This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നയീ കവിത
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നയീ കവിത= ഹിന്ദിയിലെ ഒരു കവിതാപ്രസ്ഥാനം. ദൂസരാ സപ്തകിന് (1951) ശേ...)
അടുത്ത വ്യത്യാസം →
06:52, 21 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം
നയീ കവിത
ഹിന്ദിയിലെ ഒരു കവിതാപ്രസ്ഥാനം. ദൂസരാ സപ്തകിന് (1951) ശേഷമുള്ള കാവ്യപ്രസ്ഥാനമാണ് ഇത്. 1943-ല്‍ താരസപ്തക് എന്ന പേരില്‍ അജ്ഞേയ് എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച ഏഴ് കവികളുടെ കാവ്യസമാഹാരത്തോടുകൂടിയാണ് ഹിന്ദി കവിതയില്‍ 'പ്രയോഗവാദ്' എന്ന പരീക്ഷണ കാവ്യപ്രസ്ഥാനം ഉടലെടുത്തത്. ഈ പേരിനെച്ചൊല്ലി ഒട്ടേറെ വിവാദങ്ങളുമുണ്ടായി. വാസ്തവത്തില്‍ 'പ്രയോഗവാദ'ത്തിനും 'നയീ കവിത'യ്ക്കുമിടയില്‍ കൃത്യമായ ഒരു അതിര്‍വരമ്പിടുക പ്രയാസമാണ്. 'പ്രയോഗവാദ'ത്തിലെ പല കവികളെയും കാവ്യസവിശേഷതകളെയും 'നയീകവിത'യിലും കാണാന്‍ കഴിയുന്നു എന്നതാണ് വസ്തുത.
'നയീ കവിത' എന്ന പേര് ആദ്യമായി പ്രയോഗിച്ചത് പ്രശസ്ത കവി അജ്ഞേയ് ആണ്. 1952-ല്‍ ലക്നൌ (Lucknow) റേഡിയോ പ്രഭാഷണത്തില്‍ പ്രയോഗിച്ച ഈ പേര് പിന്നീട് 'നയീ കവിത' എന്ന തലക്കെട്ടോടുകൂടി 1953-ല്‍ നയേ പത്തേ എന്ന മാസികയില്‍ ലേഖനമായി പ്രസിദ്ധീകരിച്ചു. ഈ മാസികയ്ക്ക് 'നയീ കവിത'യുടെ വളര്‍ച്ചയില്‍ ഒരു പ്രധാന പങ്കുണ്ടായിരുന്നു. 1953-ല്‍ പുതിയ എഴുത്തുകാരുടെ ഒരു സ്ഥാപനമായ 'പരിമള്‍' അലഹബാദ് യൂണിവേഴ്സിറ്റിയില്‍ വച്ച് 'നയീ കവിത'യെക്കുറിച്ച് ഒരു സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി. ഇതില്‍ പ്രസ്തുത വിഷയത്തെക്കുറിച്ച് ഭാരത്ഭൂഷണ്‍ അഗര്‍വാള്‍, ജഗദീശ് ഗുപ്ത, രാംസ്വരൂപ് ചതുര്‍വേദി എന്നിവര്‍ പ്രബന്ധം അവതരിപ്പിച്ചിരുന്നു. പിന്നീട് 1954-ല്‍ അലഹബാദില്‍ നിന്ന് ജഗദീശ് ഗുപ്തയും രാംസ്വരൂപ് ചതുര്‍വേദിയും എഡിറ്ററായിക്കൊണ്ട് 'സാഹിത - സഹയോഗ്' എന്ന സഹകരണസ്ഥാപനം 'നയീ കവിത' എന്ന മാസിക പ്രസിദ്ധീകരിച്ചതോടുകൂടി നയീ കവിത അതിന്റെ പൂര്‍ണമായ അര്‍ഥത്തില്‍ പ്രശസ്തമായി.
