This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗ്നിദേവന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
116.68.65.219 (സംവാദം)
(New page: = അഗ്നിദേവന്‍ = വേദങ്ങളില്‍ പ്രതിപാദിക്കപ്പെടുന്ന ഒരു മുഖ്യദേവന്‍. ഇന...)
അടുത്ത വ്യത്യാസം →
04:43, 30 ജനുവരി 2008-നു നിലവിലുണ്ടായിരുന്ന രൂപം
അഗ്നിദേവന്‍
വേദങ്ങളില്‍ പ്രതിപാദിക്കപ്പെടുന്ന ഒരു മുഖ്യദേവന്‍. ഇന്ദ്രന്‍ കഴിഞ്ഞ് അടുത്തസ്ഥാനം അഗ്നിക്കാണ്. അഷ്ടദിക്പാലകരില്‍ ഒരാളായ അഗ്നി തെ.കി. ദിക്കിന്റെ ആധിപത്യം വഹിക്കുന്നു.
പരമപുരുഷന്റെ മുഖത്തുനിന്ന് അഗ്നി ജനിച്ചു എന്നാണ് ഋഗ്വേദത്തില്‍ പറയുന്നത്. മനുവിന്റെ അഭിപ്രായത്തില്‍, അഗ്നിയുണ്ടായത് ജലത്തില്‍നിന്നാണ്. വായുവില്‍നിന്നാണ് എന്നു വേദാന്തസൂത്രങ്ങളില്‍ പറയുന്നു. അംഗിരസ്സിന്റെ പുത്രന്‍, ശാണ്ഡില്യമഹര്‍ഷിയുടെ പൌത്രന്‍, ബ്രഹ്മാവിന്റെ ജ്യേഷ്ഠപുത്രന്‍ എന്നെല്ലാം അഗ്നിയെക്കുറിച്ച് വേദപുരാണങ്ങളില്‍ പരാമര്‍ശമുണ്ട്. അഗ്നിയെ സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് പ്രൊമിഥിയസ് കടത്തിക്കൊണ്ടുപോന്നെന്നും തന്‍മൂലം അദ്ദേഹം ദൈവത്തിന്റെ (സിയൂസ്) കോപത്തിനു പാത്രീഭൂതനായെന്നും ഗ്രീക്കുപുരാണത്തില്‍ പറയുന്നു.
'അഗ്നിമീളേ പുരോഹിതം' എന്ന മന്ത്രത്തോടുകൂടി ആരംഭിക്കുന്ന ഋഗ്വേദത്തില്‍ 200-ല്‍പ്പരം സൂക്തങ്ങള്‍കൊണ്ട് അഗ്നിയുടെ മഹിമ വര്‍ണിക്കപ്പെട്ടിട്ടുണ്ട്. പ്രായശ്ചിത്തഹോമങ്ങളില്‍ ചെയ്യപ്പെടുന്ന അഗ്നിസ്തുതി മന്ത്രങ്ങളിലും അഗ്നിയെ സ്തുതിക്കുന്നു. 'മന്ത്രഹീനം ക്രിയാഹീനം ഭക്തിഹീനം ഹുതാശയ യദ്ഹുതം തുമയാദേവ പരിപൂര്‍ണം തദസ്തുമേ'
മന്ത്രത്തിലൊ, ക്രിയയിലൊ, ഭക്തിയിലൊ വല്ല കുറവും ഹോമിക്കുമ്പോള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അവയെല്ലാം പൊറുത്ത് ആ കര്‍മത്തെ സഫലമാക്കിത്തരേണമേ എന്നാണ് അഗ്നിയോടു ഇവിടെ പ്രാര്‍ഥിക്കുന്നത്. സായണഭാഷ്യത്തില്‍ അഗ്നിയെ പരബ്രഹ്മമെന്ന അര്‍ഥത്തില്‍ വ്യാഖ്യാനിച്ചിട്ടുണ്ട്. ദേവന്‍മാരുടെ സന്ദേശഹരന്‍, യാഗാംശങ്ങളെ ദേവന്‍മാര്‍ക്ക് എത്തിച്ചുകൊടുക്കുന്നവന്‍, ദേവന്‍മാരുടെ മുഖം എന്നെല്ലാം വര്‍ണിതനായിരിക്കുന്ന അഗ്നി സാരാംശത്തില്‍ ഒരു ഗൃഹദേവതയാണ്. അഗ്നി ജലത്തെ ഉത്പാദിപ്പിക്കുന്നു എന്ന് ഉപനിഷത്തുകള്‍ ഘോഷിച്ചിരിക്കുന്നു. വാക്കായി പരിണമിച്ചത് അഗ്നിയുടെ സൂക്ഷ്മഘടകമാണ്. ആടിന്റെവലത്തെ ചെവിയിലും ബ്രാഹ്മണന്റെ വലത്തെ കൈയിലും ദര്‍ഭപ്പുല്ലിലും ജലത്തിലും അഗ്നി അധിവസിക്കുന്നുണ്ടെന്നാണ് വിശ്വാസം. അരണി കടഞ്ഞെടുത്താണ് യാഗത്തിനുവേണ്ടിയുള്ള അഗ്നി ഉണ്ടാക്കിയിരുന്നത്. ഇതു പഞ്ചഭൂതങ്ങളില്‍ ഒന്നായും കരുതപ്പെടുന്നു. തീപ്പൊരിയും തീയും തമ്മിലുള്ള ബന്ധം ജീവബ്രഹ്മബന്ധത്തെ ഉദാഹരിക്കുവാന്‍ വേദാന്തികള്‍ സ്വീകരിച്ചിട്ടുണ്ട്.
അഗ്നികള്‍. അഗ്നി ആദിയില്‍ ഒന്നുമാത്രമായിരുന്നു. പിന്നീട് ത്രിത്വം (ത്രേത) എന്ന അവസ്ഥയെ പ്രാപിച്ചു. ഗാര്‍ഹപത്യന്‍, ആഹവനീയന്‍, ദാക്ഷിണാത്യന്‍ എന്നിങ്ങനെ ഉദ്ദിഷ്ട കര്‍മഭേദമനുസരിച്ച് മൂന്ന് അഗ്നികളെക്കുറിച്ചു പ്രസ്താവമുണ്ട്. കര്‍മപരിസമാപ്തിയില്‍ മറ്റു അഗ്നികളെ ഗാര്‍ഹപത്യനില്‍ സമാഹരിച്ച് ഏകീഭവിപ്പിക്കുന്നു. ഗാര്‍ഹപത്യനില്‍നിന്ന് ആഹവനീയാഗ്നിയെ സമ്പാദിച്ചു ദേവതോദ്ദേശ്യകമായ കര്‍മത്തിന് ആധാരമാക്കുന്നു. തെ. ഭാഗത്തു പ്രതിഷ്ഠിക്കുന്ന ദാക്ഷിണാത്യന്‍ ആഭിചാരകര്‍മത്തിനുവേണ്ടിയുള്ളതാണ്. ഗാര്‍ഹപത്യന്‍, ആഹവനീയന്‍, ദക്ഷിണന്‍, സഭ്യന്‍, ആവസ്ഥ്യന്‍, ഔപാസനന്‍ എന്നിങ്ങനെ അഗ്നി ആറാണെന്ന് പറയപ്പെടുന്നുണ്ട്. മൂന്ന് അഗ്നിരൂപണങ്ങള്‍ വേദത്തില്‍ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുണ്ട്. ഭൂമിയിലുള്ള സാധാരണമായ അഗ്നി, അന്തരീക്ഷത്തിലെ മിന്നല്‍, ആകാശത്തിലെ സൂര്യന്‍ എന്നിവയാണ് ആ മൂന്നു രൂപങ്ങള്‍. സ്വാഹയാണ് അഗ്നിയുടെ ഭാര്യ. അവര്‍ക്ക് പാവകന്‍, പവമാനന്‍, ശുചി എന്നിങ്ങനെ മൂന്നു പുത്രന്‍മാരും ഓരോരുത്തരിലും 15 വീതം പൌത്രന്‍മാരും ഉണ്ടായി. അങ്ങനെ അഗ്നിയും പുത്രപൌത്രന്‍മാരും ചേര്‍ന്ന് ആകെ അഗ്നികള്‍ 49 ആണെന്ന് ഭാഗവതപുരാണം പ്രസ്താവിക്കുന്നു.
