This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

നവഇടതുപക്ഷം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =നവഇടതുപക്ഷം= New Left ക്'ളാസിക്കല്‍ മാര്‍ക്സിസത്തോടും കമ്മ്യൂണി...)
അടുത്ത വ്യത്യാസം →

07:55, 20 നവംബര്‍ 2010-നു നിലവിലുണ്ടായിരുന്ന രൂപം

നവഇടതുപക്ഷം

New Left

ക്'ളാസിക്കല്‍ മാര്‍ക്സിസത്തോടും കമ്മ്യൂണിസ്റ്റു പാര്‍ട്ടികളോടും വിമര്‍ശനാത്മകസമീപനം പുലര്‍ത്തുന്ന ഇടതുപക്ഷ ചിന്താധാര. 1950-70-കളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നുവന്ന ഇടതുപക്ഷ മുന്നേറ്റങ്ങളെയും പുതിയ ചിന്താപദ്ധതികളെയും പൊതുവില്‍ നവഇടതുപക്ഷം എന്നു വിവക്ഷിക്കുന്നുണ്ടെങ്കിലും അതിന്റെ വേരുകള്‍ റഷ്യന്‍ വിപ്ളവകാലം തൊട്ടുതന്നെ പ്രകടമാണ്. റഷ്യന്‍ വിപ്ളവത്തോടും ഒന്നാം ലോകയുദ്ധത്തോടുമുള്ള യൂറോപ്പിലെ ഇടതുപക്ഷചിന്തകര്‍ പുലര്‍ത്തിയ ഇടതു വിമതപാരമ്പര്യമാണ് ഒരര്‍ഥത്തില്‍ നവഇടതുപക്ഷത്തിനു കാരണമാകുന്നതെന്ന് പറയാം. മാര്‍ക്സിസത്തെയും വിപ്ളവ പ്രയോഗത്തെയും വിമര്‍ശനാത്മകമായി പരിശോധിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നത്. ഷോര്‍ജ് ലൂക്കാസ് (1885-1971), കാള്‍ കോര്‍സ്ച്ച് (18861971), അന്റോണിയോ ഗ്രാംചി (1891-1937) തുടങ്ങിയവരുടെ ചിന്തകളാണ് നവഇടതുചിന്താധാരയ്ക്കു അടിത്തറ പാകിയത്. ഇവര്‍ യഥാക്രമം ഹംഗറി, ജര്‍മനി, ഇറ്റലി എന്നിവിടങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ കൂടിയായിരുന്നു. ഇറ്റാലിയന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സ്ഥാപകനേതാക്കളിലൊരാളായ ഗ്രാംചി, ഒന്നാം ലോകയുദ്ധാനന്തരനാളുകളില്‍ ഇറ്റലിയിലെ റ്റൂറിനില്‍ 'സ്വതന്ത്രതൊഴിലാളി കൌണ്‍സിലുകള്‍' സംഘടിപ്പിക്കുന്നതില്‍ നേതൃത്വം നല്കിയിരുന്നു. സ്റ്റാലിന്റെ വിദേശനയങ്ങളോട് വിമര്‍ശനാത്മക സമീപനം പുലര്‍ത്തിയതിന്റെ പേരില്‍ കോര്‍സ്ച് 1926-ല്‍ ജര്‍മന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ടു. ലോകമ്യൂണിസ്റ്റു പ്രസ്ഥാനത്തിലും അതിന്റെ സംഘടനാരൂപമായ കോമിന്റേണിലും സ്വതന്ത്ര നിലപാടുകള്‍ ആവിഷ്കരിച്ചതിന്റെ പേരില്‍ 1928, 29 ആവുമ്പോഴേക്കും ലൂക്കാച്ചും പാര്‍ട്ടിക്ക് അനഭിമതനായി മാറുകയാണുണ്ടായത്. ഇറ്റാലിയിലെ മുസ്സോളിനിയുടെ ഫാസിസ്റ്റുജയിലില്‍ 9 വര്‍ഷം തടവിടലാക്കപ്പെട്ട ഗ്രാംചി 1937-ല്‍ 46-ാം വയസ്സില്‍ അന്തരിച്ചു. 1928-ല്‍ സോവിയറ്റ് കമ്യൂണിസ്റ്റുപാര്‍ട്ടിക്കുള്ളില്‍ വളര്‍ന്നുകൊണ്ടിരുന്ന സ്റ്റാലിനിസ്റ്റു സ്വേച്ഛാധിപത്യപ്രവണതകളെ നിശിതമായി വിമര്‍ശിച്ച ഗ്രാംചി, 1918-ല്‍ത്തന്നെ മാര്‍ക്സിസത്തിന്റെ സാമ്പത്തിക നിര്‍ണയവാദത്തെ വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ചിരുന്നു. ഒക്ടോബര്‍ സോഷ്യലിസ്റ്റു വിപ്ളവത്തെത്തുടര്‍ന്ന് മാസങ്ങള്‍ക്കുള്ളില്‍ രചിച്ച 'മൂലധനത്തിനെതിരായ വിപ്ളവം' എന്ന ലേഖനം മാര്‍ക്സിന്റെ സാമ്പത്തിക നിര്‍ണയവാദത്തെ നിരാകരിക്കുകയും വിപ്ളവത്തില്‍ 'രാഷ്ട്രീയ'ത്തിന്റെ പ്രാധാന്യം ഊന്നിപ്പറയുകയും ചെയ്തു. മൂലധനം എന്ന കൃതിയിലൂടെ മാര്‍ക്സ് ആവിഷ്കരിക്കുന്ന സാമ്പത്തികശാസ്ത്ര കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് അവികസിതരാജ്യമായ റഷ്യയില്‍ വിപ്ളവം നടക്കാന്‍ സാധ്യതയില്ല. വിപ്ളവത്തിന്റെ ആവിര്‍ഭാവത്തില്‍ സാമ്പത്തികഘടകങ്ങളെക്കാള്‍ പ്രധാനം രാഷ്ട്രീയ ഘടകങ്ങളാണെന്ന് വാദിച്ച ഗ്രാംചി, ഒക്ടോബര്‍ വിപ്ളവത്തില്‍ അതിനാല്‍ മാര്‍ക് സിന്റെ മൂലധനത്തിനെതിരായ സെദ്ധാന്തിക കലാപം കൂടി അന്തര്‍ഭവിച്ചിട്ടുണ്ടെന്നുസമര്‍ഥിച്ചു. 1923-ല്‍ ലൂക്കാച്ച് രചിച്ച ഹിസ്റ്ററി ആന്‍ഡ് ക്ളാസ് കോണ്‍ഷ്യസ്നസ് (History and Class Conciosness) ഗ്രാംചിയുടെ പ്രിസണ്‍ നോട്ട് ബുക്ക്സ് (Prison Note Books), അഡോര്‍ണോയും ഹോര്‍ക്ക് ഹൈമറും സംയുക്തമായി രചിച്ച ഡയലക്റ്റിക്ക് ഒഫ് എന്‍ലൈറ്റന്‍മെന്റ് (Dialectic of Enlightenment), അല്‍ത്തൂസ്റ്ററിന്റെ ഫോര്‍മാര്‍ക്സ് (For Marx), റീഡിങ് ക്യാപിറ്റല്‍ (Reading Capitral) എന്നീ ത്വാിക രചനകള്‍ നവഇടതുപക്ഷ ചിന്താധാരയ്ക്കു പ്രചോദനമായിട്ടുണ്ട്.

