This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായനാര്‍, ഇ.കെ. (1919 - 2004)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നായനാര്‍, ഇ.കെ. (1919 - 2004)= കേരളത്തിലെ കമ്യൂണിസ്റ്റു നേതാവും മുന്‍...)
അടുത്ത വ്യത്യാസം →

05:28, 22 ഡിസംബര്‍ 2010-നു നിലവിലുണ്ടായിരുന്ന രൂപം

നായനാര്‍, ഇ.കെ. (1919 - 2004)

കേരളത്തിലെ കമ്യൂണിസ്റ്റു നേതാവും മുന്‍മുഖ്യമന്ത്രിയും. മികവുറ്റ വാഗ്മിയും ഗ്രന്ഥകാരനും പത്രപ്രവര്‍ത്തകനും കൂടിയായിരുന്നു ഇദ്ദേഹം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്നിട്ടുള്ളത് നായനാരാണ്; പതിനൊന്നുവര്‍ഷക്കാലം. പ്രതിപക്ഷനേതാവ്, ലോകസഭാംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദീര്‍ഘകാലം കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. പിന്നീട് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമാവുകയും ചെയ്തു. നര്‍മബോധവും എല്ലാം വെട്ടിത്തുറന്നുപറയുന്ന പ്രകൃതവും നായനാരെ ജനപ്രിയ നേതാവാക്കി മാറ്റി.

കണ്ണൂരില്‍ കല്യാശ്ശേരിയിലെ പ്രസിദ്ധമായ ഏറമ്പാല തറവാട്ടില്‍ മൊറാഴ മഞ്ചേരി ഒതയോത്ത് വീട്ടില്‍ ഗോവിന്ദന്‍ നമ്പ്യാരുടെയും ഏറമ്പാല നാരായണിയമ്മയുടെയും മകനായി 1919 ഡി. 9-ന് ആയിരുന്നു ജനനം. ഏറമ്പാല കൃഷ്ണന്‍ നായനാര്‍ എന്നാണ് പൂര്‍ണനാമം. ചിറയ്ക്കല്‍ കോവിലകത്തിന്റെ സാമന്തപദവിയുണ്ടായിരുന്ന ഏറമ്പാല തറവാട് അന്ന് സമ്പത്സമൃദ്ധമായിരുന്നു. ചിറയ്ക്കല്‍ താലൂക്കിലെ ഏറ്റവും വലിയ ജന്മിമാരിലൊരാളായിരുന്ന കാരയ്ക്കാട്ടിടം നായനാരുടെ ഒന്നാം കാര്യസ്ഥനായിരുന്നു ഇദ്ദേഹത്തിന്റെ പിതാവായ ഗോവിന്ദന്‍ നമ്പ്യാര്‍. ഉന്നതകുടുംബത്തിലെ യാഥാസ്ഥിതികാന്തരീക്ഷത്തിലായിരുന്നു ജനിച്ചുവളര്‍ന്നതെങ്കിലും നായനാര്‍ പുരോഗമനാശയക്കാരനായിത്തീരുകയാണുണ്ടായത്.

ജന്മനാട്ടില്‍ത്തന്നെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലം മുതല്ക്കേ പൊതുപ്രവര്‍ത്തനങ്ങളില്‍ തത്പരനായിരുന്നു. സ്വാതന്ത്യ്രസമരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ സ്കൂളിലെ മറ്റുകുട്ടികള്‍ക്ക് നേതൃത്വം നല്കി. 1930-ല്‍ കല്യാശ്ശേരിയില്‍ ഉപ്പുസത്യാഗ്രഹ ജാഥയില്‍ പതിനൊന്നുവയസ്സുകാരനായ നായനാര്‍ പങ്കെടുത്തു. ബാലസംഘത്തിന്റെ ചിറയ്ക്കല്‍ താലൂക്ക് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയുണ്ടായി. പിന്നീട് യൂത്ത് ലീഗുമായി നായനാര്‍ അടുത്തബന്ധം പുലര്‍ത്തി. യൂത്ത്ലീഗിന്റെ കീഴില്‍ പ്രവര്‍ത്തിച്ചുവന്ന സ്റ്റഡിസെന്ററിലും നായനാര്‍ ഭാഗഭാക്കായി. സ്റ്റുഡന്‍സ് ഫെഡറേഷന്‍ രൂപപ്പെട്ടപ്പോള്‍ അതിന്റെ പ്രധാനപ്രവര്‍ത്തകനായി. കല്യാശ്ശേരിയില്‍ സാംസ്കാരികരംഗത്ത് ഏറെ ഉണര്‍വുണ്ടാക്കിയ ശ്രീ ഹര്‍ഷന്‍വായനശാലയുടെ സംഘാടനത്തിലും നായനാര്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

കല്യാശ്ശേരി ഹയര്‍ എലിമെന്ററി സ്കൂളിലെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1935-ല്‍ തളിപ്പറമ്പ് മുത്തേടത്ത് സ്കൂളില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ചേര്‍ന്നതോടെ വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ സജീവമായി പ്രവര്‍ത്തിക്കാനും തുടങ്ങി. അഖിലേന്ത്യാ വിദ്യാര്‍ഥി ഫെഡറേഷന്റെ കോഴിക്കോട്ടെയും പാലക്കാട്ടെയും സമ്മേളനകാലത്ത് (1937-39) സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു. സജീവരാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതോടെ ഇദ്ദേഹത്തിന് പഠനം ഉപേക്ഷിക്കേണ്ടതായി വന്നു.

