This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നരകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നരകം= ഭൂമിയില്‍ പാപം ചെയ്യുന്നവരുടെ ആത്മാക്കള്‍ മരണശേഷം എത്...)
അടുത്ത വ്യത്യാസം →

07:44, 21 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

നരകം

ഭൂമിയില്‍ പാപം ചെയ്യുന്നവരുടെ ആത്മാക്കള്‍ മരണശേഷം എത്തിച്ചേരുന്നതായി സങ്കല്പിക്കപ്പെട്ടിട്ടുള്ള ഇടം. മിക്കവാറും എല്ലാ മതസംഹിതകളും നാടോടിഗോത്ര പുരാവൃത്തങ്ങളും നരകസങ്കല്പം മുന്നോട്ടുവച്ചിട്ടുണ്ട്.

നാഗരികതയുടെ പിറവിക്കും എത്രയോ മുമ്പുതന്നെ പലതരം നരകസങ്കല്പങ്ങള്‍ മനുഷ്യര്‍ പുലര്‍ത്തിപ്പോന്നിരുന്നതായി കാണാം. പില്ക്കാലത്ത് മിക്ക നാഗരികസംസ്കാരങ്ങളിലൂടെയും ആ സങ്കല്പനം വിപുലമായി. ബാബിലോണിയര്‍ക്ക് നരകം 'മടക്കയാത്രയില്ലാത്ത ഒരിട'മായിരുന്നു. അന്തിമവിധിയെക്കുറിച്ചും നരകശിക്ഷയെക്കുറിച്ചുമുള്ള നിയതവിശ്വാസം ഈജിപ്ഷ്യന്‍ ജനത വച്ചുപുലര്‍ത്തിയിരുന്നു. ഭാരതീയ സംസ്കാരം, യവനസംസ്കാരം, യൂറോപ്യന്‍ സംസ്കാരം, ചൈനീസ് സംസ്കാരം എന്നു തുടങ്ങി മരണാനന്തരജീവിതത്തിലോ പുനര്‍ജന്മത്തിലോ വിശ്വസിക്കുന്ന ലോകജനതകള്‍ക്കിടയിലെല്ലാം നരകസങ്കല്പമുള്ളതായി കാണാം.

ആംഗ്ലോ സാക്സന്‍ ഭാഷയിലെ ഹെലേന്‍-ല്‍ നിന്നാണ് ഹെല്‍ (നരകം) എന്ന ഇംഗ്ലീഷ് പദത്തിന്റെ പിറവി. ഹെലേന്‍ എന്നാല്‍ 'ഒളിപ്പിക്കുന്നത്' എന്നര്‍ഥം. പുരാതന ഹീബ്രുജനതയ്ക്ക് മരണാനന്തരജീവിതത്തെക്കുറിച്ച് അവ്യക്തമായ ആശയങ്ങളാണ് ഉണ്ടായിരുന്നത്. മരണപ്പെട്ടവര്‍ വിഷാദമൂകമായ 'ഷിയോള്‍' എന്ന പാതാളലോകത്തേക്ക് പോകുമെന്ന് അവര്‍ വിശ്വസിച്ചു. ഗ്രീക്കുകാരുടെ 'ഹെയ്ഡ്സ്' സങ്കല്പവും അതുതന്നെയായിരുന്നു. കിങ്ഗ്ജെയിംസിന്റെ ബൈബിള്‍ വ്യാഖ്യാനത്തില്‍ ഷിയോള്‍, ഹെയ്ഡ്സ് എന്നീ രണ്ടു സങ്കല്പങ്ങളെ ഒന്നായിച്ചേര്‍ത്ത് 'നരക'മായി ചിത്രീകരിച്ചു കാണുന്നു. ക്രിസ്തുവിന്റെ കാലഘട്ടത്തിലെ ജൂതമതത്തില്‍ പാപികള്‍ക്കുള്ള ശിക്ഷാവിധിയായി നരകം എന്ന സങ്കല്പം നിലനിന്നിരുന്നു.

കുമ്പസാരിക്കാത്ത പാപികള്‍ക്ക് ദൈവദര്‍ശനവും അനുഗ്രഹവും കിട്ടാത്തതിനാല്‍ അവര്‍ നരകം അര്‍ഹിക്കുന്നു എന്നാണ് ക്രിസ്തീയ സങ്കല്പം. ബൈബിളിലെ വെളിപാടുപുസ്തകത്തില്‍, ഗന്ധകമെരിയുന്ന അഗ്നിയും ചുട്ടുപഴുത്തപാറകളുമുള്ള ഭയാനകസ്ഥലമായി നരകം ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. പിശാച് ഭരിക്കുന്ന ഇടമാണ് നരകമെന്ന് മിക്ക ക്രിസ്തുമത വിശ്വാസികളും വിശ്വസിച്ചുപോരുന്നു.