ജര്‍മന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ സ്ഥാപകനേതാവായ റൊസാലക്സംബര്‍ഗ് (1871-1919) തൊഴിലാളിവര്‍ഗ സര്‍വാധിപത്യത്തെക്കുറിച്ച് ഉന്നയിച്ചിരുന്ന വിമര്‍ശനങ്ങള്‍ നവഇടതുചിന്തയെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. തൊഴിലാളിവര്‍ഗസര്‍വാധിപത്യത്തെ തത്ത്വത്തില്‍ അംഗീകരിച്ചപ്പോള്‍ത്തന്നെ അതില്‍ അന്തര്‍ഭവിച്ചിട്ടുള്ള അമിതാധികാരപ്രവണതകളെക്കുറിച്ച് ലക്സംബര്‍ഗ് നടത്തിയ താത്ത്വികനിരീക്ഷണങ്ങള്‍ നവഇടതുപക്ഷസംവാദങ്ങളില്‍ സജീവമായിരുന്നു.

ഈ സൈദ്ധാന്തിക സ്രോതസ്സുകള്‍ക്കു പുറമേ, നവഇടതുപക്ഷത്തിന്റെ ആവിര്‍ഭാവത്തില്‍ നിര്‍ണായകപങ്കുവഹിച്ച രണ്ടു ചരിത്രസംഭവങ്ങളാണ് സോവിയറ്റ് കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ 1956-ലെ 20-ാം പാര്‍ട്ടി കോണ്‍ഗ്രസ്സും സോവിയറ്റ് നയങ്ങള്‍ക്കെതിരെ മാവോ സ്വീകരിച്ച വിമര്‍ശനസമീപനവും. 20-ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍, സി.പി.എസ്.യു. (ബി) ജനറല്‍ സെക്രട്ടറി ആയിരുന്ന ക്രൂഷ് ചെവ് അവതരിപ്പിച്ച റിപ്പോര്‍ട്ട് 'അപസ്റ്റാലിനീകരണം' (de-stalinization) എന്നൊരു രാഷ്ട്രീയ പ്രതിഭാസത്തിനുതന്നെ നിദാനമായി. ലോകമെമ്പാടുമുള്ള മാര്‍ക്സിസ്റ്റുകള്‍ മാത്രമല്ല, ഉദാരവാദികളായ ചിന്തകരും ഉന്നയിച്ചുകൊണ്ടിരുന്ന വിമര്‍ശനങ്ങള്‍ക്ക് ശക്തമായ സാധൂകരണമാണ് ക്രൂഷ്ചെവിന്റെ റിപ്പോര്‍ട്ട് നല്കിയത്. സ്റ്റാലിന്റെ കീഴില്‍ സോവിയറ്റ് യൂണിയന്‍ നടപ്പിലാക്കിവന്ന സാമ്പത്തിക-രാഷ്ട്രീയ നിലപാടുകളോടു വിയോജിച്ച മാവോ, ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ സൈദ്ധാന്തികവും സംഘടനാപരവുമായ ഒരു ബദല്‍ പാതയ്ക്കു തുടക്കം കുറിയ്ക്കുകയായിരുന്നു. മാവോയിസ്റ്റ് ആശയങ്ങളാല്‍ പ്രചോദിതരായ ബുദ്ധിജീവികള്‍ മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലെയും കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കുള്ളില്‍ വിമതപ്രസ്ഥാനമായി സംഘടനാരൂപം ആര്‍ജിച്ചു. അതോടൊപ്പംതന്നെ, രണ്ടാം