This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നായ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നായ= Dog മാംസഭോജിയായ വളര്‍ത്തുമൃഗം. സസ്തനികളുടെ ഗോത്രമായ കാര്...)
അടുത്ത വ്യത്യാസം →

05:25, 22 ഡിസംബര്‍ 2010-നു നിലവിലുണ്ടായിരുന്ന രൂപം

ഉള്ളടക്കം

നായ

Dog

മാംസഭോജിയായ വളര്‍ത്തുമൃഗം. സസ്തനികളുടെ ഗോത്രമായ കാര്‍ണിവോറയിലെ കാനിഡെ എന്ന കുടംബത്തില്‍ ഉള്‍പ്പെടുന്നു. ശാ.നാ: കാനിസ് ഫെമിലിയാരിസ് (Canis familiaris) മനുഷ്യന്‍ മെരുക്കിവളര്‍ത്താന്‍ തുടങ്ങിയ മൃഗങ്ങളില്‍ ആദ്യത്തേതാണ് നായ എന്നുകരുതുന്നു.

ചരിത്രവും പരിണാമവും

മനുഷ്യനും നായ്ക്കളും തമ്മിലുള്ള ബന്ധത്തിന് മനുഷ്യചരിത്രത്തോളംതന്നെ പഴക്കമുണ്ട്. തുടക്കത്തില്‍ കേവലമൊരു കൂട്ടാളി മാത്രമായിരുന്നു നായ്ക്കള്‍. ക്രമേണ വിശ്വസ്തനായ കാവല്‍ക്കാരന്‍, കൂട്ടുകാരന്‍, അന്ധര്‍ക്ക് വഴികാട്ടി, വേട്ടയ്ക്ക് സഹായി, കുറ്റവാളികളെയും സ്ഫോടകവസ്തുക്കളെയും കണ്ടെത്താന്‍ സഹായിക്കുന്ന കുറ്റാന്വേഷകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിര്‍ണായകമായ സ്ഥാനം ഇവ നേടിക്കഴിഞ്ഞു. മനുഷ്യരുടെ സൌന്ദര്യബോധത്തിനും താത്പര്യങ്ങള്‍ക്കും വ്യത്യസ്തമായ ഉപയോഗങ്ങള്‍ക്കും അനുസൃതമായ വിവിധയിനം നായ വര്‍ഗങ്ങള്‍ ഇന്ന് നിലവിലുണ്ട്.

ഏകദേശം 40 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പുണ്ടായിരുന്ന മിയാസിസ് എന്ന മാംസഭോജിയായ സസ്തനിയാണ് നായയുടെ പ്രപൂര്‍വികന്‍ എന്നു കരുതപ്പെടുന്നു. ഇവയില്‍ നിന്നും പിന്നീട് സൈസോഡിക്റ്റിസ്, സൈനോഡെസ്മസ് എന്നീ ജിവിവിഭാഗങ്ങള്‍ പരിണമിച്ചു. ഏകദേശം അഞ്ച് ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പ്, സൈനോഡെസ്മസില്‍ നിന്നും വികാസം പ്രാപിച്ച റ്റോമാര്‍ക്ടസ് എന്ന ജന്തുവില്‍ നിന്നാണ് കാനിസ് എന്ന ജീനസ്സില്‍ ഉള്‍പ്പെട്ട നായ, കുറുക്കന്‍, ചെന്നായ് തുടങ്ങിയ ജന്തുക്കള്‍ പരിണമിച്ചതെന്നു കരുതപ്പെടുന്നു. ലോകപ്രശസ്ത ജന്തുശാസ്ത്രജ്ഞനായ ചാള്‍സ് ഡാര്‍വിന്റെ അഭിപ്രായത്തില്‍ ചെന്നായ് (കാനിസ് ലൂപസ്), സുവര്‍ണ ഊളന്‍ (കാനിസ് ഓറിയസ്) എന്നീ ജന്തുക്കളുടെ വര്‍ഗസങ്കരണ ഫലമായാണ് നായ ജന്മം കൊണ്ടത്.

ശരീരഘടന

മനുഷ്യന്റെ വ്യത്യസ്ത ആവശ്യങ്ങള്‍ക്കും അഭിരുചികള്‍ക്കും വേണ്ടിയും അല്ലാതെയും നടന്ന വര്‍ഗസങ്കരണത്തിലൂടെ സൃഷ്ടിക്കപ്പെട്ട നിരവധിയിനം നായകള്‍ ഇന്നുണ്ട്. ഓരോ ഇനം നായയും ആകൃതി, വലുപ്പം മറ്റു സ്വഭാവ സവിശേഷതകള്‍ എന്നിവയില്‍ വളരെയധികം വ്യത്യാസപ്പെട്ടിരിക്കുന്നു. എന്നാല്‍ വ്യത്യസ്ത ഇനത്തില്‍പ്പെട്ട നായകള്‍ക്ക് തമ്മില്‍ ഇണചേര്‍ന്ന് കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിനു കഴിയുന്നു.

വിവിധയിനം നായകള്‍ തമ്മില്‍ വലുപ്പത്തില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ട്. ഏറ്റവും ചെറിയ ഇനമായ ചിഹുവാഹയ്ക്ക് ഉദ്ദേശം 2 കി.ഗ്രാം ഭാരവും തോളറ്റം വരെ 13 സെ.മീ. ഉയരവും മാത്രമേയുള്ളൂ. 86 സെ.മീ. ഓളം ഉയരമുള്ള ഐറിഷ് വോള്‍ഫ് ഹണ്ടാണ് നായകളിലെ ഏറ്റവും ഉയരംകൂടിയ ഇനം. സെന്റ് ബര്‍ണാഡ് എന്ന ഇനം നായയ്ക്ക് 90 കി.ഗ്രാം വരെ ഭാരമുണ്ടാകാം.

