This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അര്‍ണോസുപാതിരി (1670 - 1732)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Technoworld (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: =അര്‍ണോസുപാതിരി (1670 - 1732)= മലയാളഭാഷാസേവനം നടത്തിയ ഒരു യൂറോപ്യന്‍...)
അടുത്ത വ്യത്യാസം →
08:15, 3 ഒക്ടോബര്‍ 2009-നു നിലവിലുണ്ടായിരുന്ന രൂപം
അര്‍ണോസുപാതിരി (1670 - 1732)
മലയാളഭാഷാസേവനം നടത്തിയ ഒരു യൂറോപ്യന്‍ മിഷണറി. ഹംഗറിക്കാരനായ ഇദ്ദേഹത്തിന്റെ ശരിയായ പേര് ജോണ്‍ ഏണസ്റ്റസ് ഹാങ്സല്‍ഡര്‍ (John Ernestes Hanxledor) എന്നാണ്. 'ഏണസ്റ്റ്' എന്നതിന്റെ മലയാളീകൃതരൂപമാണ് 'അര്‍ണോസ്'. മിഷനറിപ്രവര്‍ത്തനത്തിനായി ഇദ്ദേഹം 1699-ല്‍ കേരളത്തില്‍ വന്നു. കുറേക്കാലം അമ്പഴക്കാട്ട് ഈശോസഭക്കാരുടെ ആശ്രമത്തില്‍ താമസിച്ചു. മലയാളവും സംസ്കൃതവും പഠിക്കണമെന്നുള്ള അദമ്യമായ ആഗ്രഹത്താല്‍ തൃശ്ശൂരുണ്ടായിരുന്ന സംസ്കൃതപണ്ഡിതന്മാരുമായി പരിചയപ്പെട്ടു. എങ്കിലും അങ്കമാലിക്കാരായ കുഞ്ഞന്‍, കൃഷ്ണന്‍ എന്നീ നമ്പൂതിരിമാരാണ് സംസ്കൃതം പഠിക്കാന്‍ ഇദ്ദേഹത്തെ സഹായിച്ചത്. സ്ഥിരപരിശ്രമംകൊണ്ട് രണ്ടു ഭാഷയിലും നല്ല പരിജ്ഞാനം നേടി. ഇദ്ദേഹത്തിന്റെ സംസ്കൃതപാണ്ഡിത്യത്തെ മാക്സ് മുള്ളര്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. വേലൂര്‍ എന്ന സ്ഥലത്താണ് ഇദ്ദേഹം അധികകാലവും കഴിച്ചുകൂട്ടിയത്. അവിടത്തെ പള്ളി സ്ഥാപിച്ചത് അര്‍ണോസ് പാതിരിയാണെന്നു പറയപ്പെടുന്നു.
മലയാളഭാഷയില്‍ എഴുത്തച്ഛന്റെയും പൂന്താനത്തിന്റെയും കൃതികള്‍ അര്‍ണോസുപാതിരിയെ സവിശേഷം ആകര്‍ഷിക്കയുണ്ടായി. അത്തരം ഭക്തിസംവര്‍ധകങ്ങളായ കാവ്യങ്ങള്‍ ഇവിടത്തെ ക്രിസ്ത്യാനികള്‍ക്കും ലഭിക്കുന്നതു കൊള്ളാമെന്ന ചിന്തയാല്‍ ഇദ്ദേഹം തന്നെ ചില കൃതികള്‍ രചിച്ചു. ചതുരന്ത്യം, മിശിഹാചരിത്രം, പുത്തന്‍പാന, ഉമ്മാപര്‍വം എന്നിവയാണ് ആ കൂട്ടത്തില്‍ പ്രധാനം. ചതുരന്ത്യത്തില്‍ മഞ്ജരി, കാകളി, കേക എന്നീ വൃത്തങ്ങളിലായി നാലു പര്‍വങ്ങള്‍ അടങ്ങിയിരിക്കുന്നു. സംസ്കൃതബഹുലമാണ് അതിലെ ഭാഷ. ക്രിസ്തുവിന്റെ ജീവിതവൃത്താന്തത്തെ ആസ്പദമാക്കി രചിച്ചിട്ടുള്ള മിശിഹാചരിത്രം കുറേക്കൂടി ലളിതമായ മണിപ്രവാളശൈലിയിലാണ് രചിച്ചിട്ടുള്ളത്. ദൈവമാതൃചരിതം എന്നുകൂടി പേരുള്ള ഉമ്മാപര്‍വത്തിലെ പ്രതിപാദ്യം കന്യാമറിയത്തിന്റെ ജീവിതകഥയാണ്. വ്യാകുലപ്രബന്ധം, ആത്മാനുതാപം, വ്യാകുലപ്രയോഗം എന്നിവയാണ് പാതിരിയുടെ മറ്റു പദ്യകൃതികള്‍. ഇവയ്ക്കുപുറമേ ഒരു മലയാളവ്യാകരണഗ്രന്ഥവും മലയാളനിഘണ്ടുവും മലയാളം-പോര്‍ച്ചുഗീസ് നിഘണ്ടുവും ഇദ്ദേഹം രചിച്ചിട്ടുണ്ട്. മലയാളനിഘണ്ടു അപൂര്‍ണമാണ്. വാസിഷ്ഠസാരം, വേദാന്തസാരം, ചില ഉപനിഷത്തുകള്‍, അഷ്ടാവക്രഗീത, യുധിഷ്ഠിരവിജയം എന്നീ സംസ്കൃത കൃതികളെ അധികരിച്ച് ലത്തീന്‍ഭാഷയില്‍ ചില പ്രബന്ധങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. ഇവ റോമിലെ രാജകീയ ഗ്രന്ഥശാലയില്‍ സൂക്ഷിച്ചിരിക്കുന്നു.
അര്‍ണോസുപാതിരി 1732-ല്‍ (കൊ.വ. 907 മീനം 20-നു) പഴയൂര്‍ പള്ളിയില്‍വച്ച് നിര്യാതനാകുകയും അവിടത്തെ പള്ളിയകത്തു സംസ്കരിക്കപ്പെടുകയും ചെയ്തു.