ലോകയുദ്ധാനന്തര ഘട്ടത്തില്‍ മനുഷ്യാവസ്ഥയ്ക്കു സംഭവിച്ച അസ്തിത്വപരമായ പ്രതിസന്ധിയെക്കുറിച്ചുള്ള താത്ത്വികമായ ആശങ്കകള്‍, മാര്‍ക്സിസത്തിന്റെ സൈദ്ധാന്തികമായ പരിമിതിയെക്കുറിച്ചു ചിന്തിക്കാനും പുതിയ രീതിശാസ്ത്രങ്ങളും ചിന്താപദ്ധതികളും ആവിഷ്കരിക്കാനും യൂറോപ്യന്‍ ബൌദ്ധികസമൂഹത്തെ നിര്‍ബന്ധിതമാക്കി. രണ്ടാം ലോകയുദ്ധാനന്തര മുതലാളിത്ത സമൂഹങ്ങള്‍ സംഘടിത തൊഴിലാളിവര്‍ഗവുമായി ചരിത്രപരമായ ഉടമ്പടിയിലെത്തുകയും ക്ഷേമരാഷ്ട്രനയങ്ങളും പദ്ധതികളും ആവിഷ്കരിച്ചുതുടങ്ങുകയും ചെയ്തു. വര്‍ഗവൈരുധ്യങ്ങളെക്കുറിച്ചുള്ള ക്ളാസ്സിക്കല്‍ മാര്‍ക്സിസ്റ്റുസമീപനങ്ങള്‍ അനുനയിക്കപ്പെടുകയും കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ ഭരണകൂടവുമായി അനുരഞ്ജനത്തിലേര്‍പ്പെടുകയും ചെയ്തു. ആഗോളമുതലാളിത്തത്തിന്റെ പുത്തന്‍മുന്നേറ്റങ്ങളും ക്ഷേമരാഷ്ട്രപദ്ധതികളും പക്ഷേ, വലിയൊരുവിഭാഗം ജനങ്ങളെ പാര്‍ശ്വവത്കരിക്കുകയാണുണ്ടായത്. കറുത്ത വംശജര്‍, കുടിയേറ്റക്കാര്‍, തദ്ദേശീയ ജനവിഭാഗങ്ങള്‍, സ്ത്രീകള്‍, ലൈംഗികന്യൂനപക്ഷങ്ങള്‍, ഭാഷാ-സാംസ്കാരിക ന്യൂനപക്ഷങ്ങള്‍ എന്നിങ്ങനെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പ്രശ്നങ്ങള്‍ അഭിസംബോധനചെയ്യാന്‍, മാര്‍ക്സിസത്തിന്റെ സൈദ്ധാന്തിക പരിപ്രേക്ഷ്യം അപര്യാപ്തമാണെന്ന ചിന്ത, ധൈഷണിക മണ്ഡലങ്ങളില്‍ നവീനമായ അന്വേഷണങ്ങള്‍ക്കു പ്രേരകമായി. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതസമരം സൃഷ്ടിച്ച സൈനികവത്കരണവും അമേരിക്കയുടെ ഹിംസാത്മകമായ വിദേശനയങ്ങളും നിരായുധീകരണത്തെയും ലോകസമാധാനത്തെയും പരിസ്ഥിതിയെയും കുറിച്ചുള്ള ഭിന്നവീക്ഷണങ്ങളുടെ രൂപീകരണത്തിലേക്കു നയിച്ചു. ചുരുക്കത്തില്‍, രണ്ടാം ലോകയുദ്ധാനന്തരയൂറോപ്പും ലോകകമ്യൂണിസ്റ്റുപ്രസ്ഥാനവും നേരിട്ട അഗാധമായ ചരിത്രപ്രതിസന്ധിയെക്കുറിച്ചുള്ള താത്ത്വികാന്വേഷണങ്ങള്‍ യുഗനിര്‍ണായകമായ ഒരു വിചാരവിപ്ളവത്തിനു കാരണമായി. ഈ വിചാരവിപ്ളവമാണ് നവഇടതുപക്ഷത്തിന്റെ സൈദ്ധാന്തികമായ പ്രസക്തി.

