This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരവംശശാസ്ത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നരവംശശാസ്ത്രം= Anthropology മനുഷ്യവംശത്തിന്റെ ആവിര്‍ഭാവ-വികാസ ചരിത...)
അടുത്ത വ്യത്യാസം →

03:45, 24 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

നരവംശശാസ്ത്രം

Anthropology

മനുഷ്യവംശത്തിന്റെ ആവിര്‍ഭാവ-വികാസ ചരിത്രത്തെക്കുറിച്ചുള്ള പഠനം. മനുഷ്യരാശിയുടെ സാമൂഹിക-സാംസ്കാരിക ജീവിതത്തിന്റെ ആവിര്‍ഭാവം മുതല്‍ വിവിധ ചരിത്രഘട്ടങ്ങളിലൂടെയുള്ള വികാസപരിണാമമാണ് നരവംശശാസ്ത്രത്തിന്റെ വിഷയം.

ആമുഖം

മനുഷ്യന്റെ ജീവശാസ്ത്രപരവും സാംസ്കാരികവുമായ പരിണാമത്തെക്കുറിച്ചുള്ള ശാസ്ത്രീയ സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കപ്പെട്ട 19-ാം ശ.-ത്തിലാണ്, ഒരു വിജ്ഞാനശാഖയെന്നനിലയ്ക്ക് നരവംശശാസ്ത്രം വികസിക്കുന്നത്. യൂറോപ്യന്‍ കൊളോണിയല്‍ വികസനവുമായി ഈ വിജ്ഞാനശാഖയ്ക്ക് ഗാഢമായ ബന്ധമുണ്ട്. കാരണം, തങ്ങളുടെ കോളോണിയല്‍ സാമ്പത്തിക രാഷ്ട്രീയാധിനിവേശത്തിന്റെ ഭാഗമായി വിദൂരരാജ്യങ്ങളിലെത്തിച്ചേര്‍ന്ന യൂറോപ്യന്മാര്‍ക്ക് തികച്ചും അപരിചിതമായ ജനസമൂഹങ്ങളെയും ജീവിതരീതികളെയും സംസ്കാരങ്ങളെയും അഭിമുഖീകരിക്കേണ്ടിവന്നു. ഇങ്ങനെ അഭിമുഖീകരിക്കേണ്ടിവന്ന അന്യജനവിഭാഗങ്ങളെയും സംസ്കാരങ്ങളെയും യൂറോപ്യന്മാര്‍ 'പ്രാകൃതസമൂഹങ്ങള്‍', 'അപരിഷ്കൃതസമൂഹങ്ങള്‍' എന്ന് നിര്‍വചിക്കുകയാണുണ്ടായത്. യൂറോപ്പിന്റെ സംസ്കാരത്തെ മികച്ചതും ഉത്തമവുമായി കാണുന്ന ഒരു യൂറോകേന്ദ്രിതവാദമാണ് മിക്ക യൂറോപ്യന്‍ നിരീക്ഷകരെയും നയിച്ചത്. ഇത്തരമൊരു യൂറോകേന്ദ്രിത സമീപനത്തിലൂടെയാണ് ആദ്യകാല നരവംശ ഗവേഷകര്‍ യൂറോപ്പിതര ജനങ്ങളെയും സംസ്കാരങ്ങളെയും അപഗ്രഥിക്കാന്‍ ശ്രമിച്ചത്. യൂറോപ്പിന്റെ പൂര്‍വകാലം എങ്ങനെയായിരുന്നു, പ്രാകൃതവും ലളിതവുമായ സംസ്കാരങ്ങളില്‍നിന്നു യൂറോപ്പിന്റേതുപോലെയുള്ള വികസിത സംസ്കാരങ്ങളിലേക്കുള്ള വികാസം എങ്ങനെയുണ്ടായി തുടങ്ങിയ കാര്യങ്ങളായിരുന്നു ഈ ആദ്യകാല നരവംശചിന്തകരെ ആകര്‍ഷിച്ചത്. 19-ാം ശ.-ത്തിലുണ്ടായ പുരാവസ്തുകണ്ടെത്തലുകള്‍ നരവംശശാസ്ത്രത്തിന്റെ വികാസത്തിനു പ്രചോദനമായിട്ടുണ്ട്. ഫോസിലുകള്‍, പ്രാചീന ഉപകരണങ്ങള്‍ എന്നിവയുടെ അവശിഷ്ടങ്ങള്‍ ഖനനത്തിലൂടെ കണ്ടെത്തിയതോടെ, മനുഷ്യവംശത്തിന്റെ ആവിര്‍ഭാവചരിത്രത്തിന് ബൈബിളിലെ ഉത്പത്തികഥയെക്കാള്‍ പഴക്കമുണ്ടെന്ന് അംഗീകരിക്കപ്പെട്ടു. സാങ്കേതികവികാസത്തിന്റെ മൂന്നു അതിദീര്‍ഘ ഘട്ടങ്ങളിലൂടെ കടന്നിട്ടാണ് യൂറോപ്പിന്റെ ശാസ്ത്ര-സാങ്കേതികവികാസത്തിന്റെ വര്‍ത്തമാന യുഗത്തിലെത്തിയതാണെന്ന് 1836-ല്‍ ഡാനിഷ് പുരാവസ്തു ഗവേഷകനായ ക്രിസ്ത്യന്‍ തോംസണ്‍ സിദ്ധാന്തിക്കുകയുണ്ടായി. ഈ മൂന്ന് സാങ്കേതിക യുഗങ്ങളെ അദ്ദേഹം ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം എന്ന് നിര്‍വചിച്ചു. സ്കോട്ടിഷ് ഭൌമശാസ്ത്രജ്ഞനായ സര്‍ ചാള്‍സ് ലയലും (Sir Charles Lyell) ഈ സിദ്ധാന്തങ്ങളെ സാധൂകരിക്കുന്ന കണ്ടെത്തലുകള്‍ ഇക്കാലത്ത് നടത്തുകയുണ്ടായി. ഭൂമിക്കു വളരെയേറെ പഴക്കമുണ്ടെന്നും ഇന്നത്തെ നിലയിലെത്തുന്നതിനുമുമ്പ് ഭൂമി അനവധിമാറ്റങ്ങള്‍ക്കുവിധേയമായിട്ടുണ്ടെന്നും ലയല്‍ സിദ്ധാന്തിച്ചു.