മിക്ക നായകളുടെയും, ശരീരത്തില്‍ രണ്ടുതരം രോമാവരണങ്ങള്‍ കാണപ്പെടുന്നു. ബാഹ്യാവരണമായ സംരക്ഷണരോമങ്ങള്‍ക്ക് (guard hairs) പൊതുവേ നീളം കൂടുതലാണ്; ഉള്ളിലുള്ള മൃദുരോമങ്ങള്‍ക്ക് നീളം കുറവും. സംരക്ഷണ രോമങ്ങള്‍ നായകള്‍ക്ക് മഴ, മഞ്ഞ് തുടങ്ങിയവയില്‍നിന്നും സംരക്ഷണം നല്കുന്നു. ശരീരോഷ്മാവ് നിലനിര്‍ത്തുകയാണ് മൃദുരോമങ്ങളുടെ പ്രധാനധര്‍മം. മിക്ക ഇനം നായകളും, വസന്തകാലത്തിന്റെ അവസാനത്തോടെ മൃദുരോമങ്ങള്‍ പൊഴിച്ചുകളയുക പതിവാണ്. ശരത്കാലത്തോടെ വീണ്ടും പുതിയ രോമങ്ങള്‍ വളരുന്നു. രോമാവരണത്തിനു പുറമേ ഇവയുടെ മൂക്കിന് താഴെയായി നീളമുള്ള ബലമായ മേല്‍മീശയും കാണപ്പെടുന്നു. വളരെയധികം സംവേദനക്ഷമതയുള്ള ഇവ സ്പര്‍ശനാവയവമായി വര്‍ത്തിക്കുന്നു.

രോമാവരണത്തിന്റെ രൂപം, നീളം, നിറം എന്നിവ ഓരോ ഇനം നായകളിലും വ്യത്യസ്തമായിരിക്കും. ഉദാഹരണമായി പൂഡില്‍ ഇനത്തില്‍പ്പെട്ട നായകള്‍ക്ക് ചുരുണ്ട രോമങ്ങളാണുള്ളത്. എന്നാല്‍ ജര്‍മന്‍ ഷെപ്പേര്‍ഡ് എന്ന ഇനം നായ്ക്കള്‍ക്ക് നീണ്ടുനിവര്‍ന്ന രോമങ്ങളാണ്. ഒരേ ഇനത്തില്‍പ്പെട്ട നായകള്‍തന്നെ ചിലപ്പോള്‍ വ്യത്യസ്ത നിറങ്ങളിലും കാണപ്പെടാം. ഉദാഹരണമായി ലാബ്രഡോര്‍ റിട്രീവര്‍ എന്ന ഇനം കറുപ്പ്, മഞ്ഞ, തവിട്ട് എന്നീ നിറങ്ങളില്‍ കാണപ്പെടുന്നു.

അസ്ഥികൂടമാണ് നായയുടെ ശരീരഘടന നിര്‍ണയിക്കുന്നത്. നായകളുടെ ശരീരത്തില്‍ 320 അസ്ഥികളാണുള്ളത്. എന്നാല്‍ വാലിന്റെ നീളമനുസരിച്ച് അസ്ഥികളുടെ എണ്ണത്തില്‍ വ്യത്യാസം കാണപ്പെടുന്നു. ആണ്‍നായകള്‍ക്ക് ഒരു അസ്ഥി കൂടുതലാണ്. ഓസ് പെനിസ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ അസ്ഥി അവയുടെ ജനനേന്ദ്രിയത്തിലാണ് കാണപ്പെടുന്നത്. ഓരോ ഇനം നായയിലും അസ്ഥികളുടെ വലുപ്പത്തിലും ആകൃതിയിലും പ്രകടമായ വ്യത്യാസം കാണാം. ഉദാഹരണമായി, ബാസെറ്റ് ഹണ്ട് എന്ന ഇനം നായകളുടെ കാലില്‍ കനമുള്ള നീളം കുറഞ്ഞ അസ്ഥികള്‍ കാണപ്പെടുമ്പോള്‍, ഗ്രേഹണ്ട് എന്ന ഇനത്തിന്റെ കാലുകളില്‍ നീളംകൂടിയ അസ്ഥികളാണുള്ളത്.

തലയോടിന്റെ ആകൃതി നായയുടെ മുഖത്തിന്റെ രൂപം നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. തലയുടെ ഇരുവശത്തുമായുള്ള കണ്ണുകള്‍ മുന്നിലേക്ക് നോക്കുവാന്‍ സഹായിക്കുന്നു.

നായ്ക്കുട്ടിക്ക് ആദ്യം 28 പല്ലുകളാണുണ്ടാവുക. എന്നാല്‍ അഞ്ചു മാസം പ്രായമാകുമ്പോഴേക്കും ഇവ കൊഴിയുകയും ആ സ്ഥാനത്ത് പുതിയവ മുളയ്ക്കാന്‍ ആരംഭിക്കുകയും ചെയ്യും. പ്രായപൂര്‍ത്തിയായ നായ്ക്കളില്‍ ഏകദേശം 42 പല്ലുകള്‍ വരെ കാണപ്പെടുന്നുണ്ട്. ഉളിപ്പല്ലുകള്‍ (incisors) എന്നറിയപ്പെടുന്ന ചെറിയ പല്ലുകള്‍ (12 എണ്ണം) ഉപയോഗിച്ചാണ് നായകള്‍ ആഹാരം കടിച്ച് വായ്ക്കുള്ളിലാക്കുന്നത്. കൂര്‍ത്ത വലിയ നാല് കോമ്പല്ലുകള്‍ (canines) മാംസം കടിച്ചുകീറുന്നതിനും ചര്‍വണകം (molars), അഗ്രചര്‍വണകം (pre molars) എന്നീ പല്ലുകള്‍ ആഹാരം ചവച്ചരയ്ക്കുന്നതിനും സഹായിക്കുന്നു.