ബ്രിട്ടനിലാണ് നവ-ഇടതുപക്ഷ മുന്നേറ്റത്തിനു തുടക്കമായത്. പൊതുവേ യൂറോപ്പായിരുന്നു നവഇടതുപക്ഷ മുന്നേറ്റങ്ങളുടെ ശക്തികേന്ദ്രം. 1956-ലെ ഹംഗേറിയന്‍ വിപ്ളവത്തോട് ബ്രിട്ടീഷ്-യു.എസ്. കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ സ്വീകരിച്ച നിലപാടിലെ ആശയക്കുഴപ്പം സംഘടനയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെടുന്നതിനിടയാക്കി. മാര്‍ക്സിസ്റ്റ് ബുദ്ധിജീവികള്‍ വ്യക്തിനിഷ്ടനിലപാടുകള്‍ സ്വീകരിച്ചുതുടങ്ങി. അവര്‍ സംഘടനയുടെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വ നിലപാടുകളെയും സിദ്ധാന്തദുശ്ശാഠ്യത്തെയും നിശിതമായി എതിര്‍ത്തു. യഥാര്‍ഥത്തില്‍ ഇവ ഹംഗറിയില്‍ സോവിയറ്റ് യൂണിയന്‍ നടത്തിയ അധിനിവേശവുമായി മാത്രം ബന്ധപ്പെട്ടവയല്ല. മാര്‍ക്സിസ്റ്റു ചിന്താധാരയ്ക്കുള്ളിലെ വൈരുധ്യങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഘനീഭവിച്ച ചരിത്ര സന്ദര്‍ഭമായിരുന്നു അത് എന്നുമാത്രം.