'ആന്ത്രപ്പോസ്' (anthropos) എന്ന ഗ്രീക്കു പദത്തിന്റെ അര്‍ഥം മനുഷ്യന്‍, 'മനുഷ്യവംശം' എന്നൊക്കെയാണ്. 'ലോഗോസ്' (logos) എന്ന വാക്കിന് പഠനം, ശാസ്ത്രം, വിജ്ഞാനീയം എന്നിവയാണര്‍ഥങ്ങള്‍. ഒരു ജീവിവംശമെന്ന നിലയ്ക്ക് മനുഷ്യവംശം ഭൂമിയില്‍ എവിടെ, എപ്പോള്‍ ആവിര്‍ഭവിച്ചു എന്നും ഇന്നത്തെ അവസ്ഥയിലെത്തുന്നതിനുമുമ്പ് ഏതൊക്കെ ഘട്ടങ്ങളിലൂടെ കടന്നുപോന്നിട്ടുണ്ടെന്നുമാണ് ഈ വിജ്ഞാനശാഖ അന്വേഷിക്കുന്നത്. അതിപ്രാചീനമായ ജനവര്‍ഗങ്ങളെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഫോസിലുകള്‍, പ്രാചീന ഉപകരണങ്ങളുടെയും പാത്രങ്ങളുടെയും മറ്റും അവശിഷ്ടങ്ങള്‍ എന്നിവ ഉപാദാന സാമഗ്രികളാണ്. പഠനവിധേയമാക്കുന്ന ജനവര്‍ഗങ്ങളുമായും അവരുടെ സംസ്കാരങ്ങളുമായും നരവംശശാസ്ത്രജ്ഞര്‍ നേരിട്ട് ഇടപഴകുകയും പലപ്പോഴും ദീര്‍ഘകാലം അവരോടൊപ്പം ജീവിക്കുകയും ചെയ്തുകൊണ്ടാണ് പ്രാഥമികമായ വിവരങ്ങള്‍ ശേഖരിക്കുന്നത്. ഈ പഠനരീതിക്ക് രംഗപഠനം അഥവാ രംഗനീരീക്ഷണം എന്നുപറയുന്നു. നരവംശശാസ്ത്രത്തിന്റെ ഒരവിഭാജ്യഭാഗമാണ് രംഗപഠനവും നിരീക്ഷണവും. ഭിന്ന ജനവിഭാഗങ്ങളുടെ സാമൂഹികമായ ജീവിതരീതികള്‍, ദാമ്പത്യക്രമങ്ങള്‍, ലൈംഗികബന്ധങ്ങള്‍, സദാചാരക്രമങ്ങള്‍, ദായക്രമങ്ങള്‍ എന്നിവ പഠിക്കുന്ന ശാഖയ്ക്ക് 'എത്ത്നോഗ്രാഫി' (ethnography) എന്നു പറയുന്നു. ഇരുപതാം ശ.-ത്തിന്റെ ആദ്യദശകങ്ങളില്‍ ഏതെങ്കിലുമൊരു വിദൂരസ്ഥജനതയുടെ ആവാസകേന്ദ്രത്തില്‍ ഒന്നോ രണ്ടോ വര്‍ഷം താമസിക്കുകയും ടേപ്പ്റിക്കാര്‍ഡര്‍, വീഡിയോ തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ട് പ്രസ്തുത ജനതയുടെ ജീവിത വ്യാപാരങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്യുന്ന സമ്പ്രദായം വികസിക്കുകയുണ്ടായി. മാപ്പിങ് (mapping), സെന്‍സസ്, അഭിമുഖം തുടങ്ങിയവയൊക്കെ ഇന്ന് എത്ത്നോഗ്രാഫിയുടെ ഭാഗമായി മാറിയിട്ടുണ്ട്. ചുരുക്കത്തില്‍, ഇതര സാമൂഹികശാസ്ത്രവിഷയങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട്, നരവംശശാസ്ത്രം ഒരു ബഹുവിഷയവിജ്ഞാനശാഖയായി വികസിച്ചിട്ടുണ്ട്.

