This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഹമ്മദ്, മുസഫര്‍ (1889 - 1973)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അഹമ്മദ്, മുസഫര്‍ (1889 - 1973)= ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി (മാ...)
അടുത്ത വ്യത്യാസം →
06:08, 7 ഒക്ടോബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അഹമ്മദ്, മുസഫര്‍ (1889 - 1973)
ഇന്ത്യന്‍ കമ്യൂണിസ്റ്റു പാര്‍ട്ടി (മാര്‍ക്സിസ്റ്റ്) നേതാവ്. നവഖാലി (ബാംഗ്ലാദേശ്) ജില്ലയിലെ സാന്‍ഡിപ്പില്‍ 1889 ആഗ. 5-ന് മുന്‍ഷി മന്‍സൂര്‍ അലിയുടെ പുത്രനായി ജനിച്ചു. സ്വദേശത്തുതന്നെ പ്രാഥമിക വിദ്യാഭ്യാസം നടത്തി, ഹൂഗ്ലിയിലെ മൊഹ്സിന്‍ കോളജിലും പിന്നീട് കൊല്ക്കത്തയിലെ ബങ്ഗ ബാസി (Banga Bashi) കോളജിലും ചേര്‍ന്ന് വിദ്യാഭ്യാസം തുടര്‍ന്നെങ്കിലും ബിരുദം സമ്പാദിക്കാന്‍ കഴിഞ്ഞില്ല.
'ബംഗീയ മുസല്‍മാന്‍ സാഹിത്യസമിതി'യുടെ ഉപകാര്യദര്‍ശിയായി 1918-ല്‍ മുസഫര്‍ അഹമ്മദ് നിയുക്തനായി. ഈ സമിതിയുടെ മുഖപത്രത്തിന്റെ (ബംഗീയ മുസല്‍മാന്‍ സാഹിത്യപത്രിക) മുഴുവന്‍ ചുമതലകളും അഹമ്മദിനായിരുന്നു. 1920-ല്‍ ഇദ്ദേഹം സമിതിയില്‍നിന്നും പിരിഞ്ഞ് നവയുഗ് എന്ന സായാഹ്നദിനപത്രം തുടങ്ങി. തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ക്കു മുന്‍തൂക്കം നല്കിയിരുന്ന നവയുഗ് പൊതുജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. 1926-ല്‍ ലാംഗൂലി(1925-ല്‍ സ്ഥാപിതം)യുടെ പത്രാധിപത്യം ഇദ്ദേഹം ഏറ്റെടുത്തു. അതു പിന്നീട് ഗണബാണി ആയി മാറി; പില്ക്കാലത്ത് ഗണശക്തിയും. ബംഗാളിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല ജിഹ്വകളായിരുന്നു പ്രസ്തുത പത്രങ്ങള്‍. 1926-27 കാലത്തും 1937-ലും ഇദ്ദേഹം ബംഗാള്‍ പി.സി.സി. അംഗവും 1927-29 കാലത്തും 1937-ലും എ.ഐ.സി.സി. അംഗവും ആയിരുന്നു; പക്ഷേ, ആദ്യകാലം മുതല്‍ അഹമ്മദ് കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങളില്‍ ആകൃഷ്ടനായിക്കഴിഞ്ഞിരുന്നു. മോസ്കോയില്‍വച്ചു നടന്ന മൂന്നാം ഇന്റര്‍നാഷണലുമായി (1922) ബന്ധപ്പെടാന്‍ എം.എന്‍. റോയിയുടെ സഹായംമൂലം അഹമ്മദിനു കഴിഞ്ഞു. ഈ കാലഘട്ടത്തില്‍ മുംബൈ, പഞ്ചാബ്, ചെന്നൈ എന്നിവിടങ്ങളില്‍ നിരവധി കമ്യൂണിസ്റ്റ് ഗ്രൂപ്പുകള്‍ നിലവില്‍ വന്നിരുന്നു. എം.എന്‍. റോയിയുടെ നിര്‍ദേശപ്രകാരം അഹമ്മദ് ഈ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ടു.
