത്തലമൊരുക്കിയത്, അവിടെ ഉണ്ടായിരുന്ന കെ. അയ്യപ്പപ്പണിക്കരുള്‍പ്പെടെയുള്ള അധ്യാപകരാണ്.

സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ചെങ്കിലും ഐ.എ.എസ്., ഐ.എഫ്.എസ്. എന്നിവ കിട്ടാത്തതിനാല്‍ അതുപേക്ഷിച്ചു. ആദ്യം പാലക്കാട് വിക്ടോറിയ കോളജില്‍ അധ്യാപകനായി. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പ്രൊഫസര്‍, പീന്നീട് കോട്ടയം എം.ജി. യൂണിവേഴ്സിറ്റിയുടെ സ്കൂള്‍ ഒഫ് ലെറ്റേഴ്സിന്റെ മേധാവിയും പ്രൊഫസറും ആയി.

ചെറുകഥയും നോവലും എഴുതിക്കൊണ്ടാണ് സാഹിത്യരംഗത്ത് പ്രവേശിച്ചത്. എങ്കിലും മലയാളത്തിലെ നവനിരൂപണരംഗത്തെ സമുന്നതനായാണ് ഇന്ന് അദ്ദേഹത്തിന്റെ സാഹിത്യസംഭാവന വിലയിരുത്തപ്പെടുന്നത്. ഭാവുകത്വം മാറുന്നു, നിഷേധികളെ മനസ്സിലാക്കുക, ആധുനികതയുടെ മധ്യാഹ്നം, ജാതി പറഞ്ഞാലെന്ത്, എന്റെ സാഹിത്യനിരൂപണങ്ങള്‍, ഉണ്ണിപോകുന്നു എന്നീ സാഹിത്യവിമര്‍ശനങ്ങള്‍ മലയാളിയുടെ നവഭാവുകത്വരൂപീകരണത്തില്‍ നിര്‍ണായക പങ്കു വഹിച്ചവയാണ്.

80-കളില്‍ നാടകരംഗത്തേക്ക് തിരിഞ്ഞ ഇദ്ദേഹം സംവിധായകന്‍, രചയിതാവ്, നടന്‍ എന്നീ നിലകളിലെല്ലാം മായാത്ത പാദമുദ്ര പതിപ്പിക്കുകയുണ്ടായി. നാട്യഗൃഹം എന്ന ഒരു നാടകസംഘം തന്നെ അദ്ദേഹം രൂപീകരിച്ചു. സൗപര്‍ണിക, ഇര, വെള്ളിയാഴ്ച, പടിപ്പുര, കുമാരന്‍ വരുന്നില്ല എന്നിവയാണ് ഇദ്ദേഹം രചിച്ച നാടകങ്ങള്‍, സംവിധാനം ചെയ്തതില്‍ പ്രധാനപ്പെട്ടവ ഇവയാണ് - സാമുവല്‍ ബക്കറ്റിന്റെ ഗോദൊയെക്കാത്ത്, എഡ്വേഡ് ആല്‍ബിയുടെ സൂ സ്റ്റോറി, സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മി.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത 'പെരുവഴിയിലെ കരിയിലകള്‍' എന്ന ടെലിഫിലിമുകളിലൂടെ ദൃശ്യമാധ്യമരംഗത്തെത്തിയ ഇദ്ദേഹത്തിന്റെ പ്രഥമ ചലച്ചിത്രം 'അസ്ഥികള്‍ പൂക്കുന്നു' ആണ്. ആകാരഗരിമയാലും ശബ്ദഗാംഭീര്യത്താലും മലയാളത്തിലെ ജനപ്രിയ ചലച്ചിത്രങ്ങളിലൂടെ ഇദ്ദേഹം പ്രേക്ഷകപ്രീതി പിടിച്ചുപറ്റി. ഏറ്റവും ശ്രദ്ധേയമായ കഥാപാത്രം 'ഏകലവ്യനി'ലേതാണ്. നേമം പുഷ്പരാജിന്റെ 'ഗൌരീശങ്കര'മാണ് അവസാന ചിത്രം.

സൗപര്‍ണികയ്ക്ക് കേരള സംഗീത നാടക അക്കാദമി അവാര്‍ഡും കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം, മികച്ച നാടക സംവിധാനത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എന്നിവയാണ് മറ്റ് അവാര്‍ഡുകള്‍ 2003 ന. 3-ന് നരേന്ദ്രപ്രസാദ് അന്തരിച്ചു.

(പ്രൊഫ. ജെ. പദ്മകുമാരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