മാവോസേതുങ് റഷ്യന്‍ വിപ്ളവത്തിന്റെ പരിമിതികള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ചൈനീസ് കമ്യൂസ്റ്റുപാര്‍ട്ടിയ്ക്കുള്ളിലെ ഉദ്യോഗസ്ഥമേധാവിത്വപരമായ നിലപാടുകള്‍ക്കെതിരെ വിമര്‍ശനമുന്നയിച്ചുകൊണ്ടാണ് മാവോ മാര്‍ക്സിസത്തെയും വിപ്ളവാനന്തരസമൂഹത്തെയും കുറിച്ചുള്ള മൌലികനിലപാടുകള്‍ ആവിഷ്കരിച്ചത്. ഈ സമീപനങ്ങളാണ് സാംസ്കാരികവിപ്ളവത്തിലൂടെ പ്രകാശിതമായത്. വിപ്ളവാനന്തര സമൂഹത്തിലെ, അഥവാ സോഷ്യലിസ്റ്റു നിര്‍മാണത്തിന്റെ രാഷ്ട്രീയ-സംഘടനാ രൂപങ്ങള്‍ എന്തായിരിക്കണമെന്ന പ്രശ്നമാണ് സാംസ്കാരിക വിപ്ളവം മുന്നോട്ടു വയ്ക്കുന്നത്. സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചുള്ള പരമ്പരാഗത മാര്‍ക്സിസ്റ്റു-ലെനിനിസ്റ്റു സിദ്ധാന്തങ്ങള്‍, പ്രത്യക്ഷത്തിലല്ലെങ്കിലും, നിരാകരിക്കാനുള്ള സൈദ്ധാന്തികമായ നിര്‍ഭയത്വം മാവോ പ്രദര്‍ശിപ്പിച്ചു. പരമ്പരാഗതമായ പാര്‍ട്ടി-ഭരണകൂട ഉപാധികളും സോഷ്യലിസവും തമ്മിലുള്ള അടിസ്ഥാനവൈരുധ്യം തിരിച്ചറിഞ്ഞ മാവോ, പുതിയ രാഷ്ട്രീയ-സംഘടനാ സംവിധാനങ്ങളെക്കുറിച്ചുള്ള പരീക്ഷണമെന്ന നിലയ്ക്കാണ് സാംസ്കാരിക വിപ്ളവത്തിനു നേതൃത്വം നല്കിയത്. എന്നാല്‍ ഈ രാഷ്ട്രീയ - സംഘടനാ പരീക്ഷണണങ്ങളെക്കുറിച്ച് വ്യക്തമായി സിദ്ധാന്തവല്ക്കരിക്കാന്‍ മാവോയ്ക്കു കഴിഞ്ഞില്ല. അതുകൊണ്ടാണ് സാംസ്കാരികവിപ്ളവം ഹിംസയിലേക്കും അതിക്രമത്തിലേക്കും അധഃപതിച്ചത്. എങ്കിലും, സാംസ്കാരിക വിപ്ളവത്തിന്റെ സൈദ്ധാന്തികപരീക്ഷണാത്മകത നേരത്തെ സൂചിപ്പിച്ച വിചാരവിപ്ളവത്തിന്റെ പ്രയോക്താക്കളെ ഗണ്യമായി സ്വാധീനിക്കുകയുണ്ടായി. വിയറ്റ്നാം യുദ്ധവും അതുപോലെ നവഇടതുപക്ഷ പ്രസ്ഥാനങ്ങളെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. മാവോ, ഹോചിമിന്‍, ഫിദല്‍ കാസ്ട്രോ തുടങ്ങിയവര്‍ യുവജനങ്ങളുടെ ആവേശമായിരുന്നു.

ബ്രിട്ടനിലെ നവഇടതുപക്ഷം ഒരേസമയം രണ്ട് നിരാകരണങ്ങള്‍ നടത്തി. ഒന്ന്, സോവിയറ്റ് യൂണിയനെയും അതിന്റെ യാഥാസ്ഥിതിക പദ്ധതികളെയും; രണ്ടാമതായി, ബ്രിട്ടീഷ് ഭരണകൂടത്തെ. ബ്രിട്ടനും ഫ്രാന്‍സും ഈജിപ്തില്‍ നടത്തുന്ന ഇടപെടലുകള്‍ക്കെതിരെയുള്ള നിലപാടുകള്‍ കൂടിയായിരുന്നു നവഇടതുപക്ഷ ഉയിര്‍പ്പിന്റെ അടിയന്തിര സാഹചര്യം. ഇവര്‍ പഴയ ഇടതുപക്ഷത്തില്‍നിന്ന് പല രീതിയില്‍ വ്യത്യാസപ്പെട്ടിരിക്കുന്നു. മുതലാളിത്തത്തിലും തൊഴിലാളികളുടെ അവകാശങ്ങളിലുമായിരുന്നു പഴയ ഇടതുപക്ഷത്തിന്റെ ഊന്നല്‍. വ്യാവസായിക തൊഴിലാളിവര്‍ഗം ആഗോളവിപ്ളവ വര്‍ഗമായി മാറുമെന്നും അവര്‍ പ്രതീക്ഷിച്ചു. കേവല സാമ്പത്തിക മാത്രവാദപരമായിരുന്നു ഇവരുടെ സമീപനങ്ങള്‍ പലതും.