നായകളുടെ ഹൃദയം മിനിട്ടില്‍ 70 മുതല്‍ 120 വരെ പ്രാവശ്യം മിടിക്കാറുണ്ട്. 38.6ീഇ ആണ് ഇവയുടെ സാധാരണ ശരീരോഷ്മാവ്. വിയര്‍പ്പിലൂടെ ശരീരം തണുപ്പിക്കാന്‍ ഇവയ്ക്ക് കഴിയാറില്ല. പകരം, നാവ് പുറത്തേക്കിടുകയാണ് പതിവ്. അങ്ങനെ ചെയ്യുമ്പോള്‍ വായയ്ക്കുള്ളിലെ ജലം ബാഷ്പീകരിച്ചു പോകുകയും ശരീരം തണുക്കുകയും ചെയ്യുന്നു.

വിവിധയിനം നായകളില്‍ പാദങ്ങളുടെ ആകൃതി വ്യത്യസ്തമായിരിക്കും. ഉദാഹരണമായി ന്യൂ ഫൗണ്ട് ലാന്‍ഡ് നായയുടെ പാദങ്ങള്‍ ചര്‍മബന്ധിതമാണ്. നായയുടെ ഓരോ കാലിലും നാല് വിരലുകള്‍ വീതമാണുള്ളത്. ഇവ കൂടാതെ മുന്നിലുള്ള കാലുകളില്‍ ഡ്യൂക്ലാ (dew claw) എന്നു പേരുള്ള ഒരു വിരല്‍ കൂടിയുണ്ടാകും. ഇത് തറനിരപ്പില്‍ നിന്നും അല്പം ഉയര്‍ന്നു നില്‍ക്കുന്നു. നായയുടെ വിരലുകളില്‍ കൂര്‍ത്ത നഖങ്ങളുണ്ടെങ്കിലും ഇവയ്ക്ക് പൂച്ചയെപ്പോലെ നഖങ്ങള്‍ ഉള്ളിലേക്ക് വലിക്കാന്‍ കഴിയില്ല.

സംവേദനശേഷി

നായയുടെ ഏറ്റവും വലിയ പ്രത്യേകത, അവയുടെ അപാരമായ ഘ്രാണശക്തിയാണ്. മനുഷ്യനെക്കാള്‍ ഏകദേശം 100 മടങ്ങ് കൂടുതലാണ് ഇവയുടെ ഘ്രാണ ശക്തി. മൂക്കിന് ഉള്‍ഭാഗത്തായുള്ള ഒരു ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഒരു പ്രത്യേക ദ്രാവകം നായയുടെ മൂക്കിന്റെ അഗ്രഭാഗത്തെ എപ്പോഴും ഈര്‍പ്പഭരിതമാകുന്നു. തത്ഫലമായി ഇവയ്ക്കു വളരെപ്പെട്ടെന്ന് ഗന്ധം തിരിച്ചറിയാന്‍ കഴിയുന്നു. കൂടാതെ നായയുടെ മേല്‍മീശ കാറ്റിന്റെ ദിശയറിയുന്നതിനും, അതുവഴി ഗന്ധം വരുന്ന ദിശ മനസ്സിലാക്കുന്നതിനും ഇവയെ സഹായിക്കുന്നു.

കേള്‍വിശക്തിയുടെ കാര്യത്തിലും നായകള്‍, മനുഷ്യരെക്കാള്‍ മുന്നിലാണ്. വളരെ ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദങ്ങള്‍, പ്രത്യേകിച്ചും വളരെ ദൂരെ നിന്നുള്ള ശബ്ദങ്ങള്‍ പോലും കേള്‍ക്കാനും തിരിച്ചറിയാനും ഇവയ്ക്കു സാധിക്കും. സ്വതന്ത്ര ചലനശേഷിയുള്ള ചെവികളാകട്ടെ വളരെ നേരിയ ശബ്ദത്തിന്റെ പോലും സ്രോതസ്സ് തിരിച്ചറിയാന്‍ നായയെ സഹായിക്കുന്നു.

നായകള്‍ക്ക് പൊതുവേ കാഴ്ചശക്തി കുറവാണ്. എന്നാല്‍ രാത്രിയില്‍ ഇവയുടെ കാഴ്ചശക്തി മനുഷ്യരെക്കാള്‍ കൂടുതലായിരിക്കും. വിദൂരത്ത് ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളെ കാണാനും അവയുടെ സ്ഥാനം നിര്‍ണയിക്കാനും നായകള്‍ക്ക് കഴിയും. അതുകൊണ്ടുതന്നെ നായാട്ടിന് ഇവ വളരെയേറെ പ്രയോജനപ്രദമാണ്. എന്നാല്‍ നായകള്‍ക്ക് ചെറിയ തോതിലുള്ള വര്‍ണാന്ധതയുണ്ട്.

ആശയ വിനിമയം

ശബ്ദം, അംഗചലനങ്ങള്‍, ശരീരത്തില്‍ നിന്നുത്പാദിപ്പിക്കുന്ന രാസവസ്തുക്കള്‍ എന്നിവയിലൂടെയാണ് സാധാരണയായി, നായ്ക്കള്‍ ആശയവിനിമയം നടത്തുന്നത്. കുരയ്ക്കല്‍, ഓരിയിടല്‍, മോങ്ങല്‍ തുടങ്ങിയ നിരവധി ശബ്ദഭേദങ്ങളിലൂടെ ഇവ മറ്റു നായകളുമായി ആശയവിനിമയം നടത്തുന്നു. ചിലപ്പോള്‍ വാല്‍ ചലിപ്പിച്ചും, ചെവി ഉയര്‍ത്തിയും പ്രത്യേക മുഖഭാവങ്ങളിലൂടെയും ഇവ സന്ദേശങ്ങള്‍ കൈമാറാറുണ്ട്. മറ്റു ചില അവസരങ്ങളില്‍ ശരീര സ്രവങ്ങളിലൂടെയും ആശയവിനിമയം നടത്തും. ഉദാഹരണമായി, ഒരു നായ ഭയചകിതനാകുന്ന അവസരത്തില്‍, അതിന്റെ ഗുദഭാഗത്തുള്ള ഗ്രന്ഥി ഒരു പ്രത്യേകതരം രാസവസ്തു പുറപ്പെടുവിക്കുന്നു. പെണ്‍നായ, പുറപ്പെടുവിക്കുന്ന ഫിറമോണ്‍ ഇണയെ ക്ഷണിക്കുന്നതിന് ഉപയുക്തമാണ്. മൂത്രത്തിന്റെ ഗന്ധമനുസരിച്ചാണ് ഓരോ നായയും മറ്റു നായകളുടെ വിഹാര മണ്ഡലത്തിന്റെ അതിര്‍വരമ്പ് തിരിച്ചറിയുന്നത്.

