This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
നളചരിതം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നളചരിതം= മലയാളകൃതി. ആട്ടക്കഥാ സാഹിത്യത്തില്‍ എന്തുകൊണ്ടും പ...)
അടുത്ത വ്യത്യാസം →
07:28, 29 നവംബര്‍ 2010-നു നിലവിലുണ്ടായിരുന്ന രൂപം
നളചരിതം
മലയാളകൃതി. ആട്ടക്കഥാ സാഹിത്യത്തില്‍ എന്തുകൊണ്ടും പ്രഥമസ്ഥാനത്തിന് അര്‍ഹമായ കൃതിയാണ് ഉണ്ണായിവാരിയരുടെ നളചരിതം. ഇതു നാലുദിവസം കൊണ്ട് ആടത്തക്കവണ്ണമാണ് കവി രൂപപ്പെടുത്തിയിട്ടുള്ളത്. മനോഹരമായ ഒരു ദൃശ്യകാവ്യത്തിന്റെയും ശ്രവ്യകാവ്യത്തിന്റെയും ഗുണഗണങ്ങളെല്ലാം ഇതില്‍ പരിലസിക്കുന്നുണ്ട്. മലയാളസാഹിത്യം ആകമാനം പരിശോധിച്ചാലും നളചരിതത്തിന് ഏറ്റവും സമുന്നതമായ സ്ഥാനമാണുള്ളത്. അത് സര്‍വ ലക്ഷണ സമ്പന്നമായ ഒരു സംസ്കൃത നാടകത്തിനു സമമാണെന്ന് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. 'മലയാളത്തിലെ ശാകുന്തളം' എന്ന പ്രശംസയും അതിനു ലഭിച്ചിട്ടുണ്ട്. പഞ്ചസന്ധികളുടെ അഭിസംയോഗത്തിലും, രസങ്ങളുടെ അംഗാങ്ഗിഭാവസ്ഫുരണത്തിലും നളചരിതത്തോടു കിടനില്ക്കുന്ന മറ്റൊരാട്ടക്കഥയില്ല.
ഉണ്ണായിയുടെ നളചരിതത്തെ യാഥാസ്ഥിതികരും ഉത്പതിഷ്ണുക്കളുമായ എല്ലാ നിരൂപകന്മാരും ഒന്നുപോലെ പുകഴ്ത്തുന്നു. കവന നൈപുണിയും കലാമര്‍മജ്ഞതയും, ജീവിത തത്ത്വാവബോധവും, നിരീക്ഷണപാടവവും സമഞ്ജസമായി സമ്മേളിച്ചിട്ടുള്ള ഒരു കൃതിയാണത്.പഠിക്കുന്തോറും പഠിപ്പിക്കുന്തോറും പുതിയ പുതിയ ആശയങ്ങളും, നവനവോല്ലേഖകല്പനകളും, മനുഷ്യ സ്വഭാവവൈചിത്യ്രങ്ങളും, ജീവിതത്തിന്റെ ഗതിവിഗതികളും ഒന്നോടൊന്നു പൊന്തിപ്പൊന്തി വന്ന് സഹൃദയരെ ആനന്ദലഹരിയില്‍ ആ കൃതി ആറാടിക്കുന്നു. വായിച്ചു രസിക്കാനും, കണ്ടുരസിക്കാനും, കേട്ടുരസിക്കാനും പറ്റിയ ഒരാട്ടക്കഥയെന്ന നിലയിലും അത് ഉയര്‍ന്നുനില്‍ക്കുന്നു. സംഗീതം, സാഹിത്യം, അഭിനയം എന്നീ മൂന്നു കലകളുടെ സൌന്ദര്യവും സ്വാരസ്യവും ഹൃദയാവര്‍ജകതയും അതില്‍ ഒത്തിണങ്ങിയിട്ടുണ്ട്.
കഥകളിക്കാര്‍ക്കെന്നല്ല, തിരുവാതിരക്കളിക്കാര്‍ക്കും പാടാന്‍ അത്യന്തം ഉതകുന്ന പദങ്ങള്‍ 'നളചരിത'ത്തില്‍ ധാരാളമുണ്ട്. അതിലെ പ്രാസഭംഗിയും താളഭംഗിയും സംഗീതത്തിന്റെ മാറ്റുകൂട്ടുന്നു. സാഹിത്യത്തിന്റെ ഏതു മാനദണ്ഡമനുസരിച്ചു നോക്കിയാലും നളചരിതം ഒന്നാം കിടയില്‍ത്തന്നെ ശോഭിക്കുന്നു. ശൃംഗാരാദി നവരസങ്ങളും ഭക്തിവാത്സല്യാദി ഭാവങ്ങളും സന്ദര്‍ഭോചിതമായി കൂട്ടിയിണക്കിയിട്ടുള്ളത് ഈ കഥയുടെ രസാഭിനയയോഗ്യതയെ വര്‍ധിപ്പിക്കുന്നു. വേഷവൈവിധ്യം കൊണ്ട് ഈ ദൃശ്യകാവ്യത്തെ സുന്ദരമാക്കുവാനും കവിശ്രദ്ധിച്ചിട്ടുണ്ട്. നൃത്തം, നൃത്യം, നാട്യം, ആങ്ഗികം, സാത്വികം, ആഹാര്യം എന്നിങ്ങനെ അഭിനയത്തിന്റെ എല്ലാ ഘടകങ്ങളും ഇതില്‍ സമന്വയിച്ചിരിക്കുന്നു. സാത്വികാഭിനയത്തിന് കൂടുതല്‍ പ്രാധാന്യം കൊടുത്തിട്ടുണ്ട്. വാചികത്തിനു പകരമാണു സംഗീതം.