പുതുമയും സമകാല യാഥാര്‍ഥ്യത്തിന്റെ ചിത്രീകരണവും നയീ കവിതയ്ക്ക് വ്യത്യസ്തത പ്രദാനം ചെയ്തു. എങ്കിലും പ്രയോഗവാദി കവികളെയും നയീ കവിതകളുടെ കവികളെയും വേറിട്ട് തിരിച്ചറിയുക പ്രയാസമായിരുന്നു. (ഉദാ. താരസപ്തകിലെ ഗജാനന്‍ മാധവ് മുക്തിബോധ്, നേമിചന്ദ്ര ജെയ്ന്‍, പ്രഭാകര്‍ മാച്വേ, ഗിരിജകുമാര്‍ മാഥുര്‍, അജ്ഞേയ്; ദൂസരാസപ്തകിലെ ഭവാനി പ്രസാദ് മിശ്ര, ശംശേര്‍ ബഹാദുര്‍ സിങ്, ധര്‍മവീര്‍ ഭാരതി തുടങ്ങിയവര്‍.) അതുകൊണ്ടുതന്നെ തീസരാ സപ്തകിന്റെ (1959) ആമുഖത്തില്‍ നയീ കവിതയെക്കുറിച്ച് അജ്ഞേയ് നടത്തിയ പരാമര്‍ശം പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. അജ്ഞേയിന്റെ അഭിപ്രായത്തില്‍, 'നയീ കവിത'യിലെ പരീക്ഷണപരതയുടെ പ്രഥമബന്ധം ഭാഷയുമായിട്ടാണ്. "ഓരോ വാക്കും സമര്‍ഥമായി ഉപയോഗിക്കുന്നയാള്‍ അതിന് പുതിയ സംസ്കാരം കൊടുക്കുന്നു... പുതിയ കവിയുടെ നേട്ടത്തിന്റെയും സംഭാവനയുടെയും മാനദണ്ഡം ഇതായിരിക്കണം. അതേ സമയത്തുതന്നെ കവികള്‍ കേവലം വാഗ്ജാലങ്ങളില്‍ അകപ്പെട്ടുപോകാതിരിക്കാന്‍ മുന്നറിയിപ്പും കൊടുത്തു. പ്രയോഗവാദ് കാവ്യത്തെ ഭാഷയുടെ ഒരു വൈശിഷ്ട്യമായി കണ്ടപ്പോള്‍ അതിനെ പുതിയ ശബ്ദഘടനയുടെ രൂപത്തില്‍ നയീ കവിത ദര്‍ശിച്ചു.
ഇന്നത്തെ മാനവീയ വൈശിഷ്ട്യത്തില്‍ നിന്നാണ് നയീ കവിത ഉടലെടുത്തതെന്ന് കാണാന്‍ കഴിയും. ഇറക്കുമതി ചെയ്ത മഹാനഗര സംസ്കാരത്തിന്റെ പ്രശ്നങ്ങളും പാര്‍ശ്വവത്കരിക്കപ്പെട്ട സാധാരണക്കാരന്റെ ക്ഷണികാനുഭൂതികളും ഇവ വിഷയീകരിക്കുന്നു. ഇക്കാരണത്താല്‍ തന്നെയാകണം ചില നിരൂപകര്‍ ഛായാവാദോ(കാല്പനിക)ത്തര കാവ്യപ്രവണതകളെ നയീ കവിതയില്‍ ഉള്‍പ്പെടുത്തണമെന്ന് അഭിപ്രായപ്പെടുന്നത്.
നയീ കവിതാപ്രസ്ഥാനത്തിന്റെ കേന്ദ്രബിന്ദു മനുഷ്യനാണ്. മാനുഷിക വ്യക്തിത്വത്തിന്റെ വികാസവും മനസ്സിന്റെ ആഴങ്ങളിലേക്കുള്ള പ്രയാണവും തുടരുന്നതോടൊപ്പം അവന്റെ രാഗ-വിരാഗാത്മകതകളെക്കുറിച്ച് അത് അന്വേഷിക്കുന്നു. അവന്റെ സാമൂഹികസാമ്പത്തിക ബന്ധങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നു. സാധാരണക്കാരനായ പച്ചമനുഷ്യന്റെ കഴിവുകളും സാധ്യതകളും അത് വിശകലനം ചെയ്യുന്നു.
