This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അരാനിഡ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അരാനിഡ= Araneida ആര്‍ത്രൊപ്പോഡ (Arthropoda) ഫൈലത്തില്‍ അരാക്നിഡ (Arachinida) വര്...)
അടുത്ത വ്യത്യാസം →
10:11, 13 ഒക്ടോബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അരാനിഡ
Araneida
ആര്‍ത്രൊപ്പോഡ (Arthropoda) ഫൈലത്തില്‍ അരാക്നിഡ (Arachinida) വര്‍ഗത്തില്‍ ചിലന്തികള്‍ (Tarantulas,Trap-door spiders and True spiders) ഉള്‍ക്കൊള്ളുന്ന ഗോത്രം. 'അരേനിയേ' (Araneae) എന്നും ഈ ഗോത്രത്തിനു പേരുണ്ട്.
അരാനിഡകളില്‍ ഭൂരിഭാഗവും, ചിലന്തികള്‍തന്നെ. ഏകദേശം 40000-ത്തോളം സ്പിഷീസുള്ള ഇവ ഇന്നു ലോകത്തിലറിയപ്പെടുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഇരപിടിയന്മാരാണ്. ഷട്പദങ്ങളാണ് ഇവയുടെ മുഖ്യാഹാരം. മഞ്ഞുവീഴുന്ന ധ്രുവപ്രദേശങ്ങള്‍ മുതല്‍ അത്യുഷ്ണമുള്ള വനപ്രദേശങ്ങള്‍വരെ ഏതു പ്രദേശത്തും ഇവ ജീവിക്കുന്നു. യുറേഷ്യയിലെ ജലച്ചിലന്തി (Water spider) മാത്രമേ ശുദ്ധജലത്തില്‍ കഴിയുന്നതായി കാണപ്പെടുന്നുള്ളു.
സ്വശരീരത്തില്‍നിന്നും 'പട്ടുവലകള്‍' നെയ്തെടുക്കാന്‍ ഇവയ്ക്കുള്ള കഴിവ് വിശ്രുതമാണ്. വല കെട്ടാനുള്ള കഴിവും വൈദഗ്ധ്യവും അനുസരിച്ചിരിക്കും ചിലന്തിയുടെ ജീവിതവിജയം. 'സ്പിന്നെറെറ്റുകള്‍' (spinnerets) എന്നറിയപ്പെടുന്ന വിരല്‍പോലെയുള്ള അവയവങ്ങള്‍ക്കൊണ്ടാണ് ചിലന്തി വല കെട്ടുക. ഉദരത്തിനുള്ളിലെ ചില ഗ്രന്ഥികളുടെ സ്രവം ഉപയോഗിച്ച് സ്പിന്നെറെറ്റുകളാല്‍ ഇവ വലകെട്ടുന്നു. ഈ സ്രവം ഒരു സ്ക്ളിറോപ്രോട്ടീന്‍ (Scleroprotein) ആണ്. സ്പിന്നെറെറ്റിലൂടെ പുറത്തേക്കു വരുമ്പോഴേക്കും കട്ടിയാവുന്ന ഈ സ്രവത്തിന് നല്ല ദൃഢതയും കൊഴുപ്പുമുണ്ട്.
സാധാരണമായി അന്തരീക്ഷവായു ശ്വസിച്ചു ജീവിക്കുന്ന ഇവയ്ക്കു ചിറകില്ലെങ്കിലും ഇവ വായുവിലൂടെ സഞ്ചരിക്കാറുണ്ട്. ശിരോവക്ഷസ്സിനും (cephalothorax) ഉദരത്തിനുമിടയ്ക്കായി കാണുന്ന ഇടുങ്ങിയ ഭാഗമാണ് അരാനിഡകളെ മറ്റ് അരാക്നിഡകളില്‍നിന്നും വ്യത്യസ്തമാക്കുന്നത്. വ്യക്തമായ തലയോ സ്പര്‍ശിനികളോ (Antenna) ഇവയ്ക്കില്ല; എട്ട് കാലുകള്‍ കാണപ്പെടുന്നു.
സഞ്ചിപോലെയുള്ള ഒരു ജോടി വിഷഗ്രന്ഥികളും അവയോട് ബന്ധപ്പെട്ട വിഷപ്പല്ലുകളും അരാനിഡകളുടെ പ്രത്യേകതയാണ്. ജീവനുള്ള ഇരയെ മരവിപ്പിക്കുന്നതിനാണ് പ്രധാനമായും വിഷം ഉപയോഗിക്കപ്പെടുന്നത്. 'ബ്ളാക് വിഡോ സ്പൈഡര്‍' (Black-widow) എന്നറിയപ്പെടുന്ന ചിലന്തിയുടെ വിഷം മാത്രമേ മനുഷ്യനു ഹാനികരമായിട്ടുള്ളു.
ക്ലാര്‍ക്ക്, ലിനയസ് എന്നീ ശാസ്ത്രകാരന്മാര്‍ അരാനിഡ ഗോത്രത്തിലെ ഓരോ അംഗത്തെയും 'അരേനിയസ്' എന്നു വിശേഷിപ്പിച്ചിരുന്നു. ഗോത്രവിഭജനം നടത്തിയപ്പോള്‍ ലാത്രേയ് എന്ന ശാസ്ത്രജ്ഞന്‍ ഒരു ജീനസിനുമാത്രം ഈ പേരു നല്കി. ഇതിലുള്ള ന്യൂനത മനസ്സിലാക്കിയ വാക്നെയര്‍ അരേനിയസ് എന്ന പദം നിരാകരിച്ച് പകരം 'എപ്പിയ്റ' (Epeira) എന്ന പദം ഉപയോഗിച്ചു. അന്നുവരെ അരാനിഡ എന്ന പേര് സാര്‍വത്രികമായി ഉപയോഗിക്കപ്പെട്ടിരുന്നു. 'അരേനിയസ്' പോലെയുള്ള ജീവികള്‍ എന്നാണ് അരാനിഡ എന്ന വാക്കുകൊണ്ട് അര്‍ഥമാക്കുന്നത്. എന്നാല്‍ അരേനിയസ് എന്നോ അരേനിയ എന്നോ പേരുള്ള ഒരു ജീനസ് (genus) ഇല്ലാത്തിടത്തോളംകാലം ഈ വാക്കിന് അര്‍ഥമില്ലാതെവരുന്നു. സൈമണ്‍ എന്ന ജന്തുശാസ്ത്രകാരന്‍ 800-ഓളം സ്പീഷിസ് ഉള്‍ക്കൊള്ളുന്ന ഏകദേശം 25 ജീനസുകള്‍ ഉള്‍പ്പെടുത്തി അരേനിയസ് എന്നൊരു ഗോത്രത്തിനു രൂപംകൊടുത്തു. എന്നാല്‍ ഈ വര്‍ഗീകരണം ശരിയല്ല എന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഈ കാരണങ്ങളാല്‍ അരാനിഡ എന്ന പേരില്‍ ഈ ഗോത്രത്തെ വിശേഷിപ്പിക്കരുതെന്ന അഭിപ്രായത്തിനാണ് ഇന്നു പ്രാധാന്യം. നോ: അരാക്നിഡ; ചിലന്തി