പുരാണങ്ങളില്‍ പല സ്ഥലത്തായി അഗ്നിദേവന്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. മഹാഭാരതത്തിലെ ഖാണ്ഡവദാഹം കഥ പ്രസിദ്ധമാണ്. പ്രീതനായ അഗ്നി വരുണനില്‍നിന്നു ഗാണ്ഡീവം വില്ല് വാങ്ങി അര്‍ജുനനു കൊടുത്തനുഗ്രഹിക്കുന്നുണ്ട്. പ്രാവിന്റെ വേഷമെടുത്ത് ശിബിചക്രവര്‍ത്തിയെ പരീക്ഷിക്കാന്‍ ചെന്നത് അഗ്നിയായിരുന്നു. ഗൌതമശാപംകൊണ്ട് നിര്‍വൃഷണനായിത്തീര്‍ന്ന ഇന്ദ്രന് ആടിന്റെ വൃഷണം നല്കിച്ചതും അഗ്നിയായിരുന്നു. സുബ്രഹ്മണ്യ ജനനത്തിനു ഹേതുഭൂതമായ ശിവബീജം എടുത്തുകൊണ്ടുപോയി അഗ്നി ഗംഗയെ ഏല്പിച്ചു. അഗ്നിദേവന്റെ അനുഗ്രഹത്താലാണ് നളന്‍ നല്ല പാചകക്കാരനായിത്തീര്‍ന്നത്. പരശുരാമന്‍ കാര്‍ത്തവീര്യാര്‍ജുനന്റെ കൈകള്‍ വെട്ടിയ സംഭവത്തിലും ബൃഹസ്പതിയും വരുണനും തമ്മിലുള്ള കലഹം അവസാനിപ്പിച്ചതിലും ഉത്തങ്കനെ ഗുരുദക്ഷിണ യഥാസമയം കൊണ്ടു ചെന്നെത്തിക്കുന്നതിനു ശക്തനാക്കിയതിലും അഗ്നിക്ക് മര്‍മപ്രധാനമായ പങ്കുണ്ട്. ജ്വാലാമയികളായ ഏഴുജിഹ്വകള്‍ അഗ്നിക്കുണ്ട്. അഗ്നിദേവന്റെ രഥചക്രങ്ങളില്‍ ഏഴു വായുക്കള്‍ അധിവസിക്കുന്നു. കുതിരകളുടെ നിറം ചുവപ്പാണ്. ആട് അഗ്നിയുടെ മറ്റൊരു വാഹനമാണെന്നും പറയാറുണ്ട്.