ഇന്ത്യയിലെ കമ്യൂണിസ്ററു പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ ആശങ്ക തോന്നിയ ബ്രിട്ടീഷ് ഗവണ്‍മെന്റ് അതിന്റെ നേതാക്കളുടെ പേരില്‍ പല ഗൂഢാലോചനക്കുറ്റങ്ങളും ചുമത്തി; 1922-24 കാലത്തെ പെഷാവര്‍ കമ്യൂണിസ്റ്റ് ഗൂഢാലോചനക്കേസില്‍ അഹമ്മദിനെ അറസ്റ്റു ചെയ്തുവെങ്കിലും പിന്നീട് വിട്ടയച്ചു. സംശയത്തിന്റെ പേരില്‍ 1923 മേയില്‍ ഇദ്ദേഹം വീണ്ടും അറസ്റ്റു ചെയ്യപ്പെട്ടു. ജയിലിലായിരിക്കവെതന്നെ കോണ്‍പൂര്‍ ബോള്‍ഷെവിക്ക് ഗൂഢാലോചനക്കേസില്‍ 4 വര്‍ഷത്തെ കഠിനതടവിനു ശിക്ഷിക്കപ്പെട്ടു. അനാരോഗ്യത്തെത്തുടര്‍ന്ന് 1925 സെപ്.-ല്‍ അഹമ്മദിനെ മോചിപ്പിച്ചു. മൂന്നു മാസം കഴിഞ്ഞ്, ഇന്ത്യയിലാദ്യമായി പരസ്യമായി സംഘടിപ്പിക്കപ്പെട്ട കമ്യൂണിസ്റ്റ് സമ്മേളനത്തില്‍ ഇദ്ദേഹം ഭാഗഭാക്കായി. ഇന്ത്യയിലെ വിവിധ കമ്യൂണിസ്റ്റു ഗ്രൂപ്പുകളെ ഏകീകരിച്ച് ഒരു സെന്‍ട്രല്‍ എക്സിക്യൂട്ടിവ് കമ്മിറ്റി രൂപവത്കരിച്ചത് അഹമ്മദിന്റെ ശ്രമഫലമായിട്ടാണ്.
അടുത്ത മൂന്നു വര്‍ഷക്കാലം ഇന്ത്യയിലുടനീളം നടന്ന തൊഴിലാളി സമരങ്ങളില്‍ അഹമ്മദിനു നിര്‍ണായകമായ പങ്ക് ഉണ്ടായിരുന്നു. ഇതിനെ ചെറുക്കാന്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് സൃഷ്ടിച്ച മീററ്റ് ഗൂഢാലോചനക്കേസില്‍ മൂസഫര്‍ അഹമ്മദിന് നാടുകടത്തല്‍ ശിക്ഷയാണ് ലഭിച്ചത്; അത് അപ്പീലില്‍ മൂന്നു വര്‍ഷത്തെ കഠിനതടവായി കുറഞ്ഞുകിട്ടി. ജയിലില്‍നിന്നും പുറത്തുവന്ന (1936 ജൂണ്‍) അഹമ്മദ്, കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുക്കാന്‍ മുന്‍കൈയെടുക്കുകയും അഖിലബംഗാള്‍ കിസാന്‍ സഭ സ്ഥാപിക്കുകയും ചെയ്തു. ബംഗാളിലെ എല്ലാ രാഷ്ട്രീയത്തടവുകാരെയും മോചിപ്പിക്കാനായി അഹമ്മദിന്റെ നേതൃത്വത്തില്‍ ഒരു അഖിലബംഗാള്‍ പ്രസ്ഥാനം തുടങ്ങിയതിന്റെ ഫലമായി തടവുകാര്‍ മോചിതരായി (1937).
രണ്ടാം ലോകയുദ്ധകാലത്ത്, കൊല്ക്കത്തയിലും മറ്റ് വ്യാവസായിക നഗരങ്ങളിലും അഹമ്മദ് പ്രവേശിക്കുന്നതിനെ ഗവണ്‍മെന്റ് നിരോധിച്ചു. സ്വാതന്ത്ര്യപ്രാപ്തിക്കു മുന്‍പ് ഒളിവില്‍ കഴിഞ്ഞിരുന്നപ്പോള്‍ സ്വീകരിച്ച 'കാകാ ബാബു'വെന്ന പേരിലാണ് അഹമ്മദ് പരക്കെ അറിയപ്പെട്ടിരുന്നത്. 1947-ല്‍ ഇന്ത്യ സ്വതന്ത്രയായതോടെ കമ്യൂണിസ്റ്റു പാര്‍ട്ടി പ്രതിപക്ഷത്തായി; 1948-ല്‍ നിരോധിക്കപ്പെടുകയും ചെയ്തു. വിചാരണയൊന്നും കൂടാതെ അഹമ്മദിനെ ജയിലിലടച്ചു (1948-51). 1962-ലെ ചൈനീസ് ആക്രമണകാലത്തും ഇദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടു. 1964-ല്‍ മോചിതനായി. 1964-ല്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ പിളര്‍പ്പിനെത്തുടര്‍ന്ന് ഇദ്ദേഹം ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി (മാര്‍ക്സിസ്റ്റ്) ഭാഗത്ത് നിലയുറപ്പിച്ചു. മുസഫര്‍ അഹമ്മദ് 1973 ഡി. 18-ന് കൊല്ക്കത്തയില്‍വച്ച് അന്തരിച്ചു.