This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നാമിയര്‍, സര്‍ ലൂയിസ് (1888 - 1960)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നാമിയര്‍, സര്‍ ലൂയിസ് (1888 - 1960)= Namier,Sir Louis ഇംഗ്ലീഷ് ചരിത്രകാരന്‍. 18-ാ...)
അടുത്ത വ്യത്യാസം →
05:12, 22 ഡിസംബര്‍ 2010-നു നിലവിലുണ്ടായിരുന്ന രൂപം
നാമിയര്‍, സര്‍ ലൂയിസ് (1888 - 1960)
Namier,Sir Louis
ഇംഗ്ലീഷ് ചരിത്രകാരന്‍. 18-ാം ശതകത്തിലെ ഇംഗ്ലണ്ടിന്റെ രാഷ്ട്രീയത്തെയും പാര്‍ലമെന്ററി സംവിധാനത്തെയും കുറിച്ചുള്ള ഗവേഷണ പഠനങ്ങളാണ് നാമിയറിനെ ശ്രദ്ധേയനാക്കിയത്. 1888 ജൂണ്‍ 22-ന് വാര്‍സോവിനടുത്തുള്ള ലുദ്വിക് ബെകന്‍സ്റ്റോയ്നില്‍ ജനിച്ചു. ലൊസൈനിലും ലണ്ടന്‍ സ്കൂള്‍ ഒഫ് എക്കണോമിക്സിലും പഠനം നടത്തിയതിനുശേഷം ഓക്സ്ഫഡിലെ ബല്ലിയോല്‍ കോളജില്‍ ഉന്നതപഠനത്തിന് ചേര്‍ന്നു. ഇക്കാലത്ത് ബ്രിട്ടീഷ് അസ്തിത്വം സ്വയം സ്വീകരിക്കുന്നതിന്റെ ഭാഗമായി നേമിയറോവ്സ്കി എന്ന പേര് നാമിയര്‍ എന്നാക്കി മാറ്റി.
ലോകത്തിലെ അധികാരഘടനയെ സംബന്ധിച്ചും നയരൂപീകരണത്തെപ്പറ്റിയുമുള്ള പഠനങ്ങളില്‍ ജീവിതത്തിലുടനീളം നാമിയര്‍ ആകൃഷ്ടനായിരുന്നു. ഒന്നാംലോകയുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തില്‍ ചേര്‍ന്നുവെങ്കിലും കാഴ്ചശക്തിയിലുണ്ടായ തകരാറിനെത്തുടര്‍ന്ന് 1915-ല്‍ സൈനികസേവനം മതിയാക്കേണ്ടിവന്നു. തുടര്‍ന്ന് പ്രചാരണവകുപ്പ്, സാങ്കേതികവിവരവകുപ്പ്, വിദേശകാര്യവകുപ്പിനുകീഴിലെ രാഷ്ട്രീയ ഇന്റലിജന്‍സ് വിഭാഗം എന്നിവയില്‍ പ്രവര്‍ത്തിച്ചു. വെര്‍സെയ്ല്‍സ് സമാധാന സമ്മേളനത്തില്‍ കിഴക്കന്‍ യൂറോപ്പിനെ സംബന്ധിക്കുന്ന സാങ്കേതിക വിദഗ്ധനായും പങ്കെടുത്തു.
ഓക്സ്ഫഡിലെ ബിരുദാനന്തരബിരുദപഠനകാലത്ത് (1912) അമേരിക്കന്‍ വിപ്ളവകാലത്തെ സാമ്രാജ്യത്വപ്രശ്നത്തെ സംബന്ധിച്ച് ഗവേഷണം നടത്തി. പിന്നീട് കുറച്ചുകാലം വ്യവസായത്തില്‍ ഏര്‍പ്പെട്ടു. വ്യവസായ സംബന്ധമായ ജോലി തന്റെ ഗവേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ 1920-ല്‍ തൊഴില്‍ ഉപേക്ഷിക്കുകയും മുഴുവന്‍ സമയ ഗവേഷകനായി മാറുകയും ചെയ്തു. 1924-29 കാലഘട്ടം ഗവേഷണത്തിനും എഴുത്തിനും മാത്രമായി നീക്കിവച്ചു. ഇക്കാലഘട്ടത്തിലാണ് 18-ാം ശതകത്തിലെ ഇംഗ്ളണ്ടിന്റെ ഘടനയെ സംബന്ധിച്ച ഏറ്റവും മികച്ച രണ്ട് രചനകള്‍ പുറത്തുവന്നത്.
18-ാം ശ.-ത്തിലെ പാര്‍ലമെന്റുകളെക്കുറിച്ചുള്ള പഠനത്തില്‍ നൂറുകണക്കിന് പാര്‍ലമെന്റംഗങ്ങളില്‍നിന്ന് നേരിട്ട് വിവരം ശേഖരിക്കുകയുണ്ടായി. ജീവചരിത്രാംശം നിറഞ്ഞ ഈ പഠനം ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഉപരിസഭയെ സൂക്ഷ്മമായ രാഷ്ട്രീയ ചരിത്രവിശകലനത്തിനു വിധേയമാക്കുന്നുണ്ട്. ഇംഗ്ളണ്ട് ഇന്‍ ദി ഏജ് ഒഫ് അമേരിക്കന്‍ റെവല്യൂഷന്‍ (1930), റെവല്യൂഷന്‍ ഒഫ് ദി ഇന്റലച്വല്‍സ് (1946), യൂറോപ്പ് ഇന്‍ ഡീകെ (1950), ഇന്‍ ദ് നാസി ഇറാ (1952) തുടങ്ങിയ കൃതികള്‍ ഏറെ ശ്രദ്ധേയമാണ്.
എ.ജെ.പി. ടെയ്ലര്‍ പോലുള്ള പുതിയകാല ചരിത്രകാരന്മാര്‍ക്ക് മികച്ച മാതൃകയായിത്തീരുവാന്‍ നാമിയര്‍ക്കായി. രണ്ടാംലോകയുദ്ധത്തിന്റെ ഉദ്ഭവം സംബന്ധിച്ച പഠനം ചരിത്രത്തിന്റെ രാഷ്ട്രീയസ്വഭാവത്തെ വിശകലനം ചെയ്യുന്നരീതിന് പുതിയ ദിശാബോധം നല്കി.
1920-കളില്‍ സയണിസ്റ്റ് മുന്നേറ്റങ്ങളില്‍ അണിചേര്‍ന്ന നാമിയര്‍, 1929-ല്‍ പലസ്തീനിനായുള്ള ജൂദ ഏജന്‍സിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറിയായി ചുമതലയേറ്റു. പുതിയ സ്ഥാനത്ത് പ്രവര്‍ത്തിക്കുന്നതില്‍ തന്റെ പരിമിതികളെ തിരിച്ചറിഞ്ഞ നാമിയര്‍ രണ്ടു വര്‍ഷത്തിനുശേഷം ആ സ്ഥാനം രാജിവച്ചു. തുടര്‍ന്ന് 1931 മുതല്‍ ഔദ്യോഗികമായി വിരമിക്കുന്നതുവരെ മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ആധുനിക ചരിത്ര പ്രൊഫസറായി സേവനമനുഷ്ഠിച്ചു.
1952-ല്‍ അദ്ദേഹത്തെ ബ്രിട്ടണ്‍ ആദരിക്കുകയുണ്ടായി. 1950-കളില്‍ ഒട്ടേറെ ബഹുമതികള്‍ നാമിയറെത്തേടിയെത്തി.
1960 ആഗ. 19-ന് ലണ്ടനില്‍ ഇദ്ദേഹം അന്തരിച്ചു.