കോണ്‍ഗ്രസ് പ്രവര്‍ത്തകനായി സജീവരാഷ്ട്രീയത്തില്‍ വന്ന നായനാര്‍ പാര്‍ട്ടിയുടെ കല്യാശ്ശേരി ഘടകത്തിന്റെ സെക്രട്ടറിയായി. പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റു പാര്‍ട്ടിയിലും കമ്യൂണിസ്റ്റു പാര്‍ട്ടിയിലും എത്തുകയുണ്ടായി. കര്‍ഷകരെയും തൊഴിലാളികളെയും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലും നായനാര്‍ ഏര്‍പ്പെട്ടിരുന്നു. 1940-ല്‍ കണ്ണൂരിലെ ആറോണ്‍ മില്ലിലെ സമരത്തിനു നേതൃത്വം കൊടുത്തതിലൂടെ അവിടത്തെ തൊഴിലാളിയൂണിയന്‍ സെക്രട്ടറിയായിരുന്ന നായനാരുടെ നേതൃപാടവം പ്രകടമായി. ഈ സമരത്തിലാണ് ഇദ്ദേഹം ആദ്യമായി അറസ്റ്റുചെയ്യപ്പെട്ടതും ജയില്‍ശിക്ഷ അനുഭവിച്ചതും. ആറുമാസത്തേക്കായിരുന്നു തടവുശിക്ഷ. മൊറാഴ സംഭവവുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്നപ്പോള്‍ കര്‍ഷകപ്രസ്ഥാനം സംഘടിപ്പിക്കുന്നതിലും കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് ശക്തമായ അടിത്തറ ഉണ്ടാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലും ഉത്സുകനായിരുന്നു. തുടര്‍ന്നിദ്ദേഹം ചരിത്രപ്രസിദ്ധമായ കയ്യൂര്‍ സമരത്തില്‍ പങ്കാളിയായി. 1941-ലെ കയ്യൂര്‍ സമരക്കേസില്‍ മൂന്നാംപ്രതി ആയതോടെ നായനാര്‍ക്ക്, ദീര്‍ഘകാലം ഒളിവില്‍ കഴിയേണ്ടിവന്നു. ഈ കേസിലെ മറ്റു പ്രതികളെ തൂക്കിക്കൊല്ലുകയായിരുന്നു. തെക്കന്‍ കേരളത്തിലായിരുന്നു ഒളിവുജീവിതത്തിലെ ഏറെക്കാലവും കഴിച്ചുകൂട്ടിയത്. ഇതിനിടെ കുറച്ചുകാലം കേരളകൌമുദി ദിനപത്രത്തില്‍ സുകുമാരനെന്ന പേരു സ്വീകരിച്ച് ജോലി നോക്കുകയും ചെയ്തു. ഒളിവുജീവിതകാലത്ത് ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം തുടങ്ങിയ ജില്ലകള്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനമേഖല ആയിരുന്നു. 1946 മുതലാണ് പരസ്യമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്. തുടര്‍ന്ന് ദേശാഭിമാനിയില്‍ പത്രാധിപസമിതി അംഗമായി പ്രവര്‍ത്തിച്ചുപോന്നു. 1948-ല്‍ കമ്യൂണിസ്റ്റുപാര്‍ട്ടി നിരോധിതമായതിനെത്തുടര്‍ന്ന് വീണ്ടും ഒളിവുജീവിതം നയിക്കേണ്ടിവന്നു.

1952-ല്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ചിറയ്ക്കല്‍ താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി. 1955 വരെ കണ്ണൂര്‍ താലൂക്ക് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 1956-ല്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയര്‍ന്നു. കല്യാശ്ശേരിയില്‍ സ്കൂള്‍ അധ്യാപികയായിരുന്ന ശാരദയെ നായനാര്‍ 1958-ല്‍ വിവാഹം കഴിച്ചു. ഇന്ത്യാ-ചൈനാ യുദ്ധപശ്ചാത്തലത്തില്‍ ഇദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു.