നയീ കവിതയിലെ കവികള്‍ ആധുനികതയില്‍ വിശ്വസിക്കുന്നു. ആ ആധുനികതയില്‍ ത്യജിക്കലിനെയും നിരാശതയെയും അപേക്ഷിച്ച് യാഥാര്‍ഥ്യമാണ് സമര്‍ഥിക്കപ്പെട്ടിട്ടുള്ളത്. ഈ യാഥാര്‍ഥ്യത്തിന്റെ സാക്ഷാത്കാരം വിവേകത്തിന്റെ അടിസ്ഥാനത്തില്‍ നടത്തുന്നതാണ് കൂടുതല്‍ നീതിയുക്തമെന്ന് അവര്‍ കരുതുന്നു. ഒപ്പം മനോവിശ്ളേഷണസിദ്ധാന്തത്തിന്റെയും കമ്യൂണിസത്തിന്റെയും ചില സവിശേഷതകളെ പുതിയ കവികള്‍ അംഗീകരിക്കുകയും ചെയ്യുന്നു. അനുഭൂതിയെ സത്യസന്ധമായി ആവിഷ്കരിക്കാന്‍ ഇക്കൂട്ടത്തില്‍പ്പെട്ട കവികള്‍ ഇഷ്ടപ്പെടുന്നു. സുഖമായാലും ദുഃഖമായാലും, ആശയോ നിരാശയോ ആയാലും അവര്‍ ഏറ്റുവാങ്ങാന്‍ തയ്യാറാണ്.
നയീ കവിത നിമിഷത്തിന് പ്രാധാന്യം നല്‍കുന്നു. തിരക്കുപിടിച്ച വര്‍ത്തമാനകാലത്തില്‍ ഓരോ നിമിഷവും പ്രധാനപ്പെട്ടതാകുന്നു. ഏത് നിമിഷവും ചരിത്രത്തില്‍ ഒരു വഴിത്തിരിവായേക്കാം. നിമിഷങ്ങള്‍ക്ക് യുഗങ്ങളെത്തന്നെ മാറ്റിമറിക്കാനുള്ള ശക്തിയും സാധ്യതകളും കവികള്‍ കാണുന്നു.
ജീവിത പ്രവാഹത്തില്‍ അതിന്റെ സന്ദര്‍ഭോചിതമായ ആവിഷ്കാരം നയീ കവിതയുടെ ഭാവതലമാണ്. ചരിത്രപരമായ കാഴ്ചപ്പാടില്‍ നയീ കവിത 'സപ്തക്' കവികളുടെ മുന്നിലെ വികസിത രൂപമാണെന്ന് പറയുമ്പോള്‍ അര്‍ഥമാക്കുന്നത് അത് ഭാവബോധതലത്തിലും ആധുനിക യാഥാര്‍ഥ്യത്തിന്റെ തലത്തിലും തീര്‍ത്തും പുതിയ ദിശകളിലേക്ക് വിരല്‍ചൂണ്ടുന്ന അനുഭൂതി പ്രദാനം ചെയ്യുന്നുവെന്നാണ്. ആയതിനാല്‍ അതില്‍ ഛായാവാദത്തെപ്പോലെ പലായന പ്രവണതയില്ല. വര്‍ഗീയ ആഗ്രഹവുമില്ല.
രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകത്താകമാനം വ്യാപിച്ച നിരാശയും മോഹഭംഗവും സൃഷ്ടിച്ച അനാസ്ഥ നയീ കവിതയില്‍ വ്യക്തമായി കാണാം. മനുഷ്യന്റെ കാഴ്ചപ്പാടില്‍ മാറ്റങ്ങള്‍ ഉണ്ടാകുകയും പാരമ്പര്യത്തോടും മറ്റും താത്പര്യക്കുറവ് അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്തപ്പോള്‍ പാരമ്പര്യത്തെ നിഷേധിച്ചുക്കൊണ്ട് യാഥാര്‍ഥ്യങ്ങള്‍ തുറന്നടിക്കാന്‍ പുതിയ കവികള്‍ താത്പര്യം കാണിച്ചു. ജനവാദികളായ കവികളെയും നയീ കവിതയില്‍ കാണാവുന്നതാണ്. ജനാധിപത്യത്തിന്റെ പൊള്ളത്തരങ്ങള്‍ അവര്‍ യാതൊരു മടിയും കൂടാതെ തുറന്നുകാട്ടി. സുദാമാ പാണ്ഡേ 'ധൂമിലി'നെപ്പോലുള്ള കവികള്‍ ഇതിനുദാഹരണമാണ്. സന്‍സദ് സേ സഡക് തക് (പാര്‍ലമെന്റ് മുതല്‍ റോഡ് വരെ) അത്തരം ജനോന്മുഖത വ്യക്തമാക്കുന്ന പ്രതീകാത്മക കവിതയാണ്. വര്‍ത്തമാനകാല ജീവിതത്തിന്റെ പൊരുത്തക്കേടുകള്‍, ആധുനിക ജീവിതാവബോധം, ജീവിതത്തിന്റെ അപരിചിതത്വം, ഏകാന്തത, മൂല്യത്തകര്‍ച്ച എന്നിവയെല്ലാം നയീ കവിതയുടെ വിഷയമാകുന്നു. സൌന്ദര്യബോധത്തിന്റെ കാര്യത്തിലും വ്യത്യസ്തത പ്രകടമാണ്. യാഥാര്‍ഥ്യത്തില്‍നിന്നും വേറിട്ട സൌന്ദര്യസങ്കല്പം അവര്‍ക്കില്ല. യാഥാര്‍ഥ്യത്തിന്റെ ക്രിയാത്മക തത്ത്വങ്ങള്‍ സൌന്ദര്യമാനങ്ങളെ നിര്‍ധാരണം ചെയ്യുന്നു.
നയീ കവിതയുടെ മറ്റു പ്രധാന സവിശേഷതകളില്‍ ചിലത് ഇവിടെ സംഗ്രഹിക്കുകയാണ്. യാഥാര്‍ഥ്യത്തിലൂന്നിയ അഹംവാദം, സ്വതന്ത്രമായ ആത്മാവിഷ്കാരത്തിന്റെ പ്രവണത, യാഥാര്‍ഥ്യത്തില്‍ നിന്നും ദ്രവിതമായ ആക്ഷേപഹാസ്യപരമായ കാഴ്ചപ്പാട്, ചിത്രാത്മകമായ അച്ചടക്കമുള്ള കാവ്യശില്പം.
സച്ചിദാനന്ദ് ഹീരാനന്ദ് വാത്സ്യായന്‍ 'അജ്ഞേയ്', ഗജാനന്‍ മാധവ് 'മുക്തിബോധ്', നേമീചന്ദ്ര ജെയ്ന്‍, ഭാരത്ഭൂഷണ്‍ അഗര്‍വാള്‍, ഗിരിജാകുമാര്‍ മാഥുര്‍, പ്രഭാകര്‍ മാച്വേ, ശംശേര്‍ ബഹാദൂര്‍ സിങ്, ധര്‍മവീര്‍ ഭാരതി, ശകുന്തളാ മാഥുര്‍, നാഗാര്‍ജുന്‍, നരേശ് മേഹ്ത്താ, ലക്ഷ്മീകാന്ത് വര്‍മ, ഭവാനി പ്രസാദ് മിശ്ര്, കേദാര്‍നാഥ് സിങ്, കേദാര്‍നാഥ് അഗര്‍വാള്‍, സുദാമാ പാണ്ഡേ 'ധൂമില്‍', ജഗദീശ് ഗുപ്ത്, കീര്‍ത്തി ചൌധരി, രഘുവീര്‍ സഹായ്, വിജയ്ദേവ് നാരായണ്‍ സാഹി, കുംവര്‍ നാരായണ്‍, സര്‍വേശ്വര്‍ ദയാല്‍ സക്സേന, ദുഷ്യന്ത് കുമാര്‍, മദന്‍ വാത്സ്യായന്‍, അജിത് കുമാര്‍, രാജേന്ദ്ര കിശോര്‍, മലയജ്, വിപിന്‍ കുമാര്‍ അഗര്‍വാള്‍, കൈലാസ് വാജ്പേയി എന്നിവര്‍ നയീ കവിതാ പ്രസ്ഥാനത്തിലെ പ്രധാനപ്പെട്ട കവികളാണ്. ആധുനിക ഹിന്ദി കവിതയെ സമ്പന്നമാക്കിയവരില്‍ ഇവരുടെ സംഭാവന മഹത്താണ്.
(ഡോ. പ്രമോദ് കൊവ്വപ്രത്ത്; സ.പ.)