പ്രത്യുത്പാദനം

ഒരു വയസ്സുള്ള പ്രായപൂര്‍ത്തിയായ ആണ്‍നായ, ഇണചേരുന്നതിന് സദാ സന്നദ്ധനായിരിക്കും. എന്നാല്‍ പെണ്‍നായ വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം മാത്രമേ മദിലക്ഷണം കാണിക്കുന്നുള്ളൂ. മദിചക്രാരംഭത്തില്‍ യോനീഭാഗം തടിച്ച് വീര്‍ത്തിരിക്കും. ഇവ രക്തം കലര്‍ന്ന ഒരു സ്രവം ഈ സമയത്തു പുറപ്പെടുവിക്കും. ഇതിനുശേഷം 9-12 ദിവസം കഴിയുമ്പോള്‍ രക്തസ്രാവം കുറഞ്ഞ് പകരം ജലാംശം കൂടുതലായി തോന്നുന്ന സ്രവം കാണാം. ഫിറമോണ്‍ എന്നറിയപ്പെടുന്ന ഈ സ്രവം, ആണ്‍നായകളെ ആകര്‍ഷിക്കുന്നതിനുപയോഗിക്കുന്നു. പെണ്‍നായ വാല്‍ ഒരു വശത്തേക്ക് മാറ്റിപ്പിടിച്ചോ ഉയര്‍ത്തിയോ ഒരു പ്രത്യേകതരത്തില്‍ നില്‍ക്കും. ഇണചേരാന്‍ സന്നദ്ധയായതിന്റെ ബാഹ്യലക്ഷണമാണിത്.

ഏകദേശം 9 ആഴ്ചയാണ് നായയുടെ ഗര്‍ഭകാലം. ഒരു പ്രസവത്തില്‍ ഏകദേശം 4-6 നായ്ക്കുട്ടികളുണ്ടാകും. 20-60 മിനിട്ട് ഇടവേളകളിലാണ് ഓരോ നായ്കുട്ടിയേയും പ്രസവിക്കുന്നത്. പ്രസവിച്ച ഉടനെതന്നെ കുട്ടിയുടെ പൊക്കിള്‍ക്കൊടി നായ കടിച്ചുമുറിക്കുകയും നായ്ക്കുട്ടിയെ നന്നായി നക്കിത്തുടച്ച് വൃത്തിയാക്കുകയും ചെയ്യുന്നു. പ്രസവാനന്തരം പുറത്തുവരുന്ന മറുപിള്ളയെ നായ ഭക്ഷിക്കുന്നു.

ജനിച്ച്, ഏകദേശം 15 ദിവസം കഴിയുമ്പോള്‍ മാത്രമേ നായ്ക്കുട്ടികളുടെ കണ്ണും ചെവിയും തുറക്കുകയുള്ളൂ. അതുവരെ സ്പര്‍ശനത്തിലൂടെയും ഗന്ധത്തിലൂടെയും ഇവ ചുറ്റുപാടുമുള്ള വസ്തുക്കളെ തിരിച്ചറിയുന്നു. മൂന്നാഴ്ചകഴിയുമ്പോഴേക്കും നായ്ക്കുട്ടികള്‍ വെളിച്ചം, ശബ്ദം എന്നിവയോട് പ്രതികരിക്കാനും നടക്കാനും തുടങ്ങുന്നു. ഏകദേശം അഞ്ച് ആഴ്ച കഴിയുമ്പോള്‍ പാല്‍പ്പല്ലുകള്‍ മുഴുവനും പ്രത്യക്ഷപ്പെടുന്നു. ആറ് ആഴ്ചവരെ തള്ളനായ കുഞ്ഞുങ്ങളെ മുലയൂട്ടാറുണ്ട്.

വിവിധ തരം നായകള്‍

ഇന്ന് ലോകത്ത് നിരവധി ഇനം നായകള്‍ ഉണ്ട്. രൂപഭംഗി, സ്വഭാവസവിശേഷതകള്‍ എന്നിവയ്ക്ക് വേണ്ടി മനുഷ്യര്‍ നായകളെ വര്‍ഗസങ്കരണം നടത്തിയതിന്റെ ഫലമായി നൂറിലധികം ഇനങ്ങളില്‍പ്പെട്ട നായ്ക്കള്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. നായകളുടെ ഇനം തിരിച്ചുള്ള വര്‍ഗീകരണം വളരെ പ്രയാസമേറിയ ഒരു സമസ്യയാണ്. എന്നാല്‍ ഉപയോഗമനുസരിച്ച് നായകളെ വ്യത്യസ്ത തരങ്ങളായി വര്‍ഗീകരിച്ചിരിക്കുന്നു. അമേരിക്കന്‍ കെന്നല്‍ ക്ളബ്ബിന്റെ വര്‍ഗീകരണമനുസരിച്ച് നായകളെ പ്രധാനമായും ആറായി തരം തിരിച്ചിരിക്കാം.