അനാവശ്യമായ ഒരു രംഗംപോലും ഈ കഥയിലില്ല. യുദ്ധം, വധം മുതലായവയെയും ഒഴിവാക്കിയിട്ടുണ്ട്. ആദ്യന്തം രസപുഷ്ടി വരുത്തുവാനാണ് കവിയുടെ ശ്രമം.
മഹാഭാരതം വനപര്‍വത്തില്‍ 52 മുതല്‍ 79 വരെയുള്ള 28 അധ്യായങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കഥാഭാഗമായ 'നളോപാഖ്യാന'ത്തെ അവലംബിച്ചാണ് വാരിയര്‍ ആട്ടക്കഥയെഴുതിയിട്ടുള്ളത്. മൂലകഥയില്‍ നിന്ന് വലിയ വ്യത്യാസമൊന്നും ഉണ്ണായി തന്റെ കഥയില്‍ വരുത്തിയിട്ടില്ല. അല്പം ചില സ്ഥലങ്ങളില്‍ ചില നിസ്സാര വ്യതിയാനങ്ങള്‍ വരുത്തിയിട്ടുള്ളത് ഒരു ദൃശ്യകാവ്യമെന്ന നിലയില്‍ തന്റെ കൃതിയെ മോടിപിടിപ്പിക്കാനാണ്. അതില്‍ വേണ്ടത്ര ഔചിത്യവും അദ്ദേഹം ദീക്ഷിക്കുന്നുണ്ട്. ഒന്നാം ദിവസത്തെ കഥയെ സംബന്ധിച്ചിടത്തോളം ശ്രീഹര്‍ഷന്റെ നൈഷധീയ ചരിതം മഹാകാവ്യത്തെയാണ് വാരിയര്‍ പല സ്ഥലത്തും അനുകരിച്ചിരിക്കുന്നത്.
പാത്രസൃഷ്ടിയിലും കഥാഘടനയിലും സംഭാഷണ നിബന്ധനയിലും മനോവ്യാപാര പ്രതിപാദനത്തിലുമാണ് ഉണ്ണായിയുടെ പാടവം സവിശേഷം നിഴലിക്കുന്നത്. ഒരു നാടകകവിയുടെ സകലവിധ കഴിവുകളോടും കൂടി അദ്ദേഹം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. തിരഞ്ഞെടുത്തിരിക്കുന്ന കഥാസന്ദര്‍ഭങ്ങളെല്ലാം തികഞ്ഞ നാടകീയ ഭംഗിയെ ആവാഹിക്കയും ചെയ്യുന്നു. പാത്ര സൃഷ്ടിയില്‍ ഉണ്ണായിക്കു സമന്മാരായ ഇതര കഥകളി ഗ്രന്ഥകാരന്മാര്‍ ഇല്ലതന്നെ. നായികാനായകന്മാര്‍ മുതല്‍ നിസ്സാര കഥാപാത്രങ്ങള്‍ വരെ എല്ലാവര്‍ക്കും അദ്ദേഹം മിഴിവു വരുത്തിയിട്ടുണ്ട്. അവര്‍ക്ക് കഥയോടു ഗാഢബന്ധമുണ്ട്. കഥാഗതിയില്‍ നിര്‍ണായകമായ പങ്കുമുണ്ട്. കഥ പ്രതിനിധാനം ചെയ്യുന്ന സമഗ്രമായ ധാര്‍മിക ജീവിതത്തിലെ സങ്കീര്‍ണസ്വഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന വ്യക്തികള്‍ എന്ന നിലയിലും, കഥയുടെ വിവിധഘട്ടങ്ങളില്‍ ഒളിവിതറുന്ന തേജഃ പുഞ്ജങ്ങള്‍ എന്ന നിലയിലും അവര്‍ക്ക് ബാഹ്യമായും ആന്തരമായും കഥയോട് അഭേദ്യമായ അടുപ്പമുണ്ട്.
വാരിയരുടെ ഭാഷാരീതിയും ഒന്നു പ്രത്യേകമാണ്. സംസ്കൃതവും മലയാളവും യഥേഷ്ടം അദ്ദേഹം കൂട്ടിയിണക്കുന്നു. അവയ്ക്കുതമ്മില്‍ ഭേദമേ കല്പിക്കുന്നില്ല. അനാവശ്യമായി, നിരര്‍ഥകമായി, ഒരു പദവും അദ്ദേഹം പ്രയോഗിക്കുന്നില്ല. ശബ്ദസൌന്ദര്യത്തിനും അര്‍ഥ നിഷ്കര്‍ഷയ്ക്കും 'നളചരിത'കാരന്‍ തുല്യ പ്രാധാന്യം നല്‍കുന്നു. നോ: ഉണ്ണായിവാര്യര്‍
(അമ്പലപ്പുഴ രാമവര്‍മ)