നവഇടതുപക്ഷം വ്യാവസായികത്തൊഴിലാളികളില്‍ ശ്രദ്ധയൂന്നാതെ, സാമൂഹിക പ്രവര്‍ത്തകരെയും പൌരസമൂഹസംഘടനകളെയും കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചത്. സാമൂഹിക നീതിപ്രസ്ഥാനങ്ങള്‍, സ്വത്വരാഷ്ട്രീയം, ബദല്‍ ജീവിതം, പങ്കാളിത്ത ജനാധിപത്യം തുടങ്ങിയവ അവരുടെ രാഷ്ട്രീയ അന്വേഷണങ്ങളുടെ    മേഖലകളായിത്തീര്‍ന്നു. അഹിംസാസമരങ്ങള്‍, നിസ്സഹകരണം, സൈനികവിരുദ്ധവാദം എന്നിവയും നവഇടതുപക്ഷപ്രവര്‍ത്തകരുടെ പ്രായോഗിക ഇടപെടല്‍ മേഖലകളായിരുന്നു.

ട്രോട്സ്കിയിസ്റ്റായിരുന്ന താരിഖ് അലി ബ്രിട്ടനില്‍ ചില മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്കി. ബ്രിട്ടീഷ് മാര്‍ക്സിസ്റ്റ് ചിന്തകന്‍ ഇ.പി. തോംസണ്‍ 1957-ല്‍ ന്യൂ റീസണര്‍ പ്രസിദ്ധീകരണം ആരംഭിച്ചു. 1960-ല്‍ ഇത് ന്യൂലെഫ്റ്റ് റിവ്യൂ ആയി മാറി. പെരി ആന്‍ഡേഴ്സന്റെ പത്രാധിപത്യത്തിലുള്ള ഈ പ്രസിദ്ധീകരണം പുതിയ സംവാദങ്ങള്‍ക്ക് ഊന്നല്‍ നല്കി. റിവിഷനിസം, സോഷ്യലിസം, മാര്‍ക്സിസം, ഹ്യൂമനിസം ഇവയോട് സൈദ്ധാന്തിക നിലപാടുകള്‍ കൈക്കൊണ്ടു. ഫ്രാങ്ക്ഫര്‍ട്ട് സ്കൂള്‍, ഗ്രാംഷി, അല്‍ത്തുസര്‍ തുടങ്ങിയവരുടെ ചിന്തകളെ ജനകീയമാക്കാന്‍ ശ്രമിച്ചു. സോഷ്യലിസ്റ്റ് രജിസ്റ്റര്‍ 1964-ലും റാഡിക്കല്‍ ഫിലോസഫി 1972-ലും പ്രസിദ്ധീകരിച്ചു തുടങ്ങി. ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സ് 1969-ല്‍ രണോത്സുക വിദ്യാര്‍ഥി മുന്നേറ്റങ്ങള്‍ക്ക് വേദിയായി മാറി.

അനാര്‍ക്കിസ്റ്റുകള്‍, സ്വതന്ത്രസോഷ്യലിസ്റ്റുകള്‍, റാഡിക്കലിസം, ബ്ളാക്ക് റാഡിക്കലിസം തുടങ്ങിയവ അമേരിക്കന്‍ നവ ഇടതുപക്ഷധാരയെ സ്വാധീനിച്ചവയായിരുന്നു. സ്റ്റുഡന്റ്സ് ഫോര്‍ ഡമോക്രാറ്റിക് സൊസൈറ്റി (SDS) എന്ന വിദ്യാര്‍ഥി പ്രസ്ഥാനം വിയറ്റ്നാം യുദ്ധകാലത്ത് സജീവ യുദ്ധ വിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്കി. പല സംഘടനകളും തീവ്രവാദ നിലപാടുകള്‍ സ്വീകരിക്കുകയുണ്ടായി. ഇറ്റലിയില്‍ റെഡ് ബ്രിഗേഡ്, ജര്‍മനിയില്‍ റെഡ് ആര്‍മി ഫാക്ഷന്‍, ബ്രിട്ടനില്‍ ആഗ്ര ബ്രിഗേഡ്, ഫ്രാന്‍സില്‍ ആക്ഷന്‍ ഡിറക്ട് തുടങ്ങിയവ ഇത്തരത്തില്‍ ചിലതായിരുന്നു. ലാറ്റിനമേരിക്കന്‍, ഏഷ്യന്‍ രാജ്യങ്ങളിലും മുന്നേറ്റങ്ങള്‍ സജീവമായിരുന്നു. 1968, പുതുസമരങ്ങളുടെ ഉച്ചഘട്ടമായിരുന്നു. ഫ്രാന്‍സില്‍ 'വസന്തകലാപം' എന്ന പേരില്‍ പ്രസിദ്ധമായ വിദ്യാര്‍ഥികലാപം നടന്നതും ഇക്കാലത്താണ്.