1. കേളീനായകള്‍ (sporting dogs). ഉടമസ്ഥന്‍ വെടിവച്ച് വീഴ്ത്തുന്ന പക്ഷികളെയും മറ്റും തിരഞ്ഞുപിടിച്ച് ഉടമസ്ഥന്റെ അടുത്തുകൊണ്ടുവരാന്‍ പരിശീലനം ലഭിച്ച നായ്ക്കളാണ് ഇക്കൂട്ടത്തില്‍പ്പെടുന്നവ. നായാട്ടിന് ഇവയാണ് കൂടുതല്‍ പ്രയോജനപ്രദം. പോയിന്റേര്‍സ,് സേറ്റേര്‍സ്, റിട്രീവേര്‍സ്, സ്പാനിയേല്‍സ് എന്നീ ഇനം നായകള്‍ ഈ വിഭാഗത്തില്‍പ്പെടുന്നവയ്ക്ക് ഉദാഹരണങ്ങളാണ്. പോയിന്ററുകള്‍ക്ക് അന്തരീക്ഷ വായുവില്‍ നിന്നും പക്ഷികളുടെ ഗന്ധം തിരിച്ചറിഞ്ഞ് അവ ഇരിക്കുന്ന ദിശ ഉടമസ്ഥന് കാട്ടിക്കൊടുക്കാനുള്ള കഴിവുണ്ട്. റിട്രീവറുകള്‍, വെടികൊണ്ട് വെള്ളത്തില്‍ വീഴുന്ന പക്ഷികളെയും മറ്റും കരയ്ക്കെത്തിക്കുന്നു. എന്നാല്‍ സ്പാനിയലുകളാകട്ടെ കുറ്റിച്ചെടികള്‍ക്കിടയിലും മറ്റും ഒളിച്ചിരിക്കുന്ന പക്ഷികളെ ഭയപ്പെടുത്തി പുറത്തുകൊണ്ടുവരാന്‍ സഹായിക്കുന്നു.

2. വേട്ടനായ്ക്കള്‍ (Hounds). ഏകദേശം ഇരുപതോളം ഇനത്തില്‍പ്പെട്ട വേട്ടനായ്ക്കളുണ്ട്. ചിലയിനം വേട്ടനായ്ക്കള്‍ ജന്തുക്കളുടെ ഗന്ധം തിരിച്ചറിഞ്ഞ് അവയെ പിന്തുടരുന്നു (ഉദാ. ബാസെറ്റ് ഹണ്ട്, ബീഗിള്‍, ബ്ളഡ്ഹണ്ട്, ഫോക്സ്ഹണ്ട്, ഡാഷ്ഹണ്ട് തുടങ്ങിയവ). മറ്റു ചിലയിനം വേട്ടനായ്ക്കള്‍, കാഴ്ചശക്തി ഉപയോഗിച്ചാണ് ജന്തുക്കളെ പിന്തുടരുന്നത് (ഉദാ. അഫ്ഗാന്‍ ഹണ്ട്, റഷ്യന്‍ വോള്‍ഫ് ഹണ്ട്, സലൂക്കി തുടങ്ങിയവ). അതിവേഗം ജന്തുക്കളെ പിന്തുടര്‍ന്ന് അവയെ കീഴ്പ്പെടുത്താനുള്ള കഴിവാണ് വേട്ടനായ്ക്കളുടെ മുഖ്യസവിശേഷത. ശക്തിയേറിയ വാരിയെല്ലുകളും ഇടുപ്പും ദൃഢമായ മാംസപേശികളും ഇവയുടെ വേഗത വര്‍ധിപ്പിക്കുന്നു.

3. തൊഴില്‍ നായ്ക്കള്‍ (Working dogs). മനുഷ്യന് പ്രയോജനകരമായ നിരവധി ജോലികള്‍ ചെയ്യാന്‍ കഴിവുള്ളവയാണ് ഇവ. ചിലയിനം നായകള്‍ക്ക് കന്നുകാലികളെയും ചെമ്മരിയാടുകളെയും മറ്റും തീറ്റയ്ക്കായി മേച്ചില്‍ പുറങ്ങളിലേക്ക് കൊണ്ടുപോകാനും സുരക്ഷിതമായി മടക്കിക്കൊണ്ടുവരാനും കഴിവുണ്ട് (ഉദാ. കോളീ, ആസ്റ്റ്രേലിയന്‍ കാറ്റില്‍ നായ എന്നിവ). ബുദ്ധിശക്തി, ആരോഗ്യം, വേഗത എന്നിവയില്‍ മറ്റു നായകളെക്കാള്‍ ഇവ മുന്നിലാണ്.

വീടുകളും മറ്റ് വിലയേറിയ വസ്തുക്കളും സംരക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന നായ്ക്കളാണ് കാവല്‍നായ്ക്കള്‍. വലുപ്പത്തിലും, ശാരീരിക ശക്തിയിലും മുന്നില്‍ നില്‍ക്കുന്ന ഈ ഇനത്തില്‍ ജര്‍മന്‍ ഷെപ്പേര്‍ഡുകളാണ് ഏറ്റവും ശ്രദ്ധേയം.

തൊഴില്‍ നായ്ക്കളില്‍, ബുദ്ധിശക്തിയും വിശ്വാസ്യതയും ഏറ്റവും കൂടുതലുള്ള ചിലയിനം നായ്ക്കളെ പോലീസ് നായ്ക്കളായി ഉപയോഗിക്കുന്നു. ചിട്ടയായ പരിശീലനം ഇവയ്ക്കാവശ്യമാണ്. അല്‍സേഷ്യന്‍, ഡോബര്‍മാന്‍, പിന്‍ഷര്‍ എന്നീ ഇനത്തില്‍പ്പെട്ട നായ്ക്കളാണ് പോലീസ് സേവനത്തിനായി പൊതുവേ തിരഞ്ഞെടുക്കപ്പെടുന്നത്.

അന്ധരുടെ വഴികാട്ടി എന്ന നിലയില്‍ ശ്രദ്ധേയമാണ് ബോക്സര്‍ ഇനത്തില്‍പ്പെട്ടവ.

ധ്രുവപ്രദേശങ്ങളില്‍ സ്ളെഡ്ജ് എന്ന വാഹനം വലിക്കുന്നതിനുപയോഗിക്കുന്ന നായകളാണ് സാമോഡെയ്, സൈബീരിയന്‍ ഹസ്കി തുടങ്ങിയവ. വലുപ്പം കുറഞ്ഞ ഈ ഇനങ്ങളുടെ മാറിടത്തിലെ പേശികള്‍ കരുത്തുറ്റതാണ്. തണുപ്പില്‍ നിന്നും സംരക്ഷണം നല്കാന്‍ കഴിയുംവിധമുള്ള കട്ടിരോമാവരണമാണ് ഇവയുടെ മറ്റൊരു പ്രത്യേകത. മഞ്ഞില്‍ അകപ്പെട്ടുപോകുന്ന ആളുകളെ രക്ഷിക്കാന്‍ സെന്റ് ബര്‍ണാഡ്, ന്യൂ ഫൗണ്ട് ലാന്‍ഡ് എന്നീയിനം നായകള്‍ക്ക് കഴിവുണ്ട്.

