This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നന്ദരാജവംശം (ഭ.കാ. ക്രി.മു. 348 - 321)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നന്ദരാജവംശം (ഭ.കാ. ക്രി.മു. 348 - 321)= മഗധഭരിച്ചിരുന്ന ഒരു രാജവംശം. ...)
അടുത്ത വ്യത്യാസം →

06:23, 13 ജനുവരി 2011-നു നിലവിലുണ്ടായിരുന്ന രൂപം

നന്ദരാജവംശം (ഭ.കാ. ക്രി.മു. 348 - 321)

മഗധഭരിച്ചിരുന്ന ഒരു രാജവംശം. പ്രാചീന ഇന്ത്യയിലെ പ്രധാനപ്പെട്ട രാജ്യങ്ങളില്‍ ഒന്നായിരുന്നു മഗധ. മൗര്യന്മാര്‍ക്കു മുമ്പ് മഗധ ഭരിച്ച നന്ദവംശത്തെക്കുറിച്ചുള്ള വിവരണങ്ങളില്‍ ചരിത്രവും മിത്തും ഇഴചേര്‍ന്നു കിടക്കുന്നു.

മഹാപദ്മനന്ദനായിരുന്നു നന്ദവംശത്തിന്റെ സ്ഥാപകന്‍. മഹാപദ്മനന്ദന്റെ പൈതൃകത്തെക്കുറിച്ചുള്ള വ്യത്യസ്ത ഭാഷ്യങ്ങളില്‍ അദ്ദേഹം കീഴ്ജാതിക്കാരനായിരുന്നുവെന്ന പരാമര്‍ശമുണ്ട്. അവസാനത്തെ ശിശുനാഗരാജാവിന് ഒരു ശൂദ്രസ്ത്രീയില്‍ ജനിച്ച പുത്രനായിരുന്നു അദ്ദേഹമെന്നാണ് പുരാണങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അവസാനത്തെ ശിശുനാഗരാജാവിനെ വധിച്ച ക്ഷുരകന്റെ പുത്രനായിട്ടാണ് ജൈനമതസാഹിത്യം അദ്ദേഹത്തെ അവതരിപ്പിക്കുന്നത്. ഇന്ത്യ ഭരിച്ച ആദ്യത്തെ ക്ഷത്രിയേതര വംശജരായിരുന്നു നന്ദന്മാര്‍ എന്നാണു കരുതപ്പെടുന്നത്. ഇവര്‍ ജൈനമത വിശ്വാസികളായിരുന്നു എന്നാണ് പരക്കെയുള്ള വിശ്വാസം.

ആദ്യത്തെ സാമ്രാജ്യസ്ഥാപകര്‍ എന്ന നിലയിലാണ് നന്ദന്മാര്‍ ചരിത്രത്തില്‍ സ്ഥാനം നേടിയിട്ടുള്ളത്. അക്കാലത്തെ പ്രധാന ക്ഷത്രിയ വംശജരായ കുരു, പാഞ്ചാല, അസ്മക, സുരസേന എന്നിവരെ പരാജയപ്പെടുത്തിക്കൊണ്ട് രാജ്യം വിസ്തൃതമാക്കിയ മഹാപദ്മന്റെ കീഴില്‍ മഗധ ഇന്ത്യയിലെ മികച്ച രാഷ്ട്രീയ ശക്തിയായി മാറി. (ക്ഷത്രിയരെ കൊന്നൊടുക്കിയ അദ്ദേഹം രണ്ടാം പരശുരാമന്‍ എന്നാണു വിശേഷിപ്പിക്കപ്പെട്ടത്.) കലിംഗ രാജാവായ ഖരവേലന്റെ ഹതികുംഭ ലിഖിതത്തില്‍ പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന നന്ദരാജാവ് മഹാപദ്മനന്ദനാണ് എന്നതിന്റെ അടിസ്ഥാനത്തില്‍ കലിംഗരാജ്യവും അദ്ദേഹത്തിന്റെ അധീനതയിലായിരുന്നു എന്നാണ് അനുമാനം. മഹാപദ്മനുശേഷം അദ്ദേഹത്തിന്റെ എട്ടുപുത്രന്മാര്‍ മഗധ ഭരിക്കുകയുണ്ടായി.

രാജ്യം വിസ്തൃതമാക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു വന്‍സേനയെ നന്ദന്മാര്‍ നിലനിര്‍ത്തിയിരുന്നതായി ഗ്രീക് ചരിത്രകാരന്മാര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജലസേചന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിലൂടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ ശക്തമാക്കിയ അവര്‍, കൃത്യമായി നികുതി പിരിക്കുവാനുള്ള സംവിധാനവും ആവിഷ്കരിച്ചിരുന്നു.

ധനനന്ദനായിരുന്നു അവസാനത്തെ നന്ദരാജാവ്. അദ്ദേഹത്തിന്റെ ഭരണകാലത്താണ് അലക്സാണ്ടര്‍ ഇന്ത്യ ആക്രമിച്ചത് (ക്രി.മു. 326). അഗ്രാമസ് എന്ന പേരില്‍ ഗ്രീക് ചരിത്രകാരന്മാര്‍ക്ക് സുപരിചിതനായ അദ്ദേഹം വന്‍ സമ്പത്തിനുടമയായിരുന്നു. വിപുലമായ സൈന്യത്തെ നിലനിര്‍ത്തുന്നതിനായി നികുതി ചുമത്തിയ ജനവിരുദ്ധ നടപടിയായിരുന്നു അദ്ദേഹത്തിന്റെ പതനത്തിനു വഴിതെളിച്ചത്. ജനവികാരം മുതലെടുത്ത ചന്ദ്രഗുപ്തമൗര്യന്‍ (മൗര്യവംശ സ്ഥാപകന്‍) ധനനന്ദനെ അധികാരഭ്രഷ്ടനാക്കിയതോടെ മഗധയില്‍ മൌര്യഭരണം സ്ഥാപിതമായി (ക്രി.മു. 321).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