അവിഭക്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവിലും ദേശീയ കൗണ്‍സിലിലും നായനാര്‍ അംഗമായിരുന്നു. 1964-ല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി പിളര്‍ന്നപ്പോള്‍ നായനാര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)-ല്‍ നിലയുറപ്പിച്ചു. ഈ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്കും കേന്ദ്രകമ്മിറ്റിയിലേക്കും ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. പാര്‍ട്ടിയുടെ കോഴിക്കോട് ജില്ലാസെക്രട്ടറി സ്ഥാനത്ത് 1967 വരെ തുടരുകയുണ്ടായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നുമത്സരിച്ച് 1967-ല്‍ ലോക്സഭയിലെത്തിയ നായനാര്‍ മികച്ച പാര്‍ലമെന്റേറിയന്‍ എന്നു വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. 1971-ല്‍ കാസര്‍കോട്ടു നിന്നും മത്സരിച്ചെങ്കിലും തെരഞ്ഞെടുക്കപ്പെട്ടില്ല. 1974-ല്‍ ഇരിക്കൂര്‍ മണ്ഡലത്തില്‍ നിന്നും കേരള നിയമസഭാംഗമായി. സി.എച്ച്. കണാരന്‍ അന്തരിച്ചതിനെത്തുടര്‍ന്ന് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി. അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റുചെയ്യപ്പെടാതിരിക്കാനായി പാര്‍ട്ടി നിര്‍ദേശപ്രകാരം നായനാര്‍ ഒളിവില്‍പ്പോയി. 1980-ല്‍ മലമ്പുഴ നിയോജക മണ്ഡലത്തില്‍നിന്ന് നിയമസഭാംഗമായി. ഇതോടെ മുഖ്യമന്ത്രിയായി അധികാരത്തിലേറി. എന്നാല്‍ കേവലം 20 മാസം മാത്രം പിന്നിട്ടപ്പോള്‍ അന്നത്തെ കൂട്ടുകക്ഷി മന്ത്രസഭയിലെ രണ്ടു ഘടകകക്ഷികള്‍ പിന്തുണ പിന്‍വലിച്ചതോടെ നായനാര്‍ മന്ത്രിസഭ 1981 ഒ.-ല്‍ രാജിവച്ചു. 1982-ല്‍ മലമ്പുഴ നിന്നും വീണ്ടും മത്സരിച്ചു ജയിച്ച നായനാര്‍ പ്രതിപക്ഷ നേതാവായി.

നായനാര്‍ രണ്ടാമതുതവണ മുഖ്യമന്ത്രിയായത് 1987-ല്‍ ആയിരുന്നു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍നിന്നു മത്സരിച്ചു ജയിച്ചാണ് അക്കാലത്ത് നിയമസഭയിലെത്തിയത്. സംസ്ഥാനത്തെ പൊതുവിതരണസംവിധാനം ശക്തിപ്പെടുത്താനും കാര്‍ഷികവിളവില്‍ വര്‍ധനവ് ഉണ്ടാക്കാനും ജില്ലാ കൗണ്‍സിലുകളിലൂടെ അധികാരവികേന്ദ്രീകരണം നടപ്പിലാക്കുവാനും സംസ്ഥാനത്ത് സമ്പൂര്‍ണ സാക്ഷരത കൈവരിക്കുവാനും ഇക്കാലളവില്‍ സാധ്യമായി. അധികാരത്തിലെത്തി നാലുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ നിലവിലുണ്ടായിരുന്ന നിയമസഭ പിരിച്ചുവിട്ട് അപ്പോള്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനോടൊപ്പം കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പും നടത്തുകയുണ്ടായി. ഈ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സഖ്യത്തിന് മന്ത്രിസഭ ഉണ്ടാക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ല. 1991-ല്‍ വീണ്ടും തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട നായനാര്‍ പ്രതിപക്ഷനേതാവായി. തുടര്‍ന്ന് സി.പി.ഐ.(എം.)ന്റെ സെക്രട്ടറിയായി ചുമതലയേറ്റു. 1992-ല്‍ പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായി.

തുടര്‍ന്നു നടന്ന 1996-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നായനാര്‍ മത്സരിക്കുകയുണ്ടായില്ല. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനു ഭൂരിപക്ഷം ലഭിച്ചതോടെ നിയമസഭാംഗമായിരുന്നില്ലെങ്കിലും നായനാര്‍ക്ക് മുഖ്യമന്ത്രിയാകാന്‍ സാധിച്ചു. ഇതേത്തുടര്‍ന്ന് തലശ്ശേരിയില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് നിയമസഭാംഗമായി. മൂന്നാമതു തവണ കേരളമുഖ്യമന്ത്രിയാകാനുള്ള (19962001) അവസരം നായനാര്‍ക്കുണ്ടായി. സംസ്ഥാനത്തെ വികസന നയപരിപാടികളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന ജനകീയാസൂത്രണം നടപ്പിലാക്കപ്പെട്ടത് ഇക്കാലയളവിലായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