4. ടെറിയേര്‍സ് (Terriers). മാളങ്ങളില്‍ ഒളിച്ചിരിക്കുന്ന ചെറിയ ജന്തുക്കളെ കണ്ടുപിടിച്ച് പുറത്തുകൊണ്ടുവരുന്നതിന് വേണ്ടി ഉപയോഗിക്കുന്ന നായ്ക്കളാണ് ടെറിയറുകള്‍. ശക്തിയേറിയ മാംസപേശികളോട് കൂടിയ ഇവയുടെ ശരീരം പരുത്ത രോമാവരണത്താല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഇവയില്‍ ചിലയിനങ്ങള്‍ക്ക് കട്ടിയുള്ള താടിരോമങ്ങളും ഉണ്ടായിരിക്കും. ഇവയുടെ ജന്മദേശം ഇംഗ്ളണ്ടാണ്. സ്കോട്ട് ടെറിയര്‍, മാന്‍ചെസ്റ്റര്‍ ടെറിയര്‍, ഐറിഷ് ടെറിയര്‍ എന്നിവ ഉദാഹരണങ്ങളാണ്.

5. ഓമനനായ്ക്കള്‍ (Toy dogs). വീടുകളില്‍ ഓമനമൃഗമായി വളര്‍ത്തുന്ന ഇനങ്ങളാണിവ. യോര്‍ക്ക്ഷെയര്‍ ടെറിയര്‍ എന്ന ഇനമാണ് ഇവയില്‍ ഏറ്റവും ശ്രദ്ധേയന്‍. മിനുസമുള്ളതും നീണ്ടുനിവര്‍ന്നതുമായ രോമാവരണമാണിവയുടെ മുഖ്യസവിശേഷത. ഈ ഇനത്തില്‍പ്പെട്ട മിക്ക നായ്ക്കള്‍ക്കും വലുപ്പം നന്നേ കുറവായിരിക്കും. പോമറേനിയന്‍, പഗ്, മാള്‍ട്ടീസ്, പെകിംഗിസ്, ചിഹുവാഹ എന്നിവയാണ് ഈ വിഭാഗത്തിലെ പ്രധാന ഇനങ്ങള്‍. കൃത്യമായും ഓമന നായ്ക്കളിലുള്‍പ്പെടാത്ത, എന്നാല്‍ ഓമനിച്ചുതന്നെ വളര്‍ത്തപ്പെടുന്ന വേറെയും നായ്ക്കളുണ്ട്. ഇവ നോണ്‍സ്പോര്‍ട്ടിങ് ഡോഗ്സ് എന്നറിയപ്പെടുന്നു. ഇവയ്ക്കു പൊതുവേ ഓമന നായ്ക്കളുടെയത്ര ആകര്‍ഷണീയത ഉണ്ടായിരിക്കില്ല. പൂഡില്‍, ഡാല്‍മേഷ്യന്‍, ബുള്‍ഡോഗ് എന്നിവയാണ് ഇതിലെ പ്രധാന ഇനങ്ങള്‍.

നായപരിപാലനം

ഒരു നായ്ക്കുട്ടിയെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് അതിനെപ്പറ്റി വ്യക്തമായ ഒരു ധാരണയുണ്ടായിരിക്കണം. ഒരു കാവല്‍ നായയാണോ, അതോ ഒരു കൂട്ടാളിയാണോ അല്ലെങ്കില്‍ കുട്ടികള്‍ക്ക് ഒരു ഓമന മൃഗമാണോ ഉദ്ദേശിക്കുന്നത് എന്ന് തീരുമാനിക്കണം. വളര്‍ത്താനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ പ്രത്യേകതകളും പരിഗണിക്കണം. കൂടുതല്‍ വ്യായാമം ആവശ്യമുള്ള വലിയ ജനുസ്സുകള്‍ക്ക് ധാരാളം സ്ഥലം വേണം. അതിനാല്‍ സ്വന്തമായ സ്ഥലവും വീടും ഉള്ളവര്‍ക്കേ ഇവയെ വളര്‍ത്താനാകൂ. തൊട്ടുതൊട്ടുള്ള വീടുകളിലോ ഫ്ലാറ്റുകളിലോ താമസിക്കുന്നവര്‍ക്ക് താരതമ്യേന കുറഞ്ഞ സ്ഥലസൌകര്യം മതിയായ ചെറിയ ജനുസ്സുകളാണ് ഉത്തമം. കുടുംബത്തിലെ മറ്റംഗങ്ങളുടെയും അയല്‍ക്കാരുടെയും മനോഭാവം കൂടി കണക്കിലെടുത്തുവേണം ഇവയെ തിരഞ്ഞെടുക്കാന്‍.

ജനിച്ച് ഏകദേശം എട്ട് ആഴ്ച പ്രായമാകുമ്പോള്‍ ഏടുക്കുന്നതാണ് ഏറ്റവും അനുയോജ്യം. നല്ല ആരോഗ്യവും ചുറുചുറുക്കുമുള്ള നായ്ക്കുട്ടിയെ വേണം തിരഞ്ഞെടുക്കുവാന്‍. നായ്ക്കുട്ടിക്ക് ജനിതക വൈകല്യങ്ങള്‍, മറ്റു രോഗങ്ങള്‍ എന്നിവ ഉണ്ടോയെന്ന് പരിശോധിക്കണം. കണ്ണില്‍ നിന്നും മൂക്കില്‍ നിന്നും അസാധാരണ സ്രവങ്ങള്‍ ഉള്ളവയെ ഒഴിവാക്കുക. വിടര്‍ന്ന കണ്ണുകള്‍, മാര്‍ദവമേറിയ ചര്‍മം, സദാ പ്രവര്‍ത്തനിരതമായ സ്വഭാവം എന്നിവ ആരോഗ്യത്തിന്റെ ലക്ഷണങ്ങളാണ്. നായ്ക്കുട്ടിയെ അതിന്റെ അമ്മയില്‍ നിന്നും മാറ്റിക്കൊണ്ടുവന്നശേഷം അമിതമായി ഭക്ഷണം കൊടുക്കുന്നത് ഒഴിവാക്കണം. എളുപ്പത്തില്‍ ദഹിക്കുന്നതും പോഷകമൂല്യങ്ങളുള്ളതുമായ ഭക്ഷണം കൊടുക്കണം.