ക്രിസ്ത്യന്‍ ദൈവശാസ്ത്രത്തില്‍ 'നരകം' എന്ന പദം രണ്ട് വീക്ഷണകോണുകളില്‍ വിലയിരുത്തപ്പെടുന്നുണ്ട്. മരണപ്പെട്ടവരെ സംബന്ധിച്ചത് എന്ന നിലയിലും അവസാന വിധിന്യായം എന്ന നിലയിലും. ഇംഗ്ളീഷ് ബൈബിളിലും സുവിശേഷകരുടെ ദൃഷ്ടിയിലും ആദ്യത്തെ കാഴ്ചപ്പാടാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ ആധുനിക കാലത്ത് രണ്ടാമത്തെ വീക്ഷണമാണ് കൂടുതല്‍ പ്രസക്തി നേടിയത്.

ദൈവശാസ്ത്രകാരന്മാര്‍ നരകാനുഭവത്തെ 'നഷ്ടത്തിന്റെ വേദന'യായും 'ബോധത്തിന്റെ വേദന'യായും വിലയിരുത്തുന്നു. സര്‍വപ്രപഞ്ചത്തിന്റെയും സാരമായ ദൈവത്തില്‍നിന്ന് അകലുമ്പോഴുള്ള കഷ്ടതകളാണ് 'നഷ്ടത്തിന്റെ വേദന'യായി ചിത്രീകരിക്കപ്പെടുന്നത്. മനുഷ്യചേതനയുടെ സമ്പൂര്‍ണനാശവും ശിഥിലീകരണവുമാണ് 'ബോധത്തിന്റെ വേദന'കൊണ്ട് അര്‍ഥമാക്കുന്നത്. നിത്യശിക്ഷയുടെ അവസ്ഥാവിശേഷമായിട്ടാണ് മത്തായിയുടെ സുവിശേഷത്തില്‍ നരകത്തെക്കുറിച്ച് പറയുന്നത്. ദൈവസ്നേഹത്തില്‍ നിന്ന് അകലുമ്പോള്‍ മനുഷ്യന് അനുഭവിക്കേണ്ടിവരുന്ന ആന്തരികപീഡകളാണ് നരകമെന്നും ദൈവചിന്തകര്‍ വിലയിരുത്തുന്നു.

മുറവിളികളുടെ സ്ഥലരാശിയാണ് നരകം. 'ഹിന്നോമിന്റെ താഴ് വര' എന്നര്‍ഥംവരുന്ന ഹീബ്രുപദത്തില്‍ നിന്ന് ഗ്രീക്കിലെത്തിയ 'ജെഹന്ന' (Gehenna)യില്‍ നിന്നാണ് പുതിയ നിയമം 'നരകം' എന്ന സങ്ക്ലം സ്വീകരിച്ചത്. ജെറുസലേമിനപ്പുറമുള്ള ആഴമാര്‍ന്ന കൊടുംകിടങ്ങിനെയാണ് 'ഹിന്നോമിന്റെ താഴ്വര'യായി പഴയനിയമത്തില്‍ സൂചിപ്പിക്കുന്നത്. നിഗൂഢഹോമങ്ങളിലൂടെ കുട്ടികളെ ബലി നല്കിയിരുന്ന ആ സ്ഥലത്ത് എപ്പോഴും തീക്കുണ്ഡങ്ങള്‍ ജ്വലിച്ചിരുന്നുവത്രെ. ഈ ഭയാനകസങ്കല്പങ്ങളുമായി ബന്ധപ്പെടുത്തിയാണ് പുതിയനിയമത്തില്‍ നരകസങ്കല്പം വികസിച്ചത്.

പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇറ്റാലിയന്‍ കവി ദാന്തേയുടെ ഡിവൈന്‍ കോമഡിയില്‍ 'സ്വര്‍ഗ-നരകങ്ങള്‍' ഭാവതീവ്രതയോടെ ആവിഷ്കരിക്കപ്പെടുന്നുണ്ട്. അതിലെ ആദ്യകാണ്ഡത്തിലെ നരകവര്‍ണനയാണ് ഒരു പക്ഷേ നരകത്തെക്കുറിച്ചുള്ള ക്രൈസ്തവസങ്കല്പത്തിന്റെ ഏറ്റവും ദീപ്തമായ വാങ്മയചിത്രണം. അതിനെ അടിസ്ഥാനമാക്കി ഗിയോട്ടോ വരച്ച ചിത്രങ്ങള്‍, ചിത്രകലയിലെ അതിവിശ്രുത നരകചിത്രങ്ങളായാണ് കണക്കാക്കപ്പെടുന്നത്.