ചരിത്രം

മനുഷ്യപ്രകൃതത്തെയും സമൂഹത്തെയുംകുറിച്ചുള്ള ഗ്രീക്കുചിന്തയില്‍നിന്നാണ് നരവംശശാസ്ത്രത്തിന്റെ ആദ്യകാല സങ്കല്പങ്ങള്‍ രൂപംകൊണ്ടിട്ടുള്ളത്. ബി.സി. നാലാം ശ.-ത്തില്‍ ജീവിച്ചിരുന്ന ഗ്രീക്കുചരിത്രകാരനും ചിന്തകനുമായ ഹെറഡോട്ടസ് ആണ് ആദ്യമായി നരവംശശാസ്ത്രത്തെക്കുറിച്ചുള്ള ആശയങ്ങള്‍ ആവിഷ്കരിച്ചത്. തന്റെ ചരിത്രം (ഹിസ്റ്ററി) എന്ന വിഖ്യാതഗ്രന്ഥത്തില്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തെക്കുറിച്ചും അവിടത്തെ വ്യത്യസ്ത ജനവിഭാഗങ്ങളെക്കുറിച്ചും ഗ്രീക്ക് അധിനിവേശത്തെക്കുറിച്ചും വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ഗ്രീസും പേര്‍ഷ്യയും യഥാക്രമം പാശ്ചാത്യലോകത്തെയും പൌരസ്ത്യലോകത്തെയും പ്രമുഖസംസ്കാരങ്ങളാണെന്ന് ഹെറഡോട്ടസ് നിരീക്ഷിച്ചിട്ടുണ്ട്. മനുഷ്യരാശിയെ യൂറോപ്പിലെ വെളുത്തവംശജരെന്നും ഇതര ജനതകളെന്നുമുള്ള വിഭജനത്തിനു തുടക്കമിടുന്നത് ഹെറഡോട്ടസാണ്. വംശീയമായ ഈ മുന്‍വിധി നരവംശശാസ്ത്രത്തിന്റെ അടിസ്ഥാന സങ്കല്പങ്ങളെ ഗണ്യമായി സ്വാധീനിച്ചിട്ടുണ്ട്.