ഇവയുടെ അലയൊലികള്‍ ഇന്ത്യയിലുണ്ടായത് സാംസ്കാരിക വിപ്ളവത്തിന്റെയും മാവോയിസത്തിന്റെയും നേരിട്ടുള്ള സ്വാധീനം എന്ന നിലയ്ക്കാണ്. നക്സല്‍ ബാരിയിലൂടെ ഇന്ത്യന്‍ മാവോവാദികള്‍ സായുധസമരത്തിന്റെ വിപ്ളവപാത തുറന്നു. വളരെപ്പെട്ടെന്നുതന്നെ ഇന്ത്യയിലെമ്പാടും നക്സലിസത്തിന്റെ ആശയങ്ങള്‍ പടര്‍ന്നു. 1970-കളോടെ ലോകത്ത് നവഇടതുപക്ഷ മുന്നേറ്റങ്ങള്‍ ദുര്‍ബലമാകാന്‍ തുടങ്ങി. സമ്പന്നരാഷ്ട്രങ്ങളില്‍ ഇത് സോഷ്യല്‍ ഡമോക്രാറ്റിക് പാരമ്പര്യത്തിലും ദരിദ്രരാഷ്ട്രങ്ങളില്‍ കമ്യൂണിസ്റ്റ് സായുധസമര പാരമ്പര്യത്തിലും അധിഷ്ഠിതമായിരുന്നു.

കമ്യൂണിസ്റ്റുപ്രസ്ഥാനത്തിനുള്ളിലെ ജനാധിപത്യവിരുദ്ധ പ്രവണതകള്‍ക്കും മാര്‍ക്സിസത്തിന്റെ സൈദ്ധാന്തിക പരിമിതികള്‍ക്കുമെതിരായ വിമര്‍ശനങ്ങളില്‍ നിന്നുയര്‍ന്നുവന്ന നവഇടതുപക്ഷം ഒരര്‍ഥത്തില്‍ ലോകധൈക്ഷണിക ചരിത്രത്തിന്റ ഭാഗമായി മാറുകയാണുണ്ടായത്. സൈദ്ധാന്തികമായ യാന്ത്രികവീക്ഷണങ്ങള്‍ക്കെതിരെ കലാപം ചെയ്ത നവഇടതുപക്ഷം മാര്‍ക്സിസത്തിന്റെ 'സാര്‍വത്രികഗണ' (universal categories) ങ്ങള്‍ക്ക് മനുഷ്യരുടെ സാമൂഹ്യാസ്തിത്വത്തിന്റെ ബഹുസ്വരതകളെയും ബഹുമാനങ്ങളെയും പിടിച്ചെടുക്കാനാവില്ലെന്ന പുതിയൊരു ബോധവും നവഇടതുഭാവുകത്വവും വികസിപ്പിച്ചു. ചരിത്രത്തിലെ സമസ്ത പ്രക്രിയകളെയും അപഗ്രഥിക്കാനുള്ള സൈദ്ധാന്തിക ഒറ്റമൂലിയാണ് മാര്‍ക്സിസം എന്ന് നവഇടതുപക്ഷം വിശ്വസിച്ചില്ല. നവഇടതുപക്ഷം ക്രമേണ ശിഥിലമായി എന്നതിനര്‍ഥം അത് സ്വയം ഒരു അടഞ്ഞസിദ്ധാന്തവ്യവസ്ഥയായി മാറിയില്ല എന്നതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