ജനിച്ച് 12-14 ദിവസത്തിനുള്ളില്‍ നായ്ക്കുട്ടി കണ്ണുതുറക്കുന്നു. മൂന്ന് ആഴ്ചവരെ തള്ളയുടെ പാല്‍ മാത്രം നല്കിയാല്‍ മതിയാകും. അതിനുശേഷം പശുവിന്‍ പാല്‍ കൂടി നല്കണം. അഞ്ച് ആഴ്ച പ്രായമെത്തിയാല്‍ പാലിനോടൊപ്പം വേവിച്ച മാംസക്കഷണങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഒരു മാസം പ്രായമുള്ള നായ്ക്കുട്ടിക്ക് ദിവസം 6 പ്രാവശ്യമെങ്കിലും ഭക്ഷണം നല്കണം. ക്രമേണ ഭക്ഷണത്തിന്റെ തവണകള്‍ കുറച്ച് ആറ് മാസം പ്രായമാകുമ്പോഴേക്കും ദിവസത്തില്‍ മുഖ്യഭക്ഷണം ഒരു പ്രാവശ്യം എന്ന തോതിലാക്കണം. വീട്ടില്‍ ഉണ്ടാക്കുന്ന ഏതു ഭക്ഷണവും നായ്ക്കള്‍ക്കും കൊടുത്ത് ശീലിപ്പിക്കുന്നത് നന്നായിരിക്കും.

ജനിച്ച് നാല് ആഴ്ച പ്രായമാകുമ്പോള്‍ വിരമരുന്ന് ആദ്യഡോസ് നല്‍കണം. തുടര്‍ന്ന് എല്ലാ മാസവും വിരമരുന്ന് നല്കണം. ഒരു വയസ്സിനുമേല്‍ പ്രായമായാല്‍ മൂന്നു മാസത്തില്‍ ഒരിക്കല്‍ വിരമരുന്ന് നല്കിയാല്‍ മതിയാകും.

തള്ളയില്‍ നിന്നും വേര്‍പെടുത്തി കൊണ്ടുവരുന്ന നായ്ക്കുട്ടിയെ വീട്ടിനുള്ളില്‍ ഒരു ഹാര്‍ഡ്ബോര്‍ഡ് പെട്ടിക്കുള്ളില്‍ പഴയ കമ്പിളിയോ, തുണിയോ വിരിച്ച് കിടത്താം. തള്ളയുടെ ശരീരതാപത്തിന് തുല്യമായ ഊഷ്മാവ് ലഭിക്കുന്നതിന് ഒരു വാട്ടര്‍ബാഗോ, കുപ്പിയോ, ചൂടുവെള്ളം നിറച്ച് തുണികൊണ്ട് പൊതിഞ്ഞ് നായ്ക്കുട്ടിയുടെ അടുത്തുവയ്ക്കുന്നത് നന്നായിരിക്കും. വീട്ടിനുള്ളില്‍ മലമൂത്ര വിസര്‍ജനം നടത്താതിരിക്കുന്നതിനു പരിശീലിപ്പിക്കണം. ഓരോ ഭക്ഷണത്തിനുശേഷവും പുറത്തെടുത്തു കൊണ്ടുപോയി അല്പം ഓടാന്‍ അനുവദിച്ചാല്‍ നായ്ക്കുട്ടി പുറത്തുതന്നെ വിസര്‍ജ്ജനം നടത്തും. സ്നേഹത്തോടെയും ക്ഷമയോടെയും ഉള്ള ലാളനം ആഗ്രഹിക്കുന്നവരാണ് നായകള്‍. അതിനാല്‍ ദിവസവും കുറച്ചു സമയമെങ്കിലും നായകളോടൊപ്പം ചെലവഴിക്കണം.നായ്ക്കുട്ടികളെ കുളിപ്പിക്കേണ്ടതില്ല. മൃദുവായ ഒരു ബോഡിബ്രഷുകൊണ്ട് ശരീരം ദിവസവും ബ്രഷ് ചെയ്താല്‍ മതിയാകും.

1. ഭക്ഷണക്രമം. നായകള്‍ക്ക് മാംസം കൊടുക്കുമ്പോള്‍ അധികം കൊഴുപ്പില്ലാതെ നല്ല മാംസം വേവിച്ചുകൊടുക്കണം. നായകളുടെ ഭക്ഷണത്തില്‍ 30 ശ.മാ. മാംസം ഉള്‍പ്പെടുത്തണം. ആറ് മാസം പ്രായം വരെ ചോറ് ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താതിരിക്കുന്നതാണ് നല്ലത്. വയര്‍ചാടി രൂപഭംഗി കുറയാതിരിക്കാന്‍ ഇതു സഹായിക്കും. വേവിച്ച പച്ചക്കറികള്‍, മുട്ട, റവ, ധാന്യപ്പൊടികള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വളരുന്ന പ്രായത്തിലുള്ള നായകള്‍ക്ക് ഭക്ഷണത്തോടൊപ്പം ധാതുമിശ്രണങ്ങളും വിറ്റാമിനുകളും നല്കേണ്ടതാണ്.