അഗ്നിസംരക്ഷണം. അഗ്നിയെ കെടാതെ സൂക്ഷിക്കുക എന്നതു ഭാരതീയരുടെ ഇടയില്‍ മാത്രമല്ല മറ്റു രാജ്യക്കാരുടെ ഇടയിലും പതിവായിരുന്നു. അഗ്നിയുണ്ടാക്കുന്ന വിദ്യ ഓരോ രാജ്യത്ത് ഓരോ കാലത്ത് ഓരോ വിധത്തിലായിരുന്നു; എങ്കിലും രണ്ടാമതുണ്ടാക്കുകയെന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്ന കാര്യത്തില്‍ എല്ലാവര്‍ക്കും താത്പര്യം ഉണ്ടായിരുന്നതിനാല്‍, ഒരിക്കല്‍ ഉണ്ടാക്കിയ അഗ്നിയെ സംരക്ഷിക്കുന്നതില്‍ എല്ലാവരും ശ്രദ്ധിച്ചുവന്നു. സമൂഹത്തിന്റെ ഈ ആവശ്യത്തെ മതത്തിന്റെ പരിവേഷം അണിയിക്കുകയാണു പല രാജ്യങ്ങളും ചെയ്തത്. ടാസ്മേനിയ, കൊറിയ എന്നീ ദേശങ്ങളിലെ ജനങ്ങള്‍ ഒരിക്കലും ഗൃഹത്തിലെ അഗ്നി കെടാന്‍ സമ്മതിക്കാറില്ല. ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ അഗ്നിസംരക്ഷണം ഒരു മതാചാരംപോലെ അനുഷ്ഠിക്കപ്പെട്ടിരുന്നു. ഇസ്രായേല്‍ രാജ്യക്കാര്‍ പോകുന്നിടത്തെല്ലാം സ്വന്തം അഗ്നി കൊണ്ടുപോയിരുന്നതായി രേഖകളുണ്ട്. പുതിയ ഗൃഹങ്ങളിലേക്ക് മാറിപ്പാര്‍ക്കുമ്പോള്‍ "മുത്തച്ഛനു സ്വാഗതം എന്നുച്ചരിച്ചുകൊണ്ടാണത്രെ റഷ്യയിലെ ഗ്രാമീണര്‍ അഗ്നിയെ കൊണ്ടുപോയിരുന്നത്. ശുദ്ധമായ അഗ്നിയെ അശ്രദ്ധമൂലം കെട്ടുപോകാന്‍ ഇടയാക്കിയ സ്ത്രീകള്‍ക്ക് വധശിക്ഷപോലും റോമാക്കാര്‍ നല്കിയിരുന്നതായി പറയപ്പെടുന്നു. അഗ്നിയെ ഒരു ദേവനായി കരുതി ആദരിച്ചിരുന്ന സമ്പ്രദായം ഭാരതത്തില്‍ മാത്രമല്ല ഇതരരാജ്യങ്ങളിലും അതിപ്രാചീന കാലത്തുതന്നെ ഉണ്ടായിരുന്നു എന്ന് അനുമാനിക്കാന്‍ തെളിവുകളുണ്ട്.
യാഗദീക്ഷിതന്‍മാര്‍ അഗ്നിഹോത്രം മുതല്‍ അശ്വമേധംവരെയുള്ള കര്‍മങ്ങളെ പല ദേവതകളെയും ഉദ്ദേശിച്ച് അഗ്നിമുഖാന്തിരം ചെയ്തുവരുന്നു. ചുരുക്കത്തില്‍ വര്‍ണാശ്രമികളുടെ ഗര്‍ഭാധാനം മുതല്‍ മരണംവരെയുള്ള മതാനുഷ്ഠാനപരമായ ജീവിതം അഗ്നിസാക്ഷികമായിട്ടാണ് നയിക്കപ്പെടുന്നത്. (നോ: അഗ്നിസാക്ഷികം). ഹിന്ദുക്കളില്‍ ബഹുഭൂരിപക്ഷവും അന്തിമദേഹസംസ്കാരം അഗ്നിയില്‍തന്നെ നടത്തുന്നു. ശൈവം, ശാക്തം, കൌമാരം, ഗാണപത്യം, വൈഷ്ണവം, സൌരം എന്നീ ആറുവിധം ദേവാരാധനാസമ്പ്രദായങ്ങളില്‍ നിരതരായ ഹിന്ദുക്കള്‍ അതാതു ദേവതകളെ ഉപാസിക്കുന്നത് അഗ്നിമുഖേനയാണ്. ഇതരരാജ്യക്കാര്‍ക്കും ഇപ്രകാരം ചില അനുഷ്ഠാനങ്ങളുണ്ടായിരുന്നതായി പറയപ്പെടുന്നു.