എ.ഡി. 14-ാം ശ.-ത്തില്‍ ജീവിച്ചിരുന്ന അറബ് ചരിത്രകാരനായ ഇബ്നു ഖല്‍ദുന്‍ (Ibn Khaldun), നരവംശശാസ്ത്രസംബന്ധിയായ ആശയങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. സംസ്കാരങ്ങളുടെയും നാഗരികതകളുടെയും രൂപീകരണം, ഉയര്‍ച്ച, താഴ്ച്ച എന്നിവയ്ക്കാധാരമായ പാരിസ്ഥിതികവും സാമൂഹികവും മനഃശാസ്ത്രപരവും സാമ്പത്തികവുമായ ഘടകങ്ങളെക്കുറിച്ച് വിലപ്പെട്ട പല നിരീക്ഷണങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്. മെഡിറ്ററേനിയന്‍ സംസ്കാരങ്ങളെക്കുറിച്ച് ഹെറഡോട്ടസും ഇബ്നു ഖല്‍ദുനും വസ്തുനിഷ്ഠവും അപഗ്രഥനാത്മകവുമായ ഒട്ടേറെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതരരാജ്യങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചും ഈ ചിന്തകര്‍ ഗൌരവമായ ഗവേഷണപഠനങ്ങള്‍ നടത്തിയിരുന്നു. മധ്യകാലഘട്ടത്തില്‍, മനുഷ്യോത്പത്തിയെക്കുറിച്ചും സാംസ്കാരികവികാസത്തെക്കുറിച്ചുമുള്ള യൂറോപ്യന്‍ ചിന്തയെ നിര്‍ണയിച്ചിരുന്നത് ക്രൈസ്തവ പണ്ഡിതരായിരുന്നു. മനുഷ്യവംശത്തിന്റെ ആവിര്‍ഭാവ-വികാസങ്ങളെ ഇവര്‍ മതവിശ്വാസവുമായി ബന്ധപ്പെടുത്തുകയും മനുഷ്യാസ്തിത്വവും സംസ്കാരങ്ങളിലെ വൈവിധ്യവും ദൈവസൃഷ്ടിയാണെന്ന് കരുതുകയും ചെയ്തു. എന്നാല്‍ 15-ാം ശ.-ത്തിന്റെ ആരംഭത്തില്‍ സമ്പത്തിനുവേണ്ടി ഇതര ഭൂപ്രദേശങ്ങള്‍ക്കുമേല്‍ അധിനിവേശമാരംഭിച്ച യൂറോപ്യന്മാര്‍ പ്രസ്തുത ദേശങ്ങളെക്കുറിച്ച് വളരെയേറെ വിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളുമായി പരിചയപ്പെട്ട യൂറോപ്യന്‍ അധിനിവേശകരുടെയും സഞ്ചാരികളുടെയും കുറിപ്പുകള്‍ ആധുനിക നരവംശശാസ്ത്രഗവേഷണത്തിലേക്കുള്ള ചവിട്ടുപടികളാണ്. തങ്ങളുടെ അധിനിവേശത്തിനിരയായ ജനവിഭാഗങ്ങളെയും സംസ്കാരങ്ങളെയും യൂറോപ്യന്മാര്‍ നിര്‍വചിച്ചത് അപരിഷ്കൃതവും പ്രാകൃതവുമെന്നാണ്.

വിവിധ വിജ്ഞാനശാഖകളില്‍ ശാസ്ത്രീയവും യുക്തിസഹവുമായ ചിന്തയ്ക്കു തുടക്കം കുറിക്കുന്നത് 17, 18 ശ.-ങ്ങളിലെ ജ്ഞാനോദയപ്രസ്ഥാനമാണ്. ഡേവിഡ് ഹ്യും, ജോണ്‍ലോക്ക്, റൂസ്സോ തുടങ്ങിയ പ്രമുഖരായ ജ്ഞാനോദയചിന്തകരുടെ ആശയങ്ങള്‍, 'മാനവികതാവാദം' എന്നൊരു പുതിയ ചിന്താപദ്ധതിക്കു രൂപം നല്കുകയുണ്ടായി. മതപ്രാമാണികതയെ നിരാകരിച്ച ഈ ചിന്തകര്‍ തങ്ങളുടെ അന്വേഷണങ്ങള്‍ക്ക് ആസ്പദമാക്കിയത് താത്ത്വികമായ യുക്തിയെയും ശാസ്ത്രത്തെയുമാണ്. പ്രാചീന സമൂഹങ്ങളുടെ ധാര്‍മിക സവിശേഷതകളെക്കുറിച്ച് അന്വേഷണം നടത്തിയ റൂസ്സോ മനുഷ്യര്‍ക്കിടയിലെ അസമത്വത്തിന്റെ കാരണങ്ങളെക്കുറിച്ച് ഗൗരവമായ പല നിരീക്ഷണങ്ങളും നടത്തുകയുണ്ടായി. യൂറോപ്പില്‍നിന്നുള്ള വിദേശ സഞ്ചാരികളുടെയും സൈനികരുടെയും മറ്റും കുറിപ്പുകളാണ് ഈ ചിന്തകര്‍ തങ്ങളുടെ സൈദ്ധാന്തികാന്വേഷണങ്ങള്‍ക്ക് ആസ്പദമായി സ്വീകരിച്ചത്. യൂറോപ്പിതര സമൂഹങ്ങളെയും സംസ്കാരങ്ങളെയും കുറിച്ചുള്ള തെറ്റായ പല വസ്തുതകളും ഈ ചിന്തകര്‍ക്ക് വിമര്‍ശനരഹിതമായി സ്വീകരിക്കേണ്ടിവന്നിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