2. പാര്‍പ്പിട സൗകര്യം. നായയെ വീടിനകത്ത് സര്‍വസ്വാതന്ത്യ്രത്തോടെ വളര്‍ത്തുകയോ പുറത്ത് കൂടിനകത്ത് വളര്‍ത്തുകയോ ചെയ്യാം. നായയ്ക്ക് സ്വതന്ത്രമായി നിന്നു തിരിയാനും, അത്യാവശ്യം നടക്കാനും തക്ക വലുപ്പത്തിലുള്ളതാകണം കൂടുകള്‍. നായയ്ക്ക് ഗേറ്റിലേക്കും വീട്ടിലേക്കും അനായാസേന നോട്ടമെത്തുന്ന സ്ഥലത്തായിരിക്കണം കൂട് പണിയേണ്ടത്.

3. വ്യായാമം. എല്ലാ നായകള്‍ക്കും വ്യായാമം ആവശ്യമാണ്. വേട്ടപ്പട്ടികളുടെ ഗണത്തില്‍ പെടുന്നവയ്ക്ക് നല്ലവണ്ണം ഓടുന്നതിനുള്ള സാഹചര്യം ഉണ്ടാക്കേണ്ടതാണ്. എന്നാല്‍ മാത്രമേ ഇവയുടെ കരുത്തുറ്റ ശരീരഘടന ശരിക്കും ആകര്‍ഷണീയമായി തീരുകയുള്ളു. ഗര്‍ഭിണിയായിരിക്കുമ്പോഴും പ്രസവിച്ചുകിടക്കുന്ന അവസരങ്ങളിലും ഇവയെ വ്യായാമത്തിനുവേണ്ടി ഓടിക്കേണ്ടതില്ല.

4. സൗന്ദര്യ വര്‍ധക ശസ്ത്രക്രിയകള്‍. ഡോബര്‍മാന്‍, ബോക്സര്‍ തുടങ്ങിയ ഇനങ്ങളുടെ വാല്‍മുറിച്ചു കളയുന്നത് ഇവയെ കൂടുതല്‍ അഴകുറ്റതാക്കുന്നു എന്നാണ് പരക്കെയുള്ള വിശ്വാസം. ശൈശവ ദശയില്‍ത്തന്നെ ഇതുചെയ്യുന്നതാണ് ഉത്തമം. കൈകാലുകളിലെ നഖങ്ങള്‍ മുറിച്ചുമാറ്റുന്നതും ചില ജനുസ്സുകളില്‍ ചെയ്തുവരുന്നുണ്ട്. ഡോബര്‍മാന്‍ , ബോക്സര്‍, ഗ്രെയ്റ്റ് ഡെയിന്‍ എന്നിവയുടെ മടങ്ങിക്കിടക്കുന്ന ചെവി നിവര്‍ന്നു നില്ക്കുന്നതാണ് കൂടുതല്‍ ഭംഗി എന്ന് പല ഉടമസ്ഥരും വിശ്വസിക്കുന്നു. നിശ്ചിത പ്രായത്തില്‍ത്തന്നെ ഈ ശസ്ത്രക്രിയയും ചെയ്യണം.

പ്രധാന രോഗങ്ങള്‍

നായകളില്‍ പലതരം രോഗങ്ങള്‍ കണ്ടുവരുന്നു. വൈറസ്, ബാക്ടീരിയ, പ്രോട്ടോസോവ തുടങ്ങിയ സൂക്ഷ്മാണുക്കള്‍ മൂലമുണ്ടാകുന്ന സാംക്രമികരോഗങ്ങള്‍, പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന രോഗങ്ങള്‍, ബാഹ്യവും ആന്തരികവുമായ പരാദങ്ങള്‍ ഉണ്ടാക്കുന്ന രോഗങ്ങള്‍ എന്നിവയാണ് പ്രധാനപ്പെട്ടവ. സാംക്രമിക രോഗങ്ങളില്‍ പേവിഷബാധ, കനൈന്‍ ഡിസ്റ്റംപര്‍, പാര്‍വോ വൈറസ്, അതിസാരം, എലിപ്പനി, കരള്‍വീക്കം എന്നിവ പ്രാധാന്യമര്‍ഹിക്കുന്നു. ഇതില്‍ ഏറ്റവും മാരകവും ഭയാനകവുമാണ് പേവിഷബാധ അഥവാ റാബിസ്. ഈ രോഗങ്ങള്‍ക്കെതിരായ പ്രതിരോധ കുത്തിവയ്പുകള്‍ അത്യാവശ്യമാണ്. ഇവ ഇപ്രകാരമാണ്;

ജനിച്ച് രണ്ടു മാസം പ്രായമാകുമ്പോള്‍-ഡിസ്റ്റംപര്‍, ഹെപ്പറ്റൈറ്റിസ് ലെപ്റ്റോ സ്പൈറോസിസ്, പാര്‍വോ വൈറസ് എന്നീ രോഗങ്ങള്‍ക്കെതിരെയുള്ള വാക്സിന്‍

മൂന്നാം മാസം- മുകളില്‍ കൊടുത്ത വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസും, റാബീസ് വാക്സിനും

നാലാം മാസം - റാബീസ് വാക്സിന്‍ ബൂസ്റ്റര്‍ ഡോസ്

തുടര്‍ന്നുള്ള ഓരോ വര്‍ഷവും - മേല്പറഞ്ഞ എല്ലാ വാക്സിനുകളുടെയും ബൂസ്റ്റര്‍ ഡോസ്

പ്രതിരോധ കുത്തിവയ്പിന് രണ്ട് ആഴ്ചമുമ്പ് വിരയിളക്കാന്‍ മരുന്ന് നല്കണം. മറ്റേതെങ്കിലും അസുഖമുള്ളപ്പോള്‍ പ്രതിരോധ കുത്തിവയ്പ് നല്കാന്‍ പാടുള്ളതല്ല. രക്ഷാറാബ്, മെഗാവാക്, റാബ്ഡോമൂണ്‍, കാന്‍ഡൂര്‍, നോബിവാക് എന്നീ പേരുകളില്‍ ഈ വാക്സിനുകള്‍ ലഭ്യമാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%BE%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