ഹൈന്ദവമതമനുസരിച്ച് മരണാനന്തരം ഓരോ ആത്മാവും മരണദേവനായ യമധര്‍മന്റെ സന്നിധാനത്തിലെത്തിച്ചേരുന്നു. ലൌകികജീവിത കാലഘട്ടത്തില്‍ ഓരോരുത്തരും അനുഷ്ഠിച്ച കര്‍മങ്ങളുടെ വെളിച്ചത്തില്‍ അവരുടെ പുണ്യപാപങ്ങളുടെ കണക്കുകള്‍ യമധര്‍മന്റെ മന്ത്രിയായ ചിത്രഗുപ്തന്‍ രേഖപ്പെടുത്തിയതിന്‍ പ്രകാരം ഓരോരുത്തരുടെയും വാസസ്ഥാനം ഏതെന്ന് നിശ്ചയിക്കപ്പെടും. അങ്ങനെ പാപകര്‍മത്തിന്റെ തീക്ഷ്ണതയ്ക്കനുസരിച്ചുള്ള നരകത്തിലേക്ക് അവര്‍ പോകുമെന്നാണ് ഭാരതീയ സങ്കല്പം. ഹിന്ദുപുരാണപരാമര്‍ശങ്ങളനുസരിച്ച് 28 നരകങ്ങളുണ്ട്. അവ താമിസ്രം, അന്ധതാമിസ്രം, രൌരവം, മഹാരൗരവം, കുംഭീപാകം, കാലസൂത്രം, അസിപത്രം, സൂകരമുഖം, അന്ധകൂപം, കൃമുഭോജനം, തപ്തമൂര്‍ത്തി, ശാല്മലി, വജ്രകണ്ടകശാലി, വൈതരണി, പൂയോദകം, പ്രാണരോധം, വിശസനം, ലാലാദക്ഷം, സാരമേയാശനം, അവീചി, അയപാനം, ക്ഷാരകദര്‍മം, രക്ഷോഭക്ഷം, ശൂലപ്രേതം, ദന്ദശൂകം, വടാരോധം, പര്യാവര്‍ത്തനകം, സൂചീമുഖം എന്നിവയാണ്.

ഇസ്ലാം മതവിശ്വാസപ്രകാരം നരകം ഒരു അഗ്നിഗൃഹമാണ്. ഭീകരവും ദാരുണവുമായ പീഡാനുഭവങ്ങളുടെ ദുരിതക്കയമായാണ് ഖുറാനില്‍ നരകം ചിത്രീകരിക്കപ്പെടുന്നത്. ഖുറാനിലെ 5, 14, 38, 43, 56, 80, 84 എന്നീ അധ്യായങ്ങളില്‍ (സൂറത്ത്) നരകം, അവിശ്വാസികള്‍ക്കുള്ള വിചാരണസ്ഥലിയായി വിവരിക്കപ്പെടുന്നു. വിശദമായ ഈ നരകവിവരണങ്ങളെ ചില ആധുനികഗവേഷകന്മാര്‍ പ്രതീകാത്മകമെന്നാണ് വിലയിരുത്തുന്നത്. പരമകാരുണികന്റെ സമീപത്തേക്ക് മനുഷ്യനെ എത്തിക്കാനുള്ള ആശയമാണ് കഠിനശിക്ഷാവിധികളെന്ന് അവര്‍ പ്രസ്താവിക്കുന്നു. സ്വയം നശിക്കാന്‍ തീരുമാനിക്കാത്ത ഒരാളും, നരകശിക്ഷയ്ക്ക് വിധിക്കപ്പെടുന്നില്ലെന്നും അവര്‍ പറയുന്നു.