അഗ്നിപൂജ. അഗ്നിയെ ഇഷ്ടദേവതയായി കരുതി ചെയ്യുന്ന പൂജ. മറ്റു ദേവന്‍മാരെ ഉദ്ദേശിച്ച് അഗ്നിയില്‍ ചെയ്യുന്ന പൂജയില്‍നിന്ന് ഇത് വ്യത്യസ്തമാണ്. അഗ്നി സ്പര്‍ശിക്കുന്നതെന്തും പരിശുദ്ധമായിത്തീരുമെന്ന് വിശ്വസിക്കപ്പെടുന്നു. പാവകന്‍ മുതലായ പേരുകള്‍ ഈ ആശയത്തെ ഉള്‍ക്കൊള്ളുന്നു. വിവാഹാവസരങ്ങളില്‍ അഗ്നിയെ പൂജിക്കുക പതിവാണ്. മൃതശരീരത്തെ ദഹിപ്പിക്കുന്നതിനുവേണ്ടി അഗ്നിയെ ശ്മശാനത്തിലേക്ക് എടുത്തു കൊണ്ടുപോകുന്നു. സൂക്ഷ്മശരീരം ധൂമത്തിലൂടെ ഉയര്‍ന്നു സ്വര്‍ഗത്തിലെത്തുന്നു. തീയില്‍ തുപ്പുന്നതു നിഷിദ്ധമായ കര്‍മമായി പറഞ്ഞിട്ടുണ്ട്. ഭൂതപ്രേതാദിബാധകളില്‍ നിന്ന് മനുഷ്യരെയും ദേവന്‍മാരെയും രക്ഷിക്കുന്നത് അഗ്നിദേവനാണ്. പ്രണയികള്‍ ഇഷ്ടകാര്യസിദ്ധിക്ക് മാധ്യസ്ഥം വഹിക്കുവാന്‍ അഗ്നിദേവനോട് അപേക്ഷിക്കാറുണ്ടത്രെ. സ്ത്രീകള്‍ അഗ്നിയുടെ സ്വത്താണെന്ന് പറയപ്പെടുന്നു. ഓജസ്സു വര്‍ധിപ്പിക്കുവാന്‍ പുരുഷന്‍മാര്‍ അഗ്നിയെ ഉപാസിക്കുന്നു.
സരതുഷ്ടമതത്തിലും അഗ്നിയെ ദേവനായിക്കരുതി ആരാധിച്ചുവരുന്നുണ്ട്. മൃതശരീരത്തെ ദഹിപ്പിക്കുന്നതിന് അഗ്നിയെ ഉപയോഗിക്കുന്നതില്‍ ആ മതക്കാര്‍ തികച്ചും ഭിന്നാഭിപ്രായക്കാരാണ്. സ്വര്‍ഗത്തിലെ വെളിച്ചത്തിന്റെ ഭൂമിയിലുള്ള രൂപമായിട്ടാണ് അവര്‍ അഗ്നിയെ കരുതുന്നത്. സര്‍വജന്തുക്കളുടെയും ജീവന്‍ അഗ്നിയാണ്. അഹുരമസ്ദയുടെ പുത്രനാണ് അഗ്നി. മൃതശരീരമോ ചാണകമോ അഗ്നിയില്‍ നിക്ഷേപിക്കുന്നതു മരണശിക്ഷ വിധിക്കത്തക്കവണ്ണം വലിയ പാപമായി സരതുഷ്ട്രന്‍മാര്‍ കരുതുന്നു. എന്നാല്‍ അവരുടെ അഗ്നിസ്തുതികള്‍ക്കു ഹിന്ദുക്കളുടെ അഗ്നിപൂജയോടു സാദൃശ്യമുണ്ട്.
(എം.എച്ച്. ശാസ്ത്രികള്‍, വി.എസ്.വി. ഗുരുസ്വാമിശാസ്ത്രികള്‍)