സാത്താനെ പിന്തുടര്‍ന്ന് നരകത്തിലേക്ക് പോകുന്നവര്‍ ഏഴ് ഘട്ടങ്ങളെ അഭിമുഖീകരിക്കുന്നുവെന്ന് പതിനഞ്ചാം സൂറത്ത് പ്രസ്താവിക്കുന്നു. അവിശ്വാസികളെ എന്നെന്നേക്കുമായി നരകത്തീയിലെറിയാനാണ് ഒന്‍പതാം സൂറത്തിലെ 69-ാം വാക്യം വിധിക്കുന്നത്. ഖുറാനിലെ തിരുവെഴുത്തുകളെ വ്യാഖ്യാനിച്ചവര്‍ ഏഴ് നരകസ്ഥാനങ്ങളെക്കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

പാഴ്സി മതവിശ്വാസത്തില്‍ നരകം ഉത്തരഭാഗത്താണെന്നും, അവിടം അന്ധകാരത്താലും ആര്‍ത്തനാദത്താലും മുഖരിതവും ദുര്‍ഗന്ധപൂരിതവുമാണെന്നുമാണ് സങ്കല്പം.

ഏഴു കൊടുംനരകങ്ങളെക്കുറിച്ചുള്ള വിശദമായ സങ്കല്പനമാണ് ബുദ്ധമതത്തിലുള്ളത്. ഉണര്‍വ്, കാലസൂത്ര, സംഘത, രൌരവ, മഹാരൌരവ, തപന, വ്രതതപന എന്നിവയാണവ.

സൊരാഷ്ട്രിയര്‍ക്ക് ദുരിതപൂര്‍ണമായ അഗ്നിയുടെ തടാകമാണ് നരകം.

ആരംഭകാലത്തേതില്‍ നിന്നും വ്യത്യസ്തമായ ഇറാനിയന്‍ സങ്കല്പനങ്ങളുടെ സ്വാധീനത്താല്‍ പുനര്‍നിര്‍വചിക്കപ്പെട്ട ഒന്നാണ് യഹൂദിയന്‍ നരകം.

മനുഷ്യബോധത്തിന്റെ ദ്വന്ദ്വഭാവങ്ങള്‍ തന്നെയാണ് സ്വര്‍ഗനരകങ്ങളായി സങ്കല്പിക്കപ്പെട്ടതെന്നാണ് മനശ്ശാസ്ത്രമതം. മനുഷ്യബോധത്തിന്റെ മൃഗീയചാപല്യങ്ങളായി പരിണമിക്കുന്ന തിന്മകള്‍ നരകമായും ബോധത്തിന്റെ ഉദാത്ത നന്മകള്‍ സ്വര്‍ഗമായും മാറുന്നുവെന്ന് തത്ത്വചിന്തകരും നിരീക്ഷിക്കുന്നു. വികാരവിചാരങ്ങളുടെ സംഘര്‍ഷഭൂമിയായ മനുഷ്യമനസ്സില്‍ത്തന്നെയാണ് സ്വര്‍ഗനരകങ്ങളുള്ളതെന്ന നിരീക്ഷണം ശ്രദ്ധേയവും ശാസ്ത്രയുക്തിക്ക് നിരക്കുന്നതുമാണ്.

ദുര്‍മാര്‍ഗികള്‍ അര്‍ഹിക്കുന്ന ശിക്ഷ ഇഹലോകജീവിതത്തിനിടെ അനുഭവിക്കേണ്ടിവരണമെന്നില്ല എന്ന കറുത്തയാഥാര്‍ഥ്യത്തില്‍ നിന്നാകാം പ്രാചീനജനത ആത്യന്തികശിക്ഷകളുടെ തികച്ചും സാങ്കല്പികമായ നരകമെന്ന അപരലോകം സൃഷ്ടിച്ചത്. പില്ക്കാലത്ത് മതാധിഷ്ഠിതമായ ധാര്‍മികബോധം നിലനിര്‍ത്തുന്നതിനും പൌരോഹിത്യത്തിന്റെ അധീശത്വത്തിനുമായി സ്വര്‍ഗ-നരകസങ്കല്പങ്ങള്‍ പരിപാലിക്കപ്പെടേണ്ടത് ഒരനിവാര്യതയായി. ഭൌതികയാഥാര്‍ഥ്യങ്ങളിലൂന്നിയ ഇത്തരം നേര്‍ക്കാഴ്ചകള്‍ പിറന്ന് നൂറ്റാണ്ടുകള്‍ക്കിപ്പുറവും നരകം ബഹുഭൂരിപക്ഷം ലോകജനതയുടെയും ധര്‍മബോധത്തെ നിര്‍ണയിക്കുന്ന ഒരു വലിയ സങ്കല്പനമായി തുടരുന്നു എന്നതാണ് നമുക്കു മുന്നിലുള്ള യാഥാര്‍ഥ്യം.

(എം. സുരേഷ്; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%B0%E0%B